കടങ്കഥകൾ ഒളിപ്പിച്ച കടൽ.

കടങ്കഥകൾ ഒളിപ്പിച്ച കടൽ.

      പിന്നിൽ അകന്ന് പോകുന്ന എടുപ്പുകളും തീജ്വാലയും നോക്കി എം വി ജി മേനോൻ ചെറിയ കപ്പലിന്റെ ഡെക്കിൽ കിഴക്കോട്ട് നോക്കി നിന്നു.  പുലരിവെട്ടം അപ്പോൾ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. അത് പെട്രോളിയം പ്ലാന്റിന്റെ നിമ്നോന്നതങ്ങളിൽക്കൂടി പാളി വീണ് മനോഹരമായ കാഴ്ച ഒരുക്കി. അപ്പോൾ അയാൾ മനസ്സിൽ ഓർത്തു, കഴിഞ്ഞ ഇരുപത്തെട്ട് വർഷമായി, വർഷത്തിന്റെ പകുതി ദിവസങ്ങളിൽ തനിക്ക് എന്നും ഗോചരമായ കാഴ്ച. അതിന് ഇന്ന് കൂടുതൽ വശ്യതയുണ്ടന്ന് അയാൾക്ക്‌ തോന്നി. ഒരു പക്ഷേ തനിക്ക് ഇനി അത് അന്യമാണെന്നുള്ള തോന്നൽ ആകാം, അതിന് മിഴിവ് കൂട്ടുന്നത്, അയാൾ ചിന്തിച്ചു. 

      കപ്പൽ അപ്പോഴും തീരത്തെ പുണരാനായി പാഞ്ഞു പോകുകുയാണ്. കടലിലെ വെള്ളത്തിനെ കീറിമുറിച്ച്, രണ്ടുവശങ്ങളിലൂടെ തഴുകി തള്ളി പിന്നിൽ ചുഴി കുത്തുന്ന വെൺനുരകളെ അവശേഷിപ്പിച്ച് ജാലകന്യ തീരം തേടുകയാണ്. ഡെക്കിൽ അയാൾ കാത്തിരുന്നു, പിന്നിൽ വശ്യമായ പുലരി വെളിച്ചത്തിൽ കപ്പലിന്റെ സാമിപ്യം അറിയുന്നപോലെ കുത്തിമറിയുന്ന ഡോൾഫിനുകളുടെ ആഹ്ലദാരവം കാണുവാനായി. അതും അയാൾക്ക്‌ ഒരു പതിവ് കാഴ്ചയാണ്. കടലിൽ മനുഷ്യന്റെ സാമിപ്യം അറിഞ്ഞാൽ ഡോൾഫിനുകൾ സന്തോഷം പ്രകടിപ്പിക്കുന്നത്, നാവിക അനുഭവങ്ങളിൽ പലയിടത്തും അയാൾ വായിച്ചിരുന്നു. 
  
     അങ്ങകലെ കപ്പൽ അവശേഷിപ്പിക്കുന്ന വെൺനുരകളെ അയാൾ നോക്കി നിന്നു. അത് ചുഴികുത്തി മറയുന്നത് അയാളിൽ വന്യമായ ആരോഹണ അവരോഹണങ്ങളുടെ ഓർമ്മപെടുത്തലുകളായി പടരും. ജീവിതത്തിന്റെ ഒറ്റപ്പെടുത്തലുകളെ മറക്കുന്ന ആത്മരതികളുടെ തുടക്കം എന്നും അവിടെ നിന്നാണ് അയാളെ തേടി എത്തുക. പെണ്ണുടലുകളുടെ ശീൽക്കാരങ്ങൾ ഓർമ്മകളിൽ നിറക്കുന്ന ദിനങ്ങൾ. രതിയുടെ കാണാക്കയങ്ങളിലേക്ക് സങ്കൽപ്പയാത്ര തീർക്കുന്ന നിമിഷങ്ങൾക്കായി അയാൾ കാത്തിരിക്കുമായിരുന്നു, കഴിഞ്ഞ വർഷങ്ങളിൽ. അവിടെ അയാൾ ഒറ്റക്കായിരുന്നു, ശീതീകരിച്ച മുറി, അതിലെ കൃത്രിമ ഗന്ധവും അയാളുടെ ജീവിത ഭാഗമായിട്ട് ഇരുപത്തെട്ട് വർഷം. ഇനി അത് ജീവിതത്തിന്റെ ഓർമ്മ മാത്രമാകാൻ മണിക്കുറുകൾ. 

