വെള്ളാരം കണ്ണുകൾ
വെള്ളാരം കണ്ണുകൾ
കുറച്ച് നാളിന് ശേഷം മസ്കറ്റിലേക്കുള്ള തിരിച്ചു വരവിൽ അയാൾ വളരെ ആഹ്ലാദവാനായിരുന്നു. യമനിലെ പ്രൊജക്റ്റ് കഴിഞ്ഞുള്ള ഇടവേള അയാൾ നന്നായി ആസ്വദിച്ചു, ബാങ്ക് ബാലൻസ് തീർന്നു എന്നായപ്പോൾ, പഴയ മസ്കറ്റ് കന്പനിയുടെ വിളി ഒരു വരദാനമായിരുന്നു അയാൾക്ക്. ജീവിത സാഹചര്യവും ഉയർന്ന നിലവാരവും തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു. പണ്ട് ചിരികൊണ്ട് സ്വീകരിച്ചിരുന്ന മുഖങ്ങളിലെ കാർമേഘങ്ങൾ അയാൾ കണ്ടില്ല എന്ന് നടിച്ചു. വിരുന്നിനും കുറച്ചുനാൾ ഒപ്പം താമസിക്കാനും വിളിച്ചിരുന്ന ആൾക്കാർ കാണുന്പോൾ തിരിഞ്ഞു പോകുന്നത് അറിഞ്ഞില്ല എന്ന് ഭാവിച്ചു. അവധികളിലെ ആൾക്കൂട്ടങ്ങൾ മരീചികപോലെ അകലുന്നത് അയാളെ തളർത്തിയില്ല, അയാൾക്കറിയാമായിരുന്നു, ഇതെല്ലാം നൈമിഷികം മാത്രം എന്ന്. ഇരുളും വെളിച്ചവും കണ്ടിട്ടും അയാൾ ചിരിച്ചു, നിശബ്ദമായി.
രാവിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ വെളിയിൽ പ്ലക്കാർഡുമായി കാത്തു നിൽക്കുന്ന സ്വദേശിയായ ഡ്രൈവർ, പരിചിത മുഖം കണ്ടപ്പോൾ വെളുക്കെ ചിരിച്ച് കെട്ടിപ്പിടിച്ചു. പിന്നെ എക്സ്പ്രസ് ഹൈവേയിൽ ക്കൂടി ഒരു ഹൈസ്പീഡ് മുഴുനീള ഡ്രൈവ് എത്തിച്ചത് കന്പനിയുടെ പുതിയ ഓഫീസ് ബിൽഡിങ്ങിൽ. കാത്തിരുന്നപോലെ തോന്നിയ പഴയ ബോസ്സ് ഉപദേശത്തിന്റെ കെട്ടഴിച്ചു. ജീവിത യാത്രയിൽ ഒരിക്കലും നന്നാവാത്ത അവൻ എല്ലാം കേട്ട് നിശ്ശബ്ദനായി ഇരുന്നു. ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന യാഥാർഥ്യത്തോടുള്ള പുച്ഛം സൗമ്യമായ ചിരിയിൽ ഒതുക്കി. അയാൾക്കറിയാമായിരുന്നു, ഇത് അനിവാര്യമാണ് എന്ന്. പരാജിതന്റെ മനസ്സുമായി നഗരത്തിലെ കന്പനിയുടെ ഗസ്റ്റ് ഹൌസ്സിൽ എത്തി.
അടുത്ത പുലരിയിൽ പ്രഭാത രശ്മി ഭൂമിയെ പുൽകാൻ നാഴികകൾ ബാക്കിയുള്ളപ്പോൾ അവൻ പുറപ്പെട്ടു, ദീർഘദൂര ബസ്സുകളുടെ സ്റ്റോപ്പിലേക്ക്. അപ്പോൾ നഗരം അവളുടെ വശ്യമായ മേനി അടക്കി, ഉറങ്ങുകയായിരുന്നു, എങ്കിലും അവളുടെ സൗന്ദര്യം കാണാൻ ചന്തമുള്ള നവോഢയുടെ പുച്ചയുറക്കം പൊലുള്ള ഭാവാദികൾകൊണ്ട് തൊങ്ങലുകൾ ചാർത്തിയിരുന്നു. പുറപ്പെടാൻ തയ്യാറായ ബസ്സിന്റെ സൈഡ് സീറ്റിൽ അതിന്റെ പള്ളയിൽ ലഗേജുകൾ കുത്തി തിരുകി അയാൾ കയറി ഇരുന്നു. തെരുവിൽ രാവിലത്തെ യാത്രക്കാർക്കായി തുറന്ന ചെറിയ കോഫി ഷോപ്പിൽ നിന്ന് ചായ വാങ്ങി ആവി ഊതിയാറ്റി കുടിക്കുന്ന മനുഷ്യർ. അത് കണ്ടിട്ടും, മനസ്സ് ആഗ്രഹിച്ചിട്ടും അയാൾ അനങ്ങിയില്ല. അപ്പോൾ അയാൾ ആലോചിച്ചത് കന്പനിയുടെ പുതിയ പ്രോജക്ടിന്റെ താമസ സ്ഥലത്ത് എത്തുന്നതിനെ പറ്റി മാത്രമായിരുന്നു.
