അർദ്ധവിരാമങ്ങളുടെ അപരാഹ്നങ്ങൾ
അർദ്ധവിരാമങ്ങളുടെ അപരാഹ്നങ്ങൾ
അയാൾ ആ പുലരിയിൽ, ഒരു ഫോൺ വിളി പ്രതീക്ഷിച്ചുകൊണ്ട് എയർപോർട്ടിലെ പുറത്തേക്കുള്ള വഴിയുടെ ഓരത്ത് അയാളുടെ ടാക്സികാർ പാർക്ക് ചെയ്തു ഇരുന്നു. വണ്ടിയുടെ സ്റ്റീരിയോയിൽ നിന്ന് എഫ് എം പൊഴിക്കുന്ന ഭക്തിഗാനങ്ങൾക്ക് ഒരു വല്ലാത്ത വശ്യത തോന്നി. റോഡിൽ ചീറിപോകുന്ന വാഹനങ്ങൾ അതിൽ പലതും പ്രൈവറ്റ് വണ്ടികൾ. ഡിക്കിയിലും പുറത്തും കെട്ടുകൾ നിറച്ചവ ആണ് കൂടുതൽ. അകത്ത് തിങ്ങി നിറഞ്ഞ് യാത്രക്കാർ. മിക്കവാറും വണ്ടികൾ പ്രവാസികളെ സ്വീകരിക്കാൻ വന്നത് തന്നെ. ചുരുക്കം ചിലത് അയാളെപ്പോലെ സവാരിക്കാരെ യാത്ര അയക്കാൻ വന്നതും. അയാളുടെ സവാരിക്കാരൻ സൗദിയിലേക്കുള്ള ആളാണ്. അകത്ത് കയറിയിട്ട് വിളിക്കുന്നതും കാത്തിരിക്കയാണ് അയാൾ.
മുന്നിലൂടെ പായുന്ന വണ്ടികളെ നോക്കി കുറെ നേരം അയാൾ അങ്ങനെ ഇരുന്നു, പെട്ടന്നാണ് അയാളുടെ മൊബൈൽ റിംഗ് ചെയ്തത്. അയാളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച വിളി ആണ് അത്. അതിൽ അൽപ്പം സന്തോഷത്തോടെയും, തലേ രാത്രിയിലെ ഉറക്കച്ചവിടിന്റെ അവശതയോടയും അയാൾ വണ്ടി പതിയെ ഹൈവേയിലേക്ക് കയറ്റി ഓടിച്ചു തുടങ്ങി. മുന്നിൽ വിശാലമായ റോഡ് അങ്ങനെ നീണ്ട് കിടക്കുന്നു. മുന്നിലായി ചീറിപ്പായുന്ന വാഹനങ്ങളിൽ ഒന്നായി അയാളും ആ വണ്ടി പായിച്ചു.
അപ്പോൾ പുലരി വെട്ടം പരക്കുന്നതെ ഉണ്ടായിരുന്നുള്ളു, സൂര്യന്റെ പ്രകാശം ഭൂമിയിൽ പതിച്ചു തുടങ്ങിയിരുന്നില്ല. കാറിന്റെ ചില്ല് അയാൾ അൽപ്പം താഴ്ത്തി, രാവിലത്തെ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ ഉറക്കത്തിന്റെ ക്ഷീണം പന്പകടന്നു. ഇപ്പോൾ ചവുട്ടി വിട്ടാൽ ഒന്പത് മണിക്ക് മുൻപേ നാട്ടിൽ എത്താം. താമസിച്ചാൽ ട്രാഫിക്ക് കുരുക്കിൽ പെട്ടത് തന്നെ, അയാൾ ഓർത്തു. അപ്പോൾ അയാളുടെ കാല് ആക്‌സിലേറ്ററിൽ ഒന്ന് കൂടി അമർന്നു. രാവിലെ നാട്ടിൽ എത്തിയാൽ ഇന്നത്തെ പണി മുടങ്ങില്ല അയാൾ ചിന്തിച്ചു. എത്ര കാലമായി ഇങ്ങനെ ജീവിതത്തിന്റെ അറ്റങ്ങൾ മുട്ടിക്കാനായി ഓടുന്നു.
രണ്ട് പെൺകുട്ടികൾ ആണ്, ദൈവകൃപയാൽ നന്നായി പഠിക്കുന്നുമുണ്ട്, അവരെ അവർ ആഗ്രഹിക്കുന്നവരെ പഠിപ്പിക്കണം, പിന്നെ നല്ല കൈകളിൽ ഏൽപ്പിക്കണം, ജോലി ഒക്കെ അവരുടെ ഭാഗ്യം പോലെ അയാൾ ഓർത്തു തനിക്കും ഉണ്ടായിരുന്നല്ലോ ബിരുദങ്ങൾ. അതിനായുള്ള ഓട്ടമാണ്, വർഷങ്ങളായി. പകലും രാത്രിയും നിർത്താതെ ഉള്ള പായൽ. പകൽ മൈക്കാടും കൂലിപ്പണിയും ഒക്കെ കിട്ടും, രാത്രി സമയങ്ങളിൽ ഇടവിട്ടുള്ള ഇത്തരം സവാരിയും. കുറച്ചൊക്കെ മിച്ചം പിടിക്കാൻ കഴിയുന്നു.
