വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ
വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ ************************************ കുറേ കാലത്തിന് ശേഷമായിരുന്നു അവൻ ആ വലിയ നഗരത്തിലെ ഭക്ഷണശാലയിലേയ്ക്ക് കടന്ന് ചെന്നത്. പ്രവാസജീവിതത്തിലെ ജോലിത്തിരക്ക് എന്നും മരുഭൂമിയുടെ ചുറ്റളങ്ങളിൽ ആയിരുന്നതിനാൽ കമ്പനിയുടെ പ്രധാന ഓഫീസ് നിലനിൽക്കുന്ന ആ നഗരംപോലും അന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിൽ ജനിച്ച്, നഗരത്തിന്റെ തിരക്കിലും, വേഗതയിലും വളർന്നും പഠിച്ചും, ശീലിച്ച അയാൾക്ക് ഇന്ന് അതെല്ലാം ജീവിതയാത്രയിലെ എവിടെയൊക്കെയോ മിന്നിമറയുന്ന അപ്രധാന ചിന്ത മാത്രമാണ്. പിന്നെ ഭക്ഷ്യശാലയിലെ തിരക്കിലൂടെ അവിടേയ്ക്ക് വന്നാൽ സ്ഥിരം ഇരിയ്ക്കാൻ ശ്രമിക്കുന്ന ജാലകവാതിലിന്റെ അരികിലെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നടന്നു. ഭാഗ്യം അവിടെ ഒരു ഇരിപ്പിടം ഒഴിഞ്ഞു കിടപ്പുണ്ട്. സൂരജിന് അങ്ങനെ ചില ശീലങ്ങൾ ഉണ്ട്, മരുഭൂമിയിലെ താൽക്കാലിക കമ്പനി ക്യാമ്പിലെ ഭോജനശാലയിൽ ചെന്നാലും ഒരു സ്ഥിരം ഇരിപ്പിടം. മറ്റുള്ളവർക്ക് അവന്റെ സ്വഭാവം ശീലമായതിനാൽ അവൻ വരുന്ന സമയങ്ങളിൽ അത് ശൂന്യമായിരിക്കും, അല്ലെങ്കിൽ സപ്ലയർ ബോയ് ഒഴിച്ചിടും. മാസങ്ങളുടെ ഇടവേളയിൽ നാട്ടിലേയ്ക്ക് തിരിയ്ക്കാന...