മനുസ്മൃതിയെ വിലക്കുന്പോൾ........
മനുസ്മൃതിയെ വിലക്കുന്പോൾ........
അതിലേക്ക് കടക്കും മുൻപ് എന്താണ് മനുസ്മൃതി എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.... അത് ആർഷ ഭാരതത്തിൽ മാത്രമല്ല ലോകത്താകയും ആദ്യമായി ഉണ്ടായ വ്യക്തി നിയമ സംഹിത എന്ന് പറയേണ്ടി വരും... ഒരു സമൂഹത്തിന്റെ ഭാഗമായി വ്യക്തി എങ്ങനെ മാറണം.... അല്ലെങ്കിൽ ഇഷ്ടികകൾ കൊണ്ട് മനോഹരമായി പടുത്തുണ്ടാക്കുന്ന ഗോപുരം പോലെ വ്യക്തികളെ കൊണ്ട് എങ്ങനെ ഒരു മഹത്തരമായ സമൂഹത്തെ പടുത്തുണ്ടാക്കാം എന്നാണ് മനുപ്രജാപതി മനുസ്മൃതിയിലുടെ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് എന്റെ പരിമിതമായ അറിവുകൾ കൊണ്ട് പറയാൻ തോന്നുന്നത്...
അപ്പോൾ ആരാണ് മനു പ്രജാപതി... ഇന്ന് പലരും പറഞ്ഞു പരത്താനും അതാണ് സത്യം എന്ന് സ്ഥാപിക്കാനും ശ്രമിക്കുംപോലെ അദ്ദേഹം ഒരു വരേണ്യ വംശനായ ഗോസായി ആണോ? ചിലർ അവകാശപ്പെടും പോലെ ആർഷഭാരതത്തെ കൈപ്പിടിയിൽ ഒതുക്കാനും ഇവിടെ നിലനിന്ന മഹത്തരമായ മാനവസംസ്കാരത്തെ കാൽകീഴിൽ ചവിട്ടി അരക്കാനും വന്ന വൈദേശിക സംസ്കാരത്തിന്റെ പിണിയാളോ?... അവർക്ക് വേണ്ടി നിയമസംഹിതകൾ എഴുതി ഉണ്ടാക്കുകയും അതിലൂടെ ആർഷഭാരത സംസ്കാരത്തിന്റെ ബഹുസ്വരതയെ അസ്ഥിരപ്പെടുത്താനും ശ്രമിച്ച വൈതാളികനോ? അതോ തന്റെ വാക് ചാതുരികൊണ്ട് ഒരു ജനതയെ കാലങ്ങളോളം അടിമപ്പെടുത്തിയ ബുദ്ധി രാക്ഷസനോ?..
ഇത് ഒന്നുമായിരുന്നില്ല എന്ന് വ്യക്തതയോടെ പറയാനും... അതിലുപരി.. ആർഷഭാരത സംസ്കാരം എല്ലാകാലങ്ങളിലും ഉയർത്തിപ്പിടിച്ച നന്മയെ ക്രോഡീകരിക്കാനും വരുംതലമുറ വഴിതെറ്റുന്പോൾ അവരെ ഒരു നല്ല ആട്ടിടയനെപ്പോലെ തടുത്തു നിർത്തി ശരിയുടെ, സംസ്കാര തനിമയുടെ വെള്ളിവെളിച്ചത്തിലേക്കും സർവ്വോപരി അവരുടെ പൈതൃകത്തിന്റെ അമൃത ധാരയിലേക്ക് തിരിച്ചു കൊണ്ടുവരാനായി സ്വന്തം ചിന്ത ശകലങ്ങളെ രേഖപ്പെടുത്തുകയും... അത് വഴിതെറ്റുന്ന നവ തലമുറയ്ക്ക് ഒരു തത്വ സംഹിതയായി ക്രോഡീകരിച്ച് ഇന്നും പ്രസക്തമായി നിലനിർത്താൻ ശ്രമിച്ച ഒരു ദീർഘ വീക്ഷണം തന്റെ മൗലികതയിൽ ഉറപ്പിച്ചു നിർത്തിയ രാജയോഗി എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ട്ടം...
അദ്ദേഹം ഇന്ന് പലരും പറഞ്ഞു വയ്ക്കാൻ ശ്രമിക്കുംപോലെ ആര്യാധിനിവേശത്തിന്റെ ഉപസംസ്കൃതി നമ്മളിലേക്ക് പകർന്നു തരാൻ തന്റെ സമയത്തെ വിനിയോഗിച്ച പരദേശി ആയിരുന്നില്ല... കാലങ്ങളിൽക്കൂടി അതാണ് സത്യം എന്ന് പറഞ്ഞു പരത്താനും അതിലൂടെ ലോകത്തിലെ എല്ലാ ഉൽകൃഷ്ടതയും ഞങ്ങളുടെ സ്വന്തം എന്ന് മേനി നടിക്കാനും ശ്രമിക്കുന്ന ആര്യ കുബുദ്ധികളുടെ കുടിലത മാത്രമാണ് ആ ആരോപണങ്ങൾ... അതിലൂടെ അവർ എന്നും ശ്രമിക്കുന്നത് ഒന്ന് മാത്രം... ലോക വിജ്ഞാനം എല്ലാം അവർക്ക് മാത്രമായി സൃഷ്ട്ടിക്കപ്പെട്ടതും.. ലോകത്തെ നല്ലത് എല്ലാം ഞങ്ങളുടെ ഭോഗവസ്തു മാത്രമാണ് എന്ന വരേണ്യ ചിന്തയുടെ ബഹിർസ്പുരണങ്ങൾ മാത്രവും ആണ്...
