ഭ്രാന്തി

ഭ്രാന്തി 



"വരദരാജൻ മരിക്കണം",  കയ്യിൽ കിട്ടിയ ചീട്ടുകൾ അടുക്കുന്നതിനിടയിൽ നാരായണകൈമൾ പിറുപിറുത്തപ്പോൾ, ആദ്യം ആരും ഒന്നും പറഞ്ഞില്ല... പ്രതികരണം മോശമാണ് എന്ന് തോന്നിയപ്പോൾ അയാൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു, "വരദരാജനെ കൊല്ലണം"  


അതുവരെ ചിരികളി നിറഞ്ഞ ചങ്ങാതിക്കൂട്ടം പെട്ടെന്ന് നിശബ്ദമായി, ചിലരുടെ കൈകളിൽ ചീട്ട് കെട്ടുകൾ ഇരുന്ന് വിറച്ചു... മൗനം കുറച്ചേറെ നീണ്ടു.. അൽപ്പം കഴിഞ്ഞപ്പോൾ അതിനെ കീറിമുറിച്ച് ബഷീറിന്റെ ശബ്ദം ഉയർന്നു, കൈമൾ പറഞ്ഞതിൽ കാര്യമുണ്ട്.. പക്ഷേ.. എങ്ങനെ? അഥവാ അങ്ങനെ സംഭവിച്ചാൽ പ്രഭാകരകൈമളിന്റെ പ്രതികരണം എന്താവും, അയാൾ അടങ്ങിയിരിക്കുമോ? 


ചോദ്യം വ്യക്തമായിരുന്നു, അതിന്റെ അലയൊലി കാതങ്ങൾക്ക് അപ്പുറം സഞ്ചരിക്കാൻ വീര്യമുള്ളതും.. കളിച്ചുകൊണ്ടിരുന്നവരും കളികണ്ടുകൊണ്ടിരുന്നവരും മൗനം മുറിക്കാതെ പരസ്പരം നോക്കി.. ആർക്കും മറുപടി ഉണ്ടായിരുന്നില്ല.. അൽപ്പസമയത്തിന് ശേഷം വക്കീൽ ശാർങ്ഗധരൻ, നാരായണകൈമളിനോട് എന്നരീതിയിൽ പറഞ്ഞു.. 


ചിറ്റപ്പാ.. വരദരാജന് എന്തെങ്കിലും സംഭവിച്ചാൽ പ്രഭാകരൻ ചിറ്റപ്പൻ അടങ്ങിയിരിക്കില്ല.. തീർച്ച, അദ്ദേഹമാണ് പാർട്ടി സെക്രട്ടറി... പിന്നെ സർവ്വനാശമാണ് ഫലം.. ചിറ്റപ്പനെ എന്നേക്കാൾ നന്നായി അങ്ങേക്കല്ലേ അറിയുക. 


നോക്ക് ബഷീർ... ഞാൻ പറയുന്നത് എല്ലാവരോടും കൂടിയാണ്... നാളെ, നഗരപിതാവ് ആകണം എങ്കിൽ കുറച്ച് റിസ്ക് എടുത്തേ മതിയാവൂ.. എങ്കിലേ നാം പദ്ധതിയിട്ടത് ഒക്കെ നടക്കു.. നിങ്ങളും സംഘടനാ പാർട്ടിയും ഇവിടെ ഭരിച്ചാലേ.. നമുക്ക് നാളെയും മുന്നോട്ട് പോകാൻ കഴിയു.. അല്ലാതെ പ്രഭാകരനും അവന്റെ പാർട്ടിയും ഇങ്ങനെ അപ്രമാദിത്യത്തോടെ മുന്നോട്ട് പോയാൽ എല്ലാ സർവ്വാണികളും നമ്മുടെ തലയിൽ കേറും, പോരാത്തതിന് ഇപ്പോൾ തന്നെ പാടത്തും പറമ്പിലും ആളെ കിട്ടാതായിട്ടുണ്ട്.. വള്ളത്തൊഴിലാളികളുടെ പ്രശ്‌നം ആകെ കുഴഞ്ഞു മറിഞ്ഞത് അറിയാമല്ലോ.. അത് ഇപ്പോൾ കയർ മേഖലയിലേക്ക് പടർന്ന് തുടങ്ങി. 


കൈമൾ പറയുന്നതൊക്കെ ശരിയാണ് എന്നമട്ടായിരുന്നു അവിടെ കൂടിയിരുന്നവർക്കാകെ.. അവർ അതിനൊപ്പിച്ചു തലയാട്ടിയെങ്കിലും മറുപടി ഉണ്ടായില്ല.. മൗനം മുറിക്കുവാൻ എന്നപോലെ.. തങ്കപ്പൻ പറഞ്ഞു.. 