ഈറനണിഞ്ഞ പുലരിയിലെ കാറ്റിനെ കീറി മുറിച്ച് ആ ബസ്സ് അവരെയും കൊണ്ട് പാഞ്ഞു. പിന്നിലേക്ക് ഓടുന്ന അംബരചുംബിയായ വലിയ കെട്ടിടങ്ങളേയും വളഞ്ഞു പുളഞ്ഞു പോകുന്ന രാജവീഥികളെയും അതിന്റെ വശങ്ങളിൽ നിരന്ന് നിൽക്കുന്ന ചെറു മരങ്ങളെയും പിന്നിട്ട് ആയിരുന്നു അവന്റെ ഓട്ടം. നഗരം പിന്നിട്ട് കഴിഞ്ഞപ്പോൾ വലിയ വിവിധ വർണ്ണങ്ങളിൽ ഉയർന്ന കെട്ടിട സമുച്ഛയങ്ങൾ കുറഞ്ഞു തുടങ്ങി, അവയുടെ സ്ഥാനങ്ങൾ പകുതി തുരന്നതും കൂറ്റൻ പാറകൾ നിറഞ്ഞതുമായ ചെറിയ കുന്നിൻ പ്രദേശങ്ങൾ കൈയ്യടക്കി, ഇടയിൽ ജലം വറ്റിയ വലിയ അറബികൾ വാദിയെന്ന് വിശേഷിപ്പിക്കുന്ന ആഴമുള്ള തോടും കടന്ന് അവൻ കുതിച്ചു. അകത്ത് അയാളൊഴിച്ചുള്ളവർ നല്ല ഉറക്കത്തിൽ ആണ്, അയാൾ കർട്ടനൊതുക്കി പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു. സൂര്യവെളിച്ചം പടർന്നു തുടങ്ങുന്ന ഭൂമി, ഇപ്പോൾ ജനപഥങ്ങളുടെ വ്യാപ്തി കുറയുന്നു, വിജനമായ മരുപ്പച്ചകൾ മാത്രം, അവിടെ സുലഭമല്ലാത്ത മനുഷ്യാവാസ സ്ഥാനങ്ങൾ. വളഞ്ഞു മുകളിലേക്ക് കയറിപോന്ന ഒറ്റയടി പാതകൾ നോക്കി അയാൾ നെടുവീർപ്പിട്ടു.
വണ്ടി കിതച്ചു നിന്നത് അത്ര വലിയ ടൗൺ എന്ന് പറയാൻ കഴിയാത്ത ഒരു നഗര ഹൃദയത്തിൽ ആയിരുന്നു. ഒപ്പം വേറെയും ബസ്സുകൾ അവിടെ നിർത്തി ഇട്ടിരിക്കുന്നു. പ്രഭാത ഭക്ഷണത്തിന് സമയം ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ അയാളും പുറത്തിറങ്ങി. നിരനിരയായി പലവിധത്തിലുള്ള കടകൾ. എന്നാൽ ഏറ്റവും അടുത്ത് ഭക്ഷണം വിളന്പുന്ന രണ്ട് ഹോട്ടലുകൾ, പുറത്ത് നിന്ന് ആളുവിളിച്ചു കേറ്റുന്ന ഒരു മലയാളിയും ബംഗാളിയും. അകത്തെ സൗകര്യങ്ങളെപ്പറ്റി വാതോരാതെ വിളന്പുന്നുണ്ട്. ഇത് പോലെ ജീവിത യാത്രയിൽ എത്ര കാഴ്ചകൾ. നാട്ടിലെ കുടുംബം നന്നായി ജീവിക്കാൻ സ്വയം ഉരുകി തീർക്കുന്ന ജന്മങ്ങളിൽ മുഖത്ത് പുഞ്ചിരി ഒട്ടിച്ചു വച്ചിരിക്കുന്നു.
വീണ്ടും ആൾക്കാർ കയറിയപ്പോൾ വണ്ടി കത്തിച്ചു വിട്ടു. ആ നഗരഹൃദയവും വന്ന രാജവീഥിയും ഉപേക്ഷിച്ചു പുതിയ ദിശയിലേക്ക് തിരിഞ്ഞുള്ള യാത്ര അയാൾ ജാലകച്ചില്ലിലൂടെ നോക്കി ഇരുന്നു, അപ്പോൾ സമയം ഒന്പത് മണിയോടെ അടുക്കുന്നുണ്ടായിരുന്നു. റോഡിനിരുവശവും നിരപ്പായ വരണ്ട പ്രദേശം ആയിരുന്നു എങ്കിലും അവിടെ ഇവിടെയായി നിരന്ന് മനോഹരമായ കുടപോലെ വൃത്താകൃതിയിൽ വെട്ടി നിർത്തിയ അധികം പൊക്കമില്ലാത്ത മരങ്ങൾ അയാൾ കൗതുകത്തോടെ ആണ് നോക്കിയത്. ബസ്സ് അതെല്ലാം പിന്നിട്ട് പായുകയാണ്, എത്രയും പെട്ടന്ന് ഓടിയെത്തിയിട്ട് ശ്വാസം വിടണം എന്ന തോന്നൽ ഉണർത്തിയ യാത്ര. അപ്പോഴും കൂടുതൽ യാത്രക്കാർ ഉറങ്ങുകയാണ്, കുറച്ചുപേർ കൈകളിൽ കരുതിയ മൊബൈലിനെ താലോലിച്ചും അതിൽ വിനോദം കണ്ടെത്തിയും കഴിച്ചു കൂട്ടുന്നു.
മൂന്നരക്കുള്ള ബാങ്ക് വിളിയുടെ സമയമായപ്പോൾ അയാൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ വണ്ടി എത്തി. പുറത്തിറങ്ങി, ബസ്സിന്റെ അടിവയറിൽ നിന്ന് അയാളുടെ ബാഗുകൾ കൈക്കലാക്കി, പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. ലക്ഷ്യസ്ഥാനം കണ്ടെത്താൻ അയാൾക്ക് ഇനിയും മുക്കാൽമണിക്കൂറിന്റെ യാത്ര ഉണ്ടായിരുന്നു. അവിടെ നിന്ന് വണ്ടി വരുന്നതും കാത്ത് അയാൾ അടുത്തുള്ള നിഴലുവീണ കടത്തിണ്ണയിലേക്ക് കയറി. പെട്ടന്നാണ്, നിസ്കാരസമയം വിളിച്ചോതുന്ന, പരമകാരുണ്യവാനെ വാഴ്ത്തുന്ന ബാങ്ക് വിളി ഉയർന്നത്. അതിന്റെ പ്രഭവസ്ഥാനത്തേക്ക് അയാൾ കണ്ണയച്ചു. അവിടെ ഉയർന്ന മിനാരങ്ങൾ, പിന്നിൽ വലിയ മല. ഉയർന്നു പറക്കുന്ന പ്രാവിൻക്കൂട്ടങ്ങൾ.