ഇവിടെ നമ്മൾ മനസിലാക്കേണ്ടത് ഒന്ന് മാത്രം... പാശ്ചാത്യ ചിന്തകരും ചരിത്രോനോഷികളും കൈയടിച്ചു പറയുന്ന ആദി സംസ്കാരം ആർഷഭാരത സംസ്കാരമാണെങ്കിൽ... ലോകവിജ്ഞാനത്തിന്റെ ഈറ്റില്ലവും ഇവിടം തന്നെ... വേദങ്ങളും വേദവ്യാഖ്യാനങ്ങളും ഒപ്പം മഹാഭാരതവും രാമായണവും കടന്ന് ചെന്നാൽ ഏത് പാമരനായാലും കാണുന്നത് വിജ്ഞാനത്തിന്റെ അക്ഷയഖനികളും സാങ്കേതികതയുടെ വജ്രതിളക്കങ്ങളും തന്നെ... ഇനി ആര്യ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നഭിമാനിക്കുന്ന ജർമനിയിൽ കടന്നു ചെന്നാൽ ഇന്നും നമ്മുടെ സംസ്കാരചിഹ്നങ്ങൾ ആലേഖനം ചെയ്യപ്പെട്ടതായും അതിനെ പിന്തുടരുന്നതായും കാണാം.. അപ്പോൾ എന്നും ലോകം ഉറ്റുനോക്കിയിരുന്നത് ഭാരതത്തെയും അവർ പിന്തുടരാൻ കൊതിച്ചത് ഈ സംസ്കാരത്തെയും ആണെന്ന് നിസംശയം പറയാം..
വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ പറയാം.. മനു പ്രജാപതി ആരായിരുന്നു... അദ്ദേഹം ഭാരത വർഷത്തിലെ ചക്രവർത്തി ആയിരുന്നു... ഭാരതം എന്നപേർ സിദ്ധിക്കുന്നതിനും എത്രയോ മുൻപ്.. ആ പേരിന് കാരണഭൂതനായ ഭരത രാജാവിന്റെ മുൻതലമുറകൾക്കും മുൻപ് പുരാതന ഭാരതത്തെ ഭരിക്കുകയും സംരക്ഷിക്കുകയും അതിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണം എന്ന ഉൾചിന്തയിൽ അതിന് വേണ്ട മാർഗ്ഗനിർദ്ദേശം തലമുറയ്ക്ക് ചൊല്ലി നൽകുകുകയും ചെയ്ത ധീക്ഷണാശാലി... അദ്ദേഹം തുടങ്ങിയത് പശ്ചിമഘട്ടത്തിൽ നിന്ന് ആണെന്നും അവസാനിപ്പിച്ചത് ഹിമാലയത്തിൽ ആണെന്നും തിരുക്കുറൾ പറയുന്നു....
എന്തായിരുന്നു ആ യാത്രയുടെ പൊരുൾ എന്ന് ഇത്തരുണത്തിൽ ചിന്തിക്കുന്നത് ഉത്തമമായിരിക്കും... കാരണം.... വളരെ പുരാതനമായ ആ കാലങ്ങളിൽ യാത്ര, അതും കാടും മേടും കാട്ടാറുകളും ഒപ്പം ക്രൂരരായ കാട്ടു മൃഗങ്ങളെയും വിഷജന്തുക്കളെയും കാട്ടാളരെയും താണ്ടി ഒരു ചക്രവർത്തി എന്തിന് ഇത്ര ദൂരം പോയി എന്ന് വിചാരിക്കുന്പോൾ ആണ് അദ്ദേഹം എത്ര ദീർഘ വീക്ഷണമുള്ളവൻ ആയിരുന്നു എന്ന് നമുക്ക് മനസിലാക്കുക... അദ്ദേഹം ആദി സംസ്കാരമായ ശൈവചിന്തയുടെ മൂശയിൽ ചാലിച്ച ഒരു മഹത്തായ സംസ്കാരത്തിന്റെ സംരക്ഷകനും അധിപതിയും ആയിരുന്നു എന്ന് നമുക്ക് മനസിലാക്കാം...
