മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ




മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ




കേണൽ. രാജൻ ജോസഫ് വണ്ടിഓടിച്ചു കയറ്റിയത് കോടയുടെ വെള്ള കമ്പളം പുതച്ച, കാപ്പിമരങ്ങൾ അതിരിടുന്ന കുടകിന്റെ മലയടിവാരങ്ങളിലേക്ക് ആയിരുന്നു. നേരം പുലരാൻ ആപ്പോഴും വിനാഴികകൾ ബാക്കി. എങ്ങും കരിംപച്ചയിൽ വെള്ള ഇഴപാകിയ പ്രകൃതി. റോഡാണെങ്കിൽ അൻപത് മീറ്റർ പോലും കാഴ്ച തരുന്നുണ്ടായിരുന്നില്ല. പുലരിവെട്ടം കടന്നുവരാൻ മടിച്ചു നിൽക്കുന്നത് കണ്ടാൽ രാവിലെ ഉണരാൻ പറയുമ്പോൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു ചുരുണ്ട് കിടക്കുന്ന കുട്ടികളെപ്പോലെ തോന്നിച്ചു അയാൾക്ക്‌. 

മഹീന്ദ്രയുടെ കമാൻഡർ ജീപ്പിൽ ഇടതുവശം ചേർന്ന് വശങ്ങളിലെ കാഴ്ചകളുടെ വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കയാണ് സീതമ്മ, അയാളുടെ പ്രാണസഖി... ജോലിയിൽ നിന്ന് വിരമിച്ച് മധ്യതിരുവിതാംകൂറിലെ അയാളുടെ നാട്ടിൽ ഒതുങ്ങി കൂടാം എന്നതായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാൽ ബാക്കിയുള്ള കാലം കൂടി കർമ്മ നിരതമായി ജീവിച്ചു തീർക്കണം എന്നത് അയാളുടെ തീരുമാനമായിരുന്നു. അതിന് അയാൾ തിരഞ്ഞെടുത്തത് കുടകിന്റെ സൗന്ദര്യം. കാപ്പിയും ഇഞ്ചിയും പിന്നെ മുന്തിരിയുടെ സമൃദ്ധ്യം തീർക്കുന്ന മനോഹാരിത അയാളെ പണ്ടേ മാടി വിളിച്ചിരുന്നു. ഒപ്പം മേജർ കരിയപ്പയുടെ നാടെന്ന അഭിമാനവും. 

തോട്ടവും അവിടുത്തെ പഴയ വിക്ടോറിയൻ മോഡലിലുള്ള ബംഗ്ലാവും നേരത്തെ തന്നെ അയാൾ ചുറ്റി കണ്ടിരുന്നു. മനോഹരമായ തോട്ടത്തിന്റെ നടുവിലെ വീടും അവിടുത്തെ അത്ഭുതപ്പെടുത്തുന്ന വിജനതയും ആദ്യ വരവിൽ തന്നെ അയാളെ വല്ലാതെ ആകർഷിച്ചു കളഞ്ഞു. അത് നെഞ്ചിൽ ചേർത്തു നിർത്തി പറയുമ്പോൾ സീതക്ക് പ്രത്യേകിച്ച് സന്തോഷം തോന്നിയതായി മുഖത്ത് പ്രകടമായില്ല. അപ്പോൾ അയാൾക്ക്തോന്നിയത് അവരുടെ മുഖത്ത് മിന്നി മറഞ്ഞത് അപരിചിതമായ ചുറ്റുപാടിലേക്ക് പറിച്ചു നടക്കുന്നതിന്റെ അങ്കലാപ്പാണ് എന്ന്. 

ആദ്യമായി ആയിരുന്നില്ല ഒരു അപരിചിതമായ ചുറ്റുപാടിലേക്ക് അവർ എടുത്തെറിയപെടുന്നത്. എന്നും അവരുടെ ജീവിതം അങ്ങനെ തന്നെ ആയിരുന്നു.. ബാരക്കുകളിൽ നിന്ന് ബാരക്കുകളിലേക്ക്. സീത അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത് പോലും അത്തരം ഒരു എടുത്തെറിയാൽ ആയിരുന്നു എന്നയാൾ ആലോചിച്ചു. വർഷങ്ങൾ മുൻപ് കത്തിയെരിഞ്ഞ ഒരു കലാപ ഭൂമിയിലേക്ക്തന്റെ പ്ലാറ്റൂണിനെയും നയിച്ച് അയാൾ ചെല്ലുമ്പോൾ തികച്ചും ചെറുപ്പക്കാരൻ ആയിരുന്നു. അവിടെ കണ്ട കലാപത്തിൽ അനാഥയായ സുന്ദരിയെ പെൺകുട്ടിയെ കൂടെ കൂട്ടുമ്പോൾ വീട്ടുകാരുടെ പ്രതികരണം പോലും അയാൾ ചിന്തിച്ചില്ല. 

പിന്നെ വർഷങ്ങൾ അവൾക്ക് താനും തനിക്ക് അവളും മാത്രമായി... മകന്റെ എടുത്തുചാട്ടത്തിൽ ഒറ്റപ്പെടുത്തിയ വീട്ടുകാരെയും ബന്ധുക്കളെയും ഒരിക്കലും തേടി ചെന്നില്ല, സീതയെ തേടി വരാൻ ആരും അവശേഷിച്ചിരുന്നില്ല. മനസ്സിൽ എന്ത് സന്ദേഹം ഉണ്ടാകുകയാണെങ്കിലും അവൾ ഒരിക്കലും അയാളുടെ തീരുമാനത്തെ എതിർക്കാറില്ല... അനുസരിക്കുക പിന്നെ തനിക്ക് മാത്രമായി ജീവിക്കുക അത് മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ. അൽപ്പമെങ്കിലും വിഷമം തോന്നുന്നത് വിധിയും അവരെ ഒറ്റപ്പെടുത്തി എന്ന് തോന്നുമ്പോൾ മാത്രം. അവർക്ക് കൊഞ്ചിക്കാനും താലോലിക്കാനും ആരും വന്നില്ല. ആരെയെങ്കിലും അഡോപ്റ്റ് ചെയ്യാം എന്ന് പലവുരു പറഞ്ഞപ്പോഴും അവളുടെ മറുപടി വേണ്ട എന്ന് തന്നെ. 

നമുക്കിടയിൽ വേറെ ആരും വേണ്ട എന്നാണ് ദൈവ തീരുമാനമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ എന്ന സ്ഥിരം പല്ലവി. വണ്ടി ഓടിക്കുന്നതിനിടയിലും രാജൻ ജോസഫിന്റെ ചിന്ത കാലങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കേരളത്തിൽ നിന്ന് തിരിച്ചിട്ട് നേരത്തോട് നേരം അടുക്കാറായിരിക്കുന്നു. ഇപ്പോഴും സീത ഓടിമറയുന്ന കാഴ്ചകളിൽ മുഴുകി പഴയ കാശ്മീരി ഷാളും പുതച്ചു മിണ്ടാതെ ഇരുന്നു. വണ്ടിയിൽ പഴയ ഹിന്ദിപ്പാട്ടുകൾ ഈരടികൾ. അയാൾക്ക്ഉറപ്പുണ്ടായിരുന്നു സീതക്ക് പുതിയ ചുറ്റുപാടുകൾ നന്നായി ഇഷ്ട്ടപ്പെടും എന്ന്. 

വണ്ടി നിർത്തു എന്ന സീതയുടെ അപേക്ഷ കലർന്ന ഒച്ച ഉയർന്നപ്പോൾ അയാളുടെ കാലുകൾ ബ്രേക്കിൽ അമർന്നു. വശങ്ങളിൽ ആഴമുള്ള കൊക്ക കണ്ട റോഡിന്റെ ഓരം ചേർത്ത് അയാൾ വണ്ടി നിർത്തി. അതിന്റെ വേഗം തീരും മുൻപേ സീത പുറത്ത് ഇറങ്ങിയിരുന്നു. പിന്നോട്ട് ധൃതിയിൽ നടന്ന അവരുടെ പിന്നാലെ രാജൻ ജോസഫ് കൂടി. റോഡിന്റെ ഇടത് വശത്ത് കൊക്കയുടെ മുകളിൽ കമിഴുന്നു കിടക്കുന്ന ചെറുപ്പക്കാരൻ. മുഖം കാണാൻ പറ്റാത്തതിനാൽ പ്രായം അനുമാനിക്കാൻ കഴിയുമായിരുന്നില്ല. വേഗം അയാൾ കൈത്തണ്ട പരിശോധിച്ചു. നാഡിമിടിപ്പ് അപ്പോഴും ഉണ്ട്. 

അയാൾ വേഗം തന്നെ തിരിച്ചിട്ടു.... അത് കൗമാരം വിട്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ... ഏറിയാൽ ഇരുപത് ഇരുപത്തഞ്ച് വയസ്സ്.. ശരീരത്ത് മുറിവോ ചതവോ കാണ്മാനില്ല. വെളിച്ചക്കുറവും കൊക്കയുടെ ആഴവും കൊണ്ട് താഴെക്കുള്ള കാഴ്ചയും ദുഷ്കരം. കണ്ടാലേ അറിയാം ഏതോ നല്ല വീട്ടിലെ കുട്ടി ആണ് എന്ന്. അവൻ അപ്പോഴും ശ്വസിക്കുന്നുണ്ടായിരുന്നു. പോകാം എന്ന് പറഞ്ഞപ്പോൾ അയാൾ ഓർത്തത് അപരിചിതമായ സ്ഥലത്ത്... അതും തികച്ചും ഇത്തരം ഒരു ചുറ്റുപാടിൽ റിസ്ക്വേണ്ട എന്ന് തന്നെ ആണ്.. സീതയുടെ ദയനീയ നോട്ടം അയാളെ പിൻവലിപ്പിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല... ഒറ്റയ്ക്ക് തോളിൽ ഏറ്റി ജീപ്പിന്റെ പുറകിലേക്ക് കിടത്തുമ്പോൾ ഡോർ തുറന്നത് സീത തന്നെ ആയിരുന്നു. 

