ഏഴാം തന്പുരാ൯

ഏഴാം തന്പുരാ൯

നാൽക്കവലയിലെ മൈൽ കുറ്റിയിൽ അയാൾ കുന്തിച്ചിരുന്നു, കൈയിൽ എരിയുന്ന ബീഡി, ഒട്ടിയ കവിളുകൾ ഒന്നുകൂടി അണപ്പല്ലുകൾ കൊഴിഞ്ഞുപോയ വായുടെ അകത്തേക്ക് കയറ്റി ആഞ്ഞ് ആഞ്ഞു വലിച്ചു. ബീഡിയുടെ തുന്പിലെ ചെറിയ കനൽ പ്രയാസത്തോട് മുനിഞ്ഞു കത്തി. പിന്നെ ആയാസപ്പെട്ട് ചുമച്ചു പലവട്ടം, പിന്നെ അകലേക്ക് കാറിത്തുപ്പി, ആ തുപ്പലിൽ അയാൾ വേച്ചു പോകുന്നുണ്ടായിരുന്നു, എങ്കിലും ഒറ്റകൈയ്യാൽ മൈൽ കുറ്റിയെ അയാൾ മുറുകി പിടിച്ചു. അപ്പോൾ നേരം പുലർന്ന് എട്ടുമണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ആ ഗ്രാമത്തിലെ കൊച്ചുടൗൺ ആയ ആ നാൽക്കവലക്ക് തിരക്കിൻറെ ചൂട് പിടിക്കുന്നതെ ഉണ്ടായിരുന്നുള്ളു.

സിറ്റിയിലേക്ക് പോകാൻ വരുന്ന ബസ്സ് പിടിക്കാൻ തയ്യാറായി സ്‌കൂൾ,പാരലൽ, കോളേജ് കുട്ടികളും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ മേഖല ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരും ഒന്നും രണ്ടും മൂന്നുമായി, കാത്തിരിപ്പ് ഷെഡിലേക്ക് നടന്നു വരുന്നുണ്ട്, ചിലർ നേരത്തേ തന്നെ അവിടെയെത്തി, ദുരെ റോഡിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. കവലയിലെ ചായ മക്കാനികളും മാടക്കടകളും തുറന്നിരുന്നു. വലിയ ഷോപ്പിങ് മാളുകളായ പലചരക്കുകടകളും ബ്യുട്ടി പാർലറുകളായ ബാർബർഷോപ്പുകളും അവയുടെ ഉടമസ്ഥർ വന്ന് നിരപ്പലകകൾ തലോടുന്നതും കാത്തിരുന്നു.

ആ നാടിൻറെ സിരാകേന്ദ്രത്തിൽ അങ്ങിങ്ങായി തെരുവുനായ്ക്കൾ മണ്ടി നടന്നിരുന്നു, ആഴ്ചയിൽ ഒരിക്കൽ ഹൈദ്രോസ് വെട്ടുന്ന മാടിന്റെ അവശിഷ്ടങ്ങളും, പിന്നെ സാവിത്രിയുടെ പറ്റുകാർ വയ്ക്കുന്ന വാളുകളുമാണ് അവരുടെ അന്നദാതാക്കൾ, അതില്ലാത്ത സമയങ്ങളിൽ അവറ്റകൾ ഒറ്റയ്ക്ക് പോകുന്ന കാൽനടക്കാരെ ഭയപ്പെടുത്തി ജീവിച്ചു പൊന്നു. പാത്തുമ്മായുടെയും ജാനുവിന്റെയും ദീനാമ്മയുടെയും ആടുകൾ അടുത്ത നഗരങ്ങളിലെ സിനിമാ കോട്ടകൾ പതിപ്പിക്കുന്ന പോസ്റ്ററും മൈദയും തിന്ന്, കവല തെണ്ടിയിരുന്നു. ഇലക്ഷൻ സമയങ്ങളിൽ സ്ഥാനാർത്ഥിയുടെ മുഖമടങ്ങിയ പോസ്റ്ററുകളും.

