വിശ്വാസവും... പരമാനന്ദവും...പൊതുനിരത്തിലൂടെ കടന്നു വരുമ്പോൾ

വിശ്വാസവും... പരമാനന്ദവും...പൊതുനിരത്തിലൂടെ കടന്നു വരുമ്പോൾ

ഓഷോ പറഞ്ഞു, " പരാമാനന്ദത്തിലേക്കുള്ള യാത്രയാണ് ജീവിതം" അതും അതിരുകളില്ലാത്ത അവസാനിക്കാത്ത അത്യുന്നതമായ ആനന്ദം. അതിലേക്കുള്ള ഉത്കൃഷ്ടമായ മാർഗ്ഗം ഏതെന്ന സംശയത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഭക്തി…. എന്നാണ്, കെട്ടുപാടുകൾ ഇല്ലാത്ത ഭക്തി. പിന്നെയും ചോദ്യം ഉണ്ടായിരുന്നു.. എങ്ങനെ ഈ പറഞ്ഞ ഭക്തിയിൽ എത്താം. അതിനും മറുപടി അദ്ദേഹം എഴുതി.. സർവതന്ത്ര സ്വതന്ത്രമായ, ചിട്ടപ്പെടുത്തിയ സംഗീതത്തിൽക്കൂടി ഭക്തിയെയും അതിന്റെ അവസാനത്തിൽ അതിരുകളില്ലാത്ത ആനന്ദത്തെയും അനുഭവിക്കാം, അത് നിരന്തരം അനുഭവിച്ചാൽ ജീവിതത്തിൽ അനുപമായ ആനന്ദം അഭംഗുരം നിറക്കാം.. ഇത്രയും വായിച്ചപ്പോൾ നിങ്ങളിൽ ഭൂരിപക്ഷത്തിനും എന്ത് മനസിലായി.. ഒന്നും മനസിലായില്ല എന്ന് എനിക്ക് തോന്നുന്നു... ശരിയാണ് ഒന്നും മനസിലാവില്ല...ആകണം എങ്കിൽ ആരാണ് ഈ ഓഷോ എന്ന് അറിയണം... എന്തായിരുന്നു അദ്ദേഹത്തിന്റെ ജീവിത സന്ദേശവും. ഓഷോയെ അറിയുന്നവർക്ക് ഇതിന്റെ അർത്ഥം നന്നായി അറിയാം... അതാണ് ഭൂരിപക്ഷം എന്ന് ഞാൻ പറഞ്ഞത്.. ജനാധിപത്യത്തിൽ ഭൂരിപക്ഷം അതിന് വളരെ സാധുതയും ഉണ്ട്.

മഹർഷി രജനീഷ്.. എന്നോ ആചാര്യ രജനീഷ് എന്നോ പറഞ്ഞാൽ പെട്ടന്ന് ആളെ ആർക്കും മനസിലായില്ല എന്ന് വന്നേക്കാം... എന്നാൽ ഓഷോ എന്ന പദം ഭാരതത്തിലെ നവ തലമുറയും ലോകം തന്നെയും ആഘോഷിക്കുന്ന ഒരു നാമമാണ്.. എന്നാൽ ഓഷോ എന്നതിന് ആ പദത്തെ സ്വയം വരിച്ച ഭൗതിക ആത്മാവ് നൽകിയ അർത്ഥം ഒരു പക്ഷേ ഇവർക്ക് അജ്ഞാതവും ആയേക്കാം. സാധാരണ രജനീഷിൽ നിന്ന് ഓഷോ എന്ന പദത്തിലേക്കുള്ള ആ വ്യക്തിത്വത്തിന്റെ പ്രയാണ ചരിത്രവും. എന്നാൽ ഒന്നുമുണ്ട്... ഓഷോ എന്ന നാമം വർത്തമാനകാല ആത്മീയതയിലും.. ബൗദ്ധിക ചിന്തയിലും ആധ്യാത്മിക ചിന്തകളുടെ ഇടനാഴികളിലും വല്ലാതെ ചർച്ച ചെയ്യപ്പെടുന്നതും... ലോകസാഹിത്യത്തിലെ സഞ്ചാര, വിജ്ഞാനതലങ്ങളിൽ എങ്കിലും വിലപിടിപ്പുള്ള, കാന്തിക ആകർഷണമുള്ള പദവും ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.. അത് ദീർഘവീക്ഷണം കൊണ്ട് സാധിച്ചതാണ് എന്നെ പറയാൻ കഴിയൂ.

