ആമി

ആമി 


ആമി അവൾ ഒരു തളിരിലയായിരുന്നു.... ഗ്രാമത്തിന്റെ നെറുകയിൽ ചാർത്തിയ തിലകക്കുറി.... പാട്ടുപാവാടയിലും തിളങ്ങുന്ന ബ്ലൗസിലും പൊതിഞ്ഞ തുളസിക്കതിരിന്റെ നൈർമല്യം.... അവളുടെ ചിരിയിൽ കവിളിൽ വിടരുന്ന നുണകുഴികളെ മാരിവില്ലിന്റെ ശോഭയോട് ഉപമിച്ചത് ആരായിരുന്നു എന്നോർക്കുകയായിരുന്നു അവൻ.... ചിരിയുടെ ശബ്ദം അരുവിയുടെ കളകളാരവത്തോട് ചേർത്തുവച്ചവനെയും... എങ്കിലും അവൾ ഗ്രാമത്തിന്റെ ചിലങ്ക തന്നെ ആയിരുന്നു എന്നവൻ ഓർത്തു... 

പതിനേഴിന്റെ നിറവിൽ ഗ്രാമം വിട്ട് അങ്ങ് ദൂരെ നഗരത്തിലെ എൻജിനീയറിങ് കോളേജിലേക്ക് കൗമാരം പറിച്ചുനടും വരെ അവനും ഗ്രാമത്തിന്റെ ഇടവഴികളിലും വിശുദ്ധിയിലും ഓടി നടന്ന ബാല്യകൗമാരം തന്നെ ആയിരുന്നു... ഗ്രാമത്തിലെ ഏക പലവ്യഞ്ജന കടയുടെ ഉടമയും നടത്തിപ്പുകാരനും ആയ തെക്കേവയലിൽ ഗോപാലൻനായരുടെ മകൻ... ഇടനേരങ്ങളിൽ അച്ഛനെ സഹായിക്കാൻ അമ്മ ഓടിച്ചു വിടുന്ന, കടയിലെ സഹായിയുടെ വേഷവും കെട്ടാറുണ്ടായിരുന്ന കൗമാരക്കാരൻ...    

അവൻ പഠിക്കാനായി നാടുവിടും മുൻപ് വരെ മുത്തശ്ശൻ ഭാസ്കരപിള്ളയുടെ കൈകളിൽ തൂങ്ങി വൈകുന്നേരങ്ങളിൽ കടയിൽ വരുന്ന കിലുക്കാംപെട്ടിയായ പെറ്റിക്കോട്ടുകാരി, അതായിരുന്നു അവൾ ആമി... സമയത്ത് കടയിൽ വരുന്ന ആരോടും സങ്കോചമില്ലാതെ പെരുമാറുകയും ഇടയിൽ പാട്ട് പാടുകയും അഭിനയിക്കുകയും ഒക്കെ ചെയുന്ന കുറുന്പുകാരി.... ഭാസ്കരപിള്ളെയുടെ മകൾ ശ്രീദേവിയുടെയും പട്ടാളക്കാരൻ മേജർ വിജയൻ പിള്ളയുടെയും മകൾ.... 

നാല് വർഷങ്ങൾ കടന്നു പോയത് പെട്ടന്നാണ്... പഠിത്തം കഴിഞ്ഞു നാട്ടിൽ എത്തി പഴയ സതീർഥ്യർക്കൊപ്പം നടവഴിയിൽ കലുങ്കിൽ സായാഹ് വായിനോട്ടം നടത്തുന്പോൾ മുന്നിലൂടെ കടന്നു പോയ കൗമാരക്കാരിയെ കണ്ടപ്പോൾ ആദ്യം വാ പൊളിച്ചു പോയി.. തിളങ്ങുന്ന മഞ്ഞ ബ്ലൗസും അതിനു ചേരുന്ന പാവാടയും നെഞ്ചിൽ അടുക്കിയ പുസ്തകങ്ങളുമായി നടന്നു പോകുന്ന പേടമാൻ മിഴിയിൽ കണ്ണുടക്കുക സ്വാഭാവികം... അത് ആമിയാണ് എന്നറിഞ്ഞപ്പോൾ ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല.. നാല് വർഷം കൊണ്ട് കാലമായ കലാകാരൻ അവളുടെ മേനിയിൽ ചിത്രപതംഗങ്ങളെ  നിരവധി വരച്ചു ചേർത്തിരിക്കുന്നു...  

അഴകളവുകൾ തികഞ്ഞ കൗമാരം വിരുന്നു വന്ന ശരീരവും അതിൽ തൊങ്ങലുകൾ ചാർത്തിയ അവളുടെ ഭാവവും അവന്റെ ഉള്ളിലും തീർത്തു അഭിനിവേശത്തിന്റെ ആദ്യ മുകുളങ്ങൾ... നിഷ്കളങ്കത കളിയാടിയിരുന്നപഴയ മുഖത്താവിൽ മിന്നി മറയുന്ന കാമന്റെ പുഷ്പശരങ്ങളിൽ യൗവനയുക്തന്റെ ഹൃദയം തറക്കുന്നതും പുതുമ ആയിരുന്നില്ല... അവന്റെ സ്വപ്നങ്ങളും ചിറകടിച്ചുയർന്നു... ഒപ്പം അവനറിയുന്നുണ്ടായിരുന്നു അവന്റെ കൂട്ടുകാരുടെ മനോഗതങ്ങളും... 

നാട്ടുത്സവത്തിന്റെ ആലോചനയോഗത്തിൽ ഊരായ്മയും, തന്ത്രിയും, ശാന്തിയും ഒക്കെയായ വൃദ്ധ നന്പൂതിരി തന്റെ ശുഷ്ക നെഞ്ചിലെ നരച്ച തലമുടി തലോടി പറഞ്ഞ വാചകം കേട്ടപ്പോൾ അവനോടൊപ്പം മറ്റു ചെറുപ്പക്കാരും ഗുഢമായി മന്ദഹസിച്ചു... ക്ഷേത്രത്തിൽ ഇപ്പോൾ നല്ല തിരക്കാണ്... ചെറുബാല്യക്കാരുടെ, പ്രത്യേകിച്ച് ചൊവ്വയും വെള്ളിയും പുലർച്ചെ... എന്നാൽ നടവരവ് 'ക്ഷ' കഷ്ടി താനും.... ചൊവ്വയും വെള്ളിയും ആമി നിത്യതൊഴീലിന് വരുന്നത് നന്പൂതിരി അറിയാതിരിക്കില്ല എന്ന് ഓർക്കുകയായിരുന്നു അവരപ്പോൾ.....  

കാലം ആരെയും കാത്ത് നിൽക്കില്ലല്ലോ... ദുബായിൽ അഞ്ചക്കത്തിൽ തുടങ്ങി പിന്നെ ആറക്കത്തിൽ എത്തിയ ശന്പളവുമായി അവന് ജോലി ശരിയായതും... ഒപ്പം നാട്ടിലെ അവന്റെ സഹചാരികളായ ഒട്ടു മുക്കാൽ വായിനോക്കികളും കടൽകടന്നതും ഒക്കെ കാക്കയുടെ കൂട്ടിൽ കല്ല് വീണത് പോലെ ആയിരുന്നു.... ഇതിനിടയിൽ മേജർ വിജയൻ അടിത്തൂൺ പറ്റി ഇരുന്പ്പെട്ടിയുമായി നാട്ടിൽ സ്ഥിരതാമസമായതും ഒക്കെ കാലചക്രത്തിന്റെ തിരിയലിന്റെ അനിവാര്യത മാത്രമായി... ഇതിനിടയിൽ ഗ്രാമത്തിലെ നടവഴികൾ ടാറിട്ടതും അതിലൂടെ നഗരത്തിലേക്ക് വർണ്ണം പൂശിയ പ്രൈവറ്റ് ബസ്സുകൾ ചീറി പായുന്നതും കൗതുകമല്ലാതെ ആയി... 

