ഒരു മഹാസാഹിത്യ മരണം ഫ്ലാഷ് ബാക്ക്
ഒരു മഹാസാഹിത്യ മരണം ഫ്ലാഷ് ബാക്ക് ഞാൻ ആദ്യമായൊരു കഥയെഴുതുന്നത് പത്ത് വയസ്സാകുന്ന കാലത്താണ്. പേര് പൂച്ചയുടെ ദുഃഖം , കടിഞ്ഞൂൽ പിറവിയുടെ ഈറ്റ് നോവ് അനുഭവിച്ച ഭാവിയിൽ എന്താകുമോ എന്തോന്നറിയാതെ പണ്ടാരമടങ്ങി നടന്ന കലാകാരന്റെ ആദ്യ കലാകൊലപാതകം. അതിന് പിന്നിലും ഒരു ഭയങ്കര കഥയുണ്ട്. ഒരു സാധാരണനാട്ടിൻപുറത്തുകാരനായ പത്തുവയസുകാരനെ വൈകാരികമായി വേട്ടയാടിയ കുമാരസംഭവം , ആ അനുഭവത്തിന്റെ തീച്ചൂളയിൽ തിളച്ചുമറിഞ്ഞ ഭാവനയിലേയ്ക്ക് ഒരുകുടം തണുത്ത വെള്ളവും , ഐസുകട്ടയും (തെറ്റിദ്ധരിക്കരുത് വെറും പച്ചവെള്ളം) എടുത്തൊഴിച്ചത് ആ എഴുത്തായിരുന്നു , ആ കാര്യം തന്നെ ഓരൊന്നൊന്നര സംഭവവും. അന്നൊക്ക അച്ഛന് ഓഫ് ഡേ എന്നത് ചൊവ്വയോ ബുധനോ ആയിരുന്നു. സർക്കാരുദ്യോഗസ്ഥയായ അമ്മയ്ക്ക് അവധി ഞായറാഴ്ചയും. അസംഘടിത തൊഴിൽ മേഖലയിൽ ജോലിചെയ്‌തിരുന്ന അച്ഛൻ , സ്വയം തീരുമാനിക്കുന്നതായിരുന്നു അവധി , തൊഴിൽ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ തൊഴിൽ പോലും ആവിയാകുന്ന അവസ്ഥയിൽ അവധിയുടെ കാര്യം പറയേണ്ടല്ലോ. അതിനാൽ അദ്ദേഹത്തിന്റെ ഓഫ് പോലും മരുഭൂമിയിലെ മഴ...