ഒറ്റകുളന്പന്മാർ
ഒറ്റകുളന്പന്മാർ
ഹൈദ്രോസ് ആ കടവിൽ കുഞ്ഞിനിരുന്നു കയ്യിൽ ഇരുന്ന വാക്കത്തിയിലെ ചോരക്കറ കഴുകി കളഞ്ഞു, അയാളുടെ ശരീരമാകെ ചുടുചോരയുടെ ചൂര് വ്യാപിച്ചിരുന്നു. വാക്കത്തി വൃത്തിയാക്കി കരയിൽ വച്ചിട്ട്, വസ്ത്രം മാറി തോർത്ത് ഉടുത്ത്, വെള്ളത്തിലേക്കിറങ്ങി. ശരീരത്തും നിറഞ്ഞ ചോര കഴുകി, വെള്ളത്തിൽ പലവുരു മുങ്ങി നിവർന്നു. അപ്പോൾ ശരീരവും മനസ്സും നന്നായി തണുത്തു. പിന്നെ വസ്ത്രങ്ങൾ ഒന്നായി അതിലെയും ചോരക്കറകൾ കഴുകി. കിഴക്ക് സൂര്യൻ അവധി ദിനത്തിന്റെ ആലസ്യം പേറി ഉയർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു.
അന്ന് ഞായറാഴ്ച ആയിരുന്നു, ഗ്രാമത്തിലെ പ്രശസ്തമായ പരിശുദ്ധ ഫിലോമിന ചർച്ചിൽ പുലർച്ചെ കുർബാന കഴിഞ്ഞു ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി തുടങ്ങി. അടുത്ത പടി അവധി ദിവസത്തേക്കുള്ള പോത്തിനെ വാങ്ങുക എന്നതാണ്. കരീമിന്റെ ഇറച്ചിക്കടയിൽ തൊലിയുരിച്ച പോത്തിന്റെ തുട അവകാശികളെ നോക്കി തുങ്ങി കിടക്കുകയാണ്, പതിവുകാർക്ക് വേണ്ട പൊതികൾ കരീമും സഹായിയും പൊതിഞ്ഞു കൊടുക്കുന്നുണ്ട്. കവലയിലെ കടകളും പാതയും അവധി ദിവസത്തെ ആലസ്യം ഉൾക്കൊണ്ടുകൊണ്ട് ചൂടുപിടിച്ചു തുടങ്ങി. എല്ലാത്തിനും മുകളിൽ കുർബാന വിട്ട് വന്നവരുടെ കലപിലകൾ മുഴങ്ങി.
പലരുടെയും ചർച്ച അന്ന് വികാരിയച്ചൻ പ്രസംഗിച്ച പീലാത്തോസിന്റെ കൈകഴുകലിന്റെ അന്തസത്തയെ പറ്റിയായിരുന്നു. പിന്നിൽ എവിടെയോ കോഴി മുന്നും കടന്ന് ഉച്ചത്തിൽ കുവുന്നുണ്ടായിരുന്നു. മറിയാമ്മ അപ്പോൾ ഉച്ചത്തിൽ അവളുടെ ആത്മഗതം പുറത്തുവിട്ടു. അടുത്താഴ്ച പൗലോസിന്റെ മകളുടെ മനസ്സമ്മതമാണ്, എന്തെങ്കിലും സഹായം ചെയ്തേ പറ്റൂ, കർത്താവേ നോട്ടു പ്രതിസന്ധി മാറുമോ, അപ്പോൾ ചിലരുടെ ചർച്ച അതിന്റെ മേലായി. പ്രവാസം കൊണ്ട് ജീവിത നിലവാരം ഉയർന്ന ആ മലയോരഗ്രാമം ബാങ്കുകളുടെ സമ്മേളന സ്ഥലവും ആയിരുന്നു. ബാങ്കിൽ പണമുണ്ടെങ്കിലും കൈയ്യിൽ ഇല്ലാത്ത അവസ്ഥയിൽ അസാരം ബുദ്ധിമുട്ടുണ്ട് എന്ന് അവർ പരസ്പരം സംസാരിച്ചുകൊണ്ട് അവരവരുടെ വീട്ടിലേക്ക് നടന്നു.
സരളയുടെ ചായക്കട കം ഹോട്ടൽ ചൂട് പിടിച്ചു കഴിഞ്ഞിരുന്നു. രാവിലെ ചൂട് ചായ ഊതി കുടിക്കുന്നവർ മുതൽ പുട്ടും കടലയും അല്ലെങ്കിൽ ബീഫ് ഞെരുടി കഴിക്കുന്നവർ വരെ. അവരുടെ ഇടയിൽ സരള ഓടി നടന്നു വേണ്ടത് ചോദിക്കുന്നു, ആവശ്യത്തിനനുസരിച്ചു വിളന്പുന്നു. സരള ആ മധ്യ വയസ്സിലും സുന്ദരി തന്നെ. വൃത്തിയുള്ള ജമ്പറും കൈലിയും വേഷം. ഈ പ്രായത്തിലും ഒട്ടിയ സുന്ദരമായ വയറും പൊക്കിളും പുറത്ത് കാണത്തക്ക തരത്തിൽ കൈലി ഉടുത്തിരിക്കുന്നു. ഉടയാത്ത മാറും ഉറച്ച ചുമലും കൈകളും കടയിൽ ചുറ്റി നടക്കുന്പോൾ തുള്ളി തുളുന്പുന്ന നിതംബവും അവളുടെ ആകർഷണം കൂട്ടുന്നു. ഒപ്പം പതിവുകാരുടെ നെഞ്ചിടുപ്പുകളും. എങ്കിലും സരള അവരുടെ പേടിസ്വപ്‌നവും കൂടിയാണ്, അവളുടെ വായിൽ കയറി ഇറങ്ങുക അത്ര എളുപ്പമല്ല എന്ന് നാട്ടുകാർക്ക് അറിയാം. പുരുഷനൊത്ത കരുത്തും.