ബംഗ്ലാവിലേക്ക് പിന്നെ അരമണിക്കൂർ യാത്രയെ ഉണ്ടായിരുന്നുള്ളു... വഴിയിൽ ഹോസ്പിറ്റൽ പോയിട്ട് ചായക്കട പോലും ഉണ്ടായിരുന്നില്ല. ബംഗ്ലാവിൽ ഗാരിയേജിന്റെ മുന്നിൽ വണ്ടി നിർത്തുമ്പോൾ ഗെയ്റ്റ് അടച്ചിട്ട് കാവൽക്കാരൻ ഓടി വന്നു. പിന്നിൽ ചെറുപ്പക്കാരന്റെ ഞരക്കവും മൂളലും അപ്പോഴത്തേക്ക് ശമിച്ചിരുന്നു. മുന്നിലെ പ്രധാനവാതിൽ തുറന്ന് അവരെ അകത്തേക്ക് ആനയിക്കുമ്പോൾ വേലക്കാരൻ ഭവ്യതയാൽ ഭൂമിയോളം വളഞ്ഞിരുന്നു. 

ചെറുപ്പക്കാരനെ തന്റെ ബലിഷ്ടമായ ചുമലിൽ ചായ്ച്ചു കിടത്തി രാജൻ ജോസഫ് ബെഡ്റൂമിലേക്ക് നടന്നു. ഒപ്പം സീതമ്മയും. കിടക്കയിൽ കിടത്തി കാലുകളിലെ ഷുസും സോക്സും അഴിക്കുമ്പോൾ ചെറുപ്പക്കാരൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. ഷർട്ടിന്റെ മുകളിലെ ബട്ടണുകൾ വേർപെടുത്തി അയാൾ ബാത്റൂമിലേക്ക് നടന്നു. കൈകൾ കഴുകി തിരിച്ചു വന്ന് പുതപ്പ് ശരിയാക്കി തിരിച്ചു നടക്കുമ്പോൾ അയാളുടെ മനസ്സ് വേലക്കാരനിൽ സംശയത്തിന്റെ കണികകൾ ഉണ്ടാകരുത് എന്ന ചിന്തയിൽ ആയിരുന്നു. 

നേരം നന്നായി പുലർന്നതിന് ശേഷം ചായകുടിക്ക്…. എന്ന സീതയുടെ വിളിയാണ് അയാളെ പൂച്ചയുറക്കത്തിൽ നിന്ന് ഉണർത്തിയത്. ആവി പറക്കുന്ന ചായ മൊത്തിക്കുടിക്കുമ്പോൾ അവരുടെ സംസാരം അയാളെ കൂടുതൽ ചിന്താമഗ്നനാക്കി. 

നോക്ക് അവൻ ഉണർന്നിരിക്കുന്നു.... എന്റെ കയ്യിൽ നിന്ന് ആർത്തിയോടെ ചായ വാങ്ങി കുടിച്ചു... പിന്നെ ചകിതനായി തുറിച്ചു നോക്കി... അപരിചിതമായ ചുറ്റുപാട് കണ്ട് ഭയന്നതായിരിക്കും. പിന്നെയും കിടന്നു. 

അയാൾ കുറെ നേരം ജനൽ വാതിലിലൂടെ ദൂരേക്ക്നോക്കി... സൂര്യൻ മുകളിൽ എത്തിയിരിക്കുന്നു... നല്ല പ്രകാശം.... മൂടൽ മഞ്ഞിന്റെ നേരിയ തരിപോലും അവശേഷിച്ചിട്ടില്ല.  അയാൾ സീതയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. 

അവനെ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കേണ്ട? എന്താ കുഴപ്പം എന്ന് ആർക്കറിയാം... അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. 

അത് ചേട്ടാ.. എങ്ങനെ ആണ് വേലക്കാരനോട് ആശുപത്രിയെ പറ്റി ചോദിക്കുക... ഇനി അവന് എന്തായിരിക്കും തോന്നുക. എഴുനേറ്റ സ്ഥിതിക്ക് ഇനി അധികം താമസിയാതെ ബോധം വരും എന്നാണ് എനിക്ക് തോന്നുന്നത്... അൽപ്പം കഴിഞ്ഞിട്ടും മാറ്റം ഇല്ലെങ്കിൽ നമുക്ക് ആശുപത്രി എവിടെ ആണ് എന്ന് അന്വോഷിക്കാം. 

അത് നല്ല അഭിപ്രായമാണ് എന്ന് അയാൾക്ക്തോന്നി.... 

അമ്മാ... എന്ന നീണ്ട വിളിയാണ് അവരുടെ ഇടയിലെ മൗനത്തിന്റെ മതിലുകളെ പൊളിച്ചത്.... അവർ അടുത്ത റൂമിലേക്ക്ധൃതിയിൽ നടന്നു. സീതയെ കണ്ടതും അവൻ കൈകളിൽ മുറുകി പിടിച്ചു ചോദിച്ചു, അമ്മാ... ഞാൻ എവിടെയാണ്... അല്ല നമ്മൾ എവിടെയാണ്... പിന്നിൽ അയാളെ കണ്ടപ്പോൾ അച്ഛനും ഉണ്ടായിരുന്നോ?..... അവന്റെ ചോദ്യങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു... 

മണിക്കുറുകൾ ദിവസങ്ങളെയും ദിവസങ്ങൾ ആഴ്ചകളെയും പ്രസവിച്ചത് പെട്ടന്നാണ്..... ഇപ്പോൾ രാജൻ ജോസഫിന്റെ കുടുംബം വലുതായി... ബംഗ്ലാവിൽ കളിചിരികൾ മുഴങ്ങി.. അവർ രണ്ടുപേരും കാലങ്ങളായി കാത്ത് വച്ച സ്നേഹം ഒരു പേമാരിയായി അവരുടെ മകന്റെ മുകളിലേക്ക് ചൊരിഞ്ഞു. അവനും മോശമാക്കിയില്ല... ഒട്ടും കുറയാതെ അത് തിരിച്ചു കൊടുത്തു... ബംഗ്ളാവ് ഒരു സ്നേഹതീരമായി മാറി... അവർ അവന്റെ പേര് പറഞ്ഞു കൊടുത്തു... സാജൻ ജോസഫ്... സീതയുടെയും രാജൻ ജോസഫിന്റെയും മകൻ...                          

രാവിലെ ആഴ്ച ചന്തയിലേക്ക് വണ്ടി എടുത്ത് പോകുമ്പോൾ കേണലിന്റെ മനസ്സിൽ രണ്ടായിരുന്നു ഉദ്ദേശ്യം. നല്ല ഫ്രഷായ സാധനങ്ങൾ കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങുക. പിന്നെ നാട്ടിലെ പ്രധാന സ്ഥലം പരിചയപ്പെടുക. വേലക്കാരൻ ഗണേശന്റെ വർണ്ണന പ്രകാരം വളരെ വർണ്ണശബളമായാണ് ചന്ത. പരിചയപ്പെടേണ്ട സ്ഥലം തന്നെ. അതിനാൽ അവനെയും കൂടെ കൂട്ടി. അവിടെ എത്തിയിട്ട് ആറ് മാസം തികഞ്ഞെങ്കിലും അയാൾ തോട്ടം വിട്ട് പുറത്തിറങ്ങിയിരുന്നില്ല. എന്നും പണിക്കാരും അത്യാവശ്യ വീട്ട് സാധനങ്ങൾ എത്തിക്കാൻ ഗണേശനും. 

ചന്ത ദിവസം ആയതിനാൽ ആണെന്ന് തോന്നുന്നു... രാവിലെ അവർ പോകുന്ന വഴി ഉണർന്നു കഴിഞ്ഞിരുന്നു. സൈക്കളിലും കാൽനടയായും പിന്നെ ബൈക്കുകളിലും ആൾക്കാർ തിരക്കിട്ട് പോകുകയാണ്. എല്ലാവരുടെയും വശം കെട്ടുകളും….. ചുരുക്കം വാഹനങ്ങളും ചീറിപായുന്നു. ഡ്രൈവിങ്ങിനിടയിലും അയാളുടെ ദൃഷ്ടികൾ കാഴ്ചകളിൽ അഭിരമിച്ചു. ഓർത്തു കുടക് സുന്ദരിയാണ്.. വെള്ളപുതച്ച നവോഡയെപ്പോലെ അവൾ ചമഞ്ഞു നിൽക്കുന്നു. ദൂരെ ഇളം മുടൽമഞ്ഞിൽ നടന്നു മറയുന്ന മനുഷ്യർ. നേർ വഴിക്ക് നടക്കുന്ന ഗോക്കളെ പോലെ റോഡിന് ഇരുവശവും നിറഞ്ഞു നടക്കുകയാണ്. 

സീതയെയും സാജനെയും വീട്ടിൽ നിർത്തിയാണ് അയാൾ ഇറങ്ങിയത്. സാജന് പുറത്തേക്കിറങ്ങാൻ താല്പര്യമില്ലാത്തത് പോലെ. കളിചിരികൾ ഉണ്ടെങ്കിലും ചിലപ്പോൾ ദൂരേക്ക്നോക്കി തല തടകി ഇരിക്കും. അപ്പോൾ മുഖത്ത് വിഷാദച്ഛവി പരക്കുന്നത് കാണാം. എന്തൊക്കയോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണോ എന്ന് സംശയിക്കാവുന്ന മുഖഭാവം. നെറ്റി ചുളുങ്ങി, കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ ദൂരേക്ക്ഉറപ്പിച്ചു, അങ്ങനെ ഇരിക്കും. അവരെ കണ്ടാൽ എല്ലാം ഉപേക്ഷിച്ചു കൂടെ നടക്കും. സീതയുടെ പിന്നാലെ നടക്കുന്നതിന് അവന് ഒന്നും തടസ്സമില്ല. അവൻ വന്നതിന് പിറകെ സീതയും ആഹ്ലാദവതിയായി. അവൻ അടുത്തില്ലങ്കിൽ അവൾക്ക് എന്തോ വേവലാതിയാണ്. 

