രത്നഗിരിയിലെ വാംപയർ..
രത്നഗിരിയിലെ വാംപയർ..
അയാൾ ആ രാത്രിയിൽ ആകെ ഭയന്നിരുന്നു. അപസർപ്പക കഥകളെ
പിന്തുടരുന്നവൻ ആയിരുന്നെങ്കിലും അവിടേയ്ക്ക് വരാൻ കാരണക്കാരനായ തൻ്റെ
സുഹൃത്തിൻ്റെ വാക്കുകൾ അത്രയ്ക്ക് ഭയപ്പെടുത്തുന്നതായിരുന്നു. രാവിൻ്റെ മറപറ്റി
തന്നെ മരണം തുറിച്ചു നോക്കുന്നപോലെ തോന്നി. ഡിസംബറിലെ തണുത്ത രാത്രിയിലും, നെറ്റിയിൽ
പൊടിയ്ക്കുന്ന വിയർപ്പ് മണികളെ തുടച്ചു മാറ്റി, കിതച്ചു, ഭയം അകറ്റാൻ എന്നപോലെ ബാഗ് തുറന്ന് തൻ്റെ സാധനങ്ങൾ
അടുക്കിവയ്ക്കാൻ ശ്രമിച്ചു.
പുറത്തേയ്ക്കുള്ള വാതിലിൽ ശക്തിയായി മുട്ട്
തുടർന്നപ്പോൾ, ഉള്ളിൽ
ബാക്കിയായിരുന്നു അൽപ്പധൈര്യത്തെ കൂട്ടുപിടിച്ച് അയാൾ അവിടേയ്ക്ക് പതിയെ നടന്നു.
മലർക്കെ തുറന്ന വാതിൽ പാളിയ്ക്ക് മുന്നിൽ വെളുക്കെ ചിരിച്ച് നിൽക്കുന്ന
ഗസ്റ്റ്ഹൗസ് ബോയിയെ കണ്ടപ്പോൾ ഉള്ളിൽ വന്ന ആശ്വാസം പുറത്ത് കാണിക്കാതെ അയാൾ
ചോദിച്ചു..
എന്താണ്??
അവൻ ഒന്നും സംഭവിക്കാത്തപോലെ ചിരിച്ചു കൊണ്ട് കയ്യിലെ
ഫ്ളാസ്ക് അയാളുടെ മുന്നിലേയ്ക്ക് നീട്ടികൊണ്ട് പറഞ്ഞു.
സർ, ചുക്ക്
കാപ്പി, ദാസൻസർ
പ്രത്യേകം പറഞ്ഞു സാറിന് രാത്രിയിൽ തീർച്ചയായും ഇത് തയ്യാറാക്കി തരണം എന്ന്.
ഇവിടുത്തെ തണുപ്പിന് ഇത് നല്ലതാണ്, സാറിന്ഇഷ്ടവുമാണല്ലോ..
ഇളിച്ച മുഖത്തോട് അവൻ അത് പറഞ്ഞപ്പോൾ, ഉള്ളിലെ
ഭയം പുറത്ത് കാട്ടാതെ കൈനീട്ടി വാങ്ങി, തിരികെ നടക്കാൻ തുടങ്ങിയ അയാളോട്,
സർ എസി നല്ല കണ്ടീഷൻ ആണ് എന്ന് വിളിച്ച് പറഞ്ഞപയ്യനോട്, മൂളൽ
മറുപടിയായി നൽകി അയാൾ കതക് ചേർത്തടച്ചു.
അവിടുത്തെ, തണുത്ത രാത്രിക്ക് ഇരുട്ട് കൂടുതലാണ് എന്നയാൾക്ക്
തോന്നി. അതിൻ്റെ ആഴത്തിൽ എവിടെയോ പതിയിരിക്കുന്ന മുറുക്കി ചുവപ്പിച്ച, വെറ്റിലക്കറ
പറ്റിപ്പിടിച്ച, നിരതെറ്റിയ
പല്ലുകളും, അച്ചടമില്ലാത്ത
താടിരോമങ്ങൾ നിറഞ്ഞ മുഖവും നരച്ചതെങ്കിലും, രൂക്ഷഭാവമുള്ള കണ്ണുകളും, തന്നെ
പിന്തുടരുന്നപോലെ തോന്നി.
