സമയരഥത്തിലെ മീനുകൾ

 


സമയരഥത്തിലെ മീനുകൾ

 

       അയാൾ ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ രാത്രി ഏറെ ഇരുട്ടിയിരുന്നു, ഉറയ്ക്കാത്ത കാൽവയ്പ്പുകളോടെ മുൻവാതിൽ തുറന്ന് കൈയിലെ താക്കോൽ കൂട്ടം സോഫയിലേക്ക് വലിച്ചെറിഞ്ഞ് അതിലേക്ക് അയാളും വീണു. കാത്തിരിക്കാൻ ആരും ഇല്ലാത്തതിനാൽ പരിഭവം എന്നും ഒരു മരീചികയായിരുന്നു.. വീർത്ത മുഖഭാവവും. മലർന്ന് കിടന്ന് മച്ചിലെ കറങ്ങാത്ത ഫാൻ നോക്കി കിടന്നപ്പോൾ ഉള്ളിലെ പുളിച്ചു തികട്ടൽ അയാൾ അറിയുന്നുണ്ടായിരുന്നു. അത് വയറിൽ നിന്നാണോ അതോ മനസ്സിൽ നിന്നാണോ എന്നറിയാതെ അങ്ങനെ കിടന്നു.. മുന്നിൽ ശ്ലഥചിത്രങ്ങൾ മിന്നിമായുന്നതും അറിഞ്ഞുകൊണ്ട്.

 

     എന്തിനാണ് ഈ നഗരത്തിലേക്ക് സ്‌പെഷ്യൽ കറസ്പോണ്ടന്റിന്റെ വേഷം കെട്ടി തിരിച്ചു വന്നത് എന്ന് സ്വയം ചോദിച്ചു.. തന്നെ തന്നെ ശപിച്ചു.. ഒരിക്കൽ അർദ്ധവിരാമം നൽകി കാലിക്കറ്റിലേക്ക് വണ്ടികയറിയതാണ്.. ഇനി വേണ്ട എന്ന് സ്വയം ബോധ്യപ്പെടുത്തി. പക്ഷേ വിധി തന്നെ തിരികെ കൊണ്ടുവന്നു.. ഒരിക്കൽക്കൂടി.. വിധി... ആ വാക്കിൽ നിറഞ്ഞ പുച്ഛം ഒരു ആത്മനിന്ദയായി പടർന്നപ്പോൾ അവൻ കാറിത്തുപ്പി.. നോട്ട് കെട്ടുകളുടെ പ്രലോഭനം അതല്ലേ? ശരി... അന്ന് കിട്ടുന്നതിന്റെ ഇരട്ടിയും.. ഇഷ്ടത്തിന് ഉപയോഗിക്കാൻ വാഹനവും.. മൾട്ടിപ്ലക്‌സിന് അടുത്ത്.. നഗരമധ്യത്തിൽ ഫർണിഷ്ഡ് സ്റ്റുഡിയോ ഫ്ളാറ്റും ഓഫർ കിട്ടിയപ്പോൾ തന്നിലെ ത്വര എന്ന പിശാശ് ആഹ്ലാദിച്ചു.. ഇന്നും ക്രോണിക്ക് ബാച്ചിലർ ആയി തുടരുന്ന തനിക്ക് നിഷേധിക്കാമായിരുന്നു.. പക്ഷേ.... അയാൾ രണ്ട് കൈയും ഉയർത്തി തലക്കിടിച്ചു...

 

എബ്രഹാം.. നീ നേരെ ആ പെൺകുട്ടിയുടെ അടുത്ത് പോയി.. ഒരു അഭിമുഖം നടത്തണം.. അറിയാമല്ലോ..? നീ ഇപ്പോൾ പ്രോബിഷ്ണറി പീരിഡിൽ ട്രെയിനിങ്ങിൽ ആണ്.. ഇത് അതിന്റെ അടിസ്ഥാനത്തിൽ വേണം തയ്യാറാക്കാൻ.. ഞാൻ സംവിധായകനുമായി ഒന്ന് സംസാരിക്കട്ടെ.. ഞങ്ങൾക്ക് ചില അത്യാവശ്യ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്...

