കുഞ്ഞികുട്ടന്റെ ബാല്യം.

കുഞ്ഞികുട്ടന്റെ ബാല്യം.

      കുഞ്ഞിക്കുട്ടൻ കല്പടവുകളിൽ ഇരുന്ന് കുളത്തിലേക്ക്സൂക്ഷിച്ചുനോക്കി. കുളത്തിൽ നിറയെ പച്ചനിറത്തിൽ നിറഞ്ഞുകിടക്കുകയാണ് ജലം. അതിന്റെ മൂലകളിൽ മാത്രം അങ്ങിങ്ങായി പായലുകൾ പടർന്നു കിടക്കുന്നു. പുതുവെള്ളത്തിൽ കളിച്ചു പുളക്കുന്ന ചെറുമീനുകൾ സൃഷ്ട്ടിക്കുന്ന ഓളത്തിൽ ചെറുവളയങ്ങൾ പായലുകളെ തഴുകി തിട്ടയിൽ ഇടിച്ചു മരിക്കുന്നു. അവൻ  ജലത്തിന്റെ പരപ്പിൽ കണ്ണുകൾ കൊണ്ട് പരതി. ചെറിയ തവളകൾ അവിടെ ഇവിടെയായി പൊങ്ങി കിടപ്പുണ്ട്. അവറ്റകൾ അതിന്റെ പുറത്തേക്ക് ഉന്തി നിൽക്കുന്ന കണ്ണുകൾ കറക്കി അവനോട് കിന്നാരം പറയുന്നപോലെ തോന്നി. അവൻ വളരെ കൗതകത്തോട് അതിനെ വീക്ഷിച്ചു. 

   തവളകളെ അവന് ഇഷ്ട്ടമാണ്, പക്ഷേ ഉണ്ടക്കണ്ണുകളിൽ നോക്കുന്പോൾ അവന് ഓർമ്മവരുക, ഉണ്ണാമൻ മാപ്പിളയാണ്. എന്നും തറവാട്ടിൽ മൽസ്യവുമായി വരുന്ന മീൻ കച്ചവടക്കാരാണ് അയാൾ. ചുവന്ന ഉണ്ടക്കണ്ണുകൾ ഉരുട്ടി മീശ പിരിച്ചാണ് അയാളുടെ വരവ്. രാവിലെ മീൻ നൽകി പോകും. പൈസ വാങ്ങാൻ വരിക വൈകുന്നേരമായിരിക്കും. കുഞ്ഞിക്കുട്ടൻ മാമുണ്ടില്ലങ്കിൽ മുത്തശ്ശി അയാളുടെ പേര് പറഞ്ഞാണ് ഭയപ്പെടുത്തുക. മുത്തശ്ശിക്കറിയാം കുഞ്ഞിക്കുട്ടന് അയാളെ ഭയമാണെന്ന്. തവളകളും അത് പോലെ ആണ് നോക്കുക അവൻ ഓർത്തു. 

      വേറെയും കാഴ്ചകൾ ഉണ്ട് കുളത്തിൽ, നിരന്നു നിന്ന് മാനം നോക്കുന്ന ചെട്ടിപൂശാനും മാനത്ത്കണ്ണികളും. ഇടയ്ക്കിടയ്ക്ക് ജലത്തിന് മുകളിൽ വന്നു ഞൊടിച്ചുകൊണ്ട് ജലത്തിൽ വലിയ തിരമാലകൾ സൃഷ്ട്ടിക്കുന്ന വരാലും കരട്ടിയും പോലെയുള്ള വലിയ മീനുകൾ. കുളത്തിന്റെ കൽകെട്ടുകളിൽ നിറയും വിടവുകളിൽ നിന്ന് തലമാത്രം പുറത്തേക്കിട്ട് ഇടയ്ക്കിടയ്ക്ക് നാവുകൾ നീട്ടി കുഞ്ഞിക്കുട്ടനെ ഗോഷ്ഠി കാണിക്കുന്ന നീർക്കോലികൾ. അങ്ങനെ നിറയെ കാഴ്ചകൾ, അതിൽ മയങ്ങി അവൻ അങ്ങനെ ഇരിക്കും അന്തിയാവുവോളം. 

