വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ
വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ
************************************
കുറേ കാലത്തിന് ശേഷമായിരുന്നു അവൻ ആ വലിയ നഗരത്തിലെ ഭക്ഷണശാലയിലേയ്ക്ക് കടന്ന് ചെന്നത്. പ്രവാസജീവിതത്തിലെ ജോലിത്തിരക്ക് എന്നും മരുഭൂമിയുടെ ചുറ്റളങ്ങളിൽ ആയിരുന്നതിനാൽ കമ്പനിയുടെ പ്രധാന ഓഫീസ് നിലനിൽക്കുന്ന ആ നഗരംപോലും അന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിൽ ജനിച്ച്, നഗരത്തിന്റെ തിരക്കിലും, വേഗതയിലും വളർന്നും പഠിച്ചും, ശീലിച്ച അയാൾക്ക് ഇന്ന് അതെല്ലാം ജീവിതയാത്രയിലെ എവിടെയൊക്കെയോ മിന്നിമറയുന്ന അപ്രധാന ചിന്ത മാത്രമാണ്. പിന്നെ ഭക്ഷ്യശാലയിലെ തിരക്കിലൂടെ അവിടേയ്ക്ക് വന്നാൽ സ്ഥിരം ഇരിയ്ക്കാൻ ശ്രമിക്കുന്ന ജാലകവാതിലിന്റെ അരികിലെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നടന്നു.
ഭാഗ്യം അവിടെ ഒരു ഇരിപ്പിടം ഒഴിഞ്ഞു കിടപ്പുണ്ട്. സൂരജിന് അങ്ങനെ ചില ശീലങ്ങൾ ഉണ്ട്, മരുഭൂമിയിലെ താൽക്കാലിക കമ്പനി ക്യാമ്പിലെ ഭോജനശാലയിൽ ചെന്നാലും ഒരു സ്ഥിരം ഇരിപ്പിടം. മറ്റുള്ളവർക്ക് അവന്റെ സ്വഭാവം ശീലമായതിനാൽ അവൻ വരുന്ന സമയങ്ങളിൽ അത് ശൂന്യമായിരിക്കും, അല്ലെങ്കിൽ സപ്ലയർ ബോയ് ഒഴിച്ചിടും. മാസങ്ങളുടെ ഇടവേളയിൽ നാട്ടിലേയ്ക്ക് തിരിയ്ക്കാനും തിരികെ വരുമ്പോൾ സൈറ്റ് യാത്രയ്ക്ക് മുൻപുള്ള ഒരു ദിവസത്തിൽ കൂടുതൽ ആവാറില്ലാത്ത നഗരതിരക്കിലേയ്ക്ക് എത്തുമ്പോഴും ഒരേ ഹോട്ടൽ, ഇരിപ്പിടം, അങ്ങനെയാണ് ഉപബോധമനസ്സ് തിരഞ്ഞെടുക്കാൻ ശ്രമിക്കാറ്. തിരികെ പഴയ കമ്പനിയിലേയ്ക്ക് വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നപ്പോഴും അവന്റെ ഓർമ്മകൾ അവിടേയ്ക്ക് നയിക്കുകയായിരുന്നു.
ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ച ശേഷമാണ് എതിരെയുള്ള മുഖത്തേയ്ക്ക് അവന്റെ ശ്രദ്ധ പോയത്.
ഏയ്.. വൈശാഖ് നീ ഇപ്പോഴും ഇവിടെ?? സൂരജ് തന്റെ ആശ്ചര്യം മറച്ചുവച്ചില്ല..
