ജീവതന്ത്രം, പാരതന്ത്ര്യം
രാവിലെ ഓഫീസിലേക്ക് എത്തി കസേരയിൽ അമരും മുൻപേ വാതിലിൽ മുട്ട് കേട്ടു.
പിന്നാലെ തള്ളിത്തുറന്ന് അകത്തേയ്ക്ക് വന്ന രാംചരണിന്റെ നിറഞ്ഞ ചിരിയോടെയുള്ള മുഖം
അയാളെ പതിവിന് അപ്പുറം സന്തോഷവാൻ ആക്കുകയാണ് ഉണ്ടായത്. മുന്നിലെ മേശയ്ക്ക് അപ്പുറം
ചേർന്ന് നിന്ന് പ്രഭാത അഭിവാദനങ്ങൾ അർപ്പിച്ച് കൈയിൽ കരുതിയ മധുരപലഹാരങ്ങൾ നീട്ടി
അവൻ പറഞ്ഞു,
സാബ്… ഹം വാപ്പസ് ആഗയാ (സർ... ഞാൻ തിരികെ എത്തിയിരിക്കുന്നു)
ഇത് രാംചരണിന്റെ ഓരോ വർഷത്തിലുമുള്ള അവധികാലത്തും നാട്ടിലേയ്ക്ക് പോകുന്നതിന്
മുൻപും ശേഷവും ആവർത്തിക്കുന്ന അയാളുടെ ഓഫീസിലെ ചടങ്ങാണ്.. നേരിട്ട് കൈമാറുന്ന
ആശംസകൾക്കും, മധുരത്തിനും ഒപ്പം പങ്കിടുന്ന മധുരമൂറുന്ന കുശലാന്വേഷങ്ങളും, വിശേഷങ്ങൾ
തിരക്കലും..
കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി രാംചരണിനെ അയാൾക്ക് അറിയാം, ആ
വർഷങ്ങൾ മലയാളിയായ അയാൾക്കും ബീഹാറിയായ അവനും ഇടയിൽ സുദൃഢമായാക്കിയ ഒരു ഇഴയടുപ്പം
എങ്ങനെയാണ് നിർവ്വചിക്കുക എന്നതും അസാധ്യമാണ്, എന്നാൽ അത് ഓഫീസറും
പണിക്കാരനും എന്ന ബന്ധത്തിന് ഉപരി രണ്ട് മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തിന്റെ
അദൃശ്യമായ ബന്ധനമാണ് എന്ന് പറയുന്നതാവും ശരി. അവർ പിറന്ന് വളർന്ന രണ്ട് നാടുകൾക്ക്
വളരെ അകലെയുള്ള ആ ദേശവും ഭാഷയും വ്യത്യസ്‍തമായ സ്ഥലത്ത്, സംസ്കാരവും, ചിട്ടവട്ടങ്ങളും
വ്യത്യസ്തരായ മനുഷ്യർ നെയ്തെടുത്ത സ്നേഹത്തിന്റെ പരസ്പര കൊടുക്കൽ വാങ്ങലിന്റെ
ആത്മസാഷാത്കാരം എന്നൊക്കെ വിശേഷിപ്പിക്കേണ്ടിവരും.
രാവിലത്തെ മുന്നിലേയ്ക്ക് കടന്നുവന്ന ആ കാഴ്ച അയാളെ കാലങ്ങൾക്ക്
പിന്നിലേക്കാണ് കൊണ്ടുപോയത്. രാംചരണിന്റെയും, അയാളുടെയും ചുറുചുറുക്കും
ചെറുപ്പവും നിറഞ്ഞ നാളുകളിലേക്ക്. അന്ന് അവർക്ക് രണ്ടുപേർക്കും, കറുത്ത
ഇടതൂർന്ന കുറുനിരകൾ അതിരിട്ട മുടിയിഴകൾ തലയിൽ ഉണ്ടായിരുന്നു, തുടുത്ത
കവിളുകളും, ദൃഢതയും സ്വപ്നങ്ങളും നിറഞ്ഞ കണ്ണുകളും, ഉറച്ച നെഞ്ചും, ബലമുള്ള
പേശികൾ നിറഞ്ഞ കൈകാലുകളും. ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ മിടുക്കരായ
പന്തയക്കുതിരകൾ.