എന്തായിരുന്നു ആദിമ മനുഷ്യ സംസ്കാരം.... അവിടെ ആണ്.. നമ്മുടെ ഉത്കൃഷ്ടത കടന്നു വരേണ്ടത്... ആദി മനുഷ്യനും ആദി ചിന്തയും സംസ്കാരവും ഉയർന്നതും ഉണ്ടായതും ഭൂമധ്യത്തിൽ ആയിരുന്നു... പാശ്ചാത്യമാർ പറയുംപോലെ അത് ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലോ അതിലെ കൊടും വനങ്ങളിലോ അല്ല... അത് ഉണ്ടായത്. ഒരു കാലത്ത് ഭൂമിയിലെ കരജീവിതത്തിന്റെ ഈറ്റില്ലമായ ഒരേ ഒരു ഭൂഖണ്ഡം കുമരിഖണ്ഡം എന്ന് വിളിച്ചിരുന്ന വൻകരയിൽ ആയിരുന്നു... അവിടെ പിറന്നു വളർന്ന ഭൂമിയിലെ ജലോപരിതല ജൈവിക ജീവസന്പത്തിന്റെ നാശം മുന്നിൽ കണ്ടാണ് അദ്ദേഹം ഹിമാലയ സാനുക്കളിലേക്ക് സ്വന്തം സമൂഹത്തെയും കൊണ്ട് പലായനം ചെയ്തതും ശൈവ സംസ്കാരത്തിന്റെ ഉത്തരോപരിതലം സൃഷ്ടിച്ചതും...
അപ്പോൾ ചരിത്രത്തിൽ ക്കൂടി പിന്തിരിഞ്ഞു നടന്നാൽ നമ്മുടെ മനോമുകുരത്തിൽ തെളിയുന്ന ഒരു കാര്യം കൂടെ ഇവിടെ പ്രസ്താവിക്കാതെ വയ്യ.... ആർഷഭാരതത്തിന്റെ പൂർവ്വതയിൽ ഉയിർകൊണ്ടതും ആദിബ്രഹ്മമമായ പശുപതിയിൽ കേന്ദ്രികൃതവും ആയ ചിന്തയെ ക്രോഡീകരിച്ചു ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം ആവിഷ്കരിച്ചതും പിന്നെ ആദിമ ഭാരതീയർ പിന്തുടർന്നതും... അതിൽ നിന്ന് ഉൾപിരിഞ്ഞു നിരവധി തവണ സ്വാംശീകരിച്ച പിറവിയെടുത്തതുമായ ഭാരതത്തിന്റെ ബഹുസ്വരതയുടെ അടിസ്ഥാന ശിലയായ മനുസ്മൃതിയെയാണ്.. പണ്ട് വയലാർ എന്ന മഹത്തായ കവി പാടിയതുപോലെ ഭഗവത് ഗീതകൊണ്ട് ആരൊക്കയോ മറക്കാൻ ശ്രമിക്കുന്നത്... ഇവിടെ ഒന്ന് ചിന്തിക്കണം.. കർമ്മമാണ് എല്ലാത്തിനും അടിസ്ഥാനം എന്ന മനു ചിന്തയെയാണ് ഇവിടെ ഭഗവത് ഗീതക്ക് പോലും മൂല കാരണമായത് നമുക്ക് ദർശിക്കാം...
ഒന്നുകൂടി പറയട്ടെ എന്നും ഭാരതം ഉയർത്തിപ്പിടിച്ചത് അതിന്റെ മൂല്യങ്ങളിൽ ബഹുമുഖ ചിന്താ സരണികളും അതിന്റെ പ്രായോഗികതയും അതിലൂടെയുള്ള മോക്ഷവും ആയിരുന്നു... അതിന്റെ മുഖ ഭാവം എന്നും സഹിഷ്ണുത തന്നെ.. അത് എല്ലാം വികാരങ്ങളിലും ഉൾക്കൊള്ളുവാനും ഈ മണ്ണിന് കഴിഞ്ഞിട്ടുണ്ട്... അവിടെ ഒരിക്കലും ഹിംസ കടന്നു ചെല്ലുവാൻ സമ്മതിച്ചിരുന്നില്ല... അതാണ് ഗീതയും നമുക്ക് പറഞ്ഞു തരുന്നത്...
യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത...
അഭ്യുത്ഥാനാം അധർമസ്യ തദാത്മാനംസുജാമ്യഹം
പരിത്രാണായസാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർതഥായാം സംഭവാമി യുഗേയുഗേ...
ഇവിടെ ഭഗവത് ഗീതയുടെ ചിന്ത അത് തന്നെ ആണ് നമ്മളെ പഠിപ്പിക്കുന്നത്... എവിടെ അധർമ്മം ധർമ്മത്തെ തകർക്കുന്നുവോ? അല്ലെങ്കിൽ അധർമ്മം ധർമ്മത്തെ ജയിക്കാൻ ശ്രമിക്കുന്നുവോ? അവിടെ ഞാൻ അല്ലെങ്കിൽ ഞാൻ വിടുന്ന എന്റെ പാണികൾ ധർമ്മം പുനഃസ്ഥാപിക്കാൻ ഓടി എത്തും എന്ന്...
ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ മുഖമുദ്ര തന്നെ ധർമ്മവും സത്കർമ്മവും ആണെന്ന് ഉത്ഘോഷിക്കുന്ന ഭരണാധികാരിയും അത് നടപ്പാക്കാനായി ഒരു വ്യക്തിയധിഷ്ഠിത ധർമ്മ ശാസ്ത്രവും... അത് പ്രയോഗവൽക്കരിക്കാൻ ഉതകുന്ന നിയമവും... അത് ലംഘിച്ചാൽ ആ വ്യക്തിക്കും സമൂഹത്തിനും മാത്രമല്ല മാനവരാശിക്കാകെ നാശമാണ് ഫലം എന്ന ചിന്താധാര ലോകത്തിന് നൽകാൻ ആദിമ മനുഷ്യനും അവന്റെ ചിന്തകളും വളർന്നിരുന്നു എന്നാണ് നമ്മൾ ഇതിൽ നിന്ന് മനസിലാക്കേണ്ടത്... ഇവിടെ ഒന്നുകൂടി മനസിലാക്കണം... എന്നും സമൂഹത്തിന്റെയും മാനവരാശിയുടെയും നന്മക്കായി അവരുടെ ഇടയിൽ നിന്ന് ഉയർന്നു നിന്ന് ചിന്തിക്കുന്നവരെ, കർമ്മം അനുഷ്ഠിക്കുന്നവരെ.... സ്വയം ഉയർത്തി ദേവഭാവം നല്കുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ... എന്ന് വച്ചാൽ കാലാകാലങ്ങളിൽ ഉള്ള സാമൂഹിക ചിന്തയുടെ മുകളിൽ ചിന്തിക്കുന്നവരെ ബഹുമാനിക്കണം എന്നർത്ഥം... ഇന്ന് നമുക്കിടയിൽ കാണാൻ കിട്ടാത്തതുമായ ചിന്ത അത് തന്നെ...
ഇവിടെ പ്രകൃതർ ആയിരുന്നു എന്ന് നമ്മൾ പുച്ഛിക്കാൻ ശ്രമിക്കുന്നവർ എന്നും നമ്മളിൽ നിന്നും പതിന്മടങ്ങ് ഉയർന്നു ചിന്തിച്ചിരുന്നു എന്നതായിരുന്നു സത്യം... ഇന്ന് ഭൂകന്പവും അഗ്നിപർവ്വത സ്ഫോടനവും സുനാമിയും നമ്മൾ നേരെത്തെ അറിയണം എന്ന് ഉണ്ടെങ്കിൽ സായിപ്പിന്റെ ഉപകരണങ്ങളും സമയം അറിയേണമെങ്കിൽ മൊബൈൽ ഫോണും നിർബന്ധം എന്നോർക്കുക... അങ്ങനെയുള്ള നമ്മുടെ പൂർവ്വികർ സ്വന്തം ആവാസവ്യവസ്ഥ പൂർണ്ണമായും നഷ്ട്ടപ്പെടും എന്ന് മുന്നിൽ കണ്ട് അവരുടെ ലോകം തന്നെ പറിച്ചുനടാൻ തയ്യാറായി എന്ന് മനസിലാക്കുക... ഇവിടെയോ വികസനം വേണം എന്ന് ശഠിക്കുകയും ഭരിക്കുന്നവർ പറ്റിയാൽ ഭക്ഷണം പാകം ചെയ്ത് വീട്ടിൽ കൊണ്ടുതന്നാൽ നല്ലത് എന്ന് ചിന്തിക്കുകയും... വികസന വഴിയിൽ ഭീകരപ്രവർത്തനത്തിന് കൂട്ട് ചേരുകയും ചെയ്യുന്ന ഇരട്ടത്താപ്പല്ലേ അനുവർത്തിക്കുന്നത്...
മനു എന്താണ് നമ്മളെ മനസിലാക്കിക്കാൻ പറഞ്ഞു വച്ചത്... അതിൽ ആദ്യം ചാതുർവർണ്യം എന്ന ഭയങ്കരമായ പ്രയോഗത്തെപ്പറ്റി ചിന്തിക്കാം... എനിക്ക് തോന്നുന്നത് ഇവിടെയും അദ്ദേഹം ഉയർന്നു തന്നെ ആണ് ചിന്തിച്ചത് എന്നാണ്... ഇനി തുടർന്ന് വായിക്കുന്നവർക്ക് വിയോജിപ്പ് ഉണ്ടാകാം... കാരണം കേട്ട് പഴകിയത്, ഈ പറച്ചിലിലൂടെ എന്തോ ദ്രോഹം അദ്ദേഹം ചെയ്തു എന്ന് തന്നെ ആണെല്ലോ? അദ്ദേഹം ഇവിടെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത കാര്യങ്ങൾ പറഞ്ഞു വച്ചിട്ടുണ്ട്... അതിനെ അൽപ്പജ്ഞാനികൾ.. വിശകലനം ചെയ്ത്... അമൃതിനെ വിഷമാക്കി കാളകൂടമാക്കി നമുക്ക് തന്നു അല്ല തരുന്നു എന്നാണ് എന്റെ പക്ഷം...
