ലോലിതയെന്ന പെൺകുട്ടി
ലോലിതയെന്ന പെൺകുട്ടി
മരങ്ങൾ മഞ്ഞ പൊഴിക്കുന്ന സായംസന്ധ്യ, ശരത്കാലത്തിന്റെ മധ്യത്തിൽ ഭൂമി വെള്ളകമ്പളം പുതച്ചു നിന്നു, അങ്ങ് ദൂരെ പാർക്കിന്റെ ഉള്ളിൽ ചാരുബെഞ്ചിനും അപ്പുറത്ത് അവൾ ലോലിത, ലോലിത മാർക്വസ് തോളിൽ വെളുത്ത കന്പിളി പുതപ്പും ഇടം കൈ കൂടെയുള്ള ഇന്നത്തെ കാമുകന്റെ ചുമലിൽ ചുറ്റി, പുതപ്പിന്റെ ബാക്കി തുന്പ് അവന്റെ തോളിനേയും മൂടി, അവളുടെ ശിരസ്സ് അവന്റെ നെഞ്ചിൽ ചായ്ച്ചു മെല്ലെ മുന്നോട്ട് നടന്നു, മൂടൽ മഞ്ഞിൽ ആ ഇണക്കുരുവികളുടെ ചിത്രം, ഏതോ കലാകാരന്റ പെൻസിൽ ഡ്രോയിങ് പോലെ തോന്നി അവന്.
ലോലിത പ്രണയത്തിന്റെ രാജകുമാരി, അവളുടെ തുടുത്ത കപോലങ്ങൾക്ക് എന്നും പ്രണയത്തിന്റെ ചെറു ചൂടായിരുന്നു. ചുണ്ടുകളിൽ പരവേശത്തിന്റെ ചുമപ്പും, കുന്പിയ മിഴിയിണയിൽ ആവേശത്തിന്റെ കുളിരും കുടി പാർത്തിരുന്നു. അവളുടെ പാണികൾ കാമദേവന്റെ വില്ലും, മെയ്യ് പ്രണയ സിംഫണികൾ ലയ രാഗ വീചികൾ മീട്ടും മണി വീണയും ആയിരുന്നു. ആ റിസോർട്ടിന്റെ റിസപ്ഷനിൽ ഇരുന്ന് ജോൺസൺ അവന്റെ പ്രണയഊഷ്മാവിന്റെ കയറ്റിറക്കങ്ങളെ ഉച്ചസവായുവിന്റെ ബഹിർസ്പുരങ്ങളായി, നീട്ടി വലിച്ചു വിട്ടു.
ജോൺസൻ കാലങ്ങൾ പിന്നോട്ട് ചിന്തിച്ചു, തീരത്തണിഞ്ഞ ആ വലിയ യാത്രാ യാനത്തിന്റെ നാവികനായിരുന്നു അവൻ, ബോംബെയിൽ നിന്നും ആദ്യമായി ജോലിക്കുകയറിയ, പൊടിമീശക്കാരനായ ചെറുപ്പക്കാരൻ. ആദ്യയാത്രയിൽ കടൽ ചൊരുക്കിൽ അവശനായ അവനെ ആ പസഫിക്ക് സമുദ്രത്തിലെ ദ്വീപിൽ ഉപേക്ഷിച്ച് കപ്പൽ കടന്നു പോയി, അവൻ ആലോചിക്കാറുണ്ട് അവർ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ താൻ എന്നെ സ്രാവുകൾക്ക് തീറ്റ ആയേനെ എന്ന്, ഉപേക്ഷിച്ചു പോകാൻ ക്യാപ്റ്റൻ കാണിച്ച സന്മനസ്സ്.
ആദ്യം റിസോർട്ടിൽ ക്ളീനിങ് ബോയ്, പിന്നെ എഴുത്തും വായനയും അറിയാമായിരുന്നതിനാൽ റിസപ്ഷനിസ്റ്റ്, ഇപ്പോൾ അവിടെ മാനേജരായി. പൊടിമീശക്കാരന്റെ മീശ കനത്തു, യുവാവായി, ഇപ്പോൾ തലയിൽ ചില വെള്ളികന്പികൾ കണ്ട് തുടങ്ങി. ഇതിനിടയിൽ ജനിച്ച നാട്ടിൽ പോയിട്ടേ ഇല്ല, അല്ലെങ്കിൽ എന്തിന് പോണം, ആരുമില്ലാത്തവന് എന്ത് ജനിച്ച നാട്. അവൻ മനസ്സിൽ ഓർത്തു.
