വിശുദ്ധ തിരുനിലവിളികൾ അഥവാ തിത്തലാട്ടം...
വിശുദ്ധ തിരുനിലവിളികൾ അഥവാ തിത്തലാട്ടം...
ചില യുക്തിചിന്തകളിൽ കുരുങ്ങി മനസ്സിനെ മേയാൻ വിട്ടപ്പോൾ ആണ് ആ സംഭവം ഓർമ്മ വന്നത്.. അത് ഭക്തിയെയും വിഭക്തിയേയും ചേർത്ത് യുക്തിയുടെ മുശകളിലേക്ക് ഒഴിക്കണം എന്ന് തോന്നി... അവിടെ ആണല്ലോ നേരത്തെ പറഞ്ഞു നിർത്തിയത്... ഭാഷ മനസിലാക്കുക എന്നാൽ അത് ആശയത്തിനോടൊപ്പം സഞ്ചരിക്കുക എന്നതറിയാത്ത ആശയസംവാദികളുടെ ലോകത്ത് യുക്തിയെപ്പറ്റി പറയുന്നത് ലളിതമാക്കുക അൽപ്പം ബുദ്ധിമുട്ട് തന്നെ... യുക്തി തന്നെ പിടിച്ചാൽ കിട്ടാത്തതും കടിച്ചാൽ പൊട്ടാത്തതും ആകുമ്പോൾ അജമാംസരസായനം ഉണ്ടാക്കുക പച്ചക്കറി കൊണ്ടല്ലേ എന്ന് ചോദിക്കും പോലെ എന്ന് തിരിച്ചറിയണം.
ഏതായാലും ആ സംഭവത്തിൽ നിന്ന് തുടങ്ങാം. ഒരിക്കൽ ഒരു മാനേജ്‌മെന്റ് കോഴ്സിൽ ഇരിക്കുകയായിരുന്നു. അതാണ് എങ്കിൽ അന്ന് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ആദ്യമായി തുടങ്ങിയതും ആ ക്‌ളാസ് തന്നെ ആദ്യമായി നടത്തുന്നതും. പങ്കെടുക്കുന്നവരോ... അവരവരുടെ ശാഖയിൽ തങ്ങളുടെ പ്രതിഭാപാടവം തെളിച്ചവരും.. കൂട്ടത്തിൽ വഴിതെറ്റിയ കുഞ്ഞാടിനെപ്പോലെ ഈ ഉള്ളവനും. ഇൻസ്‌ട്രുക്ടർ സുന്ദരൻ സുമുഖൻ... അദ്ദേഹത്തിന്റെ ആഗലേയ പാണ്ഡിത്യം,... ഇനി അത് കട്ടി ആണെങ്കിൽ പുകിലാവും.. ഇംഗ്ലീഷ് പരിജ്ഞാനം ആണെങ്കിൽ ഡാം തുറന്നു വിട്ട വെള്ളം പോലെയും അന്തർഗനിർഗ്ഗളമായി ഇങ്ങനെ ഒഴുകുന്നു. പരസ്പരം പരിചയപ്പെടുത്തലിന്റെ ഭാഗം കഴിഞ്ഞപ്പോൾ ഒറ്റ ചോദ്യമാണ്... സുഹൃത്തുക്കളെ നിങ്ങൾ എല്ലാം നായകൻമാർ ആണെല്ലോ.. നിങ്ങളുടെ ജോലിയിൽ പ്രഗത്ഭർ... അപ്പോൾ ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു... ശ്രദ്ധിച്ച് ഉത്തരം പറയുക.
ഞങ്ങൾ ആ ചോദ്യത്തിനായി കാത് കൂർപ്പിച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി..... ഒന്ന് സങ്കൽപ്പിക്കുക... നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങളുടെ ബോസ് ഒരു ജോലി നൽകുന്നു... അത്യന്തം കടുപ്പമേറിയതും വളരെ ശ്രദ്ധയോടെ തീർത്തു കൊടുക്കേണ്ടതും... അത് പു൪ത്തിയാക്കാ൯ നിങ്ങൾക്ക് ഒരു മാസം സമയവും.. ഒപ്പം നൂറ് പേരുള്ള ഒരു സംഘത്തെയും തരുന്നുണ്ട്... ഇനി ആണ് എന്റെ ചോദ്യം... ആ നൂറ് പേരിൽ നിങ്ങൾ എത്ര ആടിനെ കൂടെ കൂട്ടും എത്ര ചെന്നായെയും. ഞങ്ങൾ പരസ്പരം നോക്കി.. മനുഷ്യരെ വച്ച് പണി ചെയ്യിക്കുകയും വൃത്തിയായി തീർക്കുകയും കഠിനം തന്നെ... അപ്പോൾ ഈ പറയുന്ന മൃഗങ്ങളെ വച്ച് എങ്ങനെ.. ആ ചോദ്യം ഓരോ മുഖത്ത് നിന്നും വായിച്ചെടുക്കാം... ക്‌ളാസ് ആകെ നിശ്ശബ്ദമാണ്... ആർക്കും ഒന്നും പറയാനില്ല... ചോദ്യകർത്താവ് ഒന്ന് വിശദീകരിക്കാൻ ശ്രമിച്ചു.
