ശന്തനുവിന്റെ ശപഥങ്ങൾ
ശന്തനുവിന്റെ ശപഥങ്ങൾ
ശന്തനുശാർങ്ഗധരൻ
ഒരു ഓർമ്മപ്പെടുത്തൽ ആണ്,
മധ്യവയസ്സ് കഴിഞ്ഞ ഓരോ ആധുനികകാലത്തെ മനുഷ്യർക്കും. ഇപ്പോൾ
മുന്നിൽ പൊഴിഞ്ഞു വീണുപോകും എന്ന മട്ടിൽ ഉന്തിനിൽക്കുന്ന, പത്തുമാസമെന്ന
ഗർഭകാലം എന്നോ കടന്നുപോയി എന്ന് തോന്നിപ്പിക്കുന്ന വയറും, അത്
ബാലൻസ് ചെയ്യിപ്പിക്കാൻ എന്നപോലെ പിന്നോട്ട് തള്ളി നിൽക്കുന്ന പൃഷ്ഠവും താങ്ങി, ശോഷിച്ചു
ഉള്ളിലേയ്ക്ക് ചുരുങ്ങിപോയ നെഞ്ചകവും, മൊട്ടകുന്നിനെ ഓർമ്മിപ്പിക്കും
നെറ്റിയും, പിന്നിൽ സൂര്യകാന്തി വിരിഞ്ഞപോലെയുള്ള ശിരോഭാഗവും, കഷ്ടമേ
ജീവിതചക്രം പാരിൽ എന്ന് പറയാതെ പറഞ്ഞുപോകും മട്ടിൽ അയാൾ നിത്യവും ഒരു ചലിക്കും
സ്മാരകശിലപോലെ നമ്മുടെയൊക്കെയിടയിൽ പൊതു ജീവിതം നയിക്കുന്നു.
അയാൾക്കും
ഇന്നലെകളും അതിന്റെ നരച്ചതോ,
പച്ചപ്രകാശം പരത്തുന്നതോ, തിളങ്ങുന്നതോ
(ആപേക്ഷികമാണ് വ്യക്തിയാതിഷ്ഠവും) ആയ ഗൃഹാത്വരത്വങ്ങൾ ഉണ്ടാകും, അവയൊക്കെ
ഒരുപക്ഷേ, നാളത്തെ ചരിത്രമോ( ഇന്നത്തേതും ആകാം) കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതോ , ഉൾപ്പെടാൻ
പോകുന്നതോ ആവാം. എന്നാൽ അതൊന്നും അറിഞ്ഞതേ ഇല്ല എന്നമട്ടിൽ, ഇനി
അറിഞ്ഞോ എന്ന് നേരിട്ട് ചോദിയ്ക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, എപ്പോ ?? എന്ന്
നമ്മുടെ മനസ്സിൽ സന്ദേഹം ജനിപ്പിക്കുന്ന രീതിയിൽ
കൊഴിഞ്ഞു ബാക്കിയായ നരച്ച, പുരികക്കൊടി രോമങ്ങളെ പൂച്ചയുടെ മീശപോലെ
വിറപ്പിച്ചുകൊണ്ട്,
പുരികം വളച്ച് ഒരു നോട്ടവും, എറിഞ്ഞു, കോടിയ
നനുത്ത പുഞ്ചിരിയും സമ്മാനിച്ച് നടന്ന് പോയേക്കാം. അപ്പോൾ നമുക്ക് ഓർമ്മവരിക, പഴയ
മോഹൻലാൽ ചിത്രത്തിൽ ശിഖണ്ഡിയുടെ കഥ ആവർത്തിക്കുന്ന നായകനോട് കടൽക്കരയിൽ വച്ച്
വാടകക്കൊലയാളിയുടെ ബോസായി വന്ന മാമുക്കോയ ഉന്നയിക്കുന്ന ചോദ്യം ആയിരിക്കും.
ഇവിടെ
നായകനായ ശന്തനു ശാർങ്ഗധരനും ഈ അവസ്ഥകൾ ഉണ്ട്.. അത് ഏത് വർണ്ണം കൊടുത്ത്
വരച്ചുവയ്ക്കണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക, ഒരു പക്ഷേ.. വയസുകൾ
കടന്നുപോകുന്ന മുറയ്ക്ക്.. നിങ്ങളുടെ അനുഭവകാലങ്ങളുടെയും നിറം മാരിവില്ലിന്റെ
വിവിധ നിറങ്ങളുടെ കളിയാട്ടം ഉണ്ടായേക്കാം.. അല്ലെങ്കിൽ നിങ്ങൾ മാറിവരയ്ക്കാനായി
വൃഥാ വ്യവഹാരം നടത്തിയേക്കാം.