സർവേ കല്ലിൽ കുന്തിച്ചിരുന്നു മനുഷ്യന് എഴുപതിനോടടുക്കുന്നു പ്രായം, അടുക്കില്ലാതെ സ്ഥാനം തെറ്റിയ മുണ്ടും ബട്ടണുകൾ നഷ്ട്ടപെട്ടു നെഞ്ചിലെ നരച്ച രോമങ്ങളെയും അതിനിടയിലെ അഴുക്കുപിടിച്ച ഉപവനീതത്തെയും പുറത്ത് കാണിച്ചു മലർന്ന കിടക്കുന്ന ഷർട്ടും വേഷം, അത് നന്നായി മുഷിഞ്ഞിരുന്നു. ആഴ്ചകളോളം വടിക്കാത്ത താടി രോമങ്ങളും വളർന്നു കാടുപോലെ ആയ മുടിയിഴകളും കുളിച്ചിട്ട് നാളുകൾ ആയെന്നു തോന്നിപ്പിക്കുമാറ് പാറിപ്പറന്നു കിടക്കുന്നു. അവിടെ നിന്ന് എഴുനേൽക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്, പക്ഷേ ഉള്ളിലെ വീര്യം അയാളുടെ കാലുകളെയും കൈകളെയും നാഡീഞരന്പുകളുടെ തിയന്ത്രണത്തിൽ നിന്നും വിമുക്തമായിരിക്കുന്നു. ഭൂമിയുടെ ആക൪ഷണവലയത്തിൽ  നിന്ന് രക്ഷപെട്ട ഉപഗ്രഹം പോലെ ഒരു ജന്മം.

കവലയിൽ എത്താൻ രാവിലെ ധൃതിയിൽ പോകുന്നവർ പാളി നോക്കുന്നുണ്ടായിരുന്നു അയാളെ. പലരും നിത്യകാഴ്ച ആയതിനാൽ അവഗണിച്ചു പോകുന്നു, ചില സ്ത്രീകൾ സ്ഥാനം തെറ്റിയ വസ്ത്രം കണ്ട് കണ്ണ് പൊത്തിയും കാറിത്തുപ്പിയും കടന്നു പോകുന്നു. ചിലർ സഹതാപ ദൃഷ്ടിയിലൂടെ നോക്കിയും കുട്ടികൾ കൗതുകം നിറഞ്ഞ മുഖത്തോടെയും കടന്നു പോകുന്നുണ്ട്. അയാൾ ഇതൊന്നും അറിയാതെ നേരെ നിൽക്കാനുള്ള ശ്രമത്തിലും. ചിലർ സാവിത്രി സേവ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടും പോകുന്നു. എന്തായാലും ആ ഗ്രാമത്തിന്റെ ജീവിതം ചൂടുപിടിച്ചു തുടങ്ങി, കവലക്കും  കടകൾക്കും ജീവൻ വയ്ക്കുന്നു. പിന്നെയും ഒരു പുലരി അതിന്റെ സ്വത്വമായ ഇരവിനെ തേടി യാത്ര തുടങ്ങുന്ന നേരം.

സാവിത്രി, ആ നാടിൻറെ സ്പന്ദനമാണ്, അതിന്റെ സായന്തനങ്ങളെ അവയുടെ സിരകൾക്ക് ചൂട് പകരുന്ന, അവക്ക് ഉന്മാദവും ആവേഗവും കരുത്തും നൽകുന്ന ലഹരിയുടെ നറുതേൻ വിളന്പുന്ന മാലാഖ. പേര് സാവിത്രി എന്ന് ആണെങ്കിലും കയ്യിലിരിപ്പ് വാസവദത്തയുടേത് എന്ന് മാത്രം. അൻപതിന്റെ ഉടലിൽ ഇപ്പോഴും നിറയൗവനത്തിന്റെ തിളക്കം. അവളുടെ ചിരിയിൽ കുപ്പിവളകൾ ചിലക്കുന്ന മാധുര്യം, ചൊടികളിൽ പൊഴിയുന്ന നാദത്തിൽ സംഗീത സതിരുകൾ. ഇനി പണം കൊടുക്കേണ്ട സമയത്ത്, അത് ഭരണിപാട്ടിന്റെ മേളവും ആയേക്കാം. എങ്കിലും സാവിത്രി നാടിൻറെ സ്പന്ദനം തന്നെ.

