തിരിച്ച് വരവുകൾ
തിരിച്ച് വരവുകൾ
അയാൾ അപ്പോൾ എയർ പോർട്ടിലെ ബോഡിങ് പാസ്സിനുള്ള വരിയിൽ ആയിരുന്നു, അന്നത്തെ തിരുവനന്തപുരത്തേക്കുള്ള അവസാന വിമാനം. വരിയിൽ അധികം പേര് ഉണ്ടായിരുന്നില്ല, പെട്ടന്നുള്ള തിരിച്ചുപോക്കായതിനാൽ അയാളുടെ കൈകൾ ശൂന്യമായിരുന്നു, ഹാൻഡ് ബാഗോ, വലിയ പെട്ടികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഭാരമില്ലാത്ത ഇല്ലാത്ത യാത്ര, അയാൾ ആലോചിച്ചു. ഡിപ്പാർച്ചർ ലോഞ്ചിൽ ഇരിക്കുന്പോൾ അയാൾ ചുറ്റിലും നോക്കി, കൈനിറയെ സാധനങ്ങളുമായി കടന്നു വരികയാണ് സഹയാത്രികർ. ബോഡിങ് സ്ഥലത്ത് കയറ്റിവിട്ട അധിക ഭാരത്തിന് ചാർജ്ജ് കുറക്കാൻ കെഞ്ചുന്ന പലരെയും അയാൾ കണ്ടിരുന്നു, കൗണ്ടറിൽ ഇരുന്നവർ നൽകിയ ഇളവിന് ശേഷം ബാക്കി പണം എയർ പോർട്ടിൽ അടച്ചിട്ട്, ഡ്യൂട്ടി ഫ്രീയിൽ നിന്നും പിന്നെയും വാങ്ങി കൂട്ടി വരുകയാണ് അവർ.
അയാൾ അപ്പോൾ ഓർത്തത് അയാളുടെ പഴയ യാത്രകൾ ആണ്, പത്തുമുപ്പതു വർഷമായി അയാൾ കാണുന്നതാണ് ഇത്, പ്രവാസിയുടെ വരവ് പോക്കുകൾ. കഴിഞ്ഞ പ്രാവിശ്യം വരെ അയാളും അങ്ങനെ തന്നെ ആയിരുന്നു, തിരിച്ചു വരവ് തീരുമാനിക്കും മുൻപേ കേട്ട് നിറ തുടങ്ങും, വീട്ടിൽ നിന്ന് വരുന്ന നീണ്ട ലിസ്റ്റിന് പുറമെ കൂട്ടുകാരുടെയും അയലത്തുകാരുടെയും ബന്ധുക്കളുടെയും ലിസ്റ്റുകൾ ഉണ്ടാവും. എല്ലാം വാങ്ങിയാലും പിന്നെയും സംശയമാണ്, പലതവണ ഒത്തുനോക്കുന്ന ലിസ്റ്റും സാധനങ്ങളും എയർ പോർട്ടിലേക്ക് വരുംവരെ തുടരും. കേട്ട് നിറക്കുന്ന അന്നാണ് പുരം. സഹമുറിയന്മാരും കൂട്ടുകാരും എന്ന് വേണ്ട എല്ലാവരും വരും, സ്വന്തം സാധനം കൂടാതെ പരിചയക്കാരുടെ സാധനവും ചേർത്ത് നിറക്കുന്ന കെട്ടിലെ ഭാരം തൂക്കി നോക്കിയാലും വേവലാതിയാണ്, കൗണ്ടറിലെ അധികക്കുലി.
എത്ര കരുതിയാലും നല്ലൊരു തുക അവിടെ കൊടുക്കേണ്ടി വരും, കാലും കൈയും പിടിച്ചു ഫീൽഡ് സ്റ്റാഫിൻറെ ഇളവും വാങ്ങി, പണമടക്കുന്ന കൗണ്ടറിലേക്ക് പോകുന്പോൾ, പിറകിൽ വരി നിൽക്കുന്നവരുടെ പിറുപിറുക്കൽ കാതിൽ വീണാലും ചിന്ത പോക്കറ്റിൽ ബാക്കി എന്തുണ്ടാകും എന്നായിരിക്കും, ഡ്യൂട്ടി ഫ്രീയിലെ പർച്ചെയ്സിനുവേണ്ടി. കൂട്ടുകാർക്കും അളിയന്മാർക്കുമുള്ള സൽക്കാര സാധങ്ങളും കുട്ടികൾക്കുള്ള ചോക്ലേറ്റും പാൽപ്പൊടിയും ടാങ്ങും വാങ്ങിയില്ലങ്കിൽ ആൾക്കാർ വല്ലതും വിചാരിച്ചാലോ. കണക്ക് കൂട്ടിയാൽ ഇവിടുന്നു വാങ്ങുന്നതിന്റെ ഇരട്ടി ഇതേ വിലയിൽ നാട്ടിൽ വാങ്ങാമെങ്കിലും ഇവിടുന്നുള്ളതിന്റെ പകിട്ട് ഉണ്ടാവില്ലലോ, എന്നായിരിക്കും മനസ്സ് പറയുക.