നോക്കുക ഞാൻ ആട് എന്നും ചെന്നായ് എന്നും പറഞ്ഞത് മനുഷ്യരെ തന്നെ ആണ്... ആധുനിക മാനേജ്‌മെന്റ്... മനുഷ്യരെ അവരുടെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി രണ്ടായി തിരിക്കുന്നു.. ഒന്ന് ആടുകളായി... രണ്ടു.. ചെന്നായ്ക്കളായി.. ഞങ്ങൾക്ക് ആശ്വാസമായി.. അപ്പോൾ മനുഷ്യർ തന്നെ.. പ്രഭാഷകൻ പിന്നെയും വിശദീകരിച്ചു.. ആടുകൾ എന്നാൽ.. തങ്ങളുടെ നായകൻ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നവർ... പറയുന്ന പണി വൃത്തിയോടെയും വെടിപ്പോടെയും ചെയ്ത് തീർക്കുന്നവർ... പരാതിയോ പരിഭവമോ പറയാതെ തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നവർ. ഇനി ചെന്നായ്ക്കൾ എന്ന് വിവക്ഷിക്കുന്നതോ? എന്തിനും എവിടെയും കുറ്റം പറയുന്നവർ.. പറയുന്നതിന് വിപരീതം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ... നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ നിയമത്തേയും ചോദ്യം ചെയ്യുന്നവർ... ഇനി പറയൂ... നിങ്ങൾക്ക് ആരെ വേണം..
ഞങ്ങളുടെ ഭൂപരിപക്ഷത്തിന്റെയും അഭിപ്രായം ഒന്നായിരുന്നു.. ആടുകൾ.. കാരണം.. അവർ അനുസരണ ഉള്ളവർ അല്ലേ.. പറയുന്നത് മടികൂടാതെ ചെയ്യുന്നവർ.. അപ്പോൾ നമുക്ക് പണി നന്നായി പറഞ്ഞ സമയത്തിൽ തീർക്കാം... ഉത്തരം പറയാൻ എന്താണ് മിടുക്ക്... പ്രഭാഷകന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു... നിങ്ങൾ ആരും ശരിയായ നേതാക്കൾ അല്ല.. നിങ്ങൾക്ക് ഒരിക്കലും ഒരു സംഘത്തെ നയിക്കാൻ കഴിവ് ഇല്ല... ഞങ്ങൾ വിഷണ്ണരായി... അദ്ദേഹത്തെ നോക്കി.. അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി...
ഒരിക്കലും ഒരു സംഘവും ഒരേ മാതിരി ഉള്ള ആൾക്കാരെ കുത്തിനിറച്ച് ഉണ്ടാക്കരുത്... അങ്ങനെ ആയാൽ നിങ്ങൾ പരാജയപ്പെടും.. കാരണം... നിങ്ങൾ എത്ര പ്രഗത്ഭൻ ആയാലും.. നിങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ല... എല്ലാം ആടുകൾ ആയാൽ അവർ അനുസരണയോടെ കാര്യങ്ങൾ ചെയ്യും.. അത് ഒരു പക്ഷേ നിങ്ങളുടെ തെറ്റായ തീരുമാനങ്ങളെയും അനുസരിപ്പിക്കും... അങ്ങനെ ആയാൽ സംഭവിക്കുക അപകടവും പരാജയവും ആയിരിക്കും... ഇനി ചെന്നായ്ക്കളെ മാത്രം ആണെങ്കിലോ അവിടെയും ഉണ്ട് അപകടം.. അവർ എന്നും എതിർക്കാനും പരാതി പറയാനും ആവും ശ്രമിക്കുക... ജോലി ബാക്കി ആവും.. അപ്പോൾ പിന്നെ? ഞങ്ങളുടെ തലയിൽ ചോദ്യം ഇങ്ങനെ പുകഞ്ഞു...
അദ്ദേഹം പിന്നെയും തുടർന്നു... നിങ്ങൾ അവിടെ ഉപയോഗിക്കേണ്ടത് നിങ്ങളുടെ യുക്തി ആണ്... ഇത്രയും കാലം വിജയങ്ങൾ കൊണ്ടുവന്ന... നിങ്ങളുടെ ജീവിത തിരിച്ചറിവ് ഉപയോഗിച്ച്... നിങ്ങളുടെ സംഘത്തിന്റെ അനുപാതം നിശ്ചയിക്കണം.. അങ്ങനെ ആണെങ്കിൽ നിങ്ങൾ എന്നും വിജയി ആയിരിക്കും.. ഒരു നായകൻ എന്ന നിലയിലും ജീവിത വിജയം കൈവരിച്ച നേതാവ് എന്ന നിലയിലും... അപ്പോൾ നിങ്ങളുടെ തിരിച്ചറിവ് നിങ്ങൾക്ക് പറഞ്ഞു തരും... ആ മാസ്മരിക അനുപാതം.. അത് വ്യക്തിയുടെ യുക്തി അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.
