ഹർഷശാലീനം

ഹർഷശാലീനം  

      പതിഞ്ഞ താളത്തിൽ ചിതറിയും കടുംതുടി പെരുക്കത്തിൽ കത്തികയറിയും പെയ്ത് തോരാത്ത കർക്കടക മഴപോലെ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അയാൾ ആത്മഃസാക്ഷാത്കാരത്തിന്റെ നെറുകയിൽ ആയിരുന്നു. യുഗ്മ രാഗത്തിന്റെ ഈണത്തിൽ ചിതറിവീണ വേനൽ മഴ, ആഭേരിരാഗം പോലെ പതിഞ്ഞും പോകപ്പോകെ കരുത്താർജ്ജിച്ച ചാറ്റലായി, അവേഗം പൂണ്ട് കുലംകുത്തി ഇടിയുടെയും മിന്നലിൻറെയും അകമ്പടിയോടെ തകർത്തുപെയ്ത് കാലാവർഷമായും പകർന്നാടിയപ്പോൾ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു, കരുതിവച്ച ഊർജ്ജമെല്ലാം പെട്ടന്ന് ഊർന്നുപോയി പഞ്ഞിക്കെട്ട് പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോകുമെന്ന അവസ്ഥയിൽ ആ പാറപ്പുറത്ത് മലർന്ന് കിടന്ന് അയാൾ ആകാശത്തെ നിരന്ന നക്ഷത്രങ്ങളെ സാക്ഷിയാക്കി പുഞ്ചിരിച്ചു.

ഓർമ്മവച്ച നാൾ മുതൽ കണ്ട കനവ്, മധ്യവയസ്സ് കടന്ന കാലത്തെങ്കിലും അനുഭവവേദ്യം ആകുമെന്ന് തൊട്ട് മുൻപ് പൊഴിഞ്ഞ് വീണ നിമിഷങ്ങളിൽ പോലും അയാൾക്ക് ഉറപ്പുണ്ടായിരുന്നില്ല. കൗമാരപ്രണയത്തിൻറെ സാഫല്യം നുകർന്ന നിമിങ്ങൾ അയാളെ വല്ലാതെ വികാരാധീനനാക്കി. വിജനമായ പാറപ്പുറത്ത് പൂർണ്ണ നഗ്‌നനായി കിടന്ന് അയാൾ ഇടതുവശത്തേക്ക് പാളിനോക്കി. ചന്ദ്രികയിൽ കുളിച്ച ആ കുന്നിൻപുറം ചുറ്റിലുമുള്ള തേയിലക്കാടിൻറെ മറയാൽ അവരെ ചേർത്തുപിടിച്ചിരിക്കുകയാണ്. 

ശാലിനിയുടെ മുഖവും ഇപ്പോൾ ശാന്തമാണ്, അടക്കിപ്പിടിച്ച വികാരങ്ങളിൽ നിന്ന് കളകളം പാടുന്ന അരുവിയായും, ആവേശത്തിൻറെ പ്രകമ്പനങ്ങളിൽ ശക്തിയാർജിച്ച കാട്ടാറായും സമുദ്രത്തിലേക്ക് ആർത്തലച്ചു വിലയംപ്രാപിയ്ക്കും വലിയ നദിയായും അവൾ രൂപമാറുന്നത് താൻ അനുഭവിച്ചറിഞ്ഞതാണ്. അതിൻറെ ആലസ്യത്തിലാകാം ഇപ്പോൾ തിരയൊടുങ്ങിയ കടൽപ്പരപ്പ് പോലെ അങ്ങനെ നിവർന്ന് കിടക്കുന്നത്, അപ്പോഴും ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി ബാക്കിയായത് അയാൾ ഒരുതരം ചാരിതാർത്ഥ്യത്തോടെ നോക്കി കിടന്നു. 