സാജൻ നന്നായി ഗിറ്റാർ വായിക്കും. ഒപ്പം പാടുകയും. രാജൻ ജോസഫ് അതിലൂടെ തന്റെ ചെറുപ്പം ഓർത്തെടുക്കയായിരുന്നു. കോളേജിലും നാട്ടിലും ഒരു ചെറിയ ഹീറോ പരിവേഷം ഉണ്ടായിരുന്നു അതിനാൽ. അയാളുടെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു. പലപ്പോഴും ഒരു ഔട്ടിങ്ങിന് അയാൾ സീതയെ നിർബന്ധിച്ചതാണ്, പണ്ട് ഒന്നും പറയാതെ ഒപ്പം കുടുന്നവൾ ഇപ്പോൾ എന്തിനോ ഭയപ്പെടും പോലെ. അവൾക്ക് സാജനെ നഷ്ടപ്പെടും എന്ന ഭീതിയാണ്, അയാൾക്ക്തോന്നി. അവന് ഒരു ചെയ്ഞ്ച് ആവും എന്ന് പറഞ്ഞപ്പോൾ പോലും അവൾ തടയുകയാണ്.. ഇഷ്ടമില്ലെങ്കിൽ എന്തിന് നിർബന്ധിക്കണം എന്ന ഒഴുക്കൻ മറുപടിയും. 

ചന്തയുടെ നടുവിലേക്ക് വണ്ടി ഓടിക്കയറുമ്പോഴും അയാൾ ചിന്തിച്ചു. പിന്നിൽ ഗണേശൻ വാതോരാതെ സംസാരിക്കുന്നുണ്ട്... എല്ലാത്തിനും അയാൾ ചെറു മൂളൽ മറുപടിയായി നൽകി. വഴിയോരത്ത് വണ്ടി നിർത്തി അവർ ചന്തയുടെ തിരക്കിലേക്ക് ഊളിയിട്ടു. കായ്കറികളുടെയും പലവ്യഞ്ജങ്ങളുടെയും മാരിവില്ലുകൾ പ്രഭ ചൊരിഞ്ഞപ്പോൾ ഗണേശന്റെ അഭിപ്രായം ശരിയാണ് എന്ന് അയാൾക്ക്തോന്നി. മനോഹരമായ നഗര ഹൃദയം വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു. അവശ്യ സാധനങ്ങൾ വിലപേശി വാങ്ങി, വണ്ടിയിൽ വച്ചിട്ട് തിരിഞ്ഞു നോക്കുമ്പോൾ അധികം അകലെ അല്ലാതെ നിരന്നുള്ള കടകൾ. അയാൾ അങ്ങോട്ട് നടന്നു.

അവിടെ എല്ലാത്തിന്റെയും കടകൾ, തുണിയും ഒപ്പം നൂതന ബ്രാൻഡുകളുടെ ചെരിപ്പും റെഡിമെയ്ഡ് കടകളും. രാജൻ ജോസഫ് അവക്ക് മുന്നിലൂടെ തെരുവിൽ കൗതുകത്തോടെ നടന്നു. ഗണേശൻ വണ്ടിയിൽ തന്നെ ഇരുന്നു. മുന്നിൽ കണ്ട മുന്തിയ ഇനം ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഷോറൂമിലേക്ക് അയാൾ കയറി ചെന്നു. സാജനും പിന്നെ അയാൾക്കും എന്തെങ്കിലും വാങ്ങണം എന്ന് തീർച്ചപ്പെടുത്തി തന്നെ ആണ് അയാൾ കയറി ചെന്നത്. അവിടെ പ്രദർശിപ്പിച്ചിരുന്നു ഓരോ വസ്തുക്കളും അയാൾ ശ്രദ്ധയോടെ പരിശോധിച്ചു. 

പിന്നിൽ ചമ്പക്കുരു എന്ന വിളി കാതിൽ വീണപ്പോൾ ആദ്യം അയാൾ ശ്രദ്ധിച്ചില്ല. കോളജിലെ വട്ടപ്പേരായിരുന്നിട്ടും അത് അയാളെ ആകർഷിച്ചില്ല. വീണ്ടും അത് മുഴങ്ങിയപ്പോൾ അയാൾ തിരിഞ്ഞു. കാഷിൽ ഇരിക്കുന്ന മുക്കാലും കഷണ്ടി കയറിയ ബാക്കിയുള്ള മുടി വെള്ളികെട്ടിയ വയസ്സൻ, ഏതാണ്ട് അയാളുടെ പ്രായം വരും. മുഖത്തെ ക്ഷീണം കൂടുതൽ തോന്നിപ്പിക്കുന്നു. അയാൾ മുഖത്തേക്ക് തറപ്പിച്ചു നോക്കി... കുരുവി എന്ന് ഉറക്കെ ഉള്ള വിളി, രാജൻ ജോസഫിന്റെ തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നത് കണ്ടപ്പോൾ കഷണ്ടിക്കാരൻ തല തടകിക്കൊണ്ട് കൗണ്ടറിൽ നിന്ന് അയാളുടെ അടുത്തേക്ക് ഓടി വന്നു. 

കുരുവിള വർഗ്ഗീസ്, രാജൻ ജോസഫിന്റെ പഴയ സതീർത്ഥ്യൻ... കോളേജ് കാലങ്ങൾ കഴിഞ്ഞു പിരിഞ്ഞ അവരുടെ പുനഃസമാഗമത്തിന് വർഷങ്ങളുടെ വിടവ് ഒരു തടസ്സമേ ആയിരുന്നില്ല. സ്നേഹപ്രകടങ്ങൾക്ക് ശേഷം കുരുവിള വിശേഷങ്ങളുടെ കെട്ടഴിച്ചു, ഒപ്പം പരിഭവങ്ങളുടെയും. ഗൾഫിന്റെ സമൃദ്ധിയിൽ കടന്നുപോയ വർഷങ്ങൾ. അങ്ങ് സൗദി അറേബ്യയിൽ ആയിരുന്നു, കുടുംബം നാട്ടിലും അയാൾ പറഞ്ഞു തുടങ്ങി. മക്കൾ രണ്ടാണും ഇളയ ഒരു പെൺകുട്ടിയും. ആൺമക്കൾ ഒരാൾ ക്യാനഡയിലും മറ്റൊരാൾ ജർമ്മിനിയിലും. മകൾ അഞ്ജുവർഗീസ് അവൾ കൂടെ ഉണ്ട്. പെട്ടന്ന് കുരുവിള പറഞ്ഞു നിർത്തി. 

നാട്ടിൽ വരുമ്പോൾ നിന്നെ എന്നും അന്വോഷിക്കും, നീ എന്നും ചുറ്റുകയായിരുന്നല്ലോ? അവസാനം ഇഷ്ട്ടപ്പെട്ട മറുനാട്ടുകാരിയെയും കെട്ടി നാട് ഉപേക്ഷിച്ചു എന്നാണ് അറിഞ്ഞത്. പിന്നെ എങ്ങനെ ഇവിടെ. കുരുവിളയുടെ പരിഭവം പറച്ചിൽ കഴിഞ്ഞപ്പോൾ രാജൻ ജോസഫ് കഥ ലഘുവായി പറഞ്ഞു തീർത്തു. ഭാര്യയും മകനുമായി കുടകിലെ എസ്റ്റേറ്റിൽ താമസമായത് വരെ. 

അപ്പോൾ സായിപ്പിന്റെ എസ്റ്റേറ്റ് നീയാണോ വാങ്ങിയത്... കുരുവിളയുടെ ചോദ്യത്തിൽ ഒരു അസ്വാഭാവികത തോന്നിയെങ്കിലും രാജൻ ജോസഫ് ഭാവിച്ചില്ല. 

അതെ.... അത് സായിപ്പിന്റെ കൈയ്യിൽ നിന്ന് പോയിട്ട് കാലങ്ങൾ കഴിഞ്ഞില്ലേ... ഞാൻ വാങ്ങിയത് ഒരു ഉത്തരേന്ത്യൻ മാർവാടിയുടെ കയ്യിൽ നിന്നാണ്... അയാൾ പറഞ്ഞു. 

ശരിയാണ്... കുരുവിള അയാളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു... എങ്കിലും അത് അറിയപ്പെടുന്നത് ആപ്പേരിലാണ്, കാതറിൻ ഡിസൂസയുടെ എസ്റ്റേറ്റ് എന്ന്... എന്തൊക്കയോ മിസ്റ്ററികൾ ഉണ്ടായിരുന്നു പണ്ടെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഒന്നും ഇല്ല... കുരുവിളയുടെ സംസാരം  തുടരാൻ അയാൾ അനുവദിച്ചില്ല. 

കുരുവി... സൗദിഅറേബ്യയിൽ  ജോലി ഉണ്ടായിരുന്ന നീ എങ്ങനെ ഇവിടെ? രാജൻ ജോസഫ് വിഷയം മാറ്റി... 

അതോ ... അത് നീണ്ട കഥയാണ്.... ഇരുപത്തഞ്ച് വർഷം വേണ്ടി വന്നു എനിക്ക് പ്രവാസം അവസാനിപ്പിക്കാൻ... അതിനുള്ളിൽ മക്കൾ പ്രശസ്തമായ കോളജുകളിൽ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കി. ഞാൻ പ്രവാസം നിർത്തിയപ്പോൾ അവർ തുടങ്ങി... പോയ വഴിയിൽ തന്നെ അവർക്ക് ചേർന്നവരെ കണ്ടത്തി ... എല്ലാം നടത്തി കൊടുക്കുന്ന ജോലി മാത്രമായിരുന്നു അപ്പനും അമ്മയ്ക്കും... എന്നോ എവിടെയോ അയച്ച അപേക്ഷയിൽ ഇവിടെ കട അനുവദിച്ചപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ഇവിടേയ്ക്ക് പറിച്ചു നട്ടു... കൂട്ടിന് മോളികുട്ടിയും പിന്നെ അഞ്ജുവും. 
                    