ചെറിയ ചൂടുവെള്ളത്തിൽ ശരീരം കഴുകി, ഉള്ളിലെ
വേവ് വകവയ്ക്കാതെ നനുത്ത തണുപ്പിനെ തടയാൻ എന്നവണ്ണം കറുത്ത കമ്പളം മൂടി, കിടക്കയിൽ
തിരിഞ്ഞു മറിയുമ്പോഴും, പെട്ടെന്ന്
ഇരുട്ടിൽ നിന്ന് ചാടിവീഴുന്ന മരണത്തെ പ്രതീക്ഷിച്ചിരുന്നു അയാൾ.
തെളിവുകൾ അവശേഷിപ്പിക്കാതെ കഴുത്തു ഞരമ്പിൽ നിന്ന്
ഊർന്നു പോകുന്ന രക്തവും, മരവിച്ച
കബന്ധവും, പതിവ്
പോലെ ആ നാടിനെ വിറങ്ങലിച്ച നിലവിളിയായി പ്രഭാതത്തിൽ എതിരേൽക്കുന്നതും അയാൾ മനസ്സിൽ
സങ്കൽപ്പിച്ചു. എന്നാൽ നാളെ പതിവിന് ഒരു മാറ്റം ഉണ്ടാകും, അപരിചിതനെയാവും
നാട്ടുകാർ കബന്ധമായി കാണുക. ഈ രാത്രി നാട്ടിലേയ്ക്ക് വന്നിറങ്ങിയ താൻ.
ദാസൻ ആദ്യം കാര്യം അവതരിപ്പിച്ചത് മടിച്ചു
മടിച്ചായിരുന്നു, പ്രോത്സാഹിപ്പിച്ചപ്പോൾ
അവന് ആവേശമായി. നാഷണൽ ലെവലിൽ അറിയപ്പെടുന്ന ചാനലിലെ അപസർപ്പക കഥകളുടെ
പിന്തുടർച്ചക്കാരന്, തുടക്കത്തിലെ
കൗതുകം, വാശിയായി
പരിണയിച്ചപ്പോൾ ഉൽസുക്യം കൂടി.
രത്നഗിരി എന്ന കേരളത്തിലെ, സഹ്യൻ, തൻ്റെ
മടിത്തട്ടിൽ തോറ്റുന്ന, വർഷത്തിൽ
ഏറെയും കോടമഞ്ഞു തങ്ങിനിൽക്കുന്ന, കാപ്പികൃഷി
ധാരാളമുള്ള ഹൈറേഞ്ച് ഗ്രാമം. അവിടെ ഇടയ്ക്കിടെ കാണുന്ന മൃതദേഹങ്ങൾ, കൊലപാതകം
എന്ന് സംശയലേശം പറയാവുന്ന അതിന് ഇന്നുവരെ ഒരു തെളിവും അവശേഷിക്കാറില്ലായിരുന്നു.
എല്ലാമരണത്തിനും ആകെ ഉണ്ടാവുന്ന സാമ്യവും, പ്രത്യേകതയും, കബന്ധത്തിൽ ഒരുതുള്ളി പോലും രക്തം ഉണ്ടാവില്ല, എന്നതാണ്.
ശരീരത്തിൻ്റെ ചൂട്
നഷ്ട്ടപ്പെട്ടില്ലെങ്കിലും, രക്തമയം
ഒട്ടും ഉണ്ടാവാറില്ല.