ഇവിടെ
ഇന്ന് ശന്തനു.. കഴിഞ്ഞ ജീവിതകാലങ്ങൾ എല്ലാം ജീവിച്ചു തീർത്ത മുംബൈ നഗരത്തിന്റെ
വർണ്ണങ്ങൾക്ക് ഒരുമാതിരി പാതി കരിഞ്ഞ ഭാവമാണ്
നൽകാൻ ആഗ്രഹിക്കുന്നത്, അല്ലെങ്കിൽ ആ ഒരു നിറഭേദമേ ഓർമ്മകൾക്ക്
ജീവിയ്ക്കാൻ അയാൾ നൽകാറുള്ളൂ. അവിടെ ഓർമ്മകൾ അയാളിലേക്ക് പകരുക, പാതിവെന്ത
അയാളുടെ ശപഥകഥകൾ മാത്രമായിരിയ്ക്കും. ഒപ്പം ഓരോ മധ്യവർഗ്ഗ മനുഷ്യജീവിതത്തിന്റെയും
ആകെത്തുകൾ ആറ്റിക്കുറുക്കി വയ്ക്കുമ്പോൾ ഉണ്ടാകുന്ന അർദ്ധവിരാമങ്ങൾ
സൂചിപ്പിക്കുന്നത് ഇച്ഛഭംഗങ്ങളുടെ കുറേ നീരാവികൾ ആയിരിക്കാം, അല്ലെങ്കിൽ
നെടുവീർപ്പുകൾ.
സ്വതന്ത്ര
ഭാരതത്തിന്റെ കഴിഞ്ഞുപോയ എഴുപത്തഞ്ച് വർഷങ്ങളുടെ വളർച്ചയുടെ കഥയാണ് ഇന്നത്തെ മുംബൈ
നഗരത്തിന്റെയും അതിന്റെ ഗലികളുടെയും ചരിത്രം എന്ന് വിളിച്ചു പറയാൻ ശ്രമിച്ചാൽ
ശാന്തനുവും അവന്റെ കുടുംബ വഴിയും അതിലെ ഒരു കഥാതന്തുവായി വന്നേക്കാം.. എന്നോട്
ചോദിച്ചാൽ, ഉത്തരം ഇല്ല എന്ന് തന്നെയാവും, കാരണം അവനുമാത്രം അറിയാവുന്ന അതിന്റെ
പിരിഞ്ഞു ഇഴയുന്ന നാൾവഴികൾ ആരും കോറിയിടാനില്ലാത്തത് കൊണ്ട്.. വെറും ബാഷ്പമായ്
അന്തരീക്ഷത്തിൽ ലയിക്കാൻ മാത്രമേ സാധ്യതയുള്ളൂ.
ഇന്ത്യ
തൊള്ളായിരത്തി നാൽപ്പത്തിയേഴിൽ സ്വാതന്ത്രമാകാതിരിക്കുകയും ബ്രിട്ടീഷ്‌കാർ ഇന്ത്യ
വിടാതെ ഇരിക്കുകയും ചെയ്‌തു എന്ന് അങ്ങ് കരുതുക.. എങ്കിൽ മുംബൈ എന്നൊരു
മെട്രോപൊളിറ്റൻ നഗരമേ ഉണ്ടാകുമായിരുന്നില്ല, അതുപോലെ ഇന്നത്തെ പല ഇന്ത്യൻ
സംഭവങ്ങളും കേൾവികേട്ട എടുത്തെഴുന്നള്ളിപ്പുകളും. പലതും ഇന്നത്തെ രൂപത്തിലോ
ഭാവത്തിലോ കാണുമായിരുന്നില്ല, മുംബൈയുടെ സ്ഥാനം തീർച്ചയായും കറാച്ചി എന്ന
വിദേശനഗരത്തിനായിരുന്നിരിക്കും, ഡൽഹി എന്ന മഹാനഗരം കൊൽക്കത്തയും. അങ്ങനെ
ആയിരുന്നെങ്കിൽ ഒരു പക്ഷേ ശന്തനു ശാർങ്ഗധരനെ പോലെ പതിനായിരങ്ങൾ ജനിക്കുകകൂടി ഉണ്ടായിരുന്നില്ല.
സ്വതന്ത്ര
ഇന്ത്യ, മാറ്റിമറിച്ച അനേകായിരം ലക്ഷങ്ങളുടെ (കോടികളും ആവാം) ജീവിത വഴിയിൽ
ഒന്നുമാത്രമായിരുന്ന മാധവൻ എന്ന ഒറ്റപ്പാലത്ത് കാരൻ യുവാവ്, ബോംബൈകാരുടെ
നായർഭായി ആയി മാറുകയും അയാളുടെ മകൻ ശാർങ്ഗധരന്റെ മകനായി ശന്തനു പിറക്കുകയും ചെയ്ത
നാൾവഴി പിന്നെ എങ്ങനെയാകും എഴുതപ്പെടുകയും, അത്
ചരിത്രമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നത് എന്റെ മാത്രം സന്ദേഹം ആകും, എന്ന്
കഥവായിച്ച ശേഷം മാത്രം പറയുക.
