പുതുഗാനം
പുതുഗാനം
ഞാനുമാവീണയിൽ തുടിതാളംമീട്ടുന്ന
കരാംഗുലീയമായിന്നുമാറാം
നാദോപാസനതേടുംചുണ്ടിനീണമായ്
രാഗമായ്, നാദമാപ്പൊഴിയാം
വിണ്ണിലെ തനുവിന് വർണ്ണംനിറക്കുന്ന
നീലജലകണങ്ങൾക്കിന്ന് കൂട്ടുപോവാം
വിപിനതടത്തിലെകളകളഗീതമാം മുരളീ
രവത്തിനായ് കാത് നീട്ടാം
പിന്നെയും പാടുന്ന പുള്ളിക്കുയിലിന്റെ
പയ്യാരകൂജനം ഏറ്റ് പാടാം
പനിമതിചന്ദ്രിക പടർത്തുമാമന്പിളിപൂളിന്റെ
പ്രഭയിൽ ലയിച്ചങ്ങ് രാവ് പാർക്കാം
എന്നിലെ കനവിന്റെ കുളിരിൽ നിറയുന്ന
ഓർമ്മയിൽ ഒന്നുടെ ചായിരിക്കാം
ഏണാങ്കശേഖര കോവിലിൽ പോയിട്ട്
കൂവളത്തിലകളായ് തപസ്സിരിക്കാം
നാടിന്റെ നൻമയായ് ഗ്രാമത്തിൻ ഭംഗിയായ്
പാണന്റെവീണക്ക് ശ്രുതിചേർത്തിടാം
നാവോറുപാട്ടിന്റെ രാഗമായ് ഗ്രാമത്തെ
നിത്യവും പുലരിയിലുണർത്തിപ്പാടാം
എങ്കിലും ഈ നൻമ ഗതകാലമാക്കിയ
പുതുതലമുറക്കോരുതാളമേകാം
പാട്ടിലെ കൂട്ടിന് കുറുനരിയൊച്ചക്ക്
നവകാലഗീതകമൊന്ന് ചൊല്ലാം
Comments
Post a Comment