തൃവേണി സംഗമം
തൃവേണി സംഗമം
ആ സെക്കന്റ് ക്‌ളാസ് എസി കുപ്പയുടെ സീറ്റിൽ അമർന്നിരിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു... മുഖം നിർവികാരവും. വലത് കൈ ഉയർത്തി നരച്ച തലമുടി പിന്നിലേക്ക് മാടി ഒതുക്കി ജനാലക്കരുകിൽ ഇരുന്ന് പുറത്തേക്ക് പാളി നോക്കി.പിന്നിലേക്ക് ഓടുന്ന വരണ്ട ദൃശ്യങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കിയില്ല. എന്നാൽ അയാളുടെ അകക്കണ്ണിൽ ഒരു അഭ്രപാളിയിൽ എന്നപോലെ വർഷങ്ങൾക്ക് മുൻപുള്ള കാഴ്ചകൾ വിളിക്കാത്ത വിരുന്നുകാരെപ്പോലെ കടന്നു വരുന്നുണ്ടായിരുന്നു.
കമ്മിഷൻഡ് ഓഫീസറായി സൈന്യത്തിൽ ചേരുമ്പോൾ.... ഇന്നത്തെ മേജർ. ബിനോയ് തോമസ് യൗവനത്തിലേക്ക് ചവുട്ടി കയറിയ സുന്ദരൻ. ട്രെയിനിങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ് ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിൽ കിട്ടിയത് ബെസ്റ്റ് കേഡറ്റ് ആയത് കൊണ്ടായിരുന്നില്ല എന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. ഡെപ്യുട്ടേഷൻ എന്ന് മനോഹരമായി പറയുമായിരുന്നെങ്കിലും അന്നൊക്കെ ഏറ്റവും റിസ്കുള്ള ജോലി ആയിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കലാപങ്ങൾ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ കൊടിയും വഹിച്ചു പോകേണ്ട ചാവേറുകൾ.
അത് യുദ്ധമുഖത്തേക്കാൾ ഭീകരമായിരുന്നു... ഭാഷ അറിയാത്ത എതിരാളികൾ... ഒരിക്കലും അവർ ഓർഗനൈസ്ഡ് സൈന്യത്തിന്റെ ഒരു സ്വഭാവവും കാണിക്കാത്ത കലാപകാരികൾ ആയിരിക്കും. ഏത് ദിശയിൽ നിന്ന് എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ സാധ്യതയുള്ള അപകടകാരികൾ. കടന്നു വന്നാൽ ഒരു ദയയും പ്രതീക്ഷിക്കുകയും വേണ്ട. ഉപയോഗിക്കുന്ന ആയുധങ്ങൾ ഒന്നുകിൽ അത്യന്താധുനികം, അല്ലെങ്കിൽ വളരെ പ്രകൃതം. ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. നമ്മുടെ സൈഡിൽ തികച്ചും അപരിചിതമായ സ്ഥലം ആണെങ്കിൽ അവർക്ക് ചിരപരിചിതവും.
പോസ്റ്റിങ് ആഫ്രിക്കൻ വൻകരയോ തെക്കേ അമേരിക്കയിലെ വൻ കാടുകളോ ഇല്ലെങ്കിൽ ഏഷ്യയിലെ അപകടം പിടിച്ച രാജ്യങ്ങളോ ഒക്കെ ആകാം. അയാളുടെ പോസ്റ്റിങ് ഫിജി ആയിരുന്നു. പസഫിക് സമുദ്രത്തിൽ ആസ്ടേലിയയോട് അധികം ദൂരയല്ലാതെ നാൽപ്പത് ശതമാനത്തോളം ഇന്ത്യക്കാർ വസിക്കുന്ന ദ്വീപ്. തദ്ദേശീയർ പെട്ടന്ന് കലാപം അഴിച്ചു വിട്ടപ്പോൾ മറ്റുള്ളവർ പകച്ചു പോയി. കുടുതലും ഇന്ത്യൻ വംശജരായ പൗരമാർ. ജനസംഖ്യയിൽ ന്യനപക്ഷം ആണെങ്കിലും, നാടിന്റെ സമ്പൽസമൃദ്ധി എഴുപത് ശതമാനവും ആനാട്ടിലെ സർക്കാർ ജോലി അറുപത് ശതമാനത്തിൽ അധികവും കൈയാളുന്ന വിദ്യാസമ്പന്നർ, ഈ കുടിയേറ്റക്കാരുടെ മൂന്നാം അല്ലെങ്കിൽ നാലാം തലമുറ ആയിരുന്നു.
