ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ
ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ
രണ്ടായിരത്തി പതിനാറിൽ ആണ് എന്റെ ആദ്യപുസ്തകമായ ഈയാംപാറ്റകൾ ഞാൻ എഴുതുന്നത്.
തികച്ചും ഒറ്റപ്പെടലിൻറെ നീറ്റലിൽ നിന്ന് പുറത്തേയ്ക്ക് വന്ന എഴുത്ത്. തൊഴിലിട
ഭീകരതയുടെ ഉൽപ്പന്നമായിരുന്നു അത്. അന്ന് നിലനിന്ന ചുറ്റുപാടുകളിൽ സ്വയം
ബഹിഷ്കൃതനാകേണ്ടി വന്ന ഒരു പ്രവാസിയുടെ ആത്മരോദനമെന്നോ, ഉള്ളിലെ അഗ്നി ലാവയായി പുറത്തേയ്ക്ക്
ഒഴുകിയെതെന്നോ ഒക്കെ പറയാമെങ്കിലും തീർച്ചയായും സൃഷ്ടിപരമായതിനാൽ അതിനെ സ്വാഗതം
ചെയ്യുന്നതാണ് അഭികാമ്യം എന്നതാണ് എന്റെ മതം.
ഇന്ന് ഭൂരിപക്ഷം മലയാളി , നീറ്റലായി
മാത്രം കാണുന്ന പ്രവാസത്തിന്റെ (അതിൽ കൂടുതലും മനുഷ്യന്റെ സ്വാഭാവിക
ആവാസവ്യവസ്ഥയായ കുടുംബജീവിതത്തിൽ നിന്ന് അകറ്റി, ആത്മരതിയുടെ ഉൾപിരിവുകളിലേയ്ക്ക് ഒതുക്കപ്പെടുന്നവർ
ആകുമ്പോൾ പ്രത്യേകിച്ചും) ആ ആത്മപീഡനങ്ങൾ എനിക്ക് സമ്മാനിച്ചത് ഭൂരിപക്ഷം മലയാളികളും
അതിന് നേതൃത്വം കൊടുത്തവൻ ഒരു മലയാളി തന്നെ ആയിരുന്നു എന്നതും ഇത്തരുണത്തിൽ ഞാൻ
സ്മരിക്കുകയാണ്. അതിൽ അവർ കണ്ടെത്തിയ ലഹരി എനിക്ക് നൽകിയത് മലയാള മനസുകളിൽ
സാഹിത്യകാരൻ എന്ന സ്ഥാനവും അതിന് ഉപോല്ബലകമേകാൻ ഒരുപിടി പുസ്തകങ്ങളും ആകുമ്പോൾ ഞാൻ
തികച്ചും നന്ദിയുള്ളവൻ തന്നെയാണ് ആ വികലമനസുകളോട്.
ഇവിടെ ഞാൻ പറയാൻ ആഗ്രഹിച്ചത് അതായിരുന്നില്ല, എന്നാൽ സന്ദർഭവശാൽ പറഞ്ഞതാണ്, കാരണം ഓരോ അടിച്ചമർത്തലിൽ നിന്നും ഒരായിരം സുഗന്ധ പുഷ്പങ്ങൾ
ജനിക്കും എന്ന് പറയാനും, ഇതിന്
കരണഭൂതരായവർ ഇന്നും എന്റെ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ആയി
വർത്തിക്കുന്നതും എന്നത് യാഥാർത്യമായി നിലനിൽക്കുന്നത് കൊണ്ടാണ്.