കഴുത്തിൽ ഒരു ചെറിയ പാട് മാത്രമായിരിക്കും ഉണ്ടാവുക, അത്
മനുഷ്യർ ആരെങ്കിലും ഉണ്ടാക്കുന്നതാണോ? അതോ ഏതെങ്കിലും ജീവികൾ കടിക്കുന്നതാണോ എന്ന് ഇന്നുവരെ
തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല പോലും. നാട്ടിൽ പ്രചരിക്കുന്ന പല കഥകളിൽ ആ
രൂപത്തിൻ്റെ സാമിപ്യം
മാത്രമാണ് എടുത്ത് പറയപ്പെടുന്ന സമാനത. ബാക്കിയെല്ലാം അകാല മരണങ്ങൾ.
ദാസൻ്റെ വിവരണത്തിൽ അത് പൈശാശിക ശക്തികളുടെ ആക്രമണമാണ്, അയാൾ
ദുർമന്ത്രവാദിയും എല്ലാ സ്ഥലത്തും അയാളുടെ സാമിപ്യം ഉണ്ടായിരുന്നെങ്കിലും, അയാളെ
ബന്ധിപ്പിക്കാൻ ഒരു തെളിവ് ഒരിക്കലും ഉണ്ടായിരുന്നില്ല. എന്തോ എവിടെയോ ഒരു
മിസ്സിംഗ് എലമെൻ്റെ, പിന്നെ
ഇതൊക്കെ ഉണ്ടാക്കിയ ഭയം, അതാണ്
ഇത് തെളിയാതെ പോകുന്നത് ... പറയുമ്പോൾ ദാസൻ്റെ കണ്ണിലും
ആ ഭയം വായിച്ചെടുക്കാമായിരുന്നു.
ആഭിചാരത്തിൻ്റെ അവസ്ഥാന്തരങ്ങളാണ് എന്ന് ദാസൻ
ഉറപ്പിച്ച് പറയുമ്പോഴും, നാട്ടുകാർ
അതിനെ അതീന്ദ്രിയതയും, യക്ഷികളുടെ
വിളയാട്ടവുമാണ് ഉറപ്പിക്കുന്നത്. വർഷങ്ങളായി ഒരേ രൂപത്തിൽ തുടരുന്ന ആ വികൃത രൂപം
വെറും നിമിത്തം മാത്രമാണ് എന്നും. കൊലപാതകത്തിന് ഒരു മറമാത്രമാണ് ബാക്കിയൊക്കെ
എന്ന് ദാസൻ ഉറപ്പിക്കുന്നു.
ആ വികൃതരൂപി, തൻ്റെ ഇരയെ വളരെ മുൻപ് തന്നെ ഉറപ്പിക്കുന്നു, പിന്നെ
അനുകൂല സാഹചര്യം ഉറപ്പിച്ച്, സവിശേഷ
ദിവസങ്ങളിൽ, മന്ത്ര, തന്ത്ര, താന്ത്രിക
വിധികളോടെ ഇരയെ അവസാനിപ്പിക്കുകയാണ്. ഇപ്പോൾ അവിടേക്കാണ് താൻ നടന്ന്
കയറിയിരിക്കുന്നത്. വീണ്ടും അതോർത്തപ്പോൾ രാമാനുജൻ ഒന്ന് ഞെട്ടി... ദാസൻ്റെ വാക്കുകൾ
ഓർത്തു.
സാറിനോട് ഞാൻ പറഞ്ഞതല്ലേ സൂര്യൻ അസ്തമിക്കും മുൻപ്, ഗസ്റ്റ്ഹൗസ്സിൽ
എത്തണം എന്ന്. അഥവാ താമസിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ, യാത്ര
അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കണം എന്ന്.
അത് പറയുമ്പോൾ ദാസൻ്റെ തൊണ്ട
ഇടറിയിരുന്നു, തന്നെ
അവനാണ് ഇവിടേയ്ക്ക് തള്ളിവിട്ടത് എന്ന് ശക്തമായി വിശ്വസിക്കുന്നുണ്ട്.