അത് ശരിയായ അറിവ് ആണെന്ന് ഞങ്ങൾക്ക് തലകുലുക്കി സമ്മതിക്കേണ്ടി വന്നു... അത് പോലെ തന്നെ ആണ് ജീവിതത്തിലും നിങ്ങൾ നിലനിൽക്കുന്ന സാഹചര്യം അനുസരിച്ചു നിങ്ങൾ കണ്ടെത്തണം നിങ്ങളുടെ ആ അപാരമായ അനുപാതം... നിങ്ങളുടെ യുക്തി അനുസരിച്ചു.. തിരിച്ചറിവുകളുടെ ചിന്താധാരയെ കുട്ടുപിടിച്ചുകൊണ്ട്... ഏതാണ് എന്റെ ശരി എന്നത്.. അതിന് സഹായിക്കുക നിങ്ങൾ കടന്നു വന്ന വഴി ആയിരിക്കും തീർച്ച.. അതിന് എന്നും ഉപോൽബലകമായിരിക്കും നിങ്ങൾ എന്ത് തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നതും.
ഉദാഹരണത്തിന്.. പാടം ഉഴുതുമറിക്കുന്ന തൊഴിൽ ഏർപ്പെട്ടവൻ അവന്റെ കാഴ്ചപ്പാട് ഉണ്ടാക്കുക... എങ്ങനെ? തീർച്ചയായും.. തൊഴിലുമായിയും അവൻ സഹവസിക്കുന്ന ജീവികളുമായും ബന്ധപ്പെടുത്തി ആയിരിക്കും... അതെ പോലെ ആണ് കാളവണ്ടിക്കാരൻ ചിന്തിക്കുക... അവൻ ഓരോ സംഭവങ്ങളെ വിലയിരുത്തുകയും... അതിൽ തനിക്ക് വേണ്ട ഭാവിയിലെ തീരുമാനങ്ങൾ എടുക്കയും പറയുകയും ചെയ്യുക ഇത്തരുണത്തിൽ ആവും തീർച്ച... എന്ന് വച്ചാൽ പ്രവർത്തിയും അവന്റെ യുക്തിയും പരസ്പരം പുരകങ്ങൾ തന്നെ.
അത് പോലെ സ്വർണ്ണപണിക്കാരനും പൂക്കച്ചവടക്കാരനും പഞ്ഞിയുടെ വ്യവസായം നടത്തുന്നവനും ചിന്തിക്കുക.. രാജാവും പടയാളിയും അധ്യാപകനും പൂജാരിയും കച്ചവടക്കാരനും എല്ലാം അവന്റെ യുക്തിയെയും പ്രവർത്തിയെയും പരസ്പരം സമഞ്ജസം ചേർത്തിളക്കി തീരുമാനങ്ങൾ ഉണ്ടാക്കുമ്പോൾ... മറ്റുള്ളവരുടെ യുക്തി അവന് ദഹിക്കണം എന്നില്ല. അങ്ങനെ സ്വന്തം പാരമ്പര്യത്തിനും ബുദ്ധി വൈഭവത്തിനും അനുസൃതമായി കാഴ്ചപ്പാടുകൾ സൃഷ്ടിക്കുകയും പിന്തുടരുകയും ചെയുമ്പോൾ മറ്റുളളവരുടെ യുക്തിയെയും ഭക്തിയെയും ശുദ്ധഭോഷ്ക് ആയി തോന്നുന്നതും സ്വാഭാവികം... അങ്ങനെ ഉള്ളപ്പോൾ വേദാന്തം പോലും ചിലപ്പോൾ ബഹളസ്വരലയമായി പതിക്കുന്നതിൽ ആശ്ചര്യമില്ല.
ഇങ്ങനെ ബഹുസ്വരമായ സമൂഹത്തിൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ ഉള്ളവൈമനസ്യവും ബുദ്ധിമുട്ടുകളും തിരിച്ചറിയായ്കയാൽ ഉണ്ടാകുന്ന മനോവിഷമവും വിവരണാതീതം തന്നെ... എങ്കിലും കർമ്മത്തെ സ്നേഹിക്കുന്നവന് അതായിരിക്കും തന്റെ മാർഗ്ഗവും.. അതിലൂടെ ആവും അവനെ യുക്തിചിന്ത നയിക്കുകയും ചെയ്യുക... ഇതിനിടയിൽ ചിലയിടങ്ങളിൽ ഫീഡിൽ വായന നടത്താതെ ഇരിക്കുന്നതും അഭികാമ്യം തന്നെ..
രഘുചന്ദ്രൻ. ആർ.
Comments
Post a Comment