വഴിയറിയാതെ........
വഴിയറിയാതെ.............
നാണ്വേ, നീ എന്താണ് പകൽകിനാവ് കാണ്വണോ?………..
ചെവിയിൽ വല്യമ്മാവന്റെ ഗംഭീരശബ്ദം ചിലന്പിച്ചു വീണപ്പോൾ നാണുനായർ കോസടിയിൽ നിന്നും ഞെട്ടി എഴുനേറ്റ് ചുറ്റിലും നോക്കി……….
ആരെയും കണ്ടില്ല, പിന്നെ മുറ്റത്തും പര്യംപറത്തും ഒക്കെ പരതി, എല്ലാ സ്ഥലവും ശൂന്യം തന്നെ, അയാൾ പൂമുഖ വാതിലിൽ കടത്തി അകത്തേക്ക് നോക്കിയിട്ട്, ഭാര്യയെ ഉറച്ചു വിളിക്കാൻ നോക്കി, അമ്മുക്കുട്ടി... എന്നുള്ള വിളി തൊണ്ട കുഴിയിൽ നിന്നും പുറത്ത് വരാൻ തുടങ്ങുന്നതിന് മുൻപ് അയാൾക്കോർമ്മ വന്നു. അമ്മുക്കുട്ടി വീട്ടിൽ ഇല്ല എന്ന്. അവൾ അമേരിക്കക്ക് പോയിട്ട് മാസം ഒന്നായി, മൂത്ത മകളുടെ മകൾ പ്രസവിക്കാറായപ്പോൾ അവളുടെ അമ്മക്ക് നിർബന്ധം അമ്മയും അച്ഛനും വന്നേ മതിയാകു. നാണുനായർ തറപ്പിച്ചു പറഞ്ഞു, ഈ നാട് വിട്ട് എങ്ങോട്ടും ഇല്ല, അമ്മുക്കുട്ടിയും മകൾ സരോജവും മരുമകനും മറ്റ് മക്കളും ആവതു പറഞ്ഞു നോക്കി, ജീവിതത്തിൽ ഇനി ഒരവസരം ഉണ്ടായെന്ന് വരില്ല, അമേരിക്ക സ്വപ്പ്നം കാണുക തന്നെ അസാധ്യം, അപ്പോൾ ഒന്ന് ചുറ്റിയടിക്കാൻ അവസരം കിട്ടിയാലോ.
അയാൾ തീർത്ത് പറഞ്ഞു, എനിക്ക് എന്റെ നാട് കണ്ടാൽ മതി, ഇവിടുത്തെ ശീലങ്ങളും……….
നാരായണൻ നായർ ആ നാട്ടിലെ ജന്മിയാണ്, പാരന്പര്യമായി കിട്ടിയ ജന്മി സ്ഥാനം. ഭാര്യയാണ് അമ്മുക്കുട്ടിയമ്മ, അയാളോടൊപ്പം കൂടിയിട്ട് വർഷം പത്ത് അൻപത്തഞ്ചായി, ആദ്യമായാണ് ഇങ്ങനെ പിരിഞ്ഞു നിൽക്കുന്നത്. ആദ്യമാദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. ഇളയ മകനും കുടുംബവും തറവാട്ടിൽ ഉണ്ട്. ഒപ്പം അടുത്ത് തന്നെ ചില മക്കളുടെ വീടുകളും കൊച്ചുമക്കളും. എല്ലാരുംനന്നായി അയാളെ നോക്കുന്നുണ്ട്. എങ്കിലും അയാളുടെ ഭാഷയിൽ പറഞ്ഞാൽ ഉപ്പോളം വരുമോ ഉപ്പിലിട്ടത്. അയാൾ ആഞ്ഞു ദീർഘ നിശ്വാസം വിട്ടു.
അവൾ പോയതോടെ പല പതിവുകളും താളം തെറ്റി. ഇളയ മരുമകൾക്ക് അയാളെ ജീവനാണ്, രാവിലെ ജോലിക്ക് പോകും മുൻപ് അയാളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഭർത്താവിന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും ഒരുക്കി വച്ചാണ് അവൾ പോകുക. അവൾ ടീച്ചറാണ്, ബെല്ലടിക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് ഇറങ്ങിയാൽ സ്‌കൂളിൽ എത്താം. മകൻ അവന്റെ ജോലിക്കും പോകും അവൻ സർക്കാർ ഉദ്യോഗസ്ഥനാണ്. കുട്ടികൾ രണ്ടും സ്‌കൂളിലും. തറവാട്ടിൽ പകൽ വെറുതെ ഇരിക്കണം, സമയാസമയങ്ങളിൽ മുത്തമരുമകൾ വന്ന് ആഹാരം വിളന്പും. കഴിച്ചു കൊണ്ട് വൈകുന്നേരം എല്ലാരും വരുന്നതും നോക്കി, പൂമുഖത്തെ കോസടിയിൽ ഇങ്ങനെ മലർന്ന് കിടന്ന് ദിവാസ്വപ്‌നം കാണുക മാത്രമാണ് പണി.
മരുമക്കത്തായം മക്കത്തായമായി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടാണ്, ഗോവിന്ദൻ മാമ, വല്യമ്മാമയേ, അദ്ദേഹത്തിന്റെയും തറവാട്ടിന്റെയും എല്ലാ സ്വത്തുവകകളും അയാളുടെ അമ്മ കുഞ്ഞുലക്ഷ്മിയമ്മക്ക് എഴുതി കൊടുത്ത് കാശിക്ക് പോയത്. പിന്നെ തിരിച്ചു വന്നില്ല. അന്നയാൾക്ക് പതിനാറ് വയസ്സ് പ്രായം. അച്ഛൻ പട്ടാളക്കാരനായിരുന്നു, ബ്രിട്ടീഷ് മിലട്ടറിയിൽ, പിന്നെ ഇന്ത്യൻ മിലട്ടറിയിലും വലിയ ഓഫീസർ. അയാൾ ജനിച്ചശേഷം, കുഞ്ഞു ലക്ഷ്മിയമ്മയെ കൂടെ കൊണ്ട് പോകാൻ വിളിച്ചതാണ്, ബ്രമ്മചാരിയായ മൂത്ത ആങ്ങളയെ വിട്ട് വരാൻ പറ്റില്ല എന്ന് കുഞ്ഞുലക്ഷ്മിയമ്മ കട്ടായം പറഞ്ഞു പോലും. അന്നത്തെ കാലത്തെ തറവാട്ട് സ്‌ത്രീകൾ വീട് വിട്ടു ഭർത്താവിന്റെ വീട്ടിൽ പോകുക വിരളം, പോരാത്തേതിന് വിളിക്കുന്നതോ അങ്ങ് ഗോസായികളുടെ നാട്ടിലേക്ക്, പോയില്ല അവർ, പിന്നെ അയാളുടെ അച്ഛൻ തിരിച്ചു വന്നില്ല, ആരും തിരക്കിയതുമില്ല. അടുത്ത കാലത്ത്, അനിയനും അനിയത്തിയും എന്ന് പറഞ്ഞു രണ്ടു പേര് കുടുംബവുമായി അയാളെ കാണാൻ വന്നിരുന്നു, അച്ഛന്റെ രണ്ടാം സംബന്ധത്തിൽ ഉള്ള മക്കൾ. അച്ഛൻ പറഞ്ഞ തറവാടിന്റെ പേര് തേടിപ്പിടിച്ചു വന്നതായിരുന്നു.