അതെ, നമ്മുടെ
നാട് സ്വതന്ത്രമായി എന്ന് ഉത്‌ഘോഷിക്കുകയും, അന്നുവരെ നാട്ടിൽ മദ്യഷാപ്പ്, ഉപരോധിക്കുക, കടൽക്കരയിൽ
മലർന്നു കിടക്കുക,
അവസരം കിട്ടിയാൽ നാടിന് വേണ്ടി പോരാടുന്നവരെ പൊലീസിന്
ഒറ്റിക്കൊടുക്കുക,കീജയ് വിളിയ്ക്കുക,
തുടങ്ങിയ കർമ്മങ്ങൾ ചെയ്യുകയും, വെളുത്ത
വസ്ത്രം മാത്രം ധരിക്കുകയും ചെയ്തിരുന്ന അനേകരനാണ് മാധവനെപ്പോലെ പെട്ടെന്ന് തൊഴിൽ
രഹിതരായി മാറിയത്. കൂട്ടത്തിൽ മിടുക്കന്മാർ പുത്തൻ കൂറ്റുകാരായി വളർന്ന്
കയറിയപ്പോൾ കൂട്ടത്തിൽ തിണ്ണമിടുക്കുണ്ടായിട്ടും മാധവന് തിണ്ണകൾ നിരങ്ങാനായിരുന്നു
വിധി.
ആരുടെയൊക്കെയോ
ഉപദേശത്തിൽ കിട്ടിയ കരിവണ്ടിയിൽ കയറി, മഹാനഗരത്തിൽ അഭയാർത്ഥിയായി
പൈപ്പുവെള്ളം മാക്കം മാക്കം കുടിച്ചു നടന്ന ഒരു സായാഹ്നത്തിൽ അഴുക്കുപുരണ്ട പൂണുൽ
ധരിച്ച ഒരു അർദ്ധ നഗ്‌നനായ ഉത്തരേന്ത്യൻ ഗോസായി ആണ്, കയ്യിൽ കൊണ്ടുനടക്കുന്ന
ചായ സമോവർ അവനെ ഏൽപ്പിച്ചു കച്ചവടം നടത്തിവരാൻ ആവശ്യപ്പെട്ടത്. വിശപ്പിന്റെ
പരിഹാരമാവുമെല്ലോ എന്ന അത്യാഗ്രഹത്തിൽ അതുമായി നടന്ന അവന് പിന്നെ ഒരിക്കലും ആ
ദൈവദൂതനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.. അതിൽ നിന്ന് ജൂഹു ബീച്ചിൽ തള്ളുവണ്ടിയിൽ
തുടങ്ങിയ നായേഴ്‌സ് സായാഹ്‌ന ടീ സ്റ്റാളും, പകലത്തെ കുൽഫി കടയും മുതൽ
അവസാനം നായർഭായി എന്ന ഡോണിലെയ്ക്ക് ഉള്ള വളർച്ചയും ഒക്കെ, ശാന്തനുവി,ന് മധ്യതിരുവിതാംകൂറിലെ ഏതോ ഗ്രാമത്തിൽ നിന്ന് ചതിക്കപ്പെട്ട്
മഹാനഗരത്തിലെ ആധുനിക ലോകം അഴുക്ക് ച്ചാൽ എന്ന് കുറിവച്ച ഏതോ ഗംഗാമ്മ ഭായിയുടെ
ലോകത്ത് നിന്ന് നായർഭായിയുടെ ഭാര്യാ പദവിയിലേക്ക് എത്തപ്പെട്ട മുത്തശ്ശിയുടെ
മടിയിൽ കിടന്ന് കേട്ട ചിലകഥകളിൽ ഒന്ന് മാത്രമായിരുന്നു.
ബോംബയിലെയും, പിന്നെ
മുംബയിലെയും വൈദ്യുതി മെട്രോയിലൂടെ കറന്റ് കയറി ഇറങ്ങുകയും തദ്വാരാ, ഉറുമ്പുകളെ
പോലെ രാവിലെ മുതൽ സ്റ്റേഷനുകളിലേയ്ക്ക് ഇഴയുകയും സായാഹ്നത്തിൽ തിരികെ മാസത്തിലോ
ആഴ്ചകളിലോ ദിവസങ്ങളിൽ തന്നെയോ കിട്ടുന്ന മുഷിഞ്ഞ നോട്ടുകളിൽ ഭക്ഷണം പെറുക്കി
എന്നാശ്വാസത്തിൽ ഫ്ലാറ്റ് എന്ന തീപ്പെട്ടി കൂടുകളിലേയ്ക്ക് തിരികെ അണയുന്ന
പ്രക്രിയ അനവരതം നടന്നു. അതിലൂടെ ഗലികളിലും, ട്രെയിനുകളിലും, ധാരാവിപോലുള്ള
ചേരികളിലും മുതൽ മലബാർ ഹിൽസിലെയും മറ്റ് പണക്കാരുടെ പറുദീസകളിൽ വരെ ജീവിതം
തുടരുകയും, എഴുതപ്പെട്ടതും പെടാത്തതുമായ ചരിത്രങ്ങൾ ആവർത്തിക്കുകയും ചെയ്തു.
