ജമന്തിപ്പൂക്കൾ

ജമന്തിപ്പൂക്കൾ

(കഥ)
ഓടുന്ന ട്രെയിനിന്റെ ജാലകവാതിലിൽ ഇരുന്ന് മനു പുറത്തേക്ക് നോക്കി, വണ്ടി ഇപ്പോൾ ഓടുന്നത് ഡെക്കാൺ പീഠഭൂമിയിൽ കൂടി ആണ്, പിന്നിട്ട് പോകുന്ന ചെറുമരങ്ങളും ചെഞ്ചോര നിറമാർന്ന മണ്ണും, അവനിൽ പുതുകാഴ്ചയുടെ കുതുഹുലമുയർത്തി. വണ്ടിയിൽ പലതരം ദേശക്കാരും ഭാഷക്കാരും കലപിലകൂട്ടുണ്ട്, അത് ജനറൽ കന്പാർട്ട്‌മെന്റ് ആയിരുന്നു. രാജാക്കോട്ട് എക്സ്പ്രസ്സ്സിന്റെ ആ ജനറൽ കന്പാർട്ടുമെന്റിൽ കയറാൻ രണ്ട് ഉണ്ടായിരുന്നു കാരണം, ആ യാത്ര അവൻ തീരുമാനിച്ചത് താമസിച്ചാണ്, അതിനാൽ റിസെർവഷന് ശ്രമിച്ചില്ല, പിന്നെ ആ പൈസകൂടി ലാഭിക്കാം എന്ന കണക്ക്കൂട്ടലും. വണ്ടി ഇപ്പോൾ അതിന്റെ കുതിച്ചു പായലിന്റെ വേഗം കുറയ്ക്കുകയാണ്, അത് കിതക്കാൻ തുടങ്ങി, അടുത്ത് ഏതോ സ്റ്റേഷൻ വരുന്നുണ്ട് എന്നവന് തോന്നി, അവൻ തല ജാലകത്തിന്റെ അടുത്തേക്ക് ചാരി, കണ്ണടച്ചിരുന്നു.

മദ്ധ്യതിരുവിതാംകുറിലെ സാമാന്യം തരക്കേടില്ലാത്ത സാന്പത്തിക സ്ഥിതിയിൽ ജനിച്ചവനാണ് മനു, മനു ഐസക്ക് കാട്ടിൽക്കാരൻ. അഞ്ച് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള, ഏറ്റവും ഇളയവൻ. ആൺകുഞ്ഞ് പിറന്നേ അവസാനിപ്പിക്കൂ എന്ന വാശിയായിരുന്നു ചാച്ചനെന്ന് 'അമ്മ എന്നും പറയും, ഇവൻ പിറന്നത് രക്ഷയായെന്നും. അവനെയും കൂടി പെറ്റതോടെ 'അമ്മ അസുഖക്കാരി ആയി, മൂത്തപെങ്ങൾ അവനെക്കാൾ പതിനൊന്ന് വയസ്സ് മുത്തതായതിനാൽ അടുക്കള ഭരണം അവൾ ഏറ്റു, അത് അമ്മക്ക് അൽപ്പം ആശ്വാസമായി, ചാച്ചൻ സമയമായപ്പോൾ ഒരുരുത്തരെ കെട്ടിച്ചു വിടാൻതുടങ്ങി, ആഘോഷപൂർവ്വം.

നല്ല പഠിപ്പും വിവരവും ഉണ്ടായതിനാൽ നല്ല കുടുംബത്തിൽ ചെന്ന് കയറാൻ അഞ്ചിനും ഭാഗ്യവും ഉണ്ടായി. എല്ലാ വിവാഹങ്ങളും കാട്ടിൽക്കാരൻ കുടുംബത്തിന്റെ അന്തസ്സിനും അഭിജാത്യത്തിനും അനുസരിച്ചു നടത്തി, കുറെ സ്വത്തുക്കൾ അപ്പൻ പൊടിച്ചു. അദ്ദേഹത്തിൻറെ മരണശേഷം, വീതത്തിനായി പെങ്ങന്മാർ വന്ന് നിരന്ന് നിന്നപ്പോൾ മനുവിനും മമ്മിക്കും കീറിമുറിച്ചു കൊടുക്കുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു. അവർ എല്ലാം വിറ്റു പെറുക്കി പോയപ്പോൾ നോക്കി നിൽക്കാനാണ് അവന് യോഗമുണ്ടായത്. പിന്നെ അവന്റെ ജീവിതം, അമ്മയുടെ മരുന്ന് എല്ലാംകൂടി രണ്ടറ്റം കുട്ടി മുട്ടുന്നില്ല എന്നായപ്പോൾ ഇറങ്ങിയതാണ്, ജോലി തേടി.

വെറും എം ബി എ കൊണ്ട് പെട്ടന്നൊരു ജോലി അത്രമെളുപ്പമല്ല എന്ന്  മനസ്സിലായത് അപേക്ഷകൾ എഴുതി കൈതഴന്പിച്ചപ്പോൾ ആണ്. എങ്കിലും ജീവിത യാഥാർഥ്യം കണ്ണ് മുന്നിൽ ദിനംപ്രതി ഭീകരാസത്വരൂപം പ്രാപിക്കാൻ തുടങ്ങിയപ്പോൾ ശ്രമം തുടർന്ന് കൊണ്ടേ ഇരുന്നു. ഇതിനിടയിൽ മമ്മി കല്യാണക്കാര്യം കൂടി എടുത്തിട്ടപ്പോൾ അവൻ കൂടുതൽ ചകിതനായി. പണ്ട് വെള്ളഖാദറും തേച്ചു മടക്കി, നാട് ചുറ്റിയതിന്റെ നഷ്ട്ടം എന്നോർത്ത് മനസ്സിൽ കരഞ്ഞു, പോയ ബുദ്ധി ഗുരുവായൂർ കേശവൻ പിടിച്ചാലും തിരിച്ചു വരില്ലല്ലോ.