 

അത് പറഞ്ഞ് വിൻസി സർ.. ഹോട്ടലിലേക്ക് കയറിപോയപ്പോൾ എബ്രഹാം, അയാൾ ചൂണ്ടിക്കാണിച്ച ആ പുൽത്തകിടിയിലേക്ക് നോക്കി, അവിടെ ഒരു പെൺകുട്ടി ഇരിപ്പുണ്ട്.. തികച്ചും ഒറ്റക്ക്.. അവളുടെ മുന്നിൽ കിടന്ന ഒഴിഞ്ഞ കസേരയിലേക്ക് ഇരിപ്പുറപ്പിച്ചപ്പോൾ, അവന്റെ ഉള്ളിൽ ഒരു തുടക്കക്കാരന്റെ എല്ലാ അസ്കിതകളും തുടിതാളം കൊട്ടുന്നുണ്ടായിരുന്നു.. എന്നാൽ മുന്നിൽ ഇരുന്ന പെൺകുട്ടിയുടെ ഭാവം കണ്ടപ്പോൾ അതെല്ലാം ഒലിച്ചുപോയി.. അവൾ അതിലും വലിയ പരിഭ്രമമാണ് അനുഭവിക്കുന്നത് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു ആ മുഖം.        

 

കുട്ടിയുടെ പേരെന്താണ് എന്ന തന്റെ ചോദ്യത്തിന് ഉള്ളിലെ പരിഭ്രമത്തിൽ നിന്നുണ്ടായ വിക്കലിൽ അവൾ പറഞ്ഞൊപ്പിച്ചു....

 

അഭിരാമി..... അഭിരാമി മേനോൻ...

 

വിൻസി സർ.. ഫോണിൽ സംസാരിച്ചത് അപ്പോൾ ഓർമ്മവന്നു.. ഈ പേര് പലതവണ ആവർത്തിച്ചു.. മറുഭാഗത്ത്  പ്രശസ്ത സംവിധായകൻ വൈശാഖൻ ആണെന്ന് തനിക്ക് മനസ്സിലായിരുന്നു.. കൂട്ടത്തിൽ അഭിമുഖം എന്നും... പ്രതീക്ഷയെന്നും ഒക്കെ ആവർത്തിക്കുന്നതും... ഇവൾ ആണ് ആ പുതിയ നായിക.. അവൻ അവളെ അടിമുടി ശ്രദ്ധിച്ചു...

 

ഇരുനിറത്തിൽ കൊലുന്നനെയുള്ള പെൺകുട്ടി... ഏറിയാൽ പതിനാല് അല്ലെങ്കിൽ പതിനാറ്... അതിൽക്കൂടുതൽ മതിക്കില്ല.. ചകിതയായ മാൻപേടയുടേത് പോലെ ഇടക്കിടക്ക് വെട്ടുകയും ചുറ്റും പരത്തുകയും ചെയ്യുന്ന കണ്ണുകൾ... ധരിച്ചിരിക്കുന്ന ഇറുകിയ ചുരിദാറ് അത്ര വലിയ സ്ഥിതിയിൽ നിന്ന് വരുന്ന പെൺകുട്ടിയല്ല എന്ന് സൂചിപ്പിക്കുന്നു.... കുഴിഞ്ഞ കൺതടങ്ങളും ഒട്ടിയകവിളുകളും അത് കൂടുതൽ ഉറപ്പിക്കുന്നു. മേക്കപ്പില്ലാത്ത മുഖവും ശരീരവും.. ചുണ്ടികാണിക്കുന്നത് ഗ്രാമീണ ചുറ്റുപാട് തന്നെ. എങ്കിലും അവൾ ഒരു അഗ്നിനാളം പോലെ സുന്ദരിയായിരുന്നു.. തുമ്പപ്പൂവ് പോലെ വിശുദ്ധയും,  അവൻ പരിചിതമല്ലാത്ത ചുറ്റുപാടിലേക്ക് എടുത്തെറിയപ്പെട്ട ആ പെൺകുട്ടിയെ വിലയിരുത്തുകയായിരുന്നു.

