ഭക്തിയും യുക്തിയും പിന്നെ വിഭക്തിയും ചില വിരുദ്ധ ചിന്തകൾ .

ഭക്തിയും യുക്തിയും പിന്നെ വിഭക്തിയും ചില വിരുദ്ധ ചിന്തകൾ .

നിരീശ്വരവാദികളായ ചിലരെങ്കിലും വിശ്വസിക്കുന്നു, തങ്ങൾ യുക്തിവാദികൾ ആണ് എന്ന്. അല്ലെങ്കിൽ നിരീശ്വരവാദികൾ തന്നെ ആണ് യുക്തിവാദികൾ എന്ന് സമൂഹം ചില തിട്ടൂരങ്ങൾ ചാർത്തികൊടുക്കുന്നു. എന്നാൽ ഇത് സത്യമാണോ? അപ്പോൾ ഈ ഭക്തർ യുക്തി ഇല്ലാത്തവരാണോ?. അതും അല്ലെങ്കിൽ ഭക്തിയും യുക്തിയും വിരുദ്ധ ധ്രുവങ്ങളിൽ ചരിക്കേണ്ട ചിന്താശകലങ്ങളോ? ഇതെല്ലാം സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങൾ തന്നെ. എന്നാൽ എനിക്ക് തോന്നുന്നത് വേറെ ഒരു കോണിൽ നിന്നുള്ള കാഴ്ചയാണ്... ഭക്തിയും ഭൗതികവാദവും. അല്ലെങ്കിൽ ഈശ്വരചിന്തയും നിരീശ്വര ചിന്തയും എല്ലാം യുക്തി ചിന്തയുടെ ഭാഗമാണ് എന്നതാണ് അത്.

സ്വന്തം മുന്നിൽ ഒരു വസ്തു അല്ലെങ്കിൽ കാഴ്ച അതും അല്ലെങ്കിൽ ഒരു സംഭവം ഗോചരമായാൽ, അതിന്റെ സാംഗത്യത്തെ പറ്റി പറയുക അല്ലെങ്കിൽ ചിന്തിക്കുക എന്നത് സാധാരണം. അൽപ്പം കഴിയുമ്പോൾ അത് വാമൊഴിയായും പിന്നെ വരമൊഴിയായും പകരുകയും അതിൽ അതിശോക്തിയുടെ വിവിധ തലങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യപ്പെടും. ഇതിന്റെ ഓരോ ഘട്ടങ്ങളും കടന്നു പോകുന്നത് അതിന്റെ മാധ്യമമായ വ്യക്തിയുടെ അല്ലെങ്കിൽ സമൂഹത്തിന്റെ ആകെത്തുകയായ യുക്തിയുടെ അടിസ്ഥാനത്തിൽ തന്നെ. അതിന്റെ ഏറ്റക്കുറച്ചിലിൽ ആയിരിക്കും ഇതിന്റെ ചേരുവ വ്യത്യാസപ്പെടുക.

അപ്പോൾ ആ ചിന്തകളുടെ അടിസ്ഥാനം എന്താകാം... എന്ന് ചിന്തിക്കേണ്ടി വരും. അത് വിശ്വാസം, അപരിമേയമായ വിശ്വാസം, പിന്നെ അന്ധവിശ്വാസം.. അപഥവും അസംബന്ധമായ വിശ്വാസം തുടങ്ങി അധമമായ വിശ്വാസ തലങ്ങളിലേക്ക് ഉയർത്തപ്പെടും. ഇതിനെ അതിന്റെ പലഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെടുകയും, അവിടെ തിരുത്തലുകളോ വ്യതിയാനങ്ങളോ അതിന്റെ ദിശ തന്നെ മാറപ്പെടുകയോ ചെയ്യാം. അതിനെല്ലാം അടിസ്ഥാന ഹേതു.. അല്ലെങ്കിൽ അതിനെ മാറ്റങ്ങളുടെ മൂശയിലേക്ക് ചരിക്കാനുള്ള ഉൾപ്രേരകം ആയി വർത്തിക്കുക ഈ യുക്തി തന്നെ ആയിരിക്കും. അവിടെ ഒന്ന് മാത്രമേ വ്യത്യസ്തം ആക്കപ്പെടുകയുള്ളു. എന്ന് വച്ചാൽ അതിന് വിധേയമാകുന്ന അല്ലെങ്കിൽ ആക്കപ്പെടുന്ന... വ്യക്തിയുടെയോ, വ്യക്തികളുടെയോ യുക്തിയുടെ ഏറ്റക്കുറച്ചിലും ഒപ്പം അവരുടെ ചിന്തയുടെ ആഴവും സാമൂഹിക കാഴ്ചപ്പാടുകളുടെ ആക്കവും തൂക്കവും എന്ന് വിവക്ഷിക്കാം.