ആദ്യമായി ദുബായിൽ നിന്ന് നാട്ടിൽ എത്തി, അച്ഛന്റെ കടയിൽ ഇരുന്ന് പുറത്തേക്ക് നോക്കുന്പോൾ എതിർവശത്തെ ബസ്റ്റോപ്പിൽ നഗരത്തിലെ വലിയ കോളേജിലേക്ക് ബസ്സ് കാത്ത് നിൽക്കെയാണ് ഗ്രാമ വസന്തം.... വിടർന്നു ചിരിക്കുന്ന പൂക്കൾ നിറഞ്ഞ പൂമരം പോലെ യൗവനം നിറകതിർ ചുടിച്ച ആമിയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ വസന്തകാലപ്പറവകൾ ചിറകടിച്ചുയർന്നു... അവളെ സ്വന്തമാക്കണം എന്ന ചിന്ത വിവാഹ ആലോചനയായി അമ്മയിലൂടെ അച്ഛനിൽ എത്തിക്കണം എന്ന തീരുമാനം ചില്ല് ജാലകം പോലെ ഉടഞ്ഞു തകർന്നത് അച്ഛന്റെ അത്താഴ സംസാരത്തിൽ ആണ്... 

എടി.... നീ അറിഞ്ഞോ നമ്മുടെ മേലേപ്പാട്ടെ പിള്ളയുടെ കൊച്ചുമകളെ സർക്കാരുദ്യോഗസ്ഥനെ കൊണ്ടേ കെട്ടിക്കുന്ന്... അയാളുടെ മരുമകൻ പട്ടാളക്കാരൻ... വലിയ വായിൽ ഗീർവാണം വിടുന്നു..... 

അത് നിങ്ങൾ എങ്ങനെ അറിഞ്ഞു.... അമ്മയുടെ ചോദ്യത്തിന് അച്ഛൻ മറുപടി പറഞ്ഞത് രണ്ടു വായ് ചോറ് ചവച്ചിറക്കിയതിന് ശേഷമാണ്... 

അതോ.... അത്... പ്ലാമൂട്ടിലെ ചീരാമന്റെ പുത്തൻപണക്കാരൻ മകന് വേണ്ടി... ഒരാലോചന, ബ്രോക്കർ ബാബു കൊണ്ടുചെന്നു പോലും... പട്ടാളക്കാരൻ പഴയ തോക്കുമായി ചാടുന്നത് കണ്ട് ബാബു ഓടിയെടുത്തു പുല്ല് കിളിക്കില്ല എന്നാണ് നാട്ടിലെ സംസാരം... ഇടയിൽ അയാൾ ഇതും വിളിച്ചു പറയുന്നുണ്ടായിരുന്നു. ...        

അത്താഴത്തിന്റെ ഇടക്ക് ചോറ് നിറുകയിൽ കയറിയ അവന്റെ തല തിരുമിയ അമ്മക്കറിയാമായിരുന്നില്ല തോക്കിലെ ഉണ്ടയില്ലാ വെടി അവന്റെ നെഞ്ചിലാണ് കൊണ്ടത് എന്ന്... 

പിന്നെ എപ്പോഴാണ് നിരഞ്ജന അവന്റെ ജീവിതത്തിലേക്ക് കയറി വന്നതും അവർ ദുബായിലേക്ക് പറന്നതും.. അവിടെ അവർക്കായി രണ്ട് പുഷ്പങ്ങൾ വിടർന്നതും... ഇതിനിടയിൽ ആദ്യം അച്ഛനും പിന്നെ അമ്മയും അടുത്ത നാളുകളിൽ കാലയവനികക്കുള്ളിലേക്ക് നടന്നു പോയതും എല്ലാം ആകസ്മികങ്ങളായി അവന് കാലം നൽകിയ അനുഭവങ്ങൾ ആയിരുന്നു... അതിൽ കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥകളും അവൻ തരണം ചെയ്തു... 

