മോഡസ് ഒപ്പറാണ്ടി..

 

മോഡസ് ഒപ്പറാണ്ടി..

 

 

രാത്രി അപ്പോൾ ആദ്യപകുതിയുടെ പകുതി പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അശ്വജിത്ത്, തൻറെ തോൾബാഗ് ഒന്നുകൂടി പുറകിൽ കുലുക്കി ഉറപ്പിച്ച് ടാർ വഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നിൽ  ഇറങ്ങിയ വണ്ടിയും അത് നിർത്തിയ റെയിൽവേ സ്റ്റേഷനും അകന്നു പോയ്കൊണ്ടും, മുന്നിൽ ബസ്റ്റാൻഡ് അടുത്തുകൊണ്ടും ഇരുന്നു. മനസ്സിൽ ഇന്നലെകളുടെ സമ്പന്നത തികട്ടി വന്നെങ്കിലും ഇപ്പോൾ അയാൾ ഏകാകിയായ സഞ്ചാരി മാത്രം. പോകാനോ, വരാനോ, ഒരിടവും അവശേഷിച്ചിട്ടില്ലാത്ത വഴിപോക്കൻ.

 

അയാളുടെ കാലുകൾക്ക് ധൃതി ബാക്കിയുണ്ടായിരുന്നില്ല, പ്രത്യേകിച്ച് ഒരു ലക്ഷ്യവും. തിരികെ കയറിപോകാൻ സമയം പാലിക്കുന്ന അവസാനവണ്ടികളെ പ്രതീക്ഷിക്കാത്തത് കൊണ്ട്, മനസ്സ് ശൂന്യവും, വിളറിവെളുത്തതുമായിരുന്നു. വഴിയരികിലെ, ഇന്നലെകളിൽ പെയ്‌ത ഇടതടവില്ലാത്ത മഴയിൽ കിളിർത്ത പുൽപടർപ്പുകൾക്കിടയിലുയരുന്ന ചീവിടിന്റെ സംഗീതം ആസ്വദിക്കാനുള്ള സ്ഥലം മനസ്സിൽ ബാക്കിയില്ലാതിരുന്നതിനാൽ, അയാൾ മുന്നോട്ട് പോയി, അലസഗമനനായി.

 

നഗരബാക്കിയിൽ അപ്പോഴും മരംപെയ്യുന്നുണ്ടായിരുന്നു, അൽപ്പം മുൻപ് കടന്നുപോയ കാറ്റിന്റെ ശക്തിയിൽ കുടഞ്ഞു പിടഞ്ഞ ഇലചാർത്തിൽ, ബാക്കിയായ സായാഹ്‌നകാലവർഷത്തിന്റെ എച്ചിൽ പൊഴിഞ്ഞിറ്റിയ ശബ്ദം അയാളുടെ കാതുകളിൽ മറ്റൊരു കർണ്ണകഠോരത ക്ഷണിച്ചു വരുത്തി. എവിടുന്നോ വന്ന് എവിടേയ്‌ക്കോ പോകുന്ന ചെറുകാറ്റിന്റെ മർമ്മരം ശരീരത്തിൽ തണുപ്പിന്റെ അസ്‌കിത പടർത്തിയതിനാൽ മുഷിഞ്ഞൊട്ടിയ വേഷം അയാൾ ആദ്യമായി ചേർത്തുപിടിച്ചു. ലക്ഷ്യമില്ലാത്ത യാത്ര തുടരുകയും ചെയ്തു.