അയാളുടെ മനസ്സ് തലേദിവസം വായിച്ചു തീർത്ത ഖസാക്കിന്റെ ഇതിഹാസത്തിലേക്ക് ഊളിയിട്ടു. മുന്നിൽ അള്ളാപിച്ചാമൊല്ലാക്കയും രവിയും മൈമുനയും കുഞ്ഞാമിനയും ഒപ്പം അപ്പുക്കിളിയും കടന്നു വന്നു. അപ്പോൾ അയാൾക്ക് തോന്നി അത് ഷെയ്ക്ക് തങ്ങളുടെ പള്ളിതന്നെ എന്ന്. അവിടെ തന്നെ കാത്തിരിക്കുണ്ടാകും ഖാലിയാർ എന്നും തോന്നി. പിന്നിൽ ആ വലിയ ചെതലി മലയും. അവിടെ അയാൾ ഖസാക്കിന്റെ ഇതിഹാസം സ്വപ്നം കണ്ടു. ഒരു പക്ഷേ തന്നെ തേടി പത്മ വന്നു പോയോ? അത് ഉള്ളിൽ നിന്ന് ഒരു ചിരിയായി പുറത്തേക്ക് വന്നു. പിന്നിൽ അറബിയിൽ വന്ന പേരുചോദിക്കൽ അയാളെ ദിവാസ്വപ്നങ്ങളിൽ നിന്ന് ഉണർത്തി.
പരസ്പരം പരിചയപ്പെടുന്നതിന് മുൻപ് മുന്നിൽ നിർത്തിയിട്ട വണ്ടിയുടെ കളർ കണ്ടു. അതെ തന്നെ സ്വീകരിക്കാൻ വന്ന വാഹനം. ഡ്രൈവറോട് ഉപചാരം ചൊല്ലി, അയാൾ കടന്നിരുന്നു. ടാറിട്ട റോഡും കടന്ന്, പൊടിപറക്കുന്ന മരുഭൂമിയിലെ ചെമ്മൺ റോഡിലൂടെ അവരുടെ കാർ പാഞ്ഞു. അത് കുണ്ടിലും കുഴിയിലും വീണ് ആകെ കുലുങ്ങി, ഇടക്ക് സ്പീഡ് ബ്രേക്കർ അലാറവും ഉയർത്തി ലക്ഷ്യസ്ഥാനത്തിലേക്ക് കുതിച്ചു.
മുന്നിൽ അന്നത്തെ യാത്രാമൊഴിയും ചൊല്ലി പടിഞ്ഞാറേക്ക് താഴുന്ന സൂര്യൻ മാനത്തെ ചെഞ്ചോര ഛവിയിൽ മുക്കി. അതിന്റെ മനോഹാരിതയിൽ ലയിച്ച് കണ്ണ് മഞ്ചി അയാൾ വശങ്ങളിലേക്ക് നോക്കി. നോക്കാത്ത ദൂരം വരെ പരന്നു കിടക്കുന്ന നല്ല മരുഭൂമി. ഇടയ്ക്കിടയ്ക്ക് ഉള്ള മണൽക്കൂനകളല്ലാതെ ഒന്നും കണ്ണിൽ പെടുന്നില്ല. നാളുകളായി ചെറിയ പുല്ലുകൾ പോലും മുളക്കാത്ത ഭൂമി. മഴയുടെ ദാരിദ്ര്യത്തെ വിളിച്ചു പറയുന്നു. അയാൾ അക്ഷമനായി കാത്തിരുന്നു, അയാളുടെ ലക്ഷ്യസ്ഥാനം എത്തുന്ന നിമിഷങ്ങൾക്കായി.
ക്യാംപിൽ എത്തുന്പോൾ പോക്കുവെയിൽ പാളി വീഴാൻ തുടങ്ങിയിരുന്നു. ക്യാംപ് ഓഫിസിന് മുന്നിലെ ഇടതൂർന്ന തണൽ മരങ്ങളിൽ കുഞ്ഞാറ്റക്കുരുവികൾ താളനിബദ്ധമായി കുറുകി തുടങ്ങിയിരുന്നു. കുറുകുന്ന കാട്ട് പ്രാവുകളും ഒക്കെയായി ഒരു ശബ്ദമുഖരിതമായ അന്തരീക്ഷം. അകത്ത് കയറി, വരവറിയുക്കുന്ന ബുക്കിൽ പേര് കുറിച്ചിട്ട്, മുറിയുടെ താക്കോലും വാങ്ങി. നിർത്തിവച്ച പ്ളൈവുഡിന്റെ ഇരട്ടമുറികൾ ഉള്ള ക്യാബിനുകൾക്കിടയിലെ സിമന്റിൽ തീർത്ത ഒറ്റയടിപാതയിൽ ഉരുളുന്ന ബാഗുകൾ വലിച്ച് കയ്യിലെ താക്കോലിൽ രേഖപ്പെടുത്തിയ നമ്പർ നോക്കി നടന്നു.