അദ്ദേഹം സമൂഹത്തിനെ ഒരു മനുഷ്യ ശരീരമായാണ് വിവക്ഷിച്ചത്... ഒരു മനുഷ്യ ശരീരത്തിൽ ഒന്ന് ഉത്കൃഷ്ടമായത് വേറൊന്ന് നികൃഷ്ടമായത് എന്ന് അതിന്റെ ഉടമയായ ഒരു മനുഷ്യനും ചിന്തിക്കും എന്ന് എനിക്ക് തോന്നുന്നില്ല... കാരണം ഒരു പൂർണ്ണമായ മനുഷ്യന്റെ എല്ലാ അവയവങ്ങളും അവന് പ്രിയപ്പെട്ടത് തന്നെ.. അതിനാൽ ആ ഉദാഹരണം തന്നെ ആണ് മനുപ്രജാപതി ഇവിടെ പ്രയോഗിച്ചത് എന്ന് ഞാൻ പറയും... അദ്ദേഹം പറഞ്ഞു.. വദനത്തിൽ നിന്ന് ബ്രാഹ്മണൻ... വക്ഷസ്സിൽ നിന്ന് ക്ഷത്രിയൻ.. നാഭിയിൽ നിന്ന് വൈശ്യനും പാദത്തിൽ നിന്ന് ശൂദ്രനും പിറവി കൊള്ളുന്നു... അവിടെ ഒന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്... ആരും ജന്മം കൊണ്ട് ഈ പദവിയിൽ എത്തുന്നില്ല... പിന്നയോ കർമ്മമാണ്.. നിങ്ങൾ ഇതിൽ എവിടെ നിൽക്കുന്നു എന്ന് തീരുമാനിക്കുന്നത്...
ജ്ഞാനം സ്വീകരിക്കുന്നത് എന്നും വദനം... എന്ന് വച്ചാൽ മുഖം കൊണ്ടും, ധൈര്യം അല്ലെങ്കിൽ സമൂഹ രക്ഷക്കുള്ള ഉത്തരവാദിത്യം ഏറ്റെടുക്കുന്നത് ഹൃദയം കൊണ്ടും... കൊടുക്ക വാങ്ങലുകൾ നാഭികൊണ്ടും സേവനം പാദങ്ങൾ കൊണ്ടും നിർവഹിക്കുന്നു എന്നെ ഇവിടെ അർത്ഥമാക്കേണ്ടതുള്ളൂ... അതിനെ വ്യവഹരിച്ചും വിശകലനം ചെയ്തും അതിന്റെ ന്യായാന്യായങ്ങളെ ഇഴപിരിച്ചു ചർവിത ചാർവ്വണം ചെയ്താൽ എന്ത് നേട്ടം എന്ന് പോലും ചിന്തിക്കാൻ കഴിവില്ലാത്തവർ നമ്മളെ നയിക്കാൻ ശ്രമിക്കുന്പോൾ വെറും ചാവാലിക്കുട്ടങ്ങളെ പോലെ നയിക്കപ്പെടാൻ നിന്ന് കൊടുക്ക മാത്രമാണോ നമ്മളുടെ വിധി... അതാണോ മനുവിന്റെ മക്കൾ എന്ന പേരുമായി നടക്കുന്ന മനുഷ്യ ജന്മങ്ങളുടെ കർത്തവ്യം...
ഇനി വിവാദം സൃഷ്ട്ടിച്ച അടുത്ത ശ്ലോകം....
പിതാ രക്ഷതി കൗമാരേ
ഭർതൃരക്ഷതി യൗവനേ...
പുത്രോ രക്ഷതി വാർദ്ധക്യ
നഃ സ്ത്രീ സ്വാതന്ത്ര്യ മർഹതി...
ഇതിൽ നഃ സ്ത്രീ സ്വാതന്ത്ര്യ മർഹതി എന്ന ഭാഗം മാത്രം അടർത്തിയെടുത്ത്... ചില കുബുദ്ധികൾ പ്രചാരണം ആരംഭിച്ചു... അത് ചർച്ചകളുടെ ബാലികേറാമലകൾ സൃഷ്ട്ടിച്ചു... മനു പറഞ്ഞു സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല... മനു സ്ത്രീ വിരോധിയാണ്... അപ്പോൾ മനു വാദികളും... അവരെ ഒറ്റപ്പെടുത്തണം... എത്ര മ്ലേച്ഛമാണ്... നമ്മുടെ ഉള്ളിലുള്ള പ്രാകൃത ചിന്തക്ക് വളം ഏകാൻ... മന്വോന്ദരങ്ങൾക്ക് മുൻപ് കടന്നുപോയ ഒരു മനുഷ്യജീവിയെ കാലങ്ങളോളം ഭള്ള് വിളിക്കുക... അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തവും ശക്തവും ആണ്... കാര്യങ്ങൾ അദ്ദേഹം വളരെ കൃത്യമായി പറഞ്ഞു വച്ചിരിക്കുന്നു...
