ബ്രൂട്ടസിന്റെ കൊട്ടാരത്തിലെ ഒറ്റുകാരുടെ അത്താഴം
ബ്രൂട്ടസിന്റെ കൊട്ടാരത്തിലെ ഒറ്റുകാരുടെ അത്താഴം
ഈ കുറിപ്പ് വേറെ ഒരു അവസരത്തിലേക്ക് മാറ്റി വച്ചതാണ്... പക്ഷേ ഇന്നിന്റെ യാഥാർഥ്യങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നു, വല്ലാതെ... വർത്തമാനം സ്വാർത്ഥമാകുകയാണ്, എല്ലാത്തരത്തിലും. ഒരിക്കലും പ്രതീക്ഷിക്കാത്ത ദിക്കുകളിൽ അത് കൊടികുത്തി വാഴുമ്പോൾ ഓർക്കുന്നത് കുമാരനാശാന്റെ വരികൾ ആണ്...
ഹാ.. പുഷ്പമേ...
വർഷങ്ങൾക്ക് മുൻപാണ്.. കൗമാരത്തിലേക്ക് കടന്ന സമയം.. സ്‌കൂളിൽ പഠിക്കുമ്പോഴും പിന്നെ കോളേജിൽ എത്തിയപ്പോഴും ആദർശമാണ് എല്ലാം എന്ന് കരുതിയിരുന്ന കാലം. പ്രീഡിഗ്രി പരീക്ഷയുടെ തലേദിവസമാണ് അച്ഛൻ വീണ് പോയത്.. അതിന് അൽപ്പം മുൻപ് അമ്മയും ജോലിയിൽ നിന്ന് പിരിഞ്ഞു.
ജ്യേഷ്ഠന്മാർ പഠനവും പൊതുപ്രവർത്തനവുമായി ഊരുചുറ്റുന്ന സമയം. വീട് അന്തരീക്ഷം മാറുകയാണ്. കുറഞ്ഞ വരുമാനവും കൂടിയ ചിലവും ശ്വാസം മുട്ടിച്ചു തുടങ്ങി. അമ്മ സർക്കാർ ഉദ്യോഗസ്ഥയും ആദർശത്തിന്റെ ആൾരൂപവും ആയതിനാൽ നീക്കി ഇരിപ്പ് നാസ്തി. അച്ഛന്റെ ചികിത്സാചെലവ് ഗ്രാറ്റ്യൂറ്റിയെയും പ്രൊവിഡൻഫണ്ടിനെയും തിന്ന് തീർത്തപ്പോൾ നിത്യജീവിതം വെറും പെൻഷനും മണ്ഡരി വീണ തേങ്ങയിലും ഒതുങ്ങി. ശരിക്കും പകച്ചു പോയ ദിവസങ്ങൾ.
പുറമെ നോക്കുന്നവർക്ക് ഒന്നും മനസിലാവില്ലായിരുന്നു, അത്രക്ക് ഉണ്ടായിരുന്നു അമ്മയുടെ കരുതൽ... ഒപ്പം അച്ഛന്റെ അഭിമാനബോധവും. ചെറുപ്പത്തിൽ ശീലിച്ച വീട്ട് അന്തരീക്ഷം മാറിത്തുടങ്ങിയപ്പോൾ ജ്യേഷ്ഠന്മാർ രക്ഷപെട്ടോടി. എന്റെ പിന്നിൽ വേറെ ആരും ഇല്ലായിരുന്നു, എല്ലാം ഏൽപ്പിച്ചു ഓടാൻ. അതിനുള്ള പ്രായവും ആയിട്ടില്ല. എല്ലാം നേരിട്ട് മുന്നോട്ട് പഠിക്കുക, അത് മാത്രമായിരുന്നു വഴി.
കിടപ്പിലായ അച്ഛൻ.. അച്ഛന്റെ നിഴൽ പോലെ നടക്കുന്ന അമ്മ. വീട്ട് ഭാരം ചുമലിൽ ഏൽക്കുക, പിന്നെ പഠനം, പഠിപ്പിക്കൽ, കാലുകൾ മുന്നോട്ട് തന്നെ വച്ചു. ഡിഗ്രി മുതൽ കോളേജിൽ ഫീസ് കൊടുക്കണം. അന്ന് അത് ഇരുനൂറിൽ താഴെ ഒരു തുക ആയിരുന്നു എന്നാണ് ഓർമ്മ. എന്നാൽ ആ സാഹചര്യത്തിൽ അത് വലിയ തുക ആയിരുന്നു.
