ഒരു മഹാസാഹിത്യ മരണം ഫ്ലാഷ് ബാക്ക്
ഒരു മഹാസാഹിത്യ മരണം ഫ്ലാഷ് ബാക്ക്
ഞാൻ ആദ്യമായൊരു കഥയെഴുതുന്നത് പത്ത് വയസ്സാകുന്ന
കാലത്താണ്. പേര് പൂച്ചയുടെ ദുഃഖം, കടിഞ്ഞൂൽ പിറവിയുടെ ഈറ്റ് നോവ് അനുഭവിച്ച ഭാവിയിൽ
എന്താകുമോ എന്തോന്നറിയാതെ പണ്ടാരമടങ്ങി നടന്ന കലാകാരന്റെ ആദ്യ കലാകൊലപാതകം.
അതിന് പിന്നിലും ഒരു ഭയങ്കര കഥയുണ്ട്. ഒരു
സാധാരണനാട്ടിൻപുറത്തുകാരനായ പത്തുവയസുകാരനെ വൈകാരികമായി വേട്ടയാടിയ കുമാരസംഭവം,
ആ അനുഭവത്തിന്റെ തീച്ചൂളയിൽ തിളച്ചുമറിഞ്ഞ
ഭാവനയിലേയ്ക്ക് ഒരുകുടം തണുത്ത വെള്ളവും, ഐസുകട്ടയും
(തെറ്റിദ്ധരിക്കരുത് വെറും പച്ചവെള്ളം) എടുത്തൊഴിച്ചത് ആ എഴുത്തായിരുന്നു, ആ കാര്യം
തന്നെ ഓരൊന്നൊന്നര സംഭവവും.
അന്നൊക്ക അച്ഛന് ഓഫ് ഡേ എന്നത് ചൊവ്വയോ ബുധനോ
ആയിരുന്നു. സർക്കാരുദ്യോഗസ്ഥയായ അമ്മയ്ക്ക്
അവധി ഞായറാഴ്ചയും.
അസംഘടിത തൊഴിൽ മേഖലയിൽ ജോലിചെയ്‌തിരുന്ന
അച്ഛൻ,
സ്വയം
തീരുമാനിക്കുന്നതായിരുന്നു അവധി, തൊഴിൽ
ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ തൊഴിൽ പോലും ആവിയാകുന്ന
അവസ്ഥയിൽ അവധിയുടെ കാര്യം പറയേണ്ടല്ലോ. അതിനാൽ അദ്ദേഹത്തിന്റെ ഓഫ് പോലും
മരുഭൂമിയിലെ മഴയായി പൊഴിയുന്നതാണ്.
അദ്ദേഹം വീട്ടിലുണ്ടെങ്കിൽ ഞങ്ങളുടെ
സായാഹ്നങ്ങളും, പത്തുമണി വരെയുള്ള രാത്രിയും, അതിമനോഹരങ്ങളായിരുന്നു, പുസ്‌തകം
കൈകൊണ്ട് തൊടാൻ സമ്മതിക്കാതെ, തമാശയും, പുരാണ
(അദ്ദേഹത്തിന്റെയാണ് ട്ടോ) പുളുവടിയും, ഇതിനിടയിൽ
അസാരം അഭിനയ കലയും കഥകളിപദവും (ഇന്നത്തെ
കെ. പി. എ. സിയുടെ പ്രാക് രൂപമായ പരബ്രഹ്മോദയനടനസഭ മുതൽ അദ്ദേഹത്തിന്റെ കലാജീവിതം
തുടങ്ങി) ഒക്കെ കൊണ്ട് സമ്പന്നമാകുന്ന മണിക്കൂറുകൾ.
ബാക്കി ദിവസങ്ങളിൽ, രാത്രി
വളരെ വൈകി വീട്ടിലെത്തുന്ന അദ്ദേഹം, ഒരു
കിലോമീറ്റർ അകലെയുള്ള ജോലിസ്ഥലത്തെ ഇടവേളകളിൽ കിട്ടുന്ന സന്ധ്യകഴിഞ്ഞുള്ള സമയത്ത്, പൂച്ചയെപ്പോലെ
പതുങ്ങിവന്ന്, വീട്ടിൽ തീയും പിന്നെ പുകയുമാകുന്ന സന്ദർഭങ്ങൾ
ഒട്ടനവധി വേറെയുണ്ടുതാനും.