അവസാനം സർ അയാളുടെ മുന്നിൽ തന്നെ ചെന്ന്
പെട്ടിരിക്കുന്നു. ദാസൻ അത് പറയുമ്പോൾ വല്ലാതെ കിതച്ചിരുന്നു. എല്ലാം
ഉറപ്പിച്ചപോലെ അലമുറയും.
വൈത്തിരിയിൽ നിന്ന് കയറ്റംകയറി രത്നഗിരിയിലേയ്ക്ക്
റോഡ് പിടിയ്ക്കുമ്പോൾ വല്ലാതെ ഇരുട്ട് മൂടിയിരുന്നു. ദാസൻ മുന്നറിയിപ്പ്
തന്നിരുന്നു എങ്കിലും, തന്നിലെ
അപസർപ്പകൻ വല്ലാത്ത ഒരു ലഹരിയിൽ തന്നെയായിരുന്നു.
മധ്യകേരളത്തിലെ തറവാട്ടിൽ കറങ്ങി ഇവിടേയ്ക്ക്
തിരിക്കുമ്പോൾ ഉദ്ദേശിച്ച സമയത്തിലും അൽപ്പം വൈകി. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെയും
ചാർച്ചക്കാരെയും കണ്ടുമുട്ടി, കുശലം
പറഞ്ഞു, ബന്ധം
പുതുക്കിയപ്പോൾ സമയനിഷ്ഠ മറന്നു എന്ന് പറയുന്നതാവും ഭംഗി.
ദാസൻ പറഞ്ഞപോലെ ഇടുങ്ങിയ വഴിയും, ആനത്താരകളും
കടന്ന്, നിബിഢമായ
വൃക്ഷത്തലപ്പുകളും പിന്നിട്ട് വലത്തോട്ട് തിരിയേണ്ട കവലയിൽ എത്തുമ്പോൾ നേരം രാത്രി, പത്തിനോട്
അടുത്തിരുന്നു. ഇനി എങ്ങോട്ട് എന്ന് ചോദിയ്ക്കാൻ ആരുമുണ്ടായിരുന്നില്ല വഴിയരുകിൽ.
കൃത്യം സ്ഥലമായി എന്ന് മനസ്സ് പറഞ്ഞിടത്ത്, വണ്ടിയുടെ
ഹെഡ് ലൈറ്റിൽ തെളിഞ്ഞ മനുഷ്യരൂപം കണ്ടപ്പോൾ ആദ്യം ആശ്വാസമാണ് തോന്നിയത്.
തന്നെ കാത്തെന്നപോലെ, വഴിചോദിച്ചപ്പോൾ, വികൃത ശബ്ദം പുറപ്പെടുവിച്ച് മുന്നിലേയ്ക്ക് കൈചൂണ്ടി
നടന്ന അയാളെ പിന്തുടർന്ന് എത്തിയത് കൃത്യം തൻ്റെ ലക്ഷ്യസ്ഥാനത്ത്. വണ്ടി പാർക്ക്
ചെയ്ത്, ഗസ്റ്റ്ഹൗസ്സ്
ബോയ് തുറന്നു തന്ന മുറിയിൽ കയറി ഫോൺ നോക്കിയപ്പോൾ ദാസൻ മാത്രമല്ല പലരും പലതവണ
വിളിച്ചിരിക്കുന്നു. സൈലന്റ് മോഡിലിട്ട് വണ്ടിയോടിച്ചതിനാൽ ഒന്നും അറിഞ്ഞില്ല.
തിരിച്ച് വിളിച്ച് വഴികാട്ടിയുടെ രൂപഭാവങ്ങൾ
വിവരിച്ചപ്പോൾ ദാസൻ ഞെട്ടി, ആശ്വാസത്തിന്
പകരം, അവൻ
പതറാൻ തുടങ്ങി. ചിന്തകളുടെ അശാന്ത ആരാമത്തിൽ രാമാനുജൻ എപ്പോഴോ ഉറങ്ങി.
നേരം നന്നായി വെളുത്ത്, കോടമഞ്ഞുമൂടി നിന്ന അന്തരീക്ഷത്തിലാണ്, ഉറക്കമുണർന്നത്..
താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ഇന്നലെ
കിടന്ന് കിടപ്പിൽ തന്നെ. ഭയപ്പെട്ടത് ഒന്നും സംഭവിച്ചിട്ടില്ല. എങ്ങും ബഹളമയം, അയാൾ
വാതിൽ തുറന്ന്, സഹായി
പയ്യനെ അന്വേഷിച്ചു, ചൂടുകാപ്പിയുമായി
വന്ന അവനാണ്, അധികം
ദൂരെയല്ലാതെ മലയുടെ ചരുവിൽ വിറുങ്ങലിച്ചുകിടക്കുന്ന പതിനേഴുകാരിയുടെ
കബന്ധത്തെപ്പറ്റി പറഞ്ഞത്.
അവന് അതിൽ വലിയ വിശേഷം തോന്നിയില്ല എന്നമാതിരിയുള്ള
പ്രസന്റ്റേഷൻ, മരണവും
പതിവ് സന്ദർശകൻ ആകുമ്പോൾ പിന്നെ എന്ത് വിശേഷം അയാൾ ആലോചിച്ചു.
വേഗത്തിൽ റെഡിയായി തൻ്റെ ക്യാമറയുമായി പയ്യൻ പറഞ്ഞ
സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ പുരുഷാരം എത്തിക്കഴിഞ്ഞിരുന്നു. ചത്ത് മലച്ച
പരൽമീനിനെ പോലെ ആ പെൺകുട്ടിയുടെ ദേഹം. അതിൽ നിന്ന് കുറച്ചകലം പാലിച്ചാണ്
ജനസഞ്ചയത്തിൻ്റെ നിൽപ്പ്, ഉള്ളിൽ
രണ്ടോ മൂന്നോ കാക്കി വേഷധാരികളും.
അയാൾ തൻ്റെ ക്യാമറയുമായി ആ വൃത്തത്തിനുള്ളിലേയ്ക്ക്
പ്രവേശിച്ചു. അയാളെ കണ്ടമാത്രയിൽ ഇവൻ ഏത് "കോത്താഴത്ത്കാരനാടാ" എന്ന
ഭാവമായിരുന്നു, ആ
ജനങ്ങൾക്ക് എന്ന് തോന്നി. ഒന്നും വകവയ്ക്കാതെ ജനങ്ങളുടെ മർമ്മരം ശ്രദ്ധിക്കാതെ, അയാൾ
ആ കബന്ധത്തിൻറെ മുഴുവൻ കാഴ്ച്ചയും തൻ്റെ ക്യാമറയിലേക്ക് ഒപ്പി. പിന്നെ ചുറ്റുപാടും
നിന്ന മനുഷ്യരെയും.
ദാസൻ പറഞ്ഞപോലെ സുന്ദരിയായ ആ കുട്ടിയുടെ കഴുത്തിൽ
കൃത്യമായ സ്ഥലത്ത് തന്നെയുണ്ടായിരുന്നു ആ മുറിവ്, വിളറിയ ശരീരത്തിൽ, അങ്ങിങ്ങായി മഞ്ഞുത്തുള്ളികൾ, ചിതറിയും, അവളുടെ
ചേലയിലീർപ്പവും കാണപ്പെട്ടു. ശരീരത്തും സമീപത്തും, രാവിലത്തെ ശീതകാറ്റിൽ പൊഴിഞ്ഞ കരിയിലകൾ, ചുറ്റിലും
ഒരു ചെറിയ കാൽപ്പാട് പോലും അവശേഷിച്ചിട്ടില്ല, മുറിവിന് ചുറ്റും കരിനീല നിറം വ്യാപിച്ചിട്ട്
ഉണ്ടെങ്കിലും, ചോരച്ചവി
ഒട്ടും ഉണ്ടായിരുന്നില്ല. അവൾ ശാന്തയായി ഉറങ്ങുകയാണ് എന്ന് തോന്നും.