 

കുട്ടി.. എന്റെ പേര് എബ്രഹാം.. ഒരു വിദ്യാർത്ഥി ആണ്.. കുട്ടിയുടെ ഒരു ഇന്റർവ്യൂ.. അല്ലെങ്കിൽ വേണ്ട... എന്റെ കൂടെ വന്ന ആൾ വരുന്നവരെ നമുക്ക് സംസാരിച്ചിരിക്കാം.. നമുക്ക് അത് വരെ പരസ്പരം കൂട്ടാവും.. എന്തേ?

 

ആ സംസാരവും ചോദ്യവും അവൾക്ക് ഇഷ്ട്ടപ്പെട്ടപോലെ തോന്നി.. മനസില്ലാമനസോടെ അരച്ചന്തിയിൽ കസേരയിൽ ഇരുന്ന അവൾ ഒന്ന് കുലുങ്ങി ഇരുന്നു.. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

 

വൈശാഖൻ സർ.. പറഞ്ഞത് അങ്ങനെ അല്ലല്ലോ.. ? ഒരു വലിയ പത്രലേഖകൻ വരുന്നു.. എന്നാണ്.. നന്നായി പെരുമാറണം.. എന്നും അദ്ദേഹം വിചാരിച്ചാൽ ഈ മേഖലയിൽ ഒരു വലിയ ഭാവി ഉണ്ടാകും എന്നും ഒക്കെയാണ്.. അഭിരാമി.. അയാളുടെ മുഖത്തേക്ക് നിഷ്കളങ്കമായി നോക്കി..

 

ങ്ങും.. സർ പറഞ്ഞത് ശരിയാണ്.. അത് ഞാനല്ല.. എന്റെ കൂടെ വന്നയാൾ ആണ്... വിൻസി സർ.. അദ്ദേഹം വൈശാഖൻ സാറിനെ കാണാൻ പോയിരിക്കയല്ലേ.. അദ്ദേഹം വരുന്നവരെ നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.. എന്തേ? എബ്രഹാം അത് പറയുമ്പോൾ അവളുടെ മുഖത്തെ പരിഭ്രമം അലിഞ്ഞു ഇല്ലാതാകുന്നത് അയാൾ നോക്കി ഇരുന്നു.. പതിയെ അവൾ ഒരു പൂമ്പാറ്റയെപ്പോലെ ചടുലയാകുന്നതും നിർത്താതെ ചിരപരിചിതനെ പോലെ തന്നോട് സംസാരിക്കുന്നതും കണ്ടപ്പോൾ അയാൾക്ക് ഓർമ്മ വന്നത് നാൻസിയെയാണ്.. ഒരുപക്ഷെ.. ജീവിച്ചിരുന്നെങ്കിൽ ഇതിലും അൽപ്പംകൂടി പ്രായം ഉണ്ടായേനെ.. അയാൾ നെടുവീർപ്പ് ഇട്ടു..

 

വിൻസി സർ.. ഹോട്ടലിൽ നിന്ന് ഇറങ്ങി വരുമ്പോൾ മണിക്കൂർ രണ്ട് കഴിഞ്ഞിരുന്നു... ഒപ്പം വൈശാഖൻ സാറും... പ്രശസ്ത സഹനടൻ ഉല്ലാസും.. കൂടെ.. അമ്മവേഷത്തിൽ പ്രശസ്തയായ.. ആ സ്ത്രീയും.. അവർ ചൂടാറ്റാൻ എന്നപോലെ സാരിയുടെ തുണ്ടെടുത്ത് വീശുന്നുണ്ടായിരുന്നു.. പുൽത്തകിടിയിലേക്ക് എത്തിയ അവരുടെ മൗനം മുറിച്ചത്.. വൈശാഖൻ സർ തന്നെ ആണ്..

