ഒറ്റപ്പെട്ടവർ

       
      ഒറ്റപ്പെട്ടവർ 
                 കണ്ണ് തുറന്ന് അയാൾ ചുറ്റിലും നോക്കി പച്ച വിരിച്ച  മൈതാനം, മുകളിൽ സുര്യൻ തെളിഞ്ഞ് കത്തുന്നു, ജുണ് മാസത്തിലെ പകലിലും നല്ല കുളിർമ്മ, പിൻ കൈകുത്തി നിവർന്നിരുന്നു, പച്ചപുല്ലുകൾ മെത്ത വിരിച്ച തറയിൽ കിടക്കുന്പോൾ  നക്ഷത്ര ഹോട്ടലിന്റെ ബെഡിന്റെ പതുപതുപ്പ്, അയാൾ കാലിൽ നിവർന്നു നിന്നു. താൻ എവിടെ ആണ് എന്ന് സ്വയം ചോദിച്ചു, ആരാണന്നുള്ള ചോദ്യം മനസ്സിന്റെ വിഹായസ്സസിൽ കിടന്ന് ചുറ്റി, തലച്ചോറിന്റെ നാഡി ഞരന്പുകളിൽ അതിന്റെ വിദ്യുത്പ്രവാഹങ്ങൾ ദ്രുതചലനങ്ങൾ തീർത്തു. എല്ലാത്തിലും ഒരുമന്ദത, കൈകൾ മുഖത്ത് ചേർത്ത് തിരുമി, തലയുടെ പിന്നിൽ പതിയെ അടിച്ചു, എങ്കിലും കഴിഞ്ഞ കാല ഓർമ്മ തിരികെ വന്നില്ല, നീണ്ട് നിവർന്നകിടക്കുന്ന ആ മൈതാനവും കഴിഞ്ഞ് ചുറ്റിലുമുള്ള മരക്കുട്ടം ഒരു ഗോൾഫ് ഗ്രൌണ്ട്ന്റെ പ്രതീതി ഉണർത്തി, ഗോൾഫ് ഗ്രൌണ്ട്  അതെന്താണ്  അയാൾ ഓർത്തു, പിന്നെയും ഓർമ്മ പണിമുടക്കി, എന്തോ ഒന്ന് എന്ന് പിറുപിറുത്ത് കൊണ്ട് അയാൾ ആ മരകൂട്ടം ലക്ഷ്യമാക്കി നടന്നു, അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നു ദാഹവും, മുന്നിൽ മൈതാനവും മരക്കുട്ടവും അല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല, നല്ല കുളിർ കാറ്റ് അയാളെ തഴുകി പോയി, അത് അയാളിൽ ജലത്തിന്റെ ഓർമ്മ കൊണ്ടുവന്നു അത് അയാളുടെ ദാഹത്തിന്റെ ആക്കം കൂട്ടുവാൻ ആണ് ഉപകരിച്ചത്, ഒപ്പം മഴയുടെ ഓർമ്മയും ജലാശയത്തിന്റെ സാമിപ്യവും  ഉണർത്തി, ഒന്നുകിൽ എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് അല്ലെങ്കിൽ വലിയ ജലാശയം ചുറ്റി കാറ്റടിക്കുന്നു, ജലാശയം അത് കടലാകാം മറ്റൊരു സാധ്യത തടാകത്തിനാണ്, അപ്പോൾ മനസ്സിൽ അതിന്റെ ഓർമ്മകൾ തിക്കി തിരക്കി, അതിൽ വലിയ കടൽ തീരവും വൈകുന്നേരങ്ങളിലെ  മുഖം തഴുകി പോകുന്ന കാറ്റും സമീപത്തിൽ നിന്നും പറത്തിവിടുന്ന കാച്ചിയ എണ്ണയുടെയും കർപ്പുരത്തിന്റെയും ഗന്ധം കലർന്ന മുടിയിഴകളും ഒപ്പം മനോഹരിയായ ഒരു പെണ്കുട്ടിയുടെ മുഖവും ഓർമ്മകളെ ഉദ്ദീപിപ്പിച്ചു. ആരാണവൾ തലച്ചോറിന്റെ വൈദ്യതി  പ്രവാഹം പിന്നെയും ദ്രുതഗതിയിൽ ആയി, സ.. സ.. വാക്കുകൾ ചുണ്ടുകളിലേക്ക് വന്നു പക്ഷെ പൂർത്തിയായില്ല, എങ്കിലും തലയുടെ പിന്നിൽ അടിക്കുകയും നെറുകയിൽ ചൊറിയുകയും ചെയ്തുകൊണ്ട് അയാൾ മുന്നോട്ട് നടന്നു, ഇപ്പോൾ മരക്കുട്ടം അടുത്ത് വന്നു പലതരത്തിൽ ഉള്ള ചെറുതും ആകാശം മുട്ടുന്നതുമായ മരങ്ങൾ അവയിൽ നിറച്ചും ഇലകൾ തിക്കി നിൽക്കുന്നു, താഴെ മെത്തവിരിച്ചപോൾ പുൽനാന്പുകളും  അയാൾക്ക് അത്ഭുതമായത് അവിടുത്തെ വൃത്തിയാണ്, ഒരുകരിയിലകളും എങ്ങും കാണാൻ ഇല്ല, ദിനവുംവെടിപ്പാക്കുന്ന മുറ്റം പോലെ ശുന്യം. അടുത്ത് എത്തുപോഴെക്കും ഇലകൾക്കിടയിൽ ഫലങ്ങളും കണ്ണിൽ പെട്ടു, നിറഞ്ഞ് മൂത്തും പഴുത്തും നിൽക്കുന്ന ആപ്പിൾ മരങ്ങളും ഓറഞ്ഞും പിന്നെ പേരറിയാത്ത ഒരുപാട് പഴങ്ങളും, ഫലങ്ങൾ ഇല്ലാത്ത വന്മരങ്ങലും. വിശപ്പിന്റെ വിളിയിൽ മുന്നിൽ കണ്ട ആപ്പിൾ മരത്തിലേക്ക് അയാൾ ചാടിക്കയറി. തോട്ടകാരൻ വരും മുൻപേ വിശപ്പടക്കണം എന്ന ലക്ഷ്യമായിരുന്നു അയാൾക്ക് മുൻപിൽ.            