വല്യമ്മാവൻ ഏൽപ്പിച്ചു പോയത് വലിയ തറവാടും, പിന്നെ ഇരുനൂറേക്കർ പുഞ്ചകൃഷിയും, അതിനൊത്ത പുരയിടവും തെങ്ങിൻ തോപ്പും. ഒന്നും അന്യാധീനപ്പെടുത്തിയില്ല അധ്വാനിയായ നാരായണൻ നായർ. ഒപ്പം നിഴലുപോലെ ഉണ്ടായിരുന്നു, അമ്മുക്കുട്ടിയമ്മ, ഇരുപത്തിരണ്ടാം വയസ്സിൽ കൂടെ കുടിയതാ, നീണ്ട വർഷങ്ങൾ. ഇതുവരെ മുക്കിൽ പനി പോലും വന്നിട്ടില്ല നായർക്ക്, ഭാര്യക്കും. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അവൾ പറയുന്നു, തൊണ്ട വേദനയാണ് പോലും, അവിടെ തണുപ്പ് വളരെ കൂടുതലാണ്, വേണ്ട എന്ന് പറഞ്ഞില്ല ശരിയാണ്, എന്ന് വച്ച് ഭർത്താവിനെ ഇട്ടിട്ട് പോകാൻ പാടുണ്ടോ? മനസ്സിൽ ചീറി അയാൾ. പിന്നെ ഇങ്ങനെ താനും ചിന്തിച്ചില്ലേ എന്ന് ആശ്വാസം കൊണ്ടു.
ആരോടും പറ്റില്ല എന്ന് പറയുന്ന ശീലം അയാൾക്കുമില്ല, അമ്മുക്കുട്ടിക്കും. ശിൽപ മൂത്ത പേരകുട്ടിയാണ്, അവളും അവളുടെ നായരും കംപ്യുട്ടർ എൻജിനിയർ ആണ്, അമേരിക്കയിൽ. അയാൾക്കാണെങ്കിൽ അവളെ ജീവനും. അവൾ വിളിക്കുന്പോൾ എങ്ങനെ വരില്ല എന്ന് പറയും എന്ന് അമ്മുക്കുട്ടി ചോദിച്ചപ്പോൾ അയാൾ മൗനം അവലംബിച്ചു. പിന്നെ ആലോചിച്ചു, അമ്മുക്കുട്ടി ഇന്നുവരെ ഒന്നും അയാളോട് ആവിശ്യപ്പെട്ടിട്ടില്ല, അയാളുടെ തീരുമാനം ആയിരുന്നു, ഇത്രയും കാലം അവരെ മുന്നോട്ട് നയിച്ചിരുന്നത്, തന്റെ ഭാര്യയാണെങ്കിലും ആഗ്രഹങ്ങൾ അവൾക്കും കാണില്ലേ, അപ്പോൾ മൗനം സമ്മതം എന്ന് അവൾ തീരുമാനിച്ചതിൽ എന്താണ് തെറ്റ്, അയാൾ മനസ്സിൽ കരുതി.
നാരായണൻ നായർ പൂമുഖത്ത് നിന്നും താഴെ ഇറങ്ങി, മുറ്റത്ത് നിന്ന് റോഡിലേക്ക് നോക്കി, അതിന്റെ രണ്ടറ്റം വരെ വിജനമായിരുന്നു. അയാൾ വടക്കേപ്പുറം വഴി, വീട് ചുറ്റി പടിഞ്ഞാറേക്ക് നടന്നു. പറങ്കിമാവുകൾ അതിരിടുന്ന പറന്പിലൂടെ പതിയെ. അയാൾ മുകളിലേക്ക് നോക്കി, പൂവിട്ട് ഇളം കായ്‌കൾ നിറഞ്ഞ പറങ്കിമാവുകൾ, ഈ വർഷം നന്നായി പുത്തിരിക്കുന്നു. പുവിന്റെയും കായിന്റെയും ഭാരത്താൽ കന്പുകൾ ആയാസത്തോട് ഇളംകാറ്റിൽ ഉലയുകയാണ്. അല്പനാളുകൾ കൂടി കഴിയുന്പോൾ കായ്കൾ മുത്ത് പഴമാകും, അപ്പോൾ എവിടെനിന്നോ പറന്നു വരുന്ന വവ്വാൽ കൂട്ടങ്ങൾ അവയിൽ തുങ്ങി കിടന്ന് പഴങ്ങൾ ചപ്പി, പറങ്കിയണ്ടി താഴത്തേക്ക് ഇടും. രാവിലെ ഇറങ്ങണം അത് പെറുക്കി എടുത്ത് സൂക്ഷിക്കാൻ. ആഴ്ചകളിൽ കടന്നു വരുന്ന പതിവുകാരാണ് കൊണ്ടുപോകുക. അയാൾ ആ വർഷത്തെയും വരുമാനം മനസ്സിൽ കണക്ക് കൂട്ടി.
പിന്നെയും മുന്നോട്ട് നടന്ന അയാൾ തെങ്ങിൻതോപ്പും കടന്ന് പടിഞ്ഞാറേ അതിരുകയ്യാലയിൽ കയറി നിന്നു. അങ്ങ് ദുരെ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പുഞ്ചപ്പാടങ്ങൾ. വിളകൊയ്യാൻ പാകമായ നെൽചെടികൾ നവവധുവിനെപ്പോലെ നാണിച്ചു തലകുനിച്ചു നിൽക്കുന്നു. പരന്ന പച്ചനിറം മാറി പൊൻനിറം അണിയാൻ വെന്പുകയാണവ. ഉച്ച തിരിഞ്ഞുള്ള ഇളം കാറ്റ് തഴുകുന്പോൾ അവ പരസ്പരം മുട്ടിയുരുമ്മി കുറുകുന്നുണ്ട്. പണ്ടൊക്കെ ആണെങ്കിൽ വിളയാൻ കാത്തു നിൽക്കും ചെറുമർ കൊയ്തെടുക്കാൻ. അന്ന് പട്ടിണി വിളയുന്ന ചാളകളായിരുന്നു. ചാത്തനും, കോരനും, ചിരുതയും എല്ലാം തറവാട്ടിലെ വാല്യക്കാർ. എന്നും പണി അവിടെ തന്നെ, പാടത്ത് അല്ലെങ്കിൽ പറമ്പത്ത്. അതിൽ ചിലർ മാറ് മറക്കുകയെ ഇല്ല. തറവാട്ടിലെ കൊയ്ത്തും മെതിയും ആ നാടിൻറെ ഉത്സവമായ കാലങ്ങൾ.
