മരുന്ന് വണ്ടി

മരുന്ന് വണ്ടി

                ദീർഘദൂരയാത്രയുടെ ആലസ്യത്തിൽ അയാൾ മയങ്ങുകയായിരുന്നു, രണ്ട് ദിവസത്തെ അദ്ധ്വാനം അയാളെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു, പിന്നെ തലേദിവസത്തെ ഉറക്കമില്ലായ്മയും. എന്നും അങ്ങനെയാണ്, വെക്കേഷൻ വരുക എന്ന് പറഞ്ഞാൽ അവസാന ദിവസങ്ങൾ എല്ലാ പ്രവാസിയെ സംബന്ധിച്ചും എരിപൊരി സഞ്ചാരമാണ്, പണ്ട് നാട്ടിലെ ചൊല്ലുപോലെ ഉത്രാടത്തിന്റെ അന്ന് ഉച്ച തിരിയുന്പോൾ അച്ചിമാർക്കെല്ലാം വെപ്രാളം, ആ ഉത്രാട പാച്ചിലാണ് പ്രവാസിക്കും, സൂപ്പർ മാർക്കറ്റിൽ പോകണം, സ്വീറ്റ് സെന്ററിൽ പോകണം, ഭാര്യയുടെ ലിസ്റ്റ്, മക്കളുടെ ലിസ്റ്റ്, അമ്മയുടെ, അച്ഛന്റെ സഹോദരങ്ങളുടെ, അടുത്ത ബന്ധുക്കളുടെ, എല്ലാം വാങ്ങി നിറയ്ക്കണം, പിന്നെ അതിനെ ബാഗിനുള്ളിൽ കുത്തികയറ്റണം. പെട്ടികെട്ടുന്ന സ്പെഷ്യൽ കലാപരിപാടി, വളരെ പ്രസിദ്ധമാണ് പ്രവാസികൾക്കിടയിൽ അവസാന മണിക്കൂർ വരെ നീളുന്ന പർച്ചേസ്, പിന്നെ കെട്ടൽ. 


അതുകഴിഞ്ഞുള്ള ചടങ്ങാണ് ടെൻഷൻ, എല്ലാംകൂടി എത്ര കിലോ? അത് തീർണമെങ്കിൽ ബോർഡിങ് പാസ് കിട്ടണം, ഭാഗ്യമുണ്ടെങ്കിൽ പേഴ്സ് കാലിയാവില്ല. അർദ്ധരാത്രിയിൽ ഫ്ലൈറ്റിൽ കേറാനുള്ള കാത്തിരിപ്പ്, എല്ലാം കഴിഞ്ഞു, നേരം പുലരുന്പോൾ നാട്ടിൽ ഇറങ്ങുകയും കസ്റ്റംസ്സിന്റെ കലാപരിപാടികളും ബാഗുകൾക്കുള്ള കാത്തിരിപ്പും കഴിഞ്ഞു കിട്ടുന്ന വണ്ടിയിൽ വീട്ടിലെത്തുന്പോഴേക്കും കമ്പനി മെസ്സിൽ കഴിച്ചത് മാത്രമല്ല അമ്മയുടെ മുലപ്പാല് കുടിച്ചതുടെ  എരിഞ്ഞു തീർന്നിരിക്കും. പിന്നെ വീട്ടിൽ വന്നുള്ള വിശാലമായ വിശ്രമം, അപ്പോഴാണ് പുറത്ത് ഡോർ ബെല്ല് അടിക്കുന്ന ശബ്ദം, ഭാര്യ ഉണ്ടല്ലോ എന്ന് മനസ്സിൽ വിചാരിച്ച്, തിരിഞ്ഞു കിടന്നു.

                വീണ്ടും ഒന്ന് മയങ്ങാൻ ശ്രമിക്കുന്പോൾ സ്നേഹത്തിൽ പൊതിഞ്ഞ വിളി, ചേട്ടാ, ഒരാൾ വന്നിരിക്കുന്നു, ചേട്ടനെ കാണണം എന്ന് ഒറ്റ പിടിവാശി, ഇതാരാടാ ഇത്ര പെട്ടെന്ന്, ഞാൻ വന്ന വിവരം അറിഞ്ഞു വന്നത്, എഴുന്നേറ്റു പ്രിയതമയെ സ്കുക്ഷിച്ചു നോക്കി, എനിക്കിതിൽ പങ്കില്ല, തെറിവിളിക്കരുത് എന്ന അപേക്ഷ ഭാവം മുഖത്ത്, ഉള്ളിൽ ചിരി വന്നെങ്കിലും ഗൗരവം വിടാതെ പൂമുഖത്തെത്തി, അവിടെ കാവിയും കറുത്ത ഷർട്ടും അണിഞ്ഞു, പകുതിയിൽ കൂടുതൽ നരകയറിയ നീളൻ താടിയും നെറ്റിയിൽ കുറിയും ധരിച്ചു പ്രായമായ ഒരാൾ മുഖം എവിടെയോ കണ്ട പോലെ, അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

 അയാളെ കണ്ടതും അതിഥി, താണ് വീണ് തൊഴുതു, ചിരപരിചിതനെപ്പോലെ ചിരിച്ചു. മോന് എന്നെ മനസ്സിലായില്ലേ, ഞാൻ വേലായുധൻ, അവിടെ അങ്ങ് തെക്കുള്ള, നമ്മടെ, കഞ്ഞിക്കരപാടത്തെ ഭവാനിയുടെ മൂത്തമകൻ, പഴയ ഭാഗവത പാരായണകാരി, അയാൾ ആലോചിച്ചു, അരവിന്ദാക്ഷന്റെ?