അയാളുടെ കണ്ണുകൾ മുന്നിലേക്ക് നീണ്ടു, മുന്നിൽ വണ്ടികൾ പോകുന്നുണ്ട്, അത്ര തിരക്കില്ലാത്ത പ്രഭാതം, പിന്നിലേക്ക് റിവ്യൂ മിററിലൂടെ നോക്കി, അധികം വണ്ടികൾ ഇല്ല. പെട്ടന്നാണ്, മുന്നിൽ അകലത്തിൽ പോയ ഒരു വണ്ടി നിർത്തിയത്, ആരോ ഡോർ തുറന്ന് ഇറങ്ങുന്നു, കൈകൾ നെഞ്ചിൽ തപ്പിയത് പോലെ തോന്നി. അടുക്കും തോറും കാഴ്ച്ചക്ക് വ്യക്തതയായി. ഇറങ്ങിയ ആൾ റോഡോരത്ത് തളർന്ന് ഇരിക്കുന്നു, ആ മനുഷ്യന്റെ ഓരത്തേക്ക് ഒരു ബാഗ് വലിച്ചെറിയപ്പെട്ടത് വേഗത്തിലാണ്. പിന്നെ ആ വണ്ടി അതിവേഗം ഓടിച്ചു പോയി.
അയാൾ വണ്ടി ഓടിക്കുന്നതിന്റെ ഇടയിലും ഒന്ന് പകച്ചു, ഇപ്പോൾ ആ മനുഷ്യന്റെ മുഖം വ്യക്തമാണ്, കഠിനമായ വേദനയിൽ പുളയുന്ന മുഖഭാവം. അയാളുടെ ശബ്ദം ഉയരുന്നുമില്ല. വണ്ടി നിർത്തിയാലോ അയാൾ ആലോചിച്ചു. ഒരു പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലോ? പെട്ടന്ന് മനസ്സിൽ മറ്റൊരു ചിന്ത ഉടലെടുത്തു, അതിന് പോയാൽ ഇന്നത്തെ പണി ഗോവിന്ദാ.... അടുത്തിടെയായി കോൺട്രാക്ടറുടെ നീരസം, അൽപ്പം ഉച്ചത്തിൽ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഓട്ടം കൂടുതൽ ഉള്ള സമയങ്ങളിൽ പലപ്പോഴും കൃത്യനിഷ്ട്ട പാലിക്കാൻ കഴിയുന്നില്ലേ...... അയാൾ ആശയക്കുഴപ്പത്തിൽ ആയി. അപ്പോൾ ആക്‌സിലേറ്ററിൽ നിന്ന് കാൽ ബ്രെയ്ക്കിലേക്ക് നീങ്ങിയിരുന്നു. ഇപ്പോൾ ആ മനുഷ്യന്റെ മുഖം അയാൾക്ക് വ്യക്തമായി കാണാം, തികച്ചും യാചന സ്‌പുരിക്കുന്ന മുഖം.
ആ മനുഷ്യനെയും കോരി എടുത്ത് വണ്ടിയിൽ ഇരുത്തി, നഗരത്തിലെ നക്ഷത്ര ഹോസ്പിറ്റലിലേക്ക് അയാളുടെ വണ്ടി പാഞ്ഞു. അയാൾക്ക് അറിയാമായിരുന്നു, ആ സെക്കന്റുകൾക്ക് പോലും വിലയുണ്ട് എന്ന്. നഗരത്തിലെ ആ പ്രശസ്തമായ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ വണ്ടി എത്തുന്പോൾ അയാൾക്കായി ഒരുക്കിയപോലെ സ്‌ട്രെച്ചറും നേഴ്സും മാരും റെഡിയായിരുന്നു. അവർ ആ മനുഷ്യനെ അതിവേഗം അകത്തേക്ക് കൊണ്ട് പോയി.
==========================================================================================================
ദിവസങ്ങൾക്ക് ശേഷം ആ നക്ഷത്രഹോസ്പിറ്റലിന്റെ അത്യാഹിത വാർഡിൽ ബോധമുണർന്ന അമൽ ദേവിന് കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായാണ് തോന്നിയത്. മരിച്ചു എന്ന് സ്വയം കരുതിയിടത്ത് നിന്ന് ഒരു പുനർജ്ജന്മം. അയാൾ സ്വയം തന്റെ ട്യൂബുകൾ പിടിപ്പിച്ച കൈ എടുത്ത് ശരീരത്തിൽ നുള്ളി നോക്കി, അതെ താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അയാളിൽ ഒരു ദീർഘനിശ്വാസം കടന്നു പോയി.