ഇന്ന് ചാളകളുടെ സ്ഥാനം ടെറസ്സിനും മട്ടുപ്പാവിനും മാറിക്കൊടുത്തു. ചീരന്റെയും കോമന്റെയും മക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആണ്. അവരുടെ മക്കൾ പഠിക്കുന്നത് കോൺവെന്റ് സ്‌കൂളിൽ, അണിയുന്ന വസ്‌ത്രങ്ങൾ പുതിയ പാഷനിൽ മിന്നി തിളങ്ങുന്നവ. അപ്പോൾ കൊയ്ത്തും മെതിയും ആർക്ക് വേണം, അവർ മാത്രമല്ല തന്റെ മക്കളും മാറി കഴിഞ്ഞു. ചേറും ചാണകവും എന്ന് പറഞ്ഞാൽ അവർ ഓക്കാനിക്കും പിന്നല്ലേ പാടത്തെ പണികൾ നോക്കുന്നത്. ഇപ്പോൾ കൊയ്യാനും നടാനും വിതക്കാനും യന്ത്രങ്ങൾ തന്നെ ആശ്രയം. അന്യസംസ്ഥാനക്കാരെ വിളിച്ചാൽ കൂടെ നിൽക്കണം, ഇല്ലങ്കിൽ കാര്യം തഥൈവ തന്നെ. അയാൾ മനസ്സിൽ പറഞ്ഞു. നാടിൻറെ മാറ്റങ്ങൾ മനസ്സിലും മുന്നിലും തൊട്ടറിഞ്ഞിട്ടുണ്ട് നായർ.
പുഞ്ചപ്പാടങ്ങൾ അതിരിടുന്ന ആ കുന്നുകളുടെ ചരിവുകളിലേക്ക് ചുറ്റി കണ്ണെറിഞ്ഞു അയാൾ. ഒരു കാലത്ത് തഴച്ചു വളർന്ന തെങ്ങിൻ തോപ്പുകളും കവുങ്ങിൻ തോപ്പുകളാലും നിറഞ്ഞ ആ പ്രദേശത്തെ ഇപ്പോൾ റബർ മരങ്ങൾ വിഴുങ്ങിയിരിക്കുന്നു. എങ്കിലും അതിനെതിരെ പിടിച്ചു നിൽക്കുന്ന ആ നാട്ടിലെ ഒരേ ഒരു കർഷകൻ അയാളാണ്, ഇന്നും തറവാട്ട് പാരന്പര്യം അയാൾ കാത്ത് സൂക്ഷിക്കയാണ്, അധിക ലാഭം കൊണ്ട് ഒന്നുമല്ല, പാരന്പര്യം നിലനിർത്തുകയാണ്, ഇതുകൊണ്ട് തന്നെ കുടുംബം നോക്കാൻ പറ്റും എന്ന മണ്ണറിഞ്ഞ കർഷകന്റെ വിശ്വാസം. അത് ഇന്നുവരെ നില നിർത്തി അയാൾ. നാളെ നാടിനൊപ്പം ഓടുമായിരിക്കാം അയാളുടെയും പുതു തലമുറ ആര് കണ്ടു. ചിന്തകൾക്കിടയിലും അയാൾ ശ്വാസം വലിച്ചു വിട്ടു.
കുളിർകാറ്റിന്റെ തലോടൽ ആവോളം ആസ്വദിച്ചിട്ട് അയാൾ തിരികെ നടന്നു, അമ്മുക്കുട്ടി ഉണ്ടായിരുന്നെങ്കിൽ, എന്ന് അയാൾ ചുമ്മാതെ ഓർത്തു. എങ്കിൽ കൂടെ വരുമായിരുന്നു, കഥകളും മക്കളുടെ പയ്യാരം പറച്ചിലും പരിഭവങ്ങളുമായി. മൂളിക്കൊണ്ട് അയാൾ നടക്കും മുന്നിൽ. ഒന്നിനും വേണ്ടിയല്ല അയാളോട് പറയുന്പോൾ അമ്മുക്കുട്ടിക്ക് ഒരാശ്വാസം അത്ര തന്നെ. പിന്നെയും അയാൾ മുന്നോട്ട് നടന്നു, കൈകൾ പുറകിൽ കെട്ടിക്കൊണ്ട്. പുരയിടത്തിന്റെ നടുവിൽ തെക്കേ പുറത്ത് നിരവധി മാവുകളും പ്ലാവുകളും നിൽക്കുന്നുണ്ട്, വരിക്കയും, കുഴയും തേൻ വരിക്ക്കയും അങ്ങനെ വിവിധയിനം പ്ലാവുകൾ എങ്കിൽ. തൻപോരനും, കിളിചുണ്ടനും മുവാണ്ടനും, സേലം പിന്നെ നാട്ടുമാവും കപ്പ മാവും ഉണ്ട്, തറവാട്ട് പുരയിടത്തിൽ.
മാവുകൾ പൂത്തു തുടങ്ങിയിരിക്കുന്നു, ഈ വർഷം മാക്ങ്ങാ സീസൺ തന്നെ അയാൾ മനസ്സിൽ ഉറപ്പിച്ചു. അയാളുടെ ചെവിക്കരുകിൽ ആ സ്‌ത്രീ ശബ്ദം മുഴങ്ങി......
'നാണ്വേ'.... മക്കളെ കണ്ടും മാന്പു കണ്ടും കൊതിക്കരുത്, അയാൾ പെട്ടന്ന് ചുറ്റും നോക്കി. അയാൾക്ക് തോന്നിയത് തന്റെ അമ്മ ചെവിയിൽ വന്നു പറഞ്ഞപോലെയാണ്, ആ ആജ്ഞാസ്വരം അയാൾ തിരിച്ചറിഞ്ഞു……….
പക്ഷേ വർഷങ്ങൾ മുൻപേ കടന്നു പോയ അമ്മ ഇപ്പോൾ. അയാളുടെ മനോമുകുരം ആശങ്കകൾ കൊണ്ട് തിരമാലകൾ തീർത്തു. അയാളോർത്തു, എന്നും മാവിൻ ചുവട്ടിൽ ഓടിക്കളിക്കുന്പോഴും മാങ്ങാ എറിഞ്ഞിടുന്പോഴും ചെറുപ്രായത്തിലേ.... അമ്മ ഉറക്കെ വിളിച്ചു പറയും. അന്ന് അതിന്റെ അർത്ഥം മനസിലാക്കിയില്ല, ഇന്ന് അറിയുന്നു. മക്കൾ അവർക്ക് അവരുടെ വഴി, അത് അവരെ തേടി വരും.