മുകൾ
മുതൽ താഴെവരെ മാറ്റമില്ലാതെ പോയത് കിട്ടുന്ന നേരങ്ങളിൽ ആവർത്തിച്ചിരുന്നു, ഭക്ഷണം
വിഴുങ്ങലും, നിയമപരമായതും അല്ലാത്തതുമായ ഇണചേരലും, വേഴ്ചകളും മാത്രമായിരുന്നു.
അതിന് പണ്ഡിത പാമരഭേദവും,
പണക്കാർ, പാവപ്പെട്ടവർ എന്ന ഭിന്നതയും ഇല്ലായിരുന്നു
എന്ന് മാത്രം. എന്നാൽ അതിന് മേമ്പൊടിയായി കൊട്ടിഘോഷിക്കപ്പെട്ട ഭാരത
സംസ്കാരത്തിന്റെ പുകമറ മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലാതെ അത്ര കൃത്യമല്ലാത്ത
ഇടവേളകൾ ഇല്ലാതെ,
കുടുംബബന്ധങ്ങൾക്ക് പുറമെ കാണുന്ന ചാരുത ഒന്നും
ഉണ്ടായിരുന്നില്ല.. അമ്മയുടെ പ്രായം എന്നത് വെറും വാക്കുകളും, മകന്റെയോ
മകളുടെയോ പ്രായം എന്നത് ഒരു തടസ്സമോ ആയിരുന്നില്ല, മാംസമുരയുന്ന ശീല്ക്കാരം
എല്ലാത്തിന്റെയും മുകളിൽ അശ്വചരിതമായി എഴുതപ്പെട്ടു.
അത്തരം
ഇടനേരത്ത് ഒന്നും ആയിരുന്നില്ല ശന്തനു ശാർങ്ഗധരൻ സൃഷ്ടിക്കപ്പെട്ടത്. മാധവ..
ശാന്താ മാതൃകാ ദമ്പതികളുടെ മകളായി, പത്മയും. മലയാളത്തിന്റെ രണ്ടാം തലമുറ
പ്രവാസ സന്തതിയായി ശാർങ്ഗധരനും ബോംബൈ എന്ന ഭാവിയിൽ മുംബൈ ആയി മാറ്റപ്പെട്ട
മഹാനഗരത്തിന്റെ എവിടെയോ ആദ്യമായി കണ്ടുമുട്ടിയത് ഒന്നും ആയിരുന്നില്ല, വെറും
മാധവൻ, നായർഭായിയായി ബീജാവാപം ചെയ്യപ്പെട്ട്, പിന്നെ പോലീസിന്റെയും കൂടെ
നിന്നവരുടെയും വേട്ടയാടപെടലിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട് പത്മയെന്ന കൗമാരം
കഴിഞ്ഞ പെണ്ണിന്റെ സാധാ അച്ഛനായി രൂപാന്തരം പ്രാപിച്ച് അന്തോപ്ഹില്ലിലെ ഇടത്തരം
ഫ്ലാറ്റിൽ ജീവിതം കരുപ്പിടിപ്പിച്ച നാളുകളിൽ എവിടെയോ കണ്ടുമുട്ടിയ
നനുത്തമീശക്കാരനെ ഭാവി മരുമകനായി മാറ്റിയെടുത്തപ്പോൾ ഉണ്ടായ പരിണതഫലം
തന്നെയായിട്ട് ആയിരുന്നു.
അങ്ങനെ
മുത്തശ്ശിയുടെ മടിയിൽ കിടന്ന് കേട്ട അനേകം കഥകളിലെ, പുരാണ കഥകളിൽ നിന്നാണ്
അവൻ ആദ്യമായി ശപഥങ്ങളെപ്പറ്റി അറിഞ്ഞു തുടങ്ങിയത്, ചിലപ്പോൾ അത്തരം
സന്ദർഭങ്ങൾ മുത്തശ്ശിയുടെ ഗൃഹാത്വരത്വ കഥകളിലേയ്ക്കും, കൗമാരം
കടക്കുന്നതിന് മുന്നേ,
പ്രണയ ചതികളിൽ പെടുന്നതിന് മുൻപുള്ള പിറന്ന നാടിൻറെ പച്ച
നിറമാർന്ന നടൻ കഥകളിലേയ്ക്കും വഴിമാറി തുടങ്ങിയപ്പോൾ അവനും ശപഥങ്ങൾ എടുക്കാൻ
തുടങ്ങി.