പഴയ ബ്രിട്ടീഷ് ഭരണത്തിൽ കുടിയേറിയതാണവർ, തോട്ടം പണിക്കും കച്ചവടത്തിനുമായി കൊണ്ടുവരപ്പെട്ടവരുടെ പുതുതലമുറ. ബ്രിട്ടീഷുകാരുടെ തണലിൽ അവർ വളർന്ന് ആ നാട്ടിലെ പ്രബലരായി. കഠിനാധ്വാനം അവരെ ജീവിത വഴിയിൽ അവിടുത്തെ തദ്ദേശീയരെക്കാൾ പണത്തിലും പദവിയിലും വിദ്യാഭ്യാസത്തിലും ഉന്നത ശ്രേണിയിൽ എത്തിച്ചു. ഇത് അവർക്കും സ്വദേശി വേരുള്ളവരുടെ ഇടയിലും ഉണ്ടാക്കിയ വിടവ് വളരാനും പിന്നെ ശത്രുതയുടെ തീപ്പൊരികൾ ചിതറി വീഴാനും കാരണമാക്കി. ഇപ്പോൾ വലിയ കലാപത്തിലേക്കും.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മുക്തരായി സ്വയം രാജ്യമായി ജനാധിപത്യ ക്രമം തുടങ്ങിയപ്പോൾ, പരസ്പര വൈരത്തിന്റെ പോരാട്ടമുഖങ്ങളും കൂടുതൽ ആയി, അപ്പോൾ വൈരത്തിന്റെ ആഴവും. അങ്ങനെ ഉണ്ടായ ഒരു അധികാരകൈമാറ്റ നാടകം അവസാനിച്ചത് രക്തരൂക്ഷിത കലാപങ്ങളുടെ പറുദീസയിലേക്കാണ്. പരക്കെ വിദേശികളും ഇന്ത്യൻ വംശജരും ആക്രമിക്കപ്പെട്ടു. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അഗ്നിക്കിരയായി. എന്തിനേറെ ഇന്ത്യൻ വംശജനായ ഭരണ തലവനും ഒപ്പം ഇന്ത്യയുടെ സ്ഥാനപതിയും അക്രമിക്കപെട്ടപ്പോൾ അവിടേക്ക് നിയോഗിക്കപ്പെട്ടത് ബിനോയ് അടങ്ങിയ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സിനെ തന്നെ ആയിരുന്നു.
വലിയ യുദ്ധ കപ്പലുകളിൽ അവിടേക്ക് ആനയിക്കപ്പെട്ടപ്പോൾ അതിന്റെ ഡെക്കിൽ നിന്ന് ദൂരെ നിന്ന് തന്നെ അവർ ആ രാജ്യത്തെ നോക്കി കണ്ടു. എത്ര മനോഹരമായ പ്രകൃതി. തെങ്ങിൻ തലപ്പുകൾ പരവതാനി വിരിക്കുന്ന ആകാശം, വെളുത്ത മണൽത്തീരം അതിര് കാക്കുന്ന കടൽ. എങ്ങും നിറഞ്ഞു നിൽക്കുന്ന സ്‌മൃദ്ധിയുടെ പരിവേഷങ്ങളും ചിഹ്നങ്ങളും. വിട്ട് പോയ വിദേശഭരണത്തിന്റ കർമ്മകുശലതയെ വെളിവാക്കുന്ന രാജവീഥികളും മിനാരങ്ങളും. അവിടെ കലാപം ഉണ്ടാകാൻ പാടില്ല എന്ന് ബിനോയിയുടെ കാൽപ്പനിക മനസ്സ് വിളിച്ചു പറഞ്ഞു. അവന് തോന്നിയത് ബൈബിളിലെ പറുദീസയാണെന്നാണ്. സോളമനും സലോമിയും മുന്തിരിവള്ളികളെ തലോടി നടന്ന പൂന്തോട്ടങ്ങൾ ഇവിടെ ആയിരുന്നു എന്ന് വിളിച്ചു പറയണമെന്ന് തോന്നി. കൂടെ ഉള്ളവർ വട്ടാണ് എന്ന് പറയും എന്ന് പേടിച്ചു അവൻ മിണ്ടാതെ ഇരുന്നു.
പ്ളാറ്റൂൺ മിഷൻ ആരംഭിച്ചത് അതിവേഗമായിരുന്നു... കരയിലേക്കുള്ള പാലത്തിൽ കൂടി അവർ കുതിച്ചിറങ്ങി... നഗരഹൃദയത്തിൽ പലഭാഗങ്ങളിയായി പട്ടാളക്കാ൪ വിന്യസിക്കപ്പെട്ടു. എല്ലാം നേരത്തെ തയാറാക്കിയ മാസ്റ്റർപ്ലാനോട് കൂടി. അവർ ദുരത്തുനിന്ന് കണ്ട നഗരം ആയിരുന്നില്ല അത്. എങ്ങും കലാപത്തിന്റെ രൂക്ഷത ബാധിച്ച നഗര ഇടനാഴികൾ. എങ്ങും കത്തിയമർന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും, അതിന്റെ പുറംമോടിയിലെ പുഴുക്കുത്തുകളെപ്പോലെ തോന്നിച്ചു. റോഡുകളിൽ തീ വിഴുങ്ങിയ പാടുകൾ ഗർത്തങ്ങൾ സൃഷ്ട്ടിച്ചു കഴിഞ്ഞിരുന്നു. എങ്ങും കൊള്ളയും കൊലയും നടമാടുന്ന നാട്.
