ബലിദാനിയുടെ അച്ഛൻ
ബലിദാനിയുടെ അച്ഛൻ
ഒരു ഞെട്ടറ്റു വീഴുമ്പോൾ, പൊട്ടൊന്നു മായുന്നു
വെറും പെട്ടിയിൽ മടങ്ങുന്നുവാ ജീവശ്വാസം
ചാരെക്കരയുന്ന കുളിരിളം പൈതലിൻ ഗദ്ഗദം
ചാഞ്ഞു കിടപ്പല്ലേ കണ്ണീർതോരാത്തൊരാ പ്രിയപാതിയും
വിൽക്കുന്നു വാങ്ങുന്നു. വെട്ടിവീഴ്ത്തുന്ന മാമരം
വീട്ടിൽ തിക്കിത്തിരക്കുന്ന ജനങ്ങളും
യാത്ര ചൊല്ലാൻ വെമ്പുന്ന ചോരയും കിടാങ്ങളും
ദുഃഖത്തിൻ ഘനീഭവിക്കുന്ന കൊടും തണുപ്പും
കാണുന്ന കണ്ണിനെ തുറിച്ചു നോക്കി കയ്യിലെയെള്ളും
ചുണ്ടിലെ മന്ത്രങ്ങളുമായൊരുപിഞ്ചുബാല്യം
അറിഞ്ഞടുക്കുന്നാ പച്ചവിറകിലാലഗ്നിതൻ
വ്യാളിമുഖങ്ങൾ തൻ ഘോരചിത്രം ചമപ്പൂ
കാഴ്ചകളേറെ കണ്ടങ്ങ് നില്ക്കുമ്പോൾ
കണ്ണിലെ മാറാലകെട്ടുകൾ നീക്കി നോക്കി
മണ്ണിലെ പച്ചതിരയിളക്കങ്ങളിൽ മറന്നും
വിരുന്നെത്തുന്ന ബന്ധുജനങ്ങളിൻ മുഖക്കറുപ്പ്
നവമാധ്യമച്ചുവരിൽ നിറമങ്ങി തൂങ്ങുന്ന
രാജ്യസ്നേഹത്തിനീരടികൾ വിളയും
തീവിഴുങ്ങി കഴുകുകളിരതിരയുന്ന യാമവും
സ്വാത്മാംശ ജീവചേതന തിരയുന്നുവോ
വിങ്ങിക്കരയുമൊരമ്മ, പെറ്റവയറിനാശ്വാസ
ഗതിവേഗങ്ങളെ നിസ്സംഗമായ് തഴുകുന്ന നിൽപ്പും
കരളിൽ നിറയും സുവർണ്ണമാം ഇന്നലെയോർമ്മയും
തലോടി ഇരിപ്പുണ്ടുമ്മറക്കോലായിലന്നും
ഉച്ചിയിലുറപ്പിച്ച കയ്യിൽ പിടിച്ചു വളർന്നതും
മുതിർന്നു വളർന്നപ്പോളൊപ്പമായി നിന്നും
ഉടപ്പിറപ്പൊപ്പം കയ്യിലെ മധുരം നുകർന്നും
ആണൊരുത്തനായ് വീടിനു നെടുംതൂണായ്
ഓർമ്മകൾ, അയവിറക്കുമ്പോൾ അയാൾ
അച്ഛനല്ലൊരു മുതിർന്നൊരു ബാലകൻ
അനാഥമായി കാത്തിരിക്കയാണ് എന്നും
ഉദയക്രിയക്ക് പവിത്രത്തിനായുള്ള കൈകൾ
Comments
Post a Comment