കൂടുവിട്ട് കൂട് മാറൽ
കൂടുവിട്ട് കൂട് മാറൽ
അയാൾ എത്ര ഉറങ്ങാനായി ശ്രമിച്ചിട്ടും സാധിച്ചില്ല, പതിവ് ഉറക്കസമയം കഴിഞ്ഞിട്ട് മണിക്കൂർ ഒന്നിലധികം ആയിരുന്നെങ്കിലും, നിദ്ര അയാളെ ഉപേക്ഷിച്ച് പോയിരിക്കുന്നു. എഴുന്നേറ്റ് മുറിയിലെ ലൈറ്റുകൾ തെളിച്ചു, മൊബൈൽ സ്‌ക്രീൻ തെളിച്ച് സമയം നോക്കി. അർധരാത്രിക്ക് ഇനി നിമിഷങ്ങൾ മാത്രം ബാക്കി.
ആദ്യം മുറിയിൽ കുറേ നേരം ഉലാത്തി, ഒരു പക്ഷെ ക്ഷീണം ഉറക്കത്തെ തിരികെ വിളിച്ചു വരുത്തിയാലോ.. അയാളുടെ ചിന്ത വൃഥാവിലായി... നിശബ്ദമായ രാത്രിയിൽ എസിയുടെ മുരൾച്ച ഉച്ചത്തിൽ പ്രതിധ്വനിച്ചു. വലിയ കിടക്കയും, ടീവി സ്റ്റാൻഡും മറ്റ് ഫർണിച്ചറുകളും ബാക്കിയാക്കിയ സ്ഥലത്തെ നടത്തം കൊണ്ട് വലിയ പ്രയോജനം ഒന്നും ചെയ്യില്ല എന്ന തിരിച്ചറിവിൽ അയാൾ മുറിതുറന്ന് പുറത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിൽ വാതിലിന്റെ കുറ്റി എടുത്തു.
പുറത്ത് നല്ല തണുപ്പുള്ള കാറ്റ്, അയാൾ തന്നെ നട്ടുനനയ്ക്കുന്ന ചെറിയ ചെടികളെ തഴുകി പോകുന്നു.
മരുഭൂമിയിലെ ചൂടിന്റെ ശമനം വിളിച്ചോതി സുഹൈൽ നക്ഷത്രം ഉദിച്ചതിന്റെ പത്ര വാർത്ത
മനസ്സിൽ ഓടിയെത്തി. ഭൂമി തണുപ്പിനെ വരവേൽക്കുകയാണ്.. കഴിഞ്ഞ ദിവസങ്ങളിലെ
പാതിരാവിന് പോലും ചുട്ട് പൊള്ളുന്ന
ചൂടായിരുന്നു എന്നയാൾ ഓർത്തു. കരിഞ്ഞുണങ്ങിയ പ്രഭാതങ്ങൾ പതിയെ വിടവാങ്ങുകയാണ്, നീരാവി
ഉയരുന്ന മദ്ധ്യാഹ്നങ്ങളും...
കിഴക്കേ ചരുവിനെ വിട്ട് മുകളിലേയ്ക്ക് കയറി ചിരിയ്ക്കുന്ന നീലച്ചവിയാർന്ന
പൂർണ്ണചന്ദ്രൻ, തന്റെ
നിലാവിൽ ആ മരുഭൂവിനെ ആകെ കുളിപ്പിച്ചിരിക്കുന്നു. കമ്പനിയുടെ നിരയൊപ്പിച്ചു
വച്ചിരിക്കുന്ന എടുത്തുമാറ്റാവുന്ന താൽക്കാലിക വാസസ്ഥലങ്ങൾക്കിടയിൽ സിമന്റ്റിൽ
തീർത്ത വഴിത്താരയിലൂടെ അയാൾ മെല്ലെ നടന്നു. ഏസിയിലെ കുളിരിനെ വെല്ലുന്ന ആ സുഖമുള്ള
തണുപ്പിൽ അയാൾ മുന്നോട്ടുപോയി.