ആ കട അവളുടെ ഭർത്താവ് കമ്മാരന്റെ അച്ഛൻ കുഞ്ഞുരാമന്റെ ആയിരുന്നു. കമ്മാരൻ ലോറിഡ്രൈവർ ആയിരുന്നു. അയാൾ പാറമടയിൽ പറയടിക്കാൻ പോയി അവിടെ വച്ച് കണ്ട് കൂട്ടി കൊണ്ടുവന്നതായിരുന്നു അവളെ അങ്ങ് കിഴക്കൻ നാട്ടിൽ നിന്ന്. പാറമടയിൽ പാറപൊട്ടിക്കാൻ നിന്നതായിരുന്നു അവൾ. ഒത്ത ഉയരവും കടഞ്ഞെടുത്ത ശരീരവും മനോഹാരിയുമായ അവൾ, അന്നേ ഒരു ആണാൾക്കൊപ്പം ജോലി ചെയ്യുമായിരുന്നു അവൾ. ഒരിക്കൽ പോരുന്നോ എന്ന കരുത്തനായ കമ്മാരന്റെ ചോദ്യത്തിൽ അവൾ നേരെ ഇങ്ങു പൊന്നു. കടയിൽ കൊണ്ടുവന്ന് ഇതെന്റെ പെണ്ണാണ് എന്ന് പറഞ്ഞപ്പോൾ കുഞ്ഞിരാമൻ മറുത്ത് ഒന്നും പറഞ്ഞില്ല. വയസ്സായതിനാൽ ഒരു സഹായി വേണം എന്ന് ആയാളും ആഗ്രഹിച്ചിരുന്നു.
അധിക നാൾ കഴിയുന്നുമുന്പേ കുഞ്ഞിരാമൻ പോയി, പിന്നെ സരള സധൈര്യം കട ഏറ്റെടുത്തു, നല്ല ഒരു ഗുണ്ടകൂടി ആയിരുന്ന കമ്മാരനെ പേടിച്ച പൊതുജനം കമാ എന്ന് അവളോട് പറയാൻ ധൈര്യപ്പെട്ടും ഇല്ല. ലോറിയുമായി പോകുന്ന കമ്മാരൻ രാത്രിയിൽ ഏപ്പോയെങ്കിലും വന്നാൽ ആയി, വന്നില്ലെങ്കിലും. നേരം പോകാൻ ഇത് ധാരാളം മതിയായിരുന്നു. സരളക്ക്. അന്നൊരിക്കൽ പാറമടയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് പതിച്ച പാറ കമ്മാരനേയും കൊണ്ടാണ് പോയത്, ഒന്ന് കരയാൻ പോലും സരളക്ക് കഴിഞ്ഞില്ല, പെട്ടന്ന് ഒറ്റയ്ക്കായപോലെ, എങ്കിലും അവൾ പുറത്ത് കാണിച്ചില്ല, അവൾ കൂടുതൽ പരുക്കാനായി എന്ന് മാത്രം. അവൾ ജീവിച്ചു, വിധിയോട് പൊരുതി തന്നെ, നഷ്ട്ടപെട്ട ആണ് തുണക്ക് പകരം അവൾ സ്വയം ആണായി മാറി. എങ്കിലും അവളുടെ കോമളമായ ശരീരം സ്ത്രീത്വത്തെ വെടിഞ്ഞിരുന്നില്ല.
ചായ, എന്ന പാറപ്പുറത്ത് ചിരട്ടയുരക്കുന്ന രീതിയിൽ ഉയർന്ന ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി, വെറ്റിലക്കറപറ്റിപ്പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട്, ഹൈദ്രോസ് അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ അവനുള്ള ഡബിൾസ്ട്രോങ്ങ് ചായ കൊണ്ട് കൊടുത്തിട്ട് അടുത്ത പടിയായ പത്ത് പൊറോട്ടയും പോത്തും കൊണ്ട് വച്ചു കൊടുത്തു. ഹൈദ്രോസ് ആർത്തിയോട് അതിലേക്ക് ഊളിയിട്ടു. അവന്റെ തീറ്റ കണ്ടാൽ ആഹാരം കണ്ടിട്ട് കുറെ ദിവസമായി എന്ന് തോന്നും. അല്ലെങ്കിൽ ഭക്ഷണത്തിനോട് എന്തോ വൈരാഗ്യമുണ്ട് എന്ന്. അവൻ ആഹാരം കഴിക്കുന്പോൾ മുഖത്തെ പേശി മാത്രമല്ല ശരീരത്തെ ബലിഷ്ടമായ പേശികളും കൂടി തുള്ളി കളിക്കുണ്ടുണ്ടായിരുന്നു.