അപേക്ഷ കേരളം കടന്ന് ഇന്ത്യയുടെ മറ്റ് സംസ്ഥാനത്തേക്കും അയച്ചു തുടങ്ങി, പലതിനും വിളിക്കും ഇന്റർവ്യൂ നടത്തും, പ്രവർത്തി പരിചയം ചോദിക്കുന്പോൾ വായ് പൊളിച്ചിരിക്കാനല്ലേ കഴിയു, ആർക്കും വേണ്ട തുടക്കകാരനെ, ഡിഗ്രി എടുത്ത് പത്ത് വർഷം തേരാ പാരാ നടന്നവന് ഇതിൽ കൂടുതൽ എന്ത് കിട്ടാൻ എന്ന് പിറുപിറുത്ത് തിരിച്ചിറങ്ങും. അങ്ങനെ ഇരിക്കുന്പോഴാണ് ആ ഗുജറാത്തി കന്പനി വിളിക്കുന്നത്. അങ്ങ് വാപ്പിയിൽ നിന്ന്, പതിവ് തട്ടിപ്പിന് പണം ചിലവാക്കാൻ ഒരു ശങ്ക, അപ്പോൾ മനസ്സ് പറഞ്ഞു, ഇത് പിടിവള്ളി ആയെങ്കിലോ? പ്രായോഗിക ബുദ്ധി മണ്ടൻ എന്ന് വിളിച്ചു തടഞ്ഞു. ഉള്ളിൽ ഇവരുടെ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു, അവസാനം പോകാൻ തീരുമാനിച്ചപ്പോൾ ജനറൽ കന്പാർട്ട്മെന്റ് ശരണം.

വണ്ടി കല്യാണും ദാദറും കടന്ന്, നോർത്തേൺ റയിൽവേയിൽ കൂടി പാഞ്ഞു തുടങ്ങി, കാന്തിവലിയും ബായിന്ദറും ഒക്കെ കടന്ന് വാസ്സയിറോഡിൽ നിർത്തി, ആദ്യമായുള്ള വരവാണ്, ഒരു പരിചയവും ഇല്ലാത്ത നാട്, ഒരു പുരുഷനല്ലേ എന്ന് മനസ്സിൽ ധൈര്യപ്പെടുത്തി, പിടിച്ചിരുന്നു. വണ്ടി, പിന്നെയും മുന്നോട്ട് കുതിച്ചു, ചെറിയ സ്റ്റേഷനുകൾ പിന്നിട്ടു, പായുകയാണ്, ഓരോ ഓരോ ബോർഡുകൾ വായിച്ചു, ബിലാർഡ് സ്റ്റേഷനും കഴിഞ്ഞു വണ്ടി, അടുത്ത സ്റ്റേഷനെയും കടന്നു പോകുകയാണ്, ഇംഗിളിഷിൽ ബോർഡ് വായിച്ചു, വാപ്പി. പെട്ടന്ന് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി, അതല്ലേ തനിക്കിറങ്ങേണ്ട സ്റ്റേഷൻ. അവൻ സീറ്റിൽ നിന്ന് ചാടി എഴുനേറ്റു.

പരിഭ്രമം കണ്ട കൂടെ കൂപ്പയിൽ ഉണ്ടായിരുന്ന സകുടുംബം യാത്ര ചെയ്തിരുന്ന ആൾ കാര്യം തിരക്കി, അയാൾ പിന്നെ വഴികാട്ടിയായി മാറി. വൽസാഡിൽ ഇറക്കി, ബസ്സ് മാർഗ്ഗം വാപ്പിയിൽ എത്തും വരെ അയാൾ കൂടെ നിന്നു. കന്പനിയുടെ ബോർഡ് ബസ്സിൽ ഇരുന്ന് കാട്ടിയിട്ടാണ് അയാൾ പോയത്. ആ സായന്തനം കിട്ടിയ സ്ഥലത്ത് കഴിച്ചു കൂട്ടി, ദൈവത്തിനും ആ അപരിചിതനും നന്ദി പറഞ്ഞു അയാൾ കാത്തിരുന്നു, അടുത്ത പ്രഭാതത്തിനും ഇന്റർവ്യൂവിനും. പുതിയ പ്രത്യാശയുടെ ചിന്തകളും, നല്ല നാളയുടെ പ്രതീക്ഷയുമായി.

രാവിലെ പത്ത് മണിക്ക് അയാൾ കത്തിൽ പറഞ്ഞ കന്പനിയുടെ മുന്നിൽ എത്തി, കയ്യിലെ കത്ത് കാണിച്ചപ്പോൾ അതിന്റെ ഗെയ്റ്റ് അയാൾക്കായി തുറന്നു, റിസെപ്ഷൻ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ല, നല്ല തരക്കേടില്ലാത്ത ഫക്റ്ററി, അതിന്റെ വലിയ ഓഫിസ് സമുച്ചയത്തിലേക്ക് തന്നെ ആണ് അയാൾ കയറി ചെന്നത്, ഇന്റർവ്യൂവിന്റെ കാര്യം പറഞ്ഞതും അയാളെ എംഡിയുടെ ക്യാബിന്റെ മുന്നിലേക്ക് ആനയിച്ചു. അവിടെ കാത്തിരിപ്പ്, വേറെ ആരെയും കണ്ടില്ല, അയാൾ ആലോചിച്ചു ഇനി സ്ഥലം മാറിയോ? തന്റെ ഇംഗ്ലീഷ് അവർക്ക് മനസ്സിലായി ഇല്ലയോ? എങ്കിലും പ്രായോഗിക ബുദ്ധി അയാളെ ഉപദേശിച്ചു, എന്തായാലും വന്നതല്ലേ എംഡിയെ കണ്ടിട്ട് പോയേക്കാം, ഇനി സ്ഥലം മാറിപ്പോയെങ്കിൽ ഇവിടെ ഒരു ഗുമസ്തജോലി എങ്കിലും ചോദിക്കാം.