    കുഞ്ഞിക്കുട്ടൻ അവന്റെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ ആണ് വലിയ തറവാട്ടിൽ താമസം. പടിപ്പുരയും വലിയ എടുപ്പുകളും നടുമുറ്റവും ഒക്കെയുള്ള വലിയ തറവാട്. അവിടെ കുഞ്ഞിക്കുട്ടനും മുത്തശ്ശനും മുത്തശ്ശിയും മാത്രം. മുറ്റമടിക്കാൻ വരുന്ന ലക്ഷ്മിയും, അടുക്കളയിൽ മുത്തശ്ശിയെ സഹായിക്കാൻ വരുന്ന, ദേവുവും ആണ് അവിടുത്തെ നിത്യ സന്ദർശ്ശകർ. അവധി ദിവസങ്ങളിൽ അവൻ മുത്തശ്ശന്റെ കൈയും പിടിച്ച് നടക്കാൻ പോകും പഴയ പാടവരന്പുകളിൽക്കൂടി. കൃഷി ഇല്ലാതെ കറുകപ്പുല്ല് വളരുന്ന പാടവരന്പുകളിൽക്കൂടി നടക്കുന്നത് മുത്തശ്ശന് എന്തോ ഒരു നിർവൃതി ആണ് പോലും. അത് കൊണ്ട് അവനും ഒരു പറഞ്ഞ സാധനം തന്നെ. നിരന്നു കിടക്കുന്ന വിശാലമായ പച്ചപ്പട്ടിനിടയിൽക്കൂടി, ചെളിനിറഞ്ഞ പാടവരന്പുകളിലെ ഈർപ്പത്തിൽ ചവുട്ടി, തെന്നി വീഴാതെയുള്ള നടത്തം അവനും ആവേശം തന്നെ. 

    തറവാട്ടിൽ വേറെയും ഒരു കുളമുണ്ട്, തറവാട്ട് പറന്പിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ സർപ്പകാവിന്റെ ഒപ്പം, അതിന് തിട്ടകെട്ടിയ കൽപ്പടവുകൾ ഇല്ല. ചരിഞ്ഞ വെള്ളമണൽ തിട്ടകളും. ചുറ്റും മണലുകൊണ്ട് തന്നെ പൊക്കത്തിൽ ഉരുളുകളും അതിൽ ചെടികളും പോച്ചകളും നിറഞ്ഞ കുളം. അതിൽ അങ്ങനെ ആരും ഇറങ്ങാറില്ല, അത് സർപ്പത്താന്മാരുടെ കുളമാണ് പോലും അവിടെ അങ്ങനെ എപ്പഴും മനുഷ്യർ ഇറങ്ങാൻ പാടില്ലത്രേ. പ്രത്യേകിച്ച് സ്ത്രീകൾ. കുഞ്ഞിക്കുട്ടൻ കാണാറുണ്ട്, സർപ്പക്കാവിൽ ഇഴഞ്ഞുനടക്കുന്ന സർപ്പത്താൻമാരെ. നിബിഡമായ കാവിൽ നിറയെ മരങ്ങളും വള്ളികളുമാണ്. അതിൽ നിറയെ പക്ഷികളും. കാവിൽ കുളമാവുണ്ട്, അതിൽ നിറയെ കുളമാങ്ങാ പിടിക്കാറുമുണ്ട്. അത് പഴുത്ത് പൊഴിയുന്പോൾ പെറുക്കി തിന്നാൻ വളരെ രസമാണ്. 