മുത്തശ്ശിയുടെ
കൗമാര കാഴ്ചകളിലൂടെ,
അമ്മയുടെ മോഹ നെടുവീർപ്പുകളിൽ, മാത്രം
നിറഞ്ഞ തന്റെ വാഗ്‌ദത്ത ഭൂമിയെ അവൻ അത്രകണ്ട് സ്വപ്നങ്ങളിലേയ്ക്കും അതിലൂടെ
യാഥാർഥ്യത്തിലേയ്ക്കും കൈപിടിച്ച് നടത്താൻ തുടങ്ങി. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ സരയൂ (അവന്
പമ്പയെന്ന് ഉച്ചരിക്കും,
അല്ലെങ്കിൽ അച്ചൻകോവിൽ എന്ന്) പാട്ട് റിങ്ങ് ടോൺ ആയി
നൽകിയും, നാളികേരത്തിന്റെ നാട്ടിൽ എന്ന് തനിക്ക് ഇല്ലാത്ത നാഴിഇടങ്ങഴി
മണ്ണിനെക്കുറിച്ച് മൂളിയും അവൻ നിത്യം മഹാമുംബയിലെ സബർബൻ ട്രെയ്‌നിലൂടെ നാൽപ്പതോളം
വർഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു.
ഇതിനിടയിൽ
ആ മഹാനഗരത്തിലെ സ്ഥിരം കാഴ്ചകളിലും, ഉരുണ്ട് കൊഴുത്ത കറുത്തതും
ചെമ്പൻ നിറമുള്ളതുമായ പെരുച്ചാഴികളെ പ്രാകിയും, (അവന്റെ മുത്തശ്ശി ഇല്ലാതായത്
അത്തരം ഒരു പ്ളേഗിന്റെ കാലത്താണ്) ഒരു വെള്ളപ്പൊക്കത്തിൽ എവിടേയ്‌ക്കോ ഒലിച്ചുപോയ
മാതാപിതാക്കളെയും വിസ്മൃതിയിൽ ആക്കി
ദിവസവും ക്ഷീരബലകൾ ആവർത്തിച്ചുകൊണ്ടിരുന്നു, ഇതിനിടയിൽ കുറെയേറെ
ശപഥങ്ങളും.
അതിൽ
ഒന്നായിരുന്നു ഒരിക്കലും സ്ത്രീകളെ ഇനി ജീവിതത്തിലേയ്ക്ക് അടുപ്പിക്കില്ല എന്നത്.
അമ്മ, മുത്തശ്ശി, കഴിഞ്ഞു
ജീവിതത്തിലേയ്ക്ക് കടന്നുവന്ന മൂന്നാം സ്ത്രീയായിരുന്നു ഉമയെന്ന ..
ഉമരംഗനേക്കർ... ചെറുപ്പം മുതൽ
ജീവിതത്തിന്റെ ഇടനേരങ്ങളിൽ പലയിടത്തും സന്ധിച്ച്.. പിന്നെ സുഹൃത്തായി, കാമുകിയായി
പത്തുവർഷം ചുറ്റി നടന്ന് പിന്നെ ഭാര്യയായായവൾ.. വിവാഹത്തിന്റെ നാലാംമാസം ഏതൊരു
ആദിവാസി മറാട്ടിയുടെ പിന്നാലെ അവനെ നോക്കി കോക്രി കാണിച്ച് നടന്ന് മറയുമ്പോൾ അവൾ
പിറുപിറുത്ത് പോലും... നിന്നെപ്പോലെയുള്ള നിർഗുണന്മാരുടെ കൂടെ ജീവിതം ഹോമിയ്ക്കാൻ
ഞാനില്ലടാ പുല്ലേ എന്ന് നല്ല പച്ച മറാട്ടിയിൽ..
എന്നിട്ടും
ജീവിതതിന്റെ അരസെഞ്ചുറിയടുക്കുന്ന വർഷങ്ങൾ ആ മഹാനഗരത്തിൽ വെറും ഗുമസ്തപ്പണിയുമായി
കല്യാണിൽ നിന്ന് തുടങ്ങി,
താക്കുർളിയും ഡോംബിവല്ലിയും താനെയും കടന്ന് വിക്ടോറിയ
ടെർമിനലിന്റെ അൽപ്പം മുൻപ് അവസാനിയ്ക്കുകയും അവിടെ നിന്ന് സായാഹ്നത്തിൽ തുടങ്ങി
തിരികെ തുടങ്ങിയടുത്ത് അവസാനിക്കുകയും ചെയ്യുന്ന യാത്ര ഒരു അനുഷ്‌ഠാനന്നപോലെ
തുടർന്നു. ഇതിനിടയിൽ അഭ്രപാളിയിൽ എന്നപോലെ ആവർത്തിക്കുന്ന കാഴ്ച്ചകൾക്കോ ഇത്രയും
വർഷങ്ങൾ കൂടിയിരുന്ന നായർഭായിയുടെ ഫ്ലാറ്റ് മുറികൾക്കോ ഒരു മാറ്റവും
വന്നിരുന്നില്ല എന്നതായിരുന്നു അത്ഭുതം, ഒപ്പം തന്റെ ആദ്യ ശപഥമായി
തീർന്ന വാഗ്ദത്തഭൂമിലെ മുത്തശ്ശിയുടെ വാഗ്മയ ചിത്രത്തിൽ ഉയർന്നുവന്നിരുന്നു
ദാരുശില്പമായ കേരളീയ തനത് ശൈലീ നിർമ്മിതമായ നാലുകെട്ട് സ്വന്തമാക്കി അവിടെ
കുടിയിരിയ്ക്കും എന്ന തീരുമാനത്തിനും.