ആരെയും ആകർഷിക്കുന്ന ശരീര വടിവായിരുന്നു അവന്റേത്, ഇറുകിയ വലിഞ്ഞു മുറുകിയ മുഖവും കവിളും വിരിഞ്ഞ നെഞ്ചും, ഒട്ടിയവയറുകളും മാംസം ഉരുണ്ടുകൂടി ഉറച്ചതും ആയ മസിലുകൾ, മുഖത്ത് എപ്പോഴും പരുക്കൻ ഭാവം. ചിരി ഉണ്ടാവുക അസാദ്ധ്യം, ഒതുങ്ങിയ അരക്കെട്ടും കരുത്തുറഞ്ഞ കാലുകൾ. ലോക ശരീര സൗന്ദര്യ മത്സരത്തിന് പോയാൽ ഒന്നാം സ്ഥാനം ഉറപ്പിക്കുന്ന ശരീര വടിവുകൾ. ആ സിക്സ് പാക്ക് കണ്ട് ചെറുപ്പക്കാർ വെള്ളം ഊറി നിൽക്കാറുമുണ്ട്. സരളയുടെ കടയിലെ പൊറോട്ടയും ബീഫ് കറിയും മാത്രമാണ് ഇതിന്റെ രഹസ്യം എന്ന് പറഞ്ഞാൽ ആധുനിക ബോഡിബിൽഡിങ് പരിശീലകർ സമ്മതിച്ചു എന്ന് വരില്ല. ഹൈദ്ദ്രോസിന്റെ ആകെ ഭക്ഷണം മൂന്നുനേരം അവിടുത്തെ ബീഫും പൊറോട്ടയും മാത്രം. അത് ഒരു നേരം പത്ത് പൊറോട്ട പിന്നെ ഒരു ഡബിൾ സ്ട്രോങ്ങ് ചായ. അത് സരള തന്നെ കൊടുക്കണം.
കോരിച്ചൊരിയുന്ന മഴപെയ്യും പഞ്ഞമാസക്കാലം, എങ്ങും എവിടെയും പട്ടിണി തന്നെ. കർക്കിടകം പിറന്നാൽ അന്ന് മലയാളത്തിൽ എവിടെയും പണി കാണാറില്ല, തുടർച്ചയായ മഴമാത്രം, തുള്ളിക്കൊരുകുടം എന്ന രീതിയിൽ പെയ്തുകൊണ്ടേ ഇരിക്കും. അന്നും പതിവുപോലെ മാട് ബഷീർ മഴയ്ക്ക് അൽപ്പം ശമനം കണ്ടപ്പോൾ പുറത്തിറങ്ങി, കയ്യിൽ മഴ നനയാതെ തലക്ക് മുകളിൽ പിടിക്കാൻ, വെട്ട് ചേന്പിന്റെ ഇലമാത്രം. എന്തെങ്കിലും ഒന്ന് കിട്ടിയെങ്കിൽ ഒണക്ക കൊള്ളി അവിച്ചു തിന്നുന്നത് ഒരു നേരത്തേക്കെങ്കിലും നിർത്തമായിരുന്നു. അതും തീർന്നു തുടങ്ങി. അകത്ത് പുതു ബീടരായി ബഷീർ കൊണ്ടുവന്ന ആമിന മാത്രം. നിക്കാഹ് കഴിഞ്ഞുള്ള ആദ്യകർക്കിടകമാണ്, ആമിനയാണങ്കിൽ ഇളം പ്രായവും.
ബഷീർ പള്ളിലാംങ്കരയുടെ ആസ്ഥാന ഇറച്ചിവെട്ടുകാരനാണ്, പഞ്ഞ കർക്കിടത്തിൽ അരിവാങ്ങാൻ ആൾക്കാരുടെ കൈയിൽ കാശില്ല പിന്നെ എങ്ങനെ ഇറച്ചി വാങ്ങും, അയാൾ അത്തരം ചിന്തയോടെ ജംഗ്‌ഷനിലേക്കു നടന്നു. ഇറച്ചിക്കട വിട്ട് പോന്നിട്ടു മാസം ഒന്നാകുന്നു, എല്ലാകാലത്തും ഈ സീസണിൽ പണി ഉണ്ടാകില്ല. ഈ പോക്കിന്റെ ലക്ഷ്യം കട ഇരിക്കുന്ന സ്ഥലം ഒന്ന് നോക്കണം, പറ്റിയാൽ കുഞ്ഞിരാമന്റെ കടയിൽ നിന്നും ഒരു പാൽചായയും കുടിക്കണം. സുലൈമാനി കുടിച്ചു വായ് വെറുത്തു തുടങ്ങി. കട എന്ന് പറഞ്ഞാൽ അധികം ഒന്നും ഇല്ല, ഇറച്ചി വെട്ടുന്ന പുളിമുട്ടവും, ഇറച്ചി തൂക്കി ഇടുന്ന രണ്ട് കന്പിൽ ചേർത്തു കെട്ടിയ ഒരു ഇഴയും മാത്രം. നാൽക്കവലയിൽ കച്ചവടത്തിന് അത്രയും സ്ഥലം തന്നെ അനുഗ്രഹമാണ്, പതിഞ്ഞ താളത്തിൽ പെയ്യുന്ന പൊടി മഴയെ വക വയ്ക്കാതെ അയാൾ വലിഞ്ഞു നടന്നു. ഒരു കാലിന് ചെറിയ ഒരേന്തും ബഷീറിന് ഉണ്ട്, പണ്ട് വെട്ടാൻ കൊണ്ടുവന്ന ഒരു എമണ്ടൻ പോത്ത് സമ്മാനിച്ചതാണ്.