പുസ്‌തകങ്ങളുടെ മുന്നിൽ ചടഞ്ഞിരുന്നും
കിടന്നും,
കൊച്ചിയ്ക്ക്
കൊപ്ര തൂക്കി വിൽക്കുന്ന മൂത്ത സഹോദരങ്ങൾ, കാളിയമർദ്ദന
കഥകളിത്തട്ടിലെ തനത് രംഗങ്ങളിൽ കാളിയന്മാരായി അടികൊണ്ട് പുളയുന്ന കാഴ്ച്ചകൾ, ഹോ ..
പെറ്റ സഹിക്കൂല്ല.
ഇതിനിടയിൽ അമ്മയുണ്ടെങ്കിലും ഇടയ്ക്ക്
കയറില്ല,
കിട്ടുന്നെങ്കിൽ
കിട്ടട്ടെ എന്നാണ് പുള്ളിക്കാരിയയുടെ പക്ഷം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായതിനാൽ, അവിടെനിന്ന്
ഒരു ദയയും പ്രതീക്ഷിക്കേണ്ട, ഫലം നാസ്‌തി.
അങ്ങനെ അമ്മയും അച്ഛനും അപൂർവ്വമായി ഒന്നിച്ച്
വീട്ടിലുണ്ടായിരുന്ന സന്ധ്യകഴിഞ്ഞ സമയം, ആയിടയ്ക്ക്
ഗൃഹപ്രവേശനം നടത്തിയ കേളക്കൊമ്പിലെ പുതിയ വീടിന്റെ വടക്കേപ്പുറമുറ്റത്ത് അസാധാര
പൊക്കവും,
വിടർന്ന തണലുമുണ്ടായിരുന്ന
ഓമ (പപ്പായ) മരത്തിന്റെ ചുവട്ടിൽ അച്ഛന്റെ നടനസഭ തകർക്കുകയായിരുന്നു
കസേരയിലും അടുക്കളപ്പടിയിലും നിലത്തും ഒക്കെയിരുന്ന്
പ്രേക്ഷകരായി ഞങ്ങളും, വീട്ടിൽ സ്ഥിരമായി വരാറുള്ള, കൃഷികാര്യങ്ങളിൽ അച്ഛനെ
സഹായിക്കുന്ന പേരപ്പനും.
പെട്ടെന്നാണ് അതിന്റെയിടയിലേയ്ക്ക് ഒരു ജീവി
ഓടിവരുന്നതും പപ്പായ മരത്തിന്റെ മുകളിലേയ്ക്ക് ചാടി കയറി മറയുന്നതും. പിന്നാലെ
ഞങ്ങളുടെ വീട്ടിലെ പ്രധാന സചിവനും കാവൽക്കാരനും, അതിന്റെ അഹങ്കാരവും ഗർവ്വും തലക്ക്
പിടിച്ച ടോമിയെന്ന (അവന്റെ ക്രൂര
വിനോദങ്ങൾ വേറൊരു സമയത്ത് പ്രതിപാദിക്കുന്നതാണ്) അതിവിശിഷ്ടൻ പഴയ
സിനിമയിലെ ടി. ജി, രവിയെപ്പോലെ എത്തിയത്.
ശരിയ്ക്കും പറഞ്ഞാൽ അവന്റെ പീഢനത്തിൽ നിന്ന്
രക്ഷപ്പെടാനാണ്, ആ ജീവി മനുഷ്യർ ഇരിക്കുന്നിടത്തേയ്ക്ക് ഓടിയെത്തിയതും അത്രയ്ക്ക്
വലിയ മരത്തിലേയ്ക്ക് ചടച്ച് കയറിയതും.
ഇരുട്ടിൽ അതെന്താന്നെന്ന് മനസിലാകാതെ, അന്ന്
ഗ്രാമമായിരുന്ന ചേരാവള്ളിയുടെ പ്രാന്തത്തിലെ കുറ്റിക്കാട്ടിൽ നിന്നോ, അടുത്തുള്ള
സർപ്പക്കാവിൽ നിന്നോ ഇര, തേടിയിറങ്ങിയ വല്ല വേരുകോ, മരപ്പട്ടിയോ
എന്ന് സംശയിച്ച് പപ്പായ കുത്തുന്ന തോട്ടിയുമായി പേരപ്പൻ താഴെ നിന്ന് കുത്ത്
തുടങ്ങി.
ടോമിയുടെ പീഡനത്തിനേക്കാളും കൊടിയ ശിക്ഷയെറ്റുവാങ്ങാൻ
വിധിയ്ക്കപ്പെട്ടതോടെ അത് തളർന്ന് തകർന്നു, അവൻ അതോ
അവളോ?