അൽപ്പനേരം കഴിഞ്ഞപ്പോൾ എംഡിയുടെ ക്യാബിന്റെ വാതിൽ തുറന്നു ഒരു സുന്ദരിയായ ലലനാമണി അയാളെ അകത്തേക്ക് ആനയിച്ചു, അവളുടെ ശബ്ദംവും കുറുകലും അയാളെ ആകർഷിച്ചു, അകത്ത് കയറിയ അയാൾ കണ്ടത് മനോഹരവും വിശാലവുമായ ഓഫീസ്, അവിടെ അയാളെ കാത്ത് നാലുപേർ, കോട്ടും സ്യൂട്ടും ഒക്കെ അണിഞ്ഞ മുന്ന് ആണുങ്ങളും പ്രൗഢ ഗംഭീര ആയ ഒരു സ്ത്രീയും അവർ സുന്ദരിയായിരുന്നു, പിന്നിൽ പുട്ടപ്പ് കെട്ടിയ മുടി, അതിൽ ചൂടിയ ജമന്തിപൂക്കൾ, അവൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, ഇത്..... അവന്റെ ചിന്തകൾ പിന്നിലേക്ക് പോയി. അതിലൊരു പുരുഷന്റെ അഭിവാദനവും ഇരിക്കാനുള്ള ക്ഷണവും അവനെ ചിന്തയിൽ നിന്ന് ഉണർത്തി.

ഇന്റർവ്യൂവിന് ഓരോ ചോദ്യം ചോദിക്കുന്പോഴും അവന്റെ ചിന്ത പിന്നിലോട്ട് സഞ്ചരിക്കുകയായിരുന്നു, അവരുടെ ചോദ്യങ്ങൾക്ക് എന്തൊക്കയോ ഉത്തരം പറഞ്ഞ അവൻ, അവരുടെ മുൻപിൽ നിലാവത്തെ കോഴിയെപ്പോലെ ഇരുന്നു. അരമണിക്കൂർ നീണ്ട ആ ചടങ്ങ് കഴിഞ്ഞപ്പോൾ അവൻ പുറത്തിറഞ്ഞി. പഴയ പെൺകുട്ടി വന്ന്, അവനെ കൂട്ടികൊണ്ട് പോയി, കാവൽക്കാരനെ ഏൽപ്പിച്ചു. അവിടെ നിന്നും കന്പനിയുടെ ഗസ്റ്റ് ഹൌസ്സിലേക്ക്. അൽപ്പം കഴിഞ്ഞപ്പോൾ പെൺകുട്ടി ഫോണിൽ വിളിച്ചു കാത്തിരിക്കാൻ പറഞ്ഞു, മാനേജ്മെന്റ് തീരുമാനം പിന്നാലെ അറിയിക്കും അതുവരെ ഗസ്റ്റ് ഹൌസിൽ താമസിക്കാം.

അവൻ ആലോചിക്കുകയായിരുന്നു, ഇത് അവളല്ലേ അനീറ്റ മരിയജോസ്, തന്റെ കോളേജ് സീനിയർ. അതെ അവൾ തന്നെ, പക്ഷേ അവരുടെ മുഖത്ത് പരിചയത്തിന്റെ ലാഞ്ഛന പോലും കണ്ടില്ലല്ലോ. അതോ തന്നെ മനസ്സിലായില്ലേ? അല്ലെങ്കിൽ അവൾ ഇവിടെ എങ്ങനെ വരാൻ, കൊച്ചു കേരളത്തിലെ കുഗ്രാമത്തിൽ നിന്ന്, ഈ നഗരത്തിൽ, ഒരു പക്ഷേ മുഖസാമ്യം കൊണ്ട് തോന്നിയതാവാം. അവൻ ആശ്വസിച്ചു. അനീറ്റ ശരിക്കും ഒരു മാലാഖ ആയിരുന്നു, വെള്ള മാലാഖ. എന്നും വെള്ള വസ്ത്രത്തിൽ തിളങ്ങി, കോളേജിന്റെ മുക്കിലും മുലയിലും പറന്നു നടക്കുന്ന ചുറുചുറുക്കുള്ള മിടുക്കി പെണ്ണ്.