നാണു നായർ തിരിച്ച് പൂമുഖത്തേക്ക് കയറി, അവിടെ പടിയിൽ കിങ്ങിണി പൂച്ച അയാളെ നോക്കി കണ്ണിറുക്കി. അവളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന പിങ്കിന്റെ നിറമുള്ള മുത്തും ചരടും പിന്നെയും അമ്മുകുട്ടിയുടെ ഓർമ്മ അയാളിൽ നിറച്ചു. വിദേശത്ത് പോകുന്നതിന് ഒരു ദിവസം മുൻപ് കൊച്ചുമകളുടെ നിർബന്ധത്തിൽ അവൾ കെട്ടിയതാണത്. വെളുത്ത നിറവും പുറത്ത് ചാരനിറത്തിന്റെ വരകളുമുള്ള പൂച്ച സുന്ദരിയാണ്, അത് അവളുടെ വെള്ളാരം കല്ലുപോലെയുള്ള കണ്ണുകൾ കൊണ്ട് ഇമവെട്ടാതെ, മ്യാവു..... എന്ന് കരഞ്ഞുകൊണ്ട് ആർദ്രമായി അയാളെ നോക്കി. ഒറ്റപ്പെടലിന്റെ തീഷ്ണത അതിനെയും വേട്ടയാടുന്നപോലെ. അയാൾ കോസടിയിൽ വന്ന് നിവർന്നു കിടന്നു. കിങ്ങിണി അയാളുടെ കാലുകളിൽ പതിയെ തഴുകി സ്നേഹം പ്രകടിപ്പിച്ചു, വാല് നീട്ടി പിന്നെയും അയാളെ തഴുകി മ്യാവൂ...... ദയനീയമായി നീട്ടി കരഞ്ഞു.
അയാൾ അമ്മയുടെ വാക്കുകൾ പിന്നെയും ഓർത്തു. അന്നൊരിക്കൽ വീട്ടിൽ വളർത്തിയിരുന്ന പൂച്ചയേയും കുഞ്ഞുങ്ങളെയും ദൂരെ ചാക്കിലാക്കി കൊണ്ട് കളഞ്ഞിട്ട് വന്നതായിരുന്നു അയാൾ. അൽപ്പം കഴിഞ്ഞപ്പോൾ അകത്തുനിന്നും തള്ളപ്പൂച്ച മ്യാവൂ..... വച്ചും കൊണ്ട് ഇറങ്ങി ഓടി. അത് കണ്ട് ദേഷ്യത്തോടെ പിന്നാലെ പാഞ്ഞ അയാളെ വിലക്കിക്കൊണ്ട് അവർ ഇങ്ങനെ പറഞ്ഞു.
നാണ്വേ... നീ വല്ലാണ്ടെ പായണ്ട ട്ടോ. ചില ജന്മങ്ങൾ അങ്ങനെയാ,.... ഏതോ അദൃശ്യമായ ചരടുകൾ കൊണ്ട് ബന്ധിക്കപ്പെട്ടവ. എത്ര ഓടിച്ചാലും പോവൂല്ല..... അതിൽ നീയും ഞാനും ഒക്കെ പെടും. ആ കയറാൽ ബന്ധിക്കപ്പെട്ടവരാ നീയും ഞാനുമൊക്കെ. ഈ തറവാടുമായി വല്ലാതെ ബന്ധിക്കപ്പെട്ടിരിക്കുന്നു. അന്ന് വിളിച്ചപ്പോൾ കൂടെ പോകാമായിരുന്നു, പക്ഷേ തോന്നിയില്ല, അവർ ദൂരേക്ക് നോക്കി ദീർഘനിശ്വാസം വിട്ടു.
അയാൾക്ക് തോന്നി അപ്പോൾ അമ്മ അച്ഛന്റെ നഷ്ട്ടം തിരിച്ചറിഞ്ഞിരുന്നു എന്ന്, ഇപ്പോൾ അത് അയാൾക്കും തോന്നി തുടങ്ങിയിരിക്കുന്നു. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ, ഇത് താൻ സ്വയം വലിച്ചു വച്ചത് തന്നെ. പക്ഷേ അമ്മ അന്ന് പറഞ്ഞതുപോലെ ഏതോ ഒരു അദൃശ്യമായ കയർ തന്നെയും ബന്ധിച്ചിരിക്കയാണ്, ഈ തറവാടിന്റെ അസ്ഥിവാരവുമായി, ഒരിക്കലും വിട്ടുപോകാൻ കഴിയാതെ ചേർത്തണക്കുകയാണ്, അതിന്റെ കേന്ദ്രത്തിലേക്ക്. പക്ഷേ തനിക്കു ശേഷം ആര്? ഇത് തുടരും. ഇല്ല ഇത് തന്നിൽ അവസാനിക്കാനാണ് സാദ്ധ്യത. തന്റെ പന്ത്രണ്ട് മക്കളിൽ ഒരാളുപോലും ഇത് തുടരും എന്ന് അയാൾ വിശ്വസിക്കുന്നില്ല.
അഞ്ച് പെണ്ണും ഏഴു ആണും ആണ് അവരുടെ മക്കൾ, എല്ലാരും തറവാടിന് ചുറ്റും മണിമാളികൾ തീർത്തിരിക്കുന്നു. പക്ഷേ ഒരിടത്തും വർഷത്തിൽ കൂടുതൽ കാലം കുടുംബത്തിന്റെ ഇൻപം കേൾക്കുന്നില്ല, എല്ലാം ഒഴിവുകാല വസതികൾ മാത്രം. ഇളയവൻ വേറെ നിവർത്തിയില്ലാത്തതിനാൽ കൂടെ താമസിക്കുന്നു. അച്ഛനെ വിട്ടിട്ടു പോയാൽ നാട്ടാർ എന്ത് പറയും എന്ന ഭയം, തന്റെ കാലം കഴിയുന്പോൾ എല്ലാം വിട്ട് അവനും പോയേക്കാം. നഗരത്തിന്റെ തിരക്കിലേക്ക്, ക്ഷണപ്രഭാചഞ്ചലത്തിന്റ ശോഭയിൽ മുങ്ങാൻ. മൂത്തവൾ അങ്ങ് അമേരിക്കയിൽ, മൂത്ത ആണ്മക്കളിൽ ഒരാൾ ഡൽഹി, മറ്റൊരുത്തൻ മുംബൈയിൽ. രണ്ടുപേർ ബാംഗ്ളൂരിലും നാട്ടിലുമായി കഴിഞ്ഞു കൂടുന്നു. പിന്നെ ഉള്ളവരിൽ പെൺമക്കളിൽ രണ്ടു പേർ ഭർത്താക്കൻമാരുമായി, ലണ്ടനിലും ജർമ്മിനിയിലും. മറ്റുള്ളവർ ഗൾഫിൽ വിവിധയിടങ്ങളിൽ, കുടുംബം കൂടെ ഉള്ളവരും വർഷത്തിൽ കുടുംബത്തെ നാട്ടിൽ വന്നു കാണുന്നവരും. തനിക്ക് വിദ്യാഭാസം കുറവായതിനാൽ എല്ലാരേയും നന്നായി പഠിപ്പിച്ചു, കൃഷിപ്പണിക്കിടയിൽ ഒന്നിനും ഒരു കുറവും വരുത്തിയില്ല. എന്നിട്ടും എവിടെ ആണ് തനിക്ക് പിഴച്ചത്. അയാൾ കൂടുതൽ ചിന്താമഗ്നനായി.