ഇനിയും തീർച്ചയില്ലാത്ത നാളുകളിൽ അയാൾക്കായി ഒരുക്കിയ മുറി അതിനിടയിൽ എവിടെയോ കാത്തിരിക്കുന്നു എന്നോർത്തപ്പോൾ ജീവിത യാത്രയുടെ സിനിഗ്ദ്ധതത മുന്നിൽ വായ് പിളർത്തുന്നതുപോലെ തോന്നി അയാൾക്ക്. എല്ലാം മുറിയിൽ അടുക്കിവച്ച് കുളിച്ചു എന്ന് വരുത്തി കിടന്നുറങ്ങുന്പോൾ നേരം സന്ധ്യകഴിഞ്ഞിരുന്നതേ ഉണ്ടായിരുന്നുള്ളു. അന്നത്തെ ദീർഘമായ യാത്ര ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു, പിന്നെ രാവിലെ എഴുനേൽക്കേണ്ടതിന്റെ ആവശ്യകതയും.
അടുത്ത ദിവസം പെട്ടന്ന് പോയി, പുതുദിവസത്തിന്റെ ആലസ്യം, പരിചയപ്പെടൽ, സർവ്വോപരി, ജോലിയിൽ നിന്ന് വിട്ട് നിന്നതിന്റെ ഒരു രസനയും. അന്ന് വൈകുന്നേരം കുളി കഴിഞ്ഞു വന്ന് നേരെ പോയത് മെസ്സിലേക്കാണ്, ആഹാരം കഴിച്ചിട്ട് വീട്ടിലെ പതിവ് സംസാരവും കാര്യപരിപാടികളും കഴിഞ്ഞപ്പോൾ വല്ലാതെ ഇരുട്ടിയിരുന്നു. കുറച്ചു കാലമായി നിർത്തി വച്ച എഴുത്ത് അയാളിൽ പുതിയ സൃഷ്ടിയുടെ പേറ്റുനോവും കൊണ്ട് ചുരമാന്തി. ആ പിറവിയുടെ മധുരമായ നോവിനെ ആസ്വദിച്ച് അയാൾ ഉരപ്പുരയായ ആ പുതിയ ചുറ്റുപാടിൽ മുറിയിലെ മേശക്കടുത്ത് പേപ്പറും പേനയുമായി കുന്തിച്ചിരുന്നു.
നേരം വളരെ വൈകിയെങ്കിലും, ഒന്നും എഴുതി മുഴുപ്പിക്കാൻ അയാൾക്കായില്ല, പലതും പലവുരു എഴുതി നോക്കി, പിന്നെ അതെല്ലാം ചവറ്റുകുട്ടയിലേക്ക് കീറി എറിഞ്ഞു. എന്നിട്ടും ശമിക്കാത്ത ഉള്ളിലെ നോവിൽ പുളഞ്ഞ അയാൾ കസേരയിൽ നിന്ന് എഴുനേറ്റ് റൂമിൽ ഉലാത്തി. പിന്നെ ചുണ്ടിൽ തെരുപ്പിടിപ്പിച്ച സിഗാറുമായി, കൈയിൽ ലൈറ്ററും പിടിച്ചു പുറത്തേക്ക്. പുറം നിശ്ശബ്ദമായിരുന്നു, രാപുള്ളുകളോ രാക്കോഴികളോ ചിലക്കാത്ത നിശ്ശബ്ദമായ രാത്രി. മുകളിൽ വെളുത്തപക്ഷത്തെ ചന്ദ്രൻ നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട് ചിരിതൂകി നിൽക്കുന്നു. വെളുത്ത ചന്ദ്രികയിൽ തിളങ്ങുന്ന മാനത്ത് അങ്ങിങ്ങായി ഒഴുകി നടക്കുന്ന മേഘ ശകലങ്ങൾ, കാറ്റിൽ പറക്കുന്ന പഞ്ഞി കഷ്ണങ്ങളെപ്പോലെ തോന്നിച്ചു. ഇപ്പോൾ അയാളുടെ ഉള്ളിലെ നോവ് കൂടുതൽ ഉണർന്നു. അയാളുടെ ഭാവന ചിറകുവിരിച്ചു തുടങ്ങി, ചുണ്ടിലെ തീ ആഞ്ഞുവലിച്ച് അയാൾ തയ്യാറെടുത്തു.
തിരിച്ചു റൂമിൽ കയറി അയാൾ പേപ്പറിലേക്ക് അക്ഷരകുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടി, എല്ലാം മറന്ന് എഴുതി നിറയ്ക്കുകയാണ് നിലാവിൽ കുളിച്ചുറങ്ങുന്ന ആ രാത്രിയിൽ കുറുക്കന്മാർ ഓരിയിടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നില്ല, പിന്നിൽ അടക്കാൻ മറന്ന ഒരേ ഒരു പുറം വാതിൽ തുറന്ന് അടയുന്നതും. പിന്നിൽ ശക്തിയായി ഉയരുന്ന ചുടു നിശ്വാസങ്ങളും അയാൾക്കന്യമായിരുന്നു. അയാൾ സൃഷ്ടിയുടെ സുഖമുള്ള നോവൽ ലയിച്ച്, പുതിയ രചനയുടെ സുതകർമ്മം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അയാളുടെ തൂലിക പ്രസവിച്ചു കൊണ്ടേ ഇരുന്നു. അവിടെ പുതിയ കാവ്യവും കാമനകളും ഗോചരമാകുന്ന അനർഘനിർഗ്ഗള നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. അയാളുടെ പിന്നിൽ കറുത്ത തുണിയിൽ എന്പാടും മൂടിയഒരു രൂപം കണ്ണുകളിൽ പ്രകാശം നിറച്ച് അയാൾക്കായി കാത്തിരുന്നു.