മുകളിൽ
നിന്ന് കുതിച്ച് ചാടി, വീണ്ടും ഓടി, പിന്നാലെ
ശരംവിട്ട വേഗതയിൽ ഹുസൈൻ ബോൾട്ടിനെപ്പോലെ ടോമിയും, അവിടെയുണ്ടായിരുന്ന
ആബാലവൃദ്ധം ജനങ്ങളും.
ആ ഓട്ടം അവസാനിച്ചത്, കിഴക്കേ റോഡിന്റെ
അപ്പുറമുള്ള വീടായ തണ്ടാന്റെയ്യത്ത് പടിഞ്ഞാറേ കൊന്നത്തെങ്ങിന്റെ
ചുവട്ടിലായിരുന്നു. പൂച്ചയുടെ ഓട്ടം അതിന്റെ നെറുകയിലും. രാത്രി വന്ന് മൂടി,
ചുറ്റും ഇരുൾ കട്ടപിടിച്ചു.
ടോമി അന്ന് തന്റെ ആത്മാർത്ഥ കാവൽ ആ
തെങ്ങിന്റെ ചുവട്ടിലേയ്ക്ക്, മാറ്റി, പിന്നാലെ
പാഞ്ഞവർ ഏതാണ്ട് പോയ അണ്ണാനെപ്പോലെ തിരികെ വീട്ടിലേയ്ക്കും.
കഥയുടെ ട്വിസ്റ്റ് അടുത്ത പ്രഭാതത്തിലേയ്ക്ക്
നീണ്ടു,
രാവിലെ
വരുന്ന മാതൃഭൂമി പത്രം, ആദ്യം കയ്യേൽകാൻ ഈയുള്ളവൻ, നേരത്തെ
തന്നെ കിഴക്കേ വഴിയിൽ റോഡിന്റെ ഓരത്ത് നിലയുറപ്പിക്കുന്ന കാലമാണ്. ഇല്ലെങ്കിൽ
ചേട്ടന്മാർ, പരുന്ത് കോഴികുഞ്ഞിനെ കൊണ്ടുപോകുമ്പോലെ പത്രം റാഞ്ചും. പിന്നെ
പപ്പും പൂടയും പോലും തിരികെ കിട്ടില്ല. വായന ജീവവായുവായ ഈയുള്ളവന്റെ ആ ദിവസം
സ്വാഹാ..
എവിടെയോ പൂച്ചയുടെ കരച്ചിൽ കേട്ടപ്പോളാണ് ചുറ്റും
ശ്രദ്ധിച്ചത്, കൊന്നത്തെങ്ങിന്റെ മുകളിൽ നിന്നാണ്, താഴെ
ഇമവെട്ടാതെ ടോമി, ഒളിമ്പിക്സിൽ മറ്റുള്ളവർ മെഡലുകൾ
വാരുമ്പോൾ, അഞ്ചാം സ്ഥാനവും ആറാം സ്ഥാനവും നേടി വലിയ
കാര്യം ചെയ്തതുപോലെ നെഞ്ച് വിരിച്ച് നിലയുറപ്പിച്ചിരിയ്ക്കായാണ്.
പക്ഷേ, പൂച്ച
ദയനീയ അവസ്ഥയിൽ താഴെ നിൽക്കുന്ന എന്നെ നോക്കി, രക്ഷക്കായി
നിലവിളിയ്ക്കുകയാണെന്ന് തോന്നി.
കശ്മലന്റെ കയ്യിൽ നിന്ന് “രക്ഷിക്കോ” ന്നുള്ള
നിലവിളി,
പിന്നെ
അമാന്തിച്ചില്ല, ടോമീന്ന് കടുപ്പത്തിലൊരു വിളി, വിളിച്ചപ്പോൾ, അവൻ
നടുങ്ങി,
(അവനറിയാം, അച്ഛന്
അവനെക്കാൾ പ്രിയപ്പെട്ടവൻ ഞാനാണെന്ന്, അവസരം കിട്ടിയാൽ, ആരും
കാണാതെ തല്ല് കൊടുക്കും എന്നും) പിന്നെ അനുസരണയോടെ വാൽ താഴ്ത്തി സ്‌കൂട്ടായി.
രാത്രി മുഴുവൻ പണികിട്ടിയ അവൻ അവസരം
വിനിയോഗിച്ചതാണെന്ന് എന്റെ വീമ്പിൽ ചേട്ടന്മാർ കളിയാക്കിയതും പിന്നാമ്പുറം.