 

ഇനി എന്തുചെയ്യണമെന്നോ, ആരെയെങ്കിലും തിരയണമെന്നോ, അഭയസ്ഥാനം ഏതെന്നോ അറിയാത്ത ആ സഞ്ചാരം എവിടെയും എത്തിക്കില്ല എന്നയാൾക്ക് ഉറപ്പുണ്ടായിരുന്നു, ഒരു പക്ഷേ സ്വാഭാവികമായ മരണത്തിൽ പോലും. സ്വയം അവസാനിപ്പിക്കില്ല, എന്ന കരളുറപ്പ് ബാക്കിയാവുന്ന നിമിഷംവരെയെങ്കിലും, ഈ ജീവിതത്തിൽ ഇപ്പോൾ അയാൾക്ക് അത് മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു, മുഷിഞ്ഞു നാറിയ ധരിച്ചിരിക്കുന്ന വേഷവും, എന്നോ ശരിയ്ക്ക് ജോലിചെയ്യാത്ത, ഡിസ്പ്ളേ പൊട്ടി, അൽപ്പ നിമിഷം മുൻപ് ബാറ്ററി മരിച്ച മൊബൈലും, ഒന്നോ രണ്ടോ മാഗസിനുകളും തീരാറായ പേസ്റ്റും ബ്രഷും, പേറുന്ന ബാഗും, ഒഴിഞ്ഞ പേഴ്‌സും കഴിഞ്ഞാൽ.

 

ഇടയ്ക്കിടയ്ക്ക് ചാർജ്ജ് കേറ്റുന്ന മൊബൈൽ നോക്കി അശ്വജിത്ത് ഉള്ളിൽ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു, ആരെയും വിളിക്കാനില്ലാത്ത, അല്ലെങ്കിൽ വിളികണ്ടാൽപ്പോലും, എടുക്കാനാളില്ലാത്ത, ആരുടേയും വിളിക്കായി കാത്തിരിക്കാത്ത, ആ ഉപകരണത്തിന് എന്തിന് ജീവൻ കൊടുക്കുന്നു എന്ന തമാശയിൽ. ഒരിക്കൽ വിശ്രമമില്ലാതിരുന്ന ആ ഉപകരണത്തിന് വയസ്സായിരിക്കുന്നു, ആസന്നമരണസ്ഥനായ അവന് വിശ്രമമാണ് കരണീയം. എന്നാൽ ക്രൂരനായ അവന്റെ യജമാനൻ, അയാൾ വീണ്ടും പുഞ്ചിരിച്ചു, വഴിയിൽ എതിരെ വരുന്നവർ, മുന്നിൽ കാണുന്ന ചപ്ര തലമുടിയും താടിയും നീട്ടിയ ശബ്ദമില്ലാതെ ചിരിക്കുന്നവനെ ഭ്രാന്തനെന്ന് വിളിയ്ക്കുമെന്നോർക്കാതെ.

 

രാത്രി കൂടുതൽ ഇരുളുകയായിരുന്നു, നഗരത്തിന്റെ ഹൃദയം മാത്രമല്ല പ്രാന്തങ്ങളും വിജനവും ഭയാനകവുമായി മാറുന്ന അർദ്ധരാത്രിയെ പ്രാപിക്കാൻ വെമ്പുന്ന നേരം ആഗതമാവുന്നു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന രാത്രിമഴ, പതിവ് അനുസാരികളെ അകറ്റുന്നുണ്ട്. അതിനാൽ വിപണിയുണ്ടെങ്കിലും, മാംസ വ്യാപാരികളും, ഉപഭോക്താക്കളും, തണുപ്പകറ്റാൻ വേറെ മാർഗ്ഗങ്ങൾ തേടുന്നതിനാൽ തെരുവോരങ്ങൾ, ചെറുഞരക്കങ്ങൾ പോലും അന്യമാക്കിയിടുകയാണ്. ഉയരേണ്ട മയക്കത്തിന്റെ പുകച്ചുരുൾ പോലും, നിശയെ അന്യയാക്കി അകലുന്നു.

