തടവറ
മനുഷ്യർ തിങ്ങിനിറഞ്ഞിരുന്നെങ്കിലും അവിടെ മൌനം തളംകെട്ടി നിന്നു, വെറുക്കപ്പെട്ടവരുടെ കൂട്ടം അതായിരുന്നു അവരെ വിശേഷിപ്പിക്കാൻ പറ്റിയ പദം, സമൂഹം എന്നും മറക്കാൻ ആഗ്രഹിക്കുന്ന കുറെ കഥകൾ ഉണ്ട് അവർക്ക്, എന്നും വെറുക്കാൻ മാത്രം വിധിക്കപ്പെട്ടവരുടെ പൈശാചികമായ കഥകൾ, കരുണയും സ്നേഹവും ഒരിക്കലും നൽകാൻ പാടില്ലാത്തവരുടെ അതിജീവന കഥകൾ. അവർ ഒന്നിച്ച് കനത്ത ചുവരുകളാലും ഇരുന്പ് വാതിലുകളാലും വേർതിരിക്കപെട്ട മുറികൾക്കുള്ളിൽ കൂട്ടമായി കഴിയുന്പോഴും അവരുടെ മനസ്സുകൾ ചെറിയ ചെറിയ ഏകാന്തതയുടെ താഴ്വാരങ്ങൾ ആയിരുന്നു. ആരും കടന്ന് ചെല്ലാത്ത നിബിഢ കന്യാവനങ്ങൾ, അവിടെ നായും നരിയും ത്വരയുടെ ചുരങ്ങൾ മാന്തിയിരുന്നു, കടുവയും കാട്ടുപോത്തുകളും ചോരയാൽ ശ്ലഥചിത്രങ്ങൾ വരച്ചിരുന്നു, പക്ഷേ ഇന്നവ ശാന്തമാണ്, ചിലത് ചാരംമൂടിയ അഗ്നിപർവ്വതങ്ങൾ ആണെങ്കിൽ ചിലവ എന്നെന്നേക്കുമായി മരിച്ചുവീണ പരേതാത്മാക്കളുടെ കുടീരങ്ങൾ. അത് തിരിച്ചറിയണമെങ്കിൽ അവിടേക്ക് ഇറങ്ങിചെല്ലണം, ആര്? ഇന്നവർ മനൂഷ്യർ അല്ലല്ലോ, സ്വന്തം ജൻമം ചില അക്കങ്ങളിൽ ഒതുക്കിയ, രേഖകളിൽ മാത്രം ജീവിച്ചിരിക്കുന്ന ആത്മാക്കൾ, തെളിവിന്റെ മാത്രം ബലത്തിൽ ദേഹവും ദേഹിയും വേർപെടുത്തേണ്ടിവരുന്ന കൊടുംകുറ്റവാളികൾ. അവരിൽ കുറ്റംചെയ്തവർ ഉണ്ട്, ചെയ്യാത്തവരും. നിയമത്തിന്റെ ഇഴ കീറലിൽ തെളിവ് എന്ന വജ്രായുധവുമായി നീതിദേവതയെ പരിപാലിക്കുന്ന കറുത്തമാലാഖമാരുടെയും ഒപ്പം കാക്കിയിട്ട ഗന്ധർവ്വൻമാരുടെയും സ്നേഹ തലോടൽ ഏറ്റ് വാങ്ങിയ ചെകുത്താന്റെ സ്വന്തം മക്കൾ. അവരിൽ ആർദ്രതയുടെ ആൾരൂപമായിരുന്ന ഏട്ടൻമാരും അനിയൻമാരും ഉണ്ട്, അമ്മയുടെ പ്രിയമക്കൾ, കുഞ്ഞുമക്കളുടെ സ്നേഹനിധിയായ അച്ഛൻമാരും ഭാര്യമാരുടെ എല്ലാമെല്ലാമായ ഗൃഹനാഥൻമാരും. പിന്നെ എവിടെയാണ് പിഴച്ചത്, അറിയില്ല അല്ല ആരും തിരക്കിയില്ല, അവർ പറഞ്ഞുമില്ല, പറഞ്ഞിരുന്നുവെങ്കിലും അത് കൊലപാതകിയുടെ രക്ഷപെടാനുള്ള തന്ത്രമായി മാത്രമായേ ഗണിക്കുമായിരുന്നുള്ളു, അത് മറ്റാരെക്കാളും നന്നായി അവർക്കറിയാമായിരുന്നു. ഒന്നറിയാം സമൂഹം വെറുപ്പിന്റെ പുറംപോക്കുകളിൽ ഉപേക്ഷിക്കപെട്ട, ഒരുകാലത്ത് മാദ്ധ്യമ പ്രവർത്തകർ പലവുരു മഷിനിറച്ച പേന ചവച്ചു തുപ്പിയ സേനാനായകർ, അവരുടെ അപദാനങ്ങളിൽ പലവുരു അരിവാങ്ങിയിട്ടുണ്ടവർ, പലതവണ മദ്യക്കുപ്പികൾ കാലിയാക്കിയിട്ടുണ്ട്, ആ പണം കൊണ്ട് പലപ്പഴും സ്ത്രീയുടെ ചൂര് അറിഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞവളെ അമ്മേ ദേവി എന്ന് അതേ തൂലിക കൊണ്ട് വാഴ്ത്തുകയും പിന്നെ വേശ്യയെന്ന് ആർക്കുകയും ചെയ്തിട്ടുണ്ട്. അവരെ സമൂഹം സത്യത്തിന്റെ കാവലാൾ പട്ടം നൽകി ആദരിക്കയും ചെയ്യാറുണ്ട്. അവർ നാലാം തൂണാണ് ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയുടെ. അത് നിലനിൽക്കണം ഇവിടെ ആരാണോ കൂടുതൽ കൊടുക്കുന്നത് അവനാണ് ശരി, അവനാണ് വാഴ്ത്തപെടേണ്ടത്.
ശന്തനു ചിന്താമഗ്നനാണ്, അവന്റെ ഉള്ളിലെ നെരിപ്പോട് ഇപ്പഴും കത്തുകയാണ് അത് അണയ്ക്കാൻ ആ പത്ത് ഇള മാൻപേടകളുടെ രക്തത്തിനും കഴിഞ്ഞില്ല, ചാരം മൂടിയ ആ കനലുകൾ വീണ്ടും ആളികത്തുമോ എന്നവൻ ഭയന്നു. അതിന്റെ കൊടുംചൂടിൽ അവനെ ബന്ധിച്ച തടവറയുടെ ഇരുന്പ് വാതിലുകൾ ഉരുകി വീഴുന്ന ഭയാനകത സ്വപ്നങ്ങൾ അവന്റെ നിദ്രക്ക് ഭംഗം വരുത്തി. ഏകാന്ത തടവിനു വിധിക്കപ്പെട്ട കൊടും കുറ്റവാളിയുടെ ആ തടവറ അപര്യാപ്തമാണെന്ന് അവൻ ഭയന്നു. തന്റെ കബന്ധം ആരാച്ചാരുടെ വെൺമയാർന്ന സൂത്രത്തിൽ തൂങ്ങിയാടുന്ന ദിനങ്ങൾക്കായി കാത്തിരുന്നു. അവന് ചുറ്റും തടവറകൾ നിറഞ്ഞിരുന്നു. അവിടെ മനുഷ്യർ തിങ്ങി നിറഞ്ഞിരുന്നു, അവർ ആരും അവനെപ്പോലെ കൊടും കുറ്റവാളികളായ് മുദ്രചാർത്തപ്പട്ടവർ ആയിരുന്നില്ല. അതിനാൽ അവനെ പോലെയുള്ള സൌകര്യങ്ങൾ അനുവദിച്ചിരുന്നില്ല, ഒറ്റക്ക് ഒരു മുറി, ചേർന്ന് കുളിമുറിയും ശൌചാലയവും മുന്നു നേരവും ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കും. ആഴ്ചയിൽ ആരോഗ്യം നോക്കാൻ ഭിഷഗ്വരൻ, ഇനി പുറത്ത് ഇറക്കുന്പോഴോ കഴുത്തിലും കാലിലും ആടയാഭരങ്ങൾ, അവൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു. നാട്ടിൽ ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരം ഇന്ന് തന്നെ ആരൊക്കെയൊ ഭയപ്പെടുന്നു.