പൂച്ചയുടെ മുഖം എന്നെ വേട്ടയാടാൻ തുടങ്ങി, ഒരു
രാത്രി തന്റെ ചാരിത്ര്യം ഒരു ഭീകരന്റെ
കൈയിൽ നിന്ന് രക്ഷിച്ചെടുക്കാൻ കൊന്നത്തെങ്ങ് കയറി അവിടെ തണുപ്പിലും ഭയത്തിലും
വിറച്ചിരിയ്ക്കേണ്ടി വന്ന പുച്ചപ്പെണ്ണ് ശരിയ്ക്കും ധീരയും, പൂച്ച സാമ്രാജ്യത്തിലെ വീരവനിതയുമാണെന്ന് ഞാൻ പ്രഖ്യാപിച്ചു. അതിൽ
നിന്ന് എന്റെ , "മാനിഷാദ" അനർഗ്ഗളം പ്രവഹിച്ചു, അതിലൂടെ പിറവിയുടെ
ഈറ്റ് നോവനുഭവിക്കാൻ തീരുമാനിച്ച്, സ്വയം കൃതാർത്ഥനായി.
എനിക്കുള്ള പണി പിന്നാലെ
വരുന്നതേയുണ്ടായിരുന്നുള്ളു.
ഏതാണ്ട് വലിയ കാര്യം സാധിച്ച മട്ടിൽ, എഴുതിയ
മലയാളത്തിന്റെ നോട്ട് ബുക്ക്, സൂപ്രണ്ട് സാറിന്റെ (അമ്മ,) മുന്നിലേയ്ക്ക്
വായിക്കാൻ കൊടുത്തപ്പോൾ, ആദ്യം കിട്ടിയത് രൂക്ഷ നോട്ടം, വായന
കഴിഞ്ഞ്, ബാക്കി കിട്ടാൻ പോകുന്നത് ഓർത്തപ്പോൾ ഓടി രക്ഷപ്പെടുകയെ
മർഗ്ഗമുണ്ടായിരുന്നുള്ളൂ.
ആ വൈകുന്നേരം നടന്ന സഭയിൽ (അച്ഛന്റെ
അസാന്നിദ്ധ്യത്തിൽ) പഴയ ദീലീപ് പടത്തിലെ തേങ്ങക്കുലകൽ ആടുന്ന സംഭവത്തിന്റെ
തനിയാവർത്തനമായിരുന്നു, സുഹൃത്തുക്കളെ തനിയാവർത്തനം..
അമ്മയുടെ യൂദാസ് പണിയുടെ എല്ലാ പ്രിവിലേജും
ചേർത്ത് പിടിച്ച്, ചേട്ടന്മാർ കേറി മെഴുകിയപ്പോൾ മൂകസാക്ഷിയായി
നിന്ന പെങ്ങൾ ഗദ്ഗദമടക്കാൻ പാടുപെടുകയായിരുന്നു.
അന്ന്, ദൂരെ
സ്ഥലത്ത് ജോലിചെയ്തിരുന്ന അമ്മ, അവിചാരിതമായി
വീട്ടിലുണ്ടായിരുന്നതിനാലും, അവധി
ദിവസങ്ങളിലൊഴിച്ച് അടുക്കളപ്പണിയിൽ ഞാനല്ലാതെ വേറെ സഹായി ഇല്ലാത്തതിനാലും ഉള്ളിൽ
പുളിച്ച് തികട്ടിയാതൊക്കെ വിഴുങ്ങേണ്ടി വന്ന ദുഖത്തിൽ വിങ്ങലടക്കുകയായിരുന്നെന്ന്. എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.
എന്നിലെ സാഹിത്യകാരൻ അവിടെ മരിച്ചു. ജനനവും
മരണവും ഒന്നിച്ച് കഴിഞ്ഞ ചാപിള്ളയെപ്പോലെ ഞാൻ ദുഃഖമടക്കി, നോട്ട്
ബുക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞു നടന്നു
അപ്പോൾ നാറാണത്ത് ഭ്രാന്തനായിരുന്നു മനസ്സിൽ, മലമുകളിൽ
നിന്ന് വലിയ ഭാരത്തെ താഴേയ്ക്ക് തള്ളി, ലോകത്തെ
നോക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്ന മനുഷ്യൻ, ഉള്ളിൽ
ദയനീയമായി കരഞ്ഞിട്ട്, ഒപ്പം ടോമിയുടെ
നിഴൽപോലും അകലെയാണെന്ന തിരിച്ചറിവിൽ തെങ്ങിൽ നിന്ന് ഓടിമറയുന്ന പൂച്ചയും.
രഘുചന്ദ്രൻ. ആർ.
Comments
Post a Comment