ആരാണ് ആചാര്യ രജനീഷ്.. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരരാർത്ഥത്തിൽ തന്റെ നടുവേദനയുടെ ചികിത്സക്കായി നവതലമുറയുടെ പറുദീസയായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറുമ്പോൾ അദ്ധ്യാത്മതയുടെ ലോകത്തും അല്ലാതെയും അത്യവശ്യം സു.. കു.. പ്രസിദ്ധികൾ സ്വന്തം പേരിൽ കുറിച്ചിട്ടിരുന്ന ഭാരത കാവിധാരി.. അമേരിക്കയിൽ എത്തി സ്വന്തം ചികിത്സയും ഒപ്പം തന്റെ ശിഷ്യർക്കും അനുയായികൾക്കും അധ്യാത്മകതയുടെ പാഠങ്ങൾ അവരുടെ ആത്മീയ വഴികളിൽ പരമാനന്ദത്തിനായി പറഞ്ഞു നൽകി ഓറിയോൺ എന്ന അമേരിക്കൻ സംസ്ഥാനത്തിൽ, അന്നത്തെക്കാലത്ത് ഒന്നിന് ഒരുകോടി ഇന്ത്യൻ രൂപക്ക് തുല്യമായ വിലയുള്ള തൊണ്ണൂറ്റെട്ടു റോൾസ്‌റോയിസ് ആഡംബര കാറുകളും ഒരു വില്ലേജിന്റെ വലിപ്പവും ഉള്ള ആശ്രമമാകുന്ന സാമ്രാജ്യവും സമ്പാദിച്ചപ്പോൾ.... ഒരു വിഭാഗം വരുന്ന ഭാരത മാധ്യമ ഭീമൻമാർ അസൂയ ഉള്ളിൽ ഒതുക്കി ആണെങ്കിലും വിളിച്ചു പറഞ്ഞു ആത്മീയ വ്യാപാരി എന്ന്.. എന്നാൽ യഥാർത്ഥ ആറ്റംബോംബ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

അതെ നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ മാ ഷീല എന്ന് അദ്ദേഹവും ആദ്ദേഹത്തിന്റെ അനുയായികളും ബഹുമാനത്തോടെ വിളിച്ചിരുന്ന ആ സാമ്രജ്യത്തിലെ രണ്ടാം സ്ഥാനക്കാരി ജർമ്മൻ യുവതി... അല്ലെങ്കിൽ തലവനായ അദ്ദേഹം കഴിഞ്ഞാൽ അവിടുത്തെ പരമാധികാരി.. അവിടെ നിന്ന് പുറത്ത് കടന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഭാരതം ഞെട്ടി ഇല്ലങ്കിലും ലോകം ശരിക്ക് ഞെട്ടി... നമ്മുടെ ആത്മീയത വെറും കെട്ടിപ്പിടിക്കലും... എന്റെ സഹോദരി സഹോദരന്മാരെ... എന്നുള്ള വിളി മാത്രമാണ് എന്ന് ധരിച്ചു വശായി ആ അഗ്നി നാളങ്ങളിലേക്ക് പറന്നിറങ്ങിയ വെളുത്ത ഈയാംപാറ്റകൾ ഞെട്ടി തരിച്ചു ചിറക് കരിഞ്ഞു നിസ്സഹായരായി നിൽക്കുന്ന കുത്തഴിഞ്ഞ കാഴ്ച... അവർ കരഞ്ഞു പറഞ്ഞ കഥകളും അത്ര ഭീകരം തന്നെ ആയിരുന്നു. അന്ന് സി ഐ എ.. എന്നും കുതന്ത്രം എന്നും ഗുഡാലോചന എന്നും ഉള്ള ക്ളീഷേകളിൽ അഭയം പ്രാപിച്ച... ഈ ആത്മീയ ഭീകരൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിസ്സയയാവസ്ഥയിൽ എത്തി നിന്നപ്പോൾ... സഹായിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ പാടിപ്പുകഴ്ത്തിയ ആത്മീയ ചികിത്സ ഏറ്റുവാങ്ങിയ ലോകത്ത് പലയിടത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച ഒരു വിലയേറിയ ശിഷ്യഗണങ്ങളും ഉണ്ടായിരുന്നില്ല എന്ന് സത്യം ഇന്നത്തെ ചരിത്രം.