അപ്പോൾ കൂടെ ഉള്ള സുഹൃത്തുക്കൾ പറഞ്ഞു, വഴിയുണ്ട്, ഫീസ് അടക്കാതെ രക്ഷപെടാൻ... കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട്. അത് അനുസരിച്ച്.. വില്ലേജാഫീസിൽ നിന്ന് വരുമാനസർട്ടിഫിക്കറ്റ് വാങ്ങി കൊടുത്താൽ ഫീസ് അടക്കേണ്ട. കൊള്ളാമല്ലോ മനസ്സിൽ ലഡു പൊട്ടി. ആരോടും പറഞ്ഞില്ല.. നേരെ വില്ലേജാഫീസിലേക്ക്. അപേക്ഷ എഴുതി നേരെ ഓഫീസറുടെ അടുക്കൽ ചെന്നു.
അദ്ദേഹം ആദ്യം അപേക്ഷയിലേക്കും പിന്നെ എന്നെയും അടിമുടി നോക്കി.. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു, മോനെ എന്നെകൊണ്ട് തന്നെ ഇത് ചെയിക്കണോ?
അദ്ദേഹത്തിന് എന്റെ ജാതകം ഉൾപ്പടെ എല്ലാം അറിയാമായിരുന്നു.. അത് എനിക്ക് അറിയില്ലായിരുന്നു എന്നതായിരുന്നു സത്യം. കാരണം മുപ്പത് വർഷം ആ ഓഫീസിൽ ജോലി നോക്കിയ ആ നാട്ടുകാരനായ മനുഷ്യന് അഡ്രെസ്സ് കണ്ടാൽ പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലല്ലോ?
ആദ്യം തലകുനിച്ചു നിന്നെങ്കിലും, പിന്നെ പറഞ്ഞു സാറിന്റെ ഇഷ്ട്ടം. തന്നാൽ എനിക്ക് മാസം അത്രേ കുറച്ചു പൈസയെ കണ്ടെത്തേണ്ടു... ഇല്ലെങ്കിൽ... ഞാൻ പകുതിയിൽ നിർത്തി.
എന്നെ കുറെ നേരം നോക്കിട്ട് അദ്ദേഹം പറഞ്ഞു.. മോൻ ഇരിക്ക്.. ആ പത്താംക്‌ളാസ്സിലെ ബുക്ക് ഇങ്ങ് തായോ?
പിന്നെ പതിയെ പറഞ്ഞു.. ഇതിൽ അമ്മയുടെ പേര് ഇല്ല... അപ്പോൾ വഴിയുണ്ട്... ഗസറ്റഡ് റാങ്കിൽ റിട്ടയർ ആയ അമ്മയുടെ വരുമാനം അദ്ദേഹത്തിന് അറിയാമല്ലോ
അങ്ങനെ അദ്ദേഹം തന്ന വരുമാന സർട്ടിഫിക്കറ്റും ആയി കയറി ചെന്നത് എന്റെ ചിറ്റപ്പന്റെ വീട്ടിലേക്കാണ്. പതിവില്ലാത്ത സമയത്ത് അവിടെ കയറി ചെന്നപ്പോൾ അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു... എന്തേ? നീ കോളേജിൽ പോയില്ലേ?
അദ്ദേഹത്തെ പറ്റി പറയുമ്പോൾ അൽപ്പം വിശദമാക്കണം. ആദികാല കമ്മ്യൂണിസ്റ്റ്.. ഈ സംഭവം നടക്കുമ്പോൾ അറുപത് വയസ്സിന്റെ മുകളിൽ.. അപ്പോഴും തിളക്കുന്ന ചോരയുള്ള വിപ്ലവകാരി... അത് മരിക്കും വരെ അങ്ങനെ തന്നെ. ഒരുകാലത്ത് ജീവിതം തന്നെ നാടിന് ഉഴിഞ്ഞു വച്ച ആൾ.
ചിറ്റപ്പാ.. ഞാൻ.. വില്ലേജ് ഓഫിസ് വരെ പോയി. അൽപ്പം വിക്കി ആണെങ്കിലും ധൈര്യത്തോടെ പറഞ്ഞു... ഇത്തിരി അഭിമാനം കൂടി ഉണ്ടായിരുന്നു.. എന്തോ സാധിച്ച ഒരു ഇത്..
