കോയാനിയുടെ ചായമക്കാനി..

കോയാനിയുടെ ചായമക്കാനി....

രാവിലെ നാണ്വാര് പതിവ് പോലെ വാക്കിങ് സ്റ്റിക്കും തോളിലെ രണ്ടാംമുണ്ടും എടുത്തിറങ്ങി... ഈ പതിവ് തുടങ്ങിയിട്ട് കാലങ്ങളായി... അന്ന് തലയിൽ നിറയെ മുടി ഉണ്ടായിരുന്നു... മൂക്കിന് മുകളിൽ കട്ടി കണ്ണട ഇല്ലായിരുന്നു.. കയ്യിൽ ആ വടിയും... ചോരത്തിളപ്പിൽ കോൺഗ്രസ് ആകുന്നതിനും മുൻപ് നാണ്വാര് ആ നടത്തം തുടങ്ങിയിരുന്നു.. നേരം പരപരാ എന്ന് വെളുക്കുന്നതിനും മുൻപ്.

ലക്‌ഷ്യം രണ്ടാണ്... സുബഹി വിളി കഴിഞ്ഞുടനെ ഇറങ്ങുന്ന ആ ഇറക്കം പിന്നെ കട്ടി ഖാദറിൽ പശമുക്കിയ വടിപോലെ നിൽക്കുന്ന ഷർട്ടിൽ പൊതിഞ്ഞായി... അതിനും രണ്ടുണ്ട് കാര്യം... പുലരിയിലെ തണുപ്പും കൊള്ളില്ല... അത്യാവശ്യം കോൺഗ്രസ് ആണ് എന്ന് നാട്ടാർ അറിഞ്ഞോളും... ഇളംപച്ച ഉടുപ്പായതിനാൽ അൽപ്പം വെളിച്ചം വീണാലും പെട്ടന്ന് ചെറിയ കുറ്റികാടിന്റെ മധ്യത്തിൽ ഇരുന്നാൽ നാട്ടാർ കാണുകയും ഇല്ല.

കുറ്റിക്കാട്ടിലെ പ്രകൃതി രമണീയതയിൽ കൊതുകിന്റെ മൂളിപ്പാട്ടും കേട്ട്... പുലർകാലത്തിന്റെ കുളിരും അനുഭവിച്ചു നല്ല ആവിപറക്കുന്ന ചൂടിറക്കുന്നതിന്റെ സുഖം ഇന്നത്തെ പച്ചപരിഷ്കാരികൾക്ക് പറഞ്ഞാൽ എങ്ങനെ അറിയാൻ... അത് അനുഭവിച്ചു തന്നെ അറിയണം.. മൂക്കിൽ ഇളകിയ കണ്ണട വലംകൈയ്യാൽ ഉറപ്പിച്ചു നാണ്വാര് മനസ്സിൽ പറഞ്ഞു... പിന്നെ തൊട്ടടുത്തെ മുട്ടെ തോടിൽ ഇറങ്ങി.. ഇളംചൂടുള്ള ഒഴുക്ക് വെള്ളത്തിൽ ഒരു ശുദ്ധീകരണം.. പിന്നെ നേരെ കോയാനിയുടെ ചായമക്കാനിയിലേക്ക്.... അതാണ് രണ്ടാമത്തെ ലക്‌ഷ്യം...

ഇന്ന് ഇതെല്ലാം പഴയ ഓർമ്മകൾ മാത്രം ആയെങ്കിലും നാണ്വാര്... തന്റെ പതിവ് മുടക്കാറില്ല... ആ നടത്തം... കുറ്റിക്കാടുകൾ നിറഞ്ഞ പാതവക്കും തൊട്ടടുത്തെ വലിയ പാടശേഖരവും.. ആകെ മാറിപ്പോയിരിക്കുന്നു... അത് നികന്നു ചുറ്റുമതിലുകൾക്കുള്ളിൽ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ... തോടിന്റ്റെ രണ്ട് വശത്തും പാറകെട്ടി തിരിച്ചിരിക്കുന്നതിനാൽ അവിടെ ഇറങ്ങുന്നതും അസാധ്യം.. പോരാത്തതിന് തോട്ടിലേക്ക് വെള്ളം ഒഴുകിയിരുന്ന കുളങ്ങളും വയലേലകളും നികന്നതിനാൽ  തോട് വറ്റി വരണ്ടിരിക്കുന്നു...

കോയാനിയുടെ ചായമക്കാനിയോ... അവന്റെ ഉമ്മയുടെ ആകെ വരുമാനമാർഗ്ഗം ആയിരുന്നു..  കോയാനി ഉൾപ്പടെ പത്തോളം മക്കളെ പോറ്റിയ... അന്നദാതാവ്... അവിടെയും വലിയ ഫ്ളാറ്റ് കെട്ടിയുയർന്നു, അതിന്റെ ഉത്ഘാടനമാണ്... ഒരുകാലത്ത് കാൽനടക്കാർ ടൗണിലേക്ക് പോയിരുന്ന വഴികൾ ഇന്ന് ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങൾ കയ്യടക്കിയിരിക്കുന്നു... എങ്കിലും നാണ്വാര് പതിവ് നടത്തത്തിനടിയിൽ ഒന്ന് നിൽക്കും.. അവിടെ...

പറഞ്ഞു പഴകിയ രാഷ്ട്രീയവും... ഊതികുടിക്കുന്ന ചൂട് ചായക്കിടയിലെ കൊടുംതർക്കങ്ങളും... തന്റെ വർഗ്ഗശത്രുവായ കമ്മ്യൂണിസ്റ്റ് പാണൻ മാധവനും... ഒക്കെ ഓർമ്മയിൽ.... നാട് വളരുകയാണ്... നാട്ടിലെ പ്രിയപെട്ടതിനെ വിസ്മൃതിയിലേക്ക് തള്ളി... ഒരിക്കൽ താനും.. നാണ്വാര്.... ചിന്തകൾ കൊണ്ട് കണ്ണുകൾ തുടച്ച്... നടക്കുകയാണ്...            

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