പീഡനത്തിനും കൊലപാതകത്തിനും മരണശിക്ഷ എന്നത് ആ നാട് എന്നെ നിരോധിച്ചതാകയാലും മുകളിൽ പറഞ്ഞത് ഒരു പക്ഷേ ശരിയോ തെറ്റോ ആകാം എന്നതാകയാലോ സ്വത്തും അനുയായികളെയും ആ നാട് കണ്ടുകെട്ടി ആ ആത്മീയ രാജാവിനെ അവിടെ നിന്നും നാടുകടത്തി... പാശ്ചാത്യ പൗരസ്ത്യ ലോകം എല്ലാം തിരസ്കരിച്ചപ്പോൾ സ്വാമി ആചാര്യൻ.. തന്റെ മാതൃരാജ്യത്തിലേക്ക് മടങ്ങി... അന്ന് ഇതേ മാധ്യമ സിംഹങ്ങൾ എഴുതിയത് ഇപ്പോഴും ഓർമ്മിക്കുന്നു... നടുവേദനയ്ക്ക് ചികിൽസിക്കാൻ പതിറ്റാണ്ടുകൾ മുൻപ് അമേരിക്കക്ക് പോയ ജഗത്ഗുരു.. എല്ലാം ഉപേക്ഷിച്ച്.. ആ നടുവേദന മാത്രം സ്വന്തമായി തന്റെ രാജ്യത്തേക്ക് മടങ്ങി വരുന്നു. ഇവിടെ ചേർത്തു വായിക്കേണ്ടത് കാലം ബാക്കി വച്ച അതിന്റെ മാത്രം നിയമമാണ്... പിന്നെ പുതിയ നാമധാരണം... തന്റെ ധീക്ഷണാശാലിത്വത്തിന്റെ പ്രകടനം.. തത്വചിന്ത എല്ലാം വിളമ്പി പുണെയിൽ ശിഷ്ടകാലം. ഇതിനിടയിൽ പരമാനന്ദം അനുഭവിക്കാൻ ശിഷ്യർക്ക് സന്ധ്യാവന്ദനവും പ്രാർത്ഥനയും തന്റെ ആശ്രമത്തിൽ ഒരുക്കാനും ഗുരു മറന്നില്ല.

എന്താണ് സന്ധ്യാവന്ദനം... പിന്നെയുള്ള പരമായ പ്രാർത്ഥന.... സന്ധ്യയാകുമ്പോൾ സർവതന്ത്ര സ്വതന്ത്രമായി എല്ലാരും ഹാജരാകണം... പിന്നെ മനസ്സിനെയും ശരീരത്തെയും ഏകാഗ്രമായക്കാൻ ഉതകുന്ന സംഗീതത്തിന്റയും താളലയങ്ങളുടെയും ഗംഭീരസദ്യയാണ്‌... ഭക്തനും ഭഗവാനും ഒരുമനസ്സായി മാറുന്ന അത്ഭുത അന്തരീക്ഷം... അവിടെ എല്ലാം മറന്ന്... അച്ഛനും സഹോദരനും ഭർത്താവും മകനും എന്നുള്ളതെല്ലാം അഴിച്ചു വച്ചു പുരുഷനും അതുപോലെ സമൂഹവും പ്രകൃതിയും നൽകിയ എല്ലാ തിരിച്ചറിവുകളും അഴിച്ചു വച്ച് സ്ത്രീയും സ്വാതന്ത്രരാകണം... അല്ല ആ അതീന്ദ്രിയ അന്തരീക്ഷം നിങ്ങളെ അതിലേക്ക് എത്തിച്ചോളും. പിന്നെ അഭൗമമായ അത്ഭുതമായ നടന്നതിന്റെ ഔന്നിത്യങ്ങളിലേക്ക് നിങ്ങളുടെ ശരീരവും ആത്മാവും സ്വയം എടുത്തെറിഞ്ഞു എല്ലാഭാരവും അലിഞ്ഞില്ലാതാവുന്നു. അവിടെ പുരുഷനും സ്ത്രിയും നേടാനുള്ള ആന്ദവും മാത്രം.. ആ അവസ്ഥയിൽ മുന്നിൽ കാണുന്ന, ഇഷ്ട്ടപ്പെടുന്ന വസ്തു ആണ് നിന്റെ ഭഗവാൻ... അതിലേക്ക് അലിഞ്ഞു ചേരുമ്പോൾ നീ പരമാനന്ദത്തെ സ്വയം അനുഭവിക്കുന്നു... ഇതെല്ലാം വായനയുടെ ഞാൻ അനുഭവിച്ച അറിവാണ്.. ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ല... എന്നാലും ഇത് ശരിയാവാനേ തരമുള്ളു.. കാരണം… പിന്നാലെ പറയാം...

