കൊടിയേറ്റം
കൊടിയേറ്റം
അവൻ എന്നും കൊടിയുടെ പിന്നാലെ ആയിരുന്നു... കൊടിയേറ്റങ്ങളുടെ... ചെറുപ്പത്തിൽ അവന്റെ മൂത്ത പെങ്ങളെയും രണ്ട് അനിയത്തിമാരെയും അമ്മയെയും ഉപേക്ഷിച്ചു അച്ഛൻ പടിയിറങ്ങിയതിന് പിന്നാലെ തുടങ്ങി അവനും കൊടിയേറ്റങ്ങളുമായുള്ള ബന്ധം.... ആദ്യം തെച്ചിക്കാവിലെ ഭഗവതിയുടെ അടുത്ത്..... പിന്നെ ഹനുമാൻ കോവിലിൽ... പിന്നെ തൃച്ചേറ്റുകര തേവരുടെ അടുത്ത്... അങ്ങനെ നീണ്ടു പോകും... ആ കൊടിയേറ്റങ്ങൾ……
ചിങ്ങത്തിലെ കൊയ്ത്ത് കഴിഞ്ഞാൽ തുടങ്ങുകയായി കൊടിയേറ്റങ്ങളുടെ കാലം... അത് അവസാനിക്കണമെങ്കിൽ മേടമാസം പിറന്ന് പത്താമുദയം കഴിയണം... അത് വരെ തെക്കേപ്പാട്ട് തറയിൽ ദിനേശന് കൊടിയേറ്റങ്ങളുടെ തിരക്കാണ്... അവന്റെ അമ്മ പറയും പഞ്ഞ കർക്കിടകം ഒന്ന് കഴിഞ്ഞു കിട്ടുക അത് ഒരു ഭാഗ്യം തന്നെ എന്ന്... അവർ പറയുക മലയാളത്തിലെ ആണ്ടറുതി ആണ് പോലും... പഴയതിനെ നക്കിത്തുടക്കുന്ന പേമാരി... തീരുന്പോൾ ബാക്കി വയ്ക്കുക പുതുമ നിറഞ്ഞ നാടും നാട്ടാരെയും മാത്രമെന്ന്...
പുതുനെല്ലിന്റെ മണവും കുത്തരിപ്പായസത്തിന്റെ രുചിയും ഓർക്കുന്പോൾ അവൻ പ്രാർത്ഥിക്കുക ഈ മഴയൊന്ന് ശമിച്ചെങ്കിൽ... വീട്ടിൽ എന്നും മേൽക്കൂരയിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളും നനഞ്ഞ അടുക്കളയിൽ വറുത്തുവയ്ക്കുന്ന പറന്പുകളിൽ നിന്ന് പെറുക്കുന്ന ധാന്യങ്ങളും കുരുക്കളും മാത്രം... പട്ടിണിയും രോഗവും കൊണ്ടുവരുന്ന ചേട്ടയുടെ നാളുകൾ... അവന്റെ മാത്രമല്ല പെങ്ങന്മാരുടെയും മുഖത്ത് നിശ്വാസങ്ങളും നെടുവീർപ്പുകളും മാത്രം... ജോലിക്ക് പോകുന്ന വീട്ടിലെ യജമാനമാർ കനിഞ്ഞാൽ മേൽക്കൂരയുടെ ചോർച്ച നിൽക്കും... അപ്പോഴും വയറിന്റെ ചോർച്ചക്കുള്ള മരുന്ന് മിക്കവാറും സ്വപ്‌നങ്ങൾ മാത്രം...
കൗമാരത്തിന്റെ വരവറിയിച്ചു കൊണ്ട് മൂക്കിന് താഴെ ചെന്പൻരോമങ്ങളിൽ കറുപ്പ് പടർന്ന് തുടങ്ങിയപ്പോൾ നിരവധി നിറങ്ങളുടെ കൊടികൾ അവനെ തേടി എത്തി... അതിന്റെ സാധ്യത അവന് പറഞ്ഞു കൊടുത്തത് മണപ്പാട്ടെ കുമാരൻ ആയിരുന്നു... ദിവസവും പലയിടങ്ങളിൽ ജാഥകൾ നിരവധി നടക്കുന്ന കാലം... അതിന് പോയാൽ കൊടിയേറ്റിന് പോകുന്നപോലെ അല്ല... അൽപ്പം അദ്ധ്വാനം ആവിശ്യമാണ്... ഇടയ്ക്കിടയ്ക്ക് മുഷ്ട്ടി മുകളിലേക്ക് ഉയർത്തണം... പിന്നെ തൊണ്ട പൊട്ടുമാറുച്ചത്തിൽ മുന്നിൽ പോകുന്നവൻ പറയുന്നത് ആവർത്തിക്കണം....