കാര്യം കേട്ടപ്പോൾ അദ്ദേഹം അഭിനന്ദിക്കും എന്നാണ് കരുതിയത്.. അല്ലെങ്കിൽ പെട്ടന്ന് ചൂടാകും വഴക്ക് പറയും. പക്ഷേ അന്ന് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.
എന്നെ അടുത്തേക്ക് വിളിച്ചു.. പിന്നെ ആ പേപ്പർ നോക്കിയിട്ട് സൗമ്യമായി എന്നെ ഉപദേശിച്ചു... നിനക്ക് അത് പാടില്ല.. അത് ശരിയല്ല.. അറിയാമോ ഞാനും നിന്റെ അച്ഛനും ഒക്കെ ഒരു നല്ല നാളേക്ക് വേണ്ടി പോരാടിയവർ ആണ്.. ഒരു നാട്ടിലെ കഷ്ട്ടപ്പെടുന്നവനും. ബുദ്ധിമുട്ടുള്ളവനും വേണ്ടി. അതിന്റെ ഒക്കെ ബാക്കി ഫലം ആണ് ഈ കാര്യങ്ങൾ ഒക്കെ. അത് നിനക്ക് ആവശ്യമില്ല.. അല്ല അതിന് നിനക്ക് അർഹതയില്ല. ഞങ്ങൾ പോരാടിയത് നിനക്ക് വേണ്ടി അല്ല... അതിന്റെ പങ്ക് പറ്റി ഞങ്ങളെ അപമാനിക്കരുത്... ഞങ്ങൾ അനുഭവിച്ച ത്യാഗം പ്രതിഫലം പറ്റാൻ വേണ്ടി അല്ല.
അതെ അത് തന്നെ ആണ് എന്നെ ഞാൻ ആക്കിയത്.. ഇന്നും ഒരു തത്വശാസ്ത്രത്തെ മുറുകി പിടിക്കാൻ പ്രേരിപ്പിക്കുന്നത്. സ്വന്തം വിയർപ്പിൽ ക്കൂടി അന്നം തേടാൻ.. അർഹത ഇല്ലാത്തത് ആഗ്രഹിക്കാതെ ഇരിക്കാൻ.. മുന്നിൽ കാണുന്ന കഷ്ട്ടപെടുന്നവനും ചൂഷിതനും വേണ്ടി ആർത്തലക്കാൻ.. പറ്റിയാൽ പോരാടാൻ. പക്ഷേ ചിലപ്പോൾ തോന്നുന്നു.. എന്റെ മുൻഗാമികൾ പരാജയപെട്ടു എന്ന്.. അവർ നേടിയത് അർഹത ഇല്ലാത്ത കരങ്ങൾ കൊണ്ട് പോകുന്നു എന്ന്.. ക്ഷമിക്കണം... നിങ്ങൾ ഒറ്റുകാരെ ആണ് തിരഞ്ഞെടുത്തത് എന്ന്.
ഇന്ന് കണ്ടു ഞാൻ ഒരു ഒറ്റുകാരനെ... അല്ല ഒരു കൂട്ടം ഒറ്റുകാരുടെ പന്തിയിൽ വിളമ്പുന്നവനെ. അവൻ ഒറ്റക്കല്ലായിരുന്നു.. അവിടെ രണ്ട് കൈകളും കൊണ്ട് വാരിത്തിന്നുന്നവൻ പട്ടിണിക്കാരൻ ആയിരുന്നില്ല.. അവൻ ആർത്തിമൂത്ത പിശാചിന്റെ ആൾരൂപങ്ങൾ ആയിരുന്നു. നിങ്ങൾ തിരിച്ചറിയുക.. അവർ വല്ലാതെ പെരുകുകയാണ്.. നിങ്ങളെ മൊത്തമായി അവർ വിലക്കെടുക്കുന്നു. അവർക്കായി നിങ്ങൾ വിശ്വാസ ഗോപുരങ്ങളുടെ കൊടിക്കൂറകൾ തച്ചുടക്കുന്നു.. നിങ്ങൾ പാപികൾ ആയി പുരോഗമനം പറയുന്നു.. നിങ്ങൾ ക്രിസ്തുവിന്റെ കുഞ്ഞാടുകൾ അല്ല.. യൂദാസിന്റെ അഭിനവ ജന്മങ്ങൾ.. നിങ്ങൾക്കൊപ്പം ബ്രൂട്ടസുമാർ കൊട്ടാരം പണിയുന്നു..
രഘുചന്ദ്രൻ. ആർ.
Comments
Post a Comment