ആദ്യമായി വരുന്പോൾ ദീപിൽ ആകെ അയ്യായിരത്തോളം ആൾക്കാർ, ആകെ ജോലി മത്സ്യബന്ധനവും പിന്നെ വല്ലപ്പോഴും നാടുകണ്ട് പോകുന്ന വലിയ യാത്രയാനങ്ങളിൽ യൂറോപ്പ്യൻമാരെ ദ്വീപ് കാണിക്കുന്ന ഗൈഡ് പണികളും മാത്രം. തണുപ്പുകാലത്ത് അതും ഇല്ല. അവിടുത്തെ ആൾക്കാർ തന്നെ ജോൺസണെ പോലെ നാവികർ ഉപേക്ഷിച്ചു പോയവരും അവരുടെ പിൻതലമുറക്കാരും, കപ്പൽ മുങ്ങി നീന്തി കയറിയവരും മാത്രം, ഒരിക്കൽ പുറത്ത് പോകാനും പുറം ലോകത്തെപ്പറ്റി അറിയാനും ആകെ മാർഗ്ഗം ഇന്റർനാഷണൽ കപ്പൽച്ചാലിൽ കൂടി വരുന്ന ഇത്തരം കപ്പലുകൾ മാത്രം.
എവിടെ നോക്കിയാലും മനോഹരമായ ബീച്ചുകളാൽ ചുറ്റിയ ദ്വീപ്, അതിന്റെ നടുവിൽ ഒരു വലിയ മലയും അതിന്റെ ചുറ്റിലും ആപ്പിൾ മരങ്ങളും ഓറഞ്ച് മരങ്ങളും പച്ചപ്പും നിറഞ്ഞ താഴ്വാരം. അത് അവസാനിക്കുന്നത് ആ സുന്ദരമായ ബീച്ചുകളിൽ, മലയുടെ മുകളിൽ നിരപ്പായ കുറെ സ്ഥലം അവിടെ ജനങ്ങൾ ചെറിയ വീട് ഉണ്ടാക്കി താമസിക്കുന്നു. അതിന്റെ നടുവിൽ വലിയ ജലാശയവും. ഇപ്പോൾ അവിടെ ഒരു ചെറുവിമാനങ്ങക്ക് ഇറങ്ങാൻ പറ്റിയ എയർ പോർട്ടുണ്ട്. അവിടുത്തെ വലിയ കെട്ടിടം കത്തോലിക്കാ പള്ളിയാണ്, ഇറ്റലിയിൽ നിന്ന് വെണ്ണക്കൽ മാർബിൾ കൊണ്ട് വന്ന് ഉണ്ടാക്കിയത്. ദ്വീപിന്റെ ചുറ്റുമുള്ള ബീച്ചിൽ എവിടെനിന്നു നോക്കിയാലും പള്ളിയുടെ മിനാരവും മണിയും കാണാം. വെണ്ണക്കല്ലിൽ തലയുയർത്തി പിടിച്ചു നിൽക്കുന്ന ശിൽപ ഭംഗി.
അവൻ ലോലിതയെ കാണുന്നത് പന്ത്രണ്ട് വയസ്സുള്ള കുട്ടിയായിട്ട്, രാവിലെ തെക്കേ ചരുവിലെ ബീച്ചിന്റെ നടുവിൽ കടലിന് എതിരായുള്ള റിസ്പെഷന്റെ കവാടം വൃത്തിയാക്കുന്ന അവന്റെ പിന്നിൽ ആ ബാലിക ശുദ്ധ പോർച്ചുഗീസിൽ എന്തോ ചോദിച്ചു, ഒന്നും മനസ്സിലാകാതെ തിരിഞ്ഞു നോക്കിയ അവനെ കൊഞ്ഞനം കുത്തുന്ന പെൺകുട്ടി, അവൾ സുന്ദരിയായിരുന്നു. പോർട്ടിന്റെ അടുത്തുള്ള ആ റിസോർട്ട് സഞ്ചാരികളുടെ പറുദീസ തന്നെ, കടലിലേക്ക് അഭിമുഖമായി ബെഡ്റൂമുകൾ കടലുനോക്കി ഇരുന്നു പൊന്യക്കും, കോക്റ്റൈലും വിസ്കിയും കഴിക്കാൻ പറ്റിയ ബാറും, ആ റിസോർട്ടിനെ മഹനീയം ആക്കുന്നു.