അത് അവസാനിച്ചത് ആ വലിയ വാസസ്ഥലത്തിന്റെ ഇരുമ്പ് ഗേറ്റിൽ ആയിരുന്നു. അയാൾ
കാവൽക്കാരന്റെ ക്യാബിനിലേയ്ക്ക് പാളി നോക്കി.. അതിനകത്ത് ആകെ അന്ധകാരം തളംകെട്ടി
നിൽക്കുന്നു. രാത്രി കാവൽക്കാരന്റെ പൊടിപോലും കാണാനില്ല.. മൊബൈൽ ടോർച്ച് തെളിക്കാൻ
ശ്രമിക്കാതെ തുറന്നു കിടന്ന പ്രധാനഗേറ്റിന്റെ അടുത്തുള്ള ചെറിയ വാതിലിൽ കൂടി
പുറത്തേയ്ക്ക് ഇറങ്ങി..
കണ്ണെത്താ ദൂരം പരന്നു കിടക്കുകയാണ് ആ മരുഭൂമി. ആ നാട്ടിലേയ്ക്ക്
കടന്നുവന്നിട്ട് ഒരു പുരുഷായുസ്സ് ആകുന്നു.. അയാൾക്ക്... ഇവിടെയെത്തിയിട്ട്
ദശാബ്ദത്തിലേറെയും. എന്തിന് ആ ക്യാമ്പ് നിർമ്മിച്ചത് തന്നെ അയാളുടെ നേതൃത്വത്തിൽ
ആണ്. എന്നാൽ ആ മരുഭൂമിയുടെ സൗകുമാര്യം, പൗർണ്ണമി നിലാവിൽ കുളിച്ചു നിൽക്കുന്ന അവസ്ഥയിൽ അയാൾ
നുകർന്നിട്ടില്ല.. അതും നീലചന്ദ്രൻ പൂർണ്ണ നഗ്നനായി ലജ്ജിച്ചു നിൽക്കുന്ന
നിശീഥത്തിൽ.
ഏതോ ഒരു ചോദനയിൽ എന്നപോലെ അയാൾ മുന്നോട്ട് നടന്നുകൊണ്ടേ ഇരുന്നു. മുന്നിലെ
ചെറിയ കുന്നും, അതിന്റെ
താഴ്വാരവും കടന്ന്, വർഷങ്ങൾക്കിടയിൽ എപ്പോഴോ പെയ്യുന്ന പേമാരിയിൽ നീരൊഴുകുന്ന, ചെറിയ തോടുകളിൽ, നിരയായി അവിടെയും ഇവിടെയും വളർന്ന് നിൽക്കുന്ന മരുഭൂമിയിലെ
കുടപിടിച്ചത് പോലെ നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ, നിലംപറ്റേ വളരുന്ന മുൾച്ചെടികളെ ചവുട്ടി മെതിച്ച് എത്ര ദൂരത്തേയ്ക്ക്, എന്ന് ഒരു ബോധവും അയാൾക്കില്ലായിരുന്നു.
ഇതിനിടയിൽ കാലങ്ങളായി ജലധാര കൊണ്ട് രൂപമാറ്റം സംഭവിച്ച നിരന്നു കിടക്കുന്ന, നല്ല ഉരുളൻ വെള്ളാരം കല്ലുകളും, പൊടിഞ്ഞു ബാക്കിയായ കടൽ കക്കയുടെയും, നത്തക്കാ തോടുകളുടെയും തിരുശേഷിപ്പുകളും, ഒക്കെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനിടയിൽ ചത്ത്, ഉണങ്ങി, എല്ലുകൾ ബാക്കിയായ ജീവികളുടെ ശരീരവും, മുള്ളും... കുർത്ത പാറ കഷ്ണങ്ങളും, അയാളുടെ ചവുട്ടടിയിൽ ഞെരിഞ്ഞു.
