വെള്ളാരം കണ്ണിന്റെ അറബിക്കഥ
വെള്ളാരം കണ്ണിന്റെ അറബിക്കഥ
ചെമ്മൺ പാതയിലൂടെ പൊടിപടലങ്ങൾ ഉയർത്തി ആ ടൊയോട്ട ലാൻഡ്ക്രൂസർ ചീറിപാഞ്ഞു പോകുന്നു. വഴിയിലെ കയറ്റിറക്കങ്ങളിൽ കുലുങ്ങിയും പൊങ്ങിയും താന്നുമുള്ള യാത്ര. മുന്നിൽ രണ്ട് അറബികൾ സെക്യുരിറ്റി കം ഡ്രൈവർമാരാണ്. ഒരാളുടെ കയ്യിൽ വലിയ തോക്കും മറ്റേ ആളിന്റെ കയ്യിൽ ഓട്ടോമാറ്റിക് സ്റ്റെൻഗണ്ണും തോളിൽ നിന്ന് നെഞ്ചിലൂടെ പൂണുലുപോലെ അണിഞ്ഞിരിക്കുന്ന ബുള്ളറ്റുമാലയും. കഴുത്തുമുതൽ പാദം മറഞ്ഞു കിടക്കുന്ന മുഷിഞ്ഞ കന്തുറയും തലയിൽ കെട്ടും വേഷം. രണ്ടുപേരും നല്ല കാട്ടറബിയിൽ സംസാരിക്കയാണ്, ആ നാട്ടിലെ പുരാതന വർഗ്ഗക്കാർ. അയാൾ ചിന്തിക്കുകയായിരുന്നു ഇതിനിടയിൽ അവർ തോക്ക് അവർക്കുനേരെ ചുണ്ടിയാൽ എന്ത് ചെയ്യും എന്ന്. രണ്ട് അപരിചിതരോടൊപ്പം ഈ ദൂരം സഞ്ചരിക്കുന്നതിലെ നിരർത്ഥകത ഓർത്തപ്പോൾ അയാളുടെ ഉള്ളിൽ ചിരി പൊട്ടി. എല്ലാം ഒരു വിശ്വാസം, തട്ടികൊണ്ട് പോകലിന് പ്രശസ്‌തി ആർജ്ജിച്ച നാട്ടിൽ പുറംനാട്ടുകാരൻ അവരുടെ കയ്യിൽ സുരക്ഷിതൻ. പിന്നിലെ സീറ്റിൽ അയാൾ ഇളകി ഇരുന്നു. കൂടെ മറ്റ് രണ്ടുപേരും കൂടിയുണ്ട്. ഒന്ന് മലയാളിയാണ് ബിജു, അടുത്തത് ഒരു പാകിസ്താനി. അയാൾ രണ്ട് മാസത്തെ ഷട്ട് ഡൌൺ ജോലിക്കായി വന്നതാണ് അവിടെ, ഒന്നരമാസത്തിൽ ജോലി തീർന്നു, തിരിച്ചു പോകുന്ന വഴിയിൽ. മറ്റുള്ളവർ കുറേക്കാലമായി അവിടെ ജോലി നോക്കുന്നു. അവർ അവരുടെ അവധിക്കാലം ആഘോഷിക്കാൻ അവരുടെ നാട്ടിലേക്കുള്ള യാത്രയിലും.