അവളുടെ ശരീരത്തിന് ഇപ്പോഴും പ്രായം ബാധിച്ചിട്ടേ ഇല്ല, വെണ്ണയിൽ കടഞ്ഞെടുത്ത ശിൽപ്പം പോലെ ചന്ദ്രികയിൽ തിളങ്ങുന്ന അവളുടെ മേനി ദർശിച്ചപ്പോൾ അയാളുടെ സിരകളിൽ അഗ്നി പടരാൻ തുടങ്ങി. മധ്യവയസ്സിലും ഉടയാത്ത അംഗങ്ങളിലും അഴകളവുകളിലും ശരീര വടിവുകളിലും കാഴ്ച്ചയെ മേയാൻ വിട്ട് അയാൾ ഒരിക്കൽക്കൂടി മനോരാജ്യത്തിലൂടെ ഊളിയിട്ട് നടന്നു. അങ്ങ് ദൂരെ കിഴക്കേച്ചരുവിൽ നിന്ന് ഉയർന്ന് വന്ന പൂർണ്ണചന്ദ്രൻ, തങ്ങളെ നോക്കി ചിരിയ്ക്കുന്നത് അവഗണിച്ച്,  അഴിച്ചെറിഞ്ഞ ഉടയാടകളിലേയ്ക്ക് ശ്രദ്ധതിരിയ്ക്കാതെ അകമ്പടിയായി ഒരു കുളി൪കാറ്റിനെ പ്രതീക്ഷിച്ച് വീണ്ടും  പുതുമഴയാകുവാൻ ഹർഷൻ തയ്യാറെടുത്തു. 

ആ മലയോര ഗ്രാമത്തിൻറെ തന്നെ ഐശ്വര്യമായിരുന്നു ശാലിനി അക്കാലത്ത്. കൗമാരം പിച്ചവച്ചു കിനിയുന്ന ധനുമാസ രാവുകളിൽ ഒന്നര തറ്റുടുത്ത് മുകളിൽ പുലിയിളക്കര നേര്യതും ചുറ്റി കളിവിളക്കിൻറെ ചുറ്റും കൈകൊട്ടിക്കളിക്കുന്ന യൗവ്വനയുക്തകൾക്കൊപ്പം നിറഞ്ഞാടാൻ തയ്യാറെടുക്കുന്ന അവളെ കാണാൻ ഇല്ലകുളത്തിൽ നീന്തിത്തുടിച്ചു കുളിയ്ക്കാൻ ഇറങ്ങും മുൻപേ ഇരുട്ടിൽ കാത്തിരുന്നിട്ടുണ്ട്.

  സ്വന്തമാക്കണം എന്ന സ്വപ്‌നം മനസ്സിൽ രൂഢമൂലമാകുന്നത് അതിനൊക്കെ ഒരുപാട് കാലം കഴിഞ്ഞാണ്. പ്രണയത്തിൻറെ നീരുറവ പൊട്ടുന്നതും പിന്നെ സംഗമ നദിയായി ഒഴുകി പരക്കുന്നതും പരസ്‌പരം കൊണ്ടും കൊടുത്തുമുള്ള ജീവിതം സ്വപ്നം കാണുന്നതും. പിരിയാനാവാത്ത വിധം അടുക്കുന്നതും. 
സമൂഹത്തിലെ പദവിയും പണവും ഒന്നിച്ചുള്ള ജീവിതത്തിന് ഒരു തടസ്സമാകും എന്ന തിരിച്ചറിവിൽ, എല്ലാം പിടിച്ചടക്കണമെന്ന വാശിയിൽ തുടങ്ങിയ യാത്ര ലോകം ചുറ്റി തിരിച്ചെത്തിയവസാനിപ്പിച്ചപ്പോൾ അവൾ വൈശാഖൻറെ പെണ്ണായി മാറിയിരുന്നു. രണ്ട് കുട്ടികളെയും നൽകി ഒരുജന്മത്തിൻറെതിലും അപ്പുറം ദുരനുഭവങ്ങളും സമ്മാനിച്ച് പകുതി പോയ കരളുമായി അവൻ തിരശീലകൾക്ക് പിന്നിലേയ്ക്ക് മാഞ്ഞപ്പോൾ ശാലിനിയുടെ ജീവിത നാടകം മാത്രം ബാക്കിയായി. 

എല്ലാം നേരിൽ കണ്ടിട്ടും വേറെ ഒരു വിവാഹമോ പെണ്ണോ തന്നെ ആകർഷിച്ചതേ ഇല്ല. മോസ്റ്റ് എലിജിബിൾ ബാച്ചിലറായി ആ ഗ്രാമത്തിൻറെ പൊതുയിടങ്ങളിൽ നിലയുറയ്ക്കുമ്പോൾ ഇനി ഒരു ലൗകിക ജീവിതം മരീചിക അല്ലായെങ്കിലും തനിക്ക് താല്പര്യമില്ലാതെ തുടർന്നു. ചോരചർദ്ദിച്ചു തന്റെ മുന്നിൽ തന്നെ കുഴഞ്ഞു വീണ വൈശാഖാൻറെ ആശുപത്രിവാസമാണ് ഒരിക്കൽ അടഞ്ഞുപോയ അധ്യായം തുറന്ന് ശാലിനിയിലേയ്ക്ക് തന്നെ അടുപ്പിച്ചത്. 