പെൺകുട്ടിയെ നോക്കി നിന്ന തന്റെ പിന്നിലൂടെ ഗപ്പോ മാർക്വിസ് പുറത്തേക്ക് വന്നു. റിസോർട്ടിലെ പഴയ ജോലിക്കാരനാണ്, കുട്ടിയുടെ കൈയ്യിൽ എന്തോ വച്ച് കൊടുത്തിട്ട്, ഇംഗ്ലീഷിൽ അയാൾ പറഞ്ഞു, അതെന്റെ മകളാണ്, ലോലിത മാർക്വിസ്. തിരിഞ്ഞു നടന്നു, ചെറിയ സൈക്കിളും അതിന്റെ കുടയിൽ ലില്ലി പൂക്കളും വച്ച് ചവുട്ടി പോയ അവളെ അവൻ കുറെ നേരം നോക്കി നിന്നു. പിന്നെയും അതിരാവിലെ സൈക്കളിൽ ലില്ലി പൂക്കളുമായി അവൾ പലതവണ വന്നു, അച്ഛനെ തേടി, അതവസാനിച്ചത്, ഒരിക്കൽ വന്ന ഒരു ഒരു യൂറോപ്യൻ മദാമ്മയുടെ കൂടെ അയാൾ സഞ്ചാരത്തിനായി പോയതിന് ശേഷമാണ്. പിന്നെ അവൾ അവിടെ തന്നെ ജോലിക്ക് കയറി, റിസപ്റ്റണിസ്റ്റായി, അവന്റെ കൂടെ. സുന്ദരിയായ കൗമാരക്കാരിയായി.
അപ്പോൾ അവന് ഫ്രഞ്ചും പോർച്ചുഗീസും സ്പാനിഷും ഒക്കെ വഴങ്ങുമെന്നായി. അവളുടെ വെള്ളാരം കല്ലുകൾ പാകിയ നീല കണ്ണിൽ അവൻ കണ്ടു കത്തുന്ന പ്രണയം, അതും നോക്കി അവനിരുന്നു, പല നാളുകൾ, അവന്റെ നിശയിലെ കൊട്ടാരത്തിൽ അവൾ നീല കന്പളം പുതച്ച മാലാഖയായി, പക്ഷേ അവന്റെ പ്രണയം അവൻ പറഞ്ഞില്ല, ലോലിത പ്രണയത്തിന്റെ രാജകുമാരിയായി നിന്നു എന്നും അവന്റെ മുന്നിൽ. തണുത്തുറഞ്ഞ ക്രിസ്മസ്സ് രാവുകളിൽ അവനെ ചേർന്ന് നടന്ന് അവൾ കരോൾ കണ്ടു. ഭൂമിയിൽ ദൈവപുത്രന്റെ പിറവികൾക്ക് സാക്ഷ്യം പറഞ്ഞു. ആ തണുത്ത രാത്രികളിൽ മലമുകളിലെ നക്ഷത്രങ്ങൾ പ്രഭവിടർത്തി പ്രകാശിച്ചു. വിണ്ണിലേക്കു നീണ്ട മിനാരങ്ങൾ ശില്പഭംഗിയിൽ വിളങ്ങി.
ആ രാത്രികളിൽ അവളുടെ കൈകൾ പിടിച്ചു അവൻ ബീച്ചുകളിൽ ഓടിനടന്നു, അവളുടെ കൈകൾക്ക് അന്നും ഇന്നും പ്രണയത്തിന്റെ പതുപതുപ്പും മർദ്ദവവും ആയിരുന്നു. അപ്പോഴും മരങ്ങളിൽ മഞ്ഞിന്റെ കലാകാരൻ ശിൽപ്പങ്ങൾ തീർത്തിരുന്നു. ആ ഡിസംബറിലെ തണുപ്പിലും അവന്റെ ശരീരം ചെറുചൂടിൽ വിയർത്തിരുന്നു. അവൻ പാടി ലോലിതാ നീ പ്രണയത്തിന്റെ ദേവത, നിന്നിൽ അപ്സരസ്സുകൾ നാണിക്കുന്നു. വീനസ്സ് നിന്നെ കണ്ട് കണ്ണ് പൊത്തുന്നു. സോയുസ്സിന്റെ രാജധാനിയിൽ രത്നം ആണ് നീ. അവൾ പറഞ്ഞു, ജോൺ നീ പറുദീസയിലെ പാട്ടുകാരൻ, നിന്റെ ശബ്ദത്തിൽ ഈ ഭൂമിയും ധന്യമായി.