അത് തന്റെ പഴയ സഹപാഠിയും ആ കമ്പനിയിൽ ആദ്യകാലത്ത് ഒന്നിച്ച് കരിയർ തുടങ്ങിയവനുമായ വൈശാഖ്. ജീവിത യാത്രയിലെ തിരക്കുകളിലും തൊഴിൽ ജീവനത്തിന്റെ പ്രയാസങ്ങളിലും, എവിടെയോ വിസ്‌മൃതിയുടെ കയങ്ങളിലേയ്ക്ക് ആണ്ടുപോയ ഓർമ്മകളെ തിരികെ ഉണർത്തി, അവൻ സുഹൃത്തിനെ അടിമുടിയൊന്ന് ഉഴിഞ്ഞു. അവന് വല്ലാതെ പ്രായമായിരിക്കുന്നു, ബാല്യനരയുടെ ആക്രമണത്തിൽ വെള്ളികെട്ടി മുകളിലേയ്ക്ക് കയറിത്തുടങ്ങിയ നെറ്റിത്തടവും, വിഷാദച്ഛവി തൂങ്ങി നിൽക്കുന്ന മുഖഭാവവും, ചിന്തയുടെ ചെറുമേഘങ്ങൾ ആരവം തീർക്കുന്ന ഭാവവും, പ്രവാസജീവിതം വല്ലാതെ അക്രമിച്ചിരിക്കുന്നു അവനെ, സൂരജ് നിറഞ്ഞ ചിരിക്കിടയിലും ചിന്തിക്കാതെ ഇരുന്നില്ല. ഒരു പക്ഷേ.. തന്റെ കോലം അവനിൽ ഇതിലും കൂടുതൽ നെഗറ്റീവ് ചിന്തയായിരിക്കും ഉണർത്തിയിരിക്കുക.. മനസ്സിലെ ചിരി അടക്കി അവൻ ചോദിച്ചു.
ഡാ.. നീ ഇവിടെ കുടുംബവുമായി അല്ലേ താമസിക്കുന്നത്.. പിന്നെ എന്തിനാണ് ഹോട്ടലിൽ ഭക്ഷണം.. അതെന്തായാലും നന്നായി.. അതുകൊണ്ട് നമുക്ക് ദീർഘകാലത്തിന് ശേഷം കാണാൻ പറ്റിയല്ലോ.. സൂരജ് അങ്ങനെയാണ് എതിരാളിയെ സംസാരിക്കാൻ അനുവദിയ്ക്കാതെ തുടർന്നുകൊണ്ടേ ഇരിയ്ക്കും.
അവന്റെ സംസാരത്തിന്റെ ഇടവേളയിൽ കയറി വൈശാഖ് പറഞ്ഞു.. അവൾ നാട്ടിലാടാ.. അതുകൊണ്ടാണ് ഇവിടേയ്ക്ക് വന്നത്.. ഭക്ഷണശേഷം പിരിയുമ്പോൾ മൊബൈൽ നമ്പറുകൾ പങ്കുവച്ച് അവർ പിരിഞ്ഞു.. വീണ്ടും ജോലിത്തിരക്കുകളിലേയ്ക്ക്..
സൂരജ്.. എന്ന് നീട്ടിവിളിച്ചുകൊണ്ട്.. അവന്റെ ബോസ്സ് അവന്റെ ഓഫീസ് റൂമിലേയ്ക്ക് കയറിവരുമ്പോൾ അവൻ മൊബൈലിൽ ഫോട്ടോ നോക്കി വിഷാദഭാവത്തിൽ ഓർമ്മകളുടെ തടവറകളിൽ മനസ്സിനെ മേയാൻ വിട്ടിട്ട്, ഒരു സ്വപ്നാടനത്തിൽ എന്നപോലെ ഇരിയ്ക്കുകയായിരുന്നു... ബോസിന്റെ വിളികേട്ട് ഞെട്ടി മുഖത്തേയ്ക്ക് നോക്കുമ്പോൾ അവന്റെ മുഖം തികച്ചും ചകിതമായിരുന്നു.
നീ ഇവിടെ ഫേസ്ബുക്കും വാട്ട്സ് ആപ്പും നോക്കി ഇരുന്നോ.. അവിടെ സൈറ്റിൽ എന്താണ് നടക്കുന്നത് എന്നറിയാമോ? ബോസ് കലിപ്പിലാണ്.. അതിന്റെ ചൂട് പകർന്ന പരിഭ്രമത്തിൽ സൂരജിന്റെ ഫോൺ കൈയിൽ നിന്ന് ചാടി.. വീണത് ബോസിന്റെ മുന്നിലേയ്ക്ക്..
സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോ.. അയാൾ ഫോൺ കയ്യിലെടുത്ത് സൂക്ഷിച്ചു നോക്കി.. പിന്നെ പിറുപിറുത്തിട്ട് പറഞ്ഞു.. ഇത് വൈശാഖ് അല്ലേ.. മിടുക്കനായ ചെറുപ്പക്കാരൻ.. പക്ഷേ..???? അയാൾ എവിടെയോ നിർത്തി.