അലക്കി തേച്ച വെളുത്ത മുണ്ടും നല്ല ചുവന്ന ബ്ലൗസും അണിഞ്ഞു അറിഞ്ഞുകൊണ്ട് സ്ഥാനം തെറ്റിക്കുന്ന മേൽമുണ്ടും ആണ് അവളുടെ സ്ഥിരം വേഷം. ചുണ്ടുകൾ എപ്പോഴും മുറുക്കി ചുവപ്പിച്ചിരിക്കും. ആനാവൃതമായ നാഭിയിൽ മുളിലേക്ക് കയറിപോകുന്ന നനുത്ത രോമരാജികൾ ചുഴികുത്തി നിൽക്കും, ഉയർന്ന മാറുകൾ കാഴ്ചക്കാരെ ത്രസിപ്പിക്കും. അവളുടെ ഉടലിന് കൈതപ്പൂവിന്റെ ഗന്ധമാണ്, അവൾ പറയും ഏഴാം തന്പുരാന് ആ മണം വളരെ ഇഷ്ട്ടമാണ്, അത് പറയുന്പോൾ അവളുടെ കവിളുകൾ കൂടി നാണം കൊണ്ട് ചുവക്കും, കണ്ണുകളിൽ കാമം നിഴലിക്കും. അവൾ, അവളുടെ റാക്കിന് പണം ചോദിക്കാത്തത്‌ തന്പുരാനോട് മാത്രം. അവൾ പറയും ആ കരയിലെ ലക്ഷണമൊത്ത പുരുഷൻ ഏഴാം തന്പുരാൻ മാത്രം എന്ന്. അവളെ കലകൾ പഠിപ്പിച്ച ഗുരു. ഇപ്പോൾ നൽകുന്നത് ഗുരു ദക്ഷിണ മാത്രം, അത് പറഞ്ഞിട്ട് അവൾ കുലുങ്ങി ചിരിക്കും, ഒരിക്കലും അയാളെ അവൾക്ക് മടുക്കില്ല എന്ന് ഓർമ്മിപ്പിക്കുന്ന ചിരി.

മൈൽ കുറ്റിയിൽ ആ വൃദ്ധൻ ഇരിക്കുന്നത് വിട്ട് അതിന് ചുറ്റും ഇപ്പോൾ ചുരുണ്ട് കിടപ്പായി, പുത്തൻ പണക്കാരൻ സ്കൂളിന്റ പടി കാണാത്ത വിദ്യാധരൻ അങ്ങോട്ട് വരവായി, ഗ്രാമത്തിലെ നാളികേര മൊത്ത കച്ചവടക്കാരനും പുതിയ പ്രമാണിയുമാണ് അയാൾ, ടൗണിൽ ജൗളിക്കടയും തീയേറ്ററും പിന്നെ മറ്റെന്തെല്ലാമായോ പലതരം കച്ചവടങ്ങൾ. എന്തായാലും രാവിലെ പൗലോസ് മാപ്പിളയുടെ ഒരു ചായ നിർബന്ധമാണ്, അത് പണ്ട് ബാല്യത്തിൽ ചെത്തുകാരനായ അച്ഛന്റെ പിന്നാലെ വന്നു തുടങ്ങിയ ശീലമാണ് കോലോത്തെ പെണ്ണിനെ കടത്തിക്കൊണ്ട് വന്നപ്പോഴും, ഇപ്പോൾ വലിയ മുതലാളി ആയപ്പോഴും നിർത്താതെ തുടരുന്നു.

പൗലോസ് വൃത്തിയാക്കി ഇട്ട കസേരയിൽ ചായക്ക്‌ കാത്തിരിക്കുന്പോൾ മുന്നിൽ കണ്ട കാഴ്ച അയാളെ അലോരസപ്പെടുത്തി, മൈൽ കുറ്റിയെ പ്രണയിക്കുന്ന വൃദ്ധൻ. അയാളോട് ഉള്ള നീരസം ഉച്ചത്തിൽ പ്രകടിപ്പിച്ചു. ഈ കിളവന് ഇപ്പോഴും പറയിപ്പിക്കുന്നത് നിർത്താറായില്ലേ. നാണമില്ലാത്തവൻ. കൂടെപ്പിറപ്പ് കൂടെ ഉണ്ടായിപ്പോയി, ഇല്ലെങ്കിൽ ഞാൻ അങ്ങ് അവസാനിപ്പിച്ചനെ. പൗലോസ് കൊടുത്ത ചൂട് ചായ ആ ദേഷ്യത്തിൽ കുടിച്ചിട്ട്, അമർത്തി ചവുട്ടി കടന്നു പോയി.