അതെ അരവിന്ദക്ഷൻറെ ചേട്ടൻ, പണ്ട് ഉത്തരേന്ത്യയിൽ ആയിരുന്നു, വയസ്സായപ്പോൾ ഇങ്ങു പോണു, മക്കൾ രണ്ടുപേർ. അതിഥിയുടെ പരിചയപ്പെടുത്തൽ കഴിഞ്ഞു.

നിങ്ങൾക്ക് രണ്ട് മകളല്ലേ രാകേഷും വിനീഷും,

അതെ അവർ രണ്ടും ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരാ, ഒരാൾ മലബാറിലും വേറൊരുത്തൻ കൊച്ചിയിലും, നല്ല നിലയിലാ, പക്ഷേ എന്റെ ഭാര്യ ദാക്ഷായണി, അവൾ മരിച്ചേ പിന്നെ അവന്മാർക്കും ഭാര്യമാർക്കും എന്നെ വേണ്ട, മോനേ എനിക്ക് ഒരു നൂറ് രുപ വേണം, വലിവിന്റെ ഗുളിക വാങ്ങിക്കാനാ, ഒരു മാസത്തെ ഗുളികക്ക് ഇരുനൂറ് രൂപ വേണം, ഇന്നലെ ഗുളിക തീർന്നു, മോൻ നൂറ് തന്നാൽ പകുതിയാവും പിന്നെ ബാക്കി ശരിയാക്കാം.

അയാൾക്ക് കഷ്ട്ടം തോന്നി, വളർത്തി വലുതാക്കിയ തന്തക്ക് മരുന്നിന് പോലും പ്രയോജനമില്ലാത്ത മക്കൾ ഇവനെ ഒക്കെ ജയിലടക്കാൻ കഴിയാത്ത നിയമങ്ങൾ എന്തിന്, അയാളുടെ ആത്മരോഷംഉയർന്നു, ഉറക്കം പോയ ദേഷ്യം പമ്പകടന്നു, അയാൾ അകത്തേക്ക് നോക്കി ഗർജ്ജിച്ചു, ഡീ....... 

                 ഭാര്യയിൽ നിന്നും ഇരുനൂറ് രൂപ വാങ്ങി അതിഥിക്ക് നൽകിയപ്പോൾ അയാളുടെ ആത്മാവിൽ അഭിമാന ഗോപുരം തലയുയർത്തി നിന്നിരുന്നു. ഗെയ്റ്റ് കടന്ന് അതിഥി പോകുന്നതുവരെ അയാൾ നോക്കി നിന്നു.

 അകത്തേക്ക് കയറാൻ തിരിയുന്പോഴേക്കും പിന്നിൽ ബൈക്കിന്റെ ശബ്ദം, നാട്ടിലെ പ്രധാന രണ്ട് പയ്യൻ മാരാണ്, ചോദ്യം വായിൽ വരുന്നതിന് മുൻപേ അവർ ആഗമനോദ്യേശ്യം പറഞ്ഞു. കറൻസി ഉണ്ടെങ്കിൽ മാറിത്തരും, പിന്നെ ഫോറിൻ സാധനങ്ങൾ വിൽക്കാനുണ്ടെങ്കിൽ, അതും. കയറി ഇരിക്കാൻ പറയും മുൻപേ അവർ പൂമുഖത്തെ കസേരയിൽ കയറി ചടഞ്ഞിരുന്നു. അവർ വിട്ടുപോയത് ചായ കുടി കഴഞ്ഞ്. 

പിന്നെയും ആൾക്കാർ ഒന്നിന് പിന്നെ മറ്റൊന്നെന്ന മട്ടിൽ, കൂട്ടത്തിൽ പിരിവുകാരും, സ്ഥിരം പതിവുകാരും. എല്ലാരേയും യാത്രയാക്കി കഴിഞ്ഞപ്പോൾ മദ്ധ്യാഹ്നംകഴിഞ്ഞു, അപ്പോളതാ തെറിയും ചീത്തവിളിയുമായി വീട്ടിലെ പഴയ സ്ഥിരം പണിക്കാരൻ, പൂരപ്പാട്ടിന്റെ കാരണം ചോദിച്ചപ്പോൾ, അല്ല കുഞ്ഞേ ആ കവലയിൽ കുറെ അവന്മാരുണ്ട്, ഒരു പണിയില്ല, ആരാ ഫോറിനിൽ നിന്ന് വരുന്നതും കാത്തിരിക്കയാ പിടിച്ചു പറിക്കാൻ, കണ്ണിൽ ചോരയില്ലാത്ത ഇനങ്ങളാ, പിടിച്ചിടം കൊണ്ടേ പോകൂ, അതിലൊരു സെറ്റ് അങ്ങോട്ട് പോകുന്നത് കണ്ടു, അതാ ചീത്ത വിളിച്ചത്, അപ്പോൾ പുറകിൽ നിന്നും പ്രിയതമ ചിരിച്ചും കൊണ്ട് ഇറങ്ങി വന്നു, കണാരേട്ടൻ താമസിച്ചാ വന്നേ പിരിവുകാർ വന്നു പോയി. 