വിമാനത്തിൽ കയറാനുള്ള വിളിച്ചു പറയലും, മുന്നിലെ ഗ്ലാസ്സ് ഡോറിലേക്കുള്ള തള്ളി കയറ്റവും അയാളെ ചിന്തയിൽ നിന്നും ഉണർത്തി. തിരക്കിലെ ഒഴുക്കിൽ അയാളും കൂടി. അത് അവസാനിച്ചത് ആ വലിയ വിമാനത്തിലാണ്, പലതവണ ഇതൊക്ക അവർത്തിയതാണെങ്കിലും പുതുമയുടെ കൗതുകത്തോടെ അയാളും നടന്നു അവർക്കിടയിലൂടെ. അകത്ത് എരിപൊരി സഞ്ചാരം തന്നെ. എയർ ഹോസ്റ്റസിന്റെ വാക്കുകളെ ശ്രദ്ധിക്കാതെ കൈയ്യിലെ സാധനങ്ങൾ ക്യാബിനിൽ കുത്തികയറ്റാനുള്ള തിടുക്കത്തിൽ ആയിരുന്നു എല്ലാവരും. എല്ലാം ഊറിച്ചിരിച്ചുകൊണ്ടു അയാൾ നോക്കി നിന്നു. ഭാരങ്ങൾ ഇല്ലാത്ത അവന്റെ കൈകൾ നോക്കി അന്നവൻ ആദ്യമായി പുഞ്ചിരിച്ചു. ഗ്ലാസ് ഡോറിന്റെ തുടക്കത്തിൽ വലിയവ ഫീൽഡ് സ്റ്റാഫ് നിർബന്ധമായി വാങ്ങിയിരുന്നില്ലങ്കിൽ വിമാനത്തിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല എന്നയാൾ ഓർത്തു.
പറന്നുയർന്ന വിമാനത്തിൽ ഇരുന്ന് അയാൾ ചുറ്റും നോക്കി, ആൾക്കാർ തുടക്കത്തിലേ വെപ്രാളം എല്ലാം അടക്കി നിശ്ശബ്ദരായി ഇരിക്കുകയാണ്, എന്തിനെയോ കാത്തിരിക്കുംപോലെ എല്ലാവരുടെയും മുഖത്ത് ആകാംഷയും പ്രതീക്ഷയും നിഴലിക്കുന്നു. കഴിഞ്ഞുപോയ നാളുകളിലെ നഷ്ട്ട സ്വപ്നത്തിന്റെ കനലുകളാകാം, പ്രിയപ്പെട്ടവരുടെ പ്രതീക്ഷയുടെ കനംപേറി, അധ്വാനിച്ച നാളുകളുടെ ആകെത്തുകയാവാം, എങ്കിലും അവർ നിശ്ശബ്ദരായിരുന്നു. അവരിൽ ഓരോരുത്തരും പ്രതീക്ഷയുടെ തീരം കാക്കുന്ന നൗകളായിരുന്നു, അയാളെപ്പോലെ. അവിടെ പ്രിയപ്പെട്ടവരുടെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു, ആവശ്യങ്ങൾ നിറവേറ്റിയ ചാരിതാർഥ്യം ഉണ്ടായിരുന്നു, എങ്കിലും അവർ വെറും മനുഷ്യർ മാത്രം.