നാണ്വേ....... ന്നുള്ള നീട്ടി വിളിയിൽ അയാൾ ചിന്തയിൽ നിന്നും ഉണർന്നു, മുന്നിൽ അതാ അയലത്തെ കുഞ്ഞുട്ടി തള്ള. നൂറുവയസ്സിനടുത്തു വരും. കൂനി കുറുകി തുടങ്ങി, എങ്കിലും കാഴ്ചക്കും കേൾവിക്കും ഒരു കുറവുമില്ല. അമ്മയുടെ സമകാലീനയാണ്, അടുത്ത കൂട്ടുകാരി. അതിനാൽ തറവാട്ടിൽ നല്ല സ്വാതന്ത്ര്യം. ഉച്ച കഴിഞ്ഞാൽ ചില ദിവസങ്ങളിൽ നടന്ന് ഇവിടെ വരെ വരും അമ്മയുള്ള സമയം മുതൽ ഉള്ള ശീലം തന്നെ. ഇപ്പോൾ പ്രത്യേകിച്ച് താൻ ഇവിടെ ഒറ്റക്കാണെന്ന് അറിയാം. കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ എന്നാ പറയാറ്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി. ആര് തടഞ്ഞാലും അവർ വരും. പല്ല് നഷ്ട്ടപ്പെട്ട വായും തൊണ്ണയും കാട്ടി വെളുക്കനെ ചിരിച്ചും നഗ്നമായ ചുക്കിച്ചുളിഞ്ഞ മാറ് ആട്ടികൊണ്ട്. പിന്നെ ഓർമ്മകളുടെ കയറ്റിറക്കങ്ങളുടെ നേരംപോക്കാണ്. പഴയ നാടൻശീലുകളും പുരാണങ്ങളും അനർഗ്ഗളമായി ഒഴുകും അവരിൽ നിന്ന്. ഇന്നും പതിവുകൾ തെറ്റിച്ചില്ല അവർ.
ഇറയത്തിന്റെ നിഴൽ കിഴക്കേ അതിരിലേക്ക് നീണ്ടു തുടങ്ങി, നാണു നായർ പോക്കുവെയിലിന്റെ മനോഹാരിത കണ്ണിൽ നിറച്ചു നിവർന്നിരുന്നു. കുഞ്ഞുകുട്ടി തള്ള യാത്ര പറഞ്ഞു പോയിരുന്നു. മരങ്ങളുടെയും ചെടികളുടെയും നിഴലുകൾക്ക് നീളം കൂടി. അവയിൽ തട്ടി തെറിക്കുന്ന അരുണ രശ്മികൾക്ക് പൊന്നിന്റെ തിളക്കം. സ്‌കൂളുകൾ വിട്ട് കുട്ടികൾ പോയിത്തുടങ്ങി, ഒപ്പം സ്‌കൂൾ വാഹനങ്ങളും. അയാൾ പൊതുവഴിയിലേക്ക് നോക്കി ഇരുന്നു. പതിവില്ലാതെ കൂടുതൽ ആളുകൾ വഴിയിൽ കൂടി തെക്കോട്ട് നടന്നു പോകുന്നുണ്ട്, തിരിച്ചു പോകുന്നതും കാണുന്നില്ല. അയാളിൽ ജിജ്ഞാസ വർദ്ധിച്ചെങ്കിലും കോസടി വിട്ട് എഴുനേറ്റില്ല. മരുമകൾ സ്‌കൂൾ വിട്ട് വരേണ്ട സമയം കഴിയുന്നു. എന്ത് പറ്റിയോ ആവോ? അയാൾ ഓർത്തു. ഇനി സ്‌കൂളിൽ വല്ല മീറ്റിങ്ങും ഉണ്ടാവും, കുട്ടികൾ വരാൻ ഇനിയും സമയമെടുക്കും, മകനും.
പതിവില്ലാതെ തെക്കേ മുറ്റത്ത് കൂടിയാണ് മരുമകൾ കടന്ന് വന്നത്, കയ്യിലെ ബാഗ് പൂമുഖത്തിണ്ണയിൽ വലിച്ചെറിഞ്ഞിട്ട് അവൾ ചവിട്ടു പടിയിൽ ചടഞ്ഞിരുന്നു. കോസടിയിൽ നിവന്നിരുന്ന നാണു നായരുടെ മുഖത്ത് ചോദ്യചിഹ്നം നിഴലിച്ചിരുന്നു.
ഗിരിജയുടെ (മരുമകൾ) ഒച്ച ഉയർന്നു, അച്ഛന് ചായ കുടിക്കാൻ സമയം ആയില്ലേ, ഇപ്പോൾ പോകാം വല്ലാതെ നടന്നു ക്ഷീണിച്ചു, അൽപ്പം ഇരിക്കട്ടെട്ടോ.
അയാൾ നിർവികാരമായ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ഗിരിജ സംസാരിച്ചു തുടങ്ങി, അച്ഛൻ തെക്കേതിൽ പോയില്ലേ? മിക്കവാറും വൈകിട്ട് തന്നെ കാണും.
എന്താണ് എന്ന ചോദ്യ ഭാവത്തിൽ അയാൾ മരുമകളെ നോക്കി.
അയാളുടെ മനസ്സ് വായിച്ചപ്പോലെ അവൾ പറഞ്ഞു, അപ്പോൾ അച്ഛൻ ഒന്നും അറിഞ്ഞില്ലേ? നമ്മുടെ കുഞ്ഞുകുട്ടി തള്ള മരിച്ചു, ഉച്ചക്ക് രണ്ടുമണി കഴിഞ്ഞു കാണും, വന്നിട്ട് ഒന്നുകൂടി പോകണ്ട എന്ന് കരുതി ഞാൻ കയറിയിട്ടാ വന്നത്. അത്രയും ചുറ്റി നടന്നതിന്റെ ക്ഷീണമാണ്, ഇപ്പോൾ ചായ ഇട്ട് തരാം.
അപ്പോൾ നാണുനായർ ചോദിച്ചു, എപ്പോഴാണ് മരിച്ചത്, രണ്ട് മണിക്കോ? അവൾ ങും എന്ന് മൂളി.
അയാൾ പറഞ്ഞില്ല, നാലുമണി വരെ കുഞ്ഞുകുട്ടി തള്ള അയാളോട് സൊറയും പറഞ്ഞിരിപ്പുണ്ടായിരുന്നു എന്ന്.