    ഇന്ന് രാത്രിയിലെ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് തിരിക്കുന്പോൾ അവസാനിക്കുന്നത് ഇരുപത്തെട്ട് വർഷം നീളുന്ന പ്രയാസം ആണ്. അതിനെ പ്രവാസം എന്ന മോഹനപദത്തിന്റെ വെള്ളിത്തിളക്കത്തിൽ പൊതിഞ്ഞ പാഴ്ഗന്ധമുള്ള പാഥേയമാക്കിയ ഭാഷ സ്നേഹികൾക്ക് വന്ദനം. അയാളുടെ ചിന്തകൾ കാടുകയറി തുടങ്ങി. അപ്പോൾ അന്തരീക്ഷത്തിൽ കപ്പൽഎഞ്ചിന്റെ മുരൾച്ച മാത്രം. അതിൽ അയാളും കപ്പിത്താനും വേറെ രണ്ടുപേരും മാത്രം. രാവിലെ അയാളെ എടുക്കാനും വൈകിട്ട് തിരിച്ചു കൊണ്ടുവിടാനും മാത്രമായി അത് ഇങ്ങനെ അങ്ങട്ടും ഇങ്ങട്ടും ഓടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇത് ഇനിയും തുടരും, അയാളുടെ സ്ഥാനം ഏറ്റെടുത്ത മറ്റൊരു മനുഷ്യാത്മാവിനായി, അത് ചിന്തിച്ചപ്പോൾ അയാളുടെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു. 

    അയാളുടെ ചിന്തകൾ പിന്നോട്ട് ഓടി, കടന്നുപോയ വർഷങ്ങൾ, അതിലെ ഒറ്റപ്പെട്ട രാത്രികളും അയാളെ, കപ്പലിനെ തഴുകുന്ന വെൺനുരകൾ പോലെ തഴുകി നാഭിച്ചുഴികൾ ഉണ്ടാക്കി പിന്നോട്ട് പോയി. വർഷങ്ങൾക്ക് പിന്നിലെ ദിവസം അയാളും നരേനും (നരേന്ദ്രനാഥ് അതായിരുന്നു അവന്റെ പേര്) ഇപ്പോൾ മഹാനഗരത്തിന്റെ പ്രൗഢി അണിഞ്ഞ പഴയ അറബ് നഗരത്തിൽ വിമാനം ഇറങ്ങുന്നപ്പോൾ മനസ്സിലെ ഭാണ്ഡത്തിൽ നിറയെ നാളെയുടെ കൊച്ചു സ്വപ്‌നങ്ങളും തോളിൽ ഒരു ശരാശരി മലയാളിയുടെ പ്രാരാബ്ധങ്ങളും മാത്രം. പിന്നെ ഒരു മാസം നിരന്തരം ട്രെയിനിങ്. താൻ നരേനെന്നും അവൻ മേനോനെന്നും വിളിച്ച സൗഹൃദം കൂടുതൽ ദൃഢമാവുകയായിരുന്നു. 

   ഒരു മാസത്തെ ട്രെയിനിങ് കഴിഞ്ഞുപിരിഞ്ഞ അവനെ പിന്നെ ഒരിക്കൽ പോലും ജീവനോട് കാണാൻ കഴിഞ്ഞില്ല എന്നോർത്തപ്പോൾ അയാളുടെ കണ്ണുകളിൽ നീർചാലുകൾ പടർന്നു. ചുരുക്കം ചില നാളുകൾക്ക് മുൻപ് നാഗർകോവിലിൽ അവന്റെ വീട്ട് മുറ്റത്ത് നിൽക്കുന്പോൾ അവന്റെ ചിത എരിഞ്ഞ കനലുകൾ കെട്ടിരുന്നില്ല. എന്നെങ്കിലും ഒരിക്കൽ എല്ലാം നിർത്തി കുടുംബത്തിന്റെ കൂടെ കഴിയണം എന്ന് എപ്പോഴും അവനും താനും ഫോണിൽ പരസ്‌പരം പറയാറുണ്ടായിരുന്നു. അപ്പോൾ ഒന്നുകിൽ അവൻ നാട്ടിലായിരിക്കും അല്ലെങ്കിൽ താൻ. കാരണം അവന്, അല്ലെങ്കിൽ തനിക്ക് പകരക്കാരനാകുകയായിരുന്നല്ലോ തങ്ങളുടെ ജീവിത നിയോഗം. 