ആദ്യമായി കണ്ടത് ഇപ്പോഴും മറക്കില്ല, കോളേജിലെ ആദ്യ ആഴ്ച, പ്രീഡിഗ്രി കാലം. പത്തുമുറി എന്നോമന പേരിൽ അറിയുന്ന ഫസ്റ്റ് ഇയ൪ പ്രീഗ്രി ക്‌ളാസ്സുകൾ നടക്കുന്ന സ്ഥലം. അവിടെ സാറില്ല പിരീഡുകളിൽ അപ്പുറത്തെയും ഇപ്പുറത്തെയും ക്‌ളാസ്സുകൾ തമ്മിൽ കടലാസ്സ് റോക്കറ്റുകൾ പറത്തി കളിക്കുകയാണ് കുട്ടികൾ. ഇവിടുന്ന് ഒന്ന് വിടുന്പോൾ തിരിച്ചു രണ്ട് വരും. പെട്ടന്നാണ്, ഒരു കൂട്ടം കുട്ടികൾ സെക്കന്റ് ഇയർകാരാണ്, ക്‌ളാസ്സിലേക്ക് കയറി വന്നത്, അതിൽ അകെ ഉണ്ടായിരുന്ന പെൺകുട്ടി, വെള്ള പാവാടയും ബ്ലൗസും ധരിച്ച വെളുത്ത് കൊലുന്നനെയുള്ള ഒരുത്തി, ക്‌ളാസ്സിലെ ഉയർന്ന പ്ലാറ്റഫോമിലേക്ക് കയറുന്നത്, അതുവരെ സാറന്മാർ മാത്രം കയറി നിന്ന് പഠിപ്പിക്കുന്ന അവിടെ കൂസലില്ലാതെ ഒരു പെൺകുട്ടി കയറി നിൽക്കുന്നത് അതിശയത്തോടെയാണ് നോക്കി ഇരുന്നത്, അത് വരെ റോക്കറ്റ് എറിഞ്ഞ ആണും പെണ്ണും എല്ലാം നിശബ്ദരായി, ബഞ്ചിൽ അവളെ നോക്കി അക്ഷമരായി ഇരുന്നു.                  


      സ്റ്റേജിൽ പെൺകുട്ടി പതിഞ്ഞ താളത്തിൽ തുടങ്ങി, പിന്നെ കത്തിക്കയറുകയാണ്, അവളുടെ ശബ്ദം ഉറച്ചതും ആത്മവിശ്വാസം നിറഞ്ഞതും ആയിരുന്നു, അവൾ ഗാട്ടിനെപ്പറ്റി പറഞ്ഞു, തൊഴിൽ നഷ്ട്ടത്തെയും തൊഴിലില്ലായ്മയെയും പറ്റി രോക്ഷം കൊണ്ടു, അവളുടെ വാക്കുകൾ ചടുലവും ചാട്ടുളി പോലെ തുളഞ്ഞു കയറുന്നതും ആയിരുന്നു, ആ അന്തരീക്ഷത്തിൽ ഭരണ വർഗ്ഗത്തിനെതിരെ എറിഞ്ഞ ചോദ്യങ്ങൾ ആ ക്‌ളാസ്സ്‌ മുറിച്ചുവരുകളിൽ തട്ടി പ്രകന്പനം കൊണ്ടു. എല്ലാവരെ പോലെ മനുവും കേട്ടിരുന്നു, മുതലാളിയെയും തൊഴിലാളിയെയും പറ്റി, ഉള്ളവനെയും ഇല്ലാത്തവനെയും പറ്റി, പക്ഷേ അവിടെ ഇരുന്ന ഭൂരിപക്ഷത്തെ പോലെ അവനും ഒന്നും മനസ്സിലായില്ല. പ്രസംഗം കഴിഞ്ഞപ്പോൾ ചുറ്റിനിന്ന ആൺകുട്ടികൾ കൈയ്യടിച്ചപ്പോൾ അവരും കൈയടിച്ചു, എന്തിനോ വേണ്ടി, എന്തിനെന്ന് അറിഞ്ഞില്ല എന്ന് മാത്രം.

മനു ഐസക്ക് കാട്ടിൽക്കാരന്റെ ദിനങ്ങൾ കോളേജിൽ തുടങ്ങുകയായിരുന്നു, അതിനിടയിൽ പലയിടത്തും അവൻ കണ്ടെത്തി, ആ വെളുത്ത പാവടക്കാരിയെ, നിതംബം മറഞ്ഞ നല്ല കറുത്ത മുടിച്ചുരുൾ പിന്നിയിട്ട, നെറ്റിയിൽ പൊട്ടിടാത്ത, വാലിട്ടെഴുതാത്ത പിടക്കുന്ന കണ്ണുകൾ ഉള്ള, മുക്കുത്തിയും ലിപ്‌സ്റ്റിക്കും ഇല്ലാത്ത തെളിഞ്ഞ മുഖത്തോടും, കാതിൽ കമ്മലണിയാത്ത ആ സുന്ദരിയെ. അവൾ മിടുക്കിയായിരുന്നു, ആജ്ഞാശക്തിയുള്ള അവളുടെ വാക്കുകൾ കേൾക്കാൻ ചുറ്റും കൂടുന്ന ആൺകുട്ടികൾ, അവർക്കിടയിൽ കൂസലില്ലാതെ പ്രായത്തിനെ വെല്ലുന്ന വാക്കുകൾ വാതോരാതെ സംസാരിച്ചും കിലുക്കി നടക്കുന്ന പാവാടക്കാരി. അവൻ വളരെ വിസ്മയത്തോടെ പലപ്പോഴും അവളെ നോക്കി നിന്നു. അവളുടെ പിന്നിയിട്ട നീണ്ട മുടിക്കെട്ടിൽ എന്നും പുഞ്ചിരിച്ചുകൊണ്ട് ഒരു വാടാത്ത ജമന്തിപ്പു എന്നും ഉണ്ടായിരുന്നു.