മുറിയിൽ അപ്പോഴും ശീതികരണിയുടെ മുരളിച്ച ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്നിൽ അകലെയായുള്ള വാതിലിന്റെ ചില്ല് പതിപ്പിച്ച ജാലകത്തിലൂടെ ചില മുഖങ്ങൾ വന്നു പോകുന്നത് അവ്യക്തമായി അയാൾക്ക് കാണാം. അപ്പോഴും മുഖത്ത് ഘടിപ്പിച്ച ഓക്സിജൻ മാസ്കിലൂടെ ആണ് അയാൾ ശ്വസിച്ചിരുന്നത്. മുറിയുടെ ഒരു മുലയിൽ നിശബ്ദമായി ഇരുന്ന് പുസ്‌തകം വായിക്കുന്ന നേഴ്സ്സ്. അയാൾ ഇടംകണ്ണിലുടെ പാളി നോക്കി, അവ൪ വായിച്ചത് ബെന്യാമിന്റ ആട് ജീവിതം ആയിരുന്നു.
അയാൾ ദേവ് എന്ന അമൽദേവ്, ഗൾഫിലെ ഒരു വലിയ കൺസ്റ്റ്‌ക്ഷൻ കമ്പനിയുടെ ജനറൽ മാനേജർ. കൂടാതെ നാട്ടിലും നിറയെ ബിസിനസ്സുകൾ. കുടുതലും കേരളത്തിന് പുറത്ത് തന്നെ. കാരണം അയാൾക്കറിയാം, കേരളത്തിൽ തുടങ്ങിയിരുന്നെങ്കിൽ എല്ലാം നഷ്ടത്തിൽ ആയേനെ എന്ന്. ബംഗളൂലൂരുവിൽ ഹോംസ്റ്റേയ്ക്കൾ, തമിഴനാടിന്റെ വിവിധ ഭാഗങ്ങളിൽ കോൾനിലങ്ങളിലെ കൃഷികളും പിന്നെ മൽസ്യകൃഷികളും ഹൈദരാബാദിലെ ഷെയർമാർക്കറ്റിങ്, അങ്ങനെ ശതകോടികൾ അമ്മാനമാടുന്ന ബിസിനെസ്സ് മാൻ.
ഇത് ഗൾഫിലെ കന്പനിയുടെ റിക്രൂട്ട്മെറ്റിനുള്ള യാത്ര ആയിരുന്നു, ഒപ്പം സ്വന്തം ബിസിനസ്സിന്റെ മേൽ നോട്ടവും. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഉള്ള മുന്നറിയിപ്പില്ലാത്ത യാത്രകൾ അയാൾക്ക് പതിവ് തന്നെ. ഭാര്യ ഗൾഫിൽ, മക്കൾ, മൂത്തവൾ ബാംഗ്ളൂരിലും ഇളയവൻ കേരളത്തിലും, പഠിക്കുകയാണ്. ഒരിക്കൽ ഗൾഫിൽ വച്ച് അറ്റാക്ക് വന്നതാണ്. തുടർചികിത്സകൾ നടത്തി എല്ലാം നോർമൽ എന്ന് കഴിഞ്ഞ ആഴ്ചയും ഡോക്ടർ പറഞ്ഞു. പെട്ടന്ന് ഇങ്ങനെ വരും എന്ന് പ്രതീക്ഷിച്ചില്ല.
മുന്നറിയിപ്പില്ലാതെ വരുന്പോൾ വണ്ടി എങ്ങനെ അറേഞ്ച് ചെയ്യാൻ. എന്നത്തേയും പോലെ എയർ പോർട്ടിൽ നിന്ന് വണ്ടി വിളിച്ചു, ആദ്യം ചോദിച്ചത് നാലായിരം രൂപയാണ്, കുറെ പേശിയപ്പോൾ രണ്ടായിരത്തിൽ ഉറപ്പിച്ചു, പക്ഷേ കൂടെ രണ്ടാളെ കേറ്റും എന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയും ചെയ്തു. കൂടെ രണ്ടാൾ ഉണ്ടെങ്കിൽ എന്താ രണ്ടായിരം കുറഞ്ഞു കിട്ടിയില്ലേ? എന്നാൽ ഇങ്ങനെ വഴിയിൽ തള്ളി പോകും എന്ന് കരുതിയതേ ഇല്ല.
അപ്പോൾ അയാളെ അവിടേക്ക് എത്തിച്ചത് ദൈവം ആണ്, ആരായിരുന്നു അയാൾ, ദേവ് അയാളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു, കഠിനവേദന കടിച്ചമർത്തുന്പോൾ ആ മുഖം മനസ്സിൽ പതിഞ്ഞില്ല, ആരോ ഒരാൾ. ഒരിക്കൽക്കൂടി കാണണം എന്ന് അയാൾ മനസ്സിൽ കൊതിച്ചു. ജീവൻ രക്ഷിച്ചവൻ അല്ലെ? ഒരു നന്ദി വാക്കെങ്കിലും പറഞ്ഞില്ലെങ്കിൽ. അയാൾ പാതിയടഞ്ഞ കണ്ണിലൂടെ വാതിൽക്കലേക്ക് നോക്കി. നേഴ്സ്സ് ഇപ്പോഴും വായനയിൽ വ്യാപൃത തന്നെ.
