ജന്മാന്തരങ്ങൾ
ജന്മാന്തരങ്ങൾ
അയനി ചക്കകൾ പരവതാനി വിരിച്ച ആ മുറ്റത്ത് അയാൾ നിന്നു, അപ്പോൾ അയാളുടെ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കയായിരുന്നു, അത് അയാളുടെ യൗവനവും കൌമാരവും കടന്ന് ബാല്യത്തിൽ എത്തി ചേർന്നു. ആ ഓർമ്മകളോടൊപ്പം ആ നാലുകെട്ടും അതിന്റെ ആ അങ്കണവും നവോഡയുടെ പുതുമയുള്ള മണവും ചാരുതയും കൈക്കൊള്ളുകയായിരുന്നു. അന്ന് നിത്യവും നിരവധി പേരുടെ ശബ്ദ്ദങ്ങളും കാൽപ്പെരുമാറ്റവും ചൂരുകളും കൊണ്ട് സമൃദമായിരുന്നു അതിന്റെ ചുറ്റുപാടുകളും അകത്തളങ്ങളും. അവിടങ്ങൾ എന്നും തൂത്തും വാരിയും മെഴുകിയും വെടുപ്പാക്കിയിരുന്നു, അതിന്റെ ചുവരുകൾ എപ്പഴും കുമ്മായകൂട്ടിന്റെ വെണ്മയിൽ തിളങ്ങി നിന്നിരുന്നു. അതിന്റെ നാലുപാടുമുള്ള മുറ്റം സുര്യോദയത്തിനും അസ്തമനത്തിനും മുൻപ് അടിച്ച് വൃത്തിയാക്കിയിരുന്നു. അവിടെ ഉണ്ണികൾ ഓടി കളിച്ചിരുന്നു. ഇന്നോ പഴയുടെ മണം മാത്രം തിങ്ങി നിൽക്കുന്ന അതിന്റെ അങ്കണവും അകത്തളങ്ങളും തികച്ചും വിജിനമാണ്, മുറ്റവും ചുവരുകളും കരിയിലകളും ചെടിപടർപ്പുകളും കയറി ചുവരുകളിലെ കുമ്മായമാടർന്നു ഒരു ഭാർഗവീനിലയത്തിന്റെ ഭാവമാർന്നു നിലകൊള്ളുന്നു. ആ അവസ്ഥക്ക് കാരണം അയാൾ തന്നെ, അവിടവും അയാളെ പോലെ ആർക്കും വേണ്ടാത്തതായിരിക്കുന്നു. പിൻതിരിഞ്ഞ് നോക്കുന്പോൾ എവിടെയാണ് പിഴച്ചത്,തനിക്കോ? അതോ തന്റെ പിതാവിനോ?അതെ അതു തന്നെ ആണ്, അദ്ദേഹത്തിൻറെ കണക്കുക്കുട്ടലാണ് പിഴച്ചത്, തന്നെ പറ്റിയുള്ള പ്രതീക്ഷകൾ. അയാൾ ഇപ്പോൾ സ്വയം കുറ്റപെടുത്തലിന്റെ ഒപ്പം സ്വന്തം ജന്മത്തിനെയും അതിന്റെ കാരണഭുതരെയും കുറ്റപെടുത്താൻ തുടങ്ങി. ഈ തിരിച്ചുവരവ് ഒരിക്കലും അയാൾ പ്രതീക്ഷിച്ചതല്ല. എല്ലാം ശുഭവും തന്റെ പ്ലാൻ അനുസരിച്ച് നടക്കും എന്നു തന്നെ ദൃഡമായി വിശ്വസിച്ചു, അവിടെ അയാൾക്ക് അയാളുടെ അച്ഛനെപ്പോൾ പിഴച്ചു, ഇപ്പോൾ അയാൾക്ക് അച്ഛനെ മനസിലാവുന്നു, പക്ഷേ ഒരിക്കലും അയാളുടെ അച്ഛൻ സംയമനം വിട്ട് പെരുമാറിയിട്ടില്ല