രാജേന്ദ്രനുണ്ണിത്താൻ അതായിരുന്നു അയാളുടെ പേര്. ദുബായിലെ ഒരു വലിയ കമ്പനിയിലെ എൻജിനിയർ ആണ് അയാൾ. ഒരിക്കൽ ഫോണിൽ ഇന്റർവ്യൂവിന് ഉള്ള കാൾ വന്നപ്പോൾ നേരംപോക്കിന് അയാൾ മറുപടി പറഞ്ഞതാണ്, അപ്പുറത്ത് സീരിയസ്സ് ആയി ഇന്റർവ്യൂ ചോദ്യങ്ങൾ വന്നപ്പോൾ അലസമായി മറുപടി പറഞ്ഞു. അധികം താമസിയാതെ മെയിലിൽ ഓഫർ ലെറ്റർ വന്നപ്പോൾ അയാൾ കണ്ണ് തള്ളിപ്പോയി, അയാളുടെ രണ്ട് വർഷത്തെ ശന്പളം വെറും രണ്ട് മാസത്തെ ജോലിക്ക്. സാധാരണ നെറ്റിൽ കൂടിയുള്ള ഫ്രോഡ് പണിയാണ് എന്ന് കരുതി അവഗണിച്ചു. അവരുടെ തുടർച്ചയായുള്ള വിളി വന്നപ്പോൾ വരുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്, അപ്പോൾ അവർ ശന്പളം പിന്നെയും കുട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല, ദുബായ് കന്പനിയിൽ നിന്നും മുന്ന് മാസത്തെ നീണ്ട അവധി ചോദിച്ചു കൊണ്ട് നാട്ടിൽ വന്നു. ഇനിയും ഒരുമാസം കൂടിയുണ്ട് അവധി. നാട്ടിൽ പോയി ഒരു മാസം നിന്നിട്ട് തിരിച്ചു പോണം അയാൾ മനസ്സിൽ കരുതി. പറഞ്ഞ തുക ബാങ്കിൽ എത്തി. പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിൽ ആദ്യമായി ബാങ്കിൽ ബാലൻസായി. നാട്ടിലെ എല്ലാ ആവിശ്യങ്ങളും കഴിയുന്പോൾ അക്കൗണ്ടിൽ പട്ടി പെറ്റുകിടക്കാറാണ് പതിവ്. അത് ഇപ്രാവശ്യം മാറ്റണം. കുട്ടികൾ വളരുന്നു, അവരുടെ പഠിപ്പ്, പറ്റിയാൽ നല്ല ഒരു വീട് എല്ലാ പ്രവാസിയെയും പോലെ അയാൾ സ്വപ്‌നം കൊണ്ട് തുലാഭാരം തുടങ്ങി.
വണ്ടിയുടെ പിന്നിൽ ഇരുന്ന് അയാൾ കണ്ണുകൾ മുറുകിയടച്ചു. പെട്ടന്ന് മുന്നിൽ തെളിഞ്ഞത് ആ വെള്ളാരം കണ്ണുകൾ ആയിരുന്നു. ഇരുട്ടിലും തിളങ്ങിയ ആ കണ്ണുകൾ. അതിൽ എന്തായിരുന്നു ഭാവം ദൈന്യതയോ, അതോ വിശപ്പിന്റെ ദാഹത്തിന്റെ ഘോരതയോ? അയാൾക്ക് അറിയില്ലായിരുന്നു. പക്ഷേ താൻ അവഗണിക്കുകയായിരുന്നു, ഭക്ഷണ സമൃദ്ധിയുടെ ഇടയിൽ ജീവിക്കുന്പോൾ ആ ദൈന്യത മനസിലാവില്ല അയാൾ സ്വയം ശാസിച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് ഇരക്കേണ്ടി വരുന്ന അവസ്ഥ, ഓർത്തപ്പോൾ കുറ്റബോധം കൊണ്ട് തലകുനിച്ചു. ആദ്യമായി സന എയർ പോർട്ടിൽ വന്നിറങ്ങുന്പോൾ അയാളുടെ മനസ്സിൽ പുശ്ചമായിരുന്നു. ദുബായിലെയും ഖത്തറിലെയും സൗദിയിലെയും വലിയ വലിയ എയർ പോർട്ട് കണ്ട അയാൾക്ക് ദാരിദ്ര്യത്തിന്റെ പഴമയുടെ മണമുള്ള ആ സ്ഥലം പിടിച്ചതേ ഇല്ല. പണത്തിന്റെ ഘനം മാത്രമാണ് മുന്നോട്ട് നയിച്ചത്. വലിയ കോട്ടവാതിൽ പോലെയുള്ള കന്പനി ഗെയ്റ്റ് തുറന്ന് ഓഫീസിൽ എത്തിയപ്പോൾ മൾട്ടിനാഷണൽ ഓഫിസിൽ ജോലി ചെയ്ത അയാളുടെ മനസ്സ് പിന്നെയും വെറുപ്പിന്റെ അളവ് കൂടി. അയാളെ ആകർഷിച്ചത് കിടക്കാൻ കിട്ടിയ വീട് മാത്രം. പഴമയുടെ പ്രൗഢിയും കൊട്ടാര സൗകര്യവും ഉള്ള ആ സ്ഥലം അയാൾക്ക് നന്നായി പിടിച്ചു. വർഷങ്ങൾക്ക് ശേഷം എയർ കണ്ടിഷൻറെ മുരൾച്ചയില്ലാതെ ഉള്ള ഉറക്കം.
