ആമി
ആമി ആമി അവൾ ഒരു തളിരിലയായിരുന്നു .... ഗ്രാമത്തിന്റെ നെറുകയിൽ ചാർത്തിയ തിലകക്കുറി .... പാട്ടുപാവാടയിലും തിളങ്ങുന്ന ബ്ലൗസിലും പൊതിഞ്ഞ തുളസിക്കതിരിന്റെ നൈർമല്യം .... അവളുടെ ചിരിയിൽ കവിളിൽ വിടരുന്ന നുണകുഴികളെ മാരിവില്ലിന്റെ ശോഭയോട് ഉപമിച്ചത് ആരായിരുന്നു എന്നോർക്കുകയായിരുന്നു അവൻ .... ചിരിയുടെ ശബ്ദം അരുവിയുടെ കളകളാരവത്തോട് ചേർത്തുവച്ചവനെയും ... എങ്കിലും അവൾ ആ ഗ്രാമത്തിന്റെ ചിലങ്ക തന്നെ ആയിരുന്നു എന്നവൻ ഓർത്തു ... പതിനേഴിന്റെ നിറവിൽ ഗ്രാമം വിട്ട് അങ്ങ് ദൂരെ നഗരത്തിലെ എൻജിനീയറിങ് കോളേജിലേക്ക് കൗമാരം പറിച്ചുനടും വരെ അവനും ആ ഗ്രാമത്തിന്റെ ഇടവഴികളിലും വിശുദ്ധിയിലും ഓടി നടന്ന ബാല്യകൗമാരം തന്നെ ആയിരുന്നു ... ഗ്രാമത്തിലെ ഏക പലവ്യഞ്ജന കടയുടെ ഉടമയും നടത്തിപ്പുകാരനും ആയ തെക്കേവയലിൽ ഗോപാലൻനായരുടെ മകൻ ... ഇടനേരങ്ങളിൽ അച്ഛനെ സഹായിക്കാൻ അമ്മ ഓടിച്ചു വിടുന്ന , കടയിലെ സഹായിയുടെ വേഷവും കെട്ടാറുണ്ടായിരുന്ന കൗമാരക്കാരൻ ... അവൻ പഠിക്കാനായി നാടുവിടും മുൻപ് വരെ മുത്തശ്ശൻ ഭാസ്കരപിള്ളയുടെ കൈകളിൽ...