എന്നാൽ താനോ അയാൾ സ്വയം വെറുക്കാൻ തുടങ്ങി, അപ്പോൾ അയാൾ എവിയെയോ വായിച്ചത് ഓർത്തു കാറ്റ് വിതച്ചവൻ കൊടുംകാറ്റ് കോയ്യും എന്ന്. അയാൾ തെക്കേ മുറ്റത്തേക്ക് പോയി അവിടെ പ്ലാവിൻ ചുവട്ടിൽ കെട്ടി ഉയർത്തിയ അച്ഛന്റെ അസ്ഥിത്തറയിലേക്ക് നടന്നു തൊട്ടടുത്തുതന്നെ അമ്മയും ഉണ്ട്. അമ്മ ജീവിച്ചിരിക്കും വരെ അതിന്റെ ചുറ്റും നല്ല വെള്ള മണലുകളാൾ സുന്ദരമായിരുന്നു, എന്നാൽ ഇപ്പോൾ കാടുപിടിച്ച് കഴിഞ്ഞിരിക്കുന്നു. അയാൾ അവിടെ നമ്രശിരസ്കനായി നിന്നു. അയാൾ വിങ്ങി പോട്ടിക്കൊണ്ട് അവിടുത്തെ ചെടിപടർപ്പുകൾ വൃത്തിയാക്കി. കൈയിൽ കരുതിയ വിളക്കെണ്ണയും തിരിയും അവിടെ കത്തിക്കാൻ, അവിടെ മുട്ടുകുത്തി മാപ്പിരക്കാൻ അയാളുടെ മനസ്സ് വെന്പി. അതിന്റെ തെക്കേ ചരുവിൽ നിൽക്കുന്ന വലിയ നാട്ടുമാവിൻ കൊന്പിൽ ഒരു വലിയ ബലിക്കാക്ക വിരുന്ന് വിളിക്കുണ്ടായിരുന്നു, അത് വിളിച്ച് വരുത്തിയ വിരുന്ന് കാരൻ അയാളായിരുന്നോ, ആർക്കറിയാം നിയതിയുടെ കളിയാടലുകൾ. വിളക്ക് തെളിയിച്ച അയാൾ തിരിച്ച് വന്നു ആ പഴയ വീടിന്റെ പൂമുഖത്ത് കയറി കിടന്നു, ചെറുപ്പത്തിൽ അമ്മയുടെ മടിയിൽ കിടക്കുംപോലെ തോന്നി സുരക്ഷയുടെ ശാന്തിയുടെ ആ മനോഹര തീരത്തിൽ, അപ്പോൾ അയാളെ തഴുകികൊണ്ട് ഒരു ഇളം കാറ്റുവീശി, അതിന്റെ കുളിർമ്മയിൽ അയാളുടെ കണ്ണുകൾ താനേ അടഞ്ഞുവന്നു, ദീർഘയാത്രയുടെ തളർച്ചയാറ്റുന്ന പഥികനെ പോൽ അയാൾ പതുക്കെ മയങ്ങി.
പൂമുഖ വാതിൽ തുറന്ന് ഒരു ബാലകൻ പുറത്ത് വന്നു, കസവ് കരയുള്ള കൊച്ചുമുണ്ടും ധരിച്ച് കൈയിൽ മുറുകിപിടിച്ച നാടൻ പഴുത്ത മാങ്ങയുമായി ഓടുകയണവൻ തൊട്ടുപിന്നിൽ അവന്റെ യുവതിയായ അമ്മയുമുണ്ട്. പൂമുഖം കടന്ന് മുന്നിലെ പടികെട്ടും താണ്ടി അവൻ പറഞ്പിലേക്ക് ഓടുകയാണ്. ഉണ്ണി നിൽക്ക് ഞാൻ പറയട്ടെ എന്ന അവന്റെ അമ്മയുടെ പിൻവിളി അവൻ കേൾക്കുന്നില്ല. അടുത്ത രക്ഷാ കേന്ദ്രമാണ് അവന്റെ ലക്ഷ്യം, തെക്കേ പറന്പിൽ അവന്റെ അച്ഛനുണ്ട് കൃഷി പണിക്ക് മേൽനോട്ടം വഹിക്കുകയാണ് അദ്ദേഹം, അവിടെ എത്തിയാൽ പിന്നെ അമ്മവരില്ല. അച്ഛനെ പിടിച്ചു അവൻ തിരിഞ്ഞു നോക്കി, അമ്മ പൂമുഖപടിയിൽ നിൽക്കുകയാണ്, അവൻ അച്ഛന്റെ കൈയിൽ എത്തിയതും അവർ തിരിഞ്ഞ് അകത്തേക്കുപോയി. ഉണ്ണി അവൻ അച്ഛന്റെ അടുക്കൽ നിന്ന് കൊണ്ട് ആ മാങ്ങാ തിന്നു, അതിന്റെ മാധുര്യം കൈകളിളുടെ ഒലിച്ചിറങ്ങി,അതും നാവാൽ നക്കി മങ്ങയണ്ടിയും ഇറുമി ഉണ്ണി, അവന്റെ മുഖചേല് കണ്ട് ചിരിക്കയാണ് പണിക്കാർ. ജാള്യതയോട് മാങ്ങണ്ടി എറിയാൻ ശ്രമിച്ച അവനെ അച്ഛൻ തടഞ്ഞു, പാടില്ല അത് തുരന്നിടുക. അനുസരിച്ച അവൻ അച്ഛനോട് ചോദിച്ചു, എന്തിനാണ് തുരന്നിടുന്നത്. അതോ,അത് കിളിച്ചു വരാൻ, എന്തിനാണ് അച്ഛാ കിളിക്കുന്നത്, അതോ ഉണ്ണി അത് വളരാൻ, പിന്നെ വളർന്ന് നിറയെ മാങ്ങാ പിടിക്കാൻ, അങ്ങനെ നിറച്ചു മാങ്ങാ പിടിച്ചു കഴിയുന്പോൾ അതും മുത്തശ്ചാനാവും പിന്നെ നിന്റെ അച്ഛനും. അങ്ങനെ അച്ഛൻ മരിക്കും അപ്പോൾ നീ ഈ മാവിന്റെ ശിഖരങ്ങൾ വെട്ടി അച്ഛന്റെ ശരീരം ദഹിപ്പിക്കണം. അതെന്തിനാ? ഉണ്ണി, അച്ഛൻ പറഞ്ഞു, മകനെ അച്ഛൻ മരിച്ചു കഴിഞ്ഞ് അങ്ങ് സ്വർഗ്ഗത്തിൽ ചെല്ലുന്പോൾ അവിടെ പുത് എന്ന വാതിൽ ഉണ്ട് അതിന്റെ താക്കോൽ ദൈവം പുത്രന്മാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്, ഇങ്ങനെ ചെയ്യുന്പോൾ ആ താക്കോൽ അച്ഛന് കിട്ടും അങ്ങനെ അച്ഛൻ സ്വർഗ്ഗത്തിൽ എത്തും. ഉണ്ണി പെട്ടന്ന് കുഞ്ഞി കൈ കൊണ്ട് അച്ഛന്റെ വായ് പൊത്തി, വേണ്ട അച്ഛൻ മരിക്കേണ്ട. മാവ് മുത്തശ്ചൻ ഇപ്പഴും അവിടെയുണ്ട് അപ്പോൾ അച്ഛനോ? ഉണ്ണിയുടെ കണ്ണിൽ കണ്ണിര് വന്നു.
ശേഖരൻ മേനോൻ പൂമുഖത്ത് ഉലാത്തുകയാണ്, അയാളുടെ ഉണ്ണി തിരിച്ചെത്തിയില്ല. അവൻ സ്കൂളിൽ പരീക്ഷ ഫലം നോക്കാൻ പോയിരിക്കയാണ്, അവൻ പഠിക്കാൻ മിടുക്കനാണ്, എന്നാലും? അടുത്തത് ഡോക്ടർ ഭാഗം പഠിപ്പിക്കണം. ഒരു ചെറിയ ആശുപത്രി കെട്ടികൊടുത്തൽ എന്നും ഇവിടെ തന്നെ കാണും, പിന്നിൽ ഭാനുവിന്റെ ശബ്ദ്ദം മുഴങ്ങി. എന്തിനാണ് നിങ്ങൾ ഇങ്ങനെ പരവേശം കൊള്ളുന്നത്, ബാലു ഇങ്ങ് വരില്ലേ? ഉണ്ണി എന്ന് അയാൾ മാത്രമേ വിളിക്കു, അവന്റെ പേര് ബാലകൃഷ്ണൻ, ബാലു എന്ന് വിളിച്ചോണം. അങ്ങ് ദൂരെ പടത്തിനുമാപ്പുറം അവന്റെ സൈക്കിൾ പാട്ടും പാടി അവൻ വരുന്നു. വന്നു കേറി അവൻ അമ്മയെ കെട്ടിപിടിച്ചു അച്ഛനെ വണങ്ങി. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി എഞ്ചിനിയറിങ്ങ്ന് സീറ്റും കിട്ടി, അയാൾ ചോദിച്ചു അപ്പോൾ ഡോക്ടർ ഭാഗം വേണ്ടേ അതെല്ലേ അച്ഛൻ പറഞ്ഞത്. എനിക്ക് ഡോക്ടർ ആക്കേണ്ട, എഞ്ചിനിയർ ആയി പിന്നെ വിദേശത്ത് പോണം. ശേഖരൻ മേനോൻ അവന്റെ മുഖത്തേക്ക് നോക്കി, പിന്നെ ഒന്നും പറയാതെ പൂമുഖത്തെ ചാരുകസേരയിൽ ഇരിപ്പുറപ്പിച്ചു. ബാലകൃഷ്ണൻ ഇപ്പോൾ യുവാവായി മുഖത്ത് മേൽമീശയും താടിയും കിളിർത്തു കോമളനായി, പഠിത്തം കഴിഞ്ഞ് അങ്ങ് ബാങ്ങ്ലൂരിൽ ജോലിയാണ്. പൂമുഖത്ത് ഇരിക്കുന്ന അച്ഛന്റെ മുൻപിൽ എന്തോ പറയാൻ നിൽക്കുകയാണ്, ശേഖരമേനോൻ അവന്റെ മുഖത്തെക്ക് നോക്കി, ചോദ്യ ഭാവത്തിൽ. അവൻ പറഞ്ഞു അച്ഛാ ഞാൻ ദുബായിയിൽ പോകുകയാണ്, ഇനി രണ്ടു വർഷം കഴിഞ്ഞേ വരൂ. ശേഖരമേനോൻ ഒന്ന് ഞെട്ടിയോ? പിന്നെ അദ്ദേഹം ഒന്ന് തലകുലുക്കി ആയിക്കോട്ടെ നിന്റെ ജീവിതം നിനക്ക് വേണ്ടിയല്ലേ? മൂന്നാം നാൾ പുലരിയിൽ അവൻ അച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ കുനിയുന്പോൾ ഒരു തുള്ളി കണ്ണുനീർ അവന്റെ നിറുകയിൽ വീണതിനോപ്പം കൈകുന്പിളിലും വീണിരുന്നു, മനസ്സൊന്ന് ഇടറിയെങ്കിലും പിന്തിരിഞ്ഞ് നോക്കാതെ അവൻ കാത്ത് നിന്ന കാറിൽ കയറി, ആ കാർ കടന്ന് മറയും വരെ നാല് നിറ മിഴികൾ അതിനെ പിന്തുടർന്നിരുന്നു, നീണ്ട രണ്ട് വർഷം, അവ അവന്റെ വരവിനായി കാത്തിരുന്നു. അവനെ കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചിരുന്നു, പെണ്ണും മനസ്സിൽ നിശ്ചയിച്ചിരുന്നു, എന്നാൽ അവന്റെ സഹപാഠിയെ ചൂണ്ടി കാണിച്ചപ്പോൾ ശേഖരമേനോൻ പറഞ്ഞു അവന്റെ ജീവിതം അപ്പോൾ അവന്റെ ഇഷ്ട്ട നടക്കേണ്ടത്. അന്ന് തേങ്ങുന്ന ഒരു ഹൃദയം അതിന് സാക്ഷ്യം വഹിച്ചു അവൾ ശാരദ അവന്റെ മുറപെണ്ണ്.