രണ്ട് ദിവസം കൊണ്ട് ശബ്ദം എടുക്കാൻ പ്രയാസമായപ്പോൾ ഈ പരിപാടി നിർത്തിയാലോ എന്ന് ആലോചിച്ചതാണ്... അപ്പോഴും കുമാരൻ രക്ഷക്കെത്തി... നീ തൊണ്ട കളയേണ്ട... വാ തുറന്നു ചുണ്ടുകൾ അനക്കിയാൽ മതി... അവർ കരുതും നീയും നിലവിളിക്കുന്നുണ്ട് എന്ന്... അത് നല്ല ബുദ്ധിയാണ് എന്ന് പ്രയോഗിച്ചപ്പോൾ മനസ്സിലായി.. ഇത്തിരി കഷ്ട്ടപ്പെട്ടാലും ഒരു നല്ല പണി തന്നെ ആയിരുന്നു... കാരണം എല്ലാം കഴിയുന്പോൾ ഒരു ആണാളിന്റെ കൂലിയും പിന്നെ വയറ് നിറച്ചു ഭക്ഷണവും... ആഹാരം കഴിച്ചു ഏമ്പക്കവും വിട്ട് കൈയിൽ കിട്ടുന്ന കാശ് വീട്ടിൽ കൊടുത്താൽ അവിടെയും പട്ടിണി ഇല്ല...
എന്തായാലും തുടരാൻ തന്നെ തീരുമാനിച്ചു... ഒരു കുഴപ്പം മാത്രം കൊടിയുടെ നിറം ദിവസവും മാറ്റണം... ചെല്ലുന്ന സ്ഥലത്ത് കിട്ടുമെങ്കിലും വിളിച്ചു പറയുന്നത് ദിവസവും മാറും.. കൂടുതൽ ഒച്ച വെച്ചാൽ ചിലപ്പോൾ പറയുന്നത് മാറിപ്പോകും... അത് ചിലപ്പോൾ കുഴപ്പമായേക്കാം... എങ്കിലും അവൻ സ്നേഹിച്ചു അവന്റെ വയറ് നിറക്കുന്ന കൊടിയേറ്റങ്ങളെ... പക്ഷേ ആ ഉത്സവകാലം അവസാനിച്ചത് പെട്ടന്നാണ്.... നാട്ടിൽ പുതിയ ഭരണം ഉണ്ടായപ്പോൾ ആ ഉത്സവത്തിന്റെ കൊടിയും ഇറങ്ങി... അവൻ മാത്രമായിരുന്നില്ല കുമാരനും പണി ഇല്ലാതെയായി...
പാർട്ടി ആപ്പീസിന്റെ തിണ്ണയിൽ പോയി സ്ഥിരമായി ഇരിക്കാം എന്ന ബുദ്ധിയും കുമാരന്റെ ആയിരുന്നു... ആ തിരക്കിൽ സിഗരറ്റും നാരങ്ങാ വെള്ളം വാങ്ങി കൊടുക്കാനും.. പിന്നെ നേതാക്കൻമാർക്ക് കൂടെ അണിയായി നിൽക്കാനും ഒക്കെ ആളെ വേണമല്ലോ... അവിടുത്തെ കുടിക്കൂറകളും അവന് അങ്ങനെ ആഹാരമായി പരിണയിച്ചു...