    എന്നാൽ മുത്തശ്ശി പറയും അവിടെ പോകാൻ പാടില്ല, അത് സർപ്പത്താൻമാരുടെ ഭക്ഷണമാണ് എന്ന്. കുഞ്ഞിക്കുട്ടൻ അവിടെ പോകാറില്ല, കുളത്തിലും, എങ്കിലും ആരും കാണാതെ അയലത്തെ കവിതച്ചേച്ചി, കുളമാങ്ങയും അത് പൊട്ടിച്ച പരിപ്പും അവന് കൊണ്ട് നൽകാറുണ്ട്. വർഷത്തിൽ ഒരിക്കൽ നല്ല വേനലിൽ കുളം വെട്ടും. അതിന് ശേഷമാണ് കാവിൽ സർപ്പം പാട്ടും നൂറുംപാലും മുത്തശ്ശൻ നടത്താറ്. അന്ന് തറവാട്ടിൽ നല്ല രസമാണ്, എല്ലാരും വരും ആകെ ബഹളം ആണ്. ആദ്യം ചെയ്യുക കുളം വെട്ടുക എന്ന കർമ്മമാണ്‌. അതിന് വ്രതം എടുത്ത ആൾക്കാർ വരും, കൂടെ തറവാട്ടിലെ സ്ഥിരം പണിക്കാരും കൂടും. 

    വെള്ളം വറ്റിച്ച്, അകത്തേ ചെളി ആകെ വാരി പുറത്തിട്ട്, ശുദ്ധീകരിക്കും. അപ്പോൾ നിറയെ നീർക്കോലികളും അവരുടെ കുഞ്ഞുങ്ങളും കയറിപ്പോകും കാവിലേക്ക്. പോകാൻ മടിച്ചു കിടക്കുന്ന ചെറിയ കുഞ്ഞുങ്ങളെ പണിക്കാർ ഭവ്യതയോടെ പയ്യാരം പറഞ്ഞു കൈകളിൽ എടുത്ത് കാവിലേക്ക് കയറ്റി വിടും. അത് സർപ്പത്താന്മാരുടെ കുഞ്ഞുങ്ങൾ ആണുപോലും, അതിനെ ദ്രോഹിച്ചാൽ സർപ്പകോപം ഉണ്ടാകും പോലും. കണ്ടാൽ അതിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വിടണം പോലും. അങ്ങനെ ആണെങ്കിൽ കുഞ്ഞിക്കുട്ടനെ ആരും അച്ഛന്റെയും അമ്മയുടെയും കൂടെ വിടാത്തത് എന്താ? അവൻ ചിലപ്പോൾ ചിന്തിക്കും. 

   കുളം വെട്ടിക്കഴിഞ്ഞാൽ കാണാൻ വലിയ രസമാണ്, സിമന്റ് തേച്ചപോലെ ചരിച്ചു മനോഹരമായി തേച്ചുവിടും തിട്ടകൾ. അത് ചെയ്യുന്നത് പോലും ഒരു കല തന്നെ. അടുത്ത ദിവസം നോക്കുന്പോൾ വെള്ള നിരപ്പിന് മുകളിൽ നിറയെ പോടുകൾ കാണാം. കാത്തിരുന്നാൽ അതിൽ മുട്ടയിടാൻ കയറിപ്പോകുന്ന നീല പൊന്മാൻമാരെയും കാണാം. പിന്നെ കാവിലെ പൂജയുടെ സമയമായി. കൊട്ടും പുള്ളുവൻ പാട്ടും പൂജയും ഒക്കെയായി ബഹളം നിറഞ്ഞ മുന്ന് നാല് നാളുകൾ. കുഞ്ഞിക്കുട്ടന് വളരെ ഇഷ്ട്ടമാണ്, കളിയ്ക്കാൻ നിറയെ കുട്ടുകാർ, ഒപ്പം തെങ്ങിൻപൂക്കുലയും, കവുങ്ങിൻ പൂക്കുലയും പച്ചപ്പാളയും, പിന്നെ പൂക്കളും ഒക്കെ ആയി ഒരു ഉത്സവം തന്നെ. 