               വിശപ്പിന്റെ ഘോരത അടങ്ങിയപ്പോൾ അയാൾ താഴെ ഇറങ്ങി ഇനി കുറച്ചു വെള്ളം അത് അവിടെയെങ്ങും കണ്ടില്ല, മരങ്ങൾക്ക് ഇടയിലൂടെ പിന്നെയും മുന്നോട്ട് നടന്നു, അയാൾക്ക് ഉറപ്പുണ്ടായിരുന്നു ഇത്രയും പച്ചപ്പുകൾ നിറഞ്ഞ സ്ഥലത്ത് തീർച്ചയായും ശുദ്ധ ജലം കാണും എന്ന്, നടപ്പിനിടയിലും അയാൾ ആ പെണ്കുട്ടിയുടെ മുഖത്തെയും പേരിന്റെ ആദ്യക്ഷരവും സ്മരിച്ച് കൊണ്ടേ ഇരുന്നു, മനസ്സില് ആരോ ഇരുന്നു പറയും പോലെ നിന്റെ സ്വത്വത്തിന്റെ പിടിവള്ളിയാണവൾ എന്ന്, അയാൾ പേർത്തും പേർത്തും ഉരുവിട്ടു സാ. സാ... മുന്നിൽ സമതലം കഴിഞ്ഞ് കുന്നിൻ പ്രദേശങ്ങൾ രൂപപ്പെട്ടു തുടങ്ങി  എങ്കിലും പച്ച പുതപ്പ് അങ്ങനെ തന്നെ നിലനിന്നു, മരങ്ങൾക്കിടയിൽ കതിരവൻ എത്തി നോക്കികൊണ്ടേ ഇരുന്നു, അയാൾ നടപ്പ് തുടങ്ങിയിട്ട് കുറെ മണിക്കുറുകൾ കഴിഞ്ഞിരുന്നു, അർക്കബിംബം പടിഞ്ഞാറെ ചരിവിലേക്ക്  ചരിഞ്ഞ് തുടങ്ങിയിരിക്കുന്നു. അയാൾ നടത്തം തുടർന്നു, ഇപ്പോൾ അയാൾ ഒരു വലിയ മലയുടെ മുകളിലേക്ക് കയറുകയാണ്, ദാഹം ഉണ്ടങ്കിലും ക്ഷീണം തെല്ലും അയാൾക്ക് തോന്നിയില്ല അതിനാൽ അയാൾ നടന്ന് കൊണ്ടേ ഇരുന്നു, അതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു,ഒന്ന് ജലം പിന്നെ തന്നെ പോലെ അല്ലെങ്കിൽ ഏതെങ്കിലും ജീവികളെ കണ്ടെത്തുക. അയാളുടെ നടത്തം ആ ഉതുംഗശൃംഗത്തിന്റെ നിറുകയിൽ ആണ് അവസാനിച്ചത്, വളര വിശാലവും പരന്നതും ആയ ഒരു പ്രദേശമായിരുന്നു അത്, പുൽമേടുകൾ മാത്രം, വൃത്തിയായി ചെത്തിമിനുക്കിയപോൾ കാണപ്പെട്ടു, ഇടക്കിടക്കായി ചെറിയ കുറ്റിച്ചെടികളും  പുക്കളും നിറഞ്ഞിരുന്നു, അവിടനിന്നും നോക്കിയാൽ ആ പരന്ന പ്രദേശത്തിന്റെ അറ്റം വിണ്ണിൽ തൊട്ടുനിൽക്കുമ്പൊലെ തോന്നി, അവിടെ നിന്നും അയാൾ പിന്തിരിഞ്ഞ് നോക്കി കടന്ന് വന്ന വഴികൾ ഒരിക്കൽ കുടി കാണുന്നതിന് വേണ്ടി, അയാളുടെ കണ്ണുകൾ താഴെ മലഞ്ചരുവിലൂടെ മൈതാനത്തേക്ക് നീണ്ടു, പച്ചവിരിച്ച ആ കാഴ്ച അവസാനിച്ചത്  കടൽതീരത്താണ്. മൈതാനവും അത് കഴിഞ്ഞ് ഉള്ള മരങ്ങളും പിന്നെ വെള്ള വിരിച്ച തീരവും കഴിഞ്ഞ് നീല അണിഞ്ഞ കടൽ അത് നോക്കെത്താ ദൂരം വരെ നീണ്ട് കിടക്കയാണ്, ചെറിയ ഓളങ്ങൾ തെറുത്ത് വരുന്നത് ഇല്ലെങ്കിൽ കടൽ ശാന്തം തന്നെ, ആ ശാന്തത അവനെ ഭയവിഹ്വലൻ ആക്കി. ദൃഷ്ട്ടി പിൻവലിച്ച് അവൻ മുന്നിലെ സമതല പ്രദേശത്തൂടെ നടന്നു. കുറച്ചു മുന്നിൽ പറവകൾ പറന്നുയരുന്നത് കണ്ടു  അവിടെ ആദ്യമായി അവൻ ചലിക്കുന്ന ജീവജാലങ്ങളെ കാണുകയായിരുന്നു അവൻ കൌതുകത്തോടെ മുന്നോട്ട് നടന്നു, അതാ വിശാലമായ ജലാശയം അതിൽ പറവകളും അരയന്നങ്ങളും. അവൻ മുന്നോട്ട് ഓടി, അതിന്റെ കരയിൽ നിന്ന് നാലുചുറ്റും ദൃഷ്ട്ടി പായിച്ചു, പക്ഷികൾ ജലം കുടിക്കുന്നുണ്ട്, അവൻ തന്റെ കാലുകൾ അതിലേക്ക് ഇറക്കി കുളിരുകൊണ്ട് ശരീരം കോൾമയിർ കൊണ്ട് രണ്ടുകൈയും കൊണ്ട് കുന്പിളിൽ ജലം കോരി മുഖം കഴുകി, ആ സുഖത്തിൽ അവൻ മുകളിലേക്ക് നോക്കി, പിന്നെ കുനിഞ്ഞ് കൈയിൽ വെള്ളം പതുക്കെ മതിവരുവോളം  കുടിച്ചു നിവർന്നപ്പോൾ അവനെ ചുണ്ടുകൾ ആ ശബ്ദ്ദം പുറത്തേക്ക് വിട്ടു സമീര, സമീര അതെ കടൽ തീരത്ത് അവനോടൊപ്പം കാറ്റുകൊണ്ട പെണ്കുട്ടി അവൾ സമീര, നീല കടലുകളെ കണ്ണിൽ കൊണ്ട് നടന്നവൾ അവൾ സമീര അവൻ പതുക്കെ അവനെ അറിയുകയായിരുന്നു  അവളിലൂടെ, ഗ്രാമത്തിന്റെ നൈർമല്യവും വശ്യതയും നിറഞ്ഞവൾ, തന്റെ ആരായിരുന്നു അവൾ പിന്നിലെ പറക്കുട്ടങ്ങളിൽ മലർന്ന് കിടന്ന് കൊണ്ട് അവൻ ആലോചിച്ചു.  ഓർമ്മയുടെ നീർമ്മാതളം പൂത്തു വരുന്പോഴെക്കും കതിരവൻ പടിഞ്ഞാറെ ചരിവും കടന്ന് താഴേക്ക് പതിച്ചിരുന്നു, പ്രകാശങ്ങൾ മങ്ങി തുടങ്ങുന്പോൾ അവൻ ക്ഷീണം കൊണ്ട് മയക്കത്തെ പുൽകി തുടങ്ങിയിരുന്നു, സ്വത്വത്തെ തിരിച്ചു കൊണ്ട് വരാനുള്ള ഉറക്കം. 

         പുലരി വെളിച്ചം വീണപ്പോഴെക്കും അവൻ മുഖം തുടച്ചുകൊണ്ട് എഴുന്നേറ്റു, തുറന്ന കണ്ണിൽ കുടി  അവൻ പ്രകൃതിയെ  ആദ്യം കാണുന്ന കുഞ്ഞിനെപ്പോലെ കൌതുകത്തോടെ നോക്കി, തൊട്ട് മുന്നിൽ വിശാലമായ തടാകം, ഇപ്പോൾ അത് ശാന്തമാണ്, തെളിഞ്ഞ് കിടക്കുന്നു, പുലരിയുടെ കുളിർമയും തെളിമയും അവനെപ്പോലെ മറ്റ് ജീവ ജാലങ്ങളും ആസ്വദിക്കും പോലെ തോന്നി.  പിന്നെ പുലർകാല മഞ്ഞിന്റെ കുഞ്ഞ് തുള്ളികൾ പേറി ശിരസ്സ് കുനിച്ച് നിൽക്കുന്ന പുൽനാന്പുകൾ, അവിടെ അവിടെയായി  അതിൽ തട്ടി പ്രതിഫലിക്കുന്ന  സൂര്യ വെളിച്ചം, അതിന്റെ ശീതെളിമയും മനോഹാരിതയും അവനെ അവന്റെ കുഞ്ഞിൻ നാളിലേക്ക് കൂട്ടികൊണ്ട് പോയി. എഴുനേറ്റു നിൽക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കാലുകൾ വല്ലാതെ വേദനിക്കുണ്ടായിരുന്നു, കഴിഞ്ഞ ദിവസത്തെ വിശ്രമം ഇല്ലാത്ത യാത്ര അവൻ ഓർത്ത് അവൻ അത്ഭുതപ്പെട്ടു, ഒരു നേരം വെള്ളവും ആഹാരവും കിട്ടിയില്ലങ്കിൽ ആരും അതിസഹാസികർ ആയേക്കും, കുഴിമടിയൻ ആയ താൻ ഇത്രയും ചെയ്തപ്പോൾ...  ഓ ഞാൻ സേതു അല്ലേ? കുഴി മംഗലത്തെ ശാരദയുടെ മകൻ സേതു, അപ്പോൾ തനിക്ക് ഓർമ്മകൾ തിരിച്ചു കിട്ടി, ഇരുന്നിരുപ്പിൽ നിന്നും എഴുന്നേറ്റു തുള്ളി ചാടാൻ തോന്നി അയാൾക്ക്,  പക്ഷേ കേരളത്തിലെ കുഗ്രാമത്തിൽ ജനിച്ച താൻ ഇവിടെ? അയാൾക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല,ഇത്രയും ആയില്ലേ ഇനി പതുക്കെ എല്ലാം ശരിയാകും എന്ന് മനസ്സിൽ പറഞ്ഞിട്ട് അയാൾ എഴുന്നേറ്റു ചുറ്റിലും നോക്കി, കിഴക്ക് ചക്രവാളത്തിൽ വെള്ള കീറി വരുന്നതെ ഉണ്ടായിരുന്നുള്ളു, തലനീട്ടാൻ തുടങ്ങുന്ന ദിവാകരനെ നോക്കി നമസ്കാര ശ്ലോകവും ചൊല്ലി, തലേ സന്ധ്യക്ക് കടന്ന് വന്ന വഴി നോക്കി നടന്നു, ഇപ്പോൾ അങ്ങ് ദൂരെ താഴ്വാരവും  അവിടുത്തെ മൈതാനവും കടൽതീരവും എല്ലാം അവന് വ്യക്തമായി കാണാം. അവിടെ എന്തോ ചില അനക്കം,അവൻ കണ്ണ് തിരുമി സൂക്ഷിച്ചു നോക്കി, പലതരത്തിലുള്ള ജീവികൾ മുയലുകൾ,  മാനുകൾ, ആട്ടിൻപറ്റങ്ങൾ എല്ലാം നിരന്ന് നിന്ന് മേയുന്നു, രാത്രിയിൽ വീണ പഴങ്ങളും കൊഴിഞ്ഞ ഇലകളും മറ്റും ആർത്തിയോടെ തിന്ന് തീർക്കയാണ് അവറ്റകൾ, ഒപ്പം മൈതാനത്തെ പുല്ലും,അവൻ കൌതുകത്തോടെ നോക്കി നിന്നു, ഇപ്പോഴാണ് അവിടുത്തെ വൃത്തിയുടെ രഹസ്യം അവന് മനസ്സിലായത്. ഒരു ഭയവും കൂടാതെയാണ്  അത് മേയുന്നത്, പോകെ പോകെ സുര്യബിംബം അതിന്റെ ശക്തി കൂടുതൽ വെളിവാക്കി തുടങ്ങി, ചൂട് കൂടുന്നതിനുനനുസരിച്ചു മൈതാനത്തിലെ അംഗ സംഖ്യ കുറഞ്ഞ് കുറഞ്ഞ് വന്നു. നിമിഷ നേരം കൊണ്ട് അവിടം ശുന്യമായി, ഇപ്പോൾ അവിടം അയാൾ ഇന്നലെ കണ്ടപോലെ ശുദ്ധം മനോഹരം, പെട്ടന്നാണ് പിന്നിൽ ഹുങ്കാര ശബ്ദം അയാൾ തിരിഞ്ഞ് നോക്കി, തടാകത്തിന്റെ മറുകരയിൽ ജാഥ പോലെ താഴെ കണ്ട ജീവികൾ വന്ന് നിരന്ന് നിന്ന് വെള്ളം കുടിക്കുന്നു, വയറ് നിറഞ്ഞവ വന്നവഴിയെ തിരിഞ്ഞ് നടക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ അവിടവും ശുന്യം ശാന്തം, അവൻ ജീവികൾ നിന്ന വശത്തേക്ക് നടന്നു, വല്ലാതെ ജിജ്ഞാസ തോന്നി അവറ്റകൾ എവിടെ പോയി മറഞ്ഞിരിക്കാം അവിടെ എല്ലാം പരത്തി നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല, എങ്കിലും അവൻ മുന്നോട്ട് നടന്നു. 