നാട്ടിലേക്ക് അവസാനമായി വിമാനം കയറുന്പോൾ തലയിലെ ഭൂരിഭാഗം മുടിയിഴകളും കൊഴിഞ്ഞിരുന്നു... ബാക്കിയായവ വെളുത്ത് വെള്ളി കെട്ടിയത് പോലെയും... ഇതിനിടയിൽ കാത്തിരിക്കാൻ ആരുമില്ലാത്തതിനാൽ നാട്ടിലേക്കുള്ള വരവിന്റെ ഇടവേളകൾ വളരെ നീണ്ടിരുന്നു.. നാടിൻറെ നന്മയിൽ ഇനിയുള്ള കാലത്തിന്റെ കാത്തിരിപ്പാകാം എന്ന് തീരുമാനിക്കാൻ നിരഞ്ജനയുടെ നിർബന്ധം മാത്രമായിരുന്നില്ല കാരണം... ഉള്ളിൽ തുടിക്കുന്ന ഹൃദയത്തിന്റെ പ്രകോപനം കൂടി ഉണ്ടായിരുന്നു... അവൻ പറയാതെ പറഞ്ഞു ഇനിയും താങ്ങാൻ വയ്യ പിരിമുറുക്കങ്ങൾ എന്ന്... 

അച്ഛൻ ഉപേക്ഷിച്ചുപോയ കിളിക്കൂടിന്റെ ഭാഗത്ത് മഴമേഘങ്ങളെ ചുംബിക്കുന്ന മണിമാളിക തീർക്കുന്പോൾ പണക്കൊഴുപ്പിന്റെ പ്രകടന പരതക്കപ്പുറം... ആത്മസാക്ഷാത്കാരത്തിന്റെ അഭിമാനം കൂടി ചലിച്ചു ചേർത്തിരുന്നു... ഒരിക്കൽ ബാൽക്കണിയിൽ ചേർന്നിരുന്നു... നിരഞ്ജനയുടെ കയ്യിൽ നിന്ന് ചായവാങ്ങി മൊത്തുന്പോൾ അവളുടെ കൈകൾ ചൂണ്ടിയ ഭാഗത്തേക്ക് അയാളുടെ ദൃഷ്ടികൾ പാറി നടന്നു ... 
അവിടെ ചാവാലിപ്പശുക്കളുടെ പിന്നാലെ നടക്കുന്ന പേക്കോലം പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു... 


അപ്പോൾ നിരഞ്ജനയുടെ വാക്കുകളും അതിനോടൊപ്പം ഉതിർന്നു വീണു... അത് നോക്ക് എത്ര നല്ല നിലയിൽ കഴിഞ്ഞിരുന്ന സ്ത്രീ ആണ്... അച്ഛന്റെ  ഒറ്റ നിർബന്ധമായിരുന്നു പോലും സർക്കാർ ജോലിക്കാരനെ മരുമകനായി വേണം എന്നത്... അവസാനം കൈക്കൂലി കേസിൽ ജോലിയും പോയി... അതിന്റെ പേരിൽ കള്ള് കുടിച്ചു സ്വത്തുക്കളും.... ഇപ്പോൾ അവരുടെ അവസ്ഥ വളരെ ദയനീയമാണ്... ഇന്നലെ ഇവിടെ വന്നിരുന്നു.. മക്കളെ ദുബായിയിൽ വിടാൻ ചേട്ടനോട് ശുപാർശ ചെയ്യണം എന്ന് പറയാൻ... ഭാസ്കരപിള്ളയുടെ കൊച്ചുമകൾ ആമി എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു... അയാൾ വിദൂരതയിലേക്ക് നോക്കി ഇരുന്നു... കാലത്തിന്റെ കളമെഴുത്തിന്റെ അർത്ഥം മനസിലാക്കാതെ....       

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