പിന്നിൽ ചായ എന്ന അമറൽ കേട്ട് പൗലോസ് തിരിഞ്ഞു നോക്കി, ചിരുകണ്ടന്റെ മകൻ രാംകുമാർ, താലൂക്കാഫീസറാ, അങ്ങ് നഗരത്തിൽ, ജോലിക്ക് പോകുന്നതിന് ബസ്സ് പിടിക്കും മുൻപ് അവിടുത്തെ ചായ നിർബന്ധം, പക്ഷേ വിദ്യാധരൻ പോയിട്ടേ വരൂ. ജ്യേഷ്ടത്തിയുടെ ഭർത്താവിനോട് ബഹുമാനം ഉണ്ടായിട്ടല്ല, ഒരു പേടി. ചെയ്തത് ഒരു പ്രവൃത്തി തന്നെ ആണെങ്കിലും തല്ല് കിട്ടിയാലോ, കോലോത്ത് പാടത്തെപണിക്ക് അമ്മയ്ക്കും അച്ഛനും തുണപോയി രാംകുമാർ, മുതിർന്നപ്പോൾ വില്ലേജിൽ പ്യുണായി കയറി, ഇതിനിടയിൽ കോലോത്തെ തൂണിനെയും കടത്തിക്കൊണ്ട് പോണ്, ഇളയ തുണിനെ. മുന്നിലെ കാഴ്ച അയാളെയും ക്രുദ്ധനാക്കി, ഇയാൾ വയസ്സാം കാലത്ത് പറയിപ്പിക്കും. കാറിത്തുപ്പി അയാളും ബസ്‌സ്റ്റോപ്പിലേക്ക്.

ഇതെല്ലം കണ്ട് കടയിലെ കോണിൽ പ്രാതൽ കഴിച്ചിരുന്നു, ഗ്രാമത്തിലെ എൽ പി സ്‌കൂളിൽ പുതിയതായി വന്ന കണക്ക് മാഷ്. കവലയിലെ ചാണ്ടി മുതലാളിയുടെ കടയുടെ മുകളിൽ താമസം, ഭക്ഷണം രണ്ട് നേരം പൗലോസിന്റെ കടയിലും. തെക്കനായ മുരളി മാഷിന് ഇത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അന്തം വിട്ടു കുന്തം വിഴുങ്ങിയ മുരളി മാഷിനോട് പൗലോസ് പറഞ്ഞു തുടങ്ങി. മാഷേ ആ സർവ്വേക്കല്ലിനെ പ്രണയിക്കുന്നത് ആരെന്നറിയാമോ? യോഗദത്തൻ തന്പുരാൻ, ഈ നാടിൻറെ ഏഴാം തന്പുരാൻ. തുന്പുകുഴി കോലോത്തെ നേരവകാശി, ഒരു കാലത്ത് ഈ നാടിൻറെ ഉടയോനും ദൈവവുമായിരുന്ന ബ്രമ്മദത്തൻ തന്പുരാന്റെ നേരവകാശി. മൂത്ത മകൻ. താഴത്തായി ആറ് പെങ്ങന്മാരും.

യോഗദത്തൻ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതാവായിരുന്നു, സരസൻ കലകളിൽ അഗ്രഗണ്യൻ, കൂടെ എപ്പോഴും അനുയായി വൃന്ദങ്ങൾ. സന്തത സഹചാരി, ഗോവിന്ദൻ, കാര്യസ്ഥന്റെ കേളു നായരുടെ മകൻ, കളിക്കൂട്ടുകാരൻ, സഹപാഠി. കോലോത്ത് എപ്പോഴും സ്വാത്രന്ത്ര്യത്തോട് കയറി ചെല്ലാൻ കഴിയുന്നവൻ. ഗോവിന്ദൻ തന്ത്രശാലിയായിരുന്നു, മൂത്തപെങ്ങൾ പച്ചമാങ്ങാ തിന്നപ്പോൾ കോലോത്തറിഞ്ഞു അവളുടെ കുളി തെറ്റിന്ന്. രണ്ടു നാൾ കഴിഞ്ഞപ്പോൾ കാണാതായി.

അത് പൗലോസ് ചേട്ടാ ഈ മന്ത്രി ഗോവിന്ദൻ നന്പ്യാർ, മുരളി ചോദ്യം പകുതിയിൽ നിർത്തി.

അതേ അത് തന്നെ, ഭാര്യ യശോദാനന്പ്യാർ, ഗോവിന്ദൻ നല്ലവനായിരുന്നു ആളെ കൂടെ കൂട്ടി, പിന്നെ ഗോവിന്ദൻ നിന്നത് അങ്ങ് തിരുവന്തോരത്ത്. പൗലോസ് അർത്ഥ വച്ച് ചിരിച്ചു.