ദുരെ നിന്ന് തന്നെ കവല കാണാം, ഇഴയ്ക്ക് മുകളിൽ കെട്ടിയിരുന്ന ഓലച്ചിന്തുകൾ കാറ്റിലും മഴയിലും എങ്ങോ പറന്നു പോയിരിക്കുന്നു. പുളി മുട്ടിന്റെ മുകളിൽ ആരോ ഇരിക്കുന്ന പോലെ, പൊടി മഴ പെയ്യുന്നതിനാൽ കാഴ്ച മങ്ങിയിട്ടുണ്ട്, ഇടം കൈ കൊണ്ട് അയാൾ കണ്ണുകൾ തിരുമി അടച്ചു തുറന്നു. അതെ അതൊരു കുട്ടിയാണ്, പൊടി മഴ നനഞ്ഞു അങ്ങനെ ഇരിക്കുന്നു. അയാൾ അടുത്ത് ചെന്നു. അയാളെ കണ്ടിട്ടും ഒരു ഭാവഭേദം ഇല്ലാതെ അവൻ അവിടെ ഇരുന്നു, നനഞ്ഞൊട്ടിയ ഉടുപ്പുകൾ, തണുപ്പുകൊണ്ടാണോ അതോ ഏങ്ങൽ അടിക്കുന്നത് കൊണ്ടാണോ അവൻ ഇടയ്ക്കിടയ്ക്ക് വിറക്കുന്നുണ്ട്. കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം. മഴ വെള്ളമാണോ കണ്ണീരാണോ അറിയില്ല. അയാൾ അവനെ സൂക്ഷിച്ചു നോക്കി, നിസ്സംഗനായി അവൻ അങ്ങനെ ഇരിക്കുന്നു. പരുക്കനാണെങ്കിലും ബഷീറിന്റെ മനസ്സിൽ കൊച്ചുകുട്ടിയോട് അനുകന്പ തോന്നി. പലതും ചോദിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല.
അയാൾ വലംകൈയാൽ അവനെ പുളിമുട്ടിയിൽ നിന്ന് ബലമായി പിടിച്ചിറക്കി, ഭാഗ്യം കുഞ്ഞിരാമന്റെ ചായക്കട തുറന്നിരിക്കുന്നു. അയാൾ അവനെയും വലിച്ചിറക്കി അവിടേക്ക് നടന്നു. തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചെടുത്ത് അവന്റെ തല നന്നായി തോർത്തി. കുഞ്ഞിരാമന്റെ കടയിൽ നിന്നും അയാൾ ഒരു ചായയും അവന് ഒരു പാലിൻ വെള്ളവും വാങ്ങി നൽകി. ചൂട് പാലിൻ വെള്ളം അവൻ ആർത്തിയോട് വലിച്ചു കുടിക്കുന്നത് ബഷീർ നോക്കി നിന്നു. കുടിച്ചു കഴിഞ്ഞപ്പോൾ പിന്നെയും ആയാൾ അവന്റെ ഊരും പേരും ഒക്കെ ചോദിച്ചു. അവന്റെ മുഖത്ത് ആ നിസംഗത മാത്രം. അൽപ്പം കഴിഞ്ഞപ്പോൾ അയാൾ കട വിട്ടിറങ്ങി, മഴയുടെ താണ്ഡവം അപ്പോൾ കഴിഞ്ഞിരുന്നു. ഇടതുകൈയിൽ അവന്റെ കൈയും പിടിച്ചു അയാൾ നടന്നു, ആമിനയുടെ അടുത്തേക്ക്.
അവന്റെ വരവ് ആമിന സംശയത്തോടെയാണ് വീക്ഷിച്ചത്, പുയ്യപ്പള വല്ല കള്ളവും പറയുകയാണോ എന്ന് അവൾ ന്യായമായും സംശയിച്ചു. പോക പോകെ അവൾ അതുമായി താദാത്മ്യം പ്രാപിച്ചുതുടങ്ങി, അവൻ അവിടുത്തെ ചായിപ്പിലെ ഒരംഗമായി, മാട് ബഷീർ അവനെ ഹൈദ്രോസേ…. എന്ന് നീട്ടി വിളിച്ചു, അവൻ വിളികേട്ടില്ലെങ്കിലും അയാളെ നോക്കി ചിരിച്ചു, പിന്നെ അവൻ പള്ളിലാംങ്കരയുടെ ഹൈദ്രോസ് ആയി. ഊരും പേരും അറിയാത്ത അവൻ ആ നാടിന്റേതായി മാറി. പള്ളിലാംങ്കരയുടെ നിത്യ ജീവിതത്തിലെ ഒരു കണ്ണിയായി അവനും ഇഴചേർന്നു. പിന്നെ അവിടെ പലരും വന്നു, ഉള്ളവർ പലരും കാലയവനികക്കുള്ളിൽ മറഞ്ഞു. മാട് ബഷീറിന്റെ ബീവി അഞ്ചാറ് പ്രസവിച്ചു, അതിൽ ഒന്ന് മാത്രം പെണ്ണ് സഫിയ. സലീമും റഹീമും, നാസറും അവളുടെ മുത്തങ്ങളമാർ. ആമിന പ്രസവിച്ച രണ്ടെണ്ണം ചാപിള്ളയുമായി.