ആദ്യ പ്രസവത്തിന് ഭാര്യ നാട്ടിൽ എത്തി, താമസിച്ചത് അമ്മയുടെ കുടെ. അത് അവന്റെ ആഞ്ജയായിരുന്നു, ഒപ്പം അമ്മയുടെ ആഗ്രഹവും. ഓമന മുഖമുള്ള പൈതൽ ശേഖരമെനോന്റെ പ്രാണനായിരുന്നു. അത് മുട്ടിൽ ഇഴയുന്നതും പിച്ചവൈക്കുന്നതും മകൻ ഉണ്നിയെപ്പോൾ അയാളുടെ കൈപിടിച്ച് നടക്കുന്നതും അയാൾ സ്വപ്നം കണ്ടു. പെട്ടോന്നോരിക്കൽ മകൻ വന്നു അവരെ കൂട്ടികൊണ്ട് പോയി. നിശബ്ദ്ദനായി ആ മുത്തശ്ചൻ അത് നോക്കി നിന്നു. കുറച്ചുകാലം കുടി അവരെ അവിടെ നിർത്താൻ അവന് താൽപര്യം ഇല്ലാഞ്ഞല്ല, ഉടന്പടി ഭാര്യമാർ ആർത്തിപണ്ടാരങ്ങൾ ആകുന്നു,അവരെ പോറ്റാൻ പൈസ മുഴുക്കുന്നുണ്ടായിരുന്നില്ല. അടുത്ത കുഞ്ഞിനെ ഭാര്യ അവിടെ തന്നെ പ്രസവിച്ചു, അന്ന് അച്ഛനെയും അമ്മയെയും വിളിച്ചതാണ് പക്ഷേ തറവാട്ട് വീട് വിട്ടവർ വന്നില്ല. അച്ഛന് വയസ്സായി അതിന്റെ അസ്കിതകളും. ഒരിക്കൽ വിളിച്ചപ്പോൾ അമ്മപറഞ്ഞു ഇത്തിരി കൂടുതൽ എന്ന്, ഭാര്യയെ കുട്ടികളെയും കൂട്ടി വിട്ടു. അന്ന് അവിടെ സ്കൂൽ ഒഴിവായിരുന്നു, ഒപ്പം പുതിയതായി ചേർന്ന വടക്കേ ഇന്ത്യൻ സെക്രട്ടറിയും. പിന്നെ ജോലിയും ചർച്ചയും രാത്രിയേറെ നീണ്ടു, പുതിയ പ്രോജക്റ്റിന്റെ ചർച്ച ഹോളണ്ടിൽ, തുടർച്ചയായ യോഗങ്ങൾക്ക് ശേഷം സെക്രട്ടറിയുമായി കിടക്കുന്പോൾ നാട്ടിൽ നിന്നും ഫോണ് അച്ഛൻ മരിച്ചു. പോകാൻ ടിക്കെറ്റിന് നോക്കുന്പോൾ ഒഴിവില്ല. അപ്പോൾ അമ്മയുടെ വിളി, നീ ബുദ്ധിമുട്ടണമെന്നില്ല ആചാര്യൻ പറഞ്ഞു ഉണ്ണികൾ ഉണ്ടല്ലോ അവരുടെ കർമ്മം വിശേഷമത്രെ. പുത്രന്റെ പുത്രന് പവിത്രം വേണ്ട. കാലം പിന്നെയും കടന്നു. ഒപ്പം അമ്മയും കാലയവനികക്കുള്ളിൽ മറഞ്ഞു. ഇന്ന് ഉണ്ണികൾ യുവാക്കൾ ആയി സുന്ദര കോമളന്മാരും. അവർ അവർക്ക് ഇണകളെ തെടിപിടിച്ചു, കുടെ പഠിച്ചവർ തന്നെ പക്ഷേ ഭിന്ന ദേശക്കാർ. ഉന്നത പഠനത്തിന് ശേഷം ഒരാൾ ജർമ്മിനിയിൽ മറ്റൊരാൾ ആസ്ത്രേലിയയിൽ. അറുപത് കഴിഞ്ഞപ്പോൾ അറബി കമ്പനിയിൽ വിസയില്ല. പിന്നെ അമ്മയെ രണ്ടുപേർക്കും വേണം പക്ഷേ അച്ഛൻ? ആസ്ത്രേലിയയിലെ രണ്ടു മാസതാമസം പിന്നെ തീരുമാനിച്ചു പോരാം തന്റെ അച്ചനുറങ്ങുന്ന മണ്ണിൽ അമ്മക്കൊപ്പം തന്റെ പൊക്കിൾ കൊടികുടി അലിഞ്ഞ മണ്ണിൽ ഇനിയുള്ള കാലം.