നാരായണൻ നായർ അയാളുടെ കയറ്റ് കട്ടിലിൽ ചരിഞ്ഞും തിരിഞ്ഞും കിടന്നു, അന്ന് അയാളുടെ കണ്ണുകളിൽ നിദ്രാ ദേവി തഴുകിയില്ല. മനോമുകുരം ഓർമ്മകളുടെ ശ്ലഥ ചിത്രങ്ങൾ, മനസ്സിന്റെ തിരശീലയാം ഭിത്തികളിൽ ക്ഷണപ്രഭാചഞ്ചലചിത്രങ്ങൾ കൊണ്ട് ആരോഹണ അവരോഹണങ്ങൾ തീർത്തു. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന നേരം കട്ടിൽ പ്രതിഷേധത്തിന്റെ ഞരക്കവും മൂളലും ഉയർത്തുണ്ടുണ്ടായിരുന്നു. അയാൾക്ക് തോന്നി കാലാകാലങ്ങളായി തന്നെ ചുമന്ന് അവൻ ക്ഷീണിച്ചിരിക്കുന്നു, അത് പണ്ടൊരു പഞ്ഞമാസത്തിന്റെ കാലത്ത് അയലത്തെ ഇരട്ട ആശാരിമാർ വെറും ഭക്ഷണത്തനായി വന്നിരുന്നു പണിക്കുറ്റം തീർത്തതാണ്, ഒന്നാന്തരം കാഞ്ഞിരത്തിൽ തീർത്തത്. ആ കാലങ്ങളിൽ പൈസയും കൂലിയും ഒരു പ്രഹേളിക തന്നെ ആയിരുന്നു, ബന്ധങ്ങളുടെ ബന്ധങ്ങളുടെ സ്നേഹം തീർത്ത സഹയോഗങ്ങൾ അവിടെ പരസ്പരം ഇഴകൾ തുന്നണിയിരുന്നത് മൂല്യങ്ങളുടെ ചരടുകൾ മാത്രം.
കിടക്ക വിട്ടെഴുനേറ്റ അയാൾ പൂമുഖത്തെ കോസടിയിൽ വന്നിരുന്നു, നല്ല നിലാവുള്ള രാത്രി, എവിടെയോ പാതിരാക്കോഴികളും പുള്ളുകളും കരയുന്ന ശബ്ദം. ആകാശത്ത് ചിരിച്ചു നിൽക്കുന്ന ചന്ദ്രൻ, ഇളം കാറ്റിൽ ഒഴുകി വരുന്ന നിശാപുഷ്പ്പ ഗന്ധങ്ങൾ നാസികകളിലും മനസ്സിലും ഉന്മാദം നിറക്കുന്നു. അങ്ങ് ആകാശ ചരുവിൽ കണ്ണ് ചിന്മുന്ന താരക കുഞ്ഞുങ്ങൾ. അതിൽ ഗോവിന്ദൻ മാമയും അമ്മയും കണ്ട് ഓർമ്മയില്ലാത്ത തന്റെ അച്ഛനും കാണുമായിരിക്കും. ഇപ്പോൾ കൂട്ടത്തിൽ കുഞ്ഞുകുട്ടി തള്ളയും ചേർന്നിരിക്കും. കോസടിയിൽ ചാഞ്ഞിരുന്നപ്പോൾ കണ്ണുകൾ താനെ അടഞ്ഞു. ഇപ്പോൾ അയാൾക്ക് ഓർമ്മ വന്നത്, ചെറുപ്പത്തിൽ അമ്മയുടെ കൂടെ ഓച്ചിറ പന്ത്രണ്ട് വിളക്ക് തൊഴാൻ പോയതാണ്, പഴയ കരിവണ്ടി ബസ്സിൽ. അന്നൊക്കെ ഓച്ചിറ പടനിലവും, പന്ത്രണ്ട് വിളക്കുമാണ് മദ്ധ്യതിരുവിതാംകുറിന്റെ വാണിഭ ഉത്സവത്തിന്റെ കേന്ദ്രം. ഒരുവർഷത്തെ കാർഷിക വേലക്കുള്ള എല്ലാം വാങ്ങി കൂട്ടേണ്ട സ്ഥലം.
ആനമയിൽ ഒട്ടകം മുതൽ വിത്തും കൈക്കോട്ടും ചാന്തും പൊട്ടും കരിവളകളും കിട്ടുന്ന സ്ഥലം. പടനിലത്തെ വയലേലകൾ വയൽ വാണിഭത്തിനായ് ഒരുങ്ങിയിരിക്കും. നാടു ധാന്യങ്ങളും പച്ചക്കറി വിത്തുകളും എന്ന് വേണ്ട, പഴമക്കാരുടെ ഭാഷയിൽ അച്ഛനും അമ്മയും ഒഴിച്ചു എല്ലാം കിട്ടും. അവിടെ തന്നെ ആണ് അയ്യനെ കാണാനുള്ള വ്രതം ആരംഭിക്കുന്ന മലയിടീൽ നടത്തുന്നതും. പടനിലം ചുറ്റി തിരിച്ചു വരുന്പോൾ ബസ്സ് റെയിൽവേ ഗെയ്റ്റിൽ പിടിച്ചിട്ടു. അക്ഷമയോടെ കാത്തിരിക്കയാണ് ട്രെയിൻ വരുന്നതും കാത്ത്.
പുകയും തുപ്പി കൂകിപ്പായുന്ന തീവണ്ടി കണ്ടപ്പോൾ അതിൽ കയറാൻ മോഹം. കാലമിത്ര കഴിഞ്ഞിട്ടും മോഹം അങ്ങനെ നിൽക്കുന്നു, കരിവണ്ടി മാറി പെട്രോളും ഡീസലും ഒഴിച്ചോടുന്ന വണ്ടി വന്നു. ഇപ്പോൾ കറണ്ടിൽ ഓടുന്നതും പക്ഷേ നാണുനായർ ഇന്നും ട്രെയിനിൽ കയറിയിട്ടില്ല. മക്കളുടെ വിലയേറിയ ആഡംബരക്കാറിൽ പോകുന്പോൾ പാഞ്ഞു പോകുന്ന ട്രെയിൻ കാണാറുണ്ട്, അപ്പോഴും മോഹം അങ്ങനെ മനസ്സിൽ ഓടിവരും. നാണ്വേ............ ചെവിയിൽ വീണ്ടും ആ വിളി മുഴങ്ങുന്നു. ഇനിയും നീ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ട് നടക്കരുത്, മരിച്ചാൽ മോക്ഷം കിട്ടില്ല, ആ ശബ്ദം ചെവിക്കരുകിൽ ഇരുന്നു പറയും പോലെ തോന്നി അയാൾക്ക്.