പതിവ് റൗണ്ടസിന് ഡോക്ടർ കടന്നു വന്നപ്പോൾ നേഴ്സ്സ് ഭവ്യതയോട് എഴുനേറ്റു, ഡോക്ടറുടെ പിന്നിൽ കിടക്കരുകിലായി വന്നു നിന്നു. അദ്ദേഹത്തിൻറെ മുഖം കരുണാദ്രമായിരുന്നു. ഡോക്ടർ കയ്യുയർത്തി അയാളുടെ മുഖത്തെ മാസ്‌ക് എടുത്ത് മാറ്റി, അയാൾക്ക് ഇപ്പോൾ നന്നായി ശ്വസിക്കാൻ കഴിയുന്നുണ്ട്. അയാൾ ഡോക്ടറുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചുണ്ട് അനക്കി തുടങ്ങി.
അയാളുടെ സംസാരം ചുണ്ടിനടടുത്തെക്ക് ചെവി അടുപ്പിച്ചു ഡോക്ടർ കേട്ടു. അയാളുടെ ആവശ്യം കേട്ടപ്പോൾ ഡോക്ടർ തലകുലുക്കി, പിന്നെ അയാൾ കേൾക്കെ ഇങ്ങനെ പറഞ്ഞു, മിസ്റ്റർ ദേവ് നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ആ നല്ല മനുഷ്യൻ അയാളുടെ ഫോൺ നമ്പർ തന്നിട്ടാണ് പോയിരിക്കുന്നത്, തീർച്ചയായും അയാളെ ഞാൻ കണ്ടുപിടിച്ച് നിങ്ങളുടെ മുന്നിൽ എത്തിക്കാം. അയാൾ കിടക്കയിൽ കിടന്ന് പതിയെ തലകുലുക്കി.
നേരം മദ്ധ്യാഹ്നം കഴിഞ്ഞിരുന്നു, ചുണ്ടിൽ നേഴ്സ്സ് കുടിപ്പിച്ച ഫ്രൂട്ട് ജ്യൂസിനെ രുചി, അപ്പോഴും തങ്ങി നിൽക്കുന്നപോലെ തോണി അയാൾക്ക്. അത് നല്ല മൂവാണ്ടൻ മാങ്ങയുടെ രുചിയായാണ് അയാൾക്ക് തോന്നിയത്. മൂവാണ്ടൻ മാങ്ങയുടെ രുചി ഓർത്തപ്പോൾ അയാൾ പഴയ വീട്ട് മുറ്റത്തേക്ക് പോയി. അയാൾക്ക് ആദ്യം ഓർമ്മ വന്നത് അച്ഛനെ ആണ്. അയാളുടെ കോളേജ് പഠനം കഴിഞ്ഞപ്പോൾ അച്ഛനെ കാലം കൊണ്ട് പോയിരുന്നു. അങ്ങ് വടക്കൻ കേരളത്തിലെ കോളേജിൽ നിന്ന് വന്നപ്പോൾ ശവദാഹത്തിനുള്ള ഒരുക്കങ്ങൾ വീട്ടിൽ കഴിഞ്ഞിരുന്നു, അവസാനം ഒന്ന് പാളി നോക്കാനേ കഴിഞ്ഞുള്ളു, പിന്നെ അന്ത്യകർമ്മങ്ങൾക്കുള്ള തിടുക്കങ്ങൾ, മനസ്സിൽ ഒരു നിസ്സംഗത മാത്രം ബാക്കി ആയി.
അമ്മയെപ്പറ്റി ഓർത്തപ്പോൾ തുളസിക്കതിരിന്റെ ഗന്ധം പരത്തുന്ന വായു തഴുകി പോയപോലെ തോന്നി അയാൾക്ക്. നെറ്റിയിൽ ചൂടിയ ഭസ്മവും, വെളുത്ത സെറ്റും ഉടുത്ത് ചിരിച്ചു നിൽക്കുകയാണ്, പൂമുഖത്ത് താൻ കടന്നു വരുന്നതും കാത്ത്, അമ്മ. രണ്ട് ക്ലാസ്സിന് താഴെ കോളേജിൽ പഠിച്ച ഗായത്രിയെ കല്യാണം കഴിക്കണം എന്ന് അമ്മയോട് ആവശ്യം അവതരിപ്പിച്ചപ്പോൾ ഒന്നും എതിർപ്പ് പ്രകടിപ്പിച്ചില്ല. അവസാനം അമ്മയോട് ചേരാതെ ഗായത്രിയുമായി വീടിന്റെ പടി കടന്ന് ഇറങ്ങുന്പോൾ നിറഞ്ഞ കണ്ണ് തുടക്കാതെ അതെ പൂമുഖപ്പടിയിൽ നോക്കി നിന്നത് അവസാന കാഴ്ച ആകും എന്ന് ഒരിക്കലും കരുതിയില്ല.