വിമാനം തിരുവനതപുരത്ത് ഇറങ്ങിയതും അയാൾ വേഗം പുറത്തിറങ്ങി, പെട്ടന്നുള്ള വരവായതിനാൽ കാത്തുനിൽക്കാൻ ആരുമുണ്ടാവില്ല എന്നയാൾക്ക് അറിയാമായിരുന്നു, പോരാത്തതിന് കനമില്ലാത്ത കൈകളും. ആ രാത്രി ആദ്യം അയാൾ പോയത് മകളുടെ വീട്ടിലേക്കാണ്, അവളെ വിവാഹം കഴിച്ചയച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും അയാൾ ആദ്യമായി ലീവിന് വരികയാണ്. എങ്കിലും വഴി അയാൾ പെട്ടന്ന് കണ്ടു പിടിച്ചു. ആ രണ്ട് നില വാടകവീടിന്റെ മട്ടുപ്പാവിൽ അപ്പോഴും വിളക്കുകൾ എരിയുന്നു. ദുരെ നിന്നേ അയാൾ കണ്ടു മകളും മരുമകനും, എന്തൊക്കയോ സംസാരിക്കയാണ്, യുവമിഥുനങ്ങൾ കൊക്കുകൾ ഉരുമ്മി സംസാരിക്കുന്നിടത്തേക്ക് പോകാതെ അയാൾ മറഞ്ഞു നിന്നു. മകളുടെ സന്തോഷം അറിയാനുള്ള ഉള്ളിലെ കൗതുകം കൊണ്ട് അവരുടെ സംസാരം അയാൾ ഒളിച്ചിരുന്ന് കേട്ടു.
മരുമകൻ അവളോട് പറയുകയാണ്, പ്രിയാ..... എനിക്ക് എന്തോ വല്ലാതെ തോന്നുന്നു, ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് പറയുന്നു.
അപ്പോൾ മകൾ എന്ത്?.... പപ്പയുടെ പണത്തിന്റെ കാര്യമാണോ?……..അതിൽ എനിക്കില്ലാത്ത വിഷമമെന്തിനാ സിദ്ധാർത്ഥേട്ടന്
അതെ അത് തന്നെ......... ഇപ്പോൾ അത് ചോദിക്കേണ്ടിയിരുന്നില്ല....... നിന്റെ കല്യാണത്തിന് കുറെ ചിലവാക്കിയതല്ലേ അദ്ദേഹം, പിന്നെ പെട്ടന്ന് മുപ്പത് ലക്ഷം രൂപാ...... അതും ഒരു വേലയും കുലിയുമില്ലാത്ത എനിക്ക് ബിസ്സ്സിനസ്സിൽ മുടക്കാൻ എന്ന് പറഞ്ഞിട്ട്..............
ഏട്ടാ.... നിങ്ങൾക്കറിയില്ല, അച്ഛനെ എനിക്ക് വേണ്ടി അച്ഛൻ എന്തും ചെയ്യും, ഏട്ടനെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ എല്ലാം നടത്തിത്തന്നില്ലേ, വിവാഹത്തിന് അൽപ്പം മുൻപാണ്, സ്വന്തമായി വീടോ ഒരുപണിയോ ഇല്ലാ എന്നറിഞ്ഞത്, അപ്പോഴും ഞാൻ ബലമായി നിന്നു. പിന്നെ അച്ഛന് പ്രായമായി വരുകയാണ്, അധികകാലം ഗൾഫിൽ ഉണ്ടാകില്ല, ഇപ്പോൾ ഇത് ചോദിച്ചില്ലായെങ്കിൽ ഉള്ളത് അവൻ കൊണ്ട് പോകും , അതുകൊണ്ടു ഇതിൽ ഒരു കുഴപ്പവും ഇല്ല.
പ്രിയാ...... എങ്കിലും ഈ മുപ്പത് ലക്ഷം അത് ഇത്തിരി കൂടി പോയില്ലേ. അതും ഇല്ലാത്ത ബിസിനസ്സിന്റെ കാര്യം പറഞ്ഞ്.........
ഏട്ടാ....... ചോദിക്കുന്പോൾ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു......... പപ്പാ നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഉള്ള പ്രതീക്ഷയും പോയി..... പലതവണ ആവർത്തിച്ചത് വെറുതെ ആയിരുന്നു....... ഇന്നലെ ഫോണിൽ പറഞ്ഞപ്പോൾ വെറുതെ കളിയാക്കുക എന്നാണ് തോന്നിയത്, ബാങ്കിൽ നിന്ന് മെസ്സേജ് വന്നപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി........