ഉച്ചയൂണ് കഴിഞ്ഞപ്പോൾ വൈകുന്നേരമായി, ഭാര്യയുടെ അപേക്ഷ എന്തായാലും വിശ്രമം നടന്നില്ലല്ലോ എന്നാൽ ഒന്ന് ടൗണിൽ പോയി വന്നൂടെ, അൽപ്പം പച്ചക്കറിയും പലചരക്കും കിട്ടിയാൽ നന്നായിരുന്നു. അപ്പോൾ അയാളുടെ മനസ്സ്, ആഹ്ലാദത്തിലായി.

ബൈക്കിൽ ഒന്ന് ചുറ്റിയടിക്ക തന്നെ നാടും നഗരവും ഒന്ന് കാണാം ഇവിടുത്തെ മാറ്റങ്ങളും, വർഷങ്ങൾ ജീവിതത്തിൽ നിന്നും അടർന്നുപോയിട്ടും പ്രവാസം അവസാനിപ്പിക്കാത്തത് അവസാനം കുറച്ചു കാലമെങ്കിലും അന്തസ്സായി നാട്ടിൽ ചുറ്റിയടിക്കണം എന്ന സ്വപ്നത്തിൽ ആണ്. അതിൽ കുറച്ച് ഇപ്പമാകാം, എന്ന് മനസ്സിൽ കരുതി, പോർച്ചിൽ വച്ചിരിക്കുന്ന ബൈക്കും എടുത്ത് അയാൾ ഇറങ്ങി. 


നേരെ മാവേലിസ്റ്റോറിൽ പോകാം പുതിയ സർക്കാർ വന്നപ്പോഴേയ്കും അതെല്ലാം ശരിയാക്കിയിട്ടുണ്ടായിരിക്കും അയാൾ ഓർത്ത്, ഫേസ് ബുക്കിൽ എല്ലാം ശരിയാകുന്നു എന്നാണ് പോസ്റ്റുകൾ, നോക്കുക തന്നെ.  കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ അവിടം വിജനമായിരുന്നു. എലിയും പാറ്റയും കയറിയ കബോർഡുകളും ഈച്ചയെ അടിക്കുന്ന ജോലിക്കാരും. അയാൾ ബൈക്കിൽ നേരെ മാവേലി സ്റ്റോറിലേക്ക് വിട്ടു. 

ദുരെ നിന്നെ കണ്ടു നീണ്ട ക്യൂ, അരക്കിലോമീറ്റർ നീളത്തിൽ. അപ്പോൾ ഫേസ് ബുക്കിൽ കണ്ടത് ശരി തന്നെ, എല്ലാം ശരിയാകുന്നു, ഈ ഓണം ഗംഭീരം തന്നെ. വണ്ടി സ്റ്റാൻഡിൽ വച്ച്, അയാൾ മാവേലി സ്റ്റോറിൽ നോക്കി, അവിടെ വലിയ തിരക്കൊന്നും ഇല്ല, പിന്നെ എന്തിനാണ് ഇത്രയും ആൾക്കാർ ക്യു നിൽക്കുന്നത്.

 അതിലെ നടന്നു വന്ന കുഞ്ഞിരാമൻ ചേട്ടനോട് അയാൾ ചോദിച്ചു, ചേട്ടാ ഇത് മാവേലിസ്റ്റോറിലേക്കുള്ള ക്യൂ ആണോ? അല്ല മോനെ അത് മരുന്ന് വാങ്ങാനുള്ള ക്യൂവാ, നീ അവിടുന്ന് മരുന്നൊന്നൊന്നും കൊണ്ടുവന്നില്ലേ, അയാൾ കുഞ്ഞിരാമേട്ടനെ മിഴിച്ചു നോക്കി, നിനക്ക് പോകാൻ ധൃതിയുണ്ടെങ്കിൽ നോക്ക് ആ വേലായുധൻ അവിടെ നിൽപ്പുണ്ട്, നമ്മടെ വായിക്കാൻ പോയിരുന്ന കഞ്ഞികരപ്പാടത്തെ ഭവാനിയുടെ മകൻ, അവൻ വാങ്ങി തരും വെറുതെ നിന്ന് മുഷിയേണ്ട, അയാൾ സൂക്ഷിച്ചു നോക്കി, അതെ വേലായുധൻ തന്നെ ഉച്ചക്ക് വലിവിന്റെ മരുന്നിന് കാശ് വാങ്ങിക്കാൻ വന്ന വേലായുധൻ നിന്ന് വലയുകയാണ്, കുപ്പിമരുന്നിനായി. ബിവറേജസ്സിന് മുൻപിൽ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