അടുത്ത ദിവസം രാവിലെ മുതൽ യാത്രയായിരുന്നു, ചെമ്മൺ പാതകളെ പൊടിയണിയിച്ചുകൊണ്ടുള്ള യാത്ര. അവിടെ ഇവിടെ ചെറിയ മഴചാറ്റലും ചെറിയ അരുവികളെയും കടന്ന് നഗരത്തിന് പുറത്തെത്തിയപ്പോൾ, നഗരം വർഷങ്ങൾക്ക് പിന്നിലായിരുന്നെങ്കിൽ ഗ്രാമങ്ങൾ നൂറ്റാണ്ടുകൾക്ക് പിന്നിലായിരുന്നു. എങ്ങും പഴമയുടെ നിറച്ചാർത്തുകൾ പേറി നിൽക്കുന്നു. പഴയ അറബിക്കഥകളുടെ സെറ്റിൽ എത്തിയ പ്രതീതി. നാടും നഗരവും പിന്നിട്ട് മുന്നോട്ട്. ഇപ്പോൾ ജനപഥങ്ങൾ അവസാനിച്ചു, നീണ്ടുകിടക്കുന്ന ചെമ്മൺ പാതകൾ മാത്രം. ഇടയ്ക്കിടയ്ക്ക് പട്ടാളബാരക്കുകൾ. ഇതിനിടയിൽ സെക്യുരിറ്റികൾ കൈയ്യിലെ ചില പേപ്പറുകൾ കൈമാറുന്നുണ്ട് ആ ബാരക്കുകളിൽ. രാത്രി വൈകി കന്പനി ക്യാംപിൽ എത്തുന്പോൾ വല്ലതും കഴിച്ച് ഒന്ന് തലചായിക്കണം എന്ന ആഗ്രഹം മാത്രം. ഇതിനിടയിൽ ഒരു പഴയ ഗ്രാമത്തിലെ മുഖ്യന്റെ വീട്ടിൽ അൽപ്പനേരം ഇരുന്നു. കൂടെ വന്ന അറബിയുടെ വീടായിരുന്നു, അത്രയും നേരം കൂടെ വന്നതിന്റെ സ്നേഹം ആതിഥേയ മര്യാദയായി മാറിയ സമയം. ക്യാംപിന്റെ ഒരു വശത്ത് കിട്ടിയ സിംഗിൾ ക്യാബിനിൽ അയാൾ ചടഞ്ഞു കൂടി. കുളി കഴിഞ്ഞു എന്തോ കഴിച്ചെന്ന് വരുത്തി ഉറങ്ങാൻ കിടന്നു. അറബിയായ ക്യാമ്പ് മാനേജരുടെ നിർദേശം മനസ്സിൽ ഉണ്ടായിരുന്നു, രാവിലെ അഞ്ചുമണിക്ക് വണ്ടി വരും അപ്പോൾ റെഡി ആയിരിക്കണം.
പിന്നെ ഒന്നര മാസം, രാവിലെ അഞ്ചുമണിക്ക് റെഡി ആകും അധികം ദൂരെ അല്ലാത്ത പ്ലാന്റിൽ ജോലി, തിരിച്ചു വരുന്പോൾ സന്ധ്യ കഴിഞ്ഞു ഇരുട്ട് വീണിട്ടുണ്ടാകും. അത്താഴ കഴിഞ്ഞാൽ പിന്നെ കിട്ടുന്ന സമയം വീട്ടുകാരുമായി സല്ലാപം ഉറക്കം. അത്രക്കുണ്ട് ജോലി ക്ഷീണം. രാത്രിയുടെ ചില യാമങ്ങളിൽ നല്ല അത്തറിന്റെ മണം കയറി വരും, വിലകൂടിയ വശ്യമായ മണം, എത്ര ഉറക്കത്തിലായാലും അയാൾ ഉണരും, ആ മരുഭൂമിയിൽ ഈ രാത്രി സ്ത്രീകൾ ഉപയോഗിക്കുന്ന ആ അത്തർ മണം അയാളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, രാവിലെ പോകേണ്ടത് ഓർക്കുന്പോൾ അയാൾ തിരിഞ്ഞു കിടക്കും. അങ്ങനെ ഒരരമാസം പോയത് അറിഞ്ഞില്ല. ജോലിത്തിരക്കുകൾ കഴിഞ്ഞു പ്ലാന്റ് പ്രവർത്തന നിരതമായപ്പോൾ അയാൾക്ക് മടങ്ങാൻ സമയമായി. ആ രാത്രി അയാൾ ഉറങ്ങിയില്ല, അടുത്ത ദിവസം സനയിലേക്ക് പോകണം. അയാളുടെ മനസ്സ് സന്തോഷത്തിനാൽ തുള്ളി തുളുന്പി. അന്ന് വീട്ടിലേക്ക് വിളിക്കുന്പോൾ നെറ്റ് വർക്ക് കിട്ടുന്നില്ല, അയാൾ കാത്തിരുന്നു, സമയം പത്തുമണി കഴിഞ്ഞു. പെട്ടന്നാണ് മനസ്സിൽ ഒരാശയം ഉദിച്ചത്, റൂമിന് പുറത്തിറങ്ങിയാലോ?