 അപ്പോൾ ഇനി തിരിച്ചുപോക്കില്ലേ? രാജൻ ജോസഫ് ചോദിച്ചു.. 

കുരുവിള വിദൂരതയിലേക്ക് നോക്കി കുറച്ചു നേരം നിന്നു... പിന്നെ പതിയെ തുടർന്നു...

ഇല്ല .... ഇനി.... ഒരു തിരിച്ചുപോക്ക് അസാധ്യമാണ്... അതിനായി അവിടെ ഒന്നും അവശേഷിച്ചിട്ട് ഇല്ല... എല്ലാം വിറ്റ് ബാക്കി വന്ന പണത്തിൽ... തടാകകരയിൽ കുറച്ചു സ്ഥലം വാങ്ങി... അതിൽ പഴയ ഒരു വീടും... അവിടം നല്ല മനോഹരമാണ്... നാടിന്റെ ഭംഗി മൊത്തമായി സാംശീകരിച്ച സ്ഥലം... അത് പറയുമ്പോൾ അയാളുടെ കണ്ണ് വികസിച്ചു വന്നു.. മുഖം വിടർന്നും. 

അവിടെ നിന്ന് ആവശ്യം വേണ്ട സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുമ്പോൾ രാജൻ ജോസഫ് ആഹ്ലദവാനായിരുന്നു... ബാല്യകാല സുഹൃത്തിനെ കണ്ടുകിട്ടിയതിൽ അയാൾ വളരെ ഏറെ സന്തോഷിച്ചു...

പുറത്ത് ആരോ കാളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ സീതമ്മ ബംഗ്ലാവിന്റെ ഡ്രോയിങ് റൂമിലേക്ക് കടന്നുവന്നു. മുൻ വാതിൽ തുറക്കുന്നതിനിടയിൽ അവർ ആലോചിച്ചത് ആരായിരിക്കും ഇപ്പോൾ എന്നാണ്. മുന്നിൽ തലയിൽ അധികം മുടി അവശേഷിച്ചിട്ടില്ലാത്ത പ്രായം ചെന്ന പുരുഷനും അധികം നര അക്രമിച്ചിട്ടില്ലാത്ത മധ്യവയസ്കയും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും. ആരാണ് വിരുന്നുകാർ എന്ന് അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. പിന്നിൽ മുറ്റത്ത് അവർ വന്ന കാർ പാർക്ക് ചെയ്തിരുന്നു. അതിൽ എടുത്ത് പറയേണ്ടത് സാരിയിൽ പൊതിഞ്ഞ പെൺകുട്ടിയുടെ സൗന്ദര്യം തന്നെ ആയിരുന്നു. വേഷം അവൾക്കായി നിർമ്മിച്ചതുപോലെ തോന്നി. 

പിന്നിൽ നിന്ന് രാജൻ ജോസഫിന്റെ കുരുവി എന്ന ഉറച്ചുള്ള വിളിയും മറുപടി എന്നപോലെ അയാളുടെ വെളുക്കെ ചിരിയും കണ്ടപ്പോൾ സീതമ്മയുടെ മുഖത്തെ സംശയത്തിന്റെ കാർമേഘം അകന്നു. കഴിഞ്ഞ ദിവസം ഭർത്താവ് അയാളുടെ പഴയ സുഹൃത്തിനെ കണ്ടെത്തിയ സന്തോഷം അവളോട് പങ്കുവച്ചിരുന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞുള്ള വരവാണ് എന്നറിഞ്ഞപ്പോൾ അവർ അവരെ അകത്തേക്ക് ആനയിച്ചു. കൂടെയുള്ള പെൺകുട്ടിയിൽ തന്നെ ആയിരുന്നു സീതമ്മയുടെ ദൃഷ്ടി ഉടക്കിയത്. കുരുവിളയുടെയും ഭാര്യയുടെയും യോഗ്യതയുടെ പത്തിരട്ടി നൽകി ദൈവം അവളെ അനുഗ്രഹിച്ചിരിക്കുന്നു. 

കുരുവിളയുമായി വെടിവട്ടം രാജൻ ജോസഫ് തുടങ്ങിയപ്പോൾ സീതമ്മ ഭാര്യയെയും പെൺകുട്ടിയെയും അകത്തേക്ക് കൂട്ടികൊണ്ടുപോയി. പെൺകുട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ അവർക്ക് തോന്നിയത് പൊന്നുംകുടത്തിന് പൊട്ട് തൊട്ടപോലെയാണ്. അത്രയ്ക്ക് അടക്കവും ഒതുക്കവുമുള്ള കുട്ടി. അവളുടെ ചലനത്തിൽ പോലും കുലീനത്വം മുറ്റി നിൽക്കുന്ന പോലെ. ഉപചാരമായി ഗണേശന്റെ ചായ സൽക്കാരം കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണം കഴിഞ്ഞു മതി മടക്കം എന്ന് കേണൽ പ്രഖ്യാപിച്ചു. ആദ്യം നിരസിച്ചെങ്കിലും കൂട്ടുകാരൻറെ നിർബന്ധത്തെ തടയാൻ കുരുവിളയ്ക്ക് ആകുമായിരുന്നില്ല. 

പിന്നിൽ ഗിറ്റാറിൽ നിന്ന് മനോഹരമായ ഈണം ഉതിർന്നു വീണപ്പോൾ അവരുടെ കാതുകൾ അതിനെ പിന്തുടർന്നു. അത് മകൻ ആണെന്ന് വിളംബരം ചെയ്യുമ്പോൾ രാജൻ ജോസഫിന്റെ അഭിമാനം വാനോളം ഉയരുന്നത് സീതമ്മ നോക്കിയിരുന്നു. പാട്ട് തുടരുകയായിരുന്നു. കുരുവിളയുടെ മകൾ അതിന്റെ പ്രഭവസ്ഥാനത്തേക്ക് പതിയെ നടക്കാൻ തുടങ്ങിയപ്പോൾ സീതമ്മയും പിന്നാലെ ബീനയും നടന്നു. മുകളിലെ മുറിയുടെ ബാൽക്കണിയിൽ പരിസരം മറന്ന് ദൂരേക്ക്നോക്കി ഗിറ്റാർ വായനയിൽ ലയിച്ചു നിൽക്കുകയാണ് സാജൻ... പിന്നിൽ കേൾവിക്കാർ കൂടിയത് അവൻ അറിഞ്ഞതേ ഇല്ല. 

അഞ്ജുവിന്റെ മുഖം വല്ലാതെ വിടർന്നിരുന്നു... സംഗീതം അവളെ വല്ലാതെ ആകർഷിക്കും പോലെ... അതിന്റെ ആരോഹണ അവരോഹണങ്ങളിൽ അവളുടെ കണ്ണുകൾ മാൻപേടയെപ്പോലെ തുള്ളി കളിച്ചു. മനസ്സ് വർണ്ണ മയൂഖമായി ആടിത്തിമിർക്കുകയാണെന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നെ സീതമ്മയുടെ മുരടനക്കം കാതിൽ വീണലച്ചപ്പോൾ സാജൻ ഉണർന്നു. പിന്നിലെ പ്രേക്ഷക നിരയിൽ അപചരിതരെ കണ്ടതും അവന്റെ മുഖത്ത് ജാള്യത നടമാടി... പ്രത്യേകിച്ച് സുന്ദരിയായ ഒരു പെൺകുട്ടി. അവൾ അവനെ സാകൂതം നോക്കുകയാണ്... അതിൽ ആരാധനാഭാവം സ്പുരിച്ചു നിന്നു. 

കുടുംബങ്ങളുടെ സൗഹൃദം കൂടുതൽ വളർന്നു... അത് അടുത്ത ഞായറഴ്ച രാജൻ ജോസഫിന്റെ കുരുവിള ഭവന സന്ദർശനത്തോടെ കൂടുതൽ ദൃഢമായി. അവിടെ അവരെ ആകർഷിച്ചത് തടാകം തന്നെ. വീടിന്റെ ദർശനം തടാകത്തിലേക്ക് ആയിരുന്നു. അതിന്റെ നടുവിൽ നട്ടുച്ചക്കുപോലും മുടൽമഞ്ഞു നിറഞ്ഞു നിൽക്കുന്നത് പോലെയുള്ള കാഴ്ച അതിമനോഹരവും. അതിൽ ചുറ്റി നടക്കാൻ രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന തോണി. അതിലേക്ക് ഒരു സവാരി പോകാൻ സാജൻ കയറിയപ്പോൾ കുരുവിള അഞ്ജുവിനെ ആണ് കുട്ടു വിട്ടത്. അത് അവളും ആഗഹിച്ചത് തന്നെ ആയിരുന്നു. 

പരസ്പരമുള്ള സന്ദർശനങ്ങൾ മുടങ്ങാതെ നടന്നു... സീതമ്മയും ഒതുക്കിവച്ച മനസ്സിനെ പുറത്തേക്ക് തുറന്നു വിടാൻ തയ്യാറായി... കുടകിന്റെ മനോഹാരിതയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം കൂടുതൽ ദൃഢമായി... ആരും അറിയാതെ സാജനും അഞ്ജുവും അടുക്കുകയായിരുന്നു... അവർ ഞായറാഴ്ചകൾക്കായി കാത്തിരിക്കുന്നത് സീതമ്മ മനസിലാക്കി... അവരുടെ ഉള്ളും സന്തോഷിക്കുകയായിരുന്നു... ഇത് അവരുടെ മകനെ എന്നന്നേത്തേക്കും അവരോടൊപ്പം പിടിച്ചു നിർത്തും എന്ന് മനസ്സിൽ ആരോ ഉറപ്പിച്ചു പറയും പോലെ. ഞായറാഴ്ച രാത്രി അവർ ഭർത്താവിനോട് അവതരിപ്പിച്ചു. 