എല്ലാം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ദിവസങ്ങൾ വേണ്ടിവരും എന്ന് അവർ തീർച്ചപ്പെടുത്തി. പിന്നെ സമാധാനവും നഗരത്തിന്റെ ഭംഗി തിരിച്ചുപിടിക്കാൻ വേണം അധികം കാലം. പട്ടാളക്കാർ എങ്ങും റോന്തുചുറ്റുകയാണ്... അവരുടെ കവചിത വാഹനങ്ങളുടെ മുരൾച്ച എങ്ങും നിറഞ്ഞു. അവിടെ ഇവിടെ പടരുന്ന പുകച്ചുരുളുകൾ, കാതിൽ അലക്കുന്ന ഒറ്റപ്പെട്ട വെടിയൊച്ചകൾ. എങ്ങും നിറഞ്ഞ സംഭ്രമം. നഗര രാജവീഥികൾ വിജനമാണ്. ജനങ്ങൾ ചകിതരും. വിവിധ രാജ്യങ്ങളിലെ പട്ടാളക്കാർ അവരവരുടെ അധീന പ്രദേശങ്ങളിൽ റോന്ത് ചുറ്റുകയാണ്.
ബിനോയിക്ക് വയർലെസ്സ് മെസ്സേജ് വന്നത് പെട്ടന്നാണ്... അയാളുടെ ഉത്തരവാദിത്വത്തിലുള്ള പ്രദേശത്ത് ഒരു വലിയ കെട്ടിടം ആക്രമിക്കപ്പെട്ടു. കലാപകാരികൾ അഴിഞ്ഞാടുകയാണ്... പെട്ടന്ന് അങ്ങോട്ട് നീങ്ങണം. അവിടേക്കുള്ള വഴിയും ചെന്നെത്താനുള്ള അടയാളങ്ങളും എല്ലാം ഭദ്രം. അയാൾ പെട്ടന്ന് തന്നെ പട്ടാളക്കാർക്കുള്ള നിർദേശം കൈമാറി. അവർ ഉടനെ അങ്ങോട്ട് മാർച്ച് ചെയ്തു. മുന്നിൽ കവചിത വാഹനങ്ങൾ പിന്നിൽ മറ്റുളവയും. സ്ഥലം കൃത്യമായിരുന്നു, അവിടേക്കുള്ള വഴികളും. പോരാത്തേതിന് ഉയർന്നു പൊങ്ങുന്ന തീ നാളങ്ങളും പുകച്ചുരുളുകളും അവർക്ക് വഴികാട്ടിയും ആയി.
അവിടേക്ക് ഇരച്ചു കയറുമ്പോഴെക്കും പിന്നിൽ ഫയർ എഞ്ചിനുകൾ ഓടി എത്തിയിരുന്നു. ഒരു വലിയ ബംഗ്ലാവ് പോലുള്ള കെട്ടിടസമുച്ചയം. ഒപ്പം വ്യാപാരശാലയും. അത് നിന്ന് കത്തുകയാണ്. ഉടനെ വീടിനെ തീവിഴുങ്ങും എന്നവർ അനുമാനിച്ചു. കലാപകാരികൾ അപ്പോൾ ഓടി പോയിരുന്നു. ഫയർ എഞ്ചിൻ തീ കെടുത്താൻ തുടങ്ങിയപ്പോൾ പട്ടാളം ബിനോയിയുടെ നേതൃത്വത്തിൽ വീട്ടിലേക്ക് കയറി. അകത്താരെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. അത് കലാപകാരിയാണെങ്കിലും വീട്ടുകാർ ആണെങ്കിലും.
മുന്നിൽ കയറിയ അയാൾ ശ്വാസം മുട്ടിക്കുന്ന പുകച്ചുരുകൾക്കിടയിലൂടെ ഗാർഡ് എടുത്ത് അകത്ത് കയറി... പോർട്ടിക്കോ കടന്നപ്പോൾ പുകയുടെ കാഠിന്യം കുറഞ്ഞു... തീ മുന്നിൽ നിന്നാണ് പടരുന്നത് എന്ന് അവർക്ക് മനസ്സിലായി. അകത്തേക്ക് പിടിച്ചു തുടങ്ങിയിട്ടില്ല. തകർന്ന മുൻവാതിലിൽക്കൂടി അകത്തേക്ക് കയറിയ അയാളുടെ ബൂട്ടുകൾ തറയിൽ ഒട്ടിപ്പിടിക്കും പോലെ. കാലിലേക്ക് നോക്കിയ അയാൾ ഒന്ന് ഞെട്ടി. ചുവട്ടിൽ കട്ടിയായ ചോര ഒഴുകി പടർന്നിരിക്കുന്നു. അത് വരുന്നത് ഉള്ളിൽ നിന്ന് തന്നെ ആണ്.