ഹൈദ്രോസ് എന്നും ചായിപ്പിലെ കിടക്കുമായിരുന്നുള്ളു, ആരോടും കൂടാത്ത പ്രകൃതം. വെട്ടുള്ള ദിവസങ്ങളിൽ ബഷീറിന്റെ ഒപ്പം കാണും. ഇറച്ചി വെട്ടുന്നത് അവന് ഒരു ഹരമായിരുന്നു എന്നും. അവൻ ഇറച്ചി നുറുക്കുന്പോൾ അതൊരു കലയാകുന്നു എന്നാ ബഷീർ പോലും പറയുന്നത്. അൽപ്പം മുതിർന്നപ്പോൾ മാടിനെ വെട്ടുന്നതും അവൻ ഏറ്റെടുത്തു. ചുടു ചോര മുഖത്തേക്ക് തെറിക്കുന്പോൾ അവന്റെ ശരീരം ഒന്ന് കുളിരുകോരുംപോലെ വിറക്കും. അതിനെ തൊലിയുരിക്കുംപോളും വെട്ടി ഞുറുക്കുംപോളും അവൻ തലയുയർത്തി നോക്കാറേ ഇല്ല. എല്ലാം കഴിയുന്പോൾ അവൻ വെട്ട് കത്തിയുമായി നടക്കും ദേഹം നിറയെ ഒട്ടുന്ന ചോരയുമായി. അടുത്ത പുഴ കടവിലേക്ക്. പിന്നെ വിശദമായ മുങ്ങി കുളിയാണ്. അവിടെ നിന്നും നേരെ കുഞ്ഞിരാമന്റെ കടയിലേക്ക്. അന്ന് സരള വന്നിട്ടില്ലായിരുന്നു. പിന്നെ കാലമെത്ര കടന്നു പോയി. കമ്മാരൻ സരളയെ കൊണ്ടുവന്നു. കുഞ്ഞിരാമനും ബഷീറും മരിച്ചു. സരള രണ്ട് പെൺകുട്ടികളെ പ്രസവിച്ചു. കമ്മാരൻ മരിച്ചു. പിന്നെയും കാലം അതിന്റെ യാത്ര തുടർന്ന് കൊണ്ടേ ഇരുന്നു, ഒരിക്കലും അവസാനിക്കാത്ത യാത്ര.
ഹൈദ്രോസ് ചെറിയ കിണ്ണത്തിൽ വെളിച്ചെണ്ണ എടുത്തു, പിന്നെ അറക്കാനുള്ള മാടിന്റെ ശരീരത്തിൽ അത് വാത്സല്യത്തോടെ തേച്ചു പിടിപ്പിച്ചു. പതിയെ അതിനെ ദേഹമാസകലം ഉഴിഞ്ഞു. മാട് അവന്റെ സ്നേഹം നിറഞ്ഞ താഴുകലിൽ മതിമറന്ന് ലയിച്ചു നിൽക്കെയാണ്. അതിന്റെ തല മുതൽ വാലുവരെ അവൻ പലവട്ടം എണ്ണ തേച്ചു തടകി. അപ്പോൾ അവന്റെ പുറം മസിലുകൾ മനോഹരമായി തുടിച്ചു, ഒപ്പം കൈകളിലെയും. അവന്റെ ചലനങ്ങളിൽ ഉന്മാദം പ്രകടമാണ്, കടഞ്ഞെടുത്ത അവന്റെ ശരീരത്തിലെ മസിലുകൾ കരയിൽ പിടിച്ചിട്ട മീനുകളെ പ്പോലെ പിടച്ചുയർന്നു. ആ കാഴ്ച ആരെയും മോഹിപ്പിക്കുന്നതായിരുന്നു. അവന്റെ ചുവന്ന കണ്ണുകളിൽ ആർദ്ര ഭാവം കളിയാടി നിന്നു. ലാസ്യത്തിന്റ കുഞ്ഞോളങ്ങൾ ഉയർന്നു താഴും പോലെ. മാടിന്റെ തലയിൽ പിടിച്ചു അവൻ കുനിഞ്ഞു ഉമ്മ നൽകി, പലവട്ടം. പെട്ടന്നാണ് അവന്റ കണ്ണുകളിൽ രൗദ്രത നിഴലിച്ചത്, ഞൊടിയിടയിൽ മാട് നിലം പതിച്ചു, കൈകാലുകൾ ബന്ധിക്കപ്പെട്ട മാട് നിലത്ത് കിടന്ന് കുതിക്കാൻ ശ്രമിച്ചു, പിന്നെ പിടഞ്ഞു, അല്പസമയത്തിനുള്ളിൽ അവന്റ കൈയിലെ വെട്ടുകത്തി ഉയർന്നു താണു, വേർപെട്ട ശിരസ്സുമായി പിടക്കുന്ന മാടും മുന്നിൽ ചുടുചോരയിൽ കുളിച്ചു നിൽക്കുന്ന ഹൈദ്രോസും, അവന്റെ മുഖം ഇപ്പോൾ ശാന്തമാണ്, ഏതോ അനുഭൂതിയിൽ ലയിച്ചു നിൽക്കുന്ന ഭാവം.