ശാരദയുടെ വിളിയാണ് അയാളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്, സന്ധ്യമയക്കത്തിൽ അവൾ മുത്തശ്ചിയയെങ്കിലും സുന്ദരിയായിരിക്കുന്നു. എന്താ ബാലുവേട്ടാ ഇവിടെ? അവൾ ചോദിച്ചു. വരുന്ന കാര്യത്തിന് ഒരു കത്തെങ്കിലും ഇടാമായിരുന്നില്ലേ? എടി പൊട്ടി കാളി ഇപ്പം കത്ത് അരയക്കാൻ ഇപ്പോൾ എസ് എം എസ്സും ഒക്കെയല്ലേ? അങ്ങനെ ചോദിക്ക് എന്ന് പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു. തമാശ പറയാൻ കണ്ട നേരം ശാരദ ചീറി. ഞാൻ കരുതിയത് ഏതോ ഭിക്ഷക്കാർ വന്നു പൂമുഖത്തു കിടന്നു എന്നോർത്തു, ഓടിച്ചു വിടാൻ കന്പ് എടുത്തതാണ്. അപ്പോൾ കുരിയാലയിൽ വിളക്ക് തെളിഞ്ഞു കത്തുന്നു. ഞാനല്ലാതെ ആര് വിളക്ക് കത്തിക്കാൻ അവിടെ ചെന്നപ്പോൾ നല്ല ചന്ദന ഗന്ധം, അത് ബാലുവേട്ടനല്ലാതെ ആർക്ക്. ശരിയാണ് അന്നും ഇന്നും താൻ ഉപയോഗിക്കുന്ന സുഗന്ധതൈലം ഒരേ ബ്രാണ്ട് ആണ്. അതിന്നും അവൾ ഓർത്ത് വെച്ചിരിക്കുന്നു. ബാലു ഏട്ടൻ വന്നാട്ടെ നമുക്ക് വീട്ടിലോട്ട് പോകാം എവിടെ കെട്ടുകളും മറ്റും ശാരദ പറഞ്ഞു. വേണ്ട ശാരദേ ഞാൻ ഇന്നിവിടെ തന്നെയാ കിടക്കുന്നത്, നാളെ പറ്റുമെങ്കിൽ കുറച്ച് പണിക്കാരെ വിളിക്കണം ഇവിടെ ഒന്ന് വൃത്തിയാക്കാൻ,ഞാൻ ഇനി എങ്ങും പോന്നില്ല, ഇവിടെ തറവാട്ടിൽ തന്നെ കൂടുകായാണ് ഇനിയുള്ള കാലം ബാലകൃഷ്ണൻ പറഞ്ഞു നിർത്തി. ഏട്ടാ ഇവിടെ ഒറ്റയ്ക്ക് ഇന്ന് രാത്രി,അല്ല അത് വീണോ? ഇവിടെ കുറെ ക്കാലമായി താമസം ഒന്നും ഇല്ലാതെ? അവൾ അർതൊക്തിയിൽ നിർത്തി. ശാരദേ ഇത് ഞാൻ പിറന്ന് വളർന്ന വീടല്ലേ ഇവിടെ ഈ പൂമുഖത്ത് കിടക്കുന്പോൾ എന്റെ അമ്മയുടെ മടിയിൽ കിടക്കുംപോലെ യാണ് ഒപ്പം അടുത്ത് അച്ഛനും, ആ സുഖം പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല, നീ പോക്കോളു, കുറച്ചുകാലമായി ഞാൻ അത്താഴവും കഴിക്കാറില്ല, നാളെ കിട്ടിയാൽ കുറച്ച് പണിക്കാരെ അയക്കുക. ശാരദ അതും കേട്ട് ശരി എന്നും പറഞ്ഞു ഇറങ്ങി അയാൾ ഓർമ്മയുടെ ശരത്കാലത്തിന്റെ ആഴത്തിലേക്കും. പിറ്റേദിവസം വീട് വൃത്തിയാക്കാൻ വന്ന പണിക്കാർ നേരെ പോയത് തെക്കേ ചരുവിലെ മാവിൻ കന്പ് മുറിക്കാൻ വേണ്ടിയാണ്, ആ പറന്പിൽ വീണ്ടും ചിത ഒരുക്കാൻ. അത് കത്തിച്ചത് ശാരദയുടെ പേരകിടാങ്ങൾ ആയിരുന്നു, അയാളുടെ പുത് എന്ന വാതിലിന്റെ താക്കോൽ അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല, അയാൾ പറന്നു വാതിലിനപ്പുറം കാത്തു നിന്ന അയാളുടെ അച്ഛനെയും അമ്മയെയും കണ്ട്, ഇനിയും ഈ ഭുമിയിൽ ജനിച്ച് തനിക്കായി ആ താക്കോലുമായി വരുന്ന മാലാഖയെയും കാത്തിരിക്കാൻ പുതിയ നന്മമരങ്ങളെയും അവയുടെ ശിഖരങ്ങളെയും തേടി.
Comments
Post a Comment