 

അശ്വജിത്തിന്റെ നെഞ്ചിൽ അപ്പോഴും കയറ്റിവയ്ക്കപ്പെട്ട ഭാരത്താൽ ഞെരുങ്ങുന്ന ഒരു ഹൃദയമുണ്ടായിരുന്നു. അതിന്റെ അമരലിൽ പൊട്ടിത്തെറിച്ചേക്കാവുന്ന ധമനികളും, സിരകളും പോലും. എങ്കിലും തുള്ളിക്കൊരുകുടം പേമാരി എന്നപോലെ അത് മിടിക്കുന്നു. അതിനാൽ തന്നെ ഇനിയെന്തെന്നുള്ള ചിന്തപോലും അവനെ ഉപേക്ഷിച്ച്, അടുത്ത പാലമരം തേടിപോയിരുന്നു. പൂക്കളന്യമായ പലമരത്തിന്റെ നെറുകയിൽ പൊട്ടിച്ചിരിച്ച്, അവറ്റകൾ ഇരകളുടെ എല്ലും മുടിയും നഖവും ബാക്കിവയ്ക്കുന്നതോർത്ത് ലഹരിപൂണ്ടു.

 

അൽപ്പനാളുകൾക്ക് മുൻപ് അയാൾ ഇങ്ങനെയൊന്നും ആയിരുന്നില്ല, പേര് സൂചിപ്പിക്കുന്നത് പോലെ യാഗാശ്വത്തെപോലും തോൽപ്പിക്കുന്ന പോരാളി, വിശ്വത്തെ ജയിക്കാൻ ജനിച്ചവനെന്ന് തോന്നിപ്പിക്കുംപോലെ നെഞ്ചുവിരിച്ച് പാഞ്ഞ തേരാളി. വെല്ലുവിളികളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ വെമ്പിയ തന്ത്രശാലി. ജീവിതവിജയം എന്ന ബാലികേറാമല കീഴടക്കി എന്ന് എതിരാളികൾ പോലും തലകുലുക്കി സമ്മതിച്ച ജേതാവ്. എന്നാൽ ഇന്ന് എല്ലാം തകിടം മറഞ്ഞിരിക്കുന്നു, അല്ല മറിച്ചിരിക്കുന്നു.

 

ഒന്നൊന്നായി എല്ലാം കോർട്ട്മാർഷൽ ചെയ്ത, പട്ടാളക്കാരന്റെ ശരീരത്തിൽ നിന്ന് അറുത്തുമാറ്റപ്പെടുന്നത് പോലെ അഴിച്ചുവയ്ക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ അയാൾ അനുസരിക്കുകയായിരുന്നു, ബന്ധുവും, ബന്ധവും അറുത്ത്, സമ്പത്തും ഭാണ്ഡവും നഷ്ട്ടപെടുത്തി, വരരുചിയെപ്പോലെ സഞ്ചാരം തുടങ്ങി, പക്ഷെ ഒറ്റയ്ക്ക്. വായ് കീറാനും വഴിയിൽ ഉപേക്ഷിക്കാനും കാലം കർമ്മത്തെ ബാക്കിവയ്ച്ചിരുന്നില്ല, സഹസഞ്ചാരിണിയെയും,  അയാൾ ആഗ്രഹിച്ചിരുന്നുമില്ല.

 

നഗരം വല്ലാതെ ഉറക്കത്തെ പുണർന്നിരുന്നു, എങ്ങും കനത്ത നിശബ്ദത, തെരുവുപട്ടികൾ പോലും ഉറങ്ങി കഴിഞ്ഞിരിക്കുന്നു. റോന്ത് ചുറ്റാൻ ഇറങ്ങുന്ന പോലീസ് വണ്ടികൾ നിരത്തിനെ ഉപേക്ഷിച്ച് എങ്ങോ പോയ്മറഞ്ഞിരുന്നു. വെളിച്ചം പൊഴിക്കാൻ മറന്നുപോയ നിരത്തിലെ ഭൂരിഭാഗം നിയോൺ വിളക്കുകളും ആണ്ട ഉറക്കത്തിലായിരുന്നു. അതിൽ രമിച്ച അയാളിലെ കുറ്റവാളി ഉണർന്നു.