തൻറെ പ്രണയം ഉറവവറ്റാതെ ഇന്നും ബാക്കിയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും കെട്ടുതാലിയുടെ മാഹാത്മ്യം വിവരിച്ച് അവൾ, ജീവശ്ചവമായി ആശുപത്രിയിൽ കിടന്ന ഭർത്താവിനെ ചൂണ്ടികാണിച്ചു തടഞ്ഞു. വൈവാഹിക ജീവിതം ഒരു നരകമായിട്ടും, അവൾക്കും മക്കൾക്കും വേണ്ടി വച്ചുനീട്ടിയ സൗഭാഗ്യത്തെ ത്യജിക്കുകയായിരുന്നു. എങ്കിലും പ്രത്യാശയുടെ കണികകൾ മാത്രം ബാക്കിയായ തൻറെ ജീവിത പ്രതീക്ഷകൾ മഞ്ഞുകാലത്തെ മഴനിഴൽക്കാടുപോലെ വസന്തത്തെ കാത്തിരുന്നു.

താൻ ഒരിക്കലും ആഗ്രഹിച്ചില്ലങ്കിലും വൈശാഖാൻറെ മരണം അനിവാര്യമായ പ്രകൃതിനിയമം പോലെ പിന്തുടർന്നപ്പോൾ അവൾ ആകെ ഉലഞ്ഞുപോയിരുന്നു. നാളെയുടെ ജീവിത യാഥാർഥ്യങ്ങളെ നോക്കി പകച്ചിരുന്ന അവളുടെ മുന്നിലേയ്ക്ക് നീട്ടിയ കൈകളെ അവൾ ആദ്യം നിരസിച്ചെങ്കിലും മക്കളുടെ ഭാവി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുടകീഴിൽ തൻറെ സമ്പാദ്യത്താൽ സുരക്ഷിതമാക്കിയപ്പോൾ പാതിസമ്മതമായി മാറി.
രാത്രിയിലെ ഫോൺ വിളി അപ്രതീക്ഷിതം തന്നെ, അതും ശാലിനിയുടെ ഇങ്ങോട്ടുള്ള വിളി. ആദ്യമായാണ് അവൾ തന്നെ വിളിച്ചത്, അതുവരെ അങ്ങോട്ടായിരുന്നല്ലോ വിളിക്കാറ്. പതിവില്ലാത്ത ദീർഘനേരത്തെ സംഭാഷണത്തിന് ഒടുവിൽ അവൾ പഴയ ശാലിനിയായി മാറി, ആദ്യസമാഗമം ഈ കുന്നിൻപുറത്ത് തന്നെ ആവണം എന്നത് അവളുടെ ആഗ്രഹമായിരുന്നു. പ്രണയനദി ഒഴുകിപ്പരന്ന കാലത്തെ തന്റെ ഭ്രാന്തൻ സ്വപ്നം ഇപ്പോഴും അവൾ മറന്നിട്ടില്ല എന്നറിഞ്ഞപ്പോൾ താൻ ഹർഷപുളകിതനായി.

ഇപ്പോൾ ഒരു അനസ്യൂത പ്രവാഹമായും. ഇനി നാലുപേരറിഞ്ഞു മുറിഞ്ഞ താലിചരട്  അവളുടെ കഴുത്തിൽ കെട്ടികൊടുക്കണം, പിന്നെ ഇതുവരെ അവൾക്ക് നഷ്‌ടമായ സ്നേഹത്തിൻറെ തണുത്ത ഹിമശകലങ്ങൾ പൊഴിയിക്കുന്ന ജീവിത മുഹൂർത്തങ്ങൾ, ആരെയും അസൂയപ്പെടുത്താ൯ പോകുന്നവ.