പിൻ കഴുത്തിൽ വീണ ചൂട് നിശ്വാസമാണ്, അയാളെ എഴുത്തിന്റെ ലോകത്തുനിന്ന് ഉണർത്തിയത്, പിന്നിലെ കറുത്ത രൂപം കണ്ട് അയാൾ ഞെട്ടി തിരിഞ്ഞു. ആ മുറിയിൽ മുഖം മാത്രം നേരിയ തുണിയിലും ബാക്കി കറുത്ത കട്ടിത്തുണിയിലും മൂടിയ അറബി പെൺകുട്ടിയുടെ രൂപം അവനിൽ ഉണ്ടാക്കിയത് ഭയമായിരുന്നു. തൊണ്ടയിൽ തടഞ്ഞ ശബ്ദത്തെ കയ്യിൽ തടഞ്ഞ വെള്ളക്കുപ്പികൊണ്ട് മോചിപ്പിച്ച് അയാൾ ചോദിച്ചു ആരാണ് നീ. എങ്ങനെ ഇതിനുള്ളിൽ വന്നു. അവൾ സാവധാനം അവിടുത്തെ കിടക്കയിൽ അമർന്നിരുന്നു, പിന്നെ അവന്റെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരമായി കൈ വാതിലിന് നേരെ ചുണ്ടി. അവന്റെ ദൃഷ്ടികൾ അങ്ങോട്ടേക്ക് തിരിഞ്ഞു, തുറന്നു കിടന്ന വാതിലിൽക്കൂടി, നിറഞ്ഞ വെൺചന്ദ്രിക അപ്പോഴും അകത്തേക്ക് പ്രവഹിക്കുന്നു. അവനോർത്തു, ശരിയാണ് എഴുതാനുള്ള വെമ്പലിൽ കതകുകൾ ചേർത്തടക്കുന്നത് താൻ മറന്നുപോയിരിക്കുന്നു.
അവളുടെ ശബ്ദം കുറച്ചുള്ള ചിരി അവന്റെ കാതിൽ പ്രതിധ്വനിച്ചു, അതിൽ നിഴലിച്ചത് പരിഹാസമാണ് എന്ന് തോന്നി, അവളുടെ ഭാവം മനസിലാക്കാൻ മുഖം മറക്കുന്ന ആ കറുത്ത തുണി ഒരു തടസ്സമായിരുന്നു. കൈകൾ കിടക്കയിൽ കുത്തി നിവർന്നിരുന്നു അവളുടെ അംഗലാവണ്യം വെളിവാക്കുന്നത് തന്നെ മേലാസകലം മൂടിയ കറുത്ത തുണി. അയാൾ ആദ്യം ഉണ്ടായ പരിഭ്രമം അടക്കി, ഒതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു, ശരി, ആരാണ് നീ, എന്തിന് ഇവിടെ വന്നു. അവളിൽ നിന്ന് അപ്പോൾ ഉയർന്നത് ഒരു പൊട്ടിച്ചിരി ആയിരുന്നു, ആയിരം ചില്ലുഗ്ലാസ്സുകൾ പൊട്ടിച്ചിതറുന്ന വശ്യമനോഹരമായ ചിരി.
അതിന്റെ പരിസമാപ്തിയിൽ അവളുടെ ശബ്ദം ഉയർന്നു, അപ്പോൾ നിനക്കറിയില്ലേ എന്നെ? അത്രയ്ക്ക് പെട്ടന്ന് നീ മറന്നോ? ചോദ്യത്തിൽ നിഴലിച്ചത് ദുഖമോ? പ്രതികാരമോ? അതോ അപേക്ഷയോ? എന്നറിയാൻ കഴിഞ്ഞില്ല അയാൾക്ക്. അയാൾ ചിന്തിച്ചു, എവിടെയും കേട്ട് മറന്നതായി തോന്നിയില്ല ആ ശബ്ദം, ആരാണിവൾ എങ്ങനെ തന്നിലേക്ക് എത്തി ആ ചോദ്യം അവന്റെ മനസ്സിൽ കടന്നൽ കൂടുകൾ ഇളക്കി വിട്ടു.
ചിരിയും ചോദ്യവും കഴിഞ്ഞപ്പോൾ അവൾ ശക്തമായി കിതക്കുന്നത് പോലെ തോന്നി അയാൾക്ക്. ഉയർന്നു താഴുന്ന അവളുടെ ചുമലുകളും മാറും കറുത്ത തുണിയുടെ അടിയിലും സ്പഷ്ടം തന്നെ. അപ്പോൾ അവൾ കിടക്കയിൽ കൈകൾ ശക്തിയായി അമർത്തിയിരിക്കുന്നു, കാലുകൾ ആട്ടികൊണ്ടും ഇരുന്നു. മുറിയിൽ വിലയേറിയ സെന്റിന്റെയും ചന്ദത്തിരിയുടെയും ഗന്ധം നിറഞ്ഞു. അപ്പോഴും തുറന്നു കിടന്ന വാതിലിൽ കൂടി നിലാവ് പരന്നൊഴുകി കൊണ്ട് ഇരുന്നു.
അവൾ ഹിജാബിന്റെ മുന്നിലെ നേരിയ തുണി തലയുടെ പിന്നിലേക്ക് ഉയർത്തി, അയാളുടെ കാഴ്ച മങ്ങിയപോലെ തോന്നി, അതിന്റെ പിന്നിൽ അനാവൃതമായത് അതിസുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖം. അത് കടലാസ്സ് പോലെ വെളുത്തിരുന്നു, ചുവന്ന കപോലങ്ങൾ മൃദുലവും മനോഹരവും ആയിരുന്നു, വളഞ്ഞു ഉയർന്ന നാസിക മുഖത്തിന് സൗന്ദര്യ സങ്കൽപ്പങ്ങളെ മാറ്റി മറിക്കുന്നവ തന്നെ. ചുണ്ടിലെ തോണ്ടിപ്പഴം കിനിക്കുന്നത് ചോരയാണോ എന്ന് തോന്നിക്കുംപോലെ ഈർപ്പം നിറഞ്ഞതായിരുന്നു. ഏത് ബ്രഹ്മചാരിയുടെയും തപസ്സ് ഒരു നിമിഷത്തേക്കെങ്കിലും ഇളക്കുന്ന കാഴ്ചയിൽ മയങ്ങിയ അവന്റെ കണ്ണുകൾ അവളുടെ മിഴിയിണകളുമായി ഇടഞ്ഞു.