താൻ എവിടേക്കാണ് പോകുന്നത് എന്നൊരു ചിന്ത, ആ യാത്രയിൽ ഒരിക്കലും അയാളുടെ മനസിലേയ്ക്ക് വന്നില്ല, ഈ നടത്തത്തിൽ പതിയിരിക്കുന്ന അപകടങ്ങളും. മരുഭൂവിലെ
ജീവികൾക്ക് നാട്ടിലെ രാത്രി ജീവികളേക്കാൾ വിഷമുണ്ട്.. മാരകവും. തേളും, വിഷപാമ്പുകളും, മറ്റ് പ്രാണികളും ചെറുതായി ദംശിച്ചാലും.. പ്രാണൻ
വിട്ടുപോകാൻ നിമിഷങ്ങൾ മതി.. ഇനി അഥവാ, രക്ഷപെടുത്താൻ ആരെങ്കിലും ശ്രമിച്ചാലും, കാര്യമില്ല.. ഒരു മെഡിക്കൽ എയിഡ് കിട്ടാൻ മണിക്കൂറുകൾ യാത്ര
ചെയ്യണം,
പകൽ ആയാൽ പോലും.. അപ്പോൾ രാത്രിയിലെ ആ വിജനമായ സ്ഥലത്തെ
കാര്യം..
എല്ലാവരെയും ഇതൊക്കെ പേർത്തും പേർത്തും ഓർമ്മിപ്പിക്കുന്ന അയാളുടെ മനസ്സ്
അപ്പോൾ ഉദാസീനമായിരുന്നു.. ആരുടെയോ നിയന്ത്രണത്താൽ ചലിക്കുന്ന പാവയെപ്പോലെ അയാൾ
മുന്നോട്ട് തന്നെ നടന്നു.. പാതിരാക്കോഴി കൂവാത്ത ആ നാട്ടിലെ കുന്നിടങ്ങളിലൂടെ
ചന്ദ്രിക തെളിച്ച വഴികളിൽക്കൂടി.. ആരെയോ തിരഞ്ഞെന്നപോലെ.
അത് അവസാനിച്ചത്, ചെറിയ
പുല്ല് പോലും മുളയ്ക്കാത്ത മൊട്ടകുന്നുകളുടെ ഇടയിലെ ഒരു ഗുഹയുടെ വാ വലിപ്പത്തിൽ
ആണ്. അകത്തേയ്ക്ക് നോക്കിയപ്പോൾ പുറത്തുള്ളതിനേക്കാൾ നല്ല തെളിഞ്ഞ മഞ്ഞപ്രകാശം.
ആരോ അയാൾക്കായി കാത്തിരിക്കുന്നു എന്നപോലെ അതിനകത്തേയ്ക്ക് കയറി. അധിക ദൂരം
സഞ്ചരിക്കുന്നതിന് മുൻപേ അതിന്റെ ഇടുങ്ങിയ വഴി വിശാലമാകുന്നത് അയാൾ അനുഭവിച്ചു...
തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾക്ക് മാത്രം കടന്നുകയറാൻ കഴിയുന്ന വാ വട്ടത്തിന്
പുറത്ത് ചന്ദ്രിക പുഞ്ചിരിക്കുന്നുണ്ട്.. മുന്നിൽ സുഖമുള്ള തണുപ്പിനെ അകറ്റി
വായുവിൽ അഗ്നി ചൂട് പകരുന്നു. ആ ഉഷ്മാവിന്റെ വ്യതിയാനം പുറത്തും നെഞ്ചിലും
തിരിച്ചറിയാൻ കഴിയുണ്ട്..
ഗുഹയുടെ വാതായനം വിട്ട് അധികം കഴിയുമുൻപ്, അതിന് ഒരു വലിയ തളത്തിന്റെ വിശാലത കൈവന്നിരിക്കുന്നു പൊക്കവും. അതിന്റെ മറുഭാഗത്ത് അയാൾക്കഭിമുഖമായി മൂന്നാൾ
പൊക്കത്തിൽ രൗദ്രഭാവത്തിൽ നോക്കി നിൽക്കുന്ന സ്ത്രീ രൂപത്തിന്റെ പൂർണ്ണകായ ദിഗംബര
പ്രതിമ. നൂൽ ബന്ധം പോലും ഇല്ലാത്ത അതിൽ ആകെ കുങ്കുമ വർണ്ണമാണ്. ചോരയിൽ കുളിച്ചപോലെ
നിൽക്കുന്ന രൂപത്തിന് നാല് കൈകൾ, രണ്ടെണ്ണം മുകളിലേയ്ക്ക് ഉയർത്തിയും, രണ്ടെണ്ണം താഴേയ്ക്ക് താഴ്ത്തിയും പിടിച്ചിരിക്കുന്നു.