സീതമ്മയുടെ ചോദ്യം ആദ്യം രാജൻ ജോസഫിൽ നിന്ന് മറുപടി ഉണ്ടാക്കിയില്ല. വീണ്ടും ആവർത്തിച്ചപ്പോൾ അയാൾ ഒന്ന് ഇരുത്തി മൂളി... പിന്നെ കിടക്കയിൽ അവർക്ക് അഭിമുഖമായി കിടന്ന് മുഖത്തേക്ക് നോക്കി ചോദ്യം ആവർത്തിക്കാൻ പറഞ്ഞു.. പിന്നെ എന്തോ ആലോചിക്കും പോലെ കിടന്നിട്ട് അയാൾ തുടങ്ങി..

സീതു... ഇത് ഞാനും ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് ആയി... പക്ഷേ... 

എന്ത് പക്ഷേ... അവന് എന്താ സ്വത്തില്ലേ... നമുക്കുള്ളതെല്ലാം അവനല്ലേ... വേറെ എന്താണ് ഒരു കുറവ്... 

നീ നോക്ക്... അവന് കുറവുകൾ അല്ലേ ഉള്ളു... രാജൻ ജോസഫ് പറഞ്ഞു... നിനക്കോ, എനിക്കോ, എന്തിന് അവനോ, അവൻ ആരെന്നറിയില്ല...... അവന്റെ അമ്മ... അച്ഛൻ വിളി... നാടകമാണ് എന്നാണ് എനിക്ക് ആദ്യം തോന്നിയത്... അല്ല എന്ന് പോകെ പോകെ മനസിലായി.. അവൻ നമ്മുടെ ആരും അല്ല എന്ന് ഇവിടെ നമുക്ക് മാത്രമേ അറിയൂ... അത് കുരുവിള അറിഞ്ഞാൽ.. അതായിരിക്കും അവന് പ്രിയ സ്നേഹിതൻ കൊടുക്കുന്ന വലിയ ശിക്ഷ, 

നോക്ക് ചേട്ടാ... നിങ്ങൾ പറഞ്ഞത് ശരിയാണ്... നാട്ടിൽ ഒരു പക്ഷേ അവൻ നമ്മുടെ ആരും അല്ലെന്ന് ആർക്കും അറിയില്ല... അത് ഇനി അറിയാനും പോണില്ല... ഇപ്പോൾ നമുക്ക് നമ്മളെപറ്റി മാത്രം ചിന്തിക്കാം... ഇനി അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് അറിയാം. നിങ്ങളുടെ അവസ്ഥയും അത് തന്നെ ആവും എന്ന് എനിക്കറിയാം... ഉടനെ കെട്ടിക്കാനല്ലല്ലോ നമ്മൾ പറയുന്നത്... താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയല്ലേ? വേണ്ടെങ്കിൽ.... സീതമ്മ അർധോക്തിയിൽ നിർത്തി. 

ഒരു ചെറിയ മൂളലും തലയാട്ടലും മാത്രമായിരുന്നു അയാളുടെ മറുപടി... 

അവരുടെ ആശങ്കകൾ ആസ്ഥാനത്തായിരുന്നു... അങ്ങനെ ഒരു വാക്കിനായി കാതോർത്തിരുന്നപോലെ ആയിരുന്നു കുരുവിളയുടേയും ഭാര്യയുടെയും മറുപടി... പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു... മനസമ്മതവും... വിവാഹവും എല്ലാം... അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ട് മനസ്സുകൾ ഉണ്ടായിരുന്നു. അത് മറ്റാരും ആയിരുന്നില്ല, അഞ്ജുവും സാജനും തന്നെ... യുവ മിഥുനങ്ങൾ അങ്ങനെ ആഹ്ലാദിച്ചു നടന്നു.. സാജന്റെ സംഗീതവും അഞ്ജുവിന്റെ നൃത്തവും പുഴയും അതിലെ ഓളവും പോലെ.. കടലും തിരയും പോലെ…. നീലാകാശവും അതിൽ നീന്തുന്ന മേഘവും പോലെ പരസ്പര പൂരകങ്ങൾ ആയിരുന്നു. 

എങ്ങും സന്തോഷം നിറഞ്ഞു നിൽക്കുന്ന സമയത്ത് ലോകം രക്ഷകന്റെ ജ൯മദിനത്തെ വരവേൽക്കാൻ കാത്തിരിക്കാൻ തുടങ്ങുന്ന മാസത്തിന് മുൻപ് അവർ അവിടുത്തെ സെയിന്റ് പീറ്ററിന്റെ ബസിലിക്കയിൽ ഒന്നായി ജീവിക്കാൻ പ്രതിജ്ഞ എടുത്തു. രാജൻ ജോസഫ് വളരെ സന്തോഷഭരിതനായിരുന്നു.... ഒപ്പം സീതമ്മയും. വിവാഹത്തിന്റെ തിരക്കുകൾ കഴിഞ്ഞു കുട്ടികളെ കുരുവിളയുടെ വീട്ടിൽ ഒരുക്കിയ മണിയറയിൽ ഇരുത്തി ബംഗ്ലാവിലേക്ക് തിരിച്ചു. സ്റ്റീരിയോയിൽ പതിവ് ഗാനം ഉച്ചത്തിൽ വച്ചു... 

മേരാജീവൻ..... ഗോര.. കാഗസ്സ്... 
ഗോരാഹി രഹ് ഗയാ.... 
 സീതമ്മയുടെ കൈകൾ സ്റ്റോപ്പ് സ്വിച്ചിൽ അമർന്നത് പെട്ടന്നാണ്... കേണൽ അവനെ തുറിച്ചു നോക്കി... വർഷങ്ങളായി പാട്ട് അവരുടെ യാത്രക്ക് കൂട്ട് പോകുന്നതാണ്... രണ്ടുപേർക്കും വളരെ ഇഷ്ട്ടമുള്ള പാട്ട്... 

സീതമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇനി നമ്മുടെ ജീവിതം വെറും വെള്ള കടലാസ്സ് അല്ല... അതിൽ വർണ്ണങ്ങൾ തിരശീല മാറ്റി ഇറങ്ങിയിരിക്കുന്നു... ഇനി അതിൽ വർണ്ണോത്സവങ്ങൾ തീർക്കാൻ മാലാഖക്കൂട്ടങ്ങൾ വന്നിറങ്ങും... നാഥന്റെ ഡിസംബർ അതിനായി കിടക്കകൾ വിരിച്ചു കാത്തിരിക്കും. അത് പറഞ്ഞു നിർത്തിയപ്പോൾ അവരുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ ഒരു മന്ദഹാസം വിടർന്നു നിൽപ്പുണ്ടായിരുന്നു. 

കേണൽ പൊട്ടി ചിരിച്ചു അവരും... 

ഡിസംബറിന്റെ വരവിൽ എങ്ങും തണുപ്പിന്റെ വെള്ളിമേഘങ്ങൾ പറന്നിറങ്ങി... കുളിരിൽ കുടകും ലയിച്ചു തുടങ്ങി... എങ്ങും മഞ്ഞുപെയ്യുന്ന മാമരങ്ങൾ... അതിൽ പൈന്മരങ്ങൾ വേറിട്ട് നിന്നു... പൊതുവെ തണുത്ത വഴിയോരങ്ങളും പ്രകൃതിയും കൂടുതൽ കൊടയെ പുൽകി... എങ്ങും നിരന്ന നക്ഷത്രവിളക്കുകൾ നാഥന്റെ പിറവിക്കായി കാത്ത് നിന്ന് കണ്ണ് ചിമ്മി... എങ്ങും ആഘോഷ രാവിനെ വരവേൽക്കാൻ തയ്യാറെടുത്തു. ക്രിസ്മസ് കരോളിന്റെ ശീലുകൾ നിറയുന്ന രാവുകൾ അവിടെ സമാധാന ദൂതൻ സാന്താ...ചുവടുകൾ വച്ചു. 

മോളെ അഞ്ജു.... കുരുവിള നീട്ടി വിളിച്ചു... നിനക്കറിയുമോ നിങ്ങളുടെ വിവാഹം നടന്ന സെയിന്റ് പീറ്റർ ബസിലിക്കക്ക് ഒരു പ്രത്യേകത ഉണ്ട്... അവിടെ ക്രിസ്സ്മസ്സ് ഈവിലെ കുർബ്ബാന കൈക്കൊള്ളുന്ന യുവ മിഥുനങ്ങൾക്ക് അവർ പ്രാർത്ഥിക്കുന്ന കാര്യം പുണ്യാളൻ നടത്തിത്തരും... ഇവിടുത്തെ നാട്ടുകാർക്കെല്ലാം വലിയ വിശ്വാസമാണ്... നീ പോകണം അവിടെ സാജനുമായി പാതിരാകുർബ്ബാന സ്വീകരിക്കണം.. നിങ്ങൾ ഒന്നിച്ചുള്ള ആദ്യ ക്രിസ്മസ് അല്ലേ... 

അഞ്ജു.. ചെറിയ നാണത്തോടെ പാപ്പയോട് പോകാം എന്ന അർത്ഥത്തിൽ ങും... എന്ന് മൂളി... പിന്നെ അകത്തേക്ക് ഓടി മറഞ്ഞു... അവൾ പോയത് സാജന്റെ നെഞ്ചിൽ കിടന്ന് അവളുടെ ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള ആഗ്രഹം അവനെ അറിയിക്കാനായിരുന്നു... 