അവന്റെ മനസ്സ് വർഷങ്ങൾ പിന്നോട്ട് പോയി, ഓർമ്മകളിൽ കർക്കിട മഴ ആർത്തു പെയ്യുന്ന രാത്രി, ഉച്ചക്കെങ്ങോ ആഹാരം കഴിച്ച അവൻ വിശപ്പിനാൽ കരഞ്ഞു തളർന്നുറങ്ങി. അരികിൽ കെട്ടിപ്പിടിച്ച സ്ത്രീ രൂപം. രാത്രിയിൽ എപ്പോഴോ അരിച്ചിറങ്ങുന്ന തണുപ്പിൽ ഉണർന്നപ്പോൾ അരുകിൽ അവരില്ല. അരണ്ട മെഴുകുതിരി വെളിച്ചത്തിൽ അവൻ നോക്കി, മുന്നിൽ അർദ്ധ നഗ്‌നയായി അവർ, കൂടെ ഒരു പുരുഷനും, അയാൾ അവളെ ആസകലം തഴുകുകയാണ്, അയാളുടെ കൈകൾ ആ തരള ശരീരത്തെ ആകമാനം പുൽകി ഉണ൪ത്തുന്നു, അതിനനുസരിച്ചു അവളുടെ ശ്വാസഗതി ഉയർന്നു താഴുന്നു. അവൻ പകുതി ഉറക്കത്തിൽ അത് നോക്കി കിടന്നു. അരിരുവരും ഇപ്പോൾ ആലിംഗബദ്ധരാണ്, അയാളുടെ ചുണ്ടുകൾ അവളുടെ അധരങ്ങളെ പലതവണ തഴുകി തലോടി. അപ്പോൾ അയാളുടെ വലതു കരം അവളുടെ പിന്നിൽ എന്തോ തിരഞ്ഞു, ആ മങ്ങിയ വെളിച്ചത്തിലും ആ കത്തിയുടെ വായ്ത്തല തിളങ്ങി, പെട്ടന്നാണ്, ചുടു ചോര അവന്റ മുഖത്തേക്ക് തെറിച്ചു വീണത്, ഒരു ചെറിയ ആർത്തനാദത്തോടെ അവൾ അവനരികിലേക്ക് വീണ് പിടച്ചു, കഴുത്തിലെ മുറിവിൽ നിന്ന് ചീറ്റി തെറിക്കുന്ന ചോര ആ പിഞ്ചു ശരീരത്തെ നനക്കുന്നു. ചോര കുടിച്ച കത്തിയുമായി അയാൾ നിസ്സംഗമായി മുന്നിൽ അരക്ക് മുകളിൽ ആനാവൃതമായി മലർന്ന് കിടക്കുന്ന ആ സ്ത്രീ ശരീരത്തെ നോക്കി, പിന്നെ ഇടം കാലുകൊണ്ട് കബന്ധത്തെ തട്ടി മാറ്റി നടന്നകലുന്ന കാഴ്ച അവൻ കിടന്ന കിടപ്പിൽ കണ്ടു.
പുഴയിൽ കുളിർ വെള്ളത്തിൽ മുങ്ങി ഉയരുന്പോൾ എന്നും അവനെ വേട്ടയാടുന്ന ആ കാഴ്ചകൾ അന്നും അവൻ മനോമുകുരത്തിൽ കണ്ടു. ആ ശ്ലഥചിത്രങ്ങളുടെ ആത്മരതി എന്നും മാടിന്റെ ചുടുചോരയിൽ അവൻ ആവർത്തിക്കുകയാണ്. അന്ന് വൈകുന്നേരം വരെ അവൻ പുഴയുടെ കരയിൽ ചുമ്മാതിരുന്നു. അന്തികള്ളുമായി സഹദേവൻ ഷാപ്പിലേക്ക് പോകുന്നതിനു മുൻപ് അവന്റെ പടി വാങ്ങി, അവൻ നടന്നു, വെള്ളം ഒഴിഞ്ഞു നിവർന്നു കിടക്കുന്ന പുഴയിലെ മണൽപ്പുറത്തേക്ക്. പതിവ് ഒറ്റക്കുള്ള മോന്തൽ കഴിഞ്ഞപ്പോഴെക്കും ചുറ്റും ഇരുട്ട് കട്ടപിടിച്ചിരുന്നു. എഴുനേറ്റ് മുട്ടിലെ മണലും തട്ടി അവൻ നടന്നു, സരളയുടെ കടയിലേക്ക്. അതിന്റെ തിണ്ണയിലാണ് അവന്റെ രാത്രി കിടപ്പ്. ഒറ്റ താടിയുമായി നടക്കുന്ന അവന് എന്തിന് മണിമാളിക. കുഞ്ഞിരാമേട്ടനുള്ളപ്പോൾ മുതലുള്ള പതിവാണ്, സഫിയ വളർന്നു എന്ന് തോന്നിയപ്പോൾ അവൻ ചായിപ്പ് വിട്ടു. കടയുടെ കാവലും ആകും എന്ന് തോന്നിയപ്പോൾ കുഞ്ഞിരാമൻ തടഞ്ഞും ഇല്ല.