ജീവൻ സ്ഫുരിക്കുന്ന ഭാവത്തിൽ നിൽക്കുന്ന താഴെയുള്ള വലം കയ്യിൽ ഛേദിക്കപ്പെട്ട
ഒരു പുരുഷന്റെ ശിരസ്സിൽ നിന്ന് അപ്പോഴും ഇറ്റ് വീഴുന്ന ചോര..
ഉയർത്തിപിടിച്ചിരിക്കുന്ന ഇടംകയ്യിൽ നിണം കൊണ്ട് ചുവന്ന കരവാൾ, നീട്ടിയിട്ട നാവും.. തുറിച്ച കണ്ണുകളിലും നഗ്നമായ മാറിലും..
ആകെ വിളങ്ങുന്നത് രൗദ്രത മാത്രം.. കഴുത്തിൽ നിന്ന് ഉയർന്ന മാറിടം മറച്ച് പൊക്കിൾകുഴിയൊപ്പം
നീണ്ട തലയോട്ടി മാലകൾ. ആവേശം
കൊണ്ട് ത്രസിച്ചു നിൽക്കുന്ന മസിലുകൾ..
മുന്നിൽ ആളി കത്തുകയാണ് ഹോമകുണ്ഡം.. അതിന്റെ വെളിച്ചത്തിൽ ആ രൂപത്തിന്റെ ഭാവം
കൂടുതൽ രൗദ്രമാവുന്നത് പോലെ അയാൾക്ക് തോന്നി.. ഉള്ളിൽ നുരഞ്ഞ് പൊന്തിയ ഭയം പുറത്ത്
കാട്ടാതെ ചുറ്റിലും നോക്കി...
ഹോമ കുണ്ഡത്തിന്റെ അൽപ്പം അകലെയായി സ്ത്രീ രൂപത്തിന് അഭിമുഖമായി പത്മാസനത്തിൽ
ഇരിക്കുന്ന ഒരു മനുഷ്യരൂപി.. അയാൾ എന്തൊക്കയോ ചെയ്യുകയാണ്.. കൈകൾ വായുവിൽ
ഇവയ്ക്കിടയ്ക്ക് ഉയർന്ന് താഴുന്നു.. അതിനനുസരണമായി ഹോമകുണ്ഡത്തിൽ അഗ്നിനാളം
ഉയർന്ന് താഴുന്നു.
ആ ഗുഹയുടെ ഗഹ്വരങ്ങളിൽ നിന്ന് എവിടെ നിന്നോ വന്നത് എന്നപോലെ, ഗൗരവമാർന്ന ഒരു പുരുഷശബ്ദം അയാളെ അവിടെ സ്വീകരിച്ചു..
"വരണം ... പുത്രാ. വരണം.. നാം നിന്നെ
കാത്തിരിക്കയായിരുന്നു... എന്താണ് ഇത്രയും താമസിച്ചത്.. മുഹൂർത്തം വളരെ
അടുത്താണ്"
ആ ശബ്ദം എവിടേ നിന്ന് വരുന്നത് എന്നറിയാതെ അയാൾ ചുറ്റും നോക്കി.. അപരിചിതമായ
ഭാവത്തോടെയായിരുന്നു അതിന്റെ നിർഗമനം എങ്കിലും, ഇത്രയൂം കാലം അത് തന്നെ പിന്തുടർന്നിരുന്നു എന്നയാൾക്ക്
തോന്നി.. വളരെ പരിചിതമായി തന്റെ അന്തരാത്മാവിൽ എവിടെയോ പ്രതിധ്വനിച്ച ആ
ശബ്ദത്തിന്റെ ഉടമയെ തേടി അയാൾ ചുറ്റും നോക്കി.. അവിടെയാകെ കണ്ട മനുഷ്യജീവി
അപ്പോഴും പുറംതിരിഞ്ഞു ഹോമകുണ്ഡത്തിനും ആ വലിയ പ്രതിമയ്ക്കും അഭുമുഖമായി എന്തോ
അനുഷ്ഠിക്കുകയാണ്.