    ജീവിതത്തിന്റെ ആവശ്യങ്ങൾ ഒരിക്കലും തങ്ങളെ തിരികെ എത്തിച്ചില്ല, തിരികെ വരുമെന്ന് വാർത്ത കേൾക്കു.വാനായി ……… എന്ന പാട്ടിന്റെ വരികൾ മുളുന്പോൾ, സ്വപ്നം എന്നും മനസ്സിൽ കൂടുതൽ മിഴിവോടെ ജ്വലിച്ചിരുന്നു. എന്നും സ്വയം എരിയുന്ന വിളക്ക് കാലുകൾക്ക് വെളിച്ചം പകരാനല്ലേ കഴിയൂ. വെളിച്ചത്ത് നടക്കാൻ കഴിയില്ലല്ലോ. അപ്പോൾ കപ്പലിന്റെ ഡക്കിൽ സൂര്യവെളിച്ചം പട൪ന്ന്  തുടങ്ങിയിരുന്നു. തണുപ്പുകാലത്തിന്റെ വരവറിയിച്ചുകൊണ്ട് കിഴക്കൻ ചക്രവാളം ചുവപ്പിന്റെ ചായം എടുത്തണിഞ്ഞു. 

   പരിശീലനം കഴിഞ്ഞു കരയിലെ പ്ലാന്റിൽ ഒരാഴ്ച ജോലി ചെയ്തു. അത് പെട്രോളിയം വേർതിരിക്കുന്ന വലിയ പ്ലാന്റ് ആയിരുന്നു. ഒരു ദിവസം വൈകുന്നേരം, നാളെ ദൂരേക്ക്‌ പോകാൻ റെഡി ആകാൻ പറയുന്പോൾ രാത്രി ഷിഫ്റ്റ്‌ എന്നെ പറഞ്ഞുള്ളു. യാത്ര തുടങ്ങുന്പോൾ ആണ് അറിയുന്നത് കടലിന്റെ നടുവിൽ ഒറ്റപ്പെട്ട തുരുത്തുപോലെ ആണ് ജോലി ചെയ്യേണ്ട സ്ഥലം എന്ന്. ഇരുന്പിൽ മനുഷ്യൻ നിർമ്മിച്ച തികച്ചും ഒറ്റപ്പെട്ട ഒരു ചെറിയ പ്ലാന്റ്. ചുറ്റുമുള്ള എണ്ണക്കിണറുകളിൽ നിന്ന് ക്രൂഡ് ശേഖരിച്ച് തീരത്തെ വലിയ സംഭരണികളിലേക്ക് അയക്കുന്ന ഇടത്താവളം ആയിരുന്നു അത്. അവിടെ പകൽ മാത്രം മുന്ന് പേർ, അത് നാട്ടുകാരായ അറബികൾ ഉണ്ടാകും. രാത്രി കരയിൽ നിന്ന് തന്നെ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ആണ് അതിന്റെ നിർമ്മിതി. 