മലയാളത്തിൽ ഒരു കാവിവര്യൻ ഇന്നിന്റെ യാഥാർഥ്യത്തെയും വെളിവാക്കുന്നു...
നാരിയെ പുജിപ്പതെങ്ങ് അങ്ങ് ദേവതാരാമത്തിൽ മാത്രമോ?
അതെ ആ ചോദ്യം വീണ്ടും വീണ്ടും പ്രസക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മനുവിന്റെ വാക്കുകൾ വ്യക്തമാക്കണം.... നാരി ( സ്ത്രീ) പുജിക്കപ്പെടേണ്ടവൾ ആണ്... അല്ലാതെ സംരക്ഷിക്കപ്പെടേണ്ടവൾ മാത്രമല്ല... അത് ഭാരതത്തിൽ എന്നും പിന്തുടർന്നിരുന്നു...
അത് കൊണ്ടാണ്.. ഇവിടെ സീതയും സാവിത്രിയും സതിയും ദൈവങ്ങൾ അല്ലെങ്കിൽ അവരുടെ അവതാരങ്ങൾ ആയി വിവക്ഷിച്ചിരുന്നത്..ഝാൻസി റാണിയും റസിയ ബീഗവും റാണി ലക്ഷ്മിഭായിയും ഒക്കെ വീര വനിതകളായി ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടത്... ലോകത്തെ മറ്റ് സംസ്കാരത്തിലേക്ക് നോക്കൂ... അവിടെ എത്ര വീര വനിതകളെ കാണാം... അതൊക്കെ കൊണ്ടാണ് സോളമന്റെ ക്ഷേത്രത്തിലെ തിരുക്കാസ ഇന്നും പ്രഹേളികയായി ലോകത്തെ ചുറ്റുന്നതും...
ഇന്നിന്റെ യാഥാർഥ്യം എന്താണ് സ്ത്രീ വെറും ഭോഗ വസ്തു... അല്ലെങ്കിൽ കച്ചവട ചരക്ക്... അത് ഇവിടെ എത്തിച്ചത് ആരാണ്... യുഗങ്ങളായി കാലാകാലങ്ങളായി ഇവിടേയ്ക്ക് കടന്നു വന്ന അധിനിവേശക്കാരും സിയോണിസ്റ്റുകളും... ഒന്നോർക്കുക അവരുടെ ഉൽകൃഷ്ട്ട ചിന്തയെയും ഏറ്റുവാങ്ങി ഗർഭത്തിൽ ഒളിപ്പിച്ചു വിത്തായി ചെടിയായി മരമായി വളർത്തി താലോലിച്ച മണ്ണാണ് ഭാരതം.. അതിന്റെ പിൻപുറ്റുകൾ ആണ്... ശൈവചിന്തക്കിപ്പുറമുള്ള എല്ലാ ചിന്തകളും... ഭാരതമണ്ണിൽ ആദ്യം ജനിച്ചത് ഈ ശൈവ ചിന്തയുടെ മുകുളങ്ങളും അത് തന്നെ ആണ് പിന്നെ വളർന്നു പന്തലിച്ച വടവൃക്ഷങ്ങളായി പരിണമിച്ചത്... അതിന്റെ അവിശിഷ്ട്ടങ്ങൾ ഭാരതത്തിന്റെ മുക്കും മൂലയിലും സമൃദ്ധവുമാണ്...
എന്നാൽ അതെ ഭാരത മണ്ണിൽ ഏറ്റവും കൂടുതൽ ചവുട്ടി അരക്കപ്പെട്ടതും അക്രമിക്കപ്പെട്ടതും ഇതേ ശൈവ ചിന്തകൾ തന്നെ... ഇന്നും അത് ആവർത്തിക്കുന്നു... അതിനു ആദ്യം ശ്രമിച്ചത് സനാതന ധർമ്മ ചിന്ത തന്നെ... വൈഷ്ണവ ചിന്തയിൽ അടിസ്ഥപ്പെടുത്തിയ ഇത് എന്നും അധിനിവേശത്തിലൂടെ കീഴപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതി ഭീകരമായ രക്തപുഴകൾ മാത്രമായിരുന്നു എന്നും സൃഷ്ടിക്കപ്പെട്ടത്.. അവസാനം ഇതിലേക്ക് കടന്നു വന്ന ബുദ്ധ ചിന്ത ഇതിനെ ത്രിമൂർത്തി സങ്കൽപ്പത്തിലേക്ക് മാറ്റിയെങ്കിലും... അധിനിവേശത്തിന്റെ അടരുകൾ ഇന്നും തുടരുന്നു...