അയാൾ പെട്ടെന്ന് എഴുന്നേറ്റ് പുറംതിരിഞ്ഞു അയാൾക്ക് അഭുമുഖമായി നിന്ന് നേരത്തെ
കേട്ട അതെ ശബ്ദത്തിൽ അയാളെ അഭിവാദ്യം ചെയ്തപ്പോൾ, അദ്ദേഹം തന്നെയാണ് തന്നെ സ്വാഗതം ചെയ്തതത് എന്ന് അയാൾ
തിരിച്ചറിഞ്ഞു..
മുട്ടോളം എത്തുന്ന വെള്ളിക്കമ്പിയുടെ പ്രൗഢിയാർന്ന താടി രോമങ്ങളും, കഷണ്ടി കയറിയ വിശാലമായ തലയിൽ ബാക്കിയായ തലമുടിയും, ചുക്കിച്ചുളിഞ്ഞ ചർമ്മവും, ഉണങ്ങിയ മരക്കമ്പ് പോലെ ശുഷ്കിച്ച കൈകൾ ഉയർത്തിയ അനുഗ്രഹവും,
.. ഇടുങ്ങിയതും തീഷ്ണവുമായ കണ്ണുകൾ വിടർത്തിയ നോട്ടവും ആകെ അയാളിൽ
ഉണർത്തിയത് ഒരു പ്രത്യേക ഭാവമാണ്.
"വത്സ, നാം നിന്നെ എത്രയോ കാലമായി കാത്തിരിക്കുന്നു... അഞ്ഞുറ് സംവത്സരങ്ങളായി, സായണനായ നമ്മുടെ ദേവീസേവ തുടങ്ങിയിട്ട്, അന്നുമുതൽ നാം നിന്നെ പ്രതീക്ഷിക്കുകയാണ്. ഈ മുഹൂർത്തതിനായി
ഒരുങ്ങുന്നു.. ഇനി നിന്റെ കാലമാണ്... പിൻഗാമിയെ കാത്തുള്ള കർമ്മമാർഗ്ഗം..."
അയാൾക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല, ഏതോ ഒരു മായാലോകത്ത് പെട്ടതുപോലെ ഒന്ന് ഞടുങ്ങി.. പിന്നെ ആ
അന്തരീക്ഷം നൽകുന്ന ഉർജ്ജത്തിൽ ഞെളിപിരി കൊണ്ടപോലെ വിറച്ച്, അഗ്നി പകരുന്ന ചെറിയ ഉഷ്മളതയിൽ മയങ്ങി.. അയാൾ ചോദിച്ചു..
'മഹാനുഭാവൻ, അങ്ങ്, ആരാണ്, എന്നെ എന്തിനാണ് ഇവിടേയ്ക്ക് വിളിച്ചു
വരുത്തിരിക്കുന്നത്... ഈയുള്ളവന്റെ പ്രവാസത്തിന്റെ അന്ത്യത്തിലോ അതിനും മുൻപോ അനിവാര്യമായ, അധികം അകലെ അല്ലാത്ത നശ്വരതകളിൽ. എന്തിനാണ്
മോഹിപ്പിക്കുന്നത്.. ദയവ് ചെയ്ത് കടന്ന് പോകാൻ അനുവദിച്ചാലും..
ഒരു ദിവ്യനെപ്പോലെ പ്രകാശം പരത്തി, അൽപ്പമാത്രനിണവർണ്ണവസ്ത്രധാരി.. ദിവ്യലോകത്ത് നിന്നുയരുന്ന
അശരീരി പോലെ അയാളോട് സംവദിച്ചു..