 

കനകം... ദേ.. ഈ കുട്ടിയെ ഭദ്രമായി അതിന്റെ തള്ളയുടെ അടുത്ത് എത്തിച്ചേക്കണം.. കേട്ടല്ലോ.. ഇടയിൽ നിന്റെ തൊഴിൽ ഒന്നും കാണിച്ചേക്കരുത്.. അറിയാല്ലോ.. എന്റെ ഒരു ഉറപ്പിന്റെ മേൽ ആണ്.. കുട്ടിയെ ഇവിടേക്ക് പറഞ്ഞു വിട്ടത്.. സന്ധ്യയാകാൻ ഇനി ഏറിയാൽ അരമണിക്കൂർ.. കാറിൽ നേരെ വിട്ടാൽ പതിനഞ്ച് മിനിറ്റ്.. അതിനുള്ളിൽ അവിടെ എത്തിച്ചേക്കണം.. ഞാൻ ഫോണിൽ വിളിച്ചോളാം..

 

എന്താണ് വൈശാഖൻ സാറെ.. നമ്മളോട് ഒരു പതം പറച്ചിൽ.. അതും ഇവരുടെ മുന്നിൽ വച്ച്.... കനകം.. അങ്ങനെ ഒന്നും അല്ല.. വളരെ ഡീസെന്റാണ്.. പിന്നെ ചില അസൂയക്കാരുടെ ഗോസിപ്പ്.. അത് ഈ ഫീൽഡിൽ ഉള്ളതല്ലേ? ഏതായാലും ഇവളെ ഞാൻ സുരക്ഷിതമായി എത്തിക്കും.. നമ്മുടെ കുട്ടിയല്ലേ? ശാന്തമ്മ അക്കൻ.. എന്റെ ചേച്ചിയെപ്പോലെ അല്ല ചേച്ചിതന്നെ.. അവർ ചിണുങ്ങി... പിന്നെ ഇവളെ സാറ്.. നാളെ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ട് ഒന്നും ഇല്ലല്ലോ?

 

ഓ.. തന്നെ.. തന്നെ.. എന്നോട് തന്നെ വേണം.. നിന്റെ ശീലാവതി ചമയൽ.. ഇപ്പോൾ നീ ഇവിടേക്ക് ഇവളെ കൊണ്ടുവന്നത് മോക്ഷത്തിനല്ലേ..? ഉല്ലാസ്.. പറഞ്ഞിട്ട് തന്നെ ആണ്.. നിന്നെ അങ്ങോട്ട് തിരിച്ചു വിട്ടത്.. നീ അധികം ചിണുങ്ങാതെ കൊച്ചിനെയും കൊണ്ട് പോ.. എന്റെ സ്വഭാവം എടുപ്പിക്കാതെ.. അയാളുടെ മുഖം ചുവന്നു..

 

തിരികെ പത്രമോഫീസിലേക്ക് വരുമ്പോൾ വിൻസി സർ.. അഭിമുഖത്തിന്റെ ഡ്രാഫ്റ്റ് ചോദിച്ചു.. രാവിലെ തന്നെ ശരിയാക്കി തന്നോളാം.. എന്ന് പറഞ്ഞപ്പോൾ ഒന്ന് നീട്ടി മൂളി.. പിന്നെ ആത്മഗതം പോലെ പറഞ്ഞു..