ഉദാഹരണം ശൈവ ചിഹ്നങ്ങളും അതിന്റെ പ്രയോഗങ്ങളും തന്നെ... പുണുൽ ധരിക്കുന്നത് തന്നെ ഉദാഹരിക്കാം... പഴയ സംസ്കാരത്തിൽ പൂജ ചെയ്യാൻ തുടങ്ങുന്ന ആരും ധരിക്കുന്ന ഒരു പ്രതീകാത്മകമായ ചിഹ്നം ആയിരുന്നു അത്... പഞ്ചഇന്ദ്രിയ ചിന്തയെ ബന്ധിച്ചു ഈശ്വരനിലേക്ക് കേന്ദ്രികരിക്കാനുള്ള പ്രതീകം... അതിനെ എവിടെയോ ഏതോ കാലങ്ങളിൽ വരേണ്യതയുടെ മുഖച്ഛായ ആയി പുനർസൃഷ്ടിക്കപ്പെട്ടു... ഒരു ചെറിയ ഉദാഹരണം ചുണ്ടി കാണിച്ചു എന്ന് മാത്രം... ചുറ്റും നോക്കിയാൽ ഇത് പോലെ പലതും കാണാം...
ആദ്യം ശൈവ ചിന്തയെ പിന്നോക്കവത്കരിക്കാനായിരുന്നു ശ്രമം, പിന്നെ ചിന്തയെ മാറ്റി ആ സമൂഹത്തെ പിന്നോക്കവത്കരിച്ചു... അതിൽ നിന്ന് മോചിപ്പിക്കാൻ പല സാമൂഹിക പരിഷ്കർത്താക്കളും ശ്രമിച്ചപ്പോൾ ദളിതർ എന്ന പേര് നൽകി അവരെ പാർശ്വവൽക്കരിക്കാനായി സിയോണിസ്റ്റുകളുടെയും അവരുടെ പിണിയാളുകളുടെയും ശ്രമം... അവരെ മുഖ്യധാരയിലും സമൂഹ മധ്യത്തിലും എന്നും ചിലർ ഭയപ്പെട്ടിരുന്നു എന്നതായിരുന്നു സത്യം... ഇന്ന് മനുസ്മൃതിയെ വരേണ്യവൽക്കരിച്ചു അതിൽ അധിനിവേശം നടത്താൻ ഉദ്ദേശിക്കുന്ന അഭിനവ സിയോണിസ്റ്റുകളും അവരുടെ കുഴലൂത്തുകാരും ശ്രമിക്കുന്നത്...
അവർ തേടുന്നത് അവർക്കിടയിലുള്ള ക്രിമിലെയറുകളെ എന്നത് ഇന്നിന്റെ യാഥ്യാർഥ്യമാണ്... പാർശ്യവൽക്കരിക്കപ്പെട്ട മണ്ണിന്റെ മക്കളെ സമൂഹത്തിന്റെ മുകൾത്തട്ടിലേക്ക് ഉയർത്തുന്നു എന്ന നാട്യത്തിൽ അവർക്കിടയിലേക്ക് അപ്പക്കഷണങ്ങൾ വലിച്ചെറിയുകയാണ്... കാരണം എന്നും വോട്ട് ബാങ്കുകൾ ആയി അവർ നില നിൽക്കേണ്ടത് ചിലരുടെ അഷ്ട്ടി പുരണത്തിന്റെ ആവശ്യകതയാണ്... അവരുടെ യഥാർത്ഥ ചിന്താസരണികളെ മരവിപ്പിച്ചു വെറും പാവസമൂഹമായി നിലനിർത്തിയാൽ കാലികമായും കലാകാലമായും ഉദരപുരണ മാർഗ്ഗമായി നിലനിർത്താം അത്ര തന്നെ...
ഇവിടെ ഒന്നോർക്കുക... ആദിമ ചിന്തയും ശരിയായ ചിന്തയുടെ അടിസ്ഥാനവുമായ മനുസ്മൃതി എന്ന ചിന്താധാരയെ ഭയക്കുന്നത്.... അവർ ഇന്നും ഇവിടെ നമുക്കിടയിൽ ഒളിച്ചിരിക്കുന്നു എന്നാണ് ഇത്തരം അപക്വവും നിരുത്തരവാദപരമായ ജൽപ്പനങ്ങൾ പുറത്തുവിടുന്നത്... ഇന്നതിന് ചെവികൊടുത്തൽ ആ വരി നീണ്ടുപോകും അതിൽ വേദങ്ങളും ഉപനിഷിത്തുകളും ഒപ്പം നവമതാവബോധന ഗ്രന്ഥങ്ങൾ വരെ ഇടം പിടിക്കും... ഇത്തരം പ്രവണതകൾ മുളയിലേ നുള്ളുന്നതാണ് ഉത്തമം... ഇത്തരം അപക്വരായ നേതാക്കളെ പിന്തുടരുന്നതും അവർക്ക് വേദിയൊരുക്കുന്നത് പോലും അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു... അവരെ ആഘോഷിക്കുന്നത് നിർത്താനുള്ള മര്യാദ മാധ്യമങ്ങൾ നിർത്തിയാൽ നന്ന്... ഇത് വെറും കയ്യടി വാങ്ങാനുള്ള അധരവ്യായാമങ്ങൾ മാത്രമായി കരുതി തമസ്കരിക്കുക...