സാറിന് അവനെ അറിയാമോ? സൂരജിന്റെ ചോദ്യത്തിൽ എന്തോ ഒന്ന് ഞടുക്കം സമ്മാനിച്ച് അയാളിലേക്ക് പടർന്നാടിയപ്പോൾ, കയറിവന്നപ്പോൾ ഉണ്ടായിരുന്ന വികാരത്തെയാകെ അടക്കി.. അയാൾ പ്രതിവചിച്ചു.. ഇവൻ എന്റെ ബന്ധു ആയിരുന്നു..
സർ... ബന്ധു ആയിരുന്നു എന്ന് പറഞ്ഞാൽ ഇപ്പോൾ അല്ലേ?
അതെ.. ആയിരുന്നു.. ഇപ്പോൾ അല്ല.. എങ്കിലും അവൻ നല്ല പയ്യൻ ആയിരുന്നു.. പക്ഷേ... സംസാരമെല്ലാം അർധോക്തിയിൽ അവസാനിപ്പിക്കുന്ന തന്റെ ബോസിനെ നോക്കി സൂരജ് നിർവികാരനായി നിന്നപ്പോൾ അയാൾ അടുത്ത് വന്ന് തോളിൽ കയ്യിട്ട് പറഞ്ഞു.. അത് ഒരു വലിയ കഥയാണ് സൂരജ്.. എന്താണ് പറയുക എന്ന് എനിക്കറിയില്ല.. എവിടെ തുടങ്ങണം എന്നും.
ഞാൻ ആദ്യമായി അവനെ കാണുന്നത് ആ വലിയ ഇന്ത്യൻ കൺസ്ട്രക്ഷൻ കമ്പനിയുടെ വടക്കേ ഇന്ത്യയിലെ സൈറ്റിൽ വച്ചാണ്.. ചടുലതയും, കഠിനാധ്വാനവും കൈമുതലായ ഭാവിയെ പോസിറ്റീവായി മാത്രം കാണുന്ന നാളെയുടെ വാഗ്ദാനം.. പിന്നെ ഞാൻ അവിടം വിട്ട് ഇവിടേയ്ക്ക് ചേക്കേറി.. അങ്ങനെ ഒരു അവധിക്കാലത്താണ് പെങ്ങളുടെ വിളി എത്തുന്നത്, മകളെ കാണാൻ ഒരു കൂട്ടർ വരുന്നു നാളെ അവിടെയെത്തണം.. കാണാൻ വരുന്ന ചെറുപ്പക്കാരൻ വൈശാഖൻ ആകും എന്ന് ഒരിയ്ക്കലും കരുതിയില്ല..
വിവാഹവും ഒപ്പം ഇവിടേയ്ക്കുള്ള കുടിമാറ്റവും ഒക്കെ വളരെ പെട്ടെന്നായിരുന്നു.. എല്ലാവർക്കും സന്തോഷം പ്രദാനം ചെയ്ത നാളുകൾ. എന്നാൽ അതിനൊക്കെ അൽപ്പായുസ്സ് ആയിരുന്നു..
അവരുടെ ഇടയിലെ ഈഗോ.. അല്ല.. അവളുടെ ചപലത, ജീവിത്തോടുള്ള അപക്വമായ കാഴ്ചപ്പാട്.. അവൾ.. അവനെ ഉപേക്ഷിക്കുകയായിരുന്നു.. അതിന് അവൾ തിരഞ്ഞെടുത്ത മാർഗ്ഗം.. ഛേ.. അയാൾ മുഖം രണ്ട് കൈകൊണ്ടും അമർത്തി തിരുമ്മി മുഖഭാവത്തെ അടക്കി.. ഓഫീസ്സ് ചെയറിലേയ്ക്ക് വീണു..
വൈശാഖിന്റെ ആ ചോദ്യം ഇന്നും എന്നെ വേട്ടയാടുകയാണ്.. സൂരജ് ..”സർ.. താങ്കൾക്ക് എങ്കിലും എന്നോട് പറയാമായിരുന്നു.. എങ്കിൽ ഈ വിഡ്ഢി വേഷം ഞാൻ കെട്ടില്ലായിരുന്നല്ലോ"
ഗൾഫിലേക്ക് വൈശാഖിനൊപ്പം പോയ അവൾ രണ്ടുമാസത്തിന് ശേഷം അപ്രതീക്ഷിതമായി നാട്ടിലേയ്ക്ക് തിരികെ വന്നു.. ആദ്യം നൊസ്റ്റാൾജിയ എന്നാണ് എല്ലാവരും കരുതിയത്. അവൾ പറഞ്ഞ കഥകൾ.. അതിലെ ആരും പ്രതീക്ഷിക്കാത്ത അവന്റെ കുടമാറ്റങ്ങൾ.. മദ്യപിച്ച് കാട്ടികൂട്ടുന്ന വൈകൃതങ്ങൾ.. അസ്വസ്ഥതയുടെ, പിടിച്ചു നിൽപ്പിന്റെ.. അതിജീവനത്തിന്റെ അറുപത് ദിവസത്തെ ഭീകരത, അത് കേട്ടപ്പോൾ എന്നെപോലെ പ്രവാസിയായ അവളുടെ അച്ഛനും എന്റെ പെങ്ങളും കാര്യങ്ങൾ വേറെ ഒരു ആംഗിളിൽ കാണുകയായിരുന്നു.. ഒപ്പം പണത്തിന്റെ ആർത്തിയും ..
