അപഥസഞ്ചാരം...
അപഥസഞ്ചാരം...
ആ പാടവരന്പിന്റെ സുഖശീതളിമയിലൂടെ പ്രഭാതത്തിലുള്ള നടത്തം ദേവൻ മുതലാളിയിൽ ഒരു പുതിയ ഉന്മേഷം കൊണ്ടുവന്നു.... എങ്ങും എവിടെയും പാടശേഖരങ്ങളിൽ പൂത്തുനിൽക്കുന്ന കറുകപുല്ലിന്റെ പച്ചപ്പിൽ ശോഭിതമാണ് ആ ഗ്രാമം... ഇടയ്ക്കിടയ്ക്ക് അഗാധമായ കുഴികളിൽ ആ ഡിസംബറിന്റെ തണുപ്പുള്ള വരൾച്ചയിലും കെട്ടി നിൽക്കുന്ന വെള്ളം. അതിൽ കളിച്ചു പുളക്കുന്ന മാനത്തുകണ്ണികളും ചെറുമീനുകളും അവിടെ പായലുകൾ കാണ്മാൻ തന്നെ ഇല്ല...
കാൽചുവടുകളെ തഴുകി പോകുന്ന പുൽനാന്പുകളിലെ മഞ്ഞുതുള്ളികൾ പകരുന്ന ചെറിയ തണുപ്പിൽ കാൽപാദം മാത്രമായിരുന്നില്ല മുഴുകിയത്. ആ തരിപ്പ്a കടന്ന് കയറിയപ്പോൾ നെറുകയിലെ രോമം പോലും എഴുന്നു വന്നു.. അപ്പോൾ അയാൾ ഓർത്തു.. താൻ ഇതിനായി എത്ര കൊല്ലങ്ങൾ കാത്തിരുന്നു... അതിൽ ആദ്യം പലായനങ്ങളുടെ അശിനിപാതം തിരിയിട്ട നാളുകൾ ആണെങ്കിൽ പിന്നെ പിടിച്ചു നിൽപ്പിന്റെ പോരാട്ടം നൽകിയ തളർച്ച ഉണ്ടായിരുന്നു..
കാലുകൾ ഉറപ്പിക്കാം എന്നായപ്പോൾ ആശ്വസിച്ചു... ഇനി പിടിച്ചു കയറണം.. കയറേണ്ടത് ചെറിയ പർവ്വതം ആയിരുന്നില്ല എന്ന് ഇപ്പോൾ ഈ ഉയരത്തിൽ നിന്നും പിന്നിലെ അഗാധതതയിലേക്ക് തുറിച്ചു നോക്കുന്പോൾ മനസിലാക്കുന്നു... ഒരു പക്ഷേ അന്ന് അത് മനസ്സിലാക്കിയെങ്കിൽ തിരിഞ്ഞോടിയേനെ... ആയിരങ്ങൾ ഇടറിവീണ പാതയിൽ ഒരാൾകൂടി.... നിയതി തിരിഞ്ഞു നിന്ന് തുപ്പാൻ പോലും ശ്രമിക്കാതെ കടന്നു പോകുമായിരുന്നു....
കുറവൻകോളനിയിലെ നീലിയുടെ മകൻ ജയദേവന് ജന്മം കൂട്ട് നൽകിയത് സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള കരണ്ടി ആയിരുന്നില്ല... സപ്രമഞ്ച കിടക്ക പോയിട്ട് വിരിച്ചു കിടക്കാൻ തഴപ്പായപോലും ഉണ്ടാവാതിരുന്ന ബാല്യം... മറ്റ് കുട്ടികൾ അച്ഛാ എന്ന് കൊഞ്ചി കൈകളിൽ തൂങ്ങി നടക്കുന്നത് കാണുന്പോൾ തന്റെ അച്ഛൻ എന്ന് വരും എന്ന ചോദ്യത്തിന് അമ്മയുടെ വിളറിയ പുഞ്ചിരി മാത്രമായിരുന്നു മറുപടി... ഇല്ലായ്മകളും വല്ലായ്മകളും വറുതിയും നിറഞ്ഞ ബാല്യവും... ചാണകവും മണ്ണും മെഴുകിയ നിറച്ചാർത്തില്ലാത്ത തിണ്ണയിൽ കിടന്നുരുണ്ടു തീർക്കുന്ന കാലങ്ങളും മനസ്സിൽ നിറഞ്ഞപ്പോൾ കണ്ണുകളുടെ കോണിൽ ജലകണം ഇറ്റിയത് അയാളെ ബോധവാനാക്കിയില്ല...
