പ്രണയ ഗാനം
പ്രണയ ഗാനം
പ്രണയമേ നിന്നരികിൽ ഞാനെത്തുമ്പോൾ
പ്രേമമാം മധുകണമെന്നിൽ നിറക്കുന്നുവോ
പ്രകൃതി തേനിൽ ചലിച്ച മലരിതൾഗന്ധവും
പ്രിയമാനസാ, നിറച്ചീടുമെന്നുടൽ പുളിനത്തിൽ
പാടുകസഖേ, നിൻ കോകില ശബ്ദസൗരഭ്യം
പുലരിയെ പുൽകിത്തലോടും നാദരാഗമാലിക
പനീർകുസുമവുംനിറയുമാരാമസൗഗന്ധികം
പാരിലുണർന്നുയരട്ടെ പ്രണയപുഷ്പാർച്ചന
കാനനവീചികൾ അനാക്രാന്ത സ്വരസാഗരം
കാവ്യാകല്ലോലിനിയിൽ ഇളകും തരംഗമായ്
കാമിനി കരവിരുതാൽ ജ്വലിക്കും ജഠരാഗ്നി
കാത്തിരിപ്പ് പടർത്തുമാ സ്നേഹം സാഗരം
വന്ധ്യമാംമഴമേഘം വിന്ധ്യനെതഴുകുമ്പോൾ
വിരഹിണി രാധയായി ഇടറുന്ന മാനസ്സവും
വിഹ്വലനയനങ്ങൾ നിറക്കുമീ കണ്ണീർ തുള്ളി
വിമലീകരണ ഗാഥകൾ രചിക്കും നദിതന്നെ
തളിരുകൾ സ്വതല നീട്ടുവാൻഭയക്കുമ്പോൾ
താളമേളങ്ങൾ ഉയരുമോ തവ തിരുമുന്നിൽ
തകർക്കുന്ന നവ നാട്ടിലുന്നതമിനാരങ്ങൾ
തലയുയർത്താൻ ഭയം ചുരമാന്തുമകതാരും
എന്നിലെ പ്രണയപഞ്ചാക്ഷരി നിറയും നഭസ്സിലും
എതിരായ് വളരും മാംസദാഹമാം നീലാംബരി
എവിടെ ധർമ്മഘോഷപ്രോക്തങ്ങളുയരുന്നു
എനിക്കും പാടണം കൊയ്ത്തു പാട്ടിന്നീരടികൾ
Comments
Post a Comment