രണ്ടാമത്തവൾ പാർവ്വതി, ശാലീന സുന്ദരി, പഠിക്കാനും നൃത്തത്തിലും മിടുക്കി, നാട്ടിൽ നിർത്താതെ കൊച്ചിയിലെ പഠിപ്പിച്ചത്, യോഗദത്തൻ ഒരിക്കൽ കോളേജിൽ ചെന്നപ്പോൾ അറിഞ്ഞു പഠിത്തം, മാത്രമല്ല താമസവും അവിടുത്തെ അധ്യാപകന്റെ കൂടെയാണ് എന്ന്, പേര് ജോൺസൺ. ആരോടും ഒന്നും പറയാതെ തിരിച്ചു പൊന്നു.

മൂന്നാമത്തവൾ കൗസല്യ, കോലോത്തെ പറന്പ് വാങ്ങാ൯ വന്ന സലിം റാവുത്ത൪, അത്ത൪ പൂശിയ ഗൾഫ് കാരന്റെ കൂടെ, ഇപ്പോൾ ദുബായിലോ മറ്റോ ആണ്, അവൾ വിസ അയച്ചപ്പോൾ നാലാമത്തവളും പോയി. അഞ്ചും ആറും ആണ് ഇപ്പോൾ വന്നു പോയത്. തന്പുരാൻ ബോധമുള്ളപ്പോൾ പറയും അത് പന്തിരുകുല പെരുമ, ഞാനോ വായില്ല കുന്നിലപ്പൻ.

അപ്പോൾ തറവാടോ, മുരളി മാഷ് ചോദിച്ചു,

അതോ, പകുതി പൊളിഞ്ഞു വീണു, ബാക്കി സിനിമാക്കാർ വന്നു പടം പിടിക്കും, കിട്ടുന്നത് തന്പുരാൻ സാവിത്രിക്ക് കൊടുക്കും, ബാക്കി കടം പറയും. സ്വത്തുവകൾ കുറെ കുടിയടപ്പ് കൊണ്ടുപോയി, ബാക്കി കയ്യേറ്റക്കാരും. തന്പുരാൻ ഇങ്ങനെ രാജ്യം ഭരിച്ചും. മൈൽകുറ്റികളെയും നിത്യം സാവിത്രിയേയും പ്രണയിച്ചും റാക്ക് മോന്തിയും കഴിയുന്നു. ഒരു കാലത്ത് നേരെ നിൽക്കാൻ ഭയന്നു ഓടിയവർ ഭർസിച്ചും കാറിത്തുപ്പിയും സോഷ്യലിസം നടപ്പാക്കുന്നു.

മുരളി മാഷ് പുറത്തേക്ക് നോക്കി, ആ മൈൽ കുറ്റിയുടെ സമീപത്തേക്ക് ഒരു തെരുവ് നായ നടന്നു വരുന്നു, അവൻ തന്പുരാനെയും മൈൽ കുറ്റിയേയും ചുറ്റി മണപ്പിച്ചു, പിന്നെ ഒരു കാൽ ഉയർത്തി, തന്പുരാന്റെ മുഖവും മൈൽ കുറ്റിയേയും ലക്ഷ്യമാക്കി, പനിനീർ തളിച്ചു. അപ്പോൾ അയാൾ അവിടെ കിടന്ന് വിളിച്ചു പറഞ്ഞു, ഡീ സാവിത്രി, കുലടെ ഉറങ്ങുന്നവന്റെ മുഖത്ത് വെള്ളം തളിക്കാതെടി നിനക്കെന്തേ മതിയായില്ലേ. അങ്ങകലെ സാവിത്രി അപ്പോഴും കുലുങ്ങി ചിരിച്ചുകൊണ്ട്, റാക്ക് ഒഴിച്ചു കൊടുക്കുകയായിരുന്നു. അവളുടെ പകുതി അഴിഞ്ഞ മുടി മാടിയൊതുക്കി, നെറ്റിയിലെ കുങ്കുമത്തിൽ പടർന്ന വിയർപ്പിൽ അപ്പോഴും കൈതപ്പൂവിന്റെ ഗന്ധം ചാലിച്ചിരുന്നു.

(രഘുചന്ദ്ര൯ ആ൪ കേളക്കൊന്പിൽ)        

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