ദേവൻ മുതലാളി കാൽ നടക്കാ൪ അവഗണിച്ച ആ ഒറ്റയടി നടവരന്പിൽ കൂടി കാലുകൾ നീട്ടി വച്ച് നടന്നു.. പുല്ലുകൾക്കിടയിൽ നിന്ന് പുൽച്ചാടികളും ചെറിയ തവളകളും പാടത്തേക്ക് ചാടി മറഞ്ഞു... വരന്പിന്റെ അടിയിൽ മാളം തീർക്കുന്ന ഞണ്ടുകളെയും നത്തക്കയുടെയും ഓർമ്മകളിൽ മനസ്സ് ഉടക്കി അയാൾ വിദൂരതയിലേക്ക് നോക്കി... അങ്ങ് ദൂരെ ഒഴുകി പോകുന്ന കരിപ്പുഴ തോടിന്റെ ഇന്നത്തെ ഭാവം അസഹ്യമായ ദുർഗന്ധം വമിപ്പിക്കുന്ന കടോരത തന്നെ...
കാലങ്ങൾക്ക് പിന്നിൽ ഓണാട്ടുകരയുടെ സാർത്ഥവാഹനം നിർവഹിച്ചിരുന്നു ആ കൈതോടുകൾ... അതിൽ കൂടി രാത്രികളിൽ മുനിഞ്ഞു കത്തുന്ന ചിരാതുകളുമായി ഒഴുകി നീങ്ങിയിരുന്നു ചെറിയ കേവ് വള്ളങ്ങൾ നാടിൻറെ ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും കയറ്റിറക്കുകളുമായി തുഴഞ്ഞിരുന്നു എന്നയാൾ ഓർത്തു... അവിടേക്ക് റോഡുകളും അതിൽ വലിയ വാഹനങ്ങളും നിറഞ്ഞപ്പോൾ മരിച്ചു വീണത് ഭൂമിയുടെ ഇത്തരം സിരകളും ധമനികളും തന്നെ... മനുഷ്യന്റെ വേഗത തീർക്കുന്ന തിരയിളക്കങ്ങളിൽ മരിക്കുന്ന പ്രകൃതിയും അതിന്റെ വിശുദ്ധിയുമാണ് എന്നയാൾ ചിന്തിച്ചു... ഇവിടെ ഒന്ന് ആശ്വസിക്കാം... കെമിക്കലുകൾ അവളെ വിഴുങ്ങിയില്ലല്ലോ...
തോടിന്റെ ഓർമ്മ കുഞ്ഞു ദേവന് നൽകിയത് ജീവിതത്തിൽ എന്നും മറക്കാൻ ശ്രമിക്കുന്ന വേദനകൾ മാത്രം... എന്നും അന്തിക്ക് അമ്മയെ കെട്ടിപ്പിടിച്ചു ആ സുഖമുള്ള ചൂടിൽ തലചായ്ച്ചു ഉറങ്ങാൻ കിടക്കുന്ന അവന് ഉറക്കത്തിന്റെ അഗാധതയിൽ എപ്പഴൊ ആ ചൂട് നഷ്ടപ്പെടുന്നു എന്ന് തോന്നിയിരുന്നു... പുലരിയിൽ ചുറ്റും പൊതിയുന്ന തണുപ്പിൽ അമ്മയെ തേടുന്പോൾ അടുക്കള ചരുവിൽ പത്രങ്ങൾ അനങ്ങുന്നത് അവന് കേൾക്കാമായിരുന്നു... ചിരിക്കുന്ന തെളിഞ്ഞ മുഖവുമായി ചൂട് കട്ടൻചായ പകരുന്ന വാത്സല്യമായി അവർ അടുത്തുവരുന്നതും കാത്ത് അവൻ കണ്ണ് ഇറുക്കി അടച്ചു കിടക്കും...
അന്ന് അനക്കങ്ങൾ കേട്ടില്ല... കട്ടൻചായയുടെ ചൂട് അവനെ തേടി വന്നുമില്ല... പുലരി കതിരോൻ ഉയരങ്ങളിലേക്ക് കയറിയപ്പോൾ അവൻ അറിഞ്ഞു അവന്റെ അമ്മയുടെ ചിരിച്ച മുഖം ഇനിയില്ല എന്ന്... അങ്ങ് അകലെ കരിപ്പുഴ പുഞ്ചയുടെ നടുവിൽ തോട്ടിൽ കണ്ണുകൾ തുറിച്ചു, അരയറ്റം വെള്ളത്തിൽ പകുതി അനാവൃതമായി കിടന്നത് തന്റെ നീന്തൽഗുരുവായ അമ്മ അല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ എന്നും ശ്രമിച്ചിരുന്നു... ആ കുഴി മാടത്തിൽ ഇത്തിരി പച്ച മണ്ണ് പിഞ്ചുകൈയ്യാൽ തോണ്ടി എറിയുന്പോൾ തന്നെ കാത്തിരിക്കുന്നത് പലായനത്തിന്റെ നാളുകൾ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല....