അമ്മയുടെ മരണത്തിന് ഉത്തരവാദി എന്ന് ജിനനെ കുറ്റപ്പെടുത്തുന്പോഴും തനിക്കറിയാമായിരുന്നു, അമ്മ പെട്ടന്ന് അവസാനിച്ചതിന് കാരണം തന്റെ സ്നേഹനിഷേധം തന്നെ ആണ് എന്ന്. എങ്കിലും ജിനനെ കുറ്റപ്പെടുത്തുന്പോൾ എന്തോ ഒരു ഗുഢസുഖം എന്നും താൻ അനുഭവിച്ചിരുന്നു. പിന്നെ സ്വയംസമാധാനിക്കാനും മനസ്സിലെ കുറ്റബോധം മറക്കാനും അവനെ കുറ്റം പറയണമായിരുന്നല്ലോ? എന്നും സ്വാർത്ഥൻ ആയിരുന്ന തനിക്ക് നിഴൽ യുദ്ധം നടത്താൻ അവൻ ആവശ്യവും ആയിരുന്നു. അവനെ എല്ലാരും സ്നേഹിക്കുന്നത് കാണുന്പോൾ ഉണ്ടാകുന്ന വൈരാഗ്യം വാക്കിലുടെയും പ്രവർത്തിയിലൂടെയും നോവിക്കുന്പോൾ മനസ്സിൽ തനിക്ക് എന്തോ നേടിയ ഭാവം നൽകിയിരുന്നു.
ജിനൻ എന്ന തന്റെ അനിയൻ നാടിൻറെയും നാട്ടാരുടേയും എന്തിന് ഞങ്ങളുടെ ബന്ധുക്കളുടെ എല്ലാം പ്രിയ ജിനദേവൻ, നാട്ടിലെ ചെറുപ്പക്കാരുടെ നേതാവ്. യുവതുർക്കി, കലാകാരൻ, അവന് വിശേഷങ്ങൾ നിരവധി ആയിരുന്നു. അവന്റെ വശ്യമായ പെരുമാറ്റവും ആളുകളെ തന്നിലേക്ക് അടുപ്പിക്കാനുള്ള കഴിവും സാധാരണ ഗതിയിൽ സഹോദരസ്നേഹിയായ ഏട്ടന് അഭിമാനം ആണ് ഉണ്ടാവേണ്ടത്. പക്ഷേ തനിക്ക് എന്നും തിരിച്ചായിരുന്നു. തന്നെക്കാൾ ഏഴുവയസ്സിന് ഇളയവനായ അവന്റെ അപദാനങ്ങൾ കേൾക്കാൻ കഴിയാതെ നാട്ടുകാരെക്കൂടി വെറുക്കാൻ തുടങ്ങി. അങ്ങനെ നാട്ടിൽ വന്നാൽ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ തനിക്ക് നാട്ടിൽ സൗഹൃദങ്ങൾ കൂടി നഷ്ട്ടപ്പെട്ടു.
അങ്ങനെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കേദാരമായി മാറിയ തനിക്ക് പറ്റിയ ഇണ തന്നെ ആയിരുന്നു, ഗായത്രി. പണവും ഐശ്വര്യവും നിറഞ്ഞ വീട്ടിൽ സൗന്ദര്യത്തിന്റെ മേലാപ്പുകൂടി അണിഞ്ഞ പെൺകുട്ടി അഹങ്കാരി കൂടി ആയതിൽ എന്ത് അത്ഭുതപ്പെടാൻ. സ്വന്തം മഹത്വകാംക്ഷ മാത്രം ചിന്തിക്കുകയും പണം ഉണ്ടാക്കൽ മാത്രമാണ് ജീവിതം എന്ന് കരുതുന്നവന്റെ കൂടെ സഹവാസം തുടങ്ങിയപ്പോൾ അവളും അവളുടെ ഭാഗം നന്നായി ആടി. ഫലമോ ബന്ധങ്ങളുടെ നന്മയും നാടിൻറെ കുളിർമ്മയും ത്യജിച്ച ഒരു പ്രവാസം. അവിടെ പൊങ്ങച്ചങ്ങൾക്ക് പുറംജാഡകൾക്ക് നടുവിൽ വളർന്ന രണ്ട് കുഞ്ഞുങ്ങൾ. അത് മാത്രമല്ലേ തന്റെ സന്പാദ്യം.
അമൽ ദേവിന്റെ ചിന്ത കാടുകേറുകയായിരുന്നു. ഇന്നലെ വരെ പണം മാത്രം തേടി, അതിന്റെ പുറകെ മാരീചന്റെ പിന്നാലെ പാഞ്ഞ ലക്ഷ്മണനെ പോലെ ജീവിച്ച തനിക്ക് ഇപ്പോൾ എന്താണ് മനം മാറ്റം. അയാൾ ഓർത്തു. നഗര നടുവിൽ മരണത്തെ മുഖാമുഖം കണ്ടപ്പോൾ ഈ പണമോ പ്രൗഢിയുടെ മായാജാലമോ തന്നെ രക്ഷിക്കാൻ വന്നില്ല. ഏതോ ഒരു വഴിപോക്കൻ, അയാളുടെ കരുണയാണ്, അല്ല ഭിക്ഷയാണ് തന്റെ ഈ നിമിഷങ്ങൾ എന്ന് ഓർത്തപ്പോൾ അയാൾ ജീവിതത്തിൽ ആദ്യമായി സ്വയം പുച്ഛം തോന്നി. ഇനിയെങ്കിലും ഉള്ള ജീവിത നിമിഷങ്ങളിൽ ഒരു പുനർവിചിന്തനത്തിനുകോപ്പുണ്ട് എന്ന് മനസ്സിൽ ഇരുന്നു ആരോ പറയും പോലെ. ആ മർമ്മരത്തിന് അച്ഛന്റെ, അമ്മയുടെ അല്ല അനുജന്റെ മണമാണ് എന്നയാൾക്ക് തോന്നി.