           കുറച്ചു ദൂരം നടന്നപ്പോൾ അവൻ ആ മലയുടെ പടിഞ്ഞാറെ വശത്ത് എത്തി, അവിടം ചെങ്കുത്തായ പ്രദേശമാണ്, കുത്തനെ കടലിലേക്ക് പതിക്കുന്ന രീതിയിൽ  ഉള്ള പാറക്കുട്ടങ്ങൾ അതിൽ നിന്നും ഉന്തിനിൽക്കുന്ന ഒരു ചെറിയ ഭാഗത്താണ് അവൻ നിൽക്കുന്നത്, താഴേക്ക് നോക്കിയാൽ  അഗാധമായ കടൽ കണ്ണെത്താ ദുരം പരന്ന് കിടക്കയാണ്, അവിടെ നിന്നപ്പോൾ അയാൾക്ക് ഭയം തോന്നി. പിൻ തിരിഞ്ഞ് നടന്ന അയാൾ തെക്കുവശം ലക്ഷ്യമാക്കി നടന്നു, അവിടെ അയാൾ കണ്ടത് ചെറിയ കടൽ തീരമാണ്, തിരകൾഅടിച്ചു കയറിയ മണൽ തിട്ടയും  പിന്നെയും അങ്ങോട്ട് നോക്കിയപ്പോൾ ചില വർണ്ണ വിസ്മയങ്ങൾ പോട്ട് പോലെ തോന്നി, അതിന്റെ കുറെ ദുരയായി ഒരു ഭീമാകാരൻ വസ്തുവും, എത്ര സൂക്ഷിച്ചു നോക്കിയിട്ടും അത് എന്താ എന്ന് മനസ്സിലായില്ല, അവന്റെ കൌതുകം  പിന്നെയും ഉണർന്നു, ആ കാഴ്ചകൾ ലക്ഷ്യമാക്കി, അവൻ മലയിറങ്ങി. അവിടെ എത്തുക അത്ര എളുപ്പം ആയിരുന്നില്ല, ചെങ്കുത്തായ പാറകളും വഴുക്കുകളും കടന്ന് ചെടികളിൽ പിടിച്ചു ഇടക്കുള്ള ഒതുക്കുകൾ ചവിട്ടി അവൻ ഇറങ്ങി, മല അടിവരത്തിലേക്ക്. ഇപ്പോൾ അവന് കാണാം ഒരു വിമാനത്തിന്റെ ഇടമുതൽ ചിറകുവരെ വരെ ഉള്ള ഭീമാകാരമായ രൂപം അത് മണ്തിട്ടയിൽ ഇടിച്ചു കയറി നിൽക്കുന്നു, പറന്ന് പോയ വഴിക്ക് തകർന്നു വീണതാകാം, അടുക്കുന്തോറും അതിന്റെ കാഴ്ച കൂടുതൽ ഭീകരമായി തോന്നി അവന്. മരങ്ങൾക്കിടയിൽ കുടി വീണ്ടും അവൻ തീരത്തേക്ക് നടന്നു, പെട്ടന്നാണ്   മരമുകളിൽ നിന്നും എന്തോ ഒന്ന് അവന്റെ മുന്നിലേക്ക് വീണത്, അത് ഒരു മനുഷ്യന്റെ കൈ ആയിരുന്നു, എന്തോ പച്ചകുത്തിയ കൈ, രൂപത്തിൽ പുരുഷന്റെ ലക്ഷമുള്ളത്, അവൻ ഭയന്ന് പിന്നോട്ട് മാറി, എന്നിട്ട് മുകളിലേക്ക് നോക്കി, മരത്തിന്റെ മുകളിൽ ബാക്കിയുള്ള ശരീരം തങ്ങി കിടപ്പുണ്ടായിരുന്നു, കുറച്ചു നേരം അതുതന്നെ നോക്കി നിന്ന് അവൻ കിതച്ചു, പിന്നെ മുകളിലോട്ടും താഴെയും നോക്കി അവൻ മുന്നോട്ട് നടന്നു, അവന്റെ ലക്ഷ്യം വിമാനത്തിന്റെ ഭാഗങ്ങളും  കണ്ണിൽ ഉടക്കിയ വർണ്ണങ്ങളും ആയിരുന്നു. എങ്കിലും വല്ലാത്ത ഒരു ഭയം അവനെ വേട്ടയാടി കൊണ്ടിരുന്നു. 