ഇതിന്റെ കൂടെ ഒന്നുകൂടി ചേർത്ത് പറയണം അത് ഇങ്ങ് കേരളത്തിലെ സംഭവം ആണ്.. മുന്നാറിലെ മാട്ടുപ്പെട്ടി എന്ന സ്ഥലത്ത് ഇൻഡോസ്വിസ്സ്‌ പ്രോജെക്ടിൽ. കൊച്ചിയിലെ പഠനകാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും അവിടം സന്ദർശിച്ചു.. രാവിലത്തെ തണുപ്പിൽ ചുറ്റി നടന്നപ്പോൾ ഒരു തൂണിൽ ബന്ധിച്ച പടുകൂറ്റൻ സ്വിസ് ജനിതക പ്രത്യേകത നിറഞ്ഞ കാളകൂറ്റൻ. അവനാണ് അവിടുത്തെ വിത്തുകാളകളിൽ പ്രമുഖൻ.. അവിടുത്തെ ഗൈഡ് അവന്റെ വിത്ത് എടുക്കുന്ന മാർഗ്ഗം വിവരിച്ചു തന്നു... അതും മുകളിൽ വിവരിച്ച പ്രാർത്ഥന ചിട്ടയും വായിച്ചപ്പോൾ ഒരുപോലെ ആണ് പിൽക്കാലത്ത് തോന്നിയത്... നന്നായി വിയർത്ത് ചൂടായി നിൽക്കുന്ന സസ്തനികളിൽ വീര്യം കൂടിയ വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും എന്ന് അവർ കണ്ടെത്തിയിരുന്നു... എന്ന് പ്രത്യേകം പറയേണ്ടല്ലോ?

ഒരിക്കൽ ഞാൻ എന്റെ ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കയാണ്... അത് ഒരു കോപ്പറേറ്റ് ഓഫീസ് ആയതിനാൽ പ്രത്യേകം മുറികൾ ഇല്ല.. കൂടാതെ അവിടെ പുരുഷന്മാർ മാത്രമേ ജോലി ചെയ്യുന്നുള്ളു.. അത് ഞങ്ങളുടെ ജോലിയുടെ പ്രത്യേകതയും അവസ്ഥയുമാണ്... അന്ന് ഞങ്ങളുടെ ബോസ് അവധിയിലും... ബാക്കി ഉള്ള സുഹൃത്തുക്കൾ വലിയ ഫിലോസഫിക്കൽ ചർച്ചയിൽ മുഴുകി വാദപ്രതിവാദത്തിലും. അതിൽ ഒരാൾ അൻപത് വയസ്സ് പിന്നിട്ട... മിലിട്ടറി റിട്ടയറായ തമിഴനും... അദ്ദേഹത്തിന് ഇംഗ്ലീഷിൽ അപാരമായ ജ്ഞാനം ആണ്... ഒപ്പം ഓഷോയുടെ കറകളഞ്ഞ ഭക്തനും.. ശാക്തേയ വിശ്വാസത്തിൽ അധിഷ്ഠിതത പരമ്പര്യം പിന്തുടരുന്ന അയ്യർ കുടുംബത്തിൽ പിറന്നവനും. ചർച്ച മുറുകിയപ്പോൾ അദ്ദേഹം തന്റെ അറിവിന്റെ അഗാധത വച്ച് വിളമ്പി.. ഞാൻ ചർച്ചയിൽ പങ്കെടുക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണെങ്കിലും കാത് അവരുടെ ചർച്ചയിലായിരുന്നു.