========================================================================================================
ശനിയാഴ്ച വൈകുന്നേരം അപരിചിതമായ നമ്പരിൽ നിന്ന് വിളി വന്നപ്പോൾ അയാൾ ധരിച്ചത് ആരോ സവാരിക്കായി വിളിക്കുന്നു എന്നാണ്. മറുവശത്തെ അപരിചിതമായ ശബ്ദം അത് ഊട്ടിഉറപ്പിച്ചു. നഗരത്തിലെ ആശുപത്രിയിലെ പ്രശസ്തനായ ഭിഷഗ്വരൻ ആണ് എന്ന് കേട്ടപ്പോൾ അത്ഭുതം ഇരട്ടിച്ചു. അദ്ദേഹം തനിക്ക് മാലാഖയാണ്, ഒരിക്കൽ ജീവിതത്തിൽ എല്ലാം കഴിഞ്ഞു എന്ന അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇടപെട്ട ദൈവത്തിന്റെ കൈകളിൽ അദ്ദേഹത്തിന്റെ മുഖം കൂടി ഉണ്ടായിരുന്നു എന്ന് സാവിത്രി, തന്റെ ഭാര്യ പലപ്പോഴും പറയുമായിരുന്നു. ഒരു സവാരിക്കിടയിലെ ആ വലിയ അപകടം. സമ്മാനിച്ചത് അവളെയും കുടിയാണെല്ലോ.
നഷ്ടപ്പെട്ടത് മുഖ സൗന്ദര്യം മാത്രമായിരുന്നില്ല, പഴയ ജീവിത അടയാളങ്ങൾ കൂടിയാണ്. ശുശ്രുഷക്കാരി പിന്നെ ജീവിത സഖിയായി, രണ്ടു കുട്ടികളുടെ അമ്മയും. ഡോക്ടർ വിളിച്ചത് അടുത്ത ദിവസം ആശുപത്രിയിലേക്ക് ചെല്ലാൻ ആയിരുന്നു, പുലരുന്നത് ഞയറാഴ്ച ആയതിനാൽ അയാൾ ആശ്വാസം കൊണ്ടു. ഒരു പണി പോകില്ലല്ലോ. അടുത്ത ദിവസം കുളിച്ചൊരുങ്ങി രാവിലെ തന്നെ നഗരത്തിലേക്ക് ബസ്സിൽ കയറി പോകുന്പോൾ, മനസ്സ് ശൂന്യമായിരുന്നു. സാവിത്രിയോടും മക്കളോടും ഒന്നും പറഞ്ഞിരുന്നില്ല, അല്ലെങ്കിൽ അത് അവർ എന്തിന് അറിയണം.
ആ വലിയ ആശുപത്രിയുടെ റിസപ്ഷനിൽ എത്തി ഡോക്ടറുടെ പേര് പറഞ്ഞപ്പോൾ, അവർ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ മുറിയിലേക്ക് ആനയിച്ചത് പെട്ടന്നാണ്, അവിടെ ആ വലിയ മനുഷ്യൻ തന്നെ കാത്തിരുന്നപോലെ തോന്നി. കൈകളിൽ മുറുക്കി പിടിച്ചു സ്വീകരിക്കുന്പോൾ അദ്ദേഹത്തിന്റെ മുഖം ഒരു വല്ലാത്ത അനുഭൂതി പകരുന്നത് ആയിരുന്നു, അഭിമാനം തോന്നിയ നിമിഷങ്ങൾ.
അത്യാഹിത വിഭാഗത്തിലെ ആ നിരീക്ഷണ മുറിയിലേക്ക് അയാളെ കൂട്ടികൊണ്ട് പോകുന്പോൾ അദ്ദേഹം അയാൾക്ക് മുഖത്ത് വയ്ക്കാൻ സർജ്ജിക്കൽ മാസ്‌ക് നൽകിയിരുന്നു. നിരീക്ഷണ മുറിയുടെ മുന്നിലെ ഇടനാഴിയിൽ കാത്തിരിപ്പിന്റെ അസ്വസ്ഥത നിറഞ്ഞ മുഖങ്ങളുമായി നിരവധിപ്പേർ. അകത്ത് കിടക്കുന്ന പ്രിയപ്പെട്ടവരുടെ അവസ്ഥ അറിയാനുള്ള ജിഞ്ജാസ ആയിരിക്കാം, അവരുടെ ആകെയുള്ള വികാരം എന്ന് അയാൾക്ക് തോന്നി. മുന്നിലെ മുറികളുടെ ചില്ല് ജാലകപഴുതിലൂടെ ഉറ്റുനോക്കുണ്ട് ചിലർ. എവിടെയും ഡെറ്റോളിന്റെ മണം നിറഞ്ഞു നിൽക്കുന്നു.