ഞെട്ടി തെറിച്ചു കസേരവിട്ട് അവൻ ഉയർന്നത് പെട്ടന്നായിരുന്നു, അവന്റെ ഓർമ്മകളിൽ കഴിഞ്ഞ മാസങ്ങൾ തികട്ടി വന്നു. അതെ ഇത് അവൾ തന്നെ, അതെ വെള്ളാരം കണ്ണുകൾ, സനയിലെ എയർപോർട്ടുവരെ പിന്തുടർന്ന കണ്ണുകൾ. അവ വീണ്ടും തേടി വന്നിരിക്കുന്നു. അവന്റെ രക്തം തിളച്ച് ആവിയായി, തൊണ്ടയിലെ വെള്ളം പിന്നെയും വറ്റി, കൈകൾ മേശയിൽ പരതി. അതിൽ തടഞ്ഞത്, പഴങ്ങൾ മുറിക്കാൻ കരുതിയ കത്തി ആയിരുന്നു. ബാല്യത്തിൽ മുത്തശ്ശി പറഞ്ഞ വാക്കുകൾ അപ്പോൾ ഓർത്തു, പ്രേതങ്ങൾ ഇരുന്പിനെ പേടിക്കുന്നു, കൈയിൽ ഇരുന്പ് വച്ചാൽ അവ അടുക്കില്ല.
അവളുടെ മുഖം അപ്പോഴും ശാന്തമായിരുന്നു, ജ്വലിക്കുന്ന ആ വെള്ളാരം കണ്ണിലെ അഗ്നി മുഖത്തേക്ക് ഏശുന്നതേ ഉണ്ടായിരുന്നില്ല. അവൾ നിർവികാര ഭാവത്തോട് അവന്റെ നേരെ തിരിഞ്ഞു. ശരിയാണ്, അവളുടെ മനോഹരമായതും തീഷ്ണവുമായ ശബ്ദം മുഴങ്ങി. നിനക്ക് മറ്റെന്തിനേക്കാളും യോജിക്കുന്നത് അത് തന്നെ ആണ്, കത്തി, കൊലക്കത്തി. അവളുടെ സുന്ദരമായ ശബ്ദം അവനിൽ നടുക്കമാണ് ഉണ്ടാക്കിയത്. എന്തിനാണ് അവൾ തന്നെ കൊലയാളി എന്ന് വിളിക്കുന്നത്, താനാരെയും കൊന്നില്ലല്ലോ, അവളല്ലേ തന്റെ പിന്നാലെ കുടിയിരിക്കുന്നത്, അവൻ ചിന്തിച്ചു.
അവിടെ ഇരിക്കുക, അവളുടെ ശബ്ദം പൊങ്ങി, അവൻ അവളെ സൂക്ഷിച്ചുനോക്കി, അവളുടെ ഭാവം ഇപ്പോൾ ആർദ്രമാണ്, അവിടെ തിളക്കുന്ന അഗ്നി ഇല്ല, എങ്കിലും കണ്ണുകളെ നേരിടാൻ അവന് കഴിയുമായിരുന്നില്ല. കസേര അൽപ്പം കൂടി പിന്നിലേക്കിട്ട് അതിൽ ചടഞ്ഞിരുന്നു, അഥവാ അവസരം വന്നാൽ തുറന്ന വാതിലുടെ ഓടി രക്ഷപെടാൻ പാകത്തിലാണ്, കസേര അവൻ നീക്കി ഇട്ടത്. അവളുടെ ഭാവാദികൾ വീക്ഷിച്ച് അയാൾ ഇരുന്നു. അവൾ ഇപ്പോൾ എന്തോ ആലോചിക്കുകയാണ്, അയാളെ അടിമുടി പഠിക്കുകയാണോ എന്ന് സംശയിക്കുന്ന മാതിരി അവളുടെ വെള്ളാരം കണ്ണുകൾ അയാളെ ഉഴിഞ്ഞു. അപ്പോഴും അയാളുടെ കൈയിൽ ആ കത്തി മുറുകി പിടിച്ചിരുന്നു.
നിനക്കറിയുമോ ആ കിളിയെ, അവളുടെ ചോദ്യം ഉയർന്നത് പെട്ടന്നാണ്,
അയാൾ എന്ത് കിളി, ഏത് കിളി എന്ന് അന്പരന്നിരുന്നു.
അവൾ അവളുടെ മധുരവും എന്നാൽ ഗൗരവവും നിറഞ്ഞ ശബ്ദത്തിൽ തുടർന്നു. ഞാൻ യുഗങ്ങളായി നിന്നെ അല്ല നിന്റെ വംശത്തെ പിന്തുടരുന്നു. ഒരു പക്ഷേ നീ മറന്നിരിക്കാം, എനിക്ക് അല്ല ഞങ്ങൾക്ക് മറക്കാൻ കഴിയില്ല. നിനക്കറിയില്ലേ ആ ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നായ ആ പെൺകിളിയെ. അറിയാതിരിക്കാൻ പറ്റില്ലല്ലോ? ആദികവി തന്റെ തൂലിക കൊണ്ട് നിർദ്ധയം കൊന്നുകളഞ്ഞ പാവം ഇണക്കിളിയെ. അന്ന് മുതൽ നിന്റെ വംശം തുടങ്ങിയതാണ് ഈ നിഷ്ട്ടൂരമായ കൊലപാതകം. അന്ന് മുതൽ ഇന്ന് വരെ നിന്റെ വംശം അത് ആവർത്തിക്കുന്നു, ആണെഴുത്തിന്റെ ധർഷ്ട്യം. നിങ്ങൾ അങ്ങനെ എത്രപേരെ കൊണ്ടിരിക്കുന്നു, എത്രപേരെ ക്രൂരമായി പീഡിപ്പിക്കുന്നു, എന്നും എവിടെയും എല്ലാ പൈശാശികതക്കും നിങ്ങൾ സത്രീയെ മാത്രം തിരഞ്ഞെടുക്കുന്നു. പുരുഷന്റെ ക്രൂരത അടിച്ചേൽപ്പിച്ച് അവസാനിപ്പിക്കുന്നു. നിർത്തരാറായില്ലേ ഇതെല്ലാം.