കാലുകൾ വലിച്ചെടുത്ത് കയ്യിലെ തോക്കിൽ കൈ മുറുക്കി പിന്നിൽ നിന്ന് വരുന്നവർക്ക് മുന്നറിയിപ്പും നിർദേശങ്ങളും കൊടുത്ത് മുന്നോട്ട് നടന്നു. എവിടെയോ അപകടം അവരെ തേടി ഇരിക്കുന്നു എന്നവർ ഉറപ്പിച്ചു. അവരുടെ രോമങ്ങൾ പോലും ജാഗരൂപരായി. പതിയെ വയ്ക്കുന്ന പാദങ്ങൾ, മുന്നിലെ ശത്രുവിനെ തേടി. അകത്തേ മുറിയിൽ അവർ കണ്ട കാഴ്ച ദയനീയമായിരുന്നു. വിലയേറിയ ഇറ്റാലിയൻ മാർബിൾ തറയിൽ വെട്ടി നുറുക്കപ്പെട്ട നാല് മനുഷ്യ ശരീരങ്ങൾ... അവരുടെ ചോര ഒന്നായി ചാലിട്ട് ചീറ്റി ഒഴുകുകയാണ്. അതിന്റെ ചൂട് അപ്പോഴും ആറിയിട്ടില്ലായിരുന്നു. അതിനാൽ കൃത്യം നടന്നിട്ട് അധികമായിട്ടില്ല എന്ന് അവർ ഉറപ്പിച്ചു.
അത് ചെയ്തവർ ഉള്ളിൽ ഒളിച്ചിരിപ്പുണ്ടാകാം എന്ന് ബിനോയ് തീരുമാനിച്ചു. അവന്റെ കൂട്ടുകാർക്കായി നിശബ്ദ നിർദ്ദേശങ്ങൾ നൽകി... പിന്നെ കയ്യിൽ ഉറപ്പിച്ച തോക്കുമായി ശ്വാസം പോലും അടക്കി മുന്നോട്ട് നടന്നു, കൂട്ടുകാരും. ഓരോരോ മുറിയും പരതുകയായിരുന്നു ലക്‌ഷ്യം. അവൻ കടന്നു ചെന്നത് ഒരു വലിയ ബെഡ് റൂം എന്ന് തോന്നിക്കുന്ന സ്ഥലത്തായിരുന്നു. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. അവിടെ ഒളിച്ചിരിക്കാൻ പറ്റിയ ഇടങ്ങൾ ധാരാളം. ആദ്യം അവൻ തറയിൽ ഇരുന്നു.. കിടക്കകൾക്കടിയിൽ തിരഞ്ഞു... അവിടം ശൂന്യമാണ്... ആ ഇരുപ്പിൽ കാതോർത്തു, ഒരു ശ്വാസോച്ച്വാസത്തിന്റെ നേരിയ ശബ്ദം കാതിൽ വീണോ? അവൻ സ്വയം ചോദിച്ചു. അതോ തോന്നലോ?
അവൻ പതിയെ എഴുന്നേറ്റ് മുന്നോട്ട് ആഞ്ഞു... അല്ല തോന്നൽ അല്ല... ആരോ ഈ മുറിയിൽ ഉണ്ട്... മനുഷ്യ ഗന്ധം മൂക്കിൽ തട്ടുന്നുണ്ട്... മുറിയുടെ മുഴുവൻ കാഴ്ച അവന്റെ കണ്ണുകളിൽ ഒപ്പിയെടുത്തു.. ഇനി എതിർ കോണിൽ നിരത്തി വച്ചിരിക്കുന്ന കബോർഡുകൾ മാത്രം... അതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിലോ? അവൻ കാലുകൾ നിരക്കി മുൻപോട്ട്. ഇപ്പോൾ ശ്വാസം വലിക്കുന്ന ശബ്ദം കൂടുതൽ അനുഭവഭേദ്യമായി... അത് ആരോ കിതക്കുകയാണ്.. ഒന്നുകിൽ ഓടിയതിന്റെ കിതപ്പ്... ഇല്ലെങ്കിൽ ഭയത്തിന്റെ... എന്തായാലും ശത്രു കൈയ്യെത്താ ദൂരത്ത് തന്നെ.. അവൻ തോക്കിന്റെ ട്രിഗറിൽ വിരൽ ചെറുതായി അമർത്തി.
കബോർഡിന്റെ വിടവിൽ കണ്ണ് ഉടക്കിയത് പെട്ടന്നാണ്... അവൻ അതിന്റെ മറവിൽ ശരീരം ഉറപ്പിച്ചു പിന്നെ പിന്നിലേക്ക് തോക്ക് നീട്ടി നേരെ നോക്കി.
"അടുത്ത് വരക്കൂടാത്' അത് ഒരു അലർച്ചയായിരുന്നു... വന്നാൽ ഞാൻ ഇന്ത ബോംബിനാൽ വെടിച്ചിടും... അത് ഊങ്കളെയും ഭസ്മമാക്കിടുവേൻ....
ബിനോയ് സൂക്ഷിച്ചു നോക്കി... അത് ഒരു പെൺകുട്ടി ആയിരുന്നു... കൗമാരം വിട്ടിട്ടില്ലാത്ത പ്രായാം. കൈയിൽ ചുവന്ന ഒരു പെട്ടി ഉയർത്തി പിടിച്ചിരിക്കുന്നു... അതാണ് ബോംബ് എന്ന് വിളിച്ചു കൂവുന്നത്... കണ്ണുകൾ പേടിച്ച മാൻപേടയെപ്പോലെ ചാടി തുള്ളുന്നു. അവൾ കലാപകാരി അല്ല എന്ന് വ്യക്തം... അപ്പോൾ വീട്ടുകാരി തന്നെ... അതോ ഇനി വല്ല തമിഴ് പുലിയോ? അവൻ മനസ്സിൽ ചിരിച്ചു.