പ്രിയാ...... അതിനൊക്കെ നീ മിടുക്കിയാണ് എന്നെനിക്കറിയില്ല........ അത് തന്നെ ആണല്ലോ എനിക്ക് നിന്നെ ഇഷ്ട്ടപെട്ടതും. ഇനി ഇത് കൊണ്ട് ഒന്ന് അടിച്ചു പൊളിക്കണം.
പിന്നെ, പിന്നെ.... ഇത് അങ്ങനെ തരാനൊന്നും പറ്റില്ല, ഞാനൊന്ന് നോക്കട്ടെ. പെട്ടന്ന് തീർത്താൽ, പിന്നെ ചോദിച്ചാൽ പപ്പക്ക് സംശയമാകും.
അവരുടെ സംസാരം തുടർന്നു കൊണ്ടേ ഇരുന്നു. അയാൾ ചിന്തിച്ചു, അപ്പോൾ ഇത്രയും കാലം ഇവൾ എന്നെ പറ്റിക്കുകയായിരുന്നു, എല്ലാം മക്കളോടുള്ള സ്നേഹത്തിൽ താൻ മനസ്സിലാക്കിയില്ല, ആ മുപ്പത് ലക്ഷം ഉണ്ടാക്കാൻ എവിടെയെല്ലാം പോയി, ആരെയെല്ലാം കണ്ടു. എന്തെല്ലാം പണി ചെയ്തു. കന്പനിയിലെ പണി കൂടാതെ, പലതും. കഴിഞ്ഞ ആറ് മാസം ഉറക്കം എന്തെന്നറിഞ്ഞിരുന്നില്ല, പിന്നെ കടം വാങ്ങിയതും ശമ്പള അഡ്വാസും, രണ്ട് ദിവസം മുൻപ് എല്ലാം കൂട്ടി വച്ച് നാട്ടിലേക്കയക്കുന്പോൾ, ഒരു വല്ലാത്ത ആശ്വാസം ആയിരുന്നു, മാസങ്ങൾ നീണ്ട പിരിമുറുക്കത്തിനിടയിയിലെ വെളിച്ചം. അന്ന് നന്നായി ഉറങ്ങി, അയാൾ ഓർത്തു.
പിന്നെ അധികം നേരം സംസാരം കേട്ട് നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല, തൊണ്ടയിൽ എന്തോ വിങ്ങുന്നപോലെ, അയാൾ നേരെ നടന്നു, വീട് ലക്ഷ്യമാക്കി. പടിക്കൽ എത്തിയപ്പോൾ ഗെയ്റ്റ് തുറന്നു കിടക്കുകയായിരുന്നു, നേരെ പൂമുഖപ്പടിയിൽ കയറി നിന്നിട്ട് അയാൾ പുറത്തേക്ക് നോക്കി, പടിഞ്ഞാറേ ചരുവിൽ പൂർണ്ണ ചന്ദ്രൻ ചിരിതൂകി നിൽക്കുന്നു. പൂനിലാവെട്ടത്തിൽ തിളങ്ങി നിൽക്കെയാണ് പ്രകൃതി. ആ രാക്കാഴ്ചയിൽ മുഴുകി അയാൾ നിന്നു. പിറന്ന നാടിൻറെ സൗന്ദര്യം ആദ്യമായി അനുഭവിക്കുന്നതുപോലെ. മുറ്റത്തെ തൈമാവിൽ പൂക്കൾ വിരിഞ്ഞു തുടങ്ങിയിരുന്നു, ഏതോ ഒരവധിക്കാലത്ത് വാങ്ങി നട്ടതാണ്, അത് അയാളെ നോക്കി ചിരിക്കുന്നപോലെ തോന്നി. അയാൾ മുറ്റത്തേക്കിറങ്ങി.