അധികം താമസിയാതെ അവന്റെ രക്ഷിതാക്കളും അവനും പ്രതിയായി കേസ്സുകൾ കുടുംബകോടതിയിലും പോലീസ് സ്റ്റേഷനിലും എത്തി. വൈശാഖിന്റെ ഇവിടുത്തെ അഡ്രസ്സിൽ എംബസി വഴി അറസ്റ്റ് നോട്ടീസ് വന്നപ്പോൾ എല്ലാവരും ഞെട്ടി.. മാനസികപീഡനവും, ശാരീരിക ആക്രമങ്ങളും ഒക്കെ സ്ത്രീധനപീഡനത്തിന്റെ വകുപ്പുകളിൽ, ഒപ്പം ഗാർഹിക പീഡന വകുപ്പുകൾ കൂടി ചേർത്തപ്പോൾ നാട്ടിൽ വന്നാൽ പിന്നെ സൂര്യോദയം കാണാൻ കുറെ കാക്കേണ്ടിവരും എന്ന് അവന് മനസിലായി.
അച്ഛന്റേയുടെയും അമ്മയുടെയും പേരുകൾ അവരുടെ സ്വാധീനത്തിലും, വൈശാഖിന്റെ അഭ്യർത്ഥനയേയും മാനിച്ച് പരാതിയിൽ നിന്ന് മാറ്റിയെങ്കിലും അവൻ പ്രതിയായി തുടർന്നു.. അറസ്റ്റ് ഒഴിവാക്കാൻ രണ്ട് വർഷമാണ് അവൻ നാട്ടിലേയ്ക്ക് വരാതിരുന്നത്. അവസാനം വിവാഹമോചനം എന്ന സമവായ തീരുമാനത്തിൽ എല്ലാം ഒത്ത് തീർപ്പ് ആയെങ്കിലും അവനിൽ അതൊക്കെ ഏൽപ്പിച്ച മാനസിക ആഘാതം വളരെ വലുതായിരുന്നു.. എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞെങ്കിലും അവൻ നാട്ടിലേയ്ക്ക് പോകാതെ കുറേക്കാലം കൂടി ഇവിടെ തുടർന്നു.
നമ്മുടെ കമ്പനിയുടെ നഗരത്തിലെ ഫ്ലാറ്റിൽ, നാട്ടിലേയ്ക്ക് പോകാൻ ഒരു രാത്രി തങ്ങിയപ്പോൾ ആണ് ചില കാര്യങ്ങൾ ഞാൻ തിരിച്ചറിയുന്നത്. രാവെളുക്കുവോളം സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ചു കൂത്താടുന്ന അവനെ ചൂണ്ടി.. അതിന്റെ കാരണക്കാരിൽ ഒരാൾ ഞാനുമാണ് എന്നറിയാതെ നമ്മുടെ വില്ലയിലെ സൂക്ഷിപ്പുകാരൻ മുകുന്ദന്റെ വാക്കുകൾ ആണ് സത്യത്തിലേക്ക് എന്നെ അടുപ്പിച്ചത്.
ജനാർദനൻ സാറെ.. നോക്ക് ആ പയ്യനെ, ഇതാണ് പെണ്ണൊരുമ്പെട്ടാൽ എന്ന പഴഞ്ചൊല്ലിന്റെ ഉത്തമോദാഹരണം.. ഒരിക്കൽ സൽസ്വാഭാവിയായിരുന്ന അവന്റെ ഇന്നത്തെ അവസ്ഥ കണ്ടോ? ഇരുപത്തഞ്ച് വർഷമായി.. ഈ കമ്പനിയിൽ ജോലിചെയ്ത ഒട്ടുമിക്കപേരെയും എനിക്കറിയാം.. മുകുന്ദൻ തുടർന്നു.. എത്രയോ തവണ പാർട്ടികളിൽ അവനെ ഞാൻ കണ്ടിട്ടുണ്ട്.. നിർബന്ധിച്ചാൽ ഒരു പെപ്സി.. അതിന് മുകളിൽ കഴിക്കാത്ത അവന്റെ ഇന്നത്തെ അവസ്ഥ.. എത്ര ദയനീയമാണ്..