സർ..
ദേ പറഞ്ഞ വീടെത്തി... എന്ന് നെറ്റിൽ നിന്ന് തപ്പി കണ്ടുപിടിച്ച വസ്തു ബ്രോക്കറുടെ
ശബ്ദം അയാളുടെ പൂച്ചയുറക്കത്തെ അകറ്റിയപ്പോൾ അയാൾ കണ്ണുതുറന്നു. റയിൽവേ സ്റ്റേഷനിൽ
നിന്ന് ആദ്യമായി കണ്ടപ്പോൾ ഏജന്റ്റ് സ്വകരിച്ചാനയിക്കാൻ കൊണ്ടുവന്ന കറുത്ത
ഇന്നോവയിൽ നിന്ന് ഇറങ്ങി മുന്നിലെ പഴമയുടെ
പ്രൗഢിയിൽ നവീകരിക്കാൻ തേച്ചുമിനിക്കിയ വാർണിഷിന്റെ മണം പടർത്തി തലയുയർത്തി
നിൽക്കുന്ന നാലുകെട്ടിന്റെ മുന്നിലേയ്ക്ക് നടന്നു.
മുത്തശ്ശിയുടെ
വിവരണത്തിനും ഉപരി സൗന്ദര്യം അതിനുണ്ട് എന്ന് അയാൾക്ക് തോന്നി.. എല്ലാം സൂഷ്മതയോടെ
ചുറ്റികാണുന്നു എന്ന ഭാവത്തിൽ, തെക്കിനിയിലും, വടക്കിനിയിലും, പടിഞ്ഞാറ്റിനിയിലും, കിഴക്കിനിയിലും
നടുമുറ്റത്തും ചുറ്റിനടന്ന് വീക്ഷിച്ച
അയാൾക്ക് പ്രധാന ശ്രദ്ധ,
അതിന്റെ ആധുനീകരിച്ച ശൗചാലയത്തിൽ തന്നെ ആയിരുന്നു.
അതുവരെയുള്ള ജീവിതത്തിൽ,
ട്രെയിൻ കഴിഞ്ഞാൽ കൂടുതൽ സമയം ചിലവഴിച്ചിരുന്ന, അയാൾ
വേറെ എവിടെ ശ്രദ്ധിക്കാൻ,
അതും രണ്ടേ രണ്ട് സ്ഥലത്ത്. സന്ദർശനത്തിന് അവസാനം എന്നാൽ
ഇനി ഫോർമാലിറ്റിയിലേയ്ക്ക് കടക്കാം എന്ന തലയാട്ടലിന് പ്രധാനഹേതു നായർഭായിയുടെ
ഫ്ലാറ്റ് വിറ്റുകിട്ടിയ തുകയ്ക്ക് ഉപരിയുള്ള അയാളുടെ ജീവിത സമ്പാദ്യം
തന്നെയായിരുന്നു. പേപ്പർ വർക്കുകൾ
അവസാനിക്കുമ്പോൾ,
ഞാനും ഗംഗാദത്തനായി എന്നഭാവമായിരുന്നു അയാൾക്ക്, ആദ്യമായി
ഒരു ശപഥം താൻ നിറവേറ്റിയിരിക്കുന്നു.
മാസങ്ങൾക്ക്
ശേഷം ആ നാല് കെട്ടിന്റെ പൂമുഖത്ത് നിവർന്ന് കിടക്കുമ്പോൾ അയാൾക്ക് ആത്മനിർവൃതിയുടെ
ഒരു ആഹ്ലാദം മുഖത്ത് ബാക്കിയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങൾ ജീവിതകാലം മുഴുവൻ
സ്വപ്‍നം കണ്ട രീതിയിൽ ചിലവഴിച്ചിരിക്കുന്നു.. ഇതിനിടയിൽ കുറേ ശപഥങ്ങൾ എവിടോ
മറന്നു വച്ചിരിക്കുന്നു. ഇപ്പോൾ അയാൾ ശപഥഭംഗത്തിന്റെ ഇരയാണ് എന്ന് വിളിച്ചു കൂവണം
എന്ന് തോന്നി.. അതിൽ പ്രധാനം അവളാണ്.. ഗ്രീഷ്മ..
ആ
ഭവനത്തിൽ താമസം തുടങ്ങിയ അടുത്ത ദിവസം വെളുപ്പാൻകാലത്താണ് അയാൾ ആദ്യമായി അവളെ
കാണുന്നത്.. ദാവണിയണിഞ്ഞു കിലുക്കാംപെട്ടിയെപോലെ പൊട്ടിച്ചിരിച്ച് അവൾ വരുമ്പോൾ
ഒരു പോസിറ്റീവ് എനർജി അവിടമാകെ പടരും.