        അവൻ  വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം വിട്ട് വിശാലമായ കടൽ തീരത്തേക്ക് കടന്നു, ഇപ്പോൾ അവന് ആ വിമാന ഭാഗങ്ങൾ നന്നായി കാണാം, അതിനും മുന്പായി ചിതറി കിടക്കുന്ന പലതരം സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വസ്ത്ര കൂന്പാരങ്ങൾ, പെട്ടികൾ പിന്നെ പലതരം വസ്തുക്കൾ അവൻ അതിനിടയിൽ നിന്നും ചുറ്റി നോക്കി, പിന്നെയും അവൻ വിമാനത്തിനടുത്തെക്ക് നടന്നു, അവിടെ അവൻ കണ്ട കാഴ്ച്ച കരൾ പിളർക്കുന്നതായിരുന്നു, വിവിധ പ്രായത്തിലും രുപത്തിലും ഉള്ള മനുഷ്യരുടെ ശവശരീരങ്ങൾ ഒപ്പം പിഞ്ച് കുഞ്ഞുങ്ങളുടെയും നിരന്ന് കിടക്കുന്നു.  ചവിട്ടി നിൽക്കുന്നത് ഒരു വലിയ ശവപറന്പിൽ ആണെന്ന സത്യം അവനെ ഭയവിഹ്വലൻ ആക്കി.അവിടെ നിന്നും ഓടി പോകണം എന്ന് തോന്നിയെങ്കിലും കാലുകൾ ചലിച്ചില്ല. അവിടെ കുത്തിയിരുന്ന് ഉച്ചത്തിൽ നിലവിളിച്ചു, പക്ഷെ അത് കേൾക്കാൻ അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല. സ്വയം യാഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോൾ അവൻ സമനില വീണ്ടടെത്തു. പിന്നെ ആ വിമാനത്തിന്റെ ഉള്ളിലേക്ക് നോക്കി, അവിടെയും സ്ഥിതി വ്യത്യസ്തം ആയിരുന്നില്ല. പൊട്ടി തകർന്ന സീറ്റ് കൾക്കിടയിൽ കുരുങ്ങി കിടക്കുന്ന കബന്ധങ്ങൾ. ഒരാളിലും ജീവന്റെ കണികപോലും അവശേഷിച്ചിരുന്നില്ല. അവൻ തിരിഞ്ഞ് നടന്നു. ഇനി എന്ത്? അവന്റെ മനസ്സ് ശുന്യം ആയിരുന്നു, കാലുകളിൽ കനം കൂടിയിരുന്നെങ്കിലും വലിച്ചു വച്ചു മുന്നോട്ട് നീങ്ങി. മുന്നിൽ മനോഹരമായ ഒരു പെട്ടി അവനെ ആകർഷിച്ചു, അതിന് വല്ലാത്ത ഒരു ആകർഷണീയത അതിലേക്ക് തുറിച്ചു നോക്കി കുറെ നേരം നിന്നു, പിന്നെയും മുന്നോട്ട്, കുറച്ചുകൂടി നടന്നപ്പോൾ മരങ്ങൾക്കിടയിൽ തകർന്ന് ഇറങ്ങിയ ആ വിമാനത്തിന്റെ മുൻഭാഗം അവൻ കണ്ടു. ഇപ്പോൾ അവന്റെ കാലുകൾക്ക് ശക്തി കുടി. അതിന്റെ പിന്നിലെ തകർന്ന ഭാഗത്ത് നിന്നപ്പോൾ ആരോ അവന്റെ അകത്തേക്ക് കയറാൻ പ്രേരിപ്പിക്കുന്നപോലെ തോന്നി. അതിന്റെ പൊട്ടി അടർന്ന ഭാഗങ്ങളിൽ പിടിച്ചുകൊണ്ട് അവൻ ആ ഭീമാകാരനായ ആകാശപക്ഷിയുടെ ഉള്ളിലേക്ക് കയറി. അവിടുത്തെ കാഴ്ചയും മറ്റൊന്നായിരുന്നില്ല, ഒടിഞ്ഞ് ചതഞ്ഞ ഇരിപ്പിടങ്ങളിൽ നിറയെ ജീവനറ്റ ശരീരങ്ങൾ. അവൻ പിന്നെയും മുന്നോട്ട് പോയി. അവസാനം കൊക് പിറ്റ് വരെ കടന്ന് നോക്കി, എവിടെയും കാഴ്ച വ്യത്യസ്തമായിരുന്നില്ല. അവൻ തിരിച്ചു നടന്നു. മനസ്സിൽ ഒരു തോന്നൽ എന്തോ ഒന്ന് അനങ്ങിയപോലെ  ഏയ്, വെറും തോന്നൽ ആകാം, എന്നാലും ഒന്ന് ഉറപ്പിക്കാം എന്ന് വച്ചു,അവൻ നിന്നിരുന്ന ബിസ്സിനസ്സ് ക്ലാസ്സിൽ ചുറ്റും നോക്കി. അതിന്റെ ഒരു ഭാഗം തകർന്നിരുന്നു. അവിടെ വലിയ ഒരു വിടവ് കണ്ണിൽ പെട്ടു. ആ വരിയിലെ എതിർവശത്ത് സുന്ദരിയായ പെണ്കുട്ടിയുടെ ശരീരം, അവൻ സൂക്ഷിച്ചു നോക്കി. അത് അവളല്ലേ മലയാള സിനിമയിലെ പ്രശസ്ത നായിക ശോഭിക അതെ അവൾ തന്നെ അവളുടെ എല്ലാ പടങ്ങളും മുടങ്ങാതെ കാണാൻ ശ്രമിക്കാറുണ്ട് താൻ, ആ ശോഭിക തന്റെ കുടെ എതിർ വശത്തുള്ള സീറ്റിൽ യാത്ര ചെയ്യുക എന്ന് പറഞ്ഞാൽ, സന്തോഷം അങ്ങ് വാനോളം ഉയർന്നു, എങ്കിലും ബലം പിടിച്ചിരുന്നു താൻ. താനും ഒരു താരമാണെല്ലോ,ഇന്ത്യയിൽ നിന്നും ലോകകപ്പിന് പോയി മടങ്ങുന്ന അന്പെയ്ത്ത് താരം. സേതുവിന് അപ്പോഴാണ് എല്ലാം ഓർമ്മ വന്നത് രണ്ട് ദിവസം മുൻപ് ലോസഞ്ചല്സ്സിലെ അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും യുറോപ്പ് വഴി ഇന്ത്യയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരായിരുന്നു അവനും ഒപ്പം അമേരിക്കൻ ടുറ് കഴിഞ്ഞ് വന്ന അവന്റെ സ്വപ്പ്ന സുന്ദരി ശോഭിതയും,വിമാനം പറന്നുയർന്നു ഏതാനും മണിക്കൂർ അവൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, പിന്നെ എന്തോ ഒന്ന് സംഭവിച്ചു അവന്റെ ഓർമ്മകൾ മഞ്ഞ് മൂടിയതുപൊലെ അവൻ കുഴഞ്ഞു ആ സീറ്റിൽ തന്നെ തളർന്നിരുന്നു.           

        കുറച്ചു നേരം ആ പ്രിയപ്പെട്ട, ജീവിതത്തിൽ സ്വന്തം ആക്കാൻ ആഗ്രഹിച്ച മുഖത്തേക്ക്  നോക്കി ഇരുന്നപ്പോൾ അവനിൽ എവിടുന്നോ ഒരു ഊർജ്ജം ലഭിച്ചപോലെ തോന്നി, അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു, ആ മുഖത്തിന് അഭിമുഖമായി, അതിനെ തന്നെ നോക്കി ഇരുന്നു. ചാരി ഇരുന്ന് ഉറങ്ങുകയാണന്നെ തോന്നു, ഇപ്പോഴും ആ മുഖത്തെ  തിളക്കം വിട്ടുമാറിയിട്ടില്ല. പണ്ട് പലപ്പഴും ആഗ്രഹിച്ചിട്ടുണ്ട്, ഒന്ന് മിണ്ടാൻ, ഒന്നിച്ചിരിക്കാൻ, സ്വപ്പ്നങ്ങൾ കാണാൻ എന്നിട്ട് കണ്ണിൻ മുൻപിൽ കിട്ടിയപ്പോൾ അവനിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു, കണ്ണുകൾ അവളുളെ അടിമുടി ഉഴിഞ്ഞു, ശരീരത്തിൽ ഒന്നും ഒരു പരിക്കും കണാനില്ല എന്നാൽ വലത് കാലിന്റെ തുടയിൽ നിന്ന് താഴേക്ക് രക്തം കട്ട പിടിച്ചു ഇരിക്കയാണ്  ഒരു പക്ഷേ അതായിരിക്കാം മരണ കാരണം,അവൻ ഓർത്തു. അവന്റെ കണ്ണുകൾ വീണ്ടും മുകളിലേക്ക് നീങ്ങി വടിവാർന്ന ഉടലിൽ കുടി സമൃദ്ധമായ മാറിൽ ഉടക്കി നിന്നു, പെട്ടന്ന് അവന് തോന്നി അത് ഉയർന്നു താഴും പോലെ, വളരെ സാവധാനത്തിൽ. അവന്റെ തോന്നൽ ഉറപ്പിക്കാൻ  കണ്ണുകൾ ഞെരുടി അവൻ തുറിച്ചു നോക്കി, ഇല്ല അത് തോന്നൽ അല്ല ചെറിയ ചലനം ഉണ്ട് സംശയം മാറ്റാൻ അവൻ കൈയുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു, നേരിയ ശസോശ്വാസം അവന് തോന്നി, അവളുടെ നാഡികളിൽ അവന്റെ  കൈ അമർത്തി അവന്റെ സംശയം ശരിയായിരുന്നു അവൾ പൂർണ്ണമായും മരിച്ചിരുന്നില്ല ജീവന്റെ കണിക ഇപ്പഴും അവളിൽ അവശേഷിക്കുന്നു. പിന്നെ സേതുവിൻറെ നീക്കം വളരെ ചടുലം ആയിരുന്നു. വിമാനത്തിലെ മരുന്ന് പെട്ടിയും എടുത്ത് ശോഭിതയെ തോളിൽ ഏറ്റി അവൻ കുതിച്ചു മലമുകളിലേക്ക്, അവനിലെ കായിക താരത്തിന്റെ ശക്തി രക്തം വാർന്ന് ദുർബ്ബലമായ അവളെ ചുമക്കാൻ  വളരെ അധികമായിരുന്നു. മല മുകളിൽ കയറാൻ അവന് നിമിഷ നേരം മതിയായിരുന്നു. തടാക കരയിൽ അവളെ കിടത്തി അവളുടെ ഉണങ്ങിയ ചുണ്ടുകളിൽ അവൻ ജലം ഇറ്റിച്ചു. അവൾ ആ പ്രാണ ജലം അബോധ അവസ്ഥയിലും അൽപ്പം നുണഞ്ഞു. പിന്നെ അവൻ മരുന്ന് പെട്ടി തുറന്നു, അതിലെ മരുന്നുകൾ നോക്കി. അത്യാവിശ്യം മുറിവുകൾ നിറക്കാനുള്ള മരുന്നുകൾ അതിൽ ഉണ്ടായിരുന്നു. മുറിവുകളിൽ നിന്നും കട്ട പിടിച്ച രക്തവും മാലിന്യവും നീക്കം ചെയ്തത് ഭംഗിയായി അത് വച്ച് കെട്ടി, എന്നിട്ട് അടുത്തുള്ള ഒരു നല്ല സ്ഥലം കണ്ടുപിടിച്ചു, പിന്നെ അവിടെ പാറകൾ അടുക്കി അതിൽ പുല്ലും നിരത്തി. അവിടെ നല്ല തൽപ്പം ഒരുക്കി അവളെ കിടത്തി. ഇപ്പഴും അവൾ അബോധ അവസ്ഥയിൽ തന്നെ ചെറിയ ശസോശ്വാസം മാത്രമാണ് ജീവിക്കുന്നു എന്നുള്ള ഒരു ലക്ഷണം. അത്രയും ചെയ്തത് കഴിഞ്ഞപ്പോൾ അവൻ ക്ഷീണിച്ചിരുന്നു, അവൻ പതിയെ താഴ്വാരത്തെക്കിറങ്ങി, എന്തെങ്കിലും കഴിക്കണം ഒപ്പം അവൾക്ക് കഴിക്കാൻ എന്തെങ്കിലും ശേഖരിക്കണം, താഴെ ഫലം നിറച്ചു നിൽക്കുന്ന ചെടികൾ ആയിരുന്നു അവന്റെ ലക്ഷ്യം. അവനും അവൾക്കുമുള്ള ഭക്ഷണവും എടുത്ത്, തിരികെ വരുംപോഴേക്കും  സൂര്യൻ പടിഞ്ഞാറ് മറയനായി ചാഞ്ഞ് തുടങ്ങിയിരുന്നു. അവന്റെ വിശപ്പടക്കിയിട്ട്, പഴച്ചാറ്  ഇത്തിരിയായ് അവളുടെ ചുണ്ടിലേക്ക് അവൻ ഇറ്റിച്ചു കൊടുത്തു, പിന്നെ അവളുടെ മുഖവും തുടച്ചു ആ കിടക്കയുടെ കാൽക്കൽ കാവലിരുന്നും മയങ്ങിയും ഒരു പുതു പ്രതീക്ഷയുമായി അടുത്ത പുലരിയെ അവൻ കാത്തിരുന്നു. 