ഇവിടെ ഒന്നോർക്കുക മഹാഭാരതത്തിൽ തുടക്കത്തിൽ പറയുന്നപോലെ ഇന്നിന്റെ ആഘോഷങ്ങളായ എല്ലാ തത്വ ചിന്തകളുടെയും അടിസ്ഥാനം തന്നെ ആർഷഭാരത സംസ്കാരം ലോകത്തിന് നൽകിയ വരദാനം തന്നെ ആണ്... മണ്മറഞ്ഞ മഹാരഥന്മാർ ബാക്കി വച്ചു പോയ ചിന്താശകലങ്ങളുടെ ബഹിർസ്പുരണങ്ങൾ മാത്രം... അതിനെ പർവ്വതീകരിച്ചു ആധുനിക സിയോണിസ്റ്റുകൾ അവരുടെ കൊടിതോരണങ്ങളും തൊങ്ങലും ചേർത്ത് സമത്വഭാവനയുടെ കൈയൊപ്പും ചാർത്തി തന്നപ്പോൾ നമ്മൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നവരായി പരിണമിച്ചു...
ഇന്ന് സ്ത്രീ സ്വാതന്ത്ര്യവും സർവ്വതന്ത്ര സ്വാതന്ത്ര്യവും ഉൽഘോഷിക്കുകയും അതിനായി അഹോരാത്രം അധരവ്യായാമം ചെയുകയും ചെയ്യുന്പോൾ ഒന്ന് മാത്രം ചെയ്യുക... ഇതിനിടയിൽ സമയം അനുവദിക്കുന്നു എങ്കിൽ പാശ്ചാത്യ സംസ്കാരത്തിന്റെ ഇന്നത്തെ ഉൾപ്പിരിവുകൾക്കിടയിലേക്ക് ഒന്ന് ഊളിയിടുക... അവിടുത്തെ ചലങ്ങളും പഴുപ്പുകളും നിറഞ്ഞ ദുർഗന്ധത്തിൽ തെന്നി വീഴുന്പോഴെ ഭാരത ചിന്തയെയും അതിന്റെ ഉൽകൃഷ്ടതയെയും തിരിച്ചറിയൂ... സ്വാതന്ത്ര്യമാണ് എല്ലാത്തിലും ഉപരി... അതിന്റെ മുന്നിൽ ആഹാരവും വസ്ത്രവുംപോലും വലിച്ചെറിയാം എന്ന് പരസ്യമായി പ്രഖ്യാപിച്ച പൂർവ യൂറോപ്പിന്റെയും പഴയ സോവിയറ്റ് യൂണിയന്റെയും ഇന്നത്തെ അവസ്ഥയെ ഒന്ന് ശ്രദ്ധിക്കുന്നതും നല്ലത് തന്നെ...
ഇവിടെ നമുക്ക് ഒന്ന് തീരുമാനിക്കാം... നമ്മുടെ നാട്ടിൽ തദ്ദേശീയമായി ഉരുത്തിരിഞ്ഞ എല്ലാം തുടരട്ടെ അതിൽ ചിന്തകൾക്കും അവയുടെ ക്രോഡീകരണങ്ങൾക്കും എന്തിന് ഒരു അസ്പർശ്യത... അവയും അവയോടൊപ്പം ഇന്നിന്റെ നവചിന്തകളും നാളെക്കായി മാറ്റി വയ്ക്കാം... അടുത്ത തലമുറ അതും പടിക്കട്ടെ... അതിലെ ശരിയും തെറ്റും കണ്ടെത്തി അവർ തിരുത്തുകയും കൂടുതൽ കൂട്ടിച്ചേർക്കലുകളും നടത്തട്ടെ... എന്തിന് ഒരു അസഹിഷ്ണുത... ഭാരത ചിന്തയുടെ അടിസ്ഥാനം തന്നെ സഹിഷ്ണുത അല്ലേ... മറിച്ചായാൽ നമ്മുടെ പൂർവ്വികർ നമുക്ക് നൽകിയതിനെ നിഷേധിക്കുകയാവാം... അതിന് നമുക്ക് എന്തർഹത.... നമ്മൾ ഇന്നലെയുടെ പതാക വാഹകർ എന്ന് ചിന്തിക്കുന്നതല്ലേ ശരി... നന്മയുടെ കൊടിമരങ്ങളാവാൻ സ്വയം തയാറെടുക്കാം....
Comments
Post a Comment