"പ്രിയാ... ഞാൻ ഭൈരവൻ. അനാദികാലം മുതൽ തലമുറകൾ കടന്ന്
തുടരുന്ന ലോകരക്ഷയുടെ അടിസ്ഥാന ശിലയും അർദ്ധനാരീശ്വരസങ്കൽപ്പവുമായ ഉപാസനാമൂർത്തിയുടെ പ്രതിപുരുഷൻമാരും കാലഭൈരവപാരമ്പര്യത്തിന്റെ നേരവകാശിയും ഈ
നിമിഷത്തെ പ്രതിരൂപവുമായ മനുഷ്യ രൂപി. അഞ്ഞുറു ഭൗമ വർഷമായി നാം തുടരുന്ന ഉപാസന
അടുത്ത നിമിഷങ്ങളിൽ അവസാനിക്കും.. നമുക്ക് മോക്ഷപ്രാപ്തിക്ക് സമയമായി.. അത് ഇനി ഏറ്റെടുക്കേണ്ടത്
നിന്റെ രൂപമാണ്, അടുത്ത
പിൻഗാമി നിന്നെ തേടി വരുംവരെയുള്ള സപര്യ. അതിന്റെ ചടങ്ങുകൾ ആണ് ഇവിടെ നടക്കാൻ പോകുന്നത്..
കൂട് വിട്ട് കൂട് മാറുന്ന ആ അഭൗമ പ്രതിഭാസത്തിന്, ദൃക്‌സാക്ഷിയായി, നീയും, ഞാനും.. അമ്മയുടെ പ്രതിരൂപവും മാത്രം ഇവിടെ.. ഇതിന് ചുറ്റും
അദൃശ്യ സാന്നിധ്യമായി .. പ്രപഞ്ച മഹാശക്തികളും.. കാലവും.. അതെല്ലാം പൂർണ്ണമായി
നിനക്ക് തിരിച്ചറിയണം എങ്കിൽ ഈ ചടങ്ങ് കഴിയണം.. അതിന്റെ ഒടുക്കത്തിൽ നമ്മുടെ
സ്വർഗ്ഗാരോഹണവും...
ഇപ്പോൾ നീ ഒന്നറിയുക, ഇവിടെ മാറ്റപ്പെടുന്നത് ഭൗതികമായ ശരീരം മാത്രമാണ്, നമുക്ക് ഒപ്പം നിന്നിൽ കുടികൊള്ളുന്ന ആത്മാവും, സാംശീകരിക്കപ്പെടും, പരമാത്മാവിലേയ്ക്ക് ഉയർത്തെപ്പെടും, ആ നിയോഗത്തിനായി തയ്യാറാകുക.. സ്വയം ശുദ്ധനാകുക
അയാൾ ഒന്ന് ഞടുങ്ങി.. താൻ ഇത് എവിടെയാണ് എത്തപ്പെട്ടിരിക്കുന്നത്.. ഇദ്ദേഹം
പറയുന്നത് എന്താണ്..?? ഇനി ഇതൊക്കെ ശരിയാണ് എങ്കിൽ അതിന് തനിക്ക് എന്ത് യോഗ്യത.. ???
അയാളുടെ ആശയകുഴപ്പം വർദ്ധിക്കുകയാണ്..
എന്നാൽ മുന്നിൽ നിൽക്കുന്ന വൃദ്ധന്റെ ഓരോ ചലനങ്ങളും.. തന്റെ പ്രജ്ഞയെ
ബന്ധിക്കുന്നപോലെ അയാൾക്ക് തോന്നി.. ആരുടേയോ നിയന്ത്രണത്തിൽ എന്നപോലെ അയാൾ വൃദ്ധനെ
അനുസാരിക്കുകയാണ്..
ഹോമകുണ്ഡത്തിന് മുന്നിൽ പത്മാസനത്തിൽ ആ വലിയ മൂർത്തി പ്രതിമയുടെ മുന്നിൽ
അഭിമുഖമായി അവർ രണ്ടുപേരും ഇരുന്നു... വൃദ്ധന്റെ ചുണ്ടനക്കത്തിന്റെ തനിയാവർത്തനം
പോലെ അയാളുടെ ചുണ്ടുകളും ചലിച്ചു..
"ഓം പ്രണായ സ്വാഹാ.. പരബ്രഹ്മനേയേ നമഃ..." അവിഘ്നമസ്തു ….