എന്റെ ആദ്യപുസ്തകം വെളിച്ചം കണ്ടത് രണ്ടായിരത്തി പതിനേഴ് ജനുവരി പതിനാലാം
തീയതി, ഉച്ചയ്ക്ക് ഒരുമണിയോട്
എന്റെ ഭവനത്തിൽ തന്നെ സംഘടിപ്പിച്ച തികച്ചും സ്വകാര്യമായ ഒരു ചടങ്ങിൽ വച്ച്, അന്നത്തെ കായംകുളം എംഎൽഎ യുടെ കൈകൾ കൊണ്ട്, എന്റെ ഗുരുനാഥന്റെ കൈകളിലേയ്ക്കും ഒപ്പം
എന്നെ ഏറെ സ്നേഹിക്കുകയും ഞാൻ ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ
ഗുരുകാരണവന്മാരുടെയും പ്രിയ നാട്ടുകാരുടെയും സാന്നിധ്യത്തിൽ, പ്രവാസജോലിത്തിരക്കിന് ഇടയ്ക്ക് കിട്ടിയ
പതിനഞ്ച് ദിവസം മാത്രം നീണ്ട ഇടവേളയിൽ ഞാൻ ഒറ്റയ്ക്ക് സംഘാടനം നടത്തിയ
പ്രോഗ്രാമിൽ ആയിരുന്നു. അവിടേയ്ക്ക് വന്ന ഓരോരുത്തരെയും അവിടേയ്ക്ക്
ക്ഷണിച്ചിരുത്തിയത് തികച്ചും സ്വകാര്യമായ ആഗ്രഹവും , അതിനും അപ്പുറം കക്ഷി,
മത, വർണ്ണ, വർഗ്ഗ, വ്യത്യാസത്തിനും ഉപരി മാനവികതയും, മനുഷ്യസ്നേഹവും ഉയർത്തി പിടിച്ചുകൊണ്ട് ഇതുവരെ
ജീവിച്ചതുകൊണ്ടും ആണ്.
ആ ചടങ്ങിനും ഒരു പിന്നാമ്പുറം ഉണ്ടായിരുന്നു, അതിന് തൊട്ടുമുൻപ് നാട്ടിലെത്തിയ അവധികാലത്ത്
(ഓണത്തിനനുബന്ധിച്ച്) എന്നെ സന്ദർശിക്കാനെത്തിയ ബാല്യകാല സുഹൃത്തിനൊപ്പം വന്ന
സന്നദ്ധസംഘടനാ പ്രവർത്തകർ, പ്രായമായവർക്ക്
ഓണത്തിന് ഒരു ഓണക്കോടി എന്ന പുണ്യപ്രവർത്തിക്കായി എന്നമട്ടിൽ നീട്ടിയ പിരിവ്
കുറ്റിയിൽ നിറച്ചുകൊടുത്ത തുകയോടൊപ്പം ഞാൻ അവതരിപ്പിച്ച എന്റെ ആവശ്യത്തിന് നെഞ്ചിൽ
തൊട്ട് തന്ന വാഗ്‌ദാനം കാരണമാണ്,
അത്തരം
ഒരു ചെറിയ അവധിക്കാലത്തിനായി ഞാൻ തുനിഞ്ഞ് ഇറങ്ങിയതും, എന്റെ പുസ്തകം അച്ചടിയ്ക്കാൻ ഞാൻ
തയ്യാറായതും.
ആയിരത്തോളം പുസ്തകം എന്റെ സ്വന്തം ചിലവിൽ അച്ചടിച്ച് അവർക്ക് നൽകാം എന്നും അത്
വിറ്റ് കിട്ടുന്ന മുഴുവൻ പണവും അവരുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അവർക്ക്
ഉപയോഗിക്കാം എന്നുമായിരുന്നു എൻറെ ഓഫർ. ഒരു പൊതുചടങ്ങ് സംഘടിപ്പിച്ച് അതിന്റെ പ്രകാശനം
നടത്തണം എന്ന് മാത്രമായിരുന്നു എന്റെ ആവശ്യം,
അപ്പോൾ
കൊടുത്ത തുകയുടെ വലിപ്പം കാരണമാണോ?
അതിൽ
കൂടുതൽ കിട്ടും എന്ന പ്രതീക്ഷയാണോ എന്നറിയില്ല, എല്ലാം സമ്മതിച്ചു പോകുകയും, നിരന്തരമായി ആ ഉറപ്പ് അവർത്തിച്ചതിന്റെയും വെളിച്ചത്തിൽ
എല്ലാം തയ്യാറാക്കി നാട്ടിൽ എത്തിയ എന്നോട് അവസാനം കാണിച്ച നിറംമാറ്റം എന്നെ
അത്ഭുതപ്പെടുത്തുകയല്ല ഉണ്ടായത് കരളിലേയ്ക്ക് രോക്ഷം ഇരച്ചു കയറുകയായിരുന്നു.