പിന്നെ അറിയാവുന്ന തമിഴിൽ ചോദിച്ചു... യാര്... നീ. എതുക്ക് ബോംബ് വെടിക്കവയ്ക്കണം...നാങ്കള് ഊങ്കളെ കാപ്പാത്ത വന്നേ.. ഞാങ്കൽ മിലിട്ടറി... ഇന്ത്യൻ മിലിട്ടറി...
അവളുടെ കണ്ണുകളിലെ ഭയം ഒന്ന് അടങ്ങിയപോലെ... പതിയെ വെളിയിൽ വന്നു... അപ്പോഴും കൈകളിലെ പെട്ടി മുറുക്കെ പിടിച്ചിരുന്നു...
അവൾ കർപ്പൂരപെരുമാളുടെ മകൾ കാഞ്ചൻ ഗംഗാ... എല്ലാരും അവളെ ഗംഗ എന്നാണ് വിളിക്കുക... അവൾക്ക് രണ്ട് അനിയത്തിമാർ യമുനയും സരസ്വതിയും... കർപ്പൂരപെരുമാൾ ആ വീടിന്റെ ഉടമസ്ഥനാണ്... ഒരു വലിയ വ്യാപാരി... അയാൾ കൊല്ലപ്പെട്ടിരുന്നു... ഒപ്പം അവളൊഴിച്ചുള്ള കുടുംബവും... സത്യം അറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിന്നു...
അടുത്ത മാസം അവൾ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തതാണ്, പഠിക്കാൻ. കേരളത്തിലെ പ്രശസ്ത മെഡിക്കൽ കോളേജിൽ അവൾക്ക് പ്രവേശനം ലഭിച്ചിരുന്നു... അതിന്റെ സന്തോഷത്തിൽ ആയിരുന്നു അവർ. അപ്പപോലും അതിന്റെ മുൻപ് ഇന്ത്യ കണ്ടിട്ടില്ലായിരുന്നു... പൂർവ്വികർ പറഞ്ഞു കേട്ട ഭാരതത്തിലേക്കുള്ള ആ യാത്രയെ അവർ ഒരുപാട് സ്നേഹിച്ചിരുന്നു....
അവളെ ഉടനെ അവിടെ നിന്നും മാറ്റി... അഭയാർത്ഥി ക്യാംപിൽ അയക്കാൻ ബിനോയ്ക്ക് മനസ്സ് വന്നില്ല... അവരുടെ കപ്പലിലെ ഫാമിലിക്കാരുടെ അടുത്തേക്ക് അവളെ അയച്ചപ്പോൾ എന്തോ ഒരു സംതൃപ്തി... ഇടക്കിടക്ക് സമയം കിട്ടുമ്പോൾ അവൻ അവളെ സന്ദർശിച്ചു.. നോർമൽ അവസ്ഥയിലേക്ക് അവളെ കൊണ്ടുവരാൻ പ്രയാസപ്പെടുകയായിരുന്നു... ഇതിനിടയിൽ തനിക്ക് എവിടെയോ ഒരു ഇഷ്ട്ടം തോന്നുവോ എന്ന് അവൻ സംശയിച്ചു. പക്ഷേ അവൻ പ്രതീക്ഷിച്ചതിലും കൂടുതൽ അവൾ ബോൾഡ് ആയിരുന്നു.
കലാപം അടങ്ങിയത് വളരെ പെട്ടന്നാണ്... ആസുത്രിമല്ലാതിരുന്നതും ശരിയായ നേതൃത്വം ഇല്ലാതിരുന്നതും അതിന് കാരണമായി.. പുതിയ ഗവർമെന്റും അധികാരത്തിൽ എത്തിയപ്പോൾ വിദേശ സൈന്യങ്ങൾ വിടപറഞ്ഞു തുടങ്ങി... കാഞ്ചൻഗംഗയുടെ ഭാവി ഒരു ചോദ്യചിഹ്നം പോലെ തോന്നിയപ്പോൾ ബിനോയ് അവളെ കാണാൻ പോയി. അവളുടെ പ്രസന്നത ഇപ്പോൾ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു... കപ്പലിൽ നിന്ന് ഇറങ്ങി ആ മനോഹര കടൽ തീരത്തുകൂടി നടന്നപ്പോൾ അവൾ പറഞ്ഞു....
സർ എനിക്ക് പഠിക്കണം.. അതും ഇന്ത്യയിൽ തന്നെ.. അപ്പാ... അത് റൊമ്പ വിരുമ്പിയിട്ടാ... അത് അവരുടെ കനവ്... മട്ടും ഇല്യയ് വീട്ടുക്ക് യെല്ലാരും നാൻ ഡോക്ടർ ആകും എന്ന് കനവ് കണ്ടേൻ...
അപ്പോൾ അവളുടെ മുഖം ഏതോ പ്രതിജ്ഞ എടുത്തത് പോൽ ദൃഢമായിരുന്നു.. സ്റ്റുഡന്റ് വിസ ഉണ്ടായിരുന്നതിനാൽ അവളുടെ യാത്ര പോലും വളരെ എളുപ്പമായിരുന്നു താനും...