സർ
വേണോ ... നല്ല പശുവിന്റെ പാലാണ്.. എന്ന മുഖവുരയോടെ ആദ്യമായി മുന്നിലെത്തിയ അവളോട്
... മറുപടിയായി അയാൾ പറഞ്ഞത് നിന്നെ ആരാണ് ഇങ്ങോട്ട് തെന്നായിരുന്നു.. സ്ത്രീ വിരോധിയായ തനിക്ക് നാട്ടിലെ ആദ്യാകണി
ഒരു പെണ്ണ് ആയതിന്റെ ഈർഷ്യ മുഴുവൻ അതിൽ അടങ്ങിയിരുന്നു.
സർ ...
കോപിക്കാതെ ... നമ്മുടെ ശിവരാജൻ ചേട്ടനാണ് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്.. പാൽ
വേണ്ടെങ്കിൽ വേണ്ട... എന്നാലും ഒരു നല്ല കണി അതും എന്നെപോലെ സുന്ദരിയായ
പെൺകുട്ടിയുടെ... അവൾ ഗ്ലാസ്സുകൾ തമ്മിലിടയും പോലെ പൊട്ടിച്ചിരിച്ചു..
കേട്ടോ
സാറെ ... എന്നെ കണികാണുന്നത് വളരെ ഐശ്വര്യമാന്നെന്നാണ് നാട്ടുകാർ പറയുന്നത്..
പിന്നെ ഇത് സാറിന്റെ മുംബൈ അല്ല... എല്ലാം മാർക്കറ്റിൽ കിട്ടാൻ... അല്ലെങ്കിൽ
ഫോണിൽ അമർത്തിയാൽ ഓടിവരാൻ.. അവൾ എന്തോ തമാശ പറഞ്ഞപോലെ ആർത്ത് ചിരിച്ചു.
അതിൽ
പങ്ക് ചേർന്നപോലെ ചിരിച്ചു എന്ന് വരുത്തി.. എനിക്ക് പാൽ വേണ്ട... എന്ന് സംസാരം
ഒറ്റവാക്കിൽ അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ... അവൾ തുടർന്നു...
പാൽ
വേണ്ടെങ്കിൽ വേണ്ട... ഞാൻ ഇനിയും വരും.. പലചരക്ക് മുതൽ എല്ലാ സഹായ സഹകരണങ്ങളും
നമ്മുടെ സർവീസിൽ പെടും.. ശിവരാജൻ ചേട്ടൻ എല്ലാം എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്..
മധുരമായി ചിരിച്ചിട്ട് അവൾ ഇറങ്ങി നടന്നു..
പട്ടുപാവാടയുടെ
ശീൽക്കാരം അവഗണിച്ച് അയാൾ പല്ലുഞെരിച്ചു... ബ്രോക്കർ ശിവരാജൻ രണ്ട് വഴക്കിന്റെ
ആവശ്യമുണ്ട്.. ഇങ്ങ് വരട്ടെ..
എന്നാൽ
അയാൾ പ്രതീക്ഷിച്ച ശിവരാജൻ പിന്നെ ഒരിക്കലും, പടികടന്ന് വന്നില്ല.. എന്നാലോ
ഗ്രീഷ്‌മ .. ദിവസം മൂന്ന് എന്ന ഹോമിയോ മരുന്നിന്റെ ആവർത്തിപോലെ വരുകയും ചെയ്തു..
ചിലദിവസം അതിൽ കൂടുതലും.. അവസാനം ആ നാടുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി അവൾ
മാറിയപ്പോൾ, അയാളുടെ മനസ്സിൽ ഒരു ഇഷ്ട്ടം ഉടലെടുക്കുന്നത് അയാൾ തിരിച്ചറിഞ്ഞു..
ഇഷ്ടത്തിന്റെ
അകലം കുറഞ്ഞു തുടങ്ങിയപ്പോൾ പ്രായവ്യത്യാസമോ, അയാളുടെ ആരോഗ്യാവസ്ഥയോ ഒന്നും
അയാൾ ചിന്തിച്ചില്ല. അവളുടെ സാമിപ്യം ഉണ്ടാക്കുന്ന സന്തോഷകരമായ അന്തരീക്ഷത്തെ അയാൾ
പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെടും ചെയ്തു. അവളുടെ ഗമനം എണ്ണത്തിൽ
കൂടിയതും അത് പൂമുഖം വിട്ട് അടുക്കളയിലേയ്ക്കും മറ്റ് ഭാഗത്തേയ്ക്കും, പിന്നെ
ഒരു സൗര്യവിഹാരത്തിലേയ്ക്കും വളർന്നതും അതിലൂടെ തന്റെ ശപഥങ്ങൾ ഒന്നായി
വീണുടയുന്നതും അയാൾ മൗനമായി കണ്ടിരുന്നു.