അർദ്ധവിരാമം സംഭവിച്ച വിദ്യാഭ്യാസ നാളുകൾക്ക് പിന്നാലെ സാമൂഹിക സാംസ്‌കാരിക
മണ്ഡലങ്ങളിലെ സാന്നിധ്യമറിയിപ്പിന് അന്ത്യം കുറിച്ച് കാശുനൽകി വിദേശവാസം
തിരഞ്ഞെടുക്കുമ്പോൾ അയാളുടെ മുന്നിൽ വലിയ ലക്ഷ്യങ്ങൾ ഒന്നും
ബാക്കിയുണ്ടായിരുന്നില്ല. വയസ്സായ മാതാപിതാക്കൾക്ക് കൂട്ടായി ഒരു പെൺകുട്ടിയുടെ
കൈപിടിച്ച് നടക്കുവാൻ,
നാലാൾ കേൾക്കുവാൻ പാകത്തിന് ഒരു തൊഴിൽ. അതിനപ്പുറം അവളുടെ
കഴുത്തിൽ അർപ്പിക്കുന്ന ഒരുതരി പൊന്നിന്റെ അവകാശം തന്റെ വിയർപ്പിന് തന്നെ ആവണം
എന്ന വാശി.
ആ വലിയ ആകാശപ്പക്ഷിക്ക് ഭക്ഷണമായി, പിന്നെ വിസർജ്യമായി പുതിയ
രാജ്യത്തേക്ക് കാലെടുത്ത് കുത്തുമ്പോൾ, അതിനപ്പുറം നീണ്ടുനിൽക്കുവാൻ
പോകുന്ന പ്രവാസമെന്ന പ്രയാസവും, അതിനിടയിൽ കിട്ടുന്ന, ഇത്തിരി
സന്തോഷം ബാക്കിവയ്ക്കുന്ന അവധിക്കാലങ്ങളും ചിന്തയുടെ ഏഴ് അയൽപക്കത്ത് പോലും
ഉണ്ടായിരുന്നില്ല,
ജീവിച്ച് തീർക്കാൻപോകുന്ന അടിച്ചമർത്തപ്പെട്ട ജീവിത
സന്തോഷങ്ങളും, എടുത്തെറിയപെടുന്ന ചുറ്റുപാടുകളും അജ്ഞാതംതന്നെ ആയിരുന്നു.
ആ പുതിയ സാഹചര്യങ്ങളുടെ നെരിപ്പോടിലേയ്ക്ക് കത്തിത്തീരാൻ തയ്യാറാക്കപ്പെട്ട
ഇന്ധനമായി മനസ്സിനെയും ശരീരത്തെയും സ്വയം തയ്യാറാക്കി, അനുഭവിക്കാൻ
പോകുന്ന ജീവിത യാഥാർഥ്യങ്ങളെയും തികച്ചും മനസിലാക്കാതെ എത്തിപ്പെടുമ്പോൾ
അതിജീവിതത്തിനനുള്ള വാശിക്ക് അപ്പുറം ഒന്നും കൈമുതലായി ഉണ്ടായിരുന്നില്ല.
ചുറ്റും കണ്ട മലയാളി മുഖങ്ങൾ മനസിലേയ്ക്ക് പകർത്തിയത് ശാന്തിയും ആഹ്ലാദവും
തന്നെയാണ്. ഭയന്നപോലെ ഒറ്റപ്പെടില്ല എന്ന ചിന്തയും, പഠനകാലത്ത് ഡിഗ്രി വരെ
വലിയ ആയാസ്സമില്ലാതെ പരീക്ഷയുടെ മുന്നത്തെ ദിവസത്തെ, മണിക്കൂറുകൾ മാത്രം
നീളുന്ന പ്രയത്നത്താൽ എളുപ്പം കിട്ടുന്ന മാർക്കിനെ ലക്ഷ്യമാക്കി പഠിച്ച ഹിന്ദി, ഏട്ടിലെ
പശു മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളിൽ, ചുറ്റും പൊതിഞ്ഞ മലയാളി സൗഹൃദം
ചേർത്ത് പിടിയ്ക്കും എന്ന് ചിന്തിച്ചു വശായ മൂഢസ്വപ്നം, വെറും
മൺകുടമായി തകർന്ന് വീഴാൻ അധികം നാളുകൾ ഇല്ലായിരുന്നു എന്നതായിരുന്നു സത്യം.