പെട്ടന്നാണ് അദ്ദേഹം ഓഷോയുടെ വാക്കുകൾ വിളിച്ചു പറയുന്നതും അതിന്റെ ഫിലോസഫിയും സാംഗത്യവും ഉൽകൃഷ്ട്ടതയും ഉറക്കെ പറയുന്നതും. ആ മുറി…. ആദ്ദേഹം ഒഴികെ എല്ലാം നിശ്ശബ്ദം... തന്റെ വാക്ക് ചാതുര്യം കൊണ്ട് അമ്മാനമാടി അദ്ദേഹം കത്തിക്കയറി... അവസാനം ലോകത്തിന്റെ അധിപൻ ഓഷോയും... നിയമസംഹിത അദ്ദേഹത്തിന്റെ ചിന്തകളും എന്ന് പറഞ്ഞുവച്ചുകളഞ്ഞു പഹയൻ. എന്നിലെ കലാപകാരി സടകുടഞ്ഞു ഉണർന്നത്... ഞാൻപോലും അറിഞ്ഞില്ല.. ചുറ്റും നോക്കിയപ്പോൾ സുഹൃത്തുക്കൾ എല്ലാം മറന്ന് വാപൊളിച്ചു പ്രഭാഷണത്തിലും അതിന്റെ ഉത്ഭവസ്ഥാനത്തും ലയിച്ച് ഇരിക്കയാണ്... പിന്നെ ഒന്നും ആലോചിച്ചില്ല വച്ചങ്ങു കാച്ചി...

മാഷേ... നിങ്ങൾ പറഞ്ഞെതെല്ലാം ഞാൻ സമ്മതിച്ചു.. എങ്കിൽ നിങ്ങൾ അടുത്ത പ്രാവിശ്യം നാട്ടിൽ പോകുമ്പോൾ ആ പുണെയിലെ ആശ്രമത്തിൽ ഒന്ന് പോകണം... അത്രയും പറഞ്ഞപ്പോൾ അദ്ദേഹം ആവേശത്തോടെ ഇടക്കുകയറി... തീർച്ചയായും... താങ്കൾ ഇതൊക്കെ പഠിച്ചിട്ടുണ്ടോ?...

ഞാൻ പറഞ്ഞു.. പിന്നെ... മാഷേ.. പോകുമ്പോൾ ഒറ്റക്ക് പോകരുത്.. കൂടെ ഭാര്യയെയും പള്സ് ടു ന് പഠിക്കുന്ന മകളെയും പത്താം ക്‌ളാസ്സിൽ പഠിക്കുന്ന മകനെയും കൂട്ടണം.. ഒത്താൽ ആ സന്ധ്യാവന്ദനം കൂടി അനുഷ്ഠിച്ചാൽ... ഓ.. അതിലും വലിയ പുണ്യം ഇനി പത്ത് ജന്മത്തിൽ കൂടി ലഭിക്കില്ല... പിന്നെ നടന്നത്... ???

അദ്ദേഹം… തമിഴിലെ കുറേ തെറിയും... ഇരുന്ന കസേര വലിച്ചെറിഞ്ഞു പുറത്തേക്ക് കൊടുംകാറ്റ് പോലെ ഒരു പലായനവും... പിന്നെ ഇന്ന് വരെ അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല... പുള്ളിയെകാണുമ്പോൾ എന്റെ ചുണ്ടിൽ വിരിയുന്ന മന്ദഹാസം ആണോ കാരണം അറിയില്ല... ഇന്നും ആ പ്രേക്ഷകർ... അതിന്റെ കാരണം ചോദിച്ചിട്ടുണ്ട്... മറുപടി പുഞ്ചിരിയിൽ ഒതുക്കി... ഞാൻ സമാധാനിപ്പിക്കും...