ചായക്കാരുടെ വിളിയും ബഹളവും വന്നപ്പോൾ അയാൾ ചിന്തയിൽ നിന്ന് ഉയർന്നു... വണ്ടി സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു. യാത്ര തീരാൻ ഇനിയും ഒരു രാത്രിയും ഒരു പകലും ബാക്കിയുണ്ട്... അയാൾ ജാലകത്തിലൂടെ സ്റ്റേഷനിലെ കാഴ്ചകൾ നോക്കി ഇരുന്നു..കയറാനും ഇറങ്ങാനും തിരക്ക് കൂട്ടുന്ന ജനങ്ങൾ... ഒപ്പം അഷ്ടിക്കുള്ള വകതേടി കച്ചവടക്കാരും... ലോകം എവിടെയും നിൽക്കുന്നില്ല... അത് ഒരു ദീർഘദൂര വണ്ടിയെപ്പോലെ ഭാരവും വലിച്ചു മുന്നേറുന്നു, അയാൾ ഓർത്തു. സ്റ്റോപ്പിന്റെ സമയം കഴിഞ്ഞപ്പോൾ തീവണ്ടി നീട്ടി കൂവി, പതിയെ നീങ്ങി തുടങ്ങി.. അയാൾ ചിന്തയുടെ ലോകത്തേക്കും
ആ പ്രശസ്ത മെഡിക്കൽ കോളേജിൽ അവളെ ചേർത്ത് ലോക്കൽ ഗാർഡിയന്റെ കോളത്തിൽ ഒപ്പിട്ടു മടങ്ങുമ്പോൾ ഏതോ ചെയ്തു എന്ന് ഹൃദയം പറയും പോലെ തോന്നി. തിരിച്ചു ബാരക്കിൽ എത്തിയപ്പോൾ ആണ് എവിടെയോ എന്തോ മറന്നു വച്ചു എന്ന തോന്നൽ മനസ്സിനെ മദിക്കാൻ തുടങ്ങിയത്.... ചുരുക്കദിവസത്തെ പരിചയം അവളെ മനസ്സിന്റെ ഉള്ളറയിൽ പ്രതിഷ്ഠിച്ചു എന്ന് അറിഞ്ഞപ്പോൾ അത് ഒരു ചെറിയ നോവായി മാറിയത് പെട്ടന്നാണ്....
പിന്നെ ഉള്ള വെക്കേഷനുകൾ അവളെ കാണാൻ മാത്രമുള്ളതായി ചുരുങ്ങുന്നത് കൊണ്ടായിരിക്കും വീട്ടുകാർ വിവാഹത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്... അവന്റെ തറവാടികളായ വീട്ടുകാർക്ക് പരദേശിയായ അന്യമതക്കാരിയെ ഉൾക്കൊള്ളുക വളരെ ബുദ്ധിമുട്ടായിരുന്നു.. പോരാത്തേതിന് ആരോരും ഇല്ലാത്തവളും. വിവാഹ സമ്മർദം ഉച്ചസ്ഥായിയിൽ ആയ ഒരു അവധികാലത്ത് അവൻ തീരുമാനിച്ചു... അത് തുറന്ന് അവളോട് പറയാൻ... അവനറിയില്ലായിരുന്നു അതിന് അവൾ എന്ത് മറുപടി പറയും എന്ന്.
ഹൗസ്സർജൻസി നടന്നു കൊണ്ടിരുന്ന കാലമായതിനാൽ അവൾ പിന്നെ പറയാം എന്ന് പറഞ്ഞപ്പോൾ തന്റെ കാത്തിരിപ്പ് വൃഥാവിലായി എന്ന് ഉറപ്പിച്ചു. പക്ഷേ അവിടെയും അവൾ ഞെട്ടിക്കുകയായിരുന്നു. നടക്കില്ല എന്ന് തീർത്ത് പറഞ്ഞ അപ്പനെ ധിക്കരിച്ചു രജിസ്റ്റർ ഓഫീസിൽ വച്ച് താലി ചാർത്തുമ്പോൾ മന്ത്രകോടി അണിയിക്കാനും താലി പൂജിക്കാനും ആരും ഉണ്ടായിരുന്നില്ല.. രജിസ്റ്ററിൽ സാക്ഷി ഒപ്പിടാനായി വന്ന സുഹൃത്തുക്കൾ ഒഴികെ.
ഒന്നിച്ചുള്ള ജീവിതം പിന്നെയും നീണ്ടു... അതിന് അവൾ വച്ച കണ്ടീഷൻ ആയിരുന്നു കാരണം... അതിന് മുൻപ് തഞ്ചാവൂരിൽ പോകണം എന്ന് അവൾ ശഠിച്ചു. അത് കേട്ടപ്പോൾ ചെയ്തത് അബദ്ധമായി എന്ന് സംശയിച്ച ദിവസങ്ങൾ പിന്നെ ഓർത്തപ്പോൾ ചിരി ആണ് വന്നത്. ആ ലീവിന് തഞ്ചാവൂർ യാത്ര അസാധ്യമായതിനാൽ അവളെ ഹോസ്റ്റലിൽ വിട്ട് തിരിച്ചു യാത്ര.. അപ്പോൾ മനസ്സിൽ വിവാഹം ആഘോഷിക്കാൻ തയ്യാറായി ഇരിക്കുന്ന സഹപ്രവർത്തകരോട് എന്ത് പറയും എന്ന ചിന്ത മാത്രമായിരുന്നു.