അവന്റെ അനുഭവത്തിൽ കൗമാരക്കാരികൾ എന്നും നാണം കുണുങ്ങികൾ ആയിരുന്നു. പാവാടയും ബ്ലൗസും അണിഞ്ഞു, നെഞ്ചിനെ മറക്കാൻ പുസ്തകകെട്ടുകൾ മാറിൽ അമർത്തിപ്പിടിച്ച, ചുരുക്കം ദാവണി ചുറ്റിയ സൗന്ദ്യര്യധാമങ്ങൾ അവരുടെ അന്നനടയിൽ ഭൂമി പോലും കോരിത്തരിക്കും. അവരുടെ ചിണുങ്ങളിൽ കാറ്റിന് ഇക്കിളി വീഴും. അവരെ തഴുകുന്ന മാരുതൻ യുവഹൃദയങ്ങളെ കോരിത്തരിപ്പിക്കും. അവളുടെ ലജ്ജയിൽ മുങ്ങി പൊങ്ങി........... കൗമാര മുറി കവികൾ നീട്ടി പാടിയിരുന്ന കാലം. അതിനിടയിൽ ആണ്കുട്ടികൾ തോൽക്കുന്ന തന്റേടത്തോട് ഒരു പെൺകുട്ടി, കോളേജ് കാന്റീനിൽ, ബസ്സ് സ്റ്റോപ്പിൽ, എന്തിന് ക്‌ളാസ്സുകൾ തോറും കയറി ഇറങ്ങുന്നു.

കാട്ടിൽക്കാരുടെ പ്രതാപം അവനെ സ്റ്റുഡന്റ് യൂണിയന്റെ അമരക്കാരനാക്കി, ജീൻസും ടീഷർട്ടും മാറി വെള്ള ഖദറിൽ പൊതിയിച്ചു. ആ വിദ്യാലയ അങ്കണത്തിൽ അവൻ രാഷ്ട്രീയ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. അവന്റെ ചുറ്റിലും അനുചരന്മാർ വട്ടം ചുറ്റി, ലൈബ്രറിയും കാന്റീനും, കോളേജിലെ മരചുവടുകളും അവരുടെ വിഹാര രംഗങ്ങളും. വലതുപക്ഷ ആഭിമുഖ്യമുള്ള ക്യാംപസും മാനേജുമെറ്റും അവനെ അവരുടെ പ്രിയപ്പെട്ടവനാക്കി, കാട്ടിൽക്കരന്റെ തറവാട്ട് മഹിമയും.

അടുത്ത അധ്യായന വർഷം പിറന്നു, പുതുകുട്ടുകാരും ആഘോഷങ്ങളും കഴിഞ്ഞപ്പോൾ കോളേജ് യൂണിയൻ ഇലക്ഷൻ പ്രഖ്യാപിച്ചു, സ്റ്റുഡന്റ് യൂണിയന്റെ ചെയർമാൻ സ്ഥാനാർത്ഥി, മനു ഐസക്ക് കാട്ടിൽക്കാരൻ, തീരുമാനം ഏകസ്വരത്തിൽ, സ്റ്റുഡന്റ് യൂണിയൻ ഉണ്ടായതിൽ പിന്നെ മൃഗീയഭൂരിപക്ഷത്തിൽ ജയിക്കുന്ന കോളേജിൽ ഇത്തവണയും സംശയമില്ല ചെയർമാൻ മനു ഐസക്ക് തന്നെ. അവരുടെ നോമിനേഷൻ സമർപ്പണം കഴിഞ്ഞു ആവേശത്തോടെ പുറത്തിറങ്ങുന്പോൾ വിദ്യാർതഥി ഫെഡറേഷന്റെ പ്രകടനം കടന്നു വരുന്നു, നോമിനേഷൻ കൊടുക്കാനാണ്, മുന്നിൽ രക്തഹാരവും അണിഞ്ഞു അനീറ്റ മരിയാജോസ്, ഒപ്പം മറ്റു സ്ഥാനാർത്ഥികളും. വിജയം ഒന്നുകൂടി ഉറപ്പിച്ചു, അവർ കടന്നു പോയി.

കോളേജിൽ പ്രചാരണം തകർക്കുകയാണ്, കൂട്ടുകാർ ഓടിനടന്നു പ്രവർത്തിക്കുന്നു, മനുവിന്റെ ഗ്രുപ്പിന് പണത്തിന് ഒരു പഞ്ഞവുമില്ല, കാട്ടിൽക്കാരൻ ഐസക്കിന്റെ ഒറ്റമകന്, പണമൊഴുക്കാൻ വേറെ ആര് വേണം. പ്രചാരണ ക്ഷീണം തീർക്കാൻ, അവർ ഞായറാഴ്ച ഒരു യാത്ര പോകാൻ തീരുമാനിച്ചു. മനുവിന്റെ ജീപ്പിൽ അങ്ങ് ദൂരെ ഗ്രാമത്തിൽ, അവിടെ പുഴയിൽ കുളിക്കാം, മണലിൽ ഓടിനടക്കാം, പിന്നെ നല്ല ശുദ്ധമായ തെങ്ങിൻ കള്ളും കുടിക്കാം. കൂട്ടുകാരൻ പറഞ്ഞപ്പോൾ പിന്നെ അമാന്തിച്ചില്ല. ആഘോഷവും ആട്ടവും പാട്ടും കഴിഞ്ഞു സന്ധ്യക്ക്‌ മുൻപേ തിരിച്ചു. ഇടുങ്ങിയ ഗ്രാമവഴിയിൽ തുറന്ന ജീപ്പിൽ വരുന്പോൾ മുന്നിൽ കാലിക്കൂട്ടം, അവർ വണ്ടി നിർത്തി, അവറ്റകൾക്ക് കടന്നു പോകാൻ. അപ്പോഴാണ് അതിനെ തെളിക്കുന്ന പെൺകുട്ടിയെ കണ്ടത്.