ഓട്ടമായിരുന്നു നാടുകളിൽ നിന്ന് നാടുകളിലേക്ക്... ഭാഷകളിൽ നിന്ന് ഭാഷകളിലേക്കും പിന്നെ ജനപഥങ്ങളിലേക്കും... സംസ്കാരങ്ങളിൽ നിന്ന് സംസ്കാരത്തിലേക്കും... തോൽക്കുവാൻ ഇനി അവസരങ്ങൾ ഇല്ല എന്ന തിരിച്ചറിവും... അമ്മയുടെ അവസാനത്തെ തുറിച്ചുള്ള നോട്ടവും അതിന് ത്വരിത വേഗം നൽകി... തെരുവുകളിൽ നിന്ന് തിണ്ണയുടെ സുരക്ഷിതത്തിലേക്ക് കയറാൻ തന്നെ വർഷങ്ങൾ... പിന്നെ മോഹങ്ങളും മോഹവല്ലരികളും പൂക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു നിൽക്കാൻ തോന്നിയില്ല... പിടിച്ചടക്കലിന്റെയും കടന്നുകയറലിന്റെയും പർവ്വങ്ങളിലൂടെ ജയദേവൻ... ദേവൻ മുതലാളിയായി പരിണമിച്ചു...
അന്നെല്ലാം മനസ്സിൽ കൂടുകൂട്ടിയതാണ്... ധനുമാസത്തിലെ പുലരികളും അവിടെ പുന്നെല്ലിൻറ്റെയും പൂക്കളുടെയും മണവും പേറി നിൽക്കുന്ന പുഞ്ചവയലുകളും അവക്കിടയിൽ പാടവരന്പുകളും... നെല്ലോലയുടെയും കതിരിന്റെയും ഇടയിലൂടെ തഴുകുന്ന മന്ദമാരുതന്റെ ഇക്കിളിപ്പെടുത്തലിൽ കൊഞ്ചുന്ന വയലേലകളുടെ ശബ്ദം തന്നെ ആണ് അയാളെ എന്നും പിൻവിളി വിളിച്ചിരുന്നത്... അമ്മയുടെ ശരീരം അഴുകി തീർന്ന മണ്ണിനെ വെറുക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല... അവിടുത്തെ വൃത്തികെട്ട മാമൂലുകളെയും മനുഷ്യരെയും വെറുത്തിരുന്നെങ്കിൽക്കൂടി...
ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രം... തരിശായി കറുകകൾ മാത്രം നിറഞ്ഞ വയലേലകൾ... ഞാറ്റുവേലയും നാടൻപാട്ടും മുഴങ്ങുന്നത് പഴയ മനസ്സുകളുടെ പുറംപോക്കുകളിൽ..... ഓണവും വിഷുവും പാക്കറ്റുകളിൽ നിറച്ചു അന്യനാട്ടുകാർ കൊണ്ട് തരുന്പോൾ ആർത്തിയോടെ അവന്റെ വിഴുപ്പുകളെ അകത്താക്കുന്ന മനസ്സുകളിലും ശരീരങ്ങളിലും നിറയുന്നത് അർബുദത്തിന്റെ അണുകേന്ദ്രങ്ങൾ... പുഴകളിൽ മാനത്തുകണ്ണികൾ പോലും ചത്തു മലക്കുന്നു... വെന്ത ശരീരവുമായി ജീവിക്കുന്ന മനുഷ്യനും മൃഗങ്ങളും മത്സ്യങ്ങളും നിറയുന്ന നാട്...
ദേവൻ മുതലാളിക്ക് തോന്നി വിളിച്ചു കൂവണം എന്ന്... തോടിന്റെ കരയിൽ അമ്മ ചത്തു മലച്ചു കിടന്നിടത്ത് നിന്ന്... ഞാൻ നീലിയുടെ മകൻ ജയദേവൻ..... അയാൾക്കറിയാമായിരുന്നു.. അത് കേട്ട് ആരും അവിടേക്ക് എത്തില്ല എന്ന്.... പച്ചപ്പും ജലവും ജീവികളും നിറഞ്ഞ ആ നാട്ടിൽ നിന്ന്.. മനുഷ്യ൯ വറുതിയും ചൂടും മണൽക്കാടുകളും നിറഞ്ഞ മരുപ്പച്ച എന്ന അക്കരപച്ചത്തേടി കടന്നുപോയിരിക്കുന്നു... ഇന്ന് ഇവിടം വെറും ശവപ്പറന്പുകൾ മാത്രം... ത്വരയുടെ ധ്വരയേ തേടി... കവാത്തുകൾ മറന്ന് പിന്തുടരുന്ന ഒരു ജനതതിക്ക് ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ...
Comments
Post a Comment