 

വൈശാഖൻ വിളിച്ചാൽ പോകാതെയിരിക്കാൻ പറ്റില്ല.. അല്ലെങ്കിൽ ഈ പീറപ്പെണ്ണിന്റെ അഭിമുഖത്തിനൊക്കെ ആരാണ് പോകുക.. നമുക്ക് എന്ത് പ്രയോജനം.. അയാൾ കഴിക്കുകയും കുടിക്കുകയും ചെയ്തില്ലെങ്കിലും.. കൂടെ ഉള്ളവരെ സൽക്കരിക്കാൻ വലിയ താൽപ്പര്യമാണ്.. അല്ലാതെ.. ഷീവാസ്.. റീഗലും.. പോത്ത് വരട്ടിയതും ഒക്കെ മൂക്ക് മുട്ടെ തട്ടാൻ.. നമ്മുടെ ട്രൗസർ കീറിയത് തന്നെ..

 

അടുത്ത ആഴ്ചയിലെ സിനിമാ വിശേഷത്തിൽ ആ അഭിമുഖം വലിയ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.. പുതിയ താരോദയത്തെ കാണിച്ചുകൊണ്ട്.. പക്ഷേ.. ലേഖകൻ വിൻസി ജോർജ്ജ് ആയിരുന്നു എന്ന് മാത്രം.. എങ്കിലും ഒരു ഉപകാരം ചെയ്തിരുന്നു.. തന്റെ എഴുത്ത് അൽപ്പംപോലും.. മാറ്റാതെ അതെ മാറ്റർ അച്ചടിച്ച് വന്നു.. ആർക്ക് മനസിലായില്ലെങ്കിലും അത് തന്റെ എഴുത്തായിരുന്നു എന്ന്.. പത്രാധിപർക്ക് മനസിലായി എന്ന് അദ്ദേഹത്തിന് ആ മന്ദഹാസം.. തനിക്ക് മനസിലാക്കി തന്നു.. 

 

അഭിരാമിയെ പിന്നെ കണ്ടത് മാസങ്ങൾക്ക് ശേഷമായിരുന്നു.. ആദ്യസിനിമ തന്നെ താരപ്പകിട്ടിലേക്ക് വലിച്ചുയർത്തിയപ്പോൾ അവൾ വല്ലാത്ത തിരക്കിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു. അത് വരെ അഭിനയിച്ചത് എല്ലാം സൂപ്പർ ഡ്യുപ്പർ ഹിറ്റിലേക്ക് ഉയർന്നപ്പോൾ പിന്നെ തിരിഞ്ഞുനോക്കാൻ സമയമില്ലാതെ അവൾ കുതിച്ചുയർന്നു..

 

പുതിയ സിനിമയുടെ പൂജ കഴിഞ്ഞുള്ള തിരക്കിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്ന് എബ്രഹാമേട്ടാ…. എന്ന വിളിയാണ് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്.. അത് അവളായിരുന്നു.. പഴയ രൂപവും ഭാവവും ഒക്കെ മാറി.. ആത്മവിശ്വാസത്തിന്റെ ആൾരൂപമെന്നപോലെ ഉറച്ചകാൽവയ്പ്പുകളുമായി അവൾ നടന്ന് വന്നപ്പോൾ താൻ നിർന്നിമേഷനായി നോക്കി നിന്ന് പോയി..

 

എന്തേ...? എന്നെ മനസിലായില്ലേ എന്ന ചോദ്യത്തിന്.. നല്ല തമാശ എന്ന് മറുപടി പറഞ്ഞിട്ട്.. അത് ഞാനല്ലേ ചോദിക്കേണ്ടത് എന്ന് ലോഹ്യം പറഞ്ഞപ്പോൾ.. അവൾ ആ പഴയ നിഷ്കളങ്കയായ പെൺകുട്ടി തന്നെ എന്ന് വിളിച്ചു പറയണം എന്ന് തോന്നി..