നാടെങ്ങും വെളിച്ചത്തിൽ കുളിച്ചു നക്ഷത്ര കുഞ്ഞുങ്ങൾ മിഴിചിമ്മുന്ന രാത്രിയായി... ക്രിസ്മസ്സ് കരോൾ സംഘങ്ങൾ നാഥന്റെ വരവറിയിച്ചും കൊണ്ട് ആടിപ്പാടി നടന്നു... പള്ളികളിൽ പ്രത്യേക കുർബ്ബാനകൾക്കായി തയാറെടുപ്പുകൾ നടക്കുകയാണ്... കുരുവിളയുടെ വീട്ടിൽ എല്ലാരും പള്ളിയിൽ പോകാൻ തയ്യാറായി... പാതിരാകുർബാനക്കായി കുരുവിള കാർ ഇറക്കിയപ്പോൾ സാജൻ അയാളുടെ ബൈക്ക് തിരഞ്ഞെടുത്തു... അത് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു.. തണുപ്പുള്ള രാത്രി അവളുടെ കാന്തനുമായി മെയ്യുരുമ്മി കെട്ടിപിടിച്ചു ബൈക്കിൽ ഒരു യാത്ര... അവർ കാർ മുന്നിലും ബൈക്ക് പിന്നിലുമായി അവർ കയറ്റങ്ങൾ കയറി... യാത്ര തുടങ്ങി... 

റോഡുകൾ രാത്രിവാഹനങ്ങളുടെ തിരക്കിൽ അമർന്നിരുന്നു... പ്രകാശത്തിൽ കുളിച്ച ലോകം... മാനത്ത് തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനും.... അവർ പള്ളിയിൽ എത്തിയപ്പോൾ കുർബ്ബാന തുടങ്ങാൻ സമയമായി... നാഥനെ വാഴ്ത്തുന്ന പ്രധാന കാർമ്മികൻ... എല്ലാരുടെയും മനസ്സിൽ ആഹ്ലാദം മാത്രം. അവരോടൊപ്പം കേണലും സീതമ്മയും എത്തി... ലോകം ആഘോഷിക്കുകയാണ്.. 

പാതിരാ കുർബ്ബാന കഴിഞ്ഞപ്പോൾ നേരം കുറെ ആയിരുന്നു... ആളുകൾ പിരിഞ്ഞു തുടങ്ങി... ബൈക്കിൽ സാജനും അഞ്ജുവും.... കാറിൽ മറ്റുള്ളവരും... മുന്ന് വണ്ടികളും ക്രിസ്സ്മസ്സ് ആഘോഷിക്കാൻ നേരെ തോട്ടത്തിലെ ബംഗ്ലാവിലേക്കാണ് പോയത്... ഏറ്റവും പിന്നിൽ ആയിരുന്നു സാജന്റെ യാത്ര.. ഇണക്കുരുവികൾ കൊക്കുരുമ്മി മെയ്യുരുമ്മി... പതിയെ കുളിരുള്ള രാത്രിയെ ചൂടുപിടിപ്പിച്ചു...

വണ്ടി ഓടിക്കുന്നതിന് ഇടയിലും കേണലിന്റെ ഒരു കണ്ണ് റിവ്യൂ മിററിലാണ്... പിന്നിൽ അധികം ദുരയല്ലാതെ സാജനുണ്ട്... അവരുടെ ആഹ്ളാദം നിറഞ്ഞ ജീവിതം കാണുമ്പോൾ അയാളിൽ പിതൃവാത്സല്യം നിറഞ്ഞു... ഒരു പക്ഷെ തന്റെ അപ്പനും ഇത് ആഗ്രഹിച്ചുണ്ടാകാം... അല്ല ഉണ്ട്... മനസ്സ് വിങ്ങിയെങ്കിലും സമനില കൈവിടാതെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു... 

വലിയ വളവ് തിരിഞ്ഞു മുന്നോട്ട് കയറുമ്പോഴും അയാൾ പിന്നിലേക്ക് നോക്കി... അവർ പിന്നാലെ ഉണ്ട്... മുന്നിൽ കുരുവിളയും... എതിരെ ഒരു വലിയ ലോറി ഹെഡ് ലൈറ്റ് തെളിച്ചു വന്നു... അതിന്റെ പ്രകാശം കാഴ്ചയെ മങ്ങിച്ചെങ്കിലും അയാൾ കണ്ണടച്ച് തുറന്നു... അയാൾ റിവ്യൂ മിററിൽ സൂക്ഷിച്ചു നോക്കി അത് ശൂന്യമായിരുന്നു... പിന്നിലെ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചം മാത്രം. അയാൾ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി... ഇടത് വശത്തെ പൈന്മരക്കുട്ടങ്ങളുടെ ഇടയിൽ ഒരു ശബ്ദം പ്രതിധ്വനിച്ചത് കേട്ട് അയാളുടെ കാലുകൾ ബ്രേക്കിൽ ആഞ്ഞു ചവുട്ടി.. കൈകൾ ഹോണിലും. 

അവരെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ രക്തത്തിൽ കുളിച്ചിരുന്നു... രണ്ടുപേർക്കും ബോധം നഷ്ട്ടപ്പെട്ട അവസ്ഥ... ആദ്യം കണ്ട വലിയ ഹോസ്പിറ്റലിന്റെ ഐസിയുവിലേക്ക് കയറ്റുമ്പോൾ അവരുടെ പ്രാർത്ഥന.. ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു... നിയന്ത്രണം വിട്ട ബൈക്ക് പൈന്മരത്തിൽ ഇടിച്ചു ചിതറിയിരുന്നു... സാജനും അഞ്ജുവും എടുത്തെറിയപ്പെട്ടു... പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ അധികം ചോര നഷ്ട്ടപെട്ടില്ല എന്ന് മാത്രം.... അവിടെ നാല് ഹൃദയങ്ങൾ പ്രാർത്ഥനയോടെ കാത്തിരുന്നു. 

ക്രിസ്സ്മസ്സ് ദിവസം രാവിലെ ഡോക്ടർ, സാജന്റെ ബന്ധുക്കളെ വിളിച്ചപ്പോൾ രാജൻ, സീതമ്മയോടൊപ്പം ഓടിച്ചെന്നു... അവർ കേട്ടത് ശുഭവാർത്ത തന്നെ... 

 നോക്കൂ... അയാൾക്ക്വലിയ കുഴപ്പം ഒന്നും ഇല്ല... ഞങ്ങൾ എല്ലാ റിപ്പോർട്ടും നോക്കി... തല നന്നായി അടിച്ചിട്ട് ഉണ്ട് അത് മാറാൻ കൊടുത്ത മരുന്നിന്റെ മയക്കം മാത്രം.. ബൈ ദി ബൈ... ഇയാൾക്ക് ഇതിന് മുൻപ് അപകടം വല്ലതും... ഡോക്ടർ അവരെ മാറി മാറി തുറിച്ചു നോക്കി... 

അവർ എന്ത് പറയണം എന്നറിയാതെ പരസ്പരം നോക്കി... പിന്നെ ശരിയെന്നോ,തെറ്റ് എന്നോ തോന്നാവുന്ന തരത്തിൽ  തലകുലുക്കി..

ഡോക്ടർ വീണ്ടും ശബ്ദം ഉയർത്തി... ഹാ... ഇന്നത്തെ കാലത്ത് എങ്ങനെ അറിയാനാണ് അല്ലേ... കുട്ടികൾ ഒരിടത്ത് മാതാപിതാക്കൾ വേറെയും.. താങ്കൾ കേണൽ ആണ് അല്ലേ... ഞാൻ റിപ്പോർട്ട് കണ്ടു..

നിങ്ങളുടെ മകൻ ഇതിന് മുൻപ് ഒരു വലിയ ആക്സിഡന്റിൽ പെട്ടിരുന്നുഅതിന്റെ അഘാതത്തിൽ തലച്ചോറിൽ ചോര നന്നായി കട്ടപിടിച്ചിരുന്നു... അത് വലിയ ബ്ലീഡിങ് അന്ന് ഉണ്ടായത് കൊണ്ടാണ്... അതുമായി ഇത്രയും കാലം ജീവിച്ചത് ശരിക്കും അത്ഭുതം തന്നെ... പേടിക്കേണ്ട... കുറച്ചു ദിവസം ഞങ്ങളുടെ നിരീക്ഷണത്തിൽ കിടക്കട്ടെ... ക്ളോട്ടിങ് മാറാൻ മരുന്നുകൾ നൽകിയിരിക്കുന്നു... റിക്കവറി ചെയുന്നുണ്ട് പേടിക്കേണ്ട സ്റ്റേജ് കഴിഞ്ഞിരിക്കുന്നു.. 

ഡോക്ടർ കൂടെയുള്ള കുട്ടി... 

അദ്ദേഹം ഒന്ന് ആലോചിച്ചു... പിന്നെ ചോദിച്ചു... അല്ല കുട്ടിയും ഇയാളും തമ്മിൽ... ഡോക്ടർ അവരെ സംശയത്തോടെ നോക്കി..

അത് സാജന്റെ ഭാര്യ ആണ്.. വിവാഹം നടന്നിട്ട് അധികം ആയില്ല... 

അത് ശരി... ഒക്കെ നിങ്ങൾക്ക് പോകാം... അയാളെ വാർഡിലേക്ക് മാറ്റാൻ സമയം എടുക്കും... വേണമെങ്കിൽ നിങ്ങൾ വീട്ടിൽ പോയി വന്നോളൂ.. അയാൾ ഇവിടെ സുരക്ഷിതൻ ആണ്.. 
ഡോക്ട൪ക്ക് ധൃതിയാണോ, അതോ, എന്തോ മറക്കാ൯ ശ്രമിക്കയാണോ എന്ന് തിരിച്ചറിയാ൯ കഴിയാത്തപോലെ തോന്നി കേണലിന് 

രാജൻ ജോസഫ്, സീതമ്മയെയും കൂട്ടി... വീട്ടിൽ വന്ന് ആവശ്യം വസ്ത്രങ്ങൾ എടുത്ത് തിരിച്ചെത്തി... അവിടുത്തെ മുന്തിയ റൂമിൽ അവർക്കുള്ള ബുക്കിങ് അതിനുള്ളിൽ കഴിഞ്ഞിരുന്നു... തിരിച്ചു വന്നിട്ടും കുരുവിളയേയോ ബീനയെയോ അവിടെ കാണാൻ കഴിഞ്ഞില്ല... അവർ അവിടെ പരതി... 