അവൻ കടയിൽ ചെന്നപ്പോൾ കട അടച്ചിരുന്നില്ല, സരള കടയടക്കാൻ തുടങ്ങുകയായിരുന്നു, അവൻ മുരടനക്കി. സരള അവനെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു, എടാ ഹൈദ്രോസ്സേ കറണ്ട് വൈകിട്ട് പോയതിനാൽ അരി അരയ്ക്കാൻ കഴിഞ്ഞില്ല, കറണ്ട് വന്ന് അരിയരച്ചു കഴിഞ്ഞപ്പോൾ സമയം അങ്ങ് പോയി. നീ എന്തായാലും ഇവിടെ തന്നെ കിടക്കുന്നത്, അതിന് മുൻപ് അക്കനെ വീടുവരെ ഒന്ന് കൊണ്ട് വിടടാ. ഹൈദ്രോസ് ഒന്ന് മൂളി. മുന്നിൽ നടന്ന അവന്റെ പിന്നാലെ ടോർച്ചു ലൈറ്റ് തെളിച്ചു കൊണ്ട് സരള നടന്നു. വീട്ടിൽ അവൾ മാത്രമേ താമസമുള്ളൂ, പെൺകുട്ടികളെ കെട്ടിച്ചു വിട്ടതിന് ശേഷം അങ്ങനെ ആണ് അവളുടെ ജീവിതം. പുലരുന്പോൾ വന്നു കട തുറക്കും അന്തിമയങ്ങുന്നതിന് മുൻപ് കടയും അടച്ചു മടങ്ങും.
ഇരുണ്ട് മൂടിയ ആകാശം വേനൽ മഴയെ പ്രസവിച്ചത് പെട്ടന്നായിരുന്നു, വിണ്ടുകീറിയ ഭൂമി ആ പരിരംഭണത്തിന്റ കുളിരിൽ തരളിതമായി, ജലം അവിടെ, ഇവിടെ ചാലിട്ടൊഴുകി. അറിയാതെ വന്ന മഴയിൽ അവരും നനഞ്ഞു, പകലന്തിയോളം ഓടിനടന്നുള്ള ജോലിയിൽ ക്ഷീണിതയായ സരളയുടെ ശരീരം ആ പുതുമഴയിൽ ഒന്ന് ഉലഞ്ഞുണ൪ന്നു. അവർ അവളുടെ വീട്ടിലേക്കുള്ള നടത്തത്തിൽ വേഗം കൂട്ടി. ജലം ശരീരത്തിൽ പടർന്നപ്പോൾ സരള, കമ്മാരനെ ഓർമ്മകളെ തിരികെ വിളിച്ചു. മഴ കമ്മാരന് എന്നും ആവേശമായിരുന്നു, ആ ഉണർവ്വിൽ അവളിൽ പാണ്ടിയും പഞ്ചാരിയും കൊട്ടികയറാനും അതിന്റെ ഉന്നതിയിൽ കാലവർഷത്തിന്റെ പെരുംമാരിയായി പെയ്തിറങ്ങാനും ഉള്ള അവന്റെ കൗശലം ഓർത്ത് ആ നടത്തത്തിൽ അവൾ ആവേശം കൊണ്ടു. പെട്ടന്നാണ് അവരെ ഞെട്ടിച്ചു കൊണ്ട് മിന്നലും ഇടിയും മുഴങ്ങിയത്. ഭയന്ന് സരള കമ്മാരന്റെ ഓർമ്മയിൽ ഇറുകി പുണർന്നത് ഹൈദ്രോസിനെ ആയിരുന്നു. ആ പാതിരാവിലും അവൻ നിസ്സംഗനായി അവളെ ശാരീരീരത്തിൽ നിന്നും പിടിച്ചകത്തിയപ്പോൾ സ്ഥലകാല ബോധമുണ്ടായ സരള ജാള്യതയോട് തല കുനിച്ച് മുന്നോട്ട് നടന്നു.
കതക് തുറന്ന് പുരക്കകത്ത് കയറിയ സരള ഹൈദ്രോസിനെയും വിളിച്ചു. മാറ് മറച്ചിരുന്ന തോർത്ത് അവന് തലതുടക്കാൻ കൊടുത്തിട്ട് അവൾ ചായ ഉണ്ടാക്കാനായി അകത്ത് കയറി. ഡബിൾ സ്രോങ് ചായയുമായി തിരികെ വന്നവൾ കണ്ടത് സ്വീകരണ മുറിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഹൈദ്രോസിനെ, ആ വെളിച്ചത്തിൽ അവന്റെ കരുത്തുറ്റ ശരീരം തിളങ്ങി. കൈയ്യിലിരുന്ന ചായ ഗ്ലാസ്സ് അവന് നൽകി, അവൾ അവളുടെ ചായ കുടിച്ചു. ചായ ചുണ്ടോട് ചേർക്കുന്നതിനിടയിൽ അവൻ അവളുടെ അർദ്ധനഗ്നമായ മാറിൽ കണ്ണുകളുമായി ഉഴിയുന്നത് അവൾ ശ്രദ്ധിച്ചു. അപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി. കൈയ്യിൽ ഇരുന്ന ചൂടുവെള്ളം അവളും നുണഞ്ഞിറക്കി, അവളുടെ കണ്ണുകളും അവന്റേതുമായി ഇടഞ്ഞു, അതിൽ നിന്നും ഉയർന്ന അഗ്‌നി സ്പുലിംഗങ്ങൾ, അവളുടെ വരണ്ട ശരീരത്തെ ചൂടുപിടിപ്പിച്ചു. വർഷങ്ങളായി സാന്ത്വനം പ്രതീക്ഷിച്ച അതിൽ, പ്രതീക്ഷയുടെ ചലനങ്ങൾ ആഗതമായി. അവൾ അവനിലേക്ക് അടുത്തു നിന്നു, അവൻ അപ്പോഴും നിസ്സംഗനായിരുന്നു.