ഇവിടെ ഒരു കഥ പറയാൻ ഞാൻ നിർബന്ധിക്കപ്പെടുകയാണ്... മഹാഭാരതത്തിൽ അതിന്റെ മുഖ്യ സംഭവവും.. ഒരു യുഗത്തിന്റെ അന്ത്യം തന്നെ കുറിക്കുന്നതും ആയ കുരുക്ഷേത്ര യുദ്ധം അവസാനിച്ചു കഴിയുമ്പോൾ പാണ്ഡവ പ്രമുഖൻ യുധിഷ്ഠിരൻ രാജ്യഭാരം ഏറ്റെടുക്കുന്നു. അത് അവസാനിക്കുന്നത് അവരുടെ ഏക പിന്തുടർച്ചാവകാശി ആയ പരീക്ഷിത്തിന്റെ സ്ഥാനാരോഹണം നടക്കുമ്പോൾ ആണ്. ധർമ്മ യുദ്ധം നയിച്ചവരും ചന്ദ്രവംശത്തിന്റെ പ്രബലരായ മഹാരഥന്മാരുടെ പൗത്രനുമായ പരീക്ഷിത്ത് അദ്ദേഹത്തിന്റെ മുത്തശ്ചൻമാരെപ്പോലെ തന്നെ തികഞ്ഞ ധ൪മിഷ്ഠനും പ്രജാക്ഷേമ താൽപ്പരനുമായ ചക്രവർത്തിയും തികഞ്ഞ ക്ഷത്രിയനും ആയിരുന്നു.

ഒരിക്കൽ നായാട്ടിന് പോയ അദ്ദേഹം വഴി തെറ്റിയും കൂട്ടം തെറ്റിയും കാട്ടിൽ കുറെ അലയേണ്ടി വന്നു. ദീർഘനേരം അലഞ്ഞ അദ്ദേഹത്തിന്റെ ദാഹം തോന്നാനും അത് അതികലശൽ ആകാനും അധിക നേരം വേണ്ടി വന്നില്ല. അങ്ങനെ കാട്ടിൽ അലഞ്ഞ അദ്ദേഹം ചെന്ന് പെട്ടത്.. മൗനവ്രത തപസ്സിൽ മുഴുകി ഇരുന്ന ഒരു താപസന്റെ മുന്നിൽ ആണ്. രാജാവിന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ ആയപ്പോൾ അദ്ദേഹത്തിന് കോപം ഇരച്ചു കയറി.. മുന്നിൽ കണ്ട ഒരു ചെറിയ പാമ്പിനെ തച്ചു കൊന്ന് മുനിയുടെ കഴുത്തിൽ അണിയിക്കുകയാണ് കോപശാന്തിക്കായി അദ്ദേഹം ചെയ്തത്. പിന്നെ വീണ്ടും കൂട്ടരെത്തേടി അദ്ദേഹം കടന്നു പോകുകയും ചെയ്തു.