തെച്ചിയും ചെന്പരത്തിയും നന്തിയാർവട്ടവും ഉറങ്ങുകയാണ്, നിശാശലഭങ്ങൾ പാറിനടക്കുന്ന തൊടികൾ, അങ്ങകലെ കൂമന്റെ മൂളൽ. മണം പരത്തുന്ന മുല്ലച്ചെടി, വിടരാൻ വെന്പിവരുന്ന റോസമുട്ടുകൾ, അവക്കിടയിൽ അയാൾ അവയെ തഴുകി നടന്നു, ഓരോ അവധിക്കും വന്ന് നട്ടുവളർത്തിയ അവയുടെ സൗകുമാര്യം ഒരിക്കലും കണ്ണ് കുളിർക്കെ ആസ്വദിച്ചിട്ടില്ല, എന്നും തിരക്കായിരുന്നു, പിന്നെ സഞ്ചാരങ്ങളും. തിരിഞ്ഞു നിന്ന് ഇരുട്ടിൽ നിലാവെളിച്ചത്തിൽ മനോഹാരിയായി നിൽക്കുന്ന വീടിനെ നോക്കി അയാൾ എല്ലാ കാഴ്ചകളിലും പുതുമയുടെ കൗതുകം തോന്നി അയാൾക്ക്. ജീവിത തിരക്കിനിടയിൽ നഷ്ട്ടമായ സൗഭാഗ്യങ്ങൾ. എങ്ങുനിന്നോ വീശിയ തണുത്ത കാറ്റിൽ നിർവൃതി അടഞ്ഞു നിൽക്കുയായിരുന്നു അയാൾ.
ശബ്ദമുണ്ടാക്കാതെ അയാൾ അകത്ത് കടന്നു, നേരം പുലരാൻ പിന്നെയും നാഴികകൾ ഉണ്ടായിരുന്നു, അയാളുടെ കിടപ്പുമുറിയിലേക്കാണ് അയാൾ പോയത്, ഉറങ്ങുന്ന ഭാര്യയെ ഒന്ന് കാണുക തന്നെ, അവൾ ശാന്തമായി ഉറങ്ങുകയാണ്, കഴുത്തുമുടിയ പുതപ്പിൽ മുഖം നന്നായി കാണാം. നരകൾ നിറഞ്ഞ തലമുടിയിലും സുന്ദരിയായിരിക്കുന്നു. പിന്നിട്ട് പോയ വർഷങ്ങളിൽ ഒറ്റപ്പെട്ട് പോയ ജീവിതനാളുകളിൽ പരിഭവത്തിന്റെ ലാഞ്ഛനപോലും കാട്ടാത്തവൾ. അയാൾ നോക്കി നിന്നു, ഒന്നിച്ചു ഉണ്ടായിരുന്ന നാളുകൾ തുച്ഛമായിരുന്നിട്ടും.
നോക്കി നിന്ന അയാൾ കണ്ടു അവൾ കണ്ണ് തുറന്നു നോക്കുന്നത്, മുറിയിലെ വെള്ളിവെളിച്ചം നിദ്രക്ക് ഭംഗം വരുത്തിയപോലെ, ആ വെളിച്ചത്തിൽ തന്നെ നോക്കി നിന്ന രൂപം കണ്ട് നിലവിളിക്കാനായി ഉയർത്തിയ വായ് അവൾ എന്തോ മനസ്സിലായപോലെ അടച്ചിട്ട് അയാളെ സാകൂതം നോക്കി കിടന്നു. അപ്പോൾ അയാൾക്ക് ആരോ മുകളിലേക്ക് വലിക്കുന്നപോലെ തോന്നി, തനിയെ ഉയർന്നു പോകുംപോലെ, അയാളാകും വെള്ളി വെളിച്ചം ആടിയുലഞ്ഞു പിന്നെ പതിയെ പതിയെ അലിഞ്ഞു മുകളിലേക്ക് പറന്നു പോകാൻ തുടങ്ങി, കാറ്റിൽ അകപ്പെട്ട അപ്പുപ്പൻ താടി പോലെ പറന്നു പറന്നു മുകളിലോട്ട്.
അപ്പോൾ അങ്ങ് എയർ പോർട്ടിൽ നിന്നും വെള്ള പുതച്ച ഒരു ദേഹം പെട്ടിക്കുള്ളിൽ അയാളുടെ വീട്ടിലേക്ക് സൈറണും മുഴക്കി പാഞ്ഞു വരുണ്ടുണ്ടായിരുന്നു, പുലരി വെട്ടത്തിൽ ആ വീട്ടിലെത്താൻ ധൃതിപ്പെട്ടുകൊണ്ട്. പ്രവാസത്തിന്റെ പ്രയാസങ്ങൾ എല്ലാം ഏറ്റുവാങ്ങിയ ആ മാസപിണ്ഡം അലിഞ്ഞു ചേരാൻ വിധിക്കപെട്ട മണ്ണും തേടി.
രഘുചന്ദ്ര൯ ആ൪ കേളക്കൊന്പിൽ
Comments
Post a Comment