ഇത് ഒക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകാം.. അത് ഇനി പറയാം... അടുത്തകാലത്ത് ചില കാഴ്ചകൾ.... ഭക്തിയുടെ അപാരതയിൽ ആചാരത്തിന്റെ സംരക്ഷണത്തിനായി കാണുകയുണ്ടായി... ആദ്യം അത് എന്നെ നയിച്ചത് വായനയിലൂടെയും കാഴ്ചയിലൂടെയും ചിലരുടെ അനുഭവത്തിലൂടെയും എന്നിലേക്ക് എത്തിയ 1957- ലെ കേരളത്തിലെ അറിവുകൾ ആണ്... ജനമുന്നേറ്റത്തിലൂടെ, ജനകീയതയിലൂടെ കേരളത്തിൽ രൂപം കൊണ്ടതും ലോകത്തിന് നൽകിയതുമായ സന്ദേശം എങ്ങനെ... അതെ ജനകീയതയുടെ പരിച പേറി.. നിഗുഢ തന്ത്രത്തിലൂടെയും അജണ്ടയിലൂടെയും തകർത്തു എന്ന് ചരിത്രം കോറിയിട്ട ആ സംഭവങ്ങൾ... അതിന്റെ അടിസ്ഥാനവും... മുന്നേറ്റവും വൃത്തികെട്ട ബന്ധങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളും ഊന്നിയതും പടർന്നു പന്തലിച്ചതും ഇതേ അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു... അത് കൊണ്ട് എത്തിച്ചത് എവിടെ എന്ന് തെളിയിക്കാനും മനസിലാക്കാനും പതിറ്റാണ്ടുകൾ തന്നെ വേണ്ടി വന്നു മലയാളിക്ക്... ഫലമോ? ഇന്ന് കേരളത്തിന്റെ സർക്കാർ ചലിക്കണം എങ്കിൽ കള്ളും പെട്രോളും വിൽക്കുന്ന നികുതിപ്പണം മാത്രമായി എന്ന അവസ്ഥയും തിരിച്ചറിയണം.

ഇപ്പോൾ ആണ് നമ്മൾ സർ സിപ്പി... എന്ന മുൻധാരണകൾ ഉള്ള ഉദ്യാഗസ്ഥ ദുഷ്പ്രഭുവിനെ അയാളുടെ സ്വപ്നങ്ങളെ തിരിച്ചറിയേണ്ടതും വിളിച്ചു പറയേണ്ടതും.... അമേരിക്കൻ മോഡൽ എന്ന് വിളിച്ചു പറഞ്ഞ ആ മനുഷ്യന് നൽകിയ സ്വീകരണവും ചരിത്രം തന്നെ... സ്വാത്രന്ത്ര ഭാരതത്തിന്റെ വാർഷിക ബഡ്ജറ്റിന്റെ മുന്നിൽ രണ്ട് ഭാഗത്തോളം മൂല്യം വരുന്ന പണം എല്ലാ വർഷവും മലയാളി നാട്ടിലേക്ക് അയക്കുന്നുണ്ട്... അതിൽ ഭൂരിഭാഗവും നിവസിക്കുന്നതോ പ്രളയജലം തന്റെ കരാളഹസ്തം കൊണ്ട് പുണർന്ന കേരളത്തിന്റെ മധ്യഭാഗങ്ങളിലും... അതിന്റെ പുനർനിർമ്മാണത്തിന് കൈ നീട്ടിയ നമ്മുടെ അവസ്ഥ പറയാതെ പറഞ്ഞു വയ്ക്കുന്നത് എന്ത്? ചിന്തിക്കണം? ആ കണ്ണീർ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നും.. അതിന് പറഞ്ഞ ന്യായങ്ങളും ന്യായീകരണങ്ങളും ചെന്നെത്തിയത് ബധിരകർണ്ണങ്ങളിൽ ആയിരുന്നോ? ഇന്ത്യ മഹാരാജ്യത്ത് മംഗോളിയക്കും കമ്പോഡിയക്കും റുവാണ്ടക്കും നേപ്പാളിനും ഉള്ള വില മലയാളിക്കില്ലേ എന്ന് സംശയം ഈ പ്രളയത്തിൽ പെട്ട മനുഷ്യരോ അവരുടെ അക്ഷരം അറിയുന്ന കുഞ്ഞുങ്ങളോ പരസ്യമായി ചോദിച്ചു പോയാൽ അത് തെറ്റ് എന്ന് പറയാമോ?