ഒൻപത് മണിയോട് അടുത്ത ആ രാത്രിയിൽ ചടങ്ങ് നടക്കണം എന്ന വാശിയിൽ
കൂട്ടിലകപ്പെട്ട പുലിയെപ്പോലെ വീട്ടിന്റെ മുന്നിൽ മുരണ്ട് നടന്ന എന്റെ മുന്നിലേയ്ക്ക്
എംഎൽഎ യുടെ ഫോൺ നമ്പർ ഇതാ.. വിളിച്ചോളൂ എന്ന് പറഞ്ഞു വാമഭാഗം നീട്ടുമ്പോൾ, ഒട്ടും ഇല്ലാത്ത പ്രതീക്ഷയ്ക്ക് അപ്പുറം ആ
രാത്രി ഒരു സ്ത്രീയെ വിളിയ്ക്കുന്നത് ഔചിത്യമാണോ എന്ന ചിന്തയാണ് എന്നെ ഭരിച്ചത്.
എന്നാൽ വാശി എല്ലാത്തിനെയും തള്ളിമാറ്റി തലച്ചോറിനെ ഭരിച്ചപ്പോൾ, മനസില്ലാ മനസ്സോടെ വിളിച്ചു.
നാലാം റിങ്ങിൽ ഫോൺ എടുത്ത് സ്വയം പരിചയപ്പെടുത്തിയപ്പോൾ, എനിക്ക് അറിയാം സാഖാവിനെ, കാര്യം പറഞ്ഞോളൂ എന്ന വാക്കുകൾ നൽകിയ
ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല,
ആവശ്യം
അറിയിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ച്,
ഒപ്പം
സഹായിയുടെ ഫോൺ നമ്പർ നൽകി. അദ്ദേഹത്തെ വിളിച്ച് വെറും മൂന്ന് നാൾ മാത്രം ബാക്കിയായ
, ചടങ്ങിന്റെ സമയവും ദിവസവും ഉറപ്പിച്ചപ്പോൾ ആഹ്ളാദവും.
അന്നുവരെ ഞങ്ങൾ തമ്മിൽ ഒരു മുൻപരിചയമോ അടുപ്പമോ ഉണ്ടായിരുന്നില്ല എന്ന്
പ്രത്യേകം പറയേണ്ടല്ലോ, അവർക്ക് ആ നാടുമായി എട്ടുമാസമുൻപ് നടന്ന തിരഞ്ഞെടുപ്പിന്
മുൻപ് വലിയ ബന്ധങ്ങളോ.
പിന്നെയായിരുന്നു ട്വിസ്റ്റ്,
ട്വിസ്റ്റോട്
ട്വിസ്റ്റ്.... എന്റെ മനസ്സിൽ ചടങ്ങിന്റെ അധ്യക്ഷപദവി അലങ്കരിക്കാൻ കരുതിവച്ച
പേര്.. പഴയ സിപിഎം ന്റെ ജില്ലാ നേതാവും,
നഗരപിതാവും, അധ്യാപകനും സർവ്വോപരി എന്റെ രക്തബന്ധുവും
ആയ വ്യക്തി ആയിരുന്നു, ചടങ്ങിന്
(സ്വകാര്യ ചടങ്ങാണ്, അപ്പോൾ ആ
വീട്ടിൽ ഉണ്ടായിരുന്ന പലരും അദ്ദേഹത്തിന്റെ ബന്ധുക്കളും, കാരണവ സ്ഥാനീയരും സമൂഹത്തിൽ ഉന്നത പദവി
വഹിക്കുന്നവരും ആയിരുന്നു എന്ന് മനസിലാക്കണം) വെറും പത്ത് മിനിറ്റ് മുന്നേ വന്ന അദ്ദേഹം ജനപ്രതിനി വരുന്നതിനും
അൽപ്പം മുൻപ്, വിളിച്ചുവരുത്തിയ
എന്നോട് സൂചിപ്പിക്കുക പോലും ചെയ്യാതെ കടന്നുകളഞ്ഞു, ഒപ്പം അൽപ്പസമയം കാര്യം അറിഞ്ഞു വിളിച്ച എന്നോട് ഉടനെ
എത്താം എന്ന് കള്ളവും.
അപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ കേരളത്തിലെ പ്രമുഖ മന്ത്രിയും അദ്ദേഹത്തിന്റെ
ഗ്രുപ്പ് കാരനുമായ വ്യക്തി ഇരിപ്പുണ്ട് എന്ന് പിന്നീട് എന്റെ സഹപാഠിയും, വാർഡ് പ്രതിനിധിയുമായ നേതാവ് പറഞ്ഞ്
അറിയുകയായിരുന്നു. ജനപ്രതിനിധിയ്ക്ക് ഒപ്പം വേദി പങ്കിട്ടാൽ, എമ്പത് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രീയ
ഭാവി അടഞ്ഞു പോകും പോലും, അത്
രക്തബന്ധത്തിനും, സ്നേഹത്തിനും
കരുതലിനും ബഹുമാനത്തിനും ഒക്കെ മുകളിലാണ് എന്ന് തിരിച്ചറിയുകയായിരുന്നു. അത്പോലെ
കളികൂട്ടുകാരനും, കോൺഗ്രസ്സിന്റെ
ഇന്നും വലിയ നേതാവും, ഇപ്പോഴും എന്റെ
അടുത്ത സുഹൃത്തിൽ ഒരാളുമായ ദേഹവും,
വന്നില്ല, പാർട്ടി നടപടിയെടുക്കും പോലും, വ്യക്തിബന്ധത്തിന് അപ്പുറമാണ്, കേരളത്തിലെ രാഷ്ട്രീയം എന്ന്
തിരിച്ചറിയുകയായിരുന്നു.
അന്ന് പരിണിതപ്രജ്ഞനും ആദികാല കമ്മ്യൂണിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും മനസ്സുകൊണ്ട് എന്നും ഞാൻ
രാഷ്ട്രീയ ഗുരുവായി വരിച്ച അച്ഛന്റെ അർദ്ധ സഹോദരനായ തികഞ്ഞ വിപ്ലവകാരി , ആ ജനപ്രതിനിധിയെ മുഖത്ത് നോക്കി ഇന്നത്തെ
കമ്മ്യൂണിസ്റ്റുകൾ എല്ലാം
കണ്ടാമിനേറ്റഡ്ഡ് ആണെന്ന് വിളിച്ചു പറഞ്ഞപ്പോൾ, ചിരിച്ച് മുഖത്തോട്, എന്നാൽ ദൃഢമായി, അങ്ങ് പറയുന്നത് ശരിയായിരിക്കാം, പക്ഷേ
ഇല്ല സഖാവേ, ഞങ്ങൾ കണ്ടാമിനേറ്റഡ് ആയിട്ടില്ല, ഇതുവരെ , ആവുകയുമില്ല എന്ന ആ ഉറപ്പ് ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
അതിനോടൊപ്പം ചേർത്ത് പറയേണ്ട ഒരു കാര്യംകൂടി ഉണ്ട്, ആ ദിവസത്തെ ദിനപത്രങ്ങളിൽ ( പ്രധാനമായും
മുത്തശ്ശി പത്രികകളിൽ) വെണ്ടയ്ക്കാ അക്ഷരത്തിൽ അവരെ ഒതുക്കുന്നു എന്ന് വാർത്ത
ഉണ്ടായിരുന്നു, അതിന് കാരണം
അവർ പാർട്ടിയ്ക്ക് മുന്നിൽ തലകുനിക്കുന്നില്ല എന്ന കണ്ടുപിടിത്തവും, എൻറെ പുസ്തകം പ്രകാശനം നടത്തി പറഞ്ഞ
വാക്കുകളിൽ, അവർ അതും
പരാമർശിച്ചു, ഇതൊക്കെ ആര്
സൃഷ്ട്ടിക്കുന്ന വാർത്തകൾ ആണ്, എന്ന്
ആശങ്കിച്ചു, ( സൃഷ്ടാക്കളെ
എനിക്ക് നന്നായി അറിയാം, പ്രവാസി ആകും
മുൻപ് കുറേക്കാലം പൊതുരംഗത്ത് ഞാനും ഉണ്ടായിരുന്നു, ഭൈമീകാമുകർക്ക് നാട്ടിൽ പഞ്ഞമില്ലല്ലോ) അടുത്ത ദിവസം വന്ന
പത്രങ്ങളിൽ എന്റെ നാട്ടിൽ നടന്ന,
ആ
മന്ത്രി പങ്കെടുത്ത ജില്ലാ തല യൂണിയൻ പരിപാടിയിൽ നിന്ന് അവരെ ഒഴിവാക്കി കളഞ്ഞു
എന്നായിരുന്നു വാർത്ത..