ശന്തനു, ബാങ്കിൽ വലിയ മാനേജർ ആയിരുന്നു, ഒറ്റത്തടി, ഒരു മഹാദുരന്തം ചെറുപ്പത്തിലെ ഒറ്റപ്പെട്ടവൻ ആക്കിയപ്പോൾ ഏകാന്തത അവന്റെ കളിക്കൂട്ടുകാരൻ ആയി, പഠിച്ചു ബിരുദങ്ങൾ നേടുവാനുള്ള ഊർജ്ജ സ്ത്രോതസ്സ്. ആഗ്രഹിച്ചപോലെ ബാങ്ക് ജോലി, പ്രസരിപ്പുള്ള മുഖമാകാം അവനെ അനുവിലേക്ക് അടുപ്പിച്ചത്, ആദ്യമാദ്യം പണംമാറാനുള്ള വരവായിരുന്നു, പിന്നെ അത് അവനെ കാണാനുള്ളതായി. ആരായിരുന്നു തനിക്കവൾ പ്രിയ അനുജത്തി, വിടരും മുന്പേ മാതാപിതാക്കൾക്കൊപ്പം നടന്നു മറഞ്ഞ തന്റെ സ്വന്തം ശാരിക. അവളും തത്വത്തിൽ ഏകാന്തതയുടെ തോഴി ആയിരുന്നു, തന്നെപോലെ. വാരിക്കോരി അയയ്കുന്ന, കടൽ കടന്ന് എത്തുന്ന ചെക്കുകളുംഡ്രാഫ്റ്റുകളും മാത്രമായിരുന്നു, അവൾക്ക് സ്നേഹം, ആ ഒരു സമാനത ആയിരുന്നു തങ്ങളെ അടുപ്പിച്ചതും. സാഹോദരത്വത്തിന്റെ ആ ഊർവ്വരത അവസാനിച്ചത് എവിടെ, കടൽ പാലത്തിനരുകിലെ പാറ കെട്ടിൽ അടിഞ്ഞ, മീനുകൾ കൊത്തിപറിച്ച ദിവസങ്ങൾ പഴക്കമുള്ള ആ ജഡം കണ്ടപ്പോഴോ? ഇല്ല അവൾ ഇന്നും തന്നെ വിട്ട് പിരിഞ്ഞിട്ടില്ല, തന്റെ ഏകാന്തതയുടെ കൂട്ടിരുപ്പുകാരിയാണവൾ, വല്ലാതെ വലിഞ്ഞുമുറുകുന്ന യാമങ്ങളെ നനുത്ത മഞ്ഞിന്റെ കുളിർമ്മയായി തഴുകാനെത്തുന്ന മന്ദമാരുതൻ. അവൾ എന്നും ചിരിക്കാൻ ജീവിതം അടിച്ച് പൊളിക്കാൻ ആഗ്രഹിച്ചിരുന്നവൾ നഗരത്തിലെ ആഘോഷ രാവുകളിലെ നിത്യസാനിധ്യം, പലപ്പഴും ശന്തനു വിലക്കിയെങ്കിലും സ്നേഹത്തോടെ അനു അവനെ മറികടന്നു, ജീവിതമേ ഉൽസവമാക്കിയവൾ പിന്നെ എന്ത്? എങ്കിലും അവൾ നിർമ്മലയായിരുന്നു, പനീനീർ പൂവ് പോലെ, പാരിജാതം പോലെ. അർജ്ജുൻ തന്പിയുമായുള്ള സൌഹൃദം അവൻ വിലക്കിയതാണ്, കേട്ടില്ല.
ആരോരും അറിയാതെ ആ പാറകെട്ടിന്റെ അഗാധതയിൽ അർജ്ജുനൻ എന്ന നാമധാരിയായ ആ ദുശ്ശാസനന് കൂടീരമൊരുക്കുന്പോൾ ആണ് അറിയുന്നത് അവൻ ഒറ്റക്കല്ല എന്ന്, പിന്നെ അമാന്തിച്ചില്ല എല്ലാവർക്കും ഒന്നിച്ച് അഭയമൊരുക്കി. രാത്രിയുടെ കാവലാളായി, പിന്നെ അറിവുകളുടെ കുത്തൊഴുക്കായിരുന്നു. ഒരനുവും തന്പിയും അവന്റെ കൂട്ടാളികളും തീർന്നാലും ഇവിടുത്തേ കുഞ്ഞുങ്ങൾ സുരക്ഷിതർ അല്ല എന്ന അറിവ്, അല്ല സത്യം. അത് കനലുനിറഞ്ഞ ഉള്ളിലെ നെരിപ്പോടിനെ ഊതിഊതി കത്തിച്ചു, ഇനി ഒരു വഴിയെ ഉള്ളു അഭിനവ ദുശ്ശാസനൻ മാരിൽ നിന്ന് പിഞ്ച് കുഞ്ഞുങ്ങളേ രക്ഷിക്കുക, അവരെ അനുവിന് ഒപ്പം എത്തിക്കുക, അവർ എത്ര പേർ എന്ന് അറിയില്ല, എന്നാൽ ശാന്തമായുറങ്ങുന്ന എല്ലാമുഖങ്ങളും അവനോർമ്മയുണ്ട്, പേരറിയാത്ത തന്റെ അനിയത്തിമാർ.