ഞെട്ടിയുയർന്ന നാണു നായർ ഒരു തീരുമാനം എടുത്തിട്ട് കിടപ്പുമുറിയിലേക്ക് കയറിപ്പോയി. അടുത്ത ദിവസം പുലർച്ച തന്നെ അയാൾ കിടക്കവിട്ട് എഴുനേറ്റു. പതിവുകൾക്കൊപ്പം അയാൾ കുളിച്ചൊരുങ്ങി, പതിവ് തെറ്റിച്ചു രാവിലെ പ്രാതൽ കഴിച്ചു, അലക്കി തേച്ച വെള്ള മുണ്ടും ഷർട്ടും ഇട്ട് പുറത്തെറങ്ങിയപ്പോൾ ഗിരിജ ആശ്ചര്യത്തോടെ ചോദിച്ചു, അച്ഛനിതെവിടെക്കാ,..........? അയാൾ മറുപടി പുഞ്ചിരിയിൽ ഒതുക്കി. പിന്നെ മകന്റെയും കൊച്ചുമക്കളുടെയും ഊഴമായിരുന്നു. എല്ലാറ്റിനും മറുപടി തെളിഞ്ഞ പുഞ്ചിരി മാത്രം. അയാൾ ഇറങ്ങി സന്തത സഹചാരിയായ കാലൻകുടയുമായി, ചുവടുവയ്പ്പുകളിൽ നിശ്ചദാർഢ്യത്തിന്റെ തെളിച്ചവും പേറി.
അയാൾ തീരുമാനിച്ചിരുന്നു, കുട്ടനാടിന്റെ വിരിമാറിലൂടെ പച്ചപുതച്ച നെല്പാടങ്ങൾക്കിടയിൽ, നല്ല തെങ്ങിൻകള്ള് വിളന്പുന്ന, നീറുമീനിന്റെ കറികളും കരിക്കാടി വിളയുന്ന വെള്ള ഓല ഷാപ്പിന്റെ ഇടയിൽ കൂടി, തീവണ്ടിയുടെ സംഗീതവും ശ്രവിച്ചുകൊണ്ടുള്ള ഒരു തീർത്ഥയാത്ര. ബസ്സിൽ ഇരിക്കുന്പോൾ അതിന്റെ ത്രില്ലിൽ അയാൾ കോൾമയിർ കൊള്ളുന്നുണ്ടായിരുന്നു. ആ ലഹരി അയാളെ വർഷങ്ങൾ മുന്നിലെ കൊച്ചു കുട്ടിയുടെ കുതുഹുല നിമിഷങ്ങളിൽ തിരികെ എത്തിച്ചു.
തീവണ്ടി ഓഫീസിൽ എത്തി ടിക്കറ്റ് വാങ്ങുന്പോൾ അയാൾ മറ്റൊരു ലോകത്തായിരുന്നു, മുന്നിലെ നിരയുടെ നീളം കുറയുന്പോൾ അയാളുടെ മനസ്സ് മഴമേഘം കണ്ട ആണ് മയിലിനെപ്പോലെ തുള്ളിച്ചാടി. കൗണ്ടറിൽ നിന്ന് ആലപ്പുഴക്കും തിരിച്ചുമുള്ള മടക്ക ടിക്കറ്റും വാങ്ങി, പ്ലാറ്റുഫോമിലേക്ക് അയാൾ ഒടുക്കുകയായിരുന്നു. അപ്പോൾ അവിടെ രാവിലത്തെ എറണാകുളം പാസഞ്ചർ ഒന്നാം പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടിരുന്നു. പുറപ്പെടാൻ പിന്നെയും ഒരുമണിക്കൂർ, അയാൾ അക്ഷമയോടെ കാത്തിരുന്നു.
അപ്പോഴും ആ നാട് വൃശ്ചിക പുലരിയുടെ ആലസ്യത്തിൽ ഉണരുന്നതേ ഉണ്ടായിരുന്നുള്ളു. അങ്ങ് ദൂരെ കരിയിലകൾക്ക് തീകൂട്ടി ചുറ്റും ഇരുന്ന് സൊറപറയുന്ന ഗ്രാമീണർ, കറുപ്പും ചുറ്റി, വ്രതശുദ്ധി തേടുന്ന അയ്യന്റെ സ്വാമിമാർ. തത്വമസിയുടെ പുണ്യവിളന്പുന്ന ഉച്ചഭാഷിണികൾ അന്തരീക്ഷത്തിൽ അലയടിക്കുന്നു. എങ്ങും കാഴ്ചയെ മൂടുന്ന മഞ്ഞിന്റെ നേർത്ത പടലങ്ങൾ ഒഴുകുന്നു. അയാൾ ഒരുമണിക്കൂറിന്റെ കാത്തിരിപ്പിനെ വർഷങ്ങളുടെ ദൈർഘ്യം പോലെ ചടഞ്ഞിരുന്നു. ബോഗികളിൽ തിരക്ക് വളരെ കുറവ്. പതിവുകാർ പലരും അവിടെയും ഇവിടെയുമായി ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു, പലരും ഓടിക്കിതച്ചു വന്നു കയറുന്നു, എങ്കിലും അയാളുടെ കാഴ്ചകൾ ഇതിൽ നിന്നും വളരെ അകലെയായിരുന്നു.
വണ്ടി പുറപ്പെടാൻ പിന്നെയും പത്ത് മിനിറ്റ്, സ്റ്റേഷനിലെ ഉച്ച ഭാഷിണികൾ പലഭാഷയിൽ വണ്ടികളുടെ വരവും പോക്കും വിളിച്ചു പറയുന്നുണ്ടായിരുന്നു, രണ്ടാം നമ്പറിലും മൂന്നാം നമ്പറിലും പല വണ്ടികളും ഇതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയി, പെട്ടന്നാണ് നാടിനെ ഞടുക്കുന്ന ശബ്ദം അയാളുടെ കാതിലും വന്നുവീണത്, അയാൾ എവിടേക്കോ എടുത്തെറിയപ്പെട്ടു. അൽപ്പനേരം കണ്ണിൽ ഇരുട്ട് മാത്രം അയാൾ കണ്ണ് തുറന്ന് നോക്കി, അപ്പോൾ ബോഗിയുടെ ഇടനാഴിയിൽ കിടക്കുകയായിരുന്നു. ഇരുന്ന സീറ്റും ജാലകവും കാണ്മാൻ ഉണ്ടായിരുന്നില്ല. അകലെ കണ്ട വെളിച്ചത്തിലേക്ക് അയാൾ ഓടിയടുത്തു, അത് പ്ലാറ്റുഫോമിലേക്കുള്ള വാതിൽ. അതിലൂടെ പുറത്തിറങ്ങിയ അയാൾ വണ്ടിയിലേക്ക് തിരിച്ചു നോക്കി. അയാളിരുന്ന ബോഗിയുടെ പകുതിഭാഗം മുതൽ പിന്നോട്ട് ഒന്നും കാണ്മാനില്ലായിരുന്നു, പാളങ്ങളിൽ ചിതറി കിടക്കുന്ന ഇരുന്പ് കഷ്ണങ്ങൾ അവിടെ അവശേഷിച്ചിരുന്നു. അതിനും പിന്നിൽ കാൽഭാഗം തകർന്ന ഒരു റെയിൽ എഞ്ചിനും പിന്നിൽ ഓടിവന്ന വണ്ടിയും നിറയെ മനുഷ്യരും.