ആ സമയം അവർ, (കൃത്യമായി
എന്റെ വീട്ടിലെ ചടങ്ങിന് വരുന്നതിന് തൊട്ട് മുൻപ്) വലിയ അപകടം ഒഴിവാക്കാനായി സ്വയം
രക്തസാക്ഷിയായ ആ ഫയർ മാന്റെ ഓർമ്മദിവസത്തിൽ സഹപ്രവർത്തകർ സംഘടിപ്പിച്ച ഫയർ
സ്റ്റേഷനിലെ ചടങ്ങ് മുതൽ പിന്നെ എൻറെ
വീട്ടിലും നിയമസഭാ കാലത്ത് വീണുകിട്ടിയ ഒഴിവ് ദിനത്തിൽ സംഘടിപ്പിച്ച നിരവധി
ചടങ്ങുകളിൽ ആ മണ്ഡലമാകെ ഓടിനടക്കുകയായിരുന്നു.
വ്യക്തിപരമായും, ആശയപരമായും, വൈരുധ്യങ്ങൾ നിലനിർത്തികൊണ്ട് പറയട്ടെ, ഇനി നിങ്ങൾ എത്ര വേട്ടയാടിയാലും, അതിന് പണംവാങ്ങി പാപ്പരാസിപ്പണിയെടുക്കുന്ന
മുത്തശ്ശി പത്രികകളും നവ ദൃശ്യമാധ്യമങ്ങളും പിമ്പ് പണി മാത്രം അറിയാവുന്ന
നവകേഡറുമാരും കടൽകിളവന്മാരും വിചാരിച്ചാലും അവർ ജനമനസ്സുകളിൽ കോറിയിടുന്ന
ശ്ലഥചിത്രങ്ങളെ മായ്ക്കുവാൻ പര്യാപ്തമല്ല. കാരണം അവർ ഇന്നും ആ നാട്ടിലെ
സാധാരണക്കാരുടെയും, വിവരവും
വിദ്യാഭ്യാസവും ചിന്താശേഷിയും ഉള്ള ജനപഥങ്ങളുടെയും ഇടയിലാണ് ഉള്ളത്..
അതിനെ വെല്ലുവിളിയ്ക്കാൻ മുരട്ട് തത്വവാദങ്ങളുടെയും വിരട്ടലിന്റെ അകമ്പടിയോടെ
ജീവിച്ച, അച്ചടക്കത്തിന്റെ
വാളോങ്ങി നിൽക്കുന്ന പ്രസ്ഥാനങ്ങളേയും നാടിനെയും നാട്ടാരെയും തുരന്നും ഇരന്നും
ജീവിയ്ക്കുന്ന രാഷ്ട്രീയ ഉപജാപകർക്ക് കഴിയില്ല..
ഒരു പക്ഷേ താൽക്കാലിക വിജയങ്ങൾ ഉണ്ടായേക്കാം, എന്നാൽ അവസാനവിജയം നാടിനും നാട്ടാർക്കും, സത്യത്തിനും തന്നെ.
Comments
Post a Comment