കുളിർകാറ്റിന് അകമ്പടിയായി വീണ്ടും പുതുമഴപോലെ അവളിലേക്ക് പെയ്തിറങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ ഹർഷൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടുകൂടി അവളെ തഴുകി. അർദ്ധരാത്രിയുടെ സ്വകാര്യതയിൽ ചിരിക്കുന്ന നിലാവിൻറെ ക്യാൻവാസിൽ പരസ്‌പരം ഇഴുകിച്ചേരണം എന്നാഗ്രഹിച്ചത് കൗമാരത്തിൻറെ കുതുഹുല കാലത്താണ്, അതിന്ന് യാഥാർഥ്യമായിരിക്കുന്നു, അങ്ങനെ ചിന്തിച്ചപ്പോൾ നാണത്തിന്റെ നനുത്ത വിറയൽ അയാളുടെ രോമകൂപങ്ങളെ തഴുകി കടന്നുപോയി, പിന്നെ ആവേശത്തിന്റെ ജ്വലിക്കുന്ന അഗ്നിനാളമായി പുനർജനിച്ചു.

വലിയവീട്ടിലെ ശാലിനിയാത്തോൽ ആത്മഹത്യ ചെയ്തു എന്ന വാർത്ത കാട്ടുതീ പോലെയാണ് ആ ഗ്രാമത്തിൽ പടർന്നത്. ഇവർക്ക് ഇപ്പോൾ എന്തിൻറെ കേടായിരുന്നു എന്ന് കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽവച്ച് ചോദിച്ചു. ജീവിതം നരകതുല്യമായിരുന്ന അവസ്ഥയിൽ ചങ്കുറപ്പോടെ പിടിച്ചുനിന്നവൾ, ഇപ്പോൾ? അവരുടെ ചോദ്യം തീർത്തും ന്യായമായിരുന്നു താനും.

തുറന്ന് കിടന്ന ആ പഴയ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന അവർ തികച്ചും വിവസ്ത്രയായി കിടക്കയിൽ മലർന്ന് കിടന്നത് ആദ്യം കണ്ടത് പാലുമായി വന്ന പെൺകുട്ടിയാണ്. അവളുടെ നിലവിളിയിൽ ഗ്രാമം പ്രകമ്പനം കൊണ്ടപ്പോൾ അത് ആൾക്കാർ ഏറ്റെടുത്തു. അത് തികച്ചും ഒരു ആത്മഹത്യ തന്നെ എന്ന് ഉറപ്പിച്ചത് ശവപരിശോധന നടത്തിയ പോലീസുകാരിയാണ്. മാമൂലുകൾ അവസാനിപ്പിച്ച്, അവസാന കർമ്മങ്ങൾക്കായി ദൂരെയുള്ള മക്കളുടെ വരവും പ്രതീക്ഷിച്ച് മോർച്ചറിയിലേക്ക് മൃതശരീരം മാറ്റുവാൻ തുടങ്ങിയപ്പോൾ  പോലീസിനെ തേടി അടുത്ത വാർത്തയെത്തി. 

ഹർഷൻ മുതലാളി അന്തരിച്ചു, സുഖലോലുപതയുടെ അവസാനവാക്കായ ആ ബംഗ്ളാവിന് പുറത്ത് അകലെയുള്ള കുന്നിൻറെ മുകളിൽ മരം കോച്ചുന്ന തണുപ്പത്ത് പൂർണ്ണ നഗ്‌നനായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ അവസാനിക്കേണ്ടതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം എന്ന് അവർ പരസ്‌പരം പിറുപിറുത്തു.

അതിരാവിലെ, കുരച്ചുകൊണ്ടോടിയ വളർത്തുനായയുടെ പിന്നാലെ കുന്നുകയറിയ വേലക്കാരൻ കാണുമ്പോൾ ശരീരത്തിൻറെ ചൂട് കൊടും തണുപ്പിലും ആറിയിട്ടുണ്ടായിരുന്നില്ല. തേയിലക്കാടുകൾ അതിരിടുന്ന ആ നാട്ടിൽ അദ്ദേഹത്തിന്റെ ചുറ്റും ചിതറിക്കിടന്ന പാലപ്പൂവുകൾ നാട്ടുകാർക്ക് ഒരു കൗതുകമായിരുന്നു, മൃതദേഹം കൊണ്ടുപോകാൻ വന്ന പോലീസുകാർക്കും.

Reghuchandran. R

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