ബിജി, ബിനോയ്, ചന്ദ്രബാബു,
നാട്ടുകാരനായ കൊച്ചനിയൻ, തമിഴ്‌നായ രാമയ്യൻ, തുടങ്ങി
എഡ് മൂത്ത് എസ്‌ഐ ആയ സഹപ്രവർത്തകർക്കിടയിലേയ്ക്ക് വിദ്യാഭ്യാസത്തിന്റെ വിലയിൽ
നേരിട്ട് സൂപ്പർവൈസറായി വന്ന അയാൾക്ക് എതിരെ ഒരു കോക്കസ് രൂപപ്പെടാൻ അധികകാലം
വേണ്ടിയിരുന്നില്ല,
ഒപ്പം മാസശമ്പളത്തിന്റെ കനവും, ചെറുപ്പത്തിന്റെ
വേഗവും കൂടിയായപ്പോൾ അകൽച്ചയുടെ ദൂരവും കൂടിവന്നു. നേതൃത്വം നൽകാൻ ക്വളിറ്റി
ചെക്കറായ വത്സരാജ്,
സഹായി സുബ്ബയ്യനും കൂടിയായപ്പോൾ, പുത്തൻകൂറ്റുകാരനായ
അയാൾ തികച്ചും ഒറ്റപ്പെട്ടു.
അതിജീവനത്തിനും പിടിച്ചുനിൽക്കാനുമുള്ള തത്രപ്പാടായിരുന്നു പിന്നെ. ജോലിചെയ്യാനുള്ള
മനസ്സും, നാട്ടിലെ കക്ഷിരാഷ്ട്രീയത്തത്തിലെ പരിചയയവും, ഒക്കെയുപരി
ഈശ്വരകടാക്ഷവും രക്ഷാകവചം തീർത്ത നാളുകളിൽ, ഒരു ദിവസമാണ്, സാബ്
എന്ന വിളിയുമായി സമപ്രായക്കാരനായ ആ ചെറുപ്പക്കാരൻ മുറിയുടെ വാതിൽ തള്ളിത്തുറന്ന്
മുന്നിൽ വന്ന് നിന്നത്.
രാംചരൺ യാദവ് എന്ന ബീഹാറിലെ സിവാൻ ജില്ലക്കാരനായ ഹിന്ദിക്കാരൻ, അവന്റെ
വായിൽ നിന്ന് വന്ന ഭോജ്‌പൂരി കലർന്ന ഹിന്ദി കേട്ട്, ഒന്നരയും രണ്ടരയും
തിരിച്ചറിഞ്ഞു പറയാനും,
മൂന്നരമുതൽ മുകളിലോട്ട് മാറ്റിപറയാനും അറിയാത്ത, സുഗമ
ഹിന്ദിയിൽ റാങ്ക് കിട്ടി എന്നഭിമാനിച്ചിരുന്ന കേവലം വടക്കന്റെ ഭാഷയിൽ സാലാ മദ്രാസി
മാത്രമായ അയാളുടെ ചെറുപ്പം പകച്ചുപോയ നാളുകൾ. പക്ഷേ രാംചരൺ അയാളിലേക്ക്
കടന്നുകയറുകയായിരുന്നു.
പന്ത്രണ്ടോളം കേസിൽ പ്രതിയും, അതിൽ മൂന്ന് കൊലകേസ്സോളം തന്നെ അപകടകരവും , മൂന്ന്
കൊച്ച് കുട്ടികളുടെ പിതാവും,
നാലാം കുട്ടിയുടെ അച്ഛനായതിന്റെ സന്തോഷം മധുരം നൽകി
പങ്കുവയ്ക്കുവാനുമായി വന്ന അവന്റെ മുഖത്തെ നിഷ്കളങ്കത്വം അയാളെ ആകർഷിച്ചതിൽ ഉപരി, അവനെ
തിരികെ പോയപ്പോൾ, ഓഫീസ് മുറിയിലെ അടുത്ത മേശമേശയ്ക്ക് ഒപ്പമുള്ള കസേരയിൽ ഉപവിഷ്ടനായ
കൊച്ചനിയൻ രാംചരണിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ പങ്കിട്ടതാണ് അയാളെ
അത്ഭുതപ്പെടുത്തിയത്.