അൽപ്പസമയം കഴിഞ്ഞു അവിടേക്ക് കടന്നുവന്ന ആ മഹാമുനിയുടെ താപസനായ മകൻ ആളറിയാതെ ചക്രവർത്തിയെ സർപ്പദംശനം ഏറ്റ് മരിക്കട്ടെ എന്ന് ശപിക്കുകയും ഇത് കേട്ട് മൗനവ്രതത്തിൽ നിന്ന് ഉണർന്ന മുനി തന്റെ ദിവ്യശക്തിയാൽ എല്ലാം തിരിച്ചറിയുകയും.. മകനോട് സത്യങ്ങൾ തുറന്നു പറയുകയും ചെയ്തു എന്ന് ആ കഥ. ഇത് അറിഞ്ഞു ദുഃഖിതനായ മകൻ തന്റെ അച്ഛനോട് ചോദിച്ചു.. ഇത്രയും ധാർമ്മിഷ്ഠനും പ്രജാക്ഷേമതല്പരനുമായ നമ്മുടെ മഹാരാജാവ് എന്തിന് ഈ അധമ പ്രവർത്തി ചെയ്തു എന്ന്. അതിന് ആദ്യം ഒരു പുഞ്ചിരിയാണ് മുനി നൽകിയത്... പിന്നെ അദ്ദേഹം പറഞ്ഞു തുടങ്ങി.

പുത്രാ... ഇത് അദ്ദേഹത്തിന്റെ തെറ്റ് എന്ന് പറഞ്ഞു കൂടാ.. പിന്നെയോ.. അത് അദ്ദേഹം ധരിച്ചിരിക്കുന്ന കിരീടത്തിന്റെ ദോഷമാണ്... അത് തിരിച്ചറിയത്തെ തലയിൽ ധരിച്ച രാജാവിന് അതിൽ നിന്നുള്ള ഫലം ലഭിച്ചു എന്ന് മാത്രം. എന്താണ് എന്ന് വച്ചാൽ ആ കിരീടം ആദ്യം അണിഞ്ഞിരുന്നത് വളരെ ക്രൂരനായ ഒരു അസുരരാജാവ് ആയിരുന്നു. ആ കീരീടം പരീക്ഷിത്തിന്റെ മുത്തശ്ശൻ ആയ അർജുനന് തന്റെ സുഹൃത്തായ അസുരശില്പി മായൻ സമ്മാനിച്ചതാണ്... അത് തിരിച്ചറിയാതെ അതിന്റെ മനോഹാരിത കണ്ട അദ്ദേഹം അത് എടുത്ത് അണിയുകയും അതിന്റെ ഉള്ളിൽ അടങ്ങിയ ആസുരത അറിയാതെ പ്രകടിപ്പിക്കുകയും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരികയും ആണ്.

ഇവിടെ ഈ കഥ പറഞ്ഞു വയ്ക്കുമ്പോൾ വായിക്കുന്നവരുടെ ചിന്ത അല്ലെങ്കിൽ യുക്തി ഏതെല്ലാം പ്രകാരത്തിൽ ചലിക്കാം.. അതിൽ തങ്ങളുടെ യുക്തിയെ ചാലിച്ചു... എങ്ങനെ എല്ലാം മനസിലാക്കാം എന്നത് ചിന്തനീയം... എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം.. ഓരോ മനുഷ്യരും തങ്ങളുടെ തലയിൽ ഏറ്റിവയ്ക്കുന്ന യുക്തിയുടെ കിരീടം.. അത് അറിഞ്ഞോ അറിയാതയോ, തലയിലേക്ക് പ്രവഹിക്കപെടുന്ന ചിന്തയുടെ ഉർജ്ജപ്രസരണം തങ്ങളിൽ പ്രവർത്തിക്കുമ്പോൾ അതിൽ നിന്നുള്ള ശക്തി ഏറ്റക്കുറച്ചിലുകളിലൂടെ പോസിറ്റീവോ നെഗറ്റീവോ ആയി തനിക്ക് ചുറ്റിലേക്കും പ്രവഹിപ്പിക്കാൻ ശ്രമിക്കുകയാണ്... അത് തന്നെ ആയിരിക്കും അവന്റെ ഭാവിയെ നിയന്ത്രിക്കുന്നതും. ഇനി സ്വയം തീരുമാനിക്കുക... ഭക്തി അല്ലെങ്കിൽ യുക്തി അതും അല്ലെങ്കിൽ വിഭക്തിയുടെ ഇടപെടലുകൾ എങ്ങനെ എവിടം വരെ ആകാം എന്ന്.

രഘുചന്ദ്രൻ ആർ...

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