    കുഞ്ഞിക്കുട്ടന്റെ ആകെയുള്ള ഒരു കളികൂട്ടുകാരിയാണ് കവിതച്ചേച്ചി. അവനെക്കാൾ മുതിർന്നതാണ് അവൾ, മുതിർന്ന ക്ളാസിൽ പഠിക്കുന്നു. കുഞ്ഞിക്കുട്ടനെപ്പോലെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെയാണ് കവിതേച്ചിയും താമസം. അച്ഛനും അമ്മയും വലിയ എഞ്ചിനിയ൪മാരാണ് ദൂരത്ത്. ജോലിക്ക് പോകുന്പോൾ കുഞ്ഞിന് നോക്കാ൯ ബുദ്ധിമുട്ടാണ് പോലും. പഠിത്തം കഴിഞ്ഞാൽ ഓടിവരും അവനോടൊപ്പം കളിയ്ക്കാൻ. സാധാരണ അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിഞ്ഞു മുത്തശ്ശനും മുത്തശ്ശിയും ഉച്ചമയക്കത്തിന് കയറിയാൽ പിന്നെ അവൻ കവിതേച്ചിയുടെ കൂടെ ആകും. വൈകുന്നേരം മുത്തശ്ശി ചായയും പലഹാരം വച്ചുകൊണ്ട് വിളിക്കുന്പോഴാണ്, അവർ കളി നിർത്തുക. 

   കല്ലുകെട്ടിയ കുളിക്കുളം കുഞ്ഞിക്കുട്ടന് വളരെ ഇഷ്ട്ടമാണ്, കുളത്തിന് അമ്മയുടെ മണമാണ് എന്നാണ് അവന് തോന്നാറ്. അമ്മയുള്ളപ്പോൾ അവിടെ ആണ് കുളിക്കുക. എന്നും 'അമ്മ ഉപയോഗിക്കുന്ന ഒരു പ്രത്യേക വാസനയുള്ള സോപ്പുണ്ട്, പിന്നെ കുളത്തിന് വാസനയാകും. അമ്മയുടെ ശരീരത്തിനും വാസന തന്നെ. അമ്മ അടുത്തുള്ളപ്പോൾ പിന്നെ അവ൯ എപ്പോഴും അമ്മയുടെ ഒപ്പംത്തന്നെ ഉണ്ടാകും. ഉറങ്ങാനും കുളിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ. രാത്രിയിൽ അമ്മയെ കെട്ടിപ്പിടിച്ച്, മണം മുക്കിൽ നിറച്ച് ഉറങ്ങുന്നത് ഓർത്തപ്പോൾ കുഞ്ഞിക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയുടെ വയറിന് വളരെ മർദ്ദവമാണ്, അതിൽ തലവച്ചു കിടക്കുന്പോൾ അമ്മ പറയും, അത് കുട്ടൻ കിടന്ന വയർ ആണ് ഇത്. 

അപ്പോൾ അവൻ ഓർക്കും അവിടെ തന്നെ കിടന്നാൽ മതിയാരുന്നു. എന്നും അമ്മയോടൊപ്പം കഴിയാമായിരുന്നെല്ലോ? എന്തിനാണ് വളർന്നത്, ദൈവത്തിന് കുശുമ്പ് ആയിരിക്കും, കുഞ്ഞിക്കുട്ടൻ അമ്മയുടെ കൂടെ ഇരിക്കുന്നത് കണ്ടിട്ട്. പിന്നെയും അമ്മ പറയും കുട്ടനെ ചുമന്ന് നടക്കുന്നത് വലിയ കഷ്ട്ടപ്പാട് ആയിരുന്നു എങ്കിലും അത് ഒരു സുഖം തന്നെ. അപ്പോൾ അവൻ ഓർക്കും പുറത്ത് വന്നത് തന്നെ നല്ലത് അമ്മക്ക് വിഷമം ഇല്ലല്ലോ. 