ആൾക്കൂട്ടത്തിനിടയിലേയ്ക്ക് തൻ്റെ വീഡിയോ ക്യാമറ
തിരിച്ചപ്പോൾ രാമാനുജൻ കണ്ടു, ആ
വികൃതരൂപിയെ, നിർവികാരനായി
അൽപ്പം മാറി എല്ലാം വീക്ഷിക്കുന്ന, ഒരു മനുഷ്യൻ, എന്നാൽ അയാളുടെ കണ്ണ് തീഷ്ണമാണ്, ഭാവം, അതിക്രൂരവും.
ക്യാമറയുടെ ലെൻസിലൂടെ ആകെ വീക്ഷിച്ച് ശ്രദ്ധയോടെ രാമാനുജൻ അയാളെ ഒപ്പിയെടുത്തു, സൂക്ഷ്മതയോടെ, ഭാവങ്ങൾ
ഒട്ടും ചോരാതെ.
രാമാനുജൻ തൻ്റെ ക്യാമറയുമായി ആ നാട്ടിൽ ചുറ്റി നടക്കാൻ
തുടങ്ങിയിട്ട് ആഴ്ച്ച ഒന്നിലേറെയായി. അയാളുടെ ലക്‌ഷ്യം ആ വികൃതരൂപി
തന്നെയായിരുന്നു. ഇതിനിടയിൽ പലതവണ വിദൂരത്തും സമീപത്തുമായി അയാളെ ഒപ്പിയെടുക്കാൻ
രാമാനുജന് സാധിക്കുകയും ചെയ്തു. പക്ഷേ, അത് തിരിച്ചറിയുമ്പോലെ അയാൾ ആ ക്യമറക്കാഴ്ച്ചയിൽ
നിന്ന് തെന്നിമാറി.
ഓരോ തവണയും രാമാനുജൻ്റെ ദൃഷ്ടിയിൽ
നിന്ന് അതിവിദഗ്ധമായി പൊന്തക്കാടുകളിലേയ്ക്കും, കുണ്ടനിടവഴികളിലേയ്ക്കും തെന്നിമാറുന്ന അയാൾ
എന്തൊക്കയോ ഒളിക്കുന്നപോലെ തോന്നി.. ഒരു പക്ഷേ ദാസൻ പറഞ്ഞപോലെ ആ ഭീകരജീവി ഇയാൾ
തന്നെ. രാമാനുജൻ കൂടുതൽ തെളിവ് ശേഖരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
കഴുത്തിൽ വല്ലാത്ത തണുപ്പിൽ ചെറിയ ചൂട് കാറ്റ് അടിച്ച
കൊടുംകാടിൻ്റെ മധ്യത്തിലെ
മധ്യാഹ്ന സമയത്ത് രാമാനുജൻ ഞെട്ടി തിരിഞ്ഞു നോക്കി. അയാളുടെ പിന്നിൽ അധികം
ദൂരത്തല്ലാതെ വികൃതരൂപി. തന്നെ നോക്കി വല്ലാതെ ശബ്ദമില്ലാതെ ചിരിയ്ക്കുന്നു.
കൈകളിൽ വികൃത് നീണ്ട നഖങ്ങൾ, വൃത്തിയില്ലാത്ത
പല്ലുകളും, രോമങ്ങളും, ജടപിടിച്ച
തലമുടി. ഭീകരമായ ഭാവം.. എങ്കിലും അയാൾ ചിരിയ്ക്കുകയാണ്.
‘ന്ത്’
വേണം, ന്തിനാണ്
അന്നെ പിന്തുടരുന്നത്. ബെറുക്കനെ ഭ്രാന്ത് പിടിപ്പിക്കാതെ കടന്നുപൊക്കോ..