ഡോക്ടർ എന്ന ആർദ്രത നിറഞ്ഞ വിളിയാണ്, ഡോക്ടറിനൊപ്പം അയാളെയും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്. യുവത്വം കൈപ്പിടിയിൽ ഒതുക്കി തുടങ്ങിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ. മുന്ന് നാല് ദിവസങ്ങളിലെ ഉറക്കച്ചവിടും കുറ്റി രോമങ്ങളും നിറഞ്ഞ മുഖം. ആ മുഖം കണ്ടാൽ അറിയാം അവന്റെ പ്രിയപ്പെട്ടവർ ആരോ അവിടെ കിടക്കുന്നുണ്ട് എന്ന്. അയാളുടെ ചോദ്യങ്ങൾക്ക് ചിരിക്കുന്ന മുഖവുമായി സൗമ്യമായ മറുപടി പറഞ്ഞിട്ട് ഡോക്ടർ മുന്നോട്ട് പോയി, കൂടെ അയാളും.
ഒബ്‌സർവേഷൻ റൂമിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറുന്പോൾ പച്ച മാസ്‌ക് അണിയാൻ ഡോക്ടർ അയാളെ ഓർമ്മിപ്പിച്ചു. കൂടെ ഡോക്ടറും അത് ധരിക്കുകയും ചെയ്തു. കുറ്റിത്താടി നിറഞ്ഞ മുഖത്ത് അത് ഉറപ്പിച്ച് അയാളും ഡോക്ടറോടൊപ്പം അകത്ത് കയറി. മുറിയിലെ മെഡിക്കൽ ബെഡിൽ സുഖമായി ഉറങ്ങുകയാണ് താൻ ഹോസ്പിറ്റലിൽ എത്തിച്ച മനുഷ്യൻ. ഡോക്ടറെ കണ്ട് ഭവ്യത വിടാത്ത മുഖവുമായി നേഴ്സ്സ് ബെഡിൽ ചെന്ന് അയാളെ തട്ടി വിളിച്ചു. സാവധാനം കണ്ണ് തുറന്ന് അയാൾ ചുറ്റും നോക്കി. ഡോക്ടറുടെ മുഖം കണ്ട് നന്നായി മന്ദഹസിച്ച അയാൾ പിന്നിൽ തന്റെ രക്ഷകനെ കണ്ടപ്പോൾ വിടർത്തി ചിരിച്ചു.
ബെഡിന്റെ അരികിലേക്ക് മാടിവിളിച്ചിട്ട് അയാൾ തന്റെ മാംസളമായ കൈകൊണ്ട് മുറുക്കി പിടിച്ചപ്പോൾ, ജിനദേവന്റെ ശരീരത്തിൽ സുഖകരമായ ഒരു വൈദ്യതി പ്രവാഹം ഉണ്ടായി. എന്നും ജീവിതത്തിൽ പ്രതീക്ഷിച്ച ജ്യേഷ്ടന്റെ കരുതലോട് കൂടിയ എന്നാൽ ഒരിക്കലും കിട്ടിയിട്ടില്ലാത്ത ആലിംഗനം. ജിനദേവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, ഒപ്പം അമൽദേവിന്റെയും. അയാളുടെ ചുണ്ടിൽ നിന്ന് വിറയാർന്ന ശബ്ദം ഉയർന്നു.
സുഹൃത്തേ നിങ്ങൾ ആരെന്ന് എനിക്കറിയില്ല, എങ്കിലും വഴിയിൽ കിടന്ന, മരണത്തോട് മല്ലടിച്ച എന്നോട് കാണിച്ച ആ സ്‌നേഹം അതിന് ഞാൻ എന്താണ് പകരം തരിക. ജീവിതത്തിൽ ഞാൻ ആർക്കും കൊടുക്കാത്ത ആ വിലയേറിയ സമ്മാനം അതിന്റെ ആഴം എനിക്ക് മനസ്സിലാക്കി തന്നതിന് നന്ദി. ഇനിയുള്ള ജീവിതം ഞാൻ അത് ഈ സമൂഹത്തിന് ആവോളം തിരിച്ചു കൊടുക്കും തീർച്ച. ഇപ്പോൾ പേരറിയാത്ത നിങ്ങൾ എനിക്ക് ജീവിത വഴിയിൽ എവിടെയോ നഷ്ട്ടപ്പെട്ട എന്റെ സഹോദരനെപ്പോലെ തോന്നുന്നു. അവന്റെ ഓർമ്മ തിരിച്ചു തന്ന നിങ്ങൾക്ക് ആയിരം നന്ദി വീണ്ടും.