    അവൻ പടിഞ്ഞാറോട്ട് ചാഞ്ഞ സുര്യനെ തലയുയർത്തി നോക്കി, അവന്റെ തീഷ്ണത കുറച്ചു കുറഞ്ഞിരിക്കുന്നു. തിരിച്ചു കുളത്തിലേക്ക്നോക്കിയപ്പോൾ കണ്ണ് മഞ്ഞളിച്ചു. അവൻ കുളത്തിലേക്ക് സൂക്ഷിച്ചുനോക്കി, അമ്മ വെള്ള ഈറനുടുത്ത് അവനെ വിളിക്കും പോലെ. കണ്ണ് തിരുമി വീണ്ടും നോക്കി. അമ്മ എപ്പോഴും അങ്ങനെ ആണ്, അലക്ക് തീരും വരെ അവനെ കടവിന്റെ മുകളിലത്തെ പടിയിൽ ഇരുത്തും, കഴിഞ്ഞാൽ എപ്പോഴും ധരിക്കുന്ന വെള്ള വസ്ത്രങ്ങൾ ആകെ വെള്ളത്തിൽ നഞ്ഞിരിക്കും, പിന്നെ കുഞ്ഞിക്കുട്ടനെ മാടിവിളിക്കും. നന്നായി എണ്ണപിടിച്ച ശരീരം, സോപ്പും ഇഞ്ചയും ചേർത്ത് തേച്ചു കുളിപ്പിക്കും, പിന്നെ തുവർത്തിയിട്ട് വീട്ടിലേക്ക് നീട്ടി വിളിയാണ്, മുത്തശ്ശിയെ, വസ്ത്രം ധരിപ്പിക്കാൻ. അമ്മയുടെ കുളിയും തുണിയും വിരിയും കഴിഞ്ഞേ അകത്തേക്ക് വരൂ. 

  അവൻ കുളത്തിലേക്ക്വീണ്ടും നോക്കി, അമ്മ വന്നുവോ? എപ്പോൾ താനറിഞ്ഞില്ലാലോ? പിന്നിൽ മുത്തശ്ശിയുടെ വിളി കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി, ചായയും പലഹാരവും കഴിക്കാൻ വേണ്ടിയാണ്.  അമ്മ വിളിച്ചത് വെറും തോന്നലായിരുന്നു, ഈയിടയായി അമ്മയെ കാണണം എന്ന തോന്നൽ കൂടി വരുന്നു.

   കുഞ്ഞികുട്ടാ എന്തിനാണ്, ഇവിടെ ഒറ്റക്കിരിക്കുന്നത്, മോനോട് പറഞ്ഞിട്ടില്ലേ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കരുത് എന്ന്. അവൻ മുത്തശ്ശിയെ പാളി നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 
ചായകുടിക്കുന്പോൾ മുത്തശ്ശി, മുത്തശ്ശനോട് പറയുന്നത് അവൻ കേട്ടു. 

എന്റെ കുഞ്ഞ് വല്ലാതെ ഒറ്റപ്പെടുന്നപോലെ, നിങ്ങൾ അരവിന്ദനെ ഉടനെ വിളിക്കണം, അവനെ വന്നു കൊണ്ടുപോകാൻ പറയുക. അവന് തിരിച്ചറിവുകൾ വന്നു തുടങ്ങി, ഇനി അവന് അവരുടെ സാമീപ്യമാണ് ആവശ്യം.  

അത്, അമ്മിണി നീ ഇങ്ങനെ പറഞ്ഞാൽ, പിന്നെ നമ്മൾക്കാരാണ് കൂട്ട്, വലിയ വീട്ടിൽ അകെ ഒരാശ്വാസം അവനും അവന്റെ കുസൃതികളും അല്ലേ?.               