അവളുടെ ശ്വാസം ദ്രുതഗതിയിൽ ആയി, അതിൽ അവളുടെ ശരീരം അതിശക്തി ആയി കുലുങ്ങി. അവൾ കൈകൾ കിടക്കയിലും കാലുകൾ നിലത്തും അമർത്തി അവളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പാടുപെട്ടു. അയാളുടെ ശരീരം ഭയത്താൽ ചകിതമായി, എങ്ങും വിയർപ്പ് പൊടിഞ്ഞു. നേരിയ കുളിർമയുള്ള ആരാത്രിയിലും പിന്നിൽ മൂളുന്ന എസിയുടെ ശീതീകരിച്ച അതിനെ തടുക്കാൻ കഴിഞ്ഞില്ല. അൽപ്പം കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റു നിന്നു. അവന് ഇറങ്ങി ഓടാനാണ് തോന്നിയത്, പക്ഷേ കാലുകൾ സ്തംഭിച്ചിരുന്നു. അവൾ ആദ്യമായി അവളുടെ ഹിജാബ് വലിച്ചൂരി, അയാൾ അവിടെ പ്രതീക്ഷിച്ച കറുത്ത് സമൃദ്ധമായ ചുരുൾ മുടികൾക്ക് പകരം ശുന്യതയായിരുന്നു. തലയിൽ ചോര പൊടിഞ്ഞു കട്ടപിടിച്ചിരുന്നു.
അവൾ തുടർന്നു, നിനക്ക് തോന്നുന്നുണ്ടാകും, മുടിയിഴകൾ എവിടെ എന്ന്, അവൾ അയാളുടെ മനസ്സ് വായിച്ചപോലെ പറഞ്ഞു. അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. അതും ആദികവി പിഴുതെടുത്തു, ആ ഗർത്തത്തിലേക്ക് ചാടിച്ചു കൊണ്ട്. അവന്റെ മാസികയിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് പോയി, അവൻ ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു. പിന്നെ അവൾ ചെയ്തത്, അവളുടെ കറുത്ത മേൽക്കച്ച അയയ്ക്കുകയായിരുന്നു. അവിടെ തെളിഞ്ഞത് ഇറുകിപിടിച്ച മാറ്റച്ചട്ടയായിരുന്നു, അതവളെ നല്ല യോദ്ധാവിന്റെ ഭാവാദികളിൽ എത്തിച്ചു. ശരിക്കും മികവുതെളിയിച്ച പോരാളിയെപ്പോലെ അവൾ നിവർന്നു നിന്നു.
പൊടുന്നനെ മാറ്റച്ചട്ടകളിൽ മുറിപ്പാടുകൾ തെളിഞ്ഞു, അതിൽ നിന്നും ചോര കിനിഞ്ഞു, അയാൾ അവളെ തിരിച്ചറിഞ്ഞു. ജോൻ ഓഫ് ആർക്ക്, ഇപ്പോൾ അവൾ പോരാടുകയാണ്, പടർക്കളത്തിൽ അവളുടെ അവളുടെ ഖഡ്ഗത്താൽ അരിഞ്ഞു വീഴത്തപ്പെടുന്ന പടയാളികളുടെ കബന്ധങ്ങൾ നിരക്കുന്നു. അവൾ അക്ഷീണം പോരാടുകയാണ്, അവളുടെ കുതിര അവൾക്കൊപ്പം നിറഞ്ഞാടുന്നു. അവളിൽ സ്ത്രൈണതയുടെ നിഴലുകൾ പോലും കാണാൻ കഴിയുന്നില്ല. തികഞ്ഞ പോരാളിയെപ്പോൽ തകർത്താടുന്ന സേനാനായകൻ തന്നെ.
അവളെ അന്ഗ്നിനാളങ്ങൾ വിഴുങ്ങിയത് പെട്ടന്നായിരുന്നു, കുതിരയുടെ കുളന്പിൽ നിന്ന് കയറിവന്ന ആ നാളങ്ങൾ അവളെ ഒന്നാകെ വിഴുങ്ങുന്നത് നിസ്സഹായനായി നോക്കി നിന്നു. അവളുടെ മാർച്ചട്ടയിലെ മുറിവികളിൽ മാംസം വെന്ത് വിടർന്നു, ആ ഭീഭത്സത കണ്ടു നിൽക്കാനാവാതെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു. അപ്പോഴും അവൻ കേട്ടു അവളുടെ പക നിഴലിക്കുന്ന കിതപ്പുകൾ അത് അവളെ കൂടുതൽ ക്രുദ്ധയാക്കുന്നുണ്ടായിരുന്നു.