കേട്ട് അറിഞ്ഞ തഞ്ചാവൂരിലെ തൃവേണി സംഗമത്തിൽ അവൾക്കൊപ്പം മുങ്ങി നിവരുമ്പോൾ അവളുടെ കയ്യിൽ ആ ചുവന്ന പെട്ടിയും അതിലെ ചെമ്പ് കുടവും കാണ്മാൻ ഇല്ലായിരുന്നു... അത് പുഴയുടെ മാറിലൂടെ മുങ്ങിയും പൊങ്ങിയും ഒഴുകുന്നത് അവൾ നോക്കി നിന്നു. അപ്പോൾ അവളുടെ കണ്ണിൽ നിന്ന് ഉതിർന്ന നീർതുള്ളികൾ ആനന്ദത്തിന്റേത് ആയിരുന്നു എന്ന് അയാൾക്ക് നിസംശയം പറയാൻ കഴിയുമായിരുന്നു.
ആയാൾ അവളെ തന്നെ നോക്കി നിന്നു. ഈറനണിഞ്ഞ അവളുടെ കൃഷ്ണ നിറമാർന്ന ഉടൽ അയാളെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായിരുന്നു.
ഹോട്ടൽ മുറിയിൽ ആദ്യ പരിരംഭണത്തിന്റെ മൂർച്ചയിൽ അയാളുടെ നെഞ്ചിൽ കിടന്ന് അവൾ പറഞ്ഞു.. വേണ്ട ഇനി അതിന്റെ സംരക്ഷണ കവചം എനിക്ക് വേണ്ട... ഇനി അതിന് ഈ വിരിഞ്ഞ മാറും പിന്നെ ചുറ്റിപ്പിടിക്കുന്ന ഈ ബലിഷ്ട്ടമായ കൈകളും മതി... അപ്പോൾ അവളുടെ തെളിഞ്ഞ ചിരിയുടെ കിലുക്കത്തിന് വല്ലാത്ത വശ്യത ഉണ്ടായിരുന്നു. ആ കുടത്തിന്റെയും പെട്ടിയുടെയും കഥ ആ മാറിലെ ചൂടിൽ ലയിച്ച് അവൾ പറഞ്ഞു തീർത്തു.
ചിന്നപെരുമാൾ വലിയ സംഗീതജ്ഞൻ ആകാൻ കഠിനപ്രയത്നം ചെയ്ത തൃശ്ശിനാപ്പള്ളിക്കാരൻ പയ്യ൯ ആയിരുന്നു. രാവും പകലും സംഗീതത്തിനായി ഉഴിഞ്ഞു വച്ച ജീവിതം. കർണാട്ടിക് സംഗീതത്തെ തന്റെ ശബ്ദ മധുരികൊണ്ടും സാധകം കൊണ്ടും വരുതിയിലാക്കിയ അസാമാന്യ പ്രതിഭ. അദ്ദേഹത്തിന്റെ ജീവിതത്തിലെ മഹത്തായ ആഗ്രഹമായിരുന്നു തഞ്ചാവൂരിലെ തൃവേണി സ്നാനം. ഒപ്പം ത്യാഗരാജ സ്വാമികളുടെ ദർശനം. കാലം വളരെ പഴയത് ആണ് എന്ന് ഓർക്കുക. സഞ്ചാരം കാൽനട മാത്രം. വാഹനങ്ങളോ പരിശീലനം സിദ്ധിച്ച മൃഗങ്ങളും.
അന്ന് സാധാരണക്കാരന് അത് അപ്രാപ്യം തന്നെ. സംഗീതമേ ജീവിതം എന്ന് കരുതിയിരുന്ന പെരുമാൾ കാൽനടയായി തഞ്ചാവൂരിൽ പോകാൻ തീരുമാനിച്ചു... വഴി ചോദിച്ചും നടന്നും വിശ്രമിച്ചും ആയാത്ര തുടർന്നു. ഒരു ദിവസം നടന്നു ക്ഷീണിച്ച ആദ്ദേഹം ഒരു മരച്ചുവട്ടിൽ ഇരുന്നു മയങ്ങി.. സമയം പോയത് അറിഞ്ഞില്ല. ഉണർന്നപ്പോൾ അയാൾ ഒരു ഇരുമ്പ് കൂട്ടിൽ കൂടെ വേറെയും കുറെ ചെറുപ്പക്കാർ. കൂട് അധികം താമസിയാതെ യാങ്കികളുടെ കപ്പലിലേക്ക് എത്തിക്കപ്പെട്ടു... പിന്നെ ദീർഘ നാളത്തെ യാത്ര. അവസാനിച്ചത് ആ ദ്വീപിൽ ആയിരുന്നു.
