കാലം നയിക്കും വഴികളിലൂടെ.....
കാലം നയിക്കും വഴികളിലൂടെ.....
ഞാൻ ഇടതു സഹയാത്രികൻ ആയിട്ട് വർഷം ഇരുപത്തൊന്ന് കഴിഞ്ഞു... ജീവിതം, പ്രയാസങ്ങളുടെ പറുദീസയും, മുന്നിൽ വരുംകാല യാഥാർത്ഥ്യവും കണ്ണ് ചിമ്മി കണ്ടപ്പോഴാണ്, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റാറിൽ മലയാള ദേശം വിട്ട് ഇനി എന്റെ വഴി പ്രവാസം മാത്രമാണ് എന്ന് ചിന്തിച്ചത്. അപ്പോൾ ചിന്ത എന്നിലേക്ക് മാത്രം ചുരുങ്ങിയിരുന്നു. ഞാൻ തികച്ചും സ്വാർത്ഥൻ ആകാൻ തുടങ്ങി. കണ്ട സ്വപ്‌നങ്ങൾ, ചിറകുവിരിക്കില്ല എന്ന് തീർച്ചപ്പെടുത്തിയ നാളുകളിൽ എല്ലാം സ്വയം അടുക്കി മനസിന്റെ മാറാലകൾക്കപ്പുറം നിക്ഷേപിച്ചു തിരിച്ചു നടക്കുമ്പോൾ ചിന്തിച്ചത് ഒരു ചെറിയ ഇടവേളയെ കുറിച്ച് മാത്രം. ആ ഇടവേള ഇന്നും അവസാനിക്കുന്നില്ല.
ഇന്ന് മധ്യവയസ്സിൽ എത്തി നിൽക്കുന്ന ഞാൻ അതിന് മുൻപ് ആരായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പറയേണ്ട മറുപടി സുവ്യക്തവും ആർജ്ജവമുള്ളതും ആകുമ്പോൾ തികച്ചും വിളിച്ചു പറയുന്നത് ധൈര്യത്തോടെ തന്നെ. ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും യുവജന പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കുകയും അതിന്റെ മുന്നണി പോരാളിയായി നിൽക്കുകയും ചെയ്ത വിദ്യാഭ്യാസകാലവും യൗവനവും. എന്നാൽ പലതവണ വച്ച് നീട്ടിയ പാർട്ടി മെമ്പർഷിപ് സന്തോഷത്തോടെ നിരസിക്കുകയായിരുന്നു, കാരണം രണ്ട്. ഒന്ന്, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് അകാൻ പാകപെട്ട മനസ്സ് അല്ല എന്ന തിരിച്ചറിവും, പിന്നെ ആ ഉത്തരവാദിത്വം നൽകുന്ന സ്വയം നിയന്ത്രങ്ങൾ ഏറ്റെടുക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല എന്ന വിശ്വാസവും. എന്നും കെട്ടുപാടുകളിൽ നിന്ന് ഓടിയൊളിക്കാനും സ്വാതന്ത്ര്യം വളരെ ഏറെ അനുഭവിക്കണം എന്ന് പേർത്തും പേർത്തും പറയുന്ന മനസ്സും അതിനെ തടഞ്ഞു എന്ന് പറയുന്നതാവും ശരി.
എന്നിട്ടോ, വിട്ടില്ല സുഹൃത്തുക്കൾ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി അവർ മെമ്പർഷിപ്പ് എടുക്കാത്തവനെ പിടിച്ചു ബ്രാഞ്ച് സെക്രട്ടറി ആക്കി.. മറ്റൊന്നും കൊണ്ടല്ല അവർ അവരുടെ ഹൃദയത്തിനേക്കാൾ കൂടുതൽ എന്നെ വിശ്വസിച്ചു. കാരണം എന്നും അവർക്കിടയിലായിരുന്നു ഞാൻ... ഒരു പക്ഷേ അവർക്ക് തോന്നിക്കാണും ഞാൻ ഒരിക്കലും അവരെ ചതിക്കില്ല. അത് കൊണ്ടാണല്ലോ പോലീസ് റോന്ത് ചുറ്റിയപ്പോളും എതിരാളികൾ ഭീകരമാർദ്ധനത്തിന് അച്ചാരം നൽകിയപ്പോളും ഞാൻ ഉറങ്ങിയ കട്ടിലിന്റെ താഴെ അവർ പലപ്പോഴും എല്ലാം മറന്ന് ഉറങ്ങിയതും... ഞാൻ കണ്ടെടുത്തു നൽകിയ ഷെൽട്ടറുകളിൽ ആഴ്ചകളോളം താമസിച്ചതും.
എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാൻ നാട് വിട്ടു, അവരുടെ സ്നേഹം, കരുതൽ, ജീവിക്കാൻ ഒരു വരുമാനമാർഗം എന്ന വാഗ്ദാനം. എല്ലാം സ്നേഹത്തോടെ നിഷേധിക്കുമ്പോൾ അവർ എന്നെ വെറുത്തില്ല. ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്നുണ്ട് എന്റെ സഖാക്കൾ. ജീവിക്കാൻ വേണ്ടി കടൽ കടന്നവനെ എന്തിന് വെറുക്കണം. എന്റെ സഹപാഠി പാട്ടെഴുതി ഹിറ്റാക്കിയ അറബിക്കഥ എന്ന സിനിമ കാണുമ്പൊൾ ചിലപ്പോൾ ഞാൻ എന്നെ തന്നെ ഓർക്കും. അതിൽ ചില ഭാഗങ്ങൾക്കേ എന്റെ ചെറുപ്പത്തിലേ ജീവിതമായി വ്യത്യാസമുള്ളൂ.
ഇന്ന് തിരിച്ചു പോകണം എന്ന് ഓർക്കുമ്പോൾ, ഒരിക്കലും ഞാൻ ചിന്തിക്കുന്നില്ല ചെറുപ്പത്തിലേ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ സാമൂഹ്യമാറ്റത്തിന് കുടപിടിക്കുവാൻ ഒരു തിരിച്ചു പോക്ക്. അതിന്റെ കാരണം പിന്നെ വിശദമാക്കാം.
എന്റെ പ്രവാസം തുടങ്ങിയ നാളുകൾ എനിക്കുണ്ടാക്കിയ വ്യക്തിപരമായ നഷ്ട്ടം മൂന്നായിരുന്നു. ഒന്ന് ലോകത്ത് എന്തിനേക്കാളും ഞാൻ സ്നേഹിച്ചിരുന്നത്, വിലമതിക്കാനാവാത്തതും അപരിഹാര്യവുമായ കരുതിയിരുന്ന വ്യക്തിത്വം എന്റെ അച്ഛന്റെ മരണം. പിന്നെ എന്റെ ആചാര്യനായി, ഏകലവ്യനെപ്പോലെ ഞാൻ എന്റെ മനസ്സിൽ പ്രതിഷ്ഠിച്ച എന്റെ ഗുരു.. ലോകത്തിന്റെ തന്നെ മഹാഗുരു.. ഈ.എം. എസ്. ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആ മനുഷ്യസ്നേഹിയായ വിപ്ലവകാരിയുടെ മരണം. മൂന്നാമതായി എന്റെ മൂത്തജ്യേഷ്ഠസ്ഥാനീയനും തറവാട്ട് കരണവരുമായ അച്ഛന്റെ പ്രിയ സുഹൃത്തിന്റെ വേർപാട്.
രണ്ട് വർഷം കഴിഞ്ഞു കുറച്ചു കാലത്തേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ വല്ലാതെ മുതിർന്നു പോയപോലെ തോന്നി. കുടുംബത്തിന്റെ മുകളിൽ അച്ഛൻ അവശേഷിപ്പിച്ചുപോയ ആ വലിയ തണലിന്റെ അഭാവം, ഒഴിഞ്ഞ മേലാപ്പിന്റെ വിടവിൽക്കൂടി വീടിന്റെ മുകളിലേക്ക് വീണ സൂര്യതാപത്തിന്റെ ആധിക്യത്തിൽ ചുട്ടുപൊള്ളിയപ്പോൾ കണ്ണുകൾ നനഞ്ഞു...
ഇനി ആ പഴയ ഉത്തരവാദിത്വമില്ലാത്ത താന്തോന്നി അല്ല എന്ന് മുന്നിൽ നിന്ന് അദ്ദേഹം ശാസിക്കുംപോലെ. നിന്റെ ഉറച്ച ചുമലുകൾ ഇനി ഭാരം താങ്ങണം എന്ന് വിളിച്ചു പറയുംപോലെ. ഞാൻ കൂടുതൽ സ്വാർത്ഥനായി. എന്നിലെ എന്നെ മാത്രം കാണുന്ന വെറും പ്രവാസി. മുന്നിൽ ഒറ്റപ്പെട്ടുപോയ അമ്മ.. അത് പറയാതെ പറഞ്ഞപ്പോൾ, വലത് കൈ നീട്ടി ഒരു പെൺകുട്ടിയുടെ മുന്നിലേക്ക്. അത് അനിവാര്യമായിരുന്നു... സ്വാതന്ത്ര്യം സ്വപ്നം കണ്ട് അന്തവിഹായസ്സിൽ പറന്നുയരാൻ കൊതിച്ച.. ലോകത്തെ പിന്നിലേക്ക് തള്ളപ്പെടുന്ന ജനതയ്ക്ക് തണൽ വിരിക്കാൻ തോളും കൈയും ചേർക്കണം എന്ന് വിളിച്ചുപറഞ്ഞ ഗുരുനാഥൻ മാരോടും. എന്നും വിസ്മയവും, ആരാധനയും പകർന്നു നൽകിയ നിത്യചെതന്യ യതി എന്ന സന്യാസി വര്യനോടും ക്ഷമചോദിച്ചു... മുന്നോട്ട്...
രഘുചന്ദ്രൻ. ആർ.
(തുടരും)
Comments
Post a Comment