തീവിഴുങ്ങിപക്ഷി
തീവിഴുങ്ങിപക്ഷി
എന്റെ പുലരികൾ തീതുപ്പുന്നുവോ?
എന്റെ പുലരിക്കഗ്നിതൻ ഗന്ധമോ?
എരിഞ്ഞുതീരുമെന്നാത്മാവാകാശത്ത്
എവിടെയോ നിന്നാർത്തലയ്ക്കുന്നുവോ?
വലിച്ചെറിയട്ടെ ഈ പ്രത്യശാസ്ത്രത്തെയും
വലിച്ചെറിയട്ടെ ഈ ഭുവിൻനരജന്മങ്ങളെ
വലവിരിച്ചെത്തുന്ന നരഭോജിക്കൂട്ടത്തെ
വഴിവെട്ടി വിളിക്കുംനിരക്ഷരപിശാചുക്കൾ
ഓർത്തെടുക്കയീ പോരാട്ട വഴിത്താര
ഓർമ്മകൾ വീഴ്ത്തുമീ നിണമണിതാഴ്വാരങ്ങൾ
ഒറ്റയ്ക്ക് വെട്ടിമുന്നേറിയ കുന്നിൻപുറങ്ങളും
ഓലയിൽ ശയിക്കും കുഞ്ഞിൻ കബന്ധവും
കാണുക പിന്നിലെ കബന്ധക്കൂട്ടങ്ങളും
കാണുക നിണമണിയും പാദസഞ്ചയവും
കണ്ണിൽ നിറയുന്ന കൂട്ടരും നിലവിളി
കരുത്തായ വാരിക്കുന്തം പേറുംകരിംകൈയും
ഇന്നിവിടെ കുരയ്ക്കുന്ന ചാവാലികൾ
ഇരയുടെ പിന്നിൽ പായും ചാവേറുകൾ
ഇവിടെ വേട്ടനായ്ക്കൾക്ക് കുടപിടിക്കും
ഇത്തിരി കാഴ്ചയ്ക്ക് വരിക കാഴ്ചക്കാരെ
പോരുക ഞാനൊരു ഒറ്റുകാരന്റെ രൂപം
പാരിലെപുണ്യംപെറുമഭ്യാസവേഷക്കാരൻ
പോരുക ഇതാണ് പോരാട്ടവഴിയെന്ന്
പാടുക പേർത്തുംഎൻചാരെ നിന്നിട്ടങ്ങ്
എന്റെ സായന്തനങ്ങളിൽ മഞ്ഞുറയട്ടെ
എന്റെ കുഞ്ഞുങ്ങൾക്ക് ചെഞ്ചോരവീഞ്ഞും
എന്റെ അധരങ്ങളിൽ ഉണങ്ങിയ മാംസവും
എല്ലാമെൻ കർത്തന്റെ അനുഗ്രഹമാകട്ടെന്ന്
വീണത് വിദ്യയാക്കുമനുചരവൃന്ദങ്ങളും
വിനയത്താൽ ഒപ്പീസിൻപദവൃന്ദാരവങ്ങളും
വിലയിക്കും നൃപകർണ്ണങ്ങൾബധിരമോ
വിധിക്കുവാനിജ്ജനം കാക്കുന്നു ദിവസങ്ങൾ
കാക്കുന്ന വിപ്ലവ ദേവന്റെ സഹഹസ്തം
കാക്കട്ടെ ഈ പാവംവിപ്ലവനക്ഷത്രത്തെ
കത്തിയെരിയട്ടെ ആ ചെഞ്ചോരചക്രവാളം
കുലയ്ക്കും ബ്രഹ്മാസ്ത്രമോ തീവിഴുങ്ങിക്കുസ്വന്തം.
Comments
Post a Comment