അവൾ, അനീറ്റ അവന്റെ എതിരാളി, കൈയിൽ കാലിയെ മേയ്ക്കുന്ന വടിയും മറുകൈയിൽ പുസ്തകവും, അവൾ ഒന്ന് പകച്ചു, പിന്നെ സമനില വീണ്ടെടുത്ത് ചോദിച്ചു, എന്താടാ മനു. അവൻ കൂട്ടുകാർക്കൊപ്പം അവളെ സൂക്ഷിച്ചു നോക്കി ആർത്തു ചിരിച്ചു കടന്നു പോയി. അടുത്ത ദിവസം കോളേജ് തുറന്നപ്പോൾ അവിടെ നിറയെ ഗോപാലികയുടെ ചിത്രങ്ങൾ, മനുവും കൂട്ടരും ശരിക്കും പ്രവർത്തിച്ചു. അവർ കരുതിയത്, അവൾ പ്രചാരണം നിർത്തി തോൽവി സമ്മതിക്കും എന്നാണ്, കാട്ടിൽക്കാരൻ തറവാട്ടിലെ കുട്ടിയെ എതിരിടാൻ വെറും കാലിമേയ്ക്കുന്ന പെണ്ണോ. പക്ഷേ അവരുടെ കണക്ക് കൂട്ടലുകൾ തെറ്റി, അവൾ അത് തന്നെ പ്രചാരണ ആയുധമാക്കി, അവിടെ സഹതാപം ആഞ്ഞടിച്ചു, വോട്ട് എണ്ണിയപ്പോൾ അവളുടെ പാനൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചു. കോളേജിന്റെ ചരിത്രം തിരുത്തിയ വിജയം.

പിന്നെയും അവർ പല തവണയും നേർക്കുനേർ വന്നു, അവളുടെ തന്റേടം എന്നും വിജയിക്കുകയായിരുന്നു, എത്ര എതിരിത്തിരുന്നെങ്കിലും അവന്റെ ഉള്ളിൽ ആരാധന ആയിരുന്നു, അവളോട്. അവസാനമായി കണ്ടത്, അവൾ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്പോഴാണ്. അപ്പോൾ അവൾ സുന്ദരിയായ യുവതി ആയിരുന്നു. ചുണ്ടിന് മേലെ നനുത്ത രോമങ്ങൾ പടർന്ന, കവിളിൽ കരിനീല അളകങ്ങൾ വിരിയിട്ട, ചുമന്ന രാശി പടർന്ന കപോലങ്ങൾ ഉള്ള സുന്ദരി, അപ്പോഴും അവളുടെ വേഷം വെളുത്ത സാരിത്തന്നെ. പിന്നിൽ മെടഞ്ഞിട്ട നീളൻ മുടിയിൽ ചിരിക്കുന്ന ജമന്തിപ്പൂക്കൾ. ഉറച്ച കാൽ വെയ്പോടെ നടന്നകലുന്ന അവൾ അവന്റെ ഓർമ്മകളിൽ മായാതെ നിന്നു.

 ഡോർ ബെല്ല് അവനെ ചിന്തകളിൽ നിന്നും ഉണർത്തി, തുറന്ന വാതിലിന്റെ മുന്നിൽ വില്ലാ ബോയ്, കൈയ്യിൽ മനുവിനുള്ള ഉച്ച ഭക്ഷണം, കൈകഴുകി, ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഓഫിസിൽ നിന്നും വിളി വന്നു. ജോലിക്കുള്ള പേപ്പർ റെഡി, മാർക്കറ്റിങ് ട്രെയ്‌നി, ആറുമാസം പ്രൊബേഷനറി പീരീഡ്‌. പെർഫോമൻസ് നല്ലതായാൽ അത് മുന്ന് മാസം, പിന്നെ ഇരട്ടി ശന്പളത്തിൽ മാർക്കറ്റിങ് മാനേജർ പോസ്റ്റിൽ സ്ഥിര നിയമനം. ഇപ്പോൾ മാസം തരക്കേടില്ലാത്ത സ്റ്റയിപ്പൈൻഡ് മാത്രം. അപ്പോൾ അവൾ അനീറ്റ അല്ല, ആയിരുന്നെങ്കിൽ ഈ പണി കിട്ടില്ല, അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട് അവളെ, അവൻ മനസ്സിൽ ഓർത്തു.

മുന്ന് മാസം കടന്നു പോയത് അവൻ അറിഞ്ഞില്ല, രാപകലില്ലാതെ ഓടിനടന്നു ജോലി ചെയ്തു, ഇപ്പോൾ നാട്ടിൽ മമ്മിക്കും സന്തോഷം, പെങ്ങന്മാർ വീട്ടിൽ വന്നു തുടങ്ങി, ജീവിതം പതുക്കെ മാറി മറിയുകയാണ്, അന്നൊരു ഞായറാഴ്ച, രാവിലെ മൊബൈൽ അടിക്കുന്നു, നോക്കിയപ്പോൾ ഓഫിസിലെ പെൺകുട്ടിയാണ്, എംഡിയുടെ സെക്രട്ടറി. എംഡിയെ ഇതുവരെ ഒന്ന് കാണാൻ പറ്റിയില്ല. സീനിയർ ഓഫിസേഴ്‌സിനെ കാണുക അസാധ്യമാണ് അവിടെ. ആവിശ്യമുണ്ടങ്കിൽ അവർ വിളിപ്പിക്കും, അതും തെറിവിളിക്കാനോ അല്ലെങ്കിൽ പിരിച്ചു വിടാനോ. ഈ ഒഴിവ് ദിവസം അവൾ എന്തിനാണ് വിളിക്കുന്നത്, ഓഫിസ് കാര്യത്തിനല്ല, ഇനി പെണ്ണിനെങ്ങാണം പ്രേമം തുടങ്ങിയോ. എന്തായാലും ഫോൺ എടുത്തേക്കാം. അവ൯ തീരുമാനിച്ചു.