ഡോക്ടറുടെ ശബ്ദം അവിടെ മുഴങ്ങിയപ്പോൾ ജിനൻ നിറഞ്ഞ കണ്ണുകൾ തുടക്കാതെ തിരിച്ചു നടന്നു, പിന്നിൽ അപ്പോഴും ഡോക്ടറുടെ ഉപദേശം കേൾക്കാമായിരുന്നു. പുറത്തേക്കുള്ള ഡോർ വലിച്ചു തുറന്ന് ഇറങ്ങുന്പോൾ ഇടനാഴിയിൽ പഴയ ചെറുപ്പക്കാരനോടൊപ്പം, തടിച്ചുകൊഴുത്തുരുണ്ട ശരീരവും നരകൾ ഇഴചാർത്തിയ തലമുടിയും ഉറക്കത്തിന്റെ ക്ഷീണവും നിറഞ്ഞ മുഖവുമായി ഗായത്രി ചേട്ടത്തിയും ഉണ്ടായിരുന്നു. അവരെ കടന്ന് മുന്നോട്ട് പോകുന്പോൾ അവരുടെ ദേഷ്യം പിടിച്ചുനിർത്താൻ കഴിയാതുള്ള കയർക്കൽ അയാളുടെ കാതിൽ വീണു.
ഡോക്ടർ.... !!!! ഞാൻ ആദ്ദേഹത്തിന്റെ ഭാര്യയാണ്, ഇത് മകനും ഇന്ന് എത്ര ദിവസമായി ഞങ്ങൾ ഒന്ന് കാണാനായി കാത്തിരിക്കുന്നു. അവരുടെ ശബ്ദം ആ ഇടനാഴിയുടെ നിശബ്ദതയെ ഭേദിക്കുകയാണ്. ശബ്ദം താഴ്ത്തിയുള്ള ഡോക്ടറുടെ ഉപദേശങ്ങൾ അവരെ തണുപ്പിക്കാൻ പോകുന്നവ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് മുകളിൽ അവരുടെ ശബ്ദം ഉയർന്നത് പെട്ടന്നാണ്.
ഞങ്ങൾ അദ്ദേഹത്തെ കണ്ടാൽ അദ്ദേഹത്തിന് അപകടമാണ് എന്ന് നിങ്ങൾ പറയുന്നു, അപ്പോൾ ആരാണ് ആ തെരുവ് തെണ്ടി, നിങ്ങൾ വളരെ ഭവ്യതയോടെ അയാളെ ആനയിക്കുന്നത് കണ്ടല്ലോ? പിന്നെയും ഗായത്രിയേട്ടത്തിയുടെ ശബ്ദം ഉയരുകയാണ്, അവർ എന്തക്കൊയോ വിളിച്ചു പറയുന്നുണ്ട്, അവരെ തടയാൻ വെന്പുന്ന മകനും.
നിറഞ്ഞ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണുനീർ തുടക്കാതെ ജിനൻ മുന്നോട്ട് നടന്നു, ഒന്നോർത്തപ്പോൾ അയാൾക്ക് ആശ്വാസം ഉണ്ടായിരുന്നു, ഏട്ടൻ തിരിച്ചറിഞ്ഞില്ലങ്കിലും ഇപ്പോഴും തന്റെ ഓർമ്മകൾ സൂക്ഷിക്കുന്നുണ്ടല്ലോ? ആ മനസ്സിൽ ആ ഓർമ്മകൾ ദീപ്തമായി തന്നെ ഇരിക്കട്ടെ, ഈ രൂപം കാട്ടി അതുംകൂടെ ഇല്ലാതാക്കേണ്ട.
കാലുകൾ വലിച്ചുവച്ച് നഗരത്തിലെ ബസ്സ്സ്റ്റാൻഡിലേക്ക് പോകുന്പോൾ അയാളുടെ മനസ്സിൽ ഏട്ടന്റെ മുഖത്തെ മുറിവിന്റെ കല തടവിയ ഓർമ്മ അപ്പോഴും തെളിഞ്ഞു നിന്നു. കാലം കുറെ കഴിഞ്ഞെങ്കിലും അത് അവിടെ മായാതെ ഉണ്ടായിരുന്നു, ചെറുപ്പത്തിൽ തന്നെ കളിപ്പിക്കുന്പോൾ മുറ്റത്തെ നന്ത്യാർവട്ടത്തിൽ ഉരഞ്ഞതാണെന്ന് ചെറുപ്പത്തിൽ പറയുമായിരുന്നു ആ വടു. അത് പറഞ്ഞു എന്നും പ്രാകുമായിരുന്നു അന്നൊക്കെ. റോഡുവക്കിൽ വേദന സഹിക്കാതെ പുളയുന്പോൾ ആ പാട് തന്നെ ആയിരുന്നു ജിനന് അയാളെ തിരിച്ചറിയാൻ സഹായിച്ചത്. അടുത്ത ദിവസത്തെ പണിക്ക് പോകാനായി വണ്ടി പിടിക്കാൻ ധൃതിയിൽ പോകുന്പോഴും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു, ചേട്ടൻ കുറേക്കാലം കൂടി സന്തോഷമായി ഇരിക്കണം എന്ന്.
==============================================================================================================
രഘുചന്ദ്ര൯. ആ൪.
Comments
Post a Comment