അയാളുടെ ഉറച്ച ശബ്ദത്തിൽ ഒരു ആജ്ഞാശക്തി
ഉണ്ടായിരുന്നു.. ഒപ്പം രൂക്ഷമായ താക്കീതും.. മിണ്ടാപ്രാണിയാണ് എന്ന ദാസൻ്റെ വാക്കുകൾ
അവിടെ നഗ്നയാക്കപ്പെട്ട പെൺകുട്ടിയുടെ വസ്ത്രം പോലെ ഉതിർന്നു വീഴുന്നു.
രാമാനുജൻ നിർന്നിമേഷനായി, അയാളെ
നോക്കിനിന്നു. ഉള്ളിൽ കത്തുന്ന തീയും, വളരെ അപകടകാരിയുമായ ആ അപരിഷ്കൃതനെ നോക്കി നിന്നപ്പോൾ
അയാൾക്ക് തീരെ ഭയം തോന്നിയില്ല, മരണം
മുന്നിൽ വന്നു നിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, വ്യഘ്രത്തിൻ്റെ മുന്നിലെ
മാൻപേട ആയിരുന്നില്ല, എതിരാളിക്ക്
ഒത്ത പോരാളിയുടെ ഭാവമായിരുന്നു, അപ്പോൾ
രാമാനുജനെ ഭരിച്ചിരുന്നത്.
അയാൾക്കുള്ള മറുപടി എന്നപോലെ രാമാനുജൻ പറഞ്ഞു..
എന്നും നിങ്ങൾ മാത്രം ജയിച്ചാൽ പോരല്ലോ? ചിലപ്പോൾ
എങ്കിലും, നിയമവും, പരിഷ്‌കൃത
ലോകവും കൂടി ജയിക്കേണ്ട? ഒരിക്കൽ
എങ്കിലും അതിലേയ്ക്ക് വെളിച്ചം വീശണം... ഈ നാടിനെ ബാധിച്ച ശാപം മാറണം.. അത്
ഉറപ്പിക്കാതെ ഞാൻ ഇവിടെ നിന്ന് പോവില്ല... ഇത് സത്യം..
ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി...
ചിരിയുടെ അന്ത്യത്തിൽ വല്ലാത്ത ഒരു ശാന്തത കൈവരിച്ച് അയാൾ പറഞ്ഞു...
നിക്കറിയാം, ങ്ങ’ൾ സൂചിപ്പിക്കുന്നത് ആ ചാവുകളെ പറ്റിയാണെന്ന്, എല്ലാവർഷവും
ആവർത്തിക്കണ, മരണം...
എല്ലാരും കരുത്തണ ഏനാണന്നും.
അയാൾ കുറച്ച് നേരം നിർത്തി കാടിൻ്റെ അഗാധതയിലേയ്ക്ക്
ഉറ്റുനോക്കി... പിന്നെ തുടർന്നു.
നിങ്ങ വിചാരിക്കുന്നത് പോലെ അത് ഏനല്ല ചെയ്യുന്നത്, അത്
ങ്ങനെ സംഭവിക്കുന്നു, എനക്കറിയാം...
അത് ഒരു രഹസ്യമാണ്... ആ രഹസ്യം ഇരകൾക്കും, ഏനക്കും ചെയ്യുന്ന ആൾക്കും മാത്രമറിയാവുന്നത്... തടയാൻ
ആര് ശ്രമിച്ചാലും, അത്
നടക്കും.. പക്ഷേ..
അയാളുടെ ആ അർദ്ധ വിരാമത്തിന് ഒരുപാട് അർത്ഥങ്ങൾ
ഉണ്ടായിരുന്നു.. അതിൽ ഒളിഞ്ഞു കിടന്ന ഭീഷണിയും.
രാമാനുജൻ തിരികെ നടന്നു, വികൃതരൂപി കാട്ടിലേയ്ക്കും... പിന്നിലെ
ചുറ്റിക്കമ്പുകൾ ഒടിയുന്ന ശബ്ദം പിന്തുടരുന്നു എന്നറിഞ്ഞിട്ടും, രാമാനുജൻ
നടന്നു ഉദാസീനനായി.. ഒന്നും സംഭവിക്കുകയില്ല എന്ന ഒരു ഉറപ്പോടെ..