എങ്ങും നിശബ്ദമായ ക്യാമ്പ്, അയാൾ പുറത്തിറങ്ങി ചുറ്റും നോക്കി, അയാളുടെ ക്യാബിൻ മാത്രം കന്പിവേലിക്ക് അഭിമുഖമായി വച്ചിരിക്കുന്നു, ബാക്കിയെല്ലാം തിരിച്ചാണ് ഇരിക്കുന്നത്, അന്നാണ് അയാൾ അത് ശ്രദ്ധിച്ചത്. അയാൾ ഫോൺ എടുത്ത് നോക്കി, ഹായ് അത്ഭുതം സിഗ്നൽ മുഴുവനും കാണിക്കുന്നു. അയാൾ വീട്ടിലെ നന്പർ എടുത്ത് വിളിച്ചു. സംസാരത്തിൽ മുഴുകി അയാൾ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്, പുറംവേലിക്കും അയാളുടെ റൂമിന്റെയും ഇടയിലൂടെ. അയാളുടെ ഉപബോധമനസ്സ് അയാളെ ആരോ നോക്കുന്നതുപോലെ തോന്നിപ്പിച്ചു. സംസാരത്തിനിടയിൽ വേലിക്കലേക്ക് ശ്രദ്ധിച്ചപ്പോൾ അയാളെ നോക്കുന്ന രണ്ട് വെള്ളാരം കണ്ണുകൾ, തലയിൽ വെള്ളതുണികൊണ്ട് മറച്ച സുന്ദരിയായ പെൺകുട്ടി. അവളുടെ മുഖത്ത് ദൈന്യഭാവം. അവൾ അയാളെ കാത്ത് നിൽക്കും പോലെ തോന്നി. ആ ഇരുട്ടിലും അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവൾ അവിടെ തന്നെ നിന്നു.
ഹബീബ്... അവൾ മധുര സ്വരത്തിൽ അയാളെ വിളിച്ചു.
ഭീ സോയ മോയ............. അക്കിൽ.......... അവൾ ഭക്ഷണവും വെള്ളവും ചോദിക്കയാണ്,
അയാൾ അവളെ സൂക്ഷിച്ചു നോക്കി, ഇപ്പോൾ ആ അത്തർ മണം അവിടെ പരക്കുന്നുണ്ട്,
അവൾ പിന്നെയും സംസാരിക്കുകയാണ്, ആ മാസ്മരിക ശബ്ദം വല്ലാതെ ആകർഷകമായിരുന്നു. ശുഭ്....... അനി.... ബെത്ത് മിൻഹിനാക്ക്...... മാലും ആദാ സഹാറി....... അവൾ പിന്നെയും എന്തൊക്കയോ പറയുന്നുണ്ട്.
അയാൾക്ക് വെറുപ്പാണ് തോന്നിയത്. ഇത്രയും സുന്ദരിയെ പെൺകുട്ടി ഈ രാത്രിയിൽ. ഇത് പതിവ് തന്നെ. ഇന്ന് കണ്ടത് തന്നെ ആണ്. അയാൾ പെട്ടന്ന് കയറി വാതിൽ അടച്ചു. അപ്പോഴും അവളുടെ ശബ്ദം പിന്നിൽ മുഴങ്ങുന്നുണ്ടായിരുന്നു.
രാവിലെ യാത്രയാക്കുന്പോൾ ക്യാമ്പ് മാനേജർ എന്തെല്ലാമോ അറബിയിൽ പറയുകയും അയാളെ അനുമോദിക്കുംപോലെ തോളിൽ തട്ടുകയും ചെയ്യുന്നുണ്ടായിരുന്നു, ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി, പിന്നെ വണ്ടിയിൽ കയറി. എങ്കിലും ആ മുഖം അത് പിന്തുടരുന്നപോലെ രാജേന്ദ്രന് തോന്നി.
ബിജുവിന്റെ ശബ്ദമാണ് അയാളെ കണ്ണുതുറക്കാൻ പ്രേരിപ്പിച്ചത്.
സാർ ഉറക്കമാണോ?..........
അല്ല.... ചുമ്മാതെ ഇങ്ങനെ കണ്ണടച്ചിരുന്നതാണ്..... അയാൾ പറഞ്ഞു.