     കാലത്ത് അത്തരം പ്ലാന്റുകൾക്ക് ഉണ്ടായ സുരക്ഷ വെല്ലുവിളിയാണ് തങ്ങൾക്ക് അവിടെ ജോലി കിട്ടാനുണ്ടായ കാരണം. അവിടെ രാത്രി മാത്രമല്ല പകൽപോലും അന്നാട്ടുകാർ ജോലി ചെയ്യാൻ താല്പര്യപ്പെട്ടിരുന്നില്ല. അത് തങ്ങൾക്കുള്ള നറുക്കായി. നാട്ടിലെ ജീവിത പ്രാരബ്ധങ്ങൾക്ക് മറുമരുന്നായി ദൈവം നൽകിയ വരം എന്നാണ് അവിടേക്ക് യാത്രയാകുന്പോൾ തോന്നിയിരുന്നത്. കാരണം ആകർഷകമായ ശന്പളവും ഒരു മാസത്തിൽ ഒരു മാസം അവധിയും, അത്യാകർഷമായ ഒരു സമ്മാനം തന്നെ ആയിരുന്നു കാലത്ത്. ഇന്ന് കുടുംബത്തിന്റെ നാട്ടിലെ അവസ്ഥ വളരെ മാറിയിരിക്കുന്നു. കുട്ടികൾ ആകാശം സ്വപ്‌നം കാണുകയും പിടിച്ചടക്കുകയും ചെയ്തിരിക്കുന്നു. അയാളിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉയർന്നു. 

     ആദ്യ ദിവസം വളരെ നന്നായി പോയി, കൺട്രോൾ റൂമിൽ നിന്ന് റേഡിയോ ഓപ്പറേറ്ററുടെ നിരന്തരമായ വിളികളും, അതിന്റെ മറുപടിയും ഓപ്പറേറ്റർ റൂമിലെ നിയോൺ വെളിച്ചവും സമയം പോയത് അറിഞ്ഞേ ഇല്ല. വെളിച്ചം വീണപ്പോൾ കപ്പലിന്റെ മുരളിച്ചയാണ് പകലോന്റെ സാന്നിധ്യം അറിയിച്ചത്. റൂമിലേക്ക്‌ തിടുക്കത്തിൽ കടന്നു വന്ന അറബികളുടെ മുഖത്തെ ആകാംഷ അയാൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. സാധാരണപോലെ രാത്രി ഷിഫ്റ്റിന്റെ വിവരങ്ങൾ കൈമാറി കാത്ത് നിന്ന കപ്പലിൽ കരയിലേക്ക് യാത്ര ചെയ്യുന്പോൾ ഒരു തണുത്ത കാറ്റ് അയാളെ തഴുകി പോകുന്നുണ്ടായിരുന്നു. 

   അവിടുത്തെ രാത്രികൾ അയാൾ ഇഷ്ട്ടപ്പെട്ടു തുടങ്ങി, സായാഹ്നങ്ങൾ കടന്നു വരുന്നത് ആകാംഷയോട് കാത്തിരുന്നു. ഒരു മാസം കഴിഞ്ഞാൽ തന്റെ പ്രിയപ്പെട്ട നാട്ടിലേക്ക് പറക്കാം, ഒരു പക്ഷേ ചിന്തകൾ ആണ് അയാളെ വൈകുന്നേരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചത്. കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി, റേഡിയോയിൽ വിളികൾ കുറഞ്ഞു, പ്ലാന്റിലെ കൺട്രോൾ റൂമിൽ സമയം കൂടുതൽ ദീർഘിപ്പിക്കും പോലെ തോന്നി. ഇടനേരങ്ങളുടെ ദൈർഘ്യം അലോരസമുണ്ടാക്കി. റൂമിൽ നിന്ന് അയാൾ പുറത്തിറങ്ങി തുടങ്ങി. രാത്രിയുടെ നിശബ്ദതയിൽ മുരളുന്ന യന്ത്രങ്ങളുടെ ശബ്ദം മാത്രമാണ് അയാൾക്ക്‌ കൂട്ട്. വെളിച്ചം പകരാൻ നിയോൺ ബൾബുകളുടെ തിളക്കവും മാത്രം. കൈയിൽ കരുതുന്ന വാക്കി ടോക്കിയിൽ കരയിലേക്കുള്ള ബന്ധങ്ങൾ തുടർന്നു. 