       പുതിയ പ്രഭാതം സേതുവിന് പുതിയ പ്രതീക്ഷകളുടെത് ആയിരുന്നു, അവൻ ഉണർന്ന്  ആദ്യം നോക്കിയത് ശോഭിതയുടെ മുഖത്തേക്ക്, പക്ഷെ അവിടെ നിർവികാരതയുടെ കിരണങ്ങൾ മാത്രം.  കഴിഞ്ഞ സന്ധ്യയുടെ നേർചിത്രം എങ്കിലും അവൻ പ്രതീക്ഷ കൈവിട്ടില്ല, അവൻ അവളെ പരിചരിച്ചു, അന്നത്തേക്കുള്ള ഭക്ഷണവും ശേഖരിച്ചു വച്ചു. ഇനി എന്താണ് ചെയ്യകുക എന്നോർത്തപ്പോൾ കഴിഞ്ഞ ദിവസം കണ്ണിൽ ഉടക്കിയ പെട്ടിയെ പറ്റി ഓർമ്മ വന്നു, പിന്നെ അവൻ അതിന്റെ അടുത്തേക്ക് നടന്നു. വസ്ത്ര കൂന്പാരങ്ങളിലെ ചിതറി തെറിച്ച സ്വപ്പ്നങ്ങളിലൂടെ, നിരന്ന് കിടക്കുന്ന നിരവധി ഉടലും ശിരസ്സും വേർപെട്ട കബന്ധങ്ങൾക്കിടയിൽ  ഊടെ അവൻ നടന്നു, തികച്ചും അസ്വസ്ഥൻ ആയിരുന്നു, എങ്കിലും പെട്ടി എന്നാ ആകർഷണം അവനെ മുന്നോട്ട് നയിച്ചു. മുന്നിൽ പെട്ട ഒരു പിഞ്ച് പെണ് കുഞ്ഞിന്റെ മുഖം അവന്റെ കാലുകളെ പിന്നോട്ട് പിടിച്ചു, അതിന്റെ മസ്മരീകത അവന് തിരസ്കരിക്കാൻ കഴിഞ്ഞില്ല. എത്രയോ സ്വപ്പ്നങ്ങൾ ആ ആശകൾ ആ മുഖത്ത് വിരിഞ്ഞിട്ടുണ്ടാകും. എല്ലാം തകർത്ത ആ അപകടം അത് അവന്റെ മനസ്സിൽ തികട്ടി തികട്ടി വന്നു. എല്ലാം കഴിഞ്ഞ് ടേക്ക് ഓഫ്  ചെയ്യുന്പോൾ എല്ലാവരും ആഹ്ലാദ ചിത്തരായിരുന്നു, ഒരു നീണ്ട യാത്ര കഴിഞ്ഞ് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് അണയാൻ വെന്പുന്നതിന്റെ മധുരമുള്ള നോവ് എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. അവനും സീറ്റിൽ അമർന്നിരുന്നു അഴിഞ്ഞ് കിടന്ന സീറ്റ് ബെൽട്ട് ഇടാൻ ഓർമ്മിപ്പിക്കുന്പോൾ ഹോസ്റ്റസ്സ് മുഖത്ത് ഒരു പുഞ്ച്ചിരി വച്ചു പിടിപ്പിച്ചിരുന്നു. അപ്പോൾ താൻ ഒളിഞ്ഞ് നോക്കിയത്ത് അടുത്ത സീറ്റിൽ ഇരുന്ന ശോഭിതയെ ആയിരുന്നു. അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഒന്ന് പരിചയപ്പെടാൻ മനസ്സ് വളരെ ആഗ്രഹിച്ചിരുന്നു, എന്നാൽ അവന്റെ ദുരഭിമാനംവും അവളുടെ പ്രതികരണം എങ്ങനെ ആക്കും എന്ന ഭയവും അവനെ ആ ഉദ്യമത്തിൽ നിന്നും തടഞ്ഞു. ടേക്ക് ഓഫ് കഴിഞ്ഞ് വിമാനം പറന്ന് തുടങ്ങി, ആൾക്കാർ ഓരോത്തരും അവരുടെ മനോരജ്യങ്ങളിലും  പ്രവർത്തികളിലും മുഴുകി, ചിലർ ഉറക്കത്തിലേക്ക് ചാഞ്ഞു. പറക്കലിന്റെ ആദ്യമണിക്കുറുകൾ കഴിഞ്ഞപ്പോൾ വിമാനം ആടിഉലയാൻ തുടങ്ങി, ഒപ്പം പൈലെറ്റിന്റെ മുന്നറിയിപ്പും സീറ്റ് ബെൽട്ട് ഇടാനുള്ളത്, തന്റെ കൈകൾ ബെൽറ്റിൽ പരതുകയായിരുന്നു, പെട്ടന്നാണ് താൻ എടുത്ത് ഏറിയപ്പെടുന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിനും മുൻപ് ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഓർമ്മകൾ തിരികെ ലഭിക്കുന്പോൾ ഈ ദ്വീപിൽ ഇപ്പോൾ ഈ ശവകുന്പാരങ്ങൾക്കിടയിൽ. അവൻ അവിടെ നിന്നും വീണ്ടും അലറിവിളിച്ചു, മലകളിലും വൃക്ഷങ്ങളും തട്ടി പ്രതിധ്വനിച്ചതല്ലാതെ ഒരു മറുപടിയും കണ്ടില്ല, അവിടെ മനുഷ്യജീവിയായി അവൻ മാത്രം എന്നാ യാഥാർത്ഥ്യം അവൻ ഉൾകൊള്ളുക ആയിരുന്നു. ആ കുഞ്ഞിന്റെ അടുത്ത് അവൻ ഇരുന്നു അതിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അത് അവിടെ വിട്ടുപോകുവാൻ അവന് മനസ്സ് വന്നില്ല  കുഴികുത്താൻ ചുറ്റും ഒന്നും കണ്ടില്ല. കുട്ടിയുടെ ശരീരത്തെ വിലപിടിച്ചത് എല്ലാം ആഴിച്ചടുത്തു, പിന്നെ അവൻ ആ ശരീരവുമായി, കടലിന്റെ തീരത്ത് ചെങ്കുത്തായി തള്ളി നിൽക്കുന്ന മുനന്പിനടുത്തെക്ക് പോയി. അവിടെ നിന്നും ആ പിഞ്ച് ശരീരം വലിച്ചെറിഞ്ഞു. കടലിന്റെ ആഴമുള്ള ഭാഗത്താണ് അത് പതിച്ചത്. അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭീമാകാരനായ സ്രാവിന്റെ തല അവിടെ പൊങ്ങി വന്നു അതിന്റെ വായ തുറന്ന് അടങ്ങപ്പോഴെക്കും  ആ കുഞ്ഞ് ശരീരം അപ്രത്യക്ഷമായിരുന്നു.  അവൻ അവിടെ ശിരസ്സ് കുനിച്ചിരുന്നു, കണ്ണിൽ നിന്നും കണ്ണീർ  ധാരയായി ഒഴുകുന്നുണ്ടായിരുന്നു. എങ്കിലും അവൻ അവനെ ആശ്വസിപ്പിച്ചു, നിയതിയുടെ വിധിയും നമ്മൾ അവിടുത്തെ ബലി മൃഗങ്ങളും അല്ലേ.