എങ്കിലും സാർ ഭാഗ്യമുള്ളവൻ തന്നെ........ ബിജുവിന്റെ വാക്കുകളിലെ അസ്വാഭാവികത കണ്ടിട്ട് അയാൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അയാളുടെ ചോദ്യഭാവം കണ്ടിട്ട് അവൻ തുടർന്നു.
ഒന്നുമില്ല....... സാർ താമസിച്ച റൂമിൽ ആരും താമസിക്കാറില്ല, ആ ക്യാബിനിൽ പോലും.......
അയാൾ വീണ്ടും ചോദ്യഭാവത്തോട് അവനെ നോക്കി.
മറ്റൊന്നുമില്ല സാർ...... അവിടെ ആർക്കും ഒരു രാത്രി തികച്ച് ഉറങ്ങാൻ കഴിയില്ല. അഥവാ ഉറങ്ങിയാൽ അടുത്ത സൂര്യോദയം കാണില്ല..... നിർഭാഗ്യം തുടങ്ങിയത് പത്ത് വർഷം മുൻപാണ്. അവൻ പറഞ്ഞു തുടങ്ങി. അവിടെ ആദ്യമായും അവസാനമായും താമസിച്ചത് ഒരു സായിപ്പായിരുന്നു, എന്നും രാത്രിയിൽ അയാൾ റൂമിന് മുൻപിൽ വിസ്‌കിയും മോന്തി ഇരിക്കും, പ്ലാന്റിന്റെ നിർമ്മാണം നടക്കുന്ന സമയം. അതിന് മുന്നിലാണ് ഒരു പഴയ ശ്മശാനം ഉള്ളത്.
അയാൾ റൂമിന്റെ മുന്നിലെ പകൽ കാഴ്ച ഓർത്തു, അൽപ്പം ദൂരെയായി നിരന്നു നിൽക്കുന്ന വെള്ള കല്ലുകൾ, അത് മീസാൻ കല്ലുകൾ ആണ് എന്നയാൾക്ക് ഓർമ്മവന്നു.
ബിജുവിന്റെ ശബ്ദം അയാളെ പിന്നെയും ചിന്തയിൽ നിന്ന് ഉണർത്തി. അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു, വെള്ളിയാഴ്ച ഒഴിവിന്റെ ആഹ്ലാദത്തിൽ സായിപ്പ് പാതിരവരെ കുടിച്ചുകൊണ്ട് ഇരുന്നു, രാവിലെ ആൾക്കാർ കണ്ടത് പുറം വേലിയിൽ ചാരി നിൽക്കുന്ന നഗ്നമായ ശവശരീരമായിരുന്നു, കഴുത്തിൽ ചെറിയ മുറിവും, എന്നാൽ ഒരുതുള്ളി ചോരപോലും പുറത്തിലായിരുന്നു. പിന്നെ നിരവധിപേർ അറിയാതെ അവിടെ വന്നു. അതിൽ സാ൪ മാത്രമാണ്........ അവൻ സംസാരം പകുതിയിൽ നിർത്തി.
രാജേന്ദ്രന്റെ നോട്ടം റിവ്യൂ മിററിൽ വീണത് പെട്ടന്നായിരുന്നു, അതിലെ കാഴ്ച്ച അവന്റെ നെഞ്ചിടിപ്പ് കൂട്ടി, വണ്ടിക്ക് പിന്നിലായി ഓടിവരുന്ന വെള്ള തലേക്കെട്ട് കാരി.
സന എയർപോർട്ടിൽ ഗൾഫയറിന്റെ വിമാനം ടെക്ക് ഓഫിന് തയ്യാറായി നിന്നു. സൈഡ് സീറ്റിൽ ഇരിക്കുന്ന രാജേന്ദ്രൻ, എയർ ഹോസ്റ്റസിന്റെ സ്വാഗതം കഴിഞ്ഞപ്പോൾ വിമാനം റൺവേയിലൂടെ ഓടി ആകാശത്തേക്ക് ഉയർന്നു. സൈഡ് മിററിലൂടെ അയാൾ പുറത്തേക്ക് നോക്കി, എയർപോർട്ടിന്റെ ചുറ്റുവേലിക്ക് പുറത്ത് ഒരു വെള്ള പൊട്ട് കണ്ട് ദൃഷ്ട്ടി അങ്ങോട്ട് പായിച്ചു, അപ്പോഴും തിളങ്ങുന്ന ആ വെള്ളാരം കണ്ണ് അയാളെ പിന്തുടരുകയായിരുന്നു.
Comments
Post a Comment