അഞ്ജുവിന്റെ ഒരു വിവരങ്ങളും അറിയാൻ കഴിയാത്തതിൽ അവർ ഖിന്നരായിരുന്നു... അത് അവർ പലവട്ടം റിസപ്ഷനിൽ തിരക്കി.. കുട്ടിക്ക് കുഴപ്പമില്ല എന്ന ഒരു മറുപടി മാത്രമായിരുന്നു അവർക്ക് ലഭിച്ചത്... 

അടുത്ത ദിവസം രാവിലെ അവരെ ഡോക്ടർ വിളിപ്പിച്ചു... വാർഡിലെ സാജന്റെ റൂമിലേക്കാണ് അവർ കടന്നു ചെന്നത്... അവൻ അപ്പോഴും സെഡെഷന്റെ മയക്കത്തിൽ ആയിരുന്നു... പാതി വിടർന്ന കണ്ണുകൾ വീണ്ടും മുറുക്കി അടച്ചു... പതിയെ തുറന്നും. തലയിൽ ചെറിയ മുറിവിന്റെ കെട്ട് അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല... 

അത് കണ്ടപ്പോൾ അവരുടെ മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്തു.. 

ഡോക്ടർ അവർക്ക് നേരെ തിരിഞ്ഞു... നോക്കണം കേണൽ നിങ്ങളുടെ മകൻ ഇപ്പോൾ പെർഫെക്റ്റ് ആണ്... ബോധം തെളിയുവാൻ കൂടിവന്നാൽ അരമണിക്കൂർ... വേണമെങ്കിൽ നാളെയോ മറ്റന്നാളോ വീട്ടിൽ പോകാം.. ഇതിനിടയിൽ ഒരു അത്ഭുതവും സംഭവിച്ചു.. ക്ലോട്ടിംഗ് അലിഞ്ഞു മാറിയിരിക്കുന്നു... തികച്ചും നോർമൽ... 

അവരുടെ മുഖത്ത് ആശ്വാസ പെരുമഴ പെയ്തു തോർന്നു... 

അവിടുത്തെ കാത്തിരിപ്പ് അധികം നീണ്ടില്ല... അൽപ്പസമയം കഴിഞ്ഞപ്പോൾ സാജൻ കണ്ണ് തുറന്നു. കണ്ണുകൾ ചുഴറ്റി അവരെ നോക്കി... മുറിയുടെ മുക്കും മൂലയും തിരയുകയാണ്... പിന്നെ എഴുനേൽക്കാൻ ശ്രമിച്ചു. കേണൽ മോനെ സാജാ... എന്ന വിളിയുമായി അവനെ സഹായിക്കാൻ അടുത്തു... 

ഭിത്തിയിൽ ചാരിയിരുന്നിട്ട് അവൻ ചോദിച്ചു... സാജൻ... അതാരാ..... നിങ്ങൾ ഒക്കെ എന്തിനാണ് ഇവിടെ നിൽക്കുന്നത്... അവന്റെ ചോദ്യത്തിൽ അമ്പരപ്പ് വ്യക്തമായിരുന്നു... 

സീതമ്മ... അവന്റെ അരികിലേക്ക് ചേർന്ന് നിന്ന് പറഞ്ഞു.. മോനെ... നീ ഞങ്ങളുടെ മക൯ സാജൻ അല്ലേ... ഞാൻ നിന്റെ അമ്മ... ഇത് നിന്റെ അച്ഛൻ.. മോൻ മറന്നുപോയോ ഞങ്ങളെ... 

അമ്മ... ഞാൻ സാജൻ അല്ല... നരേൻ... നരേന്ദ്രമോഹൻ... ഡോക്ടർ വിജയമോഹന്റെ പുത്രൻ... അറിയില്ലേ അദ്ദേഹം കേരളത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റാണ്... അത് പോട്ടെ എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്... നെറ്റിയിലെ ചെറിയ മുറിവിനാണോ? 

എവിടെ നിമിഷ... എന്റെ സ്വന്തം നിമിഷ.... അച്ഛനും അമ്മയും അവളെ ഒളിപ്പിച്ചു വച്ചിരിക്കുകയാണോ? എവിടെ ഒളിപ്പിച്ചാലും അവളെ ഞാൻ കണ്ടുപിടിക്കും... നിങ്ങൾക്ക് അറിയുമോ ഞങ്ങൾ ഒരിക്കൽ ഒളിച്ചോടിയതാ.... പക്ഷേ... അവൻ കഠിന വേദന അനുഭവിക്കുന്ന രീതിയിൽ കൈ തലയിൽ തടവി... പിന്നെ പതിയെ മയക്കത്തിലേക്ക് വീണു... 

ഡോക്ടർ കേണലിന്റെ ചുമലിൽ കൈ അമർത്തിയത് പെട്ടന്നാണ്... വരൂ എന്ന് വിളിച്ചിട്ട് റൂമിലേക്ക് കയറി... 

അവരെ കസേരയിൽ ഇരുത്തിയിട്ട് പറഞ്ഞു തുടങ്ങി... കേണൽ അവൻ പറയുന്നത് സത്യമാകാനാണ് സാധ്യത... ബോധം തെളിയാൻ തുടങ്ങിയത് മുതൽ അവൻ നിമിഷയെ വിളിക്കുന്നുണ്ട്... അതാരെന്ന് എനിക്കും അറിയില്ല... ഇപ്പോൾ അവൻ പറഞ്ഞ ഡോക്ടർ വിജയമോഹൻ,.. അദ്ദേഹത്തെ എനിക്ക് അറിയാം... വളരെ പ്രശസ്തനാണ്.. നമുക്ക് അയാളെ ബന്ധപ്പെടാം... ഒരു പക്ഷേ അവന്റെ ഹാലൂസിനേഷൻ ആണെങ്കിലോ... 

ഇവിടെ എനിക്ക് തോന്നുന്നത് അവനാണ് ശരി എന്നാണ്... ഇതുവരെ ഉള്ള അറിവിൽ അപകടത്തിന് ശേഷം കഴിഞ്ഞ കാര്യങ്ങൾ മറന്നു പോകുന്ന ഒരവസ്ഥ മെഡിക്കൽസയൻസ് രേഖപ്പെടുത്തിയിട്ടുണ്ട്... എന്നാൽ പുതിയ ഒരാളായി മാറുക അത്... അല്ല അങ്ങനെ തോന്നുന്നില്ല.. 
ഞാൻ നേരത്തെ ചോദിച്ചത് നിങ്ങൾക്ക് അറിയാമല്ലോ... കുട്ടിക്ക് മുൻപ് ഒരു ആക്സിഡന്റ് നടന്നിട്ടുണ്ട്... അപ്പോൾ... 

ശരിയാണ് ഡോക്ടർ.... അവന് പറയുന്നത് ശരിയാകാൻ ആണ് സാധ്യത... കേണൽ ഇടക്ക് കയറി... അവൻ ഞങ്ങളുടെ മകൻ അല്ല... പിന്നെ കുടകിൽ വന്നത് മുതൽ ഉള്ള എല്ലാ കഥയും രാജൻ ജോസഫ് ഡോക്ടറെ ധരിപ്പിച്ചു... എനിക്ക് ആകെ പ്രയാസം കുട്ടിയുടെ കാര്യത്തിൽ ആണ്... ഞങ്ങൾക്ക് മനസിലാകും അച്ഛനമ്മമാരുടെ വേദന... കുറച്ചു നാൾ കൊണ്ട് അവനെ പിരിയാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പെറ്റുവളർത്തിയവർ അവർക്ക് എങ്ങനെ കഴിയും.. ഒന്ന് പറയു ഡോക്ടർ കുട്ടിക്ക് എങ്ങനെ ഉണ്ട്... 

ഒന്നും പറയാറായിട്ടില്ല... അവൾ ഇപ്പോഴും ഉറക്കത്തിൽ തന്നെ ആണ്.. തലയുടെ ആഘാതം അത് വളരെ വലുതാണ്... ഇനി ഒരു മിറാക്കിൾ... അതിനു മാത്രമേ ആശയുള്ളു... ഇനി ഉള്ള കാലം കോമയിൽ തുടർന്നാലും അത്ഭുതമില്ല... തന്റേടിയായ രാജൻ ജോസഫിന്റെ കണ്ണുകൾ സജാലങ്ങളായി.. അപ്പോൾ സാരിത്തുമ്പിൽ കടിച്ചമർത്തി കണ്ണീർ തുടക്കുകയായിരുന്നു സീതമ്മ... 

ഡോക്ടർ... ഹെഡ് നേഴ്സിന്റെ വിളികേട്ട് അയാൾ വാതിക്കലേക്ക് നോക്കി... നോക്കൂ... ഡോക്ടർ വിജയമോഹൻ... ഇപ്പോൾ മാംഗ്ളൂരിൽ ഉണ്ട്... എന്താണ് അദ്ദേഹത്തിനോട് പറയേണ്ടത്.....

നിങ്ങൾ എനിക്ക് കണക്റ്റ് ചെയ്യൂ... ഞാൻ സംസാരിച്ചോളാം... 

ഡോക്ടറുടെ ടേബിളിലെ ഫോൺ ഉടനെ ചിലച്ചു... അൽപ്പനേരം ആരോടോ അദ്ദേഹം സാജന്റെ കാര്യം സംസാരിക്കുന്നത് അവർ പ്രതീക്ഷയോടെ കേട്ടിരുന്നു.. 

പിന്നെ അദ്ദേഹം ഫോൺ കട്ട് ചെയ്ത് അവർക്ക് നേരെ തിരിഞ്ഞു... അതെ, ഡോക്ട൪ വിജയമോഹ൯ പറഞ്ഞത്, അദ്ദേഹത്തിന്റെ മകൻ നേരേന്ദ്രമോഹൻ മിസ്സിങ് ആണ്... കുറച്ചു നാളായി... അവന്റെ കാമുകി ആയിരുന്നു... നിമിഷാസെബാസ്റ്റിൻ, കേട്ടിടത്തോളം നിങ്ങൾ അവനെ കണ്ട കാലവും മിസ്സിങ്ങും ഒരേ സമയത്താണ് സംഭവിച്ചിരിക്കുന്നത്... അപ്പോൾ അവൻ പറഞ്ഞത് ശരിയാകാനാണ് സാധ്യത... എന്തായാലും ഡോക്ടർ അവന്റെ ഫോട്ടോ വാട്ട്സ് ആപ്പിൽ ചോദിച്ചിട്ടുണ്ട്... അപ്പോൾ നമുക്ക് കൺഫേം.. ആക്കാം.. 

