സലോമിയും മുന്തിരിവള്ളിയും

സലോമിയും മുന്തിരിവള്ളിയും 


അവൾ മുന്തിരിച്ചാറ് കുടിച്ച് ഉന്മത്തയായിരുന്നു. അനുഭൂതികളുടെ പൂനിലാവിൽ ഒഴുകി, നറുപാൽ വെട്ടം കൊണ്ട് അലംകൃതമായ ആ പൗർണ്ണമി തിങ്കൾ വിലസിയ നിശീഥിനിയിൽ ദൂരേക്ക് നോക്കി നിന്നു. അവൾ അടിമുടി പൂത്തുലഞ്ഞു, അത്രയ്ക്ക് മുന്തിരിച്ചാർ അകത്താക്കിയിരുന്നു. അവളുടെ കപോലങ്ങൾ വെള്ളി വെളിച്ചത്തിൽ തിളങ്ങി. പ്രണയം പെയ്യും ആ രാത്രിയിൽ മരങ്ങൾ മഞ്ഞ് പൊഴിച്ചും രാപ്പാടികൾ ഈണം ഉതിർത്തും അവളെ ഉന്മാദത്തിൽ ആഴ്ത്തിയപ്പോൾ സോളമൻ ഉറങ്ങുകയായിരുന്നു. 


മുന്തിരിക്കുലകൾ തൊങ്ങലുകൾ ചാർത്തിയ ഏദൻത്തോട്ടം അവളെ കൂടുതൽ ലഹരിപിടിപ്പിച്ചു. അവൾ അതിന്റെ മനോഹാരിതയിൽ ഇറങ്ങി നടന്നു. എങ്ങും സിംഫണി തീർക്കുന്ന ചീവീടുകൾ, അവളുടെ ഇന്ദ്രിയങ്ങളിൽ ബീഥോവന്റെ രാഗമഴയുടെ ആയം തീർത്തു. അവൾ അതിന്റെ നിമ്നോന്നതയിലേക്ക് ഇറങ്ങി നടന്നു. അപ്പോൾ എവിടെയോ ബൈക്കിന്റെ കടകട ശബ്ദം പിശാചിന്റെ പ്രലോഭനങ്ങളെ സ്ത്രീയിൽ പാരന്പര്യത്തിന്റെ ഗീതകം പാടി ഉണർത്തി. 


എങ്കിലും സലോമി മുന്തിരിച്ചാറിന്റെ ലഹരിയിൽ നീന്തി തുടിച്ചു. അവളുടെ വക്ഷസ്സുകൾ ഉയർന്നിരുന്നു, അതിൽ പ്രണയത്തിന്റെ കാവ്യങ്ങൾ ഉരുവിടുന്ന വക്ഷോജദ്വന്ദങ്ങൾ. അവൾ പിന്നെയും നടന്നു, ആ നിശയുടെ സൗന്ദര്യത്തിൽ മുഴുകി, കാല്പനികതയുടെ കാവ്യനീതിയിൽ അഭിരമിച്ച് സ്ത്രൈണതയുടെ നിലയില്ലാ കയത്തിൽ പ്രകൃതിയുടെ ചോദനയെ  ഉദ്ദിപിപ്പിച്ചുകൊണ്ട്. സോളമൻ അപ്പോഴും നിദ്രയിൽ ആയിരുന്നു. ആ ഏദൻത്തോട്ടം അപ്പോഴും എല്ലാം കണ്ട് പുഞ്ചിരിച്ചു. 


ആ രാത്രിയിൽ അവൾ ഏകയായിരുന്നു, അവളുടെ സ്വപ്നങ്ങളിൽ മുന്തിരിയുടെ ലഹരി കൂടുതൽ കൂടുതൽ കനലുകൾ കോരിയിട്ടു. അവൾ അതിൽ ജ്വലിച്ചു. അതിന്റെ ചൂട് പടർന്ന് സിരകൾ വിഭ്രംജിച്ചു. മനസ്സിൽ മോഹങ്ങളുടെ മാടപ്പിറാവുകൾ ചിറകടിച്ചുയർന്നു. അവിടെ പച്ചമുന്തിരി തെളിഞ്ഞു വന്നത് പെട്ടന്നായിരുന്നു. അവളെ മുന്തിരിക്കുല മാടിവിളിച്ചു. അതിന്റെ മാധുര്യം മനസ്സിൽ തെളിഞ്ഞപ്പോൾ കൈകൾ അതിലേക്ക് അടുത്തു. 


പിശാചിന്റെ പ്രലോഭനങ്ങളിൽ വിലക്കപ്പെട്ട കനി തേടിയത് അവൾ അറിഞ്ഞില്ല. അവൾ അതിൽ പതിയെ തഴുകി. ഭക്ഷിക്കാനായി കൈകളിൽ എടുത്ത് മുഖത്തേക്ക് അടുപ്പിച്ചു. പക്ഷേ മുന്തിരി വള്ളികൾ അവളെ തടയുകയായിരുന്നു. എന്നാലും അവൾക്ക് ആഗ്രഹം അടക്കാൻ കഴിഞ്ഞില്ല, പഴങ്ങൾ മുറിക്കുന്ന കത്തി ഓർമ്മയിൽ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല, കയ്യിൽ തടഞ്ഞ കത്തി എടുത്ത് മുന്തിരിവള്ളിയെ ആഞ്ഞു വെട്ടി. 


മുഖത്ത് തെറിച്ച മുന്തിരിച്ചാറ് അപ്പോഴും ഉണങ്ങിയിരുന്നില്ല, പിന്നിലെ രോദനങ്ങൾ ചകിതയാക്കിയപ്പോൾ അവൾ ഇറങ്ങി ഓടി, നഷ്ട്ടപെട്ട ഏദൻതോട്ടവും പറുദീസയും മറന്ന് നിർത്താതെയുള്ള ഓട്ടം. സലോമി അവൾ ഓടുകയാണ്, ഇന്നും പക്ഷേ വിലക്കപ്പെട്ട കനി അവൾക്കൊരു  ബലഹീനതയാണ്. പിൻവിളികളുമായി അത് അവളെ പിന്തുടന്നു കൊണ്ടേ ഇരുന്നു.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