പ്രഭാകരൻ അങ്ങൂന്ന് എന്തിനുള്ള പുറപ്പാടാണ് എന്ന് ഒട്ടും മനസിലാവുന്നില്ല.. എല്ലാത്തിനും ഒരുപടി മുന്നിലായി വരദരാജൻ സഖാവും.. മുതലാളിമാരെ പിണക്കി മുന്നോട്ട് പോകാൻ പറ്റില്ല എന്ന് പലതവണ പറഞ്ഞതാണ് ആര് കേൾക്കാൻ.. നാട്ടിൽ ജീവിതം ബുദ്ധിമുട്ടാണ്.. സമരം നാടിനെ ആകെ വിഴുങ്ങും എന്നാണ് തോന്നുന്നത്.. പണിമുടക്കം എല്ലാത്തുറകളിലേക്കും വ്യാപിക്കാൻ ആണ് തീരുമാനം.. മുനിസിപ്പാലിറ്റി കൂടി കൈക്കലാക്കിയാൽ, പിന്നെ മുതലാളി മാരെ ഒരു പാഠം പഠിപ്പിക്കാം എന്നാണ് കമ്മറ്റി തീരുമാനം.. 


കൈമൾ ഒന്നും അറിഞ്ഞില്ലേ... കളത്തിൽ നിന്ന് ചീട്ട് എടുത്ത് കെട്ടിൽ തിരുകി അടുത്ത ചീട്ട് കളത്തിലേക്ക് വലിച്ചെറിഞ്ഞ് ബഷീർ അന്തരീക്ഷത്തിലേക്ക് എന്നപോലെ ചോദിച്ചു.. 


അറിഞ്ഞു.. തങ്കപ്പൻ പറഞ്ഞു.. പാർട്ടി കൗൺസിലർ ആണെങ്കിലും, കമ്മറ്റികളിൽ നമുക്ക് സ്ഥാനം ഇല്ലല്ലോ, നമ്മൾ ബൂ൪ഷ്വ എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.. ഏരിയ കമ്മറ്റിയിലേക്ക് പലതവണ പേര് വന്നതാണ്, മറ്റുള്ളവർ പിന്താങ്ങിയാലും, പ്രഭാകരനും വരദരാജനും സമ്മതിക്കില്ല.. ങ്ങും.. എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്.. കൈമൾ മുരണ്ടു.. 


നഗരത്തിലെ വരേണ്യർ സമ്മേളിക്കുന്ന ചീട്ട് കളി സങ്കേതമാണ് അത്. നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ മുകളിലെ വലിയ ഹാൾ... എല്ലാ വൈകുന്നേരങ്ങളിലും.. നഗരത്തിലെ എല്ലാ പ്രമുഖരും അവിടെ ഉണ്ടാകും.. ചിലപ്പോൾ അവർ ചർച്ചയിൽ പരാമർശിച്ചവർ ഉൾപ്പെടെ. വിപ്ലവപാർട്ടിക്കാരും വലതുപക്ഷം ഉൾപ്പടെ എല്ലാവരും.. അന്ന് കമ്മ്യൂണിസ്റ്റുകൾ ഉണ്ടാവില്ല എന്നുറപ്പിച്ചാണ് ചർച്ച.. കാരണം ടൗണിൽ അന്ന് ഒരു വലിയ ചർച്ച നടക്കുന്നുണ്ട്... മാസങ്ങൾ നീണ്ട പണിമുടക്കം അവസാനിപ്പിക്കാനുള്ള ചർച്ച.. 


കൈമൾ, വരദരാജനെ അവസാനിപ്പിക്കാനുള്ള കാര്യങ്ങൾ ഞാൻ ചെയ്തോളാം.. പക്ഷേ നിങ്ങളുടെ അനിയൻ പ്രഭാകരകൈമൾ അടങ്ങിയിരിക്കില്ല എന്നറിയാമല്ലോ.. നമുക്ക് നമ്മുടെ തടി കഴിച്ചിലാക്കണം... എന്ന് പറഞ്ഞാൽ പ്രഭാകരകൈമൾക്ക് ചങ്ങല ഇടേണ്ടത് കൈമളിന്റെ ജോലിയാണ്.. മനസിലായല്ലോ.. മാത്രവുമല്ല, വരദരാജൻ ഒരാൾ പോയാലും നമുക്ക് ഭൂരിപക്ഷം ഉണ്ടാവുകയുമില്ല.. ഭൂരിപക്ഷം ഉണ്ടാവാൻ, പിന്നെയും ഒരു വോട്ട് മറിയണം  