അവളുടെ മൃദുപാണികൾ കാരിരുന്പിന്റെ കരുത്താർന്ന പേശിയിൽ പരാതിയപ്പോൾ അവൻ നിർവികാരനായി നോക്കി നിന്നു. അവനിൽ ആവേശത്തിര ഇളകാൻ തുടങ്ങുകയായിരുന്നു. അല്പസമയത്തിനുള്ളിൽ ഹൈദ്രോസ് അവളെ കോരിയെടുത്ത് അകത്തേക്ക് നടന്നു. അവൻ ഇളം കിടാരിയുടെ ശരീരം പോലെ അവളെ തഴുകി, ആ സുഖത്തിൽ സരള ശ്വാസം വലിച്ചു വിട്ടു, അവളുടെ ശീൽക്കാരങ്ങളുടെ ശബ്ദം പതിയെ ഉയർന്നു തുടങ്ങി, അതിന്റെ ഉയ൪ച്ച താഴ്ചകളിൽ താളവും ലയവും കല൪ന്നു. അവൻ തന്റെ ബലിഷ്ടമായ കരങ്ങളിൽ അവളെ അടിമുതൽ മുടിവരെ ഉഴിഞ്ഞു, അവൾ അതിൽ പത്തുതല നാഗത്തെപ്പോൽ പുളഞ്ഞു. അവളുടെ ശ്വസോച്ഛാസത്തിന്റെ വേഗം ദ്രുതഗതിയിലായി, അവൾ പൂത്തുലഞ്ഞു. അവളുടെ ശരീരം ഇപ്പോൾ വസ്ത്രത്തെ സ്വയം കുടഞ്ഞെറിഞ്ഞു. ആ ആവേശത്തിൽ ഹൈദ്രോസിന്റെ ചടുലത പുതിയ കാലങ്ങളിൽ കല്യാണിയും മോഹനവും കാംബോജിയും പാടിത്തകർത്തു. അവരുടെ ദേഹം പരസ്പരം ഒന്ന് ചേരാൻ വെന്പി. അവന്റെ അധരങ്ങളിൽ അവൾ തേൻമഴയായ് പെയ്തിറങ്ങി, അവൻ വേഴാന്പലും.
ഹൈദ്രോസ് പുഴയുടെ മടിത്തട്ടിൽ ആ അർദ്ധ രാത്രിയിലും മുങ്ങികുളിച്ചുകൊണ്ടിരുന്നു, കരയിൽ കഴുകി വൃത്തിയാക്കിയ അവന്റെ വെട്ടുകത്തി ആ കുരുട്ടിലും തിളങ്ങി. അടുത്ത് ചുടുചോര മണക്കുന്ന അവന്റെ വസ്ത്രങ്ങൾ കുട്ടി വച്ചിരുന്നു. വേനൽ മഴ പെയ്തൊഴിഞ്ഞ ആകാശത്തിൽ നക്ഷത്രങ്ങൾ അങ്ങിങ് അന്പിളിയെ തേടി കണ്ണ് ചിമ്മി. എവിടുന്നോ വീശിയ തണുത്ത കാറ്റ് പള്ളിലാംങ്കരയിൽ എത്തിയപ്പോൾ വിറങ്ങലിച്ചു നിന്നു. നേരം പുലർന്നപ്പോഴും അന്ന് കുഞ്ഞിരാമേട്ടന്റെ കട തുറന്നിരുന്നില്ല, പതിവുപോലെ വന്ന പതിവുകാർ നിരാശയോട് മടങ്ങി, സരളയുടെ ദർശനത്തിൽ സുഖം കണ്ടിരുന്നവർ, പിന്നെയും അവിടെ ചുറ്റി പറ്റി നിന്നു, അവൾ വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ. അപ്പോൾ അങ്ങകലെ പൂർണ്ണമായും നഗ്‌നമാക്കപ്പെട്ട ഒരു സ്‌ത്രീ ശരീരം തല വേർപെട്ട രീതിയിൽ കിടക്കയിൽ അനാഥമായി കിടന്നു, അൽപ്പം ദൂരെയായി തല, ശരീരം വരുന്നതും കാത്തും. ചീറ്റി തെറിച്ച ചോരതുള്ളികൾ ഭിത്തിയിൽ പുരുഷരൂപത്തിന്റെ ചിത്രം വരച്ചിട്ടിരുന്നു. പള്ളിലാംങ്കരയുടെ ആകാശം ആ ഭയാനകതയിൽ ചുടുപിടിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പുതിയ കഥകളും അവയുടെ പിന്നാംന്പുറ സൃഷ്ടികളുമായി.
രഘുചന്ദ്രൻ ആർ കേളക്കൊന്പിൽ
Comments
Post a Comment