തോട്ടം പണിക്ക് പിടിച്ചു കൊണ്ടുവന്ന ആയിരക്കണക്കിന് പേരിൽ ആയാളും ഒരാളായി... പിന്നെ കഠിനാധ്വാനത്തിന്റെ നാളുകളിൽ സംഗീതം എവിടെയോ മറഞ്ഞു.. അവിടെ ഒരു ഇണയെ കണ്ടെത്തി... അതിൽ പരമ്പര തുടർന്നു... മരിക്കുമ്പോൾ അവസാനത്തെ ആഗ്രഹമായിരുന്നു... ചിതാഭസ്മം എങ്കിലും ഇവിടെ ഒഴുക്കണം എന്ന്. ജീവിച്ചിരിക്കുമ്പോൾ നടക്കാത്ത ആ ആഗ്രഹം ഇങ്ങനെ പൂർത്തിയാക്കാൻ. അത് ഇന്ന് ഞാൻ പൂർത്തിയാക്കി.
അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണിൽ നിന്ന് നീർ ധാരധാരയായി അവന്റെ നെഞ്ചിലേ രോമങ്ങൾക്കിടയിലൂടെ ഒഴുകി.. അവൻ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പിന്നെയും അവൾ തുടർന്നു.
അദ്ദേഹം എന്റെ താത്താവുടെ അപ്പാവ് ആയിരുന്നു. ആ പെട്ടിയും ആഗ്രഹവും താത്താവിൽ നിന്ന് അപ്പാവിലും പിന്നെ എന്റെ കയ്യിലും എത്തി. ശരിക്കും അപ്പാവും കുടുംബവും എന്റെ കൂടെ ഇവിടെ വരാൻ തീരുമാനിച്ചത് അതിനായിരുന്നു... പക്ഷേ കലാപം അവരെയും വിഴുങ്ങി. പിന്നെ ഉള്ള ജീവിതത്തിൽ ഇത് മാത്രമായിരുന്നു എന്റെ സ്വത്തും രക്ഷയും. അന്ന് എന്നോട് വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ.. അന്ന് ഞാൻ അപ്പാവെ സ്വപ്നം കണ്ടു... ഒപ്പം അമ്മാവും യമുനയും സരസ്വതിയും ഉണ്ടായിരുന്നു... അവർ ഉടനെ താത്തവേ മോക്ഷത്തിനായി വിടണം എന്ന് അപേക്ഷിക്കും പോലെ.
ബിനോയ് കാഞ്ചനെ ചേർത്തുപിടിച്ചു... ഇനി ഒരിക്കലും ഈ കണ്ണ് നിറയില്ല എന്ന് ഉറപ്പു നൽകി... പിന്നെ കഴിഞ്ഞ ഇത്രയും കാലം... അവൾക്ക് ഞാനും എനിക്ക് അവളും മാത്രമായി ഒരു ജീവിതം. അത് കണ്ട് ദൈവങ്ങൾക്ക് പോലും അസൂയ ഉണ്ടായപോലെ. അതല്ലേ ഞങ്ങൾക്കിടയിൽ ഒരു കുട്ടിയെപോലും നൽകാതിരുന്നത്... അയാൾ മനസ്സിൽ സ്വയം ചോദിച്ചു...
അയ്യാ... എന്ന വിളി അയാളെ ചിന്തയുടെ രാക്ഷസക്കോട്ടയിൽ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞു. മുന്നിൽ പെൺവേഷം കെട്ടിയ പുരുഷൻ. ഭിന്നലിംഗക്കാരിയായി ഒരുങ്ങി വന്നിരിക്കയാണ്... കീശയിൽ നിന്ന് കയ്യിൽ തടഞ്ഞ പത്ത് രൂപ എടുത്ത് നീട്ടി അയാൾ വീണ്ടും ചിന്തയുടെ ലോകത്തേക്ക് തിരിച്ചുപോയി.
ചെറിയ വയർ വേദനയായിരുന്നു... പിന്നെ അത് തുടർച്ചയായി... തണുപ്പിന്റെ ആധിക്യത്തിൽ അധികം ആയപ്പോൾ മുംബൈയിലെ വലിയ ഹോസ്പിറ്റലിൽ എത്തി, അപ്പോൾ ആണ് അറിയുന്നത്, അത് വയർ മുഴുവൻ ബാധിച്ച ക്യാൻസർ ആയി മാറിയിരുന്നു എന്ന്. പിന്നെ അധികം നീണ്ടില്ല. അവൾ ആഗ്രഹിച്ചപോലെ അയാളും ആ കുടവുമായി തൃവേണിയിൽ മുങ്ങി നിവർന്നപ്പോൾ അവസാനിച്ചത് ഇരുപത് വർഷം നീണ്ട കൂട്ടായിരുന്നു.
കണ്ണിൽ നിന്ന് അടർന്നു വീണ നീർതുള്ളികളെ ആരും കാണാതെ തുടക്കുമ്പോൾ അയാൾ ഉള്ളിൽ തേങ്ങുകയായിരുന്നു... ലോകത്തിന്റെ ഏതോ കോണിൽ അയാൾക്കായി മാത്രം പുഷ്പിച്ച പൂവിനെ തേടി അവിടെ എത്താൻ... അയാളെ നയിച്ചത് ആരായിരിക്കും.
രഘുചന്ദ്രൻ. ആർ. കേളക്കൊമ്പിൽ
Comments
Post a Comment