അവിടെ തമ്മിൽ ഭേദം തൊമ്മൻ എന്ന് ചിന്തിച്ച കേരള ജനതയോട്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ പെരുമാറുന്നതും, ആചാരസംരക്ഷണത്തിനും വിശ്വാസ പാരമ്പര്യത്തിനും അതിന്റെ നിലനിൽപ്പിനും വേണ്ടി തൊണ്ടപൊട്ടി നിലവിളിച്ചു നിരത്തിലും നവമാധ്യമങ്ങളിലും പദയാത്ര നടത്തുന്ന ആയമ്മമാരോട് രണ്ട് വാക്ക്... നിങ്ങൾ പറയുന്ന ആചാരം അതിന്റെ സംരക്ഷണം... തീർച്ചയായും ഞാൻ ആ പക്ഷത്ത് തന്നെ... എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്ന് പറഞ്ഞ പിൻതലമുറയെ ഓർത്ത് പറയട്ടെ... നിന്റെ... എന്റെയും വിശ്വാസം രക്ഷിക്കണം എങ്കിൽ അത് ഗാന്ധിജി പറഞ്ഞപോലെ സ്വന്തം ഭവനത്തിൽ നിന്നും തറവാട്ടിൽ നിന്നും ഗ്രാമത്തിൽ നിന്നും ആണ് തുടങ്ങേണ്ടത്... ഇതിൽ എത്രപേർ സ്വന്തം ഭവനത്തിൽ അന്തിത്തിരി കത്തിക്കുന്നുണ്ട്... അതിന് വീട്ടിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു... അതിനായി ദൈവനാമം ഒരു നിർബന്ധമായി ആലപിക്കുന്നു... ഉണ്ടാവില്ല.. കാരണം സീരിയൽ കാണാൻ കഴിയില്ലല്ലോ? അഥവാ അങ്ങനെ ചെയ്താൽ... സ്വപാരമ്പര്യം പഠിപ്പിച്ചു വളർത്തിയാൽ അത് മതി ഈ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കാൻ. എത്രപേരുടെ മുറ്റത്ത് തുളസിയോ തുളസിത്തറയോ ഉണ്ടാകും... എവിടെ ഞങ്ങൾ ഫ്ളാറ്റിൽ അല്ലെ താമസം എന്ന് പറയാം ല്ലേ?... ഞാൻ ഇത്തരുണത്തിൽ ടാഗോറിനെ ഓർത്തോട്ടെ... നിറഞ്ഞു കത്തുന്ന വിളക്കിൽ നിന്നെ തിരികൊളുത്താൻ കഴിയൂ... അത് കരിന്തിരി എരിഞ്ഞാൽ അത് വിളക്ക് ആവില്ല.

എനിക്ക് തോന്നുന്നത് ഇതിന്റെ സാംഗത്യം ഒന്ന് മാത്രം... മലയാളിയുടെ പഴയ ക്ളീഷേ ആയ അമ്മായിഅമ്മ.. മരുമകൾ... നാത്തൂൻ... ത്രയങ്ങളുടെ അഭിനവ ആവിഷ്കരണം... ഒന്നുമല്ല.. ഞാൻ അനുഭവിക്കാത്തത് ഒന്നും നീ അനുഭവിക്കേണ്ട... മാത്രവും മോ? നീ ഭർത്താവിന്റെ കൂടെ അങ്ങനെ ചുറ്റേണ്ട?... അല്ല ലിംഗ സമത്വവും... വർണ്ണസമത്വവും അവർക്ക് വേണ്ടങ്കിൽ വേണ്ട... നിങ്ങൾ പോകുകയും വേണ്ട... അഥവാ കോടതിയുടെ വാക്ക് കേട്ട് വടക്കേ ഇന്ത്യൻ ഗോസായി ആയമ്മ എങ്ങാനം വന്ന് കേറി ശരംകുത്തിയിൽ വിവിധയിനം ശരംകുത്തി പടമായാൽ... ഈ കാറിവിളിക്കുന്ന പുമാന്മാർ തന്നെ പറയും സർക്കാരും പോലീസും നിഷ്ക്രിയം... എല്ലാരും രാജിവയ്ക്കണം എന്ന്... പിന്നെ അതുംകൂടി കാണേണ്ടിവരുമോ? ചാനൽ ചർച്ചകളിൽ.