 

ഉപബോധ മനസ്സിന്റെ അഭിവാഞ്ചയിൽ ശരീരം ജാഗരൂകമായി. പിന്നിലെ തോൾബാഗ് ഊരി മഴമാറിയെങ്കിലും ഈർപ്പം ബാക്കിയായ ഒഴിഞ്ഞ കടത്തിണ്ണയിലേയ്ക്ക് കടന്നിരുന്നു. ഉള്ളിൽ ചുരമാന്തി തുടങ്ങിയ കടുംപ്രേരണയിൽ അയാളിലെ ഹ്രിംസജന്തു കൂടുതൽ ഉത്സുകനായി. ബാഗിൽ രണ്ടുകൈകളും കൊണ്ട് ആയുധങ്ങൾ പരതി, അപ്പോൾ ഒരു വിദഗ്‌ധനായ ക്രിമിനലിനെപ്പോലെ അയാൾ ചുറ്റുപാടുകളിൽ കണ്ണോടിക്കുന്നുണ്ടായിരുന്നു. ശരീരത്തിന്റെ ആവിശ്യവും മനസിന്റെ സംതൃപ്തിയും നേടാൻ ഏതറ്റവും വരെ പോകാൻ തയ്യാറായ മനോരോഗിയുടെ ചേഷ്ടകൾ അയാളിൽ നിന്ന് ഉത്ഭവിച്ചു.

 

നിരയാർന്ന കടകളുടെ തിണ്ണയിൽ, കൊതുകിന്റെ മൂളലിൽ നിന്നും തണുപ്പിൽ നിന്നുമകലാൻ, ചൂടിയ തുണികൾക്കുള്ളിലെ ജീവന്റെ തുടിപ്പിനെയും അയാൾ ഏറെനേരം വീക്ഷിച്ചു. അവരുടെ ശ്വാസനിശ്വാസത്തിന്റെ ആഴം അപ്പോൾ അയാൾക്ക് അളക്കാൻ കഴിയുന്നതായിരുന്നു. അതിലേയ്ക്ക് ആഴ്ന്നിറങ്ങി, അത് പഠിച്ച്, തന്റെ കൃത്യം നടപ്പാക്കി, തെളിവുകൾ ബാക്കിവയ്ക്കാതെ, ആ രാത്രിയിലെ അവസാന വണ്ടിക്കോ, അടുത്ത പുലരി വരും മുൻപേ വരുന്ന ആദ്യവണ്ടിക്കോ, ആ നഗരം വിടണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.

 

ബാഗിൽ നിന്ന് കൈയിൽ തടഞ്ഞ ആയുധം ഉറപ്പിച്ച് പിടിച്ച്, താനിരുന്ന കടയുടെ ഷട്ടറിലെ ലോക്കിന്റെ അടുത്തേയ്ക്ക് അയാൾ നിരങ്ങി നീങ്ങി. വിലകൂടിയതെങ്കിലും പഴകിയ അതിന്റെ ഇടുക്കിലേയ്ക്ക് തന്റെ ആയുധം തിരുകി ശക്തമായി തള്ളി. അധികം താമസിയാതെ ഒരു ഞരക്കത്തിന്റെ അകമ്പടിയോടെ അത് വായപൊളിച്ചു, പിന്നെ അയാൾ താമസിച്ചില്ല, ഇരുവശത്തേയും കൊളുത്ത് അകത്തി, ഷട്ടറിൽ ഒരാൾക്ക് കടക്കാൻപാകത്തിൽ അടിവശത്ത് വിടവുണ്ടാക്കി, മാർജ്ജാരചലനത്തോടെ  ഉള്ളിലേയ്ക്ക് ഇഴഞ്ഞു.

 

പിന്നെയെല്ലാം പെട്ടന്നായിരുന്നു, തന്റെ ഒഴിഞ്ഞ തോൾബാഗിൽ, ബലമായി തുറന്ന ചില്ലലമാരകകളെ കാലിയാക്കി, സാധനങ്ങൾ, ആവേശത്തോടെ എടുത്ത്, അതിന്റെ പഴകിയ സിപ്പ് പൊട്ടിവിടരുമോ എന്ന് ശങ്കിക്കുന്ന വിധത്തിൽ ഒതുക്കി, ചടുലമായി പരതിയും ആവശ്യമായ കണ്ടെത്തിയും വീണ്ടും വീണ്ടും ബാഗ് കുത്തിനിറച്ചു.