ഇന്ന്
അതിന്റെ പരിസമാപ്തിയാണ്... അവൾ പതിവ് തെറ്റിച്ച് രാത്രിയിൽ വരും എന്ന് വാക്ക്
പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിൽ ഇന്നാരും ഉണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ
അങ്ങോട്ട് ക്ഷണിക്കാനുള്ള ഭാവമായിരിയ്ക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ
ഇങ്ങോട്ട് വരും എന്ന് പറഞ്ഞപ്പോൾ അയാൾ തെക്കേപ്പുറത്തെ പാലമരം പോലെ പൂത്തുലഞ്ഞു.
സന്ധ്യക്ക്
മുൻപേ കുളിച്ചീറനായി ദേവിയെ തൊഴുത് കൂട്ടത്തിൽ ഏറ്റവും പുതിയ വസ്ത്രങ്ങൾ
അണിഞ്ഞെങ്കിലും,
തൃപ്തി വരാതെ വീണ്ടും കുളിമുറിയിലേക്ക് നടന്നു പലതവണ...
ഒരിക്കൽ ഉമ നിഷേധിച്ച് പോയത് (ഓ അല്ല.. താൻ നൽകാഞ്ഞത്) എല്ലാം ഇന്നവൾക്ക് നൽകണം
എന്ന് അയാൾ അഗാധമായി ആഗ്രഹിച്ചു.. അതിൽ നിന്ന് ആവേശം കൊണ്ട് നെഞ്ച് അമർത്തി
ഉഴിഞ്ഞു..
തുറന്ന്
കിടന്ന വാതിലിൽ നാണം കലർന്ന പൊട്ടിച്ചിരി മുഴങ്ങിയപ്പോൾ ബാത്ത്റൂമിലേയ്ക്ക് വച്ച
കാല് അയാൾ തിരിച്ചെടുത്തു.. അതിനിടയിൽ ഒരു നാല് പ്രാവിശ്യം എങ്കിലും അയാൾ കുളിച്ച്
കഴിഞ്ഞിരുന്നു... ഒരു നവോഢയെപ്പോലെ മുന്നിൽ നാണിച്ചു നിൽക്കുന്ന പെൺകുട്ടിയെ
കണ്ടപ്പോൾ അയാളും നാണത്താൽ തലകുനിച്ചു.. പിന്നെ അവളുടെ കൈയിലേക്ക് കടന്ന് പിടിച്ചു
പടിഞ്ഞാറ്റിനിയിലേയ്ക്ക് ആനയിക്കുമ്പോൾ ഹൃദയം തുടിയ്ക്കുകയായിരുന്നു.
കുറച്ചു
ദിവസങ്ങൾ കഴിഞ്ഞു പ്രഭാതത്തിലെ കാറ്റ് ആ നാട്ടിൽ പടർത്തിയ ദുർഗന്ധമാണ്, നാട്ടുകാരെ
ആ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേയ്ക്ക് ആനയിച്ചത്. അതിനുള്ളിലെ കാഴ്ച തികച്ചും
ഭീകരമായിരുന്നു... കടവാതിലും കുറുക്കനും... കടിച്ചുവലിച്ച മനുഷ്യശരീരത്തിന്റെ
അവശിഷ്ടങ്ങൾ അവിടെയാകെ ചിതറിയിരുന്നു.. വർഷങ്ങളായി ആൾതാമസമില്ലാത്ത അവിടെ എങ്ങനെ
ഇത് അവർക്ക് അത്ഭുതമായിരുന്നു.. അവർ മുഖത്ത് വിരൽ വച്ചു..
അവിടെക്കൂടിയിരുന്നവരിൽ
പ്രായം കൂടിയ ചിലർ അപ്പോൾ ഒരു പൊട്ടിച്ചിരിക്ക് കാതോർക്കുകയായിരുന്നു.. വർഷങ്ങൾക്ക് മുൻപ് ആ നാടിനെ
ഭീതിയിലാഴ്ത്തിയിരുന്ന യക്ഷിയുടെ കഥയുടെ ബാക്കിപത്രമായി..
പുറപ്പെട്ട്
പോയ മാധവൻ എന്ന യുവാവിന്റെ കഥയിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബാക്കി കഥയായി അത് കുറേക്കാലം അവിടെ
നിലന്നിരുന്നു.. ഇന്നത്തെ തലമുറ വെറും കഥയായും.. മിത്തായും ചിരിച്ചു
തള്ളിയിരുന്നു.. ഗൗരിയുടെ പ്രതികാരം ...
എന്നാൽ
പ്രായംചെന്നവർക്ക് അറിയാമായിരുന്നു... ആ പഴയ വീടിന്റെ പ്രതാപാശ്വര്യങ്ങളും പടിയെ
പടിയെ ഉണ്ടായ നാശവും.. ഒപ്പം ദുർമരണങ്ങളും...

Comments
Post a Comment