അപ്പോൾ എന്താ നമുക്ക് കാത്തിരിരുന്നാലോ... ഡോക്ടർ ഇരിപ്പിടത്തിൽ നിന്ന് എഴുനേൽക്കാൻ ഭാവിച്ചു.. 

അല്ല ഡോക്ടർ ഇനി സാജൻ.. അല്ല നരേന്ദ്രൻ പറയുന്നത് ശരിയായാൽ... അഞ്ജുവിന്റെ ഭാവി... എനിക്ക് വല്ലാതെ പേടിയാകുന്നു ഡോക്ടർ സീതമ്മ... വീണ്ടും കരച്ചിലിന്റെ വക്കിൽ എത്തി... 

അമ്മാ... നോക്ക്... ഇന്ന് ക്രിസ്മസ്സ് അല്ലെ തിരുപ്പിറവിയുടെ ദിവസം... എല്ലാം അദ്ദേഹം കണ്ടു വച്ചിരിക്കും... എല്ലാത്തിന്റെ രക്ഷകനല്ലേ... നമുക്ക് കാത്തിരിക്കാം...                     
                     

നരേന്ദ്രൻ ഉണർന്നത് പിന്നെ നേരത്തോട് നേരം കഴിഞ്ഞപ്പോഴാണ്... അവൻ ഇപ്പോൾ കൂടുതൽ പ്രസന്ന വദനനായി... ഇതിനിടയിൽ ഡോക്ടർ വിജയമോഹ൯ സ്ഥിരീകരിച്ചിരുന്നു അവൻ തന്റെ മിസ്സിംഗ് ആയ ഒരേ ഒരു മകൻ ആണെന്ന്... കേണലും ഭാര്യയും അവന്റെ ഇടവും വലവും ഇരുന്നു... അവരും സത്യവുമായി സമരസപ്പെട്ടിട്ടിരുന്നു... അവർക്ക് ഒരേ ഒരു ദുഃഖം അഞ്ജു ആയിരുന്നു... അവളെ പ്രണയിച്ചതോ വിവാഹം കഴിച്ചതോ നരേന് ഓർമ്മയില്ലായിരുന്നു... എന്തിന് അഞ്ജു എന്ന പേര് പോലും.. 

ഇപ്പോൾ അവൻ സ്വയം നടക്കാനും പ്രാഥമിക കൃത്യം നിർവഹിക്കാനും തുടങ്ങി.. തികച്ചും ആരോഗ്യവാൻ... അവർ കാത്തിരിക്കുന്നത് അവന്റെ ബന്ധുക്കളെയാണ്... അവർ കേരളത്തിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു... വർഷങ്ങളായി കാത്തിരിക്കയാണ് അവരുടെ കുഞ്ഞിനെ.. പ്രണയിച്ച പെണ്ണിനെ കിട്ടില്ല എന്ന് തോന്നി ഓടിപ്പോയ മകനെ.... 

കേണൽ അപ്പോഴും തിരഞ്ഞത് തന്റെ സുഹൃത്തിനെയും ഭാര്യയെയും ആണ്.. ഐസിയുവിൽ ഇരുപത്തിനാല് മണിക്കൂറും ഒബ്സർവേഷനിൽ ആയതിനാൽ അഞ്ജുവിനെ ദുരെ നിന്നേ കാണുവാൻ കഴിയുമായിരുന്നുള്ളൂ... കുരുവിള അവിടെ എങ്ങും ഇല്ലായിരുന്നു... മൂന്നാം ദിവസം രാവിലെ നരേന്ദ്രനെ തേടി ബന്ധുക്കൾ എത്തി... ആദ്യം അവർ അവനെ കണ്ട ദൃശ്യങ്ങൾ വിവരണാതീതമായിരുന്നു.. അവർ ഏറ്റവും കൂടുതൽ നന്ദി പറഞ്ഞത് കേണലിനോടും ഭാര്യയോടും തന്നെ... സുരക്ഷിതമായി തിരിച്ചേൽപ്പിച്ചതിൽ... നരേന്ദ്രൻ അമ്മയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.... പിന്നെ കേണലിനെയും സീതമ്മയെയും.. 

യാത്ര പറയും മുൻപ് കേണൽ ഒരു നിർദ്ദേശം വച്ചു. പോകുന്നതിന് മുൻപ് ഒരു പ്രാവിശ്യം ഒരേ ഒരു പ്രവിശ്യം.. അഞ്ജുവിനെ നരേൻ ഒന്ന് കാണണം. അവൾ ഇനി നോർമൽ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് അയാൾ ഉറപ്പിച്ചിരുന്നു.. ഒരു അവസാന ശ്രമം നരേന്ദ്രന്റെ ഗിറ്റാർ വായന അതിൽ ആയിരുന്നു കേണലിന്റെ പ്രതീക്ഷ... ഗിറ്റാറും കേണൽ കൊണ്ടുവന്നിരുന്നു... 

ആദ്യം ഡോക്ടർ സമ്മതിച്ചില്ല... കേണലിന്റെ ദൈന്യത നിറഞ്ഞ മുഖം കണ്ടപ്പോൾ ഒരു കണ്ടീഷൻ വച്ചു... നരേൻ അവൻ മാത്രമേ അകത്ത് കയറാവൂ... ബാക്കി ഉള്ളവർ പുറത്തു നിൽക്കണം.. എല്ലാരും സമ്മതിച്ചെങ്കിലും... നരേന് സമ്മതം അല്ലായിരുന്നു... അവൻ തറപ്പിച്ചു പറഞ്ഞു.. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് മാത്രമേ ഉള്ളു... അത് നിമിഷയാണ്... എനിക്ക് ഓർമ്മയില്ലാത്ത കാലത്ത് നടന്നതാണ്.. അതിൽ എനിക്ക് ഉത്തരവാദിത്വം എടുക്കാൻ കഴിയില്ല... അവൻ സ്വയം ഭയപ്പെടുന്നപോലെ തോന്നി കേണലിന്.

അയാൾ അവനോട് കുറെ സംസാരിച്ചു ഒറ്റയ്ക്ക്... അവൾക്ക് ബോധവന്നാൽ അവൾ ആഗ്രഹിച്ചാലും ആരും നിന്നെ തടയില്ല എന്ന് ഉറപ്പ് കൊടുത്തപ്പോൾ അവൻ മനസ്സില്ലാമനസ്സോട് തോളിൽ ഗിറ്റാറുമായി വാതിൽ തുറന്ന് അകത്ത് കയറി... 

പുറത്ത് ശ്വാസം അടക്കിപ്പിടിച്ചു കുറെ ജന്മങ്ങൾ ആരും മിണ്ടുന്നുണ്ടായിരുന്നില്ല... സീതമ്മ അറിയുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു... അകത്ത് ഗിറ്റാറിന്റെ ശബ്ദം മുഴങ്ങുന്നില്ല... അൽപ്പം കഴിഞ്ഞപ്പോൾ ഡോക്ടർ അവരെ മുറിക്കുള്ളിലേക്ക് വിളിപ്പിച്ചു..

അവിടെ ആലിംഗബദ്ധരായി നിൽക്കുന്ന യുവമിഥുനങ്ങളെ കണ്ടപ്പോൾ അവർ സ്തബ്ധരായിപ്പോയി... ഐസിയുവിൽ നിമിഷയും നരേന്ദ്രനും ഒന്നായിരുന്നു... 

അപ്പോഴാണ് അവരെ ചികിൽസിച്ചു ഡോക്ടർ സത്യം വെളിപ്പെടുത്തിയത്... നിമിഷ എന്ന അഞ്ജുവിനെ നേരത്തെ അദ്ദേഹം ചികിൽസിച്ചിരുന്നു... കഴിഞ്ഞകാലങ്ങൾ ഓർമ്മയിൽ നിന്ന് നഷ്ട്ടമായ സുന്ദരി അദ്ദേഹത്തിനും ഒരു നോവായിരുന്നു. ഇനിയും ഒരു അപകടം ഉണ്ടാകാതെ നോക്കണം എന്ന് കുരുവിളയെ ഓർമ്മിപ്പിച്ചിരുന്നു പലതവണ... അങ്ങനെ വന്നാൽ തിരിച്ചു വരിക തികച്ചും അസാധ്യമാണ് എന്നും പറഞ്ഞിരുന്നു.. അത്ര മാരകമായിരുന്നു നിമിഷയുടെ തലക്ക് ഉണ്ടായ പരിക്ക്. ഇനി ഒരു തിരിച്ചു വരവില്ല എന്നറിഞ്ഞാണ് കുരുവിളയും ഭാര്യം രക്ഷപെട്ടത് എന്ന് കേണൽ ഊഹിച്ചു.

കാലങ്ങൾ കഴിഞ്ഞു കുടകിൽ വന്നപ്പോൾ നരേൻ സ്ഥലം കാട്ടികൊടുത്തു കേണലിനെ... വീട്ടിൽ നിന്ന് നിമിഷയുമായി ഒളിച്ചോടി വന്നപ്പോൾ  ഉണ്ടായ അപകടം... അത് ക്രിസ്സ്മസ്സ് രാത്രിയിലെ അതെ സ്ഥലമായിരുന്നു... കണ്ണിലേക്ക് തറച്ച ലൈറ്റിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ അവർക്ക് നഷ്ടപ്പെട്ടത് ഓർമ്മയായിരുന്നു... കുറച്ചു വർഷങ്ങളോളം...        


രഘുചന്ദ്ര൯ ആ൪ കേളക്കൊന്പിൽ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

ജന്മാന്തരങ്ങൾ