     അവൻ മടങ്ങി പോയി ആ ശവ കുന്പാരങ്ങളുടെ അടുത്തേക്ക്, ഇപ്പോൾ അവന് ഒരു ലക്ഷ്യം ഉണ്ട്, അവൻ കർമ്മ നിരതൻ അണ്, പ്രകൃതി അവനെ ഏൽപ്പിച്ച ദൌത്യം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു.  ആദ്യം അവൻ ചെന്നെത്തിയത് വിമാനത്തിന്റെ കോക്പിറ്റിൽ ആയിരുന്നു. അവിടുന്ന് അവൻ യാത്രക്കാരുടെ ലിസ്റ്റ് കണ്ടുപിടിച്ചു.പിന്നെ സീറ്റ് നമ്പരും എന്നിട്ട് ഒരുരുത്തരെയായി ചെക്ക് ചെയ്യും. പിന്നെ അവരുടെ പാസ്പോർട്ടും വിലപിടിപ്പുള്ളതെല്ലാം ശേഖരിക്കും. അത് ഒരു ബുക്കിൽ അവരുടെ പേരുകൾ രേഖപ്പെടുത്തി എഴുതി വൈക്കും. അവിടുന്ന് ആ ശരീരവും ചുമന്ന് കടൽ തീരത്തേക്ക്. അവിടെ അവനെ കാത്തെന്നപോലെ സ്രാവിൻ കൂട്ടങ്ങൽ നിരന്നു. അന്ന് അവൻ ഡയറിയിൽ കുറിച്ചിട്ടു, മുപ്പത്തോന്ന്, എലന കിർലോവിസ്ക, വയസ്സ് 25, രാജ്യം ഉസ്ബക്കിസ്ഥാൻ, ഏകമകൾ നാൻസി, എന്നിട്ട് അവൻ കുടെ ഉണ്ടായിരുന്ന പാസ്പോർട്ടും മറിച്ചു നോക്കി, അവിടെ കണ്ട മുഖം അവന്റെ ആദ്യ പേജിന്റെ ഉത്തരമായിരുന്നു. അവൻ ആദ്യമായി കടലിലെറിഞ്ഞ പിഞ്ചു കുഞ്ഞ്, അവളുടെ സുന്ദരമായ ചിരി അവന്റെ ആത്മാവിലേക്ക് ചുഴിഞ്ഞു കേറി. സൂര്യൻ പടിഞ്ഞാറേക്ക് താഴ്ന്ന് തുടങ്ങിയിരുന്നു. അവൻ വളരെ ക്ഷീണിതനും. ഇന്നത്തെ ജോലി ഇവിടെ നിർത്താം, ഇനി നാളെ എന്ന് മനസ്സ് പറഞ്ഞു. പിന്നെ അവിടെ നിന്നില്ല അവൻ കുറച്ചു വസ്ത്രങ്ങൾ കൈലെടുത്ത് മുകളിലേക്ക് കയറി, അവിടെ ശോഭിത ഇനിയും ഉണരാത്ത മയക്കത്തിൽ ആയിരുന്നു. എല്ലാം അവളുടെ അടുത്ത് വച്ചു അവൻ തടാകത്തിൽ ഇറങ്ങി. നല്ല കുളിരുള്ള വെള്ളം അവൻ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി ഒന്ന് മുങ്ങി നിവർന്നു. ശരീരത്തിന്റെ ക്ഷീണം അലിഞ്ഞില്ലതാകും പോലെ. നന്നായി കുളിച്ചു ഈറൻ മാറി അവളുടെ അടുത്ത് വന്നു. അവൾ ഇപ്പോഴും മയക്കത്തിൽ തന്നെ. തടാകത്തിൽ നിന്നും വെള്ളം ശേഖരിച്ചു, അവൻ അവളെ തുടച്ചു വൃത്തിയാക്കി. കൈയ്യിൽ കരുതിയിരുന്ന പുതുവസ്ത്രങ്ങൾ അണിയിച്ചു. ശരീരത്തെ മുറിവുകൾ കഴുകി മരുന്ന് വച്ചുകെട്ടി. പിന്നെ ഫലങ്ങൾ പിഴിഞ്ഞ് നീര് അവളുടെ വായിലേക്ക് ഇറ്റിച്ചു. ആ രാത്രി അവൻ സുഖമായി ഉറങ്ങി അടുത്ത ദിവസത്തെ ജോലികൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു കൊണ്ട്. 


      നിമിഷങ്ങൽ മണിക്കുറുകളായും അത് ദിവസങ്ങളായും മാറിയിരുന്നത് അവൻ അറിഞ്ഞിരുന്നെ ഇല്ല, അവൻ  തിരക്കിലായിരുന്നു, രാവിലെ പ്രേയസ്സിയുടെ പരിചരണം, പിന്നെ നിരനിരയായ  കബന്ധങ്ങൾ  ഒന്നൊന്നായി കടലിലേക്ക് എത്തിക്കണം അവയുടെ ശരിയായ വിവരങ്ങൾ, രേഖകൾ എഴുതി സുക്ഷിക്കണം, അതുമായി ബന്ധപെട്ട വിലയേറിയ സാധനങ്ങൾ തിരഞ്ഞെടുത്ത് വൈക്കണം. ഇതിനിടയിൽ അവളെ തണുപ്പിൽനിന്നും ചുടിൽനിന്നും രക്ഷിക്കാൻ ഒരുതണൽ, അതും അവൻ സൃഷ്ട്ടിച്ചു, തകർന്ന വിമാന ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ചു രണ്ട് മുറികളും ഒരു അടുക്കളയും ഉള്ള ഒരു കൊച്ചു വീട്,അതിന്റെ മുൻപിൽ തടാകം  അവകളെ വേർതിരിക്കാൻ പാറകൾ കൂട്ടി വച്ച മതിൽ വിമാനത്തിന്റെ സീറ്റുകൾ യോജിപ്പിച്ച കിടക്കയും മറ്റ് ഫർനീഷിങ്ങ്  സാധനങ്ങളും, എല്ലാം അവൻ ഒറ്റക്ക് ഒരുക്കി, ഇനി ഉപേക്ഷിക്കാൻ വളരെ കുറച്ചു ശരീരങ്ങൾ മാത്രം. യാത്രക്കാരുടെ ലിസ്റ്റിലും അധികം പേരില്ല. അതിൽ നിന്നും അവന് ഒന്ന് മനസ്സിലായി അതിൽ നിന്നും ജീവനോട് രക്ഷപെട്ടവർ അവനും പിന്നെ അവന്റെ ശോഭിതയും മാത്രം. അവളാണെങ്കിൽ ജീവിത്തിനും മരണത്തിനും ഇടയിൽ, അവന്റെ കണ്ണുകൾ നിറഞ്ഞു. ഈ ദ്വീപിൽ അവൻ ഏകാന്തനാണ്, എന്നും അവൻ അവളെ പരിചരിക്കും ആഹാരവും മരുന്നും നൽകും മുറിവുകൾ ഉണങ്ങി തുടങ്ങി, എങ്കിലും ബോധാതലത്തിന്റെ ഒരു സൂചന പോലും നൽകുന്നില്ല. രാവിലെകൾ അവളുടെ മണിനാദം അവനെ ഉണർത്തും എന്ന പ്രതീക്ഷയിൽ ആണ് അവൻ ഉറങ്ങാറ്, വൈകുന്നേരങ്ങളിൽ അവൻ വരുന്പോൾ അവനെ കാത്തിരിക്കുന്ന അവളെ അവൻ സ്വപനം കാണും, പക്ഷേ......  എന്നും സന്ധ്യക്ക് അവളുടെ  ചാരെ ഇരുന്നു അതാത് ദിവസത്തെ കർമ്മങ്ങൾ എല്ലാം അവൻ പറയും. അവൾ കേൾക്കും പോലെ എന്നും ആവർത്തിക്കും അവന്റെ ഏകാന്തതകൾക്ക് ഉള്ള ഒരു ചികിത്സ, അവനറിയാം ഈ ലോകത്തെ ഇവിടുത്തെ ഒരുകാര്യങ്ങളും അറിയാത്ത ലോകത്താണ് അവൾ എന്ന്. നാട്ടിൽ എന്തായിക്കാണാനാണ്  ആവോ. തിരിച്ചു വരുന്നതും കാത്തിരിക്കുന്ന അമ്മ  മനസ്സിലെ നോവായി മറഞ്ഞ് പോയ സമീര ഒരിക്കലെങ്കിലും നാട് കാണാൻ പറ്റുമോ? ജോലിയില്ലാത്ത സന്ദർഭങ്ങളിൽ അവൻ ആലോചിക്കും മനസ്സിന്റെ ആശ്വസങ്ങൽക്കുള്ള സിദ്ധ്വഔഷധം ദിവസ്വപ്നങ്ങൾക്കിടയിൽ എപ്പോഴോ ഉറക്കം. കടൽ മുനന്പിൽ അവന്റെ നിഴലുകൾ കാണുന്പോഴെക്കും ഇപ്പോൾ സ്രാവുകൾ തല നീട്ടാൻ തുടങ്ങും അവറ്റകൾ തിരിച്ചറിഞ്ഞ് തുടങ്ങി. പുലരി മുതൽ അവറ്റകൾക്ക് തീറ്റ നൽകൽ അല്ലെ ഇപ്പോൾ അവന്റെ ജോലി. നൂറുകണക്കിന് ശരീരങ്ങൾ അവൻ നിമഞ്ജനം ചെയ്ത് കഴിഞ്ഞു, ആത്മാക്കൾക്ക് ശാന്തി കിട്ടട്ടെ അവൻ മനസ്സിൽ പറഞ്ഞു. 