പോട്ടെ നമ്മുടെ നാട്ടിൽ എത്ര കാവുകൾ... ചെറിയ വെച്ചാശ്രയങ്ങൾ... ഗ്രാമക്ഷേത്രങ്ങൾ... നിങ്ങൾ മാസത്തിൽ ഒരിക്കൽ അവിടെ പോകാറുണ്ടോ? അൽപ്പം എണ്ണയുമായോ പൂവുമായോ? ഇല്ല... അല്ലെങ്കിൽ സമയം ഇല്ല എന്നാണ് മറുപടി... എങ്കിൽ കഷ്ട്ടം... മുറ്റത്തെ ആചാരം മറന്ന്, രീതി മറന്ന് നിങ്ങൾ എന്താണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്... വെറും ദുരയെയും കൊള്ളക്കാരെയും.... നിങ്ങളെ ആട്ടിത്തെളിക്കാൻ ശ്രമിക്കുന്നത്... ഇടയന്മാർ അല്ല... വെറും കാപാലികർ... അവരുടെ ലക്‌ഷ്യം ഒരിക്കലും സംരക്ഷണം അല്ല.. നിങ്ങളുടെ മണ്ണും മാംസവും... അതിന്റെ കച്ചവടവും മാത്രം... അതിൽ നിന്നുള്ള ലാഭവും... അത് എത്തിച്ചുകൊടുക്കാനുള്ള ആച്ചാരം വാങ്ങി വരുന്ന നീണ്ട താടിയും സുന്ദരമുഖവും ആകർഷണ സംസാരവും മുഖമുദ്രയാക്കിയ കങ്കാളികളെയും കുട്ടിക്കൊടുപ്പുകാരെയും തിരിച്ചറിഞ്ഞില്ലങ്കിൽ.. കേരളം ഇനിയും പറ്റിക്കപ്പെടും... അപ്പോൾ തിരിഞ്ഞു നിന്ന് മന്ദഹസിക്കുന്ന മുഖങ്ങൾക്ക് നല്ല രാജ്യസ്നേഹികളായ ഭരണകർത്താക്കളുടെ ഛായ ഉണ്ടെങ്കിൽ... നിങ്ങൾ തിരിച്ചറിയും.. എന്നാൽ കാലം കടന്നു പോയിരിക്കും തീർച്ച.

ഇനി ഓഷോയിലേക്ക് തിരിച്ചു വരാം... ഓഷോ ഇവിടെ തന്നെ തന്റെ അന്ത്യനാളുകൾ കഴിച്ചു കൂട്ടി.. ഈ മണ്ണിൽ തന്നെ ഇഴുകി ചേർന്നു... ആരും അദ്ദേഹത്തെ പുറത്താക്കിയില്ല... അദ്ദേഹത്തിന് എതിരെ ഗുഡാലോചന നടത്തി ഇല്ല... രാജ്യത്ത് നിന്ന് തന്നെ നാടുകടത്തിയില്ല... കാരണം ഇത് ഭാരതമാണ്... ആർഷഭാരതം... എല്ലാ ചിന്തകളെയും സഹിഷ്ണുതയുടെയും സമാധാനത്തോടെയും കണ്ട്... അതിന്റെ മുകളിൽ കൂലംകഷമായ ചർച്ചകളിലൂടെ കടന്നുപോയി അവസാനം ചായ കുടിച്ചു പിരിഞ്ഞു പോകുന്ന ദൈവദത്തൻമാരുടെ നാട്... അവിടെ വിശ്വാസിയും അവിശ്വാസിയും തത്വമസി ചൊല്ലുന്നു... അതിന് മാറ്റം വരുത്താൻ ശ്രമിക്കുന്ന കറുപ്പിന്റെ ശക്തികൾ ആ ശ്രമം തുടർന്ന് കൊണ്ടേ ഇരിക്കും... ഇവിടെ വിശ്വാസിക്കോ അവിശ്വാസിക്കോ ആരുടെയും സംരക്ഷണം വേണ്ട... നവ അറിവുകളും കാലഗണനയും വച്ച് നാല്പതിയനായിരം വർഷം തുടർച്ചയമാറ്റങ്ങൾ ഉൾക്കൊണ്ട് പ്രപഞ്ചത്തെ തന്നെ ഗർഭത്തിൽ ഒളിപ്പിച്ച ഈ സംസ്കാരം സംരക്ഷിക്കാൻ വാളും ചുരികയും ഉറുമിയും വടിയുമായി ആരെയും ആരും പ്രതീക്ഷിക്കുന്നില്ല... അതിന്റെ ആവിശ്യവും ഇല്ല... കാരണം ഇത് നിലനിൽക്കുന്നത് ഉപരിപ്ലവമായി അല്ല... ആത്മാവിൽ പൊക്കിൾ കൊടിയിലൂടെ പകർന്നു അങ്ങ് ദാശിവേരിന്റെ തുമ്പ് വരെയാണ്... അപ്പോൾ എല്ലാം ശരിയല്ലേ... ഒരിക്കലുടെ നമുക്ക് പോകാം.. ഭാരത ദർശനം പറയുന്ന ആ പരമാനന്ദത്തിലേക്ക്... അല്ലേ???

രഘുചന്ദ്രൻ... ആർ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