ഒരിക്കൽ അവൾ റിസോർട്ട് വിട്ടുപോയി, പിന്നെ വന്നത്, ഒരു സായിപ്പിന്റെ കൈകളിൽ തുങ്ങി, അവന് പ്രണയത്തിന്റെ ലഹരി പകരാൻ, റിസോർട്ടിന്റെ നൂറ്റിയേഴ് മുറി, ലോലിതക്കായി എന്നും മാറ്റിവച്ചു. അവളുടെ കാമുകന്മാരെ അവൾ മാറിമാറി, അവിടെ സൽക്കരിച്ചു. അവളുടെ ശീൽക്കാരങ്ങൾ അവർക്ക് ബിഥോവന്റെ സിംഫണിയായി, അവരുടെ കരങ്ങളിൽ അവൾ വീണയും വയലിനുമായി, അവരുടെ നെഞ്ചിലെ മൃദംഗ താളങ്ങൾ അവളുടെ ചുവടുകളിൽ ലയവും ഗീതവുമായി. ലോലിത അവൾ പ്രണയത്തിന്റെ പുഴയും തിരയും സംഗീതവുമായി.
ജോൺസൺ ഇന്നും സന്ധ്യയിൽ റിസപ്ഷനയിൽ ദൂരെ പാർക്കിലേക്ക് നോക്കി ഇരിക്കുന്നു, അതിനും അപ്പുറത്തെ ഹോസ്പിറ്റലിന്റെ അങ്കണത്തിൽ അവൾ ലോലിത പ്രണയ ചക്രവർത്തിനി, തോളിൽ വെള്ളപുതപ്പുമായി, നടന്നു നീങ്ങുന്നു, അവളുടെ ചോരനിറമാർന്ന കപോലങ്ങൾ വിളറിയിരിക്കുന്നു, വെള്ളാരം കല്ലുകൾ പാകിയ നീലക്കണ്ണുകൾ കുഴിയിൽ ആണ്ട് പോയി. അവളുടെ മുഖത്ത് പ്രണയമല്ല ദൈന്യത മാത്രം, വേദനയുടെ നടുക്കുന്ന ഓർമ്മകളിൽ പൊടിയുന്ന എല്ലുകളുടെ രോദനങ്ങൾ മാത്രം. ലോലിത ഇന്ന് ചലിക്കുന്ന അസ്ഥിപഞ്ചരം. അവളുടെ കൈകൾക്ക് ചുറ്റാൻ ചുമലുകൾ ഇല്ല, അവളുടെ തലക്ക് ചായാൻ ബലിഷ്ടമായ നെഞ്ചുകളും. അവളുടെ പുതപ്പ് മൂടുന്നത് അവളെ മാത്രം.
രാവിലെ റിസോർട്ടിന് മുന്നിലെ വീഥിയിലൂടെ നാലുവീലുകൾ പിടിപ്പിച്ച ശവമഞ്ചം നീങ്ങുന്നു, അവസാന യാത്രയുടെ സംഗീതവുമായി, പള്ളി ക്വയറിലെ പാട്ടുകാർ, അതങ്ങനെ നീങ്ങുകയാണ്, മലയുടെ ചരുവിലെ സെമിത്തേരിയിൽ ഒരു കല്ലറ കൂടി, അതിന്റെ മുകളിലെ മാർബിൾ ഫലകം പേര് കൊത്തിയുണ്ടാക്കുന്ന കൽപ്പണിക്കാരൻ,എഴുതി ലോലിത മാർക്വിസ്. അപ്പോഴും റിസോർട്ടിന്റെ റിസ്പെഷനിൽ ഇരുന്ന് ജോൺസൺ പിറുപിറുത്തു, ലോലിതാ .... നീ പ്രണയത്തിന്റെ രാജകുമാരി, ഞാൻ എന്നും നിന്നെ പ്രണയിച്ചിരുന്നു.
Comments
Post a Comment