പണ്ടെങ്ങോ പരിചയപ്പെട്ട ഒരുത്തന്റെ കൂടെ ജീവിക്കാൻ അവൾ ഒരുക്കിയ ഇല്ലാ... കഥയിലും കുരുക്കിലും പെട്ടുപോയതാണ് ഞങ്ങൾ ചെയ്ത തെറ്റ്.. അത് ഞങ്ങൾ അർഹിക്കുന്നതുമാണ്.. എന്നാൽ ആ പാവം ചെറുപ്പക്കാരൻ.. അത് ഒരു ആദരാഞ്ജലിയിൽ തീരുകയില്ലല്ലോ? മാനനഷ്ടം.. മനഃനഷ്ടത്തിലേയ്ക്കും.. നാട്ടിൽ പുറത്തിറങ്ങിയാൽ കാണുന്നവരിൽ നിന്ന് ഉണ്ടാകുന്ന പരിഹാസം... സ്വയം അവസാനിപ്പിക്കുന്നതിലേയ്ക്ക് അവനെ എത്തിച്ചപ്പോൾ.. അയാൾ വീണ്ടും പകുതിയിൽ പറഞ്ഞു നിർത്തി... ബോസ് കുറ്റബോധത്താൽ നീറുകയാണ് എന്ന് തോന്നി....
സർ.. അപ്പോൾ ആ പെൺകുട്ടി...? അവന്റെ സംശയം ഒരു ചോദ്യമായി ഉയർന്നു...
ങ്ങും.. അവൾ... ഇപ്പോൾ മൂന്നാം ഭർത്താവിന്റെ കൂടെ.. രണ്ട് ഭർത്താക്കൻമാരുടെയും കുട്ടികളുമായി ജീവിക്കുന്നു.. കുടുംബവുമായി ഒരു ബന്ധവും ഇല്ലാതെ..
കള്ളങ്ങൾകൊണ്ടും അപഥസഞ്ചാരങ്ങൾകൊണ്ടും പണിതുയർത്തിയ വർത്തമാന യാഥാർഥ്യങ്ങളിലേയ്ക്ക് ഒരു നിശ്വാസത്തെ എടുത്തെറിഞ്ഞു സൂരജ് ഓഫീസ് വിട്ടിറങ്ങി.. ജോലിത്തിരക്കുകളിലേയ്ക്ക് ഊളിയിട്ട് .. മനസിന്റെയും ശരീരത്തിന്റെയും ഉഷ്‌ണ, തപ മാപിനികളെ അടക്കി മനസ്സിലേയ്ക്ക് ശിശിരകാലത്തിന്റെ കെട്ടുറപ്പുകളെ ആവാഹിച്ച് സ്വയം തണുപ്പിക്കുവാനായി..
എരിഞ്ഞുതീരുന്ന മെഴുകുതിരിയായി ജീവിതം, എവിടെയോ യാത്രയിൽ കണ്ടുമുട്ടി പിന്നെ പ്രിയതരമാവുന്ന ഓർമ്മകളെയും സഹസഞ്ചാരത്തെയും താലോലിച്ച്.. സ്വയം രക്ഷ മോഹിക്കുവാൻ പോലുമാവാത്ത വണ്ടിക്കാളയ്ക്ക് സമരായി സമരസപ്പെടുന്ന ജീവിത സത്യങ്ങളെ ഒരു പുഞ്ചിരിയിൽ ഒളിയ്പ്പിക്കുന്ന സത്യാന്വേഷണ പരീക്ഷണങ്ങളാക്കി.. ഗ്രാമസ്വരാജ് ഒരു ജീർണ്ണതയായി ഉയർത്തിക്കാട്ടുന്ന അപഥസഞ്ചാരങ്ങൾക്ക് സാക്ഷിയാകാൻ.
രഘുചന്ദ്രൻ. ആർ. കേളക്കൊമ്പിൽ
Comments
Post a Comment