 

ചേട്ടൻ ചെയ്ത ആ വലിയ ഉപകാരം.. അതുകൊണ്ട് കൂടിയാണ് ഞാൻ ഇന്നത്തെ നിലയിൽ എത്തിയത് എന്ന സാക്ഷ്യം പറച്ചിൽ അത്രക്ക് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.. വൈശാഖൻ സർ.. ഉറപ്പിച്ചു പറഞ്ഞു.. അന്നത്തെ ആ അഭിമുഖം.. അത് തന്നെ ആണ് ആദ്യപടം റിലീസ് ആകും മുൻപേ.. വേറെ ഒരു നാല് പടത്തിന് അഡ്വാൻസ് കിട്ടാൻ കാരണമായത് എന്ന്.. ഒരു പക്ഷേ.. വിൻസി സാറിന്റെ തൂലികക്ക് ഇത്രക്ക് ശക്തി ഉണ്ടാവുമായിരുന്നില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു..

 

അപ്പോൾ അവൾ ശരിക്കും ഒരു പൂമ്പാറ്റയുടെ വർണ്ണം എടുത്തണിയുകയായിരുന്നു.. ടൈറ്റ് ജീൻസും.. അയഞ്ഞ ടോപ്പും.. അണിഞ്ഞു.. മുഖത്ത് ചമയങ്ങളും.. ചേർന്ന് അവൾ പാറിപ്പറന്നു പോകുന്നതിന് മുൻപ്.. ഒരു ഡിന്നറിന് ക്ഷണിക്കാൻ മറന്നില്ല.. എന്നാൽ അത് സ്നേഹപൂർവ്വം നിരസിച്ച്.. നടന്ന് നീങ്ങുമ്പോൾ ഉള്ളിൽ കൃതാർത്ഥനായിരുന്നു.. ജോലിക്ക് ഫലമുണ്ടാകുന്നു എന്നറിയുമ്പോൾ ഉള്ള സന്തോഷം..

 

അടുത്ത തവണ തമ്മിൽ കാണുമ്പോൾ.. കാലം കുറെ കഴിഞ്ഞിരുന്നു... താനും ജീവിതവഴിയിൽ ഒരുപാട് മുന്നോട്ട് പോയിരുന്നു.. ഈ വലിയ നഗരം ഉപേക്ഷിച്ചു.. ഉയരങ്ങളിലേക്കും പത്രമോഫീസിന്റെ ഇടനാഴികളിലേക്കും ഒതുങ്ങി കൂടിയ ഒരു സായാഹ്നം.. രണ്ട്. പെഗ്ഗ് വീശണം എന്ന് കരുതി തന്നെ ആണ്.. ആ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിലേക്ക് പോയത്.. ആരുടെയും ശല്യമില്ലാതെ തണുത്തത് രണ്ട് വിടുക എന്നത് തനിക്ക് ഒരു ശീലമായി മാറിയിരുന്നു.

 

ഡ്രോപ്പ് ചെയ്യാൻ വന്ന വണ്ടിയിൽ നിന്ന് ഇറങ്ങി.. മുന്നോട്ട് നടന്നപ്പോൾ അന്നും ആ വിളി തന്നെ തേടിയെത്തി.. എബ്രഹാം സർ.. ഹോട്ടലിന്റെ കോറിഡോറിൽ നിന്ന്.. ലിഫ്റ്റിലേക്ക് തിരിയുന്ന ആ രൂപം തന്നെ കാത്ത് നിൽക്കുകയായിരുന്നു എന്ന് തോന്നിച്ചു.. അവളുടെ സ്യുട്ടിലേക്ക് നിർബന്ധിച്ചു കൂട്ടികൊണ്ട് പോയപ്പോൾ നിഷേധിക്കാൻ കഴിഞ്ഞില്ല... ഷുട്ടിംഗിന്റെ ഇടവേള എന്നേ തോന്നിയുള്ളൂ..