അപ്പോൾ യൗവനത്തിന്റെ മധ്യകാലത്തേയ്ക്ക് അടുക്കുന്ന അയാൾ അവിവാഹിതനും, നാട്ടുകാരുടെയും
വീട്ടുകാരുടെയും മുൻപിൽ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയിട്ടും ഉണ്ടായിരുന്നില്ല
അപ്പോൾ അതെ സമപ്രായക്കാരൻ, നാല്
കുട്ടികളുടെ അച്ഛനും അത്യാവശ്യം കുപ്രസിദ്ധനും ആയിരിക്കുന്നു അവന്റെ സമൂഹത്തിൽ, ചിന്താവിഷ്ടനായി
താടിയിൽ കൈകൊടുത്തുപോയ നിറയൗവനമായി പോസ്റ്റായി ഇരുന്നു.
ആ കാഴ്ച്ച കണ്ടിട്ട് എന്നപോലെ കൊച്ചനി, തുടർന്നു, വിവാഹവും, കുടുംബ
ഭരണവും, കുട്ടികളുടെ എണ്ണവും ഒക്കെ അവരുടെ നാട്ടിൽ ഒരു കാര്യമേ അല്ല, നമ്മുടെ
സംസ്കാരത്തിലെപ്പോലെ. ആ നാട്ടിൽ ഇന്നും ബാല്യവിവാഹവും, ഒക്കെ
നടപ്പാചാരമാണ്. വീട്ടുകാരുടെയോ, മാതാപിതാക്കളുടെയോ
സാമൂഹികചുറ്റുപാടിനനുസരിച്ച് വൈവാഹിക ബന്ധം ഇന്നും നടക്കുന്നു. വധുവിന്റെയോ? വരന്റേയോ
വിദ്യാഭ്യാസമോ,
പ്രായമോ അതിനുള്ള മാനദണ്ഡമേ അല്ല. പിന്നെ കുപ്രസിദ്ധി, അത്
ഒരു ആഭരണവുമാണ്.
പിന്നെ അൽപ്പം അശ്ലീലം ചേർത്ത് ഒരു തമാശയും,
നിനക്ക് അറിയാമോ ഇവരിൽ പലരും മൂന്നും നാലും വർഷം നാട്ടിലേ പോകാറില്ല, എന്നാൽ
വർഷാവർഷം കുട്ടിയുണ്ടാകുന്നത് ആഘോഷിക്കും, ചോദിച്ചാൽ പറയും സഹോദരൻ
നാട്ടിൽ ഉണ്ടല്ലോ എന്ന്. പട്ടിക്ക് ശാപം കിട്ടിയത് കൊണ്ടാണ് ഇണചേരുമ്പോൾ
ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നപേരിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കഥപോലും ഇവരുടെ ഇടയിൽ
ഉണ്ട്, പട്ടി ചെരുപ്പ് കൊണ്ടുപോയ സംഭവമേ... അത്രയും
പറഞ്ഞിട്ട് എന്തോ മഹാകാര്യം പോലെ അയാൾ പൊട്ടിച്ചിരിച്ചു..
സാബ്.. ഖാ ലീജിയെ,
മൂവ് മീട്ടാ കീജിയെ.. ( സർ ഇത് കഴിച്ചാലും, മധുരം
നുണഞ്ഞാലും)...
രാംചരണിന്റെ വാക്കുകൾ അയാളെ വർത്തമാനത്തിലേയ്ക്ക് കൊണ്ടുവന്നു... അതെ അവനും
വൃദ്ധനായിരിക്കുന്നു.. ചടുലമായ ആ സംസാരം മാത്രമേ ബാക്കിയുള്ളു.. തുടിച്ച കവിൾ ശോഷിച്ചു ഒട്ടിയിരിക്കുന്നു.. മിക്കവാറും
കൊഴിഞ്ഞു തീർന്ന മുടിയിഴകളിൽ ബാക്കി നരച്ചു..ബലമുള്ള പേശികൾ നിറഞ്ഞ കൈകാലുകൾ ഇന്ന്
വിറക് കൊള്ളിപോലെയും ഉന്തിയുയർന്ന നെഞ്ചകം കിളി ഒഴിഞ്ഞ കൂടുപോലെയും
ആയിരിക്കുന്നു... അവന് മാത്രമല്ല തനിക്കും വയസ്സായിരിക്കുന്നു..