അവളുടെ ശബ്ദം കാതിനെ ഉണർത്തിയപ്പോൾ അയാൾ കണ്ണുകൾ തുറന്നു. ഇപ്പോൾ അവൾ ഏതോ പ്രൗഢമായ രാജസദസ്സിൽ ആണ്. അവളുടെ വേഷം ഒരു രജസ്വലക്ക് സമയമായിരുന്നു. ചുറ്റും നിരന്നിരിക്കുന്ന മഹാരഥന്മാർ, സിംഹാസനങ്ങളെ അലങ്കരിച്ച് നിസംഗരായി ഇരിക്കുന്നു. സദസ്സിൽ അവളുടെ ഉടുപുടവ അഴിക്കാൻ ശ്രമിക്കുന്ന കരുത്തനായ പുരുഷൻ, അവൾ ഈശ്വരനെ വിളിച്ചു കേഴുകയാണ്, അവിടെ അട്ടഹാസം മുഴക്കുന്ന രാജാക്കന്മാരും, അത് കേട്ട് തലകുനിച്ചു നിൽക്കുന്ന ഭർത്താക്കന്മാരും. അവൾ ചോദിച്ചു, അവൾ കൃഷ്ണ.. അവളെ സൃഷ്ടിച്ചതും തൂലികൾ അല്ലേ, എന്നും സ്ത്രീയെ സ്ത്രീത്വത്വത്തിനെ അപമാനിക്കാൻ ധൃതി കാണിക്കുന്ന നിങ്ങളുടെ തൂലികകൾ. അവയെ ഇപ്പോൾ കൊലക്കത്തിപോലെ ഞാൻ വെറുക്കുന്നു.
അവൾ പരുഷമായി ചോദിച്ചു, നിങ്ങളല്ലേ സലോമിയെയും സ്നാപക യോഹന്നാനെയും സൃഷ്ട്ടിച്ചത്, അഥീനെയും പ്രോമിത്യുസ്സിനെയും എഴുതി ഉണ്ടാക്കിയത്. നിങ്ങൾ ദമയന്തിയെയും ശകുന്തളേയും വിരഹിണികളും ദുഃഖപുത്രികളും ആക്കിയത്. സ്ത്രീയുടെ മുഖപടം തന്നെ അഴിച്ചു. അവളെ അഭിസാരികയും ചതിയുടെയും കുതന്ത്രത്തിന്റെയും പ്രതിരൂപമാക്കി. നിങ്ങൾ ചരിത്രത്തെ തന്നെ നിരാകരിച്ചു. ജൈവീകചോദന പുരുഷന്റെ കുത്തകയാക്കി, നിങ്ങൾ നിരന്തരം അവളെ അപമാനിച്ചു. അന്നേ കരുതിയതാണ് ഒരിക്കൽ എങ്കിലും പ്രതികാരം ചെയ്യണം എന്ന്. ഞാൻ ആ സ്ത്രീകഥാപാത്രങ്ങളുടെ എല്ലാം പ്രതിനിധി. അവളുടെ വെള്ളാരം കണ്ണുകൾ അഗ്നിയുടെ പ്രഭവസ്ഥാനമായി ജ്വലിച്ചു. അതിൽ നിന്ന് തീപ്പൊരികൾ തെറിച്ചു വീണു.
അപ്പോൾ ദുരത്തെവിടെയോ കുറുനരികൾ ഓരിയിടുന്നതും കൂമനും രാക്കോഴികളും ചിറകടിക്കുന്നതും അവന്റെ കാതിൽ വന്നലച്ചു. പുറത്തെ ചന്ദ്രികയുടെ തെളിച്ചം ആവാഹിച്ച ഒരു തണുത്ത കാറ്റ് അവനെ തഴുകിപ്പോയി. മുന്നിലെ പെൺകുട്ടി അപ്പോൾ അവളുടെ കറുത്ത വേഷം പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. സ്വാത്രന്ത്ര്യത്തിന്റെ അന്തവിഹായസിനെ സൂചിപ്പിക്കുന്ന ഇളം നീല വസ്ത്രത്തിൽ അവൾ തിളങ്ങി നിന്നു. അവളെ തഴുകി, നിലാവിന്റെ വെള്ളിവെളിച്ചം പ്രഭ പൊഴിച്ചു. എങ്കിലും അവളുടെ വെള്ളാരം കണ്ണുകൾ ക്രൗര്യം കൊണ്ട് തുടുത്തിരുന്നു, അവളുടെ കിതപ്പിന്റെ ആരോഹാവരോഹണം സിംഫണിപോലെ ഉയർന്നു താണു.
നേരം പുലർന്നപ്പോൾ ബംഗാളി റൂംബോയ് റൂമുകൾ ക്ളീൻ ചെയ്യാനും അന്തേവാസികളുടെ മുഷിഞ്ഞ തുണികൾ ലോണ്ടറിയിൽ എത്തിക്കാനും കടന്നു വന്നു. അപ്പോൾ എല്ലാരും ജോലിക്കായി പോയിക്കഴിഞ്ഞിരുന്നു. വിജനമായ ക്യാന്പ് ഏരിയയിൽ ക്യാന്പിൽ ജോലി ചെയ്യുന്ന ചിലർ മാത്രം. ബംഗാളിയുടെ നിലവിളി ഉയർന്നത് പെട്ടന്നായിരുന്നു. അയാളുടെ മുറിയുടെ മുന്നിലെ വാതിലിന്റെ വിടവിൽക്കൂടി അപ്പോഴും ചോര ചാലിട്ട് ഒഴുകുകയായിരുന്നു. അതിൽ ഈച്ച ആർക്കുന്നതും കണ്ട് എല്ലാരും തരിച്ചു നിന്നു. തുറന്ന മുറിയിൽ നെഞ്ചിലെ ചെറിയ കത്തി മുറുകെ പിടിച്ചു അയാൾ ആരെയോ കാത്ത് കിടക്കും പോലെ നിലത്ത് നിവർന്നു കിടന്നു. ആർക്കും ഉത്തരം കൊടുക്കാൻ കഴിയാത്ത പ്രഹേളിക പോലെ.
Comments
Post a Comment