മറുതലക്കൽ അവൾ തന്നെ ആയിരുന്നു, വൈകിട്ട് നാല് മണിക്ക് ദമൻ ബീച്ചിൽ എത്തണം, വളരെ അത്യാവശ്യമാണ്, വരാതിരിക്കരുത്, കാത്തിരിക്കും, അവൾ കിളിമൊഴിൽ പറഞ്ഞപ്പോൾ സമ്മതിക്കാതെ താരമില്ലായിരുന്നു, മനു ഐസക്കിന്. അവൻ തയ്യാറെടുത്തു. ഒരുക്കം പന്ത്രണ്ട് മണിക്കേ തുടങ്ങി, ഉള്ളതിൽ ഏറ്റവും നല്ല പാന്റും ഷർട്ടും അണിഞ്ഞു. കണ്ണാടിയുടെ മുൻപിൽ കുറെ നേരം നിന്നു. തൃപ്തി വരാതെ പിന്നെയും പിന്നെയും നോക്കി. വാച്ചിൽ നോക്കി, സമയം അതിക്രമിച്ചു എന്ന് തോന്നിയപ്പോൾ അവൻ ഇറങ്ങി.

ദമനിലെ ആ ബീച്ച് വളരെ മനോഹരവും പ്രശസ്തവും ആയിരുന്നു, പഴയ പോ൪ച്ചുഗീസ്‌ അവശേഷിപ്പിച്ചു പോയ ചിഹ്നങ്ങൾ ഇപ്പഴും കാണാം. കടൽത്തീരത്തെ പാറക്കെട്ടുകൾ തിര തഴുകി പോകുന്നത് കാണാൻ വളരെ  മനോഹരമാണ്, തീരത്തെ മണലിൽ കുതിച്ചു മറിയുന്ന നാട്ടുകാരും മറ്റുള്ളവരും, അർദ്ധനഗ്‌നരായി കുളിക്കുന്നവർ, നീല ജലാശയം അങ്ങനെ പരന്നു കിടക്കുന്നു. അവൻ പരതി നോക്കി, എവിടെ ആ പെൺകുട്ടി. മുന്നോട്ട് നടന്നു. അങ്ങകലെ ബീച്ചിന്റെ ഓരത്ത് നിർത്തിയിരിക്കുന്ന വെള്ള എസ് ക്‌ളാസ് ബെൻസ്, അതിൽ ചാരി, എതിർ ദിശയിലേക്ക് നോക്കി നിൽക്കുന്ന യുവതി, അവളുടെ മുടി പിന്നിൽ മെടഞ്ഞിട്ടിരിക്കുന്നു. ധരിച്ചിരിക്കുന്ന വേഷം ശുഭ്രവസ്ത്രം, കുറച്ചുകൂടി അടുത്ത് ചെന്നപ്പോൾ മുടിയിൽ ചൂടിയിരിക്കുന്ന ജമന്തിപ്പൂ അവനെ നോക്കി ചിരിക്കുംപോലെ തോന്നി.

കാറിന്റെ അടുത്ത് ചെന്നപ്പോൾ അവർ തിരിഞ്ഞു നോക്കി, അത് അവളായിരുന്നു, അവന്റെ എംഡി. അങ്ങ്  അകലെ ആ പെൺകുട്ടി രണ്ട് കൊച്ചു കുട്ടികളുമായി ഓടിക്കളിക്കുന്നു. അവരെ കടന്നു പോകാൻ ശ്രമിച്ചപ്പോൾ അവർ ഉച്ചയുയർത്തി, വിളിച്ചു, മനു അവിടെ നിൽക്കെടാ. മനു തിരിഞ്ഞു നോക്കി, അവർ അവനെ നോക്കി നിൽക്കെയാണ്.

അതെ നിന്നെ ഇവിടെ വിളിപ്പിച്ചത് ഞാനാണ്, അനീറ്റ. മനു ചിരിച്ചു, അപ്പോൾ മറന്നിട്ടില്ല അല്ലെ. നിന്നെ മറക്കാനോ, മനു, ജീവിതത്തിൽ എന്നെ ഏറ്റവും നോവിച്ച നിന്നെ മറക്കാനോ, തിരിഞ്ഞു നിന്ന് ജീവിതത്തിനെ വെല്ലുവിളിക്കാൻ പഠിപ്പിച്ച നിന്നെ, അനീറ്റ പൊട്ടിച്ചിരിച്ചു. നിന്നെ കേരളത്തിൽ നിന്ന് ഇവിടം വരെ വിളിച്ചു കൊണ്ട് വന്നത് അറിയാതെ ആണ് എന്ന് നീ കരുതിയോ. നിന്റെ അപ്പിക്കേഷൻ കണ്ടപ്പോൾ മറ്റ് എല്ലാ അപേക്ഷയും തള്ളി നിന്നെ മാത്രം ഇന്റർവ്യൂവിന് വിളിച്ചതും അറിയാതെ അല്ല. അനീറ്റ പറഞ്ഞു നിർത്തി.

എന്തിനാണ് വിളിച്ചു വരുത്തിയത്, പ്രതികാരം വീട്ടാനോ മനു നിന്ന് ചീറി, ആയിക്കോളൂ, ഇത് നിന്റെ സ്ഥലം അനീറ്റ, കൊല്ലണമെങ്കിൽ കൊല്ലാം, അതല്ല കൈയും കാലും തല്ലിയൊടിക്കണമെങ്കിൽ ആയിക്കോളൂ, ഞാൻ നിന്നു തരാം. പക്ഷേ അന്ന് അതൊക്കെ ചെയ്ത കാട്ടിൽക്കാരൻ മനു അല്ല ഞാൻ, ജീവിത വഴിയിൽ എല്ലാം നഷ്ട്ടപെട്ട പണവും പ്രതാപവും എല്ലാം, ഒരു സാധാരണക്കാരൻ. ഇന്ന് നീ ലോകം ജയിച്ച പോരാളി, നിന്റെ പ്രതികാരം നടക്കട്ടെ. മനു അവളെ സൂക്ഷിച്ചു നോക്കി.