ഒരിക്കൽ രാഘവേട്ടന്റെ കണ്ണിൽ അവൻ പെടുന്നത് അങ്ങനെ ആണ്... പിന്നെ അവന്റെ നടത്തം അദ്ദേഹത്തിന് ഒപ്പം മാത്രമായി... രാവേറെ ചെല്ലുന്ന പ്രവർത്തങ്ങളും യോഗങ്ങളും പാർട്ടി ക്‌ളാസുകളും കഴിഞ്ഞു ആഫീസിൽ കിടന്നുറങ്ങുന്ന രാഘവേട്ടന്റെ സന്തതസഹചാരി... അദ്ദേഹം ഒറ്റാന്തടി ആയിരുന്നു... കൊടി പിടിച്ചു കോടി ഉടുക്കാൻ മറഞ്ഞ മനുഷ്യൻ... അയാൾക്കെന്നും ഒരു കൊടിയോട് മാത്രമായിരുന്നു സ്നേഹം... മുഷിഞ്ഞു നാറിയ വേഷവും.. കക്ഷത്തിലെ ചുരുക്കം വാരികയിൽ നിറച്ച ലഘുലേഖകളും മാത്രം സ്വന്തമായുള്ള മനുഷ്യൻ... എന്നാൽ മൂന്നുനേരം ഭക്ഷണവും ചായയും കിട്ടുമായിരുന്നു, അവന് അയാളുടെ കൂടെ നടന്നാൽ...
ഒരിക്കൽ രാഘവേട്ടൻ പത്താംതരം പരീക്ഷ എഴുതാൻ പറഞ്ഞപ്പോൾ ഉള്ളിൽ ഞെട്ടൽ ആയിരുന്നു ആദ്യം.... തികച്ചു നാലാംതരം വരെ പോകാത്ത താൻ എങ്ങിനെ പത്താംതരം... അല്ലെങ്കിൽ ആര് തനിക്ക് അഡ്മിഷൻ തരും...അവിടം വരെ പോയത് തന്നെ സ്‌കൂളിൽ ഉച്ചക്ക് ഉപ്പുമാവ് ഉണ്ടായിരുന്നത് കൊണ്ടാണ്... ഉള്ളിൽ തികട്ടി വന്ന സംശയം പറഞ്ഞപ്പോൾ വഴി ഞാൻ കണ്ടിട്ടുണ്ട് എന്ന ഉറച്ച മറുപടിയാണ് രാഘവേട്ടൻ തന്നത്... അദ്ദേഹം ഉറപ്പിച്ചു പറഞ്ഞാൽ അതിന് പിന്നെ മാറ്റമില്ല എന്ന് അനുഭവം...
അടുത്ത മാർച്ച് മാസത്തിലെ പബ്ലിക് പരീക്ഷയിൽ പോയി ഇരുന്ന് എഴുതുന്പോൾ ആകെ ഉണ്ടായിരുന്ന യോഗ്യത പതിനേഴ് വയസ്സ് കഴിഞ്ഞിരുന്നു എന്ന് മാത്രം... അതിന് വേണ്ട കടലാസുകൾ അയച്ചതും പൈസ മുടക്കിയതും എല്ലാം രാഘവേട്ടനായിരുന്നു... പരീക്ഷ ഹാളിൽ കയറുന്പോൾ മുട്ടുകൾ കൂട്ടി ഇടിക്കുന്ന ശബ്ദവും ഹൃദയത്തിന്റെ പെരുമ്പറമുഴക്കവും... ഇന്നും അവന് പേടിപ്പെടുത്തുന്ന ചിന്തകൾ തന്നെ.. രാഘവേട്ടന്റെ മുഖം ഓർക്കുക അതിനേക്കാൾ ഭയമായതിനാൽ ആണ് അവിടെ പോയത്... ഓരോ ദിവസവും ജനാല വഴി വരുന്ന ഉത്തരപ്പേപ്പറുകൾ ടീച്ചറിന് കൈമാറുന്പോൾ മനസ്സിൽ ചിരി മാത്രമായിരുന്നു... ചുറ്റും കുനിഞ്ഞിരുന്ന് എഴുതുന്ന മറ്റ് കുട്ടികളോട് സഹതാപവും...