മന്ത്രോച്ചാരണവും പൂജയും തുടങ്ങുകയായി
വൃദ്ധൻ ചെയ്യുംപോലെ അയാളും
ആവർത്തിച്ചു .. വിവിധ വർണ്ണത്തിലും സൗരഭ്യത്തിലുമുള്ള സ്വർഗീയ പുഷ്‌പങ്ങളുടെ
മാസ്മരികതയിൽ മുഴുകി ഓരോന്നും ചെയ്യുമ്പോൾ അയാളുടെ പരിഭ്രമം ആത്മവിശ്വാസത്തിന്
വഴിമാറി..
അവസാനം, തെക്കേ
ദിക്കിലേക്ക് തലവച്ച് നിവർന്നു ശയിച്ച വൃദ്ധനൊപ്പം അയാളും നിവർന്ന് കിടന്നു.. അധികം
താമസിയാതെ മേലാസകലം ഒരു വേദന പടർന്ന് തുടങ്ങി, പിന്നെ തന്നിൽ നിന്ന് ആത്മാവ് പറിഞ്ഞു മാറുന്ന വേദന അനുഭവിച്ചു. പിടഞ്ഞുരുണ്ട അയാളിലേക്ക് ഒരു
സ്വർഗീയ സുഖം വന്നു നിറഞ്ഞപ്പോൾ.. വേദന അനുഭൂതിയ്ക്ക് വഴിമാറി.. കണ്ണ് തുറന്ന്
ചുറ്റിലും നോക്കിയ അയാളുടെ ദൃഷ്ടിയിൽ ആദ്യം ഉടക്കിയത്, അവർക്ക് ചുറ്റും എല്ലാം വീക്ഷിച്ചു ചെറിയ പുഞ്ചിരിയുമായി
സൂതകർമ്മത്തിന് സാക്ഷ്യവാഹകരെ പോലെ നിരന്നു നിൽക്കുന്ന വിശുദ്ധ രൂപികളെയാണ്..
തൊട്ടടുത്ത് ഒന്നങ്ങി നിശ്ചലമായ ശുഷ്കിച്ച വൃദ്ധശരീരവും..
മുകളിലേയ്ക്ക് പറന്നുയർന്ന തന്റെ ആത്മാവ് അപ്പോൾ തനിക്ക് യാത്ര പറയുന്നപോലെ
അയാൾക്ക് തോന്നി.. അതിനൊപ്പം അധികം അകലെയല്ലാതെ തന്നെ ഇവിടെ സ്വീകരിച്ച വൃദ്ധന്റെ ഛായയിൽ
അഗ്നിപ്രഭയെ വെല്ലുന്ന ഒരു രൂപംകൂടി, അപ്പോൾ താൻ ഇപ്പോൾ കൂടുവിട്ട് കൂടുമാറിയ എല്ലാമറിയുന്ന പുതിയ യുവാവായ
ഭൈരവൻ.. അയാൾ ഓരോന്നും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
അറിഞ്ഞോ ?? നമ്മുടെ
ശൈലജയുടെ ഭർത്താവ് ജോലിസ്ഥലത്ത് വച്ച് മരിച്ചു... ഉറക്കത്തിലായിരുന്നു.. രാവിലെ
ഉണരാൻ വൈകി… കൂടെയുള്ളവർ ചെന്ന് നോക്കിയപ്പോൾ കണ്ടത് മരവിച്ച
ശരീരമാണ്.. അയാളുടെ ഗ്രാമത്തിൽ തൊട്ടടുത്ത പുലരിയിൽ ഗ്രാമീണരുടെ വാമൊഴിയായി ആ വാർത്ത
പടരുകയാണ്...
ഓരോരുത്തരുടെ വിധിയെ??? എന്തോക്കെയായിരുന്നു ??? ആഡംബര
കാറ് .. നിറയെ വാല്യക്കാർ.. വന്നാൽ പലതരത്തിൽ
തിളങ്ങുന്ന വസ്ത്രങ്ങൾ, കൂളിങ് ഗ്ലാസ്, തത്രപ്പാട് എത്രയായിരുന്നു ????