ആ യാത്രയിൽ അവൻ കണ്ടു നഗരത്തിന്റെ വിവിധ മുഖങ്ങൾ മാന്യതയുടെ മുഖംമൂടി അണിഞ്ഞ സ്വത്വങ്ങൾ ഒന്നോന്നായി മുന്നിൽ അഴിഞ്ഞ് വീണപ്പോഴും അവൻ ഞെട്ടിയില്ല, സത്യം അവനെ തേടി എത്തുകയായിരുന്നു, അർദ്ധ രാത്രിയിൽ സത്യത്തേ തേടിയിറങ്ങിയ, ത്യജിക്കൽ ആണ് ഉത്കൃഷ്ട കർമ്മം എന്ന് പഠിപ്പിച്ച സിദ്ധാർത്ഥ കുമാരനെ പോലെ, അവൻ നടന്നു നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്, രാത്രിയുടെ അന്ത്യയാമങ്ങളിൽ അനിയത്തിമാരെ ഒന്ന് ഒന്നായി ത്യജിക്കാൻ.
അവിടെ നീതി ദേവത കറുത്ത തുണിയാൽ കണ്ണ് കെട്ടിയ നിലയിൽ ആയിരുന്നു. കൊള്ളക്കാർ രാജാക്കൻമാരും, കരിംചന്തക്കാർ ഭക്ഷ്യധാന്യ വിതരണക്കാർ ആയപ്പോൾ കൈയ്യൂക്കുള്ളവർ അദ്ധ്യാപകരായി. മധുസേവകരും സ്ത്രീജിതൻമാരും അധികാരികൾ ആയപ്പോൾ പണ്ടക ശാലകൾ പൂഴ്ത്തുപുരകൾ ആയി. വിദ്യാലയം വ്യാപാരികളും പിടിച്ചുപറിക്കാരും നടത്തിയപ്പോൾ ദൈവപുത്രർ യാചകരൂപികൾ ആയി, ചരിത്രം വിജയികൾ രചിച്ചപ്പോൾ കാലം അതിന്റെ ആവേഗം കൂട്ടി. കളപ്പുരകൾ ആയുധപ്പുരകൾക്ക് വഴിമാറിയപ്പോൾ ആരാധനാലയങ്ങൾ കലാപ ഭൂമിയായി, അവിടെ തലയറ്റ കബന്ധങ്ങൾ കൊത്തിവലിക്കാൻ കഴുകുകൾ പോലും മടിച്ചുനിന്നു. ആ തടവറയിൽ സത്യം വിറങ്ങലിച്ച് നിൽക്കുന്പോൾ അങ്ങ് അകലെ അടുത്ത വിളവെടുപ്പിനായി അവർ നിലം ഉഴുത് മറിക്കയായിരുന്നു. അവിടെ പെയ്ത മഴയിൽ നിണഗന്ധം പരക്കുന്നുണ്ടായിരുന്നു. അവർ പാകി മുളപ്പിച്ച വിത്തുകൾ വളർന്നപ്പോൾ പൂത്ത പൂവുകൾ ശവംനാറി പൂവിന്റെ മണം പരത്തി, അതിൽ തേൻ കുടിക്കാൻ വണ്ടുകൾ വന്നില്ല, അതിൽ അവർ കൃത്രിമ പരാഗണം നടത്തി. അതിൽ നിന്ന് ഉയിർ കൊണ്ട അസുര ബീജങ്ങൾ ആകാശ ഗംഗയെ പോലും വിഴുങ്ങാൻ തയ്യാറെടുത്തു. അപ്പോഴും ഗൌതമൻ കരാഗ്രഹത്തിൽ കഴുത്തിൽ മുറുകുന്നവെൺചരടും സ്വപ്നം കണ്ട്, കറുത്ത വേഷവും അണിഞ്ഞ് വെള്ളിവെളിച്ചത്തിൽ പറന്നിറങ്ങുന്ന ആരാച്ചാരെയും കാത്തിരുന്നു.
Comments
Post a Comment