അടുത്ത അദ്ധ്യയനവർഷം നഗരത്തിലെ ചരിത്രം ഉറങ്ങുന്ന പ്രശസ്തമായ കോളേജിന്റെ പടികടന്ന് അകത്തേക്ക് കയറുന്പോൾ നഭസ്സിൽ പാറിപ്പറക്കുന്ന, വർണ്ണ വിസ്മയങ്ങളായ കൊടിക്കൂറകളും അവയുടെ കൊടിയേറ്റങ്ങളുമാണ് അവനെ സ്വീകരിച്ചത്... അവിടെ നിരന്ന ബാനറുകളിൽ പുത്തൻ കൂട്ടുകാർക്ക് ഓതുന്ന... നിറോത്സവങ്ങൾ തീർക്കുന്ന സ്വാഗതവും കണ്ടപ്പോൾ അവനിലേക്ക് കടന്നു വന്നത് ബാല്യത്തിലെ ഗ്രാമ കൊടിയേറ്റങ്ങളുടെ ഉത്സവ നാളുകൾ തന്നെ...
അപ്പോൾ ഒരു കൊടിയുടെ നിറം മാത്രം അവന്റെ ഹൃദയത്തിൽ ചേർന്ന് നിന്നു... രാഘവേട്ടന്റെ കൊടിയുടെ നിറം... അത് ആ കലാലയത്തിന്റെ യുവതയുടെ സിരകളിൽ കോറിയിടാനാണ് രാഘവേട്ടൻ അവനെ അങ്ങോട്ട് അയച്ചത്... അവന്റെ കരുത്തുറ്റ ശരീരത്തിനും കൈകൾക്കും അതിന് കഴിയും എന്ന് അയാൾ ഉറച്ചു വിശ്വസിച്ചിരുന്നു... അത് കൊണ്ട് അവനും... രാഘവേട്ടന്റെ വിശ്വാസം തകർക്കാൻ പാടില്ല എന്ന് ഉറപ്പിച്ചു തന്നെ ആണ് ആ കൊടിയുടെ നിറത്തിന്റെ പിന്നാലെ അവൻ പോയത്...
ജീവിതത്തിൽ ആദ്യമായാണ് ആ കൊടി അവന്റെ പിന്നാലെ വന്നത്... അതിന്റെ വിസ്മയത്തിൽ കണ്ണടച്ച് കിടക്കയാണ് അവൻ... ഇപ്പോഴും വച്ച് കെട്ടി മേയാത്ത അവന്റെ വീടിന്റെ ഇറയത്ത്... അങ്ങനെ നിവർന്ന് കിടന്നു.... മുറ്റം നിറച്ചു തിങ്ങി നിറഞ്ഞ ആൾക്കൂട്ടം... അതിൽ അവന് പരിചയമുള്ളതിനേക്കാൾ ഇല്ലാത്തവരാണ് കൂടുതൽ.... ആരെയും നോക്കാൻ അവന് തോന്നിയില്ല... അവിടെയും കൊടികൾ ഏറിയിട്ടുണ്ട്... അവന്റെ... അല്ല രാഘവേട്ടന്റെ കൊടികൾക്ക് മുകളിൽ പാറിക്കളിക്കുന്ന കരിംകൊടികൾ... എല്ലാത്തിനും മുന്നിട്ട് ഓടിനടക്കുന്ന രാഘവേട്ടനും...
പച്ചവെള്ളത്തിന്റെ ഈർപ്പം മാറാത്ത വാഴയിലയിൽ കിടക്കുന്പോൾ അവന് തണുക്കുന്നുണ്ടായിരുന്നു... എങ്കിലും തന്നെ പൊതിഞ്ഞ കോടിയുടെ പുതുമണത്തിൽ അവൻ അങ്ങനെ തന്നെ ശ്വാസം അടക്കിപ്പിടിച്ചു കിടന്നു... വയറ്റിലെ ആഴമുള്ള മുറിവിൽ നിന്ന് അപ്പോഴും ഒലിച്ചിറങ്ങുന്ന ചോര വാഴയിലയിൽ തങ്ങി തളം കെട്ടുകയായിരുന്നു... ഉത്സവത്തിന് കൂടിയ ആൾക്കാരുടെ കണ്ഠത്തിൽ നിന്ന് രക്തസാക്ഷിക്കുള്ള ജയ് വിളികൾ മുഴങ്ങുന്പോഴും... ആ ചെറിയ കുടിലിന്റെ ഉള്ളിൽ... ഇനി എന്ത് എന്നറിയാതെ നാല് പെണ്ണുങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നു... അവിടെ കൊടിയിറങ്ങുന്പോൾ മുന്നിൽ ഇരുട്ട് കാണുന്നത് അവർ മാത്രമായിരുന്നു...
Comments
Post a Comment