അതിന് മറുപടിയായി ഗ്രാമീണർ ഇങ്ങനെ ചോദിച്ചു..
നമ്മുടെ പേർഷ്യക്കാരൻ.. മേലേവീട്ടിലെ... പുതിയ മാളിക പണിത ... എന്തുവായിരുന്നു
അയാളുടെ പേര്??? സത്യത്തിൽ
ആ നാട്ടുകാർ അയാളുടെ പേര് തന്നെ മറന്നു പോയിരുന്നു...
ആ നാട്ടിൽ ജനിച്ചു വളർന്ന് പേർഷ്യയിൽ പോയി കാശുവാരിയ അയാൾ, ആ നാട്ടുകാർക്ക് ഇപ്പോൾ മേലേവീട്ടിലെ ശൈലജയുടെ ഭർത്താവ്
മാത്രമായി... രണ്ടു മക്കളുടെ അച്ഛൻ ...
പത്താം നാൾ എയർപോർട്ടിൽ നിന്ന് ആഘോഷമായി കൊണ്ടുവന്ന ആംബുലൻസിൽ നിന്ന് ആ
ശവശരീരം എടുത്ത് ചടങ്ങ് നടത്താനെടുക്കുമ്പോൾ, അവിടെയാകെ ഒരു വല്ലാത്ത വശ്യമായ സുഗന്ധം പടർന്നു, കൂടുതൽ അത്ഭുതപ്പെടുത്തിയത് , ദൈവവിശ്വാസി അല്ലാതിരുന്ന അയാളുടെ വേഷവിതാനം തന്നെ. ചുവന്ന
പട്ട് തറ്റുടുത്തിരുന്ന ദേഹത്തെ പുതച്ച് മേൽമുണ്ടും ചുവന്ന വെൽവെറ്റ് നിറത്തിൽ ഉണ്ടായിരുന്നു.
സൗമ്യമായി പുഞ്ചിരിക്കുന്ന ശാന്തമായ മുഖവും
അയാളുടെ പെങ്ങളുടെ മകൻ ശ്രദ്ധിച്ചു... അമ്മാവന്റെ ശരീരം ആകെ ചുക്കിച്ചുളിഞ്ഞിരിക്കുന്നു, പടുവൃദ്ധനെപ്പോലെ പെട്ടെന്ന് വയസ്സായി.. കഴിഞ്ഞ ലീവ്
കഴിഞ്ഞു ചുറുചുറുക്കായി പോയ അദ്ദേഹത്തിന്റെ ശരീരം എത്ര പെട്ടെന്നാണ്
ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നത്.. ആകെ ശുഷ്കിച്ചു.. ചുരുങ്ങിയ ശരീരത്തിൽ മാംസം
ഒട്ടും ബാക്കിയില്ല.. ഇത് പഴയ പരിഷ്കാരി അമ്മാവൻ തന്നെ?????
ആ ചിന്ത പിറുപിറുപ്പായി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുമ്പോൾ ... അവർക്കിടയിൽ
ചുവന്ന പട്ടുചുറ്റി ഒരു രൂപം അന്ത്യകർമ്മങ്ങൾ അവസാനിക്കുന്നതും കാത്ത്
നിൽപ്പുണ്ടായിരുന്നു... തന്റെ കർമ്മകാണ്ഡത്തിലേയ്ക്ക് നടക്കാൻ... മുൻഗാമിയുടെ
ശുഷ്കിച്ച കബന്ധം അഗ്നിവിഴുങ്ങി കഴിയുമ്പോൾ തനിക്ക് ഇനിയും നീളുന്ന
ജീവിതചക്രത്തിന്റെ പാതയോരത്ത്
പിൻഗാമിക്കായി കാത്തിരിക്കാൻ.. കാലം
കടന്ന് നീളുന്ന കാലഭൈരവന്റെ നിയോഗവുമായി, അദൃശ്യദൃശ്യതയെ പുണരാൻ.. കാലത്തിന്റെ കർമ്മസാക്ഷിയാകുവാൻ, കൂട് വിട്ട് കൂട് മാറിയ കർമ്മയോഗി
Reghuchandran.R

Comments
Post a Comment