      ഇന്ന് ജോലി കോക്പിറ്റിൽ ആണ് അവിടെ ഇപ്പഴും രണ്ട് പൈലെറ്റുമാരും ശാന്തരായി ഇരിക്കയാണ്, ഇന്നവർക്ക് മോചനം നല്കുക തന്നെ എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട്  അവൻ  അവിടെ എത്തി. ഡാഷ്ബോർഡിൽ തലച്ചായിച്ച് കിടക്കുകയാണ് രണ്ട് പേരും നിവർത്തി കിടത്തി പേര് വായിച്ചു, റിച്ചാർഡ സ്ഥിവിൻസണ് ചീഫ് പൈലെട്ട് ആണ്, രേഖകൾ ഒത്ത് നോക്കി, എല്ലാം ശരിയാണ് ഒന്നുകൂടെ ഉറപ്പുവരുത്തി, പിന്നെ ശരീരം തോളിലേറ്റി, പുറത്ത് വന്നു, ഇനി മുനപിലേക്ക് അവിടെ നിഴലുകൾ വീണതും കൂറ്റൻ സ്രാവുകളുടെ ചിനക്കൽ ഉയർന്ന് പൊന്തി. അത് ഉപേക്ഷിച്ചു അവൻ തിരിഞ്ഞ് നടന്നു, സഹ പൈലെറ്റിനെ പുറത്തെത്തിക്കണം അവൻ കോക്പിറ്റിൽ ചെന്ന് അയാളെ നിവർത്തി ഇരുത്താൻ ശ്രമിച്ചു, അതിനിടയിൽ ശരീരത്തിന്റെ കൈ തട്ടി ഏതോ ഒരു ബട്ടണ് ഓണായി, അവിടെ വല്ലാത്ത ഒരു ഇരപ്പ് ഉയർന്ന്. സ്റ്റേഷന്റെ സിഗ്നൽ പോകുന്പോൾ പഴയ വാൽവ് റേഡിയോ ഇരക്കുന്പോലെ, അവൻ ആ സ്വിച്ചിൽ കൈ അമർത്തി ശബ്ദം കുറച്ചു. ശരീരത്തിന്റെ കണക്കെടുപ്പ് തുടർന്നു.  ജോർജ്ജുബെൻസിലയ്  അമേരിക്കൻ പൌരൻ ആണ് പെർസ്സിൽ സുന്ദരിയായ ഒരു വെള്ളകാരിയുടെ ഫോട്ടോ ഭാര്യ അല്ലെങ്കിൽ കാമുകി, എന്തെരോ എന്തോ എന്ന് സ്വയം പറഞ്ഞ് കൊണ്ട് അവൻ ജോലി തീർത്തു. മടക്കം മുനപിലേക്ക്, പിന്നെ തിരിച്ചു ജോലി തുടർന്നു, അന്ന് അവൻ നേരത്തെ മലമുകളിലേക്ക് മടങ്ങി, അവന്റെ ചെറിയ വീടിന്റെ വാതിൽ മുന്നിൽ എത്തിയപ്പോൾ അവ തുറന്നു കിടക്കുകയാണ്, അവൻ ധൃതിയിൽ അകത്തേക്ക് പോയി, ഇവിടെ ആരുവരാൻ ഇനിയും കാറ്റത്ത്, തുറന്നത് ആണെങ്കിലോ  അവന്റെ ലക്ഷ്യം ശോഭിത ആയിരുന്നു. എന്നാൽ ആ കിടക്ക ശുന്യം,അവൻ വീട് മുഴുവൻ പരതി,  അവന്റെ അന്തരാത്മാവിൽ ഒരു അപകട സൂചനയുടെ അലാറം മുഴങ്ങി.  അവൻ വിമാന അവശിഷ്ട്ടങ്ങൾക്കിടയിൽ നിന്നും മുൻപ് കിട്ടിയ തോക്കും തിരയും അരയിൽ തിരുകി, പിന്നെ  അവന്റെ പ്രിയപ്പെട്ട ആയുധമായ അന്പും വില്ലും  തോളിലിട്ട് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. വീടിന് ചുറ്റും നോക്കി ഒന്നും കണ്ട് കിട്ടിയില്ല, പിന്നാമ്പുറം അരിച്ചു പെറുക്കി അവിടെയെങ്ങും ഒരു ജീവിയുടെപോലും ഒരു സൂചന ഉണ്ടായിരുന്നില്ല, അവന്റെ മനസ്സ് കൂടുതൽ കലുഷമായി. ഇവിടെ താനില്ലാത്തപ്പോൾ എന്തായിരിക്കും സംഭവിച്ചിരിക്കുക, അവളെ എന്തെങ്കിലും ജീവികൾ കൊണ്ടുപോയിര്ക്കുമോ? ഏയില്ല അവൻ സ്വയം ആശ്വസിച്ചു, അന്നാദ്യമായി അവൻ സ്വയം ശപിച്ചു, അവളെ ഒറ്റക്ക് അവിടെ ഇട്ടിട്ട് പോയതിൽ.   

         തിരഞ്ഞ് തളർന്നവൻ വീടിന്റെ മുന്നിൽ തീർത്ത പാറക്കെട്ടിൽ ചടഞ്ഞിരുന്നു, മുന്നിൽ ശാന്തമായ നീല തടാകം, അവിടെ ഇന്ന് പറവകൾ ഇല്ല വെള്ളപരപ്പിൽ അതിനാൽ ഓളങ്ങളും.  നീഗൂഡത ഒളിപ്പിച്ച ആഴങ്ങളുമായി അത് ഇങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നു, അവൻ ഇമ വെട്ടാതെ അങ്ങോട്ട് നോക്കി ഇരുന്നു. പെട്ടന്നാണ് ഒരു സ്ത്രീ രൂപം വെള്ളത്തിൽ നിന്നും നിവർന്ന് വന്നത്, അവളുടെ പിൻഭാഗം അവനഭിമുഖമായി  നിൽക്കുന്നു, അവൾ അർദ്ധനഗ്നയായി കുളിക്കയാണ്. ശരീരത്തിൽ ഒട്ടിപിടിച്ച നേർത്ത വസ്ത്രങ്ങൾ അവളുടെ വടിവുകൾ വ്യക്തമാക്കുന്നവ ആയിരുന്നു, അവൻ അവന്റെ നയനങ്ങളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഇതെന്റെ ശോഭിതയല്ലേ,  അവൻ ആ കാഴ്ചയിൽ ശിൽപ്പി തീർത്ത പ്രതിമയെപ്പോലെ ഇരുന്നുപോയി. അവനഭിമുഖമായി തിരിഞ്ഞ അവൾ നഗ്നമായ നെഞ്ചകം കൈപിണച്ചു മറച്ചുകൊണ്ട് അവനെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു, ഇതിന് മുൻപ് പെണ്ണുങ്ങൾ കുളിക്കുന്നത് കണ്ടിട്ടില്ലേ നാണമില്ലേ ഇങ്ങനെ ഒളിഞ്ഞ് നോക്കാൻ. അവൻ ലജ്ജാവിവശനായി അവിടെ നിന്നും എഴുന്നേറ്റു വീടിനുള്ളിലേക്ക് പോയി. ഇപ്പോൾ അവൻ സന്തോഷവാനാണ്, അൽപം മുൻപ് ഉണ്ടായ നിരാശയും പ്രയാസങ്ങളും എല്ലാം ഓടി മറയുന്ന പോലെ. എങ്കിലും അവളുടെ പെരുമാറ്റത്തിലെ  അസ്വാഭാവികത അവനിൽ ചെറിയ വിഷമം ഉണ്ടാക്കതിരുന്നില്ല. കുളിച്ചു ഈറൻ മാറി അവൾ വീട്ടിനുള്ളിലേക്ക് വരുന്പോൾ വെളിയിൽ ചേക്കേറുന്ന കിളികളുടെ കലപില നാദം തുടങ്ങിയിരുന്നു. പുതിയ സാരിയിൽ അവൾ നടന്നു വന്നപ്പോൾ നവോഡയെപ്പോൾ തോന്നി.   ഇനിയും നോക്കിയിരുന്നാൽ അവൾ അവിടം വിട്ട് പോകുമോ എന്ന് ഭയന്ന് അവൻ തിരിഞ്ഞിരുന്നു. പുറത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് അവൻ ഞെട്ടി ഉണർന്നു, ആദ്യം അവൻ നോക്കിയത് ശോഭിതയുടെ കിടക്കയിലെക്കാണ്, അവൾ  ഇപ്പഴും പഴയ കിടപ്പ് തന്നെ. അപ്പോഴാണ് താൻ കണ്ടത് വെറും സ്വപ്നം ആണന്ന് അവന് മനസ്സിലായത്. അവൻ കതവ്  തുറന്നു പുറത്തിറങ്ങി, കിഴക്ക്   പെരുമീൻ ഉദിച്ചിട്ടെ ഉണ്ടായിരുന്നുള്ളു, പിന്നെ അവന് ഉറക്കം വന്നില്ല, അവൻ അവന്റെ ദിനചര്യകൾ തുടങ്ങി. 