ക്യാ ഖുഷി ഹേ രാംചരൺ... ചുട്ടി കാട്ടകെ ആ നെ സെ സ്യാദ.. ( അവധി ആഘോഷിച്ചതിൽ
പരം എന്നതാണ് ഇത്രയ്ക്ക് വിശേഷം) അയാൾ അവനോട് ചോദിച്ചു...
സർ... മേരെ ചോട്ടി ബേട്ടിക്കാഭി ശ്യാദി ഹോഗയാ.. വോ ഏ നാ സർക്കാരി നൗക്കർ ഹേ
(എന്റെ ഇളയ മകളുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു.. പയ്യൻ സർക്കാർ ഉദ്യോഗസ്ഥൻ ആണ്)
അവൻ സന്തോഷം കളിയാടുന്ന മുഖത്തോട് പറഞ്ഞു..
അയാൾ ഓർത്തു... അതെ ഇതേ പെൺകുട്ടിയുടെ ജന്മം ആഘോഷിക്കാൻ ആണ് ഇവൻ ആദ്യമായി
തന്റെ അടുക്കലേക്ക് വന്നതും... ഇത്രയും ദീർഘമായ ബന്ധം ഉണ്ടായതും... ഇന്നവൾ പുതിയ ജീവിതം
തുടങ്ങിയിരിക്കുന്നു.. ബാല്യവിവാഹത്തിന്റെ നാട്ടിൽ വലിയനിലയിൽ പഠിച്ച് ജോലിനേടി..
ജോലിയുള്ള പങ്കാളിയെ സ്വന്തമാക്കിയിരിക്കുന്നു.. തീർച്ചയായും സന്തോഷിക്കണ്ടത്
തന്നെ.. അയാൾ മനസ്സിൽ ഓർത്തു.
രാംചരൺ.. ബാക്കി ബച്ചാ ക്യാ കർത്താ ഹേ ..( മൂത്ത കുട്ടികൾ എന്ത് ചെയ്യുന്നു)
അയാൾ അവന്റെ ബാക്കി വിശേഷങ്ങൾ തിരക്കി.. വർഷങ്ങൾ ജീവിതത്തിലും ജോലിയുടെ
ഉത്തരവാദിത്വത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയതിനാൽ അവർക്കിടയിലെ സൗഹൃദത്തിന്
കുറെ അകലം ഉണ്ടായിട്ടുണ്ട്.. കാണുമ്പോൾ ഉള്ള ഉപചാരത്തിൽ അത് കുറെ നാളായി
ഒതുങ്ങിപോയിരുന്നു.
രാംചരൺ വിവരിക്കാൻ തുടങ്ങി...
സാബ്.. ബഡാ ബേട്ടാ തോ എൻജിനിയർ ... സർ
മൂത്തവൻ എൻജിനിയർ ആണ്.. അതും സർക്കാർ സർവീസിൽ ... രണ്ടാമത്തവൻ ഡോക്ടറും.. മൂത്ത
മകൾ ബിസിനസ് കാരനെ കെട്ടി.. സുഖമായി വീട്ടിൽ ഇരിയ്ക്കുന്നു... ഇതുകൂടി കഴിഞ്ഞപ്പോൾ
ഞാൻ സ്വതന്ത്രനായി.. അവന്റെ മുഖം കൂടുതൽ വിടർന്നു..
ആരെ... പാഗൽ തു ഫിർ ക്യും വാപ്പസ് ആയ..
അയാൾ തിരികെ വന്നതിനെ പറ്റി ചോദിച്ച് സ്നേഹത്തോടെ വഴക്ക് പറഞ്ഞു.. അഭിതോം ... ഇനി സുഖമായി വീട്ടിൽ ഇരിയ്‌ക്കേണ്ടതല്ലേ? ഒരു
കാർന്നോരായി പൂമുഖത്ത് കസേരയിൽ ഇരുന്ന്... സായാഹ്നത്തനത്തിൽ അടുത്തുള്ള ക്ഷേത്ര
ദർശനവും നടത്തി..
അവന്റെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ അയാൾ നിർത്തി...
പെട്ടെന്ന് സന്തോഷം മറഞ്ഞു ഇരുൾപരണ്ട മുഖം അമർത്തിത്തുടച്ച് അവൻ പറഞ്ഞു..