     പ്ലാന്റിന്റെ മഞ്ഞ കൈവരികളിൽ പിടിച്ചു നിന്ന് അയാൾ കടലിന്റെ അഗാധതയിലേക്ക് നോക്കി, അവിടെ മുകളിലെ വെളിച്ചത്തിന്റെ പ്രഭതേടി എത്തുന്ന നിശാ ശലഭങ്ങൾ ചിറകറ്റ് വീണു പിടക്കുന്നു. അവയെ വായിലാക്കുന്ന ചെറുമീൻ കൂട്ടങ്ങൾ. അവക്ക് ചുറ്റും ഇടത്തരം മീനുകളും. അത് കഴിഞ്ഞാൽ എങ്ങും അന്ധകാരം മാത്രം, കടൽ അങ്ങനെ നീണ്ടു നിവർന്നു കിടക്കയാണ്. അവയുടെ അഗാധതയിൽ പുളക്കുന്ന കൂറ്റൻ സ്രാവുകൾ വിഹരിക്കുന്നു എന്ന് ഇവിടേയ്ക്ക് വരും മുൻപ് പറഞ്ഞിരുന്നത് അയാൾ ഓർത്തു. ചോരയുടെ മണം കിട്ടിയാൽ അവൻ കിലോമീറ്ററുകൾ താണ്ടി പാഞ്ഞു വരും പോലും. അതിൽ മനുഷ്യനെ തിന്നുന്നവയും ഉണ്ടെന്ന് കേട്ടപ്പോൾ അയാളുടെ ശരീരം ഒന്ന് വിറച്ചു. കൈവരികൾ വിട്ട് പ്ലാന്റിന്റെ നടുവിലേക്ക് അയാൾ വേഗം നടന്നു പോയി. 

അയാൾ ഉയരം കൂടിയ പ്ലാറ്റ്ഫോമുകളിൽ കയറി നിന്നു. അവിടെ നിന്നാൽ കൂടുതൽ ദൂരം കാണാം, അങ്ങ് കരയിൽ മുനിഞ്ഞു കത്തുന്ന നക്ഷത്രവിളക്കിന്റെ വെട്ടം മോഹിപ്പിക്കുന്നവ തന്നെ. അതിൽ ഉയരത്തിൽ കത്തുന്ന വിളക്ക് തീരത്തെ ചെറിയ പോർട്ടിനെ സൂചിപ്പിച്ചു. എന്നും അവിടെ നിന്നാണ് അയാൾ ഇവിടേയ്ക്ക് വരുന്നതും തിരിച്ചു ചെന്നിറങ്ങുന്നതും. ചൂട് കാലം ആയിരുന്നെങ്കിലും കടലിലെ രാത്രിക്ക് തണുപ്പാണ് എന്ന് തോന്നിയ ദിവസങ്ങൾ. അയാളെ തഴുകിയ കാറ്റിന് എന്നും കുളിരായിരുന്നു, ഉള്ളിലെ ചൂട് തണുപ്പിക്കുന്ന കുളിര്. പലപ്പോഴും അതിന് സുഗന്ധദ്രവ്യമായ ഊദിന്റെ ഗന്ധം പടരുന്നത് അയാൾ അറിഞ്ഞെങ്കിലും അത് അവഗണിച്ചു. നടുക്കടലിൽ എവിടെ സുഗന്ധ ദ്രവ്യങ്ങൾ, മനസിന്റെ തോന്നലിനെ അയാൾ പരിഹസിച്ചു. 

   പതിവ് കറക്കം കഴിഞ്ഞു കൺട്രോൾ റൂമിലേക്ക്‌ തിരിച്ചു നടക്കുന്പോൾ അന്ന് രാത്രി പന്ത്രണ്ട് മണി കഴിഞിരുന്നു, ചുറ്റും നല്ല തണുപ്പ് പടർന്ന രാത്രി, ചുറ്റുപാടുകളിൽ മുരളുന്ന യന്ത്രങ്ങളും, ഉള്ളിലെ ദ്രാവകത്തിന്റെ മർദ്ദത്തിൽ ഓളിയിടുന്ന പൈപ്പുകളെയും അവഗണിച്ച് അയാൾ നടന്നു. അപ്പോൾ റേഡിയോയും നിശ്ശബ്ദമായിരുന്നു, കരയിലെ മനുഷ്യരും തണുപ്പിന്റെ കാഠിന്യത്തിൽ ഉറങ്ങി പോയിരുന്നിരിക്കാം, അയാൾ ചിന്തിച്ചു. തണുപ്പിനെ പ്രതിരോധിക്കാൻ കന്പിളി അണിഞ്ഞിരുനെങ്കിലും അയാളുടെ ശരീരവും തണുപ്പ് ആക്രമിക്കാൻ തുടങ്ങി. മനസ്സിൽ ഒരു ചൂട് കാപ്പി കുടിക്കാൻ വെന്പൽ തുടങ്ങി. 