 

ഹോട്ടലിലെ ആ വലിയ മുറിയിൽ അവൾ ഒറ്റക്കായിരുന്നു.. വേഷവിധാനങ്ങൾ അഴിച്ചുവച്ച് പച്ചയായ മനുഷ്യസ്ത്രീയായി മുന്നിൽ വന്ന് നിന്നപ്പോൾ.. മേക്കപ്പിന്റെ ആധിക്യത്തിൽ അവൾ അകാലത്തിൽ വൃദ്ധയായപോലെ ആണ് തനിക്ക് തോന്നിയത്.. പഴയ ഗ്രാമീണ സൗന്ദര്യം എല്ലാം.. ഒഴിഞ്ഞു.. ചുക്കിച്ചുളിഞ്ഞ തൊലിപ്പുറം.. വേനലിലെ വരണ്ട് കീറിയ ചെളികണ്ടങ്ങൾക്ക് സമാനമായിരുന്നു.

 

തന്റെ മനസ്സറിഞ്ഞപോലെ മുന്നിൽ വച്ച കോണ്യാകിന്റെ ചഷകത്തിനൊപ്പം അവൾക്കും നിറച്ചിരുന്നു.. ബിക്കിനിയിൽ കാലിന്മേൽ കാൽ കയറ്റി തന്റെ മുന്നിൽ ഇരുന്ന് നിറയുന്ന ഗ്ലാസ്സുകൾ ഇടവേളകളില്ലാതെ കാലിയാക്കുമ്പോൾ അവളുടെ മുഖത്ത് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല.. ഫോറിൻ സിഗരറ്റിന്റെ മണം പുകക്കൊപ്പം വില കൂടിയ അത്തറ് പോലെ ആ മുറിയിൽ ചുറ്റി നടന്നു . ഇതിനിടയിൽ ആ ചോദ്യങ്ങൾ തന്റെ തൊണ്ടയിൽ തടഞ്ഞു പോയിരുന്നു.. പലപ്പോഴായി കേട്ട ഗോസിപ്പുകളും.. പ്രണയ പരാജയങ്ങളുടെ നിറംപിടിപ്പിച്ച കഥകളും.. അലസിപ്പോയ വിവാഹബന്ധങ്ങളെയും പറ്റി ഒക്കെ ആയിരുന്നു തനിക്ക് ചോദിക്കാനുണ്ടായിരുന്നത്..

 

അതും മനസിലാക്കിയെന്നപോലെ ആയിരുന്നു അവളുടെ ഓരോ പെരുമാറ്റങ്ങളും പിന്നെയുള്ള വർത്തമാനങ്ങളും..

 

എബ്രഹാം സർ... എനിക്ക് ബാക്കിയായ കടപ്പാട് നിങ്ങളോട് മാത്രമാണ്.. അത് കൊണ്ട് തന്നെ.. നിങ്ങളുടെ മുന്നിൽ ഒരു വിശദീകരണം തരാൻ.. എനിക്ക് ഒരു റിഗ്രറ്റ്നെസ്സും ഇല്ല.. ഒരിക്കലും എനിക്ക് പിറക്കാതെ പോയ കൂടെപ്പിറപ്പേ.. നിങ്ങൾ അറിയണം.. ഈ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്.. ആസ്വദിക്കാൻ മാത്രം.. അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു..

 

നിങ്ങൾക്ക് അറിയാമോ.. എന്റെ അമ്മ.. ശാന്താമേനോനെ?? ഇല്ല അല്ലേ.. സൗഭാഗ്യങ്ങളുടെ നടുവിൽ ജനിച്ചു അവസാനം ഒന്നുമില്ലാതെ അവസാനിക്കേണ്ടീ വന്ന.. ആ ഹതഭാഗ്യയെ.. ഇല്ല.. ഞാൻ അതുപോലെ ആവില്ല.. ഈ ജീവിതത്തിന്റെ ഓരോ നിമിഷവും... ഞാൻ ആസ്വദിക്കും.. അതിന്റെ ഓരോ കണികകളുടെ ലഹരിയും.. നുണഞ്ഞു കൊണ്ട്.. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ.. അതെന്റെ വാശിയാണ്.. സർ.. ഓരോ വാക്കുകളും പൂർത്തിയാക്കുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു ഒരു ഭ്രാന്തിയെപ്പോലെ.. സൗഭാഗ്യങ്ങളുടെ നെറുകയിൽ ഒരു സുവർണ്ണ താരം.. അയാൾ മനസ്സിൽ കുറിച്ചിട്ടു..