         അന്നവന്റെ വീട്ടിലെ  പണികൾ നേരത്തെ തീർന്നു, കോക്പിറ്റിൽ ഇന്നലെ ചെയ്ത   പണികളുടെ ശേഷിപ്പ് കുറച്ചുണ്ട് അത് തീർക്കണം, അവൻ  അവിടേക്ക് വേഗം വച്ചു  പിടിച്ചു. ബിസിനെസ്സ് ക്ലാസ്സ് കടന്നപ്പോൾ പഴയ  രാജ് കുമാർ പടത്തിലെ പാട്ട് കേൾക്കാം ആവരാഹും മേം ആവാരാഹും പഹലി പ്യർ ........ അവനൊന്ന് ഞെട്ടി,  ഇവിടെ ആരിപ്പം അതോ പ്രേതങ്ങൾ ഇറങ്ങി തുടങ്ങിയോ? മനസ്സിൽ  ഭയം ഉണ്ടെങ്കിലും ധൈര്യം സംഭരിച്ചു അവൻ കൊക്പിറ്റിലേക്ക് കയറി. അവിടെ തലേദിവസം പൈലെറ്റിന്റെ കൈതട്ടി ഓണ് ആയ റേഡിയോ ആയിരുന്നു. അവൻ പതുക്കെ അടുത്തെത്തി ആ ഗാനം ശ്രവിച്ചു, കുറച്ചുകാലത്തിന് ശേഷം അവൻ മനുഷ്യ ശബ്ദം  കേൾക്കുകയാണ്, പെട്ടന്നാണ് പാട്ടിനിടയിൽ മനുഷ്യർ സംസാരിക്കുന്നത് കേൾക്കാൻ തുടങ്ങിയത്,  അതും പച്ച മലയാളം. അവൻ കതോർത്തു, അതെ മലയാളം തന്നെ  ഇരപ്പിനാൽ വ്യക്തത കുറവാണ്, അവനിൽ പ്രതീക്ഷയുടെ നാന്പുകൾ കിളിർത്തു.  പിന്നെ അമാന്തിച്ചില്ല കിട്ടിയ ബട്ടണ് എല്ലാം അമർത്തി അവൻ  ഹല്ലോ ഹല്ലോ എന്ന് വിളിച്ചു. കുറച്ചു  കഴിഞ്ഞപ്പോൾ അവരുടെ പ്രതികരണം അവന് കിട്ടി ഇംഗ്ലിഷിൽ അവൻ അവരോട് തന്റെ അവസ്ഥ മലയാളത്തിൽ വിവരിച്ചു.  അവർ ആ ദ്വീപിനടുത്തുടെ പോകുന്ന വലിയ ചരക്ക് കപ്പലുകാർ ആയിരുന്നു. സാധാരണ അവർ ആ വഴിക്ക് വരാറില്ല, സ്ഥിരം റുട്ടിൽ കനത്ത മൂടൽ  മഞ്ഞ് കാരണം ക്യാപ്ടൻ വഴി തിരിച്ചു വിട്ടതാണ്. അവർ അവനോട് സ്ഥാന വിവരങ്ങൾ ചോദിച്ചു, പക്ഷെ അവനറിയില്ലായിരുന്നു. അവർ അവനെ ഓരോന്നോരോന്നായി പഠിപ്പിച്ചു വയർലെസ്സിൽ കുടി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നഷ്ട്ടപെട്ട വിമാനത്തെയും അതിലെ യാത്രക്കാരെയും തിരഞ്ഞിരുന്നവർക്ക് വിവരം ചരക്ക് കപ്പലുകാർ എത്തിച്ചു. അവർ മാസങ്ങൾ കഴിഞ്ഞതിനാൽ തിരച്ചിൽ അവസാനിപ്പിക്കാൻ തുടങ്ങുക ആയിരുന്ന അവർക്ക് പ്രത്യാശയുടെ പ്രകാശമായി ഈ  വിവരങ്ങൾ.      

 നിമിഷ നേരത്തിൽ അവിടെ കൂറ്റൻ യന്ത്ര പക്ഷികൾ വന്നിറങ്ങി. അതിന്റെ കാറ്റിന്റെ ഓളത്തിൽ തടാകത്തിലെ വെള്ളത്തിൽ തിരയിളക്കം ഉണ്ടായി അരയന്നങ്ങളും പറവകളും ആർത്നാദ ഉയർത്തി പറന്നു പോയി. എല്ലാ മെഡിക്കൽ സൗകര്യങ്ങളുമായി ആണ് അവരെത്തിയത്. അവന്റെ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അവന്റെ  രക്ഷയെക്കാളും ഉപരി അവളുടെ നല്ല ചികിത്സയിൽ ആയിരുന്നു അവന്റെ ആഹ്ലാദം. മെഡിക്കൽ ടീം ആകൂടാരത്തിലേക്ക് ഇരച്ചു കയറി. ആദ്യത്തെ ഹെലികോപ്റ്റർ അവളെയും വഹിച്ചുകൊണ്ട് പറന്നുയർന്നപ്പോൾ അവനിൽ ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും പെരുമ്പറകൾ ദ്രുതതാളം മീട്ടുകയായിരുന്നു. അടുത്തചോപെറിൽ അവൻ അവിടം വിടുന്പോൾ രക്ഷാപ്രവർത്തകർക്ക്, അവൻ എല്ലാ പേപ്പറുകളും അവശേഷിപ്പുകളും കൃത്യമായി നൽകിയിരുന്നു. അവരെ അത്ഭുതപെടുത്തിയത്, ഒരുമനുഷ്യൻ  ഒറ്റക്ക് ഇത്രയും കാര്യം കൃത്യമായി ചെയ്ത് തീർത്തു എന്നതായിരുന്നു. അതിലും അത്ഭുതം മാസങ്ങളോളം ഒരുശവശരീരം ഒരുകേടും കൂടതെ എങ്ങനെ സംരക്ഷിച്ചു എന്നതായിരുന്നു. താമസിയാതെ ഒരു ദിവസം നെടുമ്പാശേരിയിൽ വന്നിറങ്ങിയ ഒരു വിമാനത്തിന്റെ ബിസ്സിനസ്സ് ക്ലാസ്സിൽ സേതുവും അതിൽ തന്നെ ശീതികരിച്ച പെട്ടികുള്ളിൽ ശോഭിതയും  വന്നിറങ്ങി. അവരെ സ്വീകരിക്കാൻ രണ്ടു പേരുടെയും ബന്ധുക്കൾ അവിടെ തിങ്ങി  നിറഞ്ഞിരുന്നു. ഒപ്പം മാധ്യമ പ്രവർത്തകരും.  അപ്പോഴും അവൻ വിശ്വസിച്ചിരുന്നത് അവൾ വീണ്ടും സിനിമയിൽ നടിക്കും എന്നും ആ സിനിമാ ആവേശത്തോടെ കാണാം എന്നുമായിരുന്നു.        

ശുഭം.....        

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