   പിന്നിൽ തുറന്നടഞ്ഞ ഇരുന്പ്‌വാതലിന്റെ ശബ്ദം അവഗണിച്ചു കാപ്പിക്കായി ഹീറ്റർ ജഗ്ഗ് തേടുന്പോൾ കൺട്രോൾ റൂമിൽ നിന്ന് ഓപ്പറേറ്ററുടെ ശബ്ദം അയാളെ തടഞ്ഞു. ഡിസ്പ്ലേയ് കംപ്യൂട്ടറിന്റെ മുന്നിലേക്ക് നടക്കുന്പോൾ മനസ്സിൽ അയാളെ പ്രാകുകയായിരുന്നു, അയാൾ ചൂട് കാപ്പി വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓപ്പറേറ്ററുടെ ചോദ്യങ്ങൾക്ക് കമ്പ്യൂട്ടറിൽ നോക്കി മറുപടി പറയുന്പോൾ മൂക്കിൽ തുളച്ചുകയറിയ ചൂട് കാപ്പിയുടെ ഗന്ധം അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി. അവിടെ ആരോ അയാൾക്കായി നല്ല ചൂട് കാപ്പി തയാറാക്കി വച്ചിരിക്കുന്നു. ആർത്തിയോട് അത് മോത്തി കുടിക്കുന്പോൾ അയാളുടെ മനസ്സ് അതിന്റെ രുചിയിൽ മുഗ്ദനായിരുന്നു. അപ്പോൾ ഇവിടെ രാത്രിയിൽ താൻ അല്ലാതെ ആര് എന്ന ചിന്ത അയാളുടെ മനസ്സിലേക്ക് വന്നതേ ഇല്ല. 

     അടുത്ത ദിവസത്തെ പുലരിയിലെ തിരിച്ചു പോക്കിൽ അയാൾ കഴിഞ്ഞ രാത്രിയെ അപഗ്രഥനം ചെയ്തപ്പോൾ ഒരു കൊള്ളിയാൻപോലെ കാപ്പി കടന്നു വന്നു. ആരാണ് അപ്പോൾ അവിടെ കാപ്പിയുമായി, അയാളുടെ ശരീരത്തെ രോമകൂപങ്ങൾ എഴുന്നു വന്നു. വൈകുന്നേരം, അറബികളുടെ ചോദ്യമാണ് അയാളിൽ സംശയത്തിന്റെ അഗ്നി കൂടുതൽ ജ്വലിപ്പിച്ചത്. കൺട്രോൾ റൂമിലെ മീനിന്റെ ശല്ക്കങ്ങൾ അവർക്ക് തോന്നിയത് രാത്രിയിൽ തന്റെ മീൻപിടിയെയും അതിന്റെ പാചകത്തെയുംപറ്റിയാണ്. എന്നാൽ മേനോൻ അവിടെ കണ്ടത് അസാമാന്യ വലുപ്പമുള്ള ശല്ക്കങ്ങൾ ആയിരുന്നു. വെള്ളയിൽ നീലഛവി പടർന്ന പളുങ്കുപോലെയുള്ള ശല്ക്കങ്ങൾ. മേനോൻ അത് എടുത്ത് മണപ്പിച്ചു, അതിന്റെ ഗന്ധം സുഗന്ധദ്രവ്യങ്ങളെ തോൽപ്പിക്കുന്നവ ആയിരുന്നു. 