 

ബാഗ്, ഗ്രഹണിപിടിച്ച കുട്ടികളുടെ വയറുപോലെ വീർത്തു. തനിക്ക് താങ്ങി നടക്കാൻ പറ്റുന്നപാകത്തിലും കൂടുതൽ ഭാരം നിറഞ്ഞു എന്ന് തോന്നിയപ്പോൾ, ഷട്ടറിന്റെ അടിയിലൂടെ അശ്വജിത്ത്, മാർജ്ജാര ചലനം ആവർത്തിച്ച്, പുറത്തുവന്നു. നിരത്തിലേക്കിറങ്ങി, തിക്കും പക്കും, നോക്കി, അടുത്ത് റെയിൽവേ സ്റ്റേഷനാണോ ബസ്റ്റാൻഡ് ആണോ എന്നുറപ്പിച്ച്, വന്നവഴി ലക്ഷ്യമാക്കി കുതിച്ചു.

 

തെക്കോട്ട് പോകാൻ കുതിച്ചെത്തിച്ച രാത്രി വണ്ടിയുടെ  ജനറൽ കംപാർട്ട്‌മെന്റിൽ ഇരുന്ന്, പൊളിച്ചടുത്ത പ്ലാസ്റ്റിക്ക് കവറിനുള്ളിലെ, ബർഗറും ഒപ്പം ബിസ്ലേരി വെള്ളവും ആർത്തിയോടെ കഴിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു. വിശപ്പിനേക്കാളും വലിയ മനോരോഗം ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ, അയാൾ കൊടുംകുറ്റവാളിയുടെ പശ്ചാത്താപ വിവശതയോടെ തേങ്ങി,

 

എങ്കിലും അയാളിലെ മനോരോഗി സന്തോഷിക്കുണ്ടായിരുന്നു,  ഇത് ആവർത്തിക്കാൻ, തന്റെ മുന്നിൽ നിറഞ്ഞ ബാഗും കുറെ ദിവസങ്ങളും ബാക്കിയുണ്ടെന്ന അറിവിൽ. തന്നെ തുറുങ്കിലടയ്ക്കാൻ നിയമ സംരക്ഷകർ പിന്നാലെ വരുകയില്ല എന്ന വിശ്വാസവും, താനൊരിക്കലും ഴാങ് വാങ് ഴാങ് ആകില്ലെന്ന ഉറപ്പും ആ സന്തോഷത്തെ ഇരട്ടിയാക്കി.

 

തുറന്നു കിടന്ന ട്രെയിനിന്റെ ജാലകവാതിലിലൂടെ അരിച്ചുകയറിയ ശീതക്കാറ്റ് അയാളുടെ നീണ്ട മുടിയിഴകളെ താലോലിച്ച് കടന്നുപോയി. ഒരിക്കലും ലഭിക്കാത്ത അമ്മയുടെ തലോടലിന്റെ ലഹരിപോലെ അശ്വജിത്ത് അതാസ്വദിച്ചു. ബാഗ് എതിരെ ഒഴിഞ്ഞ ഇരിപ്പിടത്തിലേയ്ക്ക് എറിഞ്ഞ് അതിൽ തലചായ്ച്ച് മയക്കത്തിലേക്ക് ഊളിയിടുമ്പോൾ സ്വയം ഒരു പൈതലായി മാറുകയായിരുന്നു, ഉള്ളിൽ അവശേഷിച്ച ഈണവും, അതിലെ താരാട്ടുമായി, അടുത്ത പുലരിയിലേയ്ക്കും, തനിയാവർത്തനങ്ങളിലേയ്ക്കും ചരിക്കുന്ന സഞ്ചാരിയാവാൻ.

 

Comments

Popular posts from this blog

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