ബഷീർ അത് എനിക്ക് വിട്ടേരെ... നിങ്ങൾ നിങ്ങളുടെ പ്ളാനുമായി മുന്നോട്ട് പൊയ്ക്കോളൂ.. പ്രഭാകരനെ എങ്ങനെ നിലക്ക് നിർത്തണം എന്ന് എനിക്ക് അറിയാം.. പിന്നെ ഒരു വോട്ട്.. അത് എന്റെ കയ്യിൽ തന്നെ ഉണ്ടല്ലോ... വരദരാജൻ പോയാൽ അവർ ഒന്ന് ഞടുങ്ങും.. തുറുപ്പ് ഗുലാനെ അല്ലെ അറുക്കുന്നത്... പിന്നെ എല്ലാം എളുപ്പം. ഇനി കേസ് കോടതിയിൽ എത്തിയാൽ അവിടെ ശാർങ്ഗധരൻ ഉണ്ടാവും .. പബ്ലിക് പ്രോസിക്കൂട്ടർ ആയി.. പിന്നെ എന്തിനാണ് പേടിക്കുന്നത്.. 


പെട്ടെന്ന് മുറി നിശബ്ദമായി... എല്ലാവരും തങ്ങളുടെ ചീട്ടുകളിലേക്ക് ശ്രദ്ധയൂന്നി കളി തുടർന്നു.. 


ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു പ്രഭാതം മിഴി തുറന്നത് ഞെട്ടുന്ന വാർത്തയുമായി ആയിരുന്നു... കമ്മ്യൂണിസ്റ്റ് നേതാവ് വരദരാജൻ കൊല്ലപ്പെട്ടു.. രാത്രി കൂട്ടരുമൊത്ത് കൂടിയിട്ട് യാത്രപറഞ്ഞ് ഒറ്റക്ക് നടന്നു പോകുകയായിരുന്നു, നഗരമധ്യത്തിലെ സ്‌കൂളിന്റെ മുന്നിൽ... പിന്നിലൂടെ വയർ കടന്ന് പുറത്ത് വന്ന കത്തി അപ്പോഴും ശരീരത്തിൽ ഉണ്ടായിരുന്നു.. നഗരം വിറങ്ങലിച്ചു നിന്ന ദിവസങ്ങൾ.. എല്ലാവർക്കും അത്ര പ്രിയങ്കരൻ ആയിരുന്നു.. അദ്ദേഹം.. പക്ഷേ... 


മാത്യൂവും, ശങ്കരനും, രഞ്ചനും, റസാക്കും ഉൾപ്പെടെ ഏഴു പ്രതികൾ അറസ്റ്റിൽ.. എല്ലാവരും വലതുപക്ഷ യുവസംഘടനാകോൺഗ്രസ്സ്  നേതാക്കൾ..... നഗരം ഇളകി മറിഞ്ഞു.. 


അടുത്ത ദിവസം മുനിസിപ്പൽ ചെയർമാൻ തിരെഞ്ഞെടുപ്പിൽ ഒറ്റയോട്ടിന് ബഷീർ ജയിച്ചു... 


അമ്മാവൻ എന്താണ് ആലോചിക്കുന്നത്... പ്രഭാകരകൈമൾ ചോദ്യം കേട്ടിട്ടെന്നപോലെ തലയുയർത്തി... മുന്നിൽ ചിരിച്ച് നിൽക്കുന്ന അനന്തരവൻ രാജീവ്... അവന്റെ കയ്യിൽ ദേവീക്ഷേത്രത്തിലെ പ്രസാദം വാഴയിലയിൽ കരുതിയിരുന്നു... നേരിട്ട് ക്ഷേത്രത്തിൽ എത്തി ദേവിയെ തൊഴണം എന്നുണ്ട്.. പക്ഷേ ആരോഗ്യം കാറിൽനിന്ന് ഇറങ്ങാൻ അനുവദിക്കുന്നില്ല വയസ്സായില്ലേ? കൈമൾ കാറിൽ ഇരുന്ന് ദൂരേക്ക് നോക്കി ദേവിയെ വണങ്ങി.. പ്രസാദം നെറ്റിയിൽ അണിഞ്ഞു.. പിന്നെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ച് വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. 


നോക്ക് വരദരാജൻ പോയെങ്കിലും... സരോജിനിയമ്മയുടെ കഷ്ടകാലം ഇന്നും തുടരുന്നു... ഇനിയെത്ര കാലം ആവോ. 


രാജീവ് അമ്മാവന്റെ ദൃഷ്ടി കേന്ദ്രീകരിച്ചിടത്തേക്ക് നോക്കി... അധികം ദൂരത്തല്ലാതെ ഒരു ഭ്രാന്തി... എന്തൊക്കയോ പുലമ്പുന്നു.. രക്തസാക്ഷിയുടെ ഭാര്യ അവൻ പതിയെ പറഞ്ഞു... അതെ ധീരക്തസാക്ഷി സഖാവ് വരദരാജന്റെ ഭാര്യ.. അങ്ങനെ പൂർത്തീകരിച്ചത് പ്രഭാകരകൈമൾ ആയിരുന്നു.            

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