അവൾ അവനെ നോക്കി പുഞ്ചിരിച്ചു, പ്രതികാരം ആർക്ക് ആരോട്, നീ അങ്ങോട്ട് നോക്ക് ആ കാണുന്നത് എന്റെ മക്കൾ ആണ് മുന്ന് പേര് രണ്ടു പേരെ ഞാൻ പ്രസവിച്ചത്, ഒരാളെ അദ്ദേഹം ഏൽപ്പിച്ചു പോയത്, ഇനി നാലാമത് ഒന്ന് കൂടിയുണ്ട് നമ്മുടെ കന്പനി, ഇപ്പോൾ അത് മാത്രമാണ് എന്റെ ലോകം. അദ്ദേഹം അവരെ എന്റെ കൈയിൽ പിടിച്ചെപ്പിച്ചിട്ട് പോയി. മൂത്തവൾ ഒരു കലാപത്തിൽ അദ്ദേഹത്തിൻറെ കൈയിൽ വന്നു പെട്ട പിഞ്ച് കുഞ്ഞായിരുന്നു. അവൾ അൽപ്പം മുതിർന്നപ്പോൾ അദ്ദേഹം എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നു. പിന്നെ സന്തോഷത്തോടെ എട്ട് വർഷം രണ്ട് കുഞ്ഞുങ്ങൾ കൂടി കുട്ടുവന്നു. ആ നശിച്ച രാത്രിയിൽ ഹൃദയം പണി മുടക്കിയപ്പോൾ എന്റെ മടിയിൽ തലവച്ചു കുട്ടികളെ കൈയിൽ ഏൽപ്പിച്ചു പോയി.

ഡിഗ്രി കഴിഞ്ഞു മുന്നോട്ടു പഠിക്കാനായി നിൽക്കുന്ന സമയം, അപ്പോഴാണ് ആ ആലോചന വന്നത്, പയ്യന് പ്രായം നാല്പത്തിന് മുകളിൽ, ഉത്തരേന്ത്യയിൽ വലിയ ബിസ്സിനസ്സ് ഉള്ള മനുഷ്യൻ പേര് അലക്സ് എബ്രഹാം. ബിസ്സിനസ്സ് വളർത്തുന്നതിനിടയിൽ കല്യാണം മറന്നു പോയി. ഇപ്പോൾ കെട്ടാൻ മോഹം, പക്ഷേ വിദ്യാഭ്യാസമുള്ള മിടുക്കിയായ പെണ്ണ് വേണം. ആലോചന വന്നപ്പോൾ വീട്ടുകാർ എതിർത്തില്ല, ആദ്യം ഇഷ്ട്ടപെട്ടില്ലങ്കിലും, അനിയന്മാരും അനിയത്തിമാരും രക്ഷപെടും എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. കുറച്ചു സമയം കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരായുസ്സിന്റെ സ്നേഹം തന്നിട്ട് പോയി. അനീറ്റയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അന്ന് വെള്ള ഉടുത്തിരുന്നത്, മറിയുടുക്കാൻ വേറെ ഇല്ലാത്തത് കൊണ്ടായിരുന്നു, ഒരു ജോഡിയെ ഉള്ളു എന്ന് ആരും അറിയില്ലല്ലോ, ഒരുങ്ങാതിരുന്നത്, ഇല്ലാത്തത് കൊണ്ടായിരുന്നു, അതിന് ആദർശത്തിന്റെ മുഖംമൂടി അണിഞ്ഞു എന്ന് മാത്രം. എന്നും പുക്കുന്നവയായിരുന്നു ജമന്തി, എന്നെ പോലെ എന്നും ദുഃഖം കടിച്ചമർത്തിയവൾ. ഇന്ന് എല്ലാം ഉണ്ടായിട്ടും എനിക്ക് വെള്ള ഉടുക്കാനാണ് വിധി, അല്ല എനിക്ക് ഇഷ്ട്ടം അത് തന്നെ. അലക്സ് ഇല്ലാത്ത ജീവിതത്തിൽ എനിക്കെന്ത് വർണ്ണം. അവൾ നിറഞ്ഞ കണ്ണുകളിൽ കൂടി മനുവിനെ നോക്കി. പിന്നെ മനുവിന്റെ കാര്യങ്ങൾ എല്ലാം ഞാനറിയുണ്ടുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ വരെ, അതാണ് വിളിപ്പിച്ചത്, നന്നായി ജോലി ചെയ്താൽ ആരും ഇവിടെ നിന്ന് പറഞ്ഞു വിടില്ല. മുംബൈ ഓഫിസിന്റെ ചാർജ്ജ് എടുക്കാൻ നാളെ തന്നെ പുറപ്പെട്ടോളൂ, അതിനാണ് വിളിപ്പിച്ചത്, ഇതാ അതിനുള്ള കത്ത്, ശുപാർശ എന്റെ അല്ല, ആ അവളുടെ ആണ്, മനസ്സി, ഞങ്ങളുടെ മൂത്ത മകൾ. അപ്പോൾ ദൂരെ കുട്ടികളുടെ ഇടയിൽ നിന്ന് മാനസി കൈകൾ പൊക്കി കാണിക്കുന്നുണ്ടായിരുന്നു...

രഘുചന്ദ്ര൯ ആ൪ കേളക്കൊന്പിൽ                                       

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