രത്നഗിരിയിലെ ആ തെളിഞ്ഞ പ്രഭാതം ഉണർന്നത് മറ്റൊരു
മരണത്തിൻ്റെ വർത്തയുമായായിരുന്നു.
എന്നാൽ അത് പഴയതുപോലെ ശാന്തമായതായിരുന്നില്ല, പൈശാശികമായി തുണ്ടം തുണ്ടമാക്കിയ ഒരു സ്ത്രീ ശരീരം.
തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ വികൃതമാക്കപ്പെട്ട അത് ആ നാടിനെ കൂടുതൽ
ഭയചകിതമാക്കി..
അത്തരം പലകാഴ്ചകളും ക്യാമറയിൽ പകർത്തിയ രാമാനുജൻ പോലും
തകർന്നുപോയി.. ഇത്രയും ഭീകരമായ മരണം, അല്ല കൊലപാതകം അയാളെയും ഞെട്ടിച്ചു.. ദാസൻ ഫോൺ
ചെയ്യുമ്പോൾ, വളരെ
ഇമോഷണൽ ആയി, ഉടനെ
അവിടെ നിന്ന് തിരികെപോരണം എന്നാവിശ്യപ്പെട്ടു.
ആ രാത്രി രാമാനുജൻ്റെ മുറിയുടെ
പിന്നിലെ ജാലക വാതിലിൽ ശക്തമായി മുട്ട് തുടർന്നപ്പോൾ അയാൾ അത് തുറന്നു. ഇരുട്ടിലെ
അരണ്ട നിലാവെളിച്ചത്തിൽ പാറിപ്പറന്ന ചപ്പറിച്ച ജടാശകലങ്ങളുമായി വികൃതരൂപി. അയാളുടെ
കണ്ണുകൾ തികച്ചും ശാന്തമാണെന്ന് രാമാനുജന് തോന്നി.. ഒന്ന് വെളുക്കെ ചിരിച്ചിട്ട്
അയാൾ പറഞ്ഞു..
മ്പ്രാ... ഇനിയും ഇവിടെ നിന്ന് പൊയ്ക്കൊള്ളൂ.. ഇനി
ഒരിക്കലും, ഇവിടെ
ആരും മരിക്കില്ല, ചോര
വാർന്ന്... അത് എനിൻ്റെ ഉറപ്പാണ്..
അത് തീർന്നിരിക്കുന്നു.. ഓളെ ഏൻ തീർത്തിരിക്കുന്നു.. അപ്പോൾ അയാളുടെ കണ്ണുകളിൽ
നീര് പൊടിയുന്നതായി തോന്നി.
രാമാനുജൻ സംശയനിവാരണം പോലെ ചോദിച്ചു... ആരായിരുന്നു
ഇതിൻ്റെ പിന്നിൽ
? എങ്ങനെ?
രഹസ്യമാണ്, എനക്കും.. ഓള്ക്കും, മരിച്ചവർക്കും മാത്രമറിയാവുന്ന രഹസ്യം.. ഏന് , ഓളെ
കൊന്നു... വെട്ടിവെട്ടി.. ഇനി പൊക്കോ... ഇവിടെ നിക്കണ്ട.. ആ രഹസ്യം.. ‘ന്നിൽ
അവസാനിക്കട്ടെ.
പുലരിയിൽ തന്നെ ബാഗുകൾ വണ്ടിയിലേക്ക് എറിഞ്ഞു..
പയ്യനോട് യാത്ര പറഞ്ഞു വണ്ടി എടുക്കുമ്പോൾ അൽപ്പം അകലെയായി പറങ്കിമാവിൻ്റെ കൊമ്പിൽ
തൂങ്ങിയാടുന്ന വികൃതരൂപം രാമാനുജന് അജ്ഞാതമായിരുന്നു അപ്പോൾ ആ പയ്യനും.
രഘുചന്ദ്രൻ. ആർ.
x
Comments
Post a Comment