കാൽമുട്ടിലും കൈമുട്ടിലും ശരീരത്തിലും നിറയുന്ന നീറ്റലുമായി അയാൾ സ്റ്റേഷനിലെ ആട്ടോറിക്ഷയിൽ കയറി, വീട്ടിലേക്കുള്ള ബസ്സായിരുന്നു അയാളുടെ ലക്‌ഷ്യം. എങ്ങനെയോ വീട്ടിലെത്തിയ അയാൾ പൂമുഖത്തെ കോസടിയിൽ നിവർന്നു കിടന്നു, കണ്ണുകൾ പതിയെ അടഞ്ഞു, മനസ്സിൽ ഭയത്തിന്റെ നീരാളി ചുറ്റിപിടിച്ചു, രക്ഷപെടിലിന്റെ സത്യത്തെ അപ്പോഴും ഉൾക്കൊള്ളുവാൻ അയാൾക്ക് കഴിഞ്ഞില്ല. ചെവിയിൽ ഭയങ്കര ശബ്ദവും എടുത്തെറിയലും പിന്നത്തെ ഇരുട്ടും ആവർത്തിച്ചു. ദൂരെ നിന്നും കടന്നു വരുന്ന നേരിയ വെളിച്ചവും. അയാൾ കിണ്ടിയിൽ നിറച്ച വെള്ളം പലവുരു വയറുനിറയെ കുടിച്ചു, എന്നിട്ടും ദാഹം അയാളെ വിട്ടുപിരിഞ്ഞില്ല. നിശബ്ദമായ അന്തരീക്ഷം അയാളിൽ ഭയത്തിന്റെ ഭീകരത വീണ്ടും നിറച്ചു. അകത്ത് കയറി വേഷംമാറി വന്ന അയാൾ കോസടിയിൽ മുറുകെ പിടിച്ചുകൊണ്ട് കിടന്നു, അയാളുടെ ഉപബോധ മനസ്സ് ഭയന്നിരുന്നു, അവിടെ നിന്നും എടുത്തെറിയപെടുമോ എന്ന്. മനസ്സിന്റെ തിരശീലയിൽ പല ശ്ലഥചിത്രങ്ങളും അങ്ങനെ ഓടിക്കൊണ്ടിരുന്നു.
അന്ന് മുകുന്ദന്റെ ഓഫീസ് നേരത്തെ അവസാനിച്ചു, ഓഫീസ് മേധാവിയുടെ സെന്റോഫ് ആയിരുന്നു. അന്ന് അച്ഛന് ഒരു സർപ്രൈസസ് കൊടുത്താലോ എന്ന് മനസ്സ് പറയുന്നു. അമ്മ അമേരിക്കയിൽ പോയതിൽ പിന്നെ അദ്ദേഹം വല്ലാതെ ഒറ്റപ്പെടുന്നുണ്ട് അവനറിയാം, പക്ഷേ ഓഫിസിലെ തിരക്കും സാമൂഹിക പ്രവർത്തനവും ഗിരിജയുടെയും കുട്ടികളുടെയും പരിഭവങ്ങളും തീർത്ത് കഴിയുന്പോൾ അച്ഛന്റെ പഴയ പ്രിയപുത്രൻ ആകാൻ കഴിയുന്നില്ല. ഇന്ന് അതിന് അൽപ്പം ഒഴിവ് കൊടുത്തിട്ട് തന്നെ. അയാൾ വണ്ടിയെടുത്ത് നേരെ വീട്ടിലോട്ടു വിട്ടു. വഴിയിൽ അച്ഛന് പ്രിയപ്പെട്ട കാഡ്ബറീസ്സ് ചോക്‌ളേറ്റും ഫ്രഷ് ചിക്കനും വാങ്ങാൻ അയാൾ മറന്നില്ല.
ഇന്ന് അടിച്ചു പൊളിക്ക….. തന്നെ, വേഗം ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ കണക്ക് കൂട്ടി. വണ്ടി കാർപോർച്ചിൽ ഇടുന്പോൾ അയാൾ പൂമുഖത്തേക്ക് നോക്കി, അച്ഛൻ കോസടിയിൽ തന്നെ ഉണ്ട്, നല്ല ഉറക്കം തന്നെ, പിന്നെ എങ്ങനെ രാത്രിയിൽ ഉറങ്ങും, ഇന്നലെയും അർദ്ധരാത്രിയിൽ കോസടിയിൽ ചിന്തിച്ചിരിക്കുന്നതും കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും അയാൾ അറിഞ്ഞിരുന്നു. കട്ടിൽ വല്ലാതെ പഴകിയിരിക്കുന്നു, പുതിയത് വാങ്ങാൻ സമ്മതിക്കില്ല, പഴയ ഓർമ്മകളെ കെട്ടിപിടിച്ചിരിക്കയാണ്, ഇനി എത്ര കാലം അതിനാൽ ഒന്നിനും നിർബന്ധിക്കാൻ പോകാറില്ല.
വണ്ടി ലോക്ക് ചെയ്ത് അയാൾ പൂമുഖ പടി ചവുട്ടിക്കയറി, ഗിരിജ വരാൻ ഒരുപാട് നേരം എടുക്കും അതിനുള്ളിൽ ചിക്കൻകറി വയ്ക്കണം. പറഞ്ഞാൽ അച്ഛനും കൂടെ വരാതിരിക്കില്ല, അതൊക്കെ വളരെ ഇഷ്ട്ടമാണ്. അവൻ സാധനങ്ങൾ അടുക്കളയിൽ വച്ച് വേഷം മാറി പൂമുഖത്തേക്ക് വന്നു. കോസടിയിൽ ഉറങ്ങുന്ന അച്ഛനെ വിളിച്ചു, ഗാഢനിദ്ര തന്നെ. അവൻ പതിയെ കുലുക്കി വിളിച്ചു, ശരീരം തണുത്തു മരവിച്ചിരുന്നു, നാരായണൻ നായരുടെ മുഖത്ത് അപ്പോഴും വിടർന്ന പുഞ്ചിരി തിളങ്ങി നിന്നു, കാലത്തിനും മായ്ക്കാൻ പറ്റാത്ത തെളിഞ്ഞ പുഞ്ചിരി. ഒരു കാലഘട്ടത്തിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറിയ ഒരു നിസ്വന്റെ പാൽപുഞ്ചിരി.
രഘുചന്ദ്ര൯ ആ൪ കേളക്കൊന്പിൽ
Comments
Post a Comment