  അപ്പോൾ മുത്തശ്ശി പിറുപിറുത്തു, നിങ്ങൾ നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി, അവന്റെ അവകാശങ്ങൾ കണ്ടില്ല എന്ന് നടിക്കരുത്. നേരത്തെ അവന് മിണ്ടാനും പറയാനും അവൾ, കവിതമോൾ ഉണ്ടായിരുന്നു, ഇപ്പം എന്റെ കുഞ്ഞ് വല്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു, വേണ്ട, നമ്മൾ ഇങ്ങനെ ഒക്കെ കഴിഞ്ഞാലും വേണ്ടില്ല, അവൻ അവരുടെ അടുത്ത് പോകട്ടെ. 

കുഞ്ഞിക്കുട്ടൻ ഓർത്തു, ശരിയാണ്, കവിതേച്ചി ഉണ്ടായിരുന്നപ്പോൾ രസമായിരുന്നു, പക്ഷേ ഒരു ദിവസം, സർപ്പകുളത്തിൽ കരിനീലിച്ചു കിടന്നപ്പോൾ, കാവിൽ കയറിയപ്പോൾ സർപ്പത്താന്മാർ ദംശിച്ചു എന്നാണ്, മുത്തശ്ശി പറഞ്ഞത്. ചേച്ചിയെ വീട്ടിൽ കൊണ്ട് കിടത്തിയപ്പോൾ അവൻ കണ്ടു, കവിളിലും, ചുണ്ടിലും, കരിനീലിച്ച പല്ലിന്റെ പാടുകൾ, സർപ്പങ്ങളുടെ വായിൽ അത്ര വലിയ പല്ലുകൾ ഉണ്ടാകും എന്ന് അവന് അന്നാണ് മനസ്സിലായത്. വെളുത്ത കഴുത്തിലും പല്ലിന്റെ പാടുകൾ തെളിഞ്ഞു കണ്ടു. അന്ന് മുതൽ അവന് സർപ്പത്താന്മാരെയും ഭയമാണ്. തന്നെയും അവർ ദംശിച്ചാലോ? അപ്പോൾ മുത്തശ്ശൻ പറഞ്ഞു, ഇല്ല സർപ്പത്താന്മാർ തറവാട്ടിലെ ആൺകുട്ടികളെ ദംശിക്കില്ല. 

     രാത്രിയിൽ മുത്തശ്ശിയെ കെട്ടിപിടിച്ചു കിടക്കുന്പോൾ മുത്തശ്ശൻ പറയുന്നത് കേട്ടു. അവൻ വരുന്നു അരവിന്ദൻ, കൂടെ ഗായത്രിയും, ഇളയ കുട്ടിയും ഉണ്ട്, അവർക്ക് നാട്ടിൽ നിൽക്കാനാണ് താൽപ്പര്യം, എന്ന്. രണ്ടുപേർക്കും അത്യാവശ്യം പ്രാക്ടീസ് ഇവിടെ കിട്ടും എന്ന് പറഞ്ഞു. കുഞ്ഞിക്കുട്ടൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്പോൾ അച്ഛനെയും അമ്മയെയും ശ്ലഥചിത്രം പോലെ കനവിൽ കണ്ടു. ഒപ്പം അനിയൻ കുട്ടിയേയും. 


അവർ ഒരു യാത്രയിൽ ആണ്, അച്ഛൻ ഓടിക്കുന്ന കാറിൽ അമ്മയുടെ ഇരുവശവും കെട്ടിപ്പിടിച്ച് ഇരുന്ന് കളിക്കുന്നതും നിറമുള്ള കാഴ്ചകളിൽ മുഴുകുന്നതായും ഒക്കെയുള്ള സ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു അവന്റെ അന്നത്തെ ഉറക്കം. അന്ന് മുത്തശ്ശിയുടെ ചുക്കിച്ചുളിഞ്ഞ വയറിന്റെ മാർദ്ദവം, അവന് അമ്മയുടെ വയറിന്റെ പോലെ തോന്നി. അതിന്റെ ചെറുചൂടിൽ ലയിച്ചു അവൻ സുഖമായി ഉറങ്ങി.      

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