 

അന്ന് അവിടെ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ രാവേറെ ചെന്നിരുന്നു.. നഗരത്തിന്റെ രാസൗന്ദര്യം ആസ്വദിച്ചു തന്റെ കൂടണയുമ്പോൾ.. അടുത്ത കൂടിക്കാഴ്ച.. അതും ഇങ്ങനെ സ്വപ്നേപി വിചാരിച്ചില്ല..

 

അത് കാണാൻ തന്നെ ഈ മഹാനഗരത്തിലേക്ക് വീണ്ടും.. വിധി വിളിച്ചു കൊണ്ട് വന്നിരിക്കുന്നു.. അയാൾ ഒരു അലർച്ചയോടെ ആ സോഫയിൽ നിവർന്നിരുന്നു.. പിന്നെ മുഖംപൊത്തി വിമ്മി വിമ്മി കരഞ്ഞു..

 

ആ അഴുക്ക് ചാലിന്റെ ഓരത്ത്.. മനംപിരട്ടുന്ന ഗന്ധങ്ങളുടെ നടുവിൽ പുഴുവരിച്ച പട്ടികളുടെയും.. മറ്റ് വൃത്തികേടുകളുടെയും ഇടയിൽ ചടഞ്ഞിരുന്ന.. ആ എല്ലും തോലുമായ രൂപം അഭിരാമി മേനോൻ ആണ് എന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു.. അവിടെ എത്തിയത് താൻ അല്ലായിരുന്നേൽ ലോകം ഒരിക്കലും തിരിച്ചറിയുകയുമില്ലായിരുന്നു.. എന്ന് അയാൾ പലവുരു മനസ്സിൽ പറഞ്ഞുകൊണ്ടേ ഇരുന്നു..

 

ഒരു ചേരിയിൽ നിന്ന് ഉയർന്ന്.. സമൃദ്ധിയുടെയും സമ്പത്തിന്റെയും നെറുകയിൽ എത്തിയിട്ട് നിപതിച്ചത് ഇങ്ങനെ ഉള്ള ഒരു അഗാധഗർത്തത്തിൽ ആണ് എന്ന് എങ്ങനെ വിശ്വസിക്കും.. ഓർമ്മകളും.. ഇന്നലകളും മാഞ്ഞുപോയ ഭിക്ഷയെടുക്കാൻ പോലും കഴിയാത്ത ഭിക്ഷാംദേഹി.. ആരോടാണ് ചോദിക്കുക.. ആർക്കാണ് അറിയുക.. അവസാനം സർക്കാർ ആശുപത്രിയുടെ സുരക്ഷിതത്തിലേക്ക് എത്തിച്ചു.. ആ വാർത്ത ലോകത്തിനെ അറിയിക്കാനും.. ഈ അന്വേഷാത്മകപത്രപ്രവത്തനത്തിന്റെ കുലപതി തന്നെ വേണ്ടി വന്നു..

 

പിന്നെ മതിവരുവോളം.. ബോധം മറയുവാനായി അകത്താക്കിയ മദ്യം.. പക്ഷേ.. തന്നെ ഇന്നലെകളിലൂടെ വേട്ടയാടുകയാണല്ലോ.. അയാൾ നേരെ കുളിമുറിയിലേക്ക് കയറി.. തണുത്ത് വിറക്കും വരെ ഷവറിന്റെ കീഴിൽ എല്ലാം മറന്നവനെപ്പോലെ നിന്നു..             

     

രഘുചന്ദ്രൻ . ആർ..

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