സർ പറഞ്ഞത് ശരിയാണ്... വയസ്സ് മധ്യകാലവും കടന്നിരിക്കുന്നു... ദൈവം സഹായിച്ച്
എല്ലാം ഉണ്ട്.. പണവും..പദവിയും.. സുഖസൗകര്യങ്ങളും എല്ലാം... അതിന് കുറച്ച്
കടപ്പാട് അങ്ങയോടും ഉണ്ട്.. എന്നും വെറും ഒരു പണിക്കാരൻ ആയ എന്നെ സഹോദരനും
സുഹൃത്തുമായി കരുതി വഴിപറഞ്ഞു തന്നത് അങ്ങയിരുന്നല്ലോ... പരുന്തു.... ദുഃഖം
തളംകെട്ടി.ഇരുണ്ട മുഖം കുറച്ചുകൂടി ആർദ്രമായി ... അവൻ തുടർന്നു..
അവൾ പറഞ്ഞു... കമ്പനി പറഞ്ഞുവിടും വരെ തിരികെ വരേണ്ട... കിട്ടുന്നത്
കളയേണ്ട... എന്ന്... ഇപ്പോൾ ഞാൻ തിരികെ വന്നത് മനസ്സോടെയല്ല.. പക്ഷേ വീട്ടുകാർ
ഒന്നടങ്കം ഇങ്ങനെ പറയുമ്പോൾ ??? അയാൾ അർധോക്തിയിൽ നിർത്തി...
രാംചരണിന്റെ നിർബന്ധത്തിൽ കാലങ്ങളായി ഒഴിവാക്കിയിരുന്നു മധുരം നുണയുംമ്പോൾ
അയാളുടെയും മനസ്സ് വിങ്ങുകയായിരുന്നു... ആഗ്രഹിക്കാതെ, പിറന്നു
വളർന്ന നാടും, ചുറ്റുപാടും ഉപേക്ഷിച്ചു പ്രവാസത്തെ പുണരുന്ന ഓരോ മനുഷ്യനും ഒരു തിരിച്ചു
പോക്ക് ആഗ്രഹിക്കുന്നു... മനസ്സിന് ഇണങ്ങുന്നപോലെ, ശരീരവും, ആത്മാവും
ആഗ്രഹിക്കുന്നപോലെ കുറച്ചുകാലം ജീവിക്കാൻ..
കുടുംബത്തോടും പ്രിയപെട്ടവരോടും... ഒപ്പം .... ഇരിയ്ക്കാനും കളിചിരികൾ
പങ്കുവയ്ക്കാനും,
ഒരിയ്ക്കലും സംഭവിച്ചിട്ടില്ലെങ്കിലും, ഓടിയെത്തിയിട്ടും
കയറ്റാതെ പോകുന്ന വിമാനം സ്വപ്‌നം കണ്ട് ഞെട്ടിയുണരാത്ത രാത്രികളെ പിന്നിൽ
ഉപേക്ഷിച്ച് സമാധാനമായി ഉച്ചവരെ
ഉറങ്ങാനും... താൻ പിറന്ന് വളർന്ന നാട്ടിൽ ചുമ്മാ ചുറ്റിയടിക്കാനും... നാടിനോടും
നാട്ടാരോടും കളിപറഞ്ഞു മറന്നുപോയ ഭാവത്തോടെ പൊട്ടിച്ചിരിക്കാനും ഒക്കെ.. പക്ഷേ...
അൽപ്പസമയത്തിന് ശേഷം അവർക്കിടയിൽ നിശബ്ദത കൂട് കെട്ടിയപ്പോൾ രാംചരൺ ഉപചാരം
പറഞ്ഞു തിരിഞ്ഞു നടന്നു... ശുഷ്ക്കമായെങ്കിലും അവന്റെ കാലുകൾക്ക് താങ്ങാൻ കഴിയാത്ത
ശരീരമാണ് എന്ന ഭാവത്തോടെ ആടിയാടി, അയഞ്ഞ വസ്ത്രങ്ങൾ ഉരഞ്ഞ ശബ്ദത്തെ
പടർത്തി.. വാതിൽ തുറന്ന്..
ഇനിയും എത്ര രാംചരൺ മാർ ബാക്കി , എന്ന ചിന്തയിൽ വാതിൽക്കലേക്ക്
നോക്കി... എല്ലാം മറന്ന് അയാളും...
Comments
Post a Comment