      അന്ന് അയാൾ പുറത്തിറങ്ങി ഇല്ല. മാസത്തിലെ അപ്‌ഡേറ്റും കണക്കുകളുടെ കളിയും ഒക്കെയായി അർദ്ധരാത്രി കടന്നു വന്നത് അയാൾ അറിഞ്ഞതേ ഇല്ല. പുറത്ത് പൂർണ്ണചന്ദ്രൻ നിലാവ് പരത്തി ഉയർന്നു വന്നു. നീലക്കടലിന്റെ ഇളംപരവതാനി ശോഭയിൽ തിളങ്ങി. പ്രകൃതിക്ക് മൊത്തത്തിൽ ഒരു നവോഢയുടെ ഭാവം പകർന്നിരുന്നു. അപ്പോഴും മേനോൻ തന്റെ പ്രവർത്തിയിൽ മുഴുകി, കംപ്യുട്ടർ സ്ക്രീനിലും, മേശയുടെ പുറത്തെ കടലാസ്സിലും കണക്കുകൊണ്ട് മല്ലിട്ട് സമയം കൊല്ലുകയായിരുന്നു. മുന്നിലെ സീ. സീ.ടീവി സ്‌ക്രീനിൽ എന്തോ ഒന്ന് മിന്നി മറഞ്ഞപോലെ അയാൾക്ക്‌ തോന്നിയത് പെട്ടന്നാണ്. അയാൾ അതിലേക്ക് സൂക്ഷിച്ചു നോക്കി. ഒന്നും കാണ്മാൻ ഉണ്ടായിരുന്നില്ല.   

   അത് കടൽക്കാക്കൾ  ആയിരിക്കും അയാൾ ആശ്വസിച്ചു. പിന്നെയും അയാളുടെ തിരക്കുകളിലേക്ക് അയാൾ ഊളിയിട്ടു. വീണ്ടും മിന്നായം കണ്ടപ്പോൾ അയാൾ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നു. അയാളുടെ ഭയം അവിടേക്ക് കടന്നു വരാൻ സാദ്ധ്യതയുള്ള ഭീകരൻമാരെപ്പറ്റിയായിരുന്നു. അടുത്ത രാജ്യത്തിന്റെ കടൽ അതിർത്തിയിലേക്ക് അധികം ദൂരമില്ലാത്ത പ്ലാന്റിൽ ആരെങ്കിലും കടന്ന് വരാനുള്ള സാദ്ധ്യത വളരെ കൂടുതൽ എന്ന് അയാൾ വിശ്വസിച്ചിരുന്നു. പട്ടാളം കണ്ണിൽ എണ്ണ ഒഴിച്ചു കാവൽ നിന്നാലും, വല്ലവനും വന്നു കിഡ്നാപ്പ് ചെയ്താലോ എന്ന ഭയം അയാളെ കൂടുതൽ ചകിതനാക്കി. 

    റിമോട്ട് കൈയിൽ എടുത്ത് ക്യാമറകൾ അയാൾ തിരിച്ചു തുടങ്ങി, പ്ലാന്റിന്റെ ഓരോ മൂലകളിലും ക്യാമറാകണ്ണുകൾ എത്തി, എവിടെയും ശൂന്യം. അയാൾ പ്ലാന്റിന്റെ പുറത്തേക്ക് അവയുടെ കണ്ണുകൾ തിരിച്ചു. ചന്ദ്രികയിൽ കുളിച്ചു കിടന്ന കടൽപ്പരപ്പ്‌ ശാന്തമായിരുന്നു, എങ്ങും എവിടെയും നിലാവിന്റെ മനോഹാരിത ഒരു വശ്യത പടർത്തി. കുഞ്ഞോളങ്ങൾ തെറുത്തു മടങ്ങുന്ന കടൽപ്പരപ്പ്‌ മനോഹരമായ കാഴ്ച തന്നെ. അതിൽ മുഴുകി എത്രനേരം, അയാൾ സ്വയം മറന്നിരുന്നു. മാസികയിൽ തുളച്ചുകയറിയ കാപ്പിയുടെ മനം മയക്കുന്ന ഗന്ധം അയാളെ ആരോ കുലുക്കി ഉണർത്തിയപോലെ വർത്തമാനകാലത്തിലേക്ക് എത്തിച്ചു. 

     മുന്നിലെ മേശയിൽ ആവിപടർത്തുന്ന ചൂട് കാപ്പി, മുറി തികച്ചും നിശബ്ദമാണ്, അയാൾ ജിഞ്ജാസയോട് എഴുനേറ്റു നടന്നു. വലിയ ക്യാബിന്റെ  പുറത്തോട്ടുള്ള വാതിലുകൾ ചേർത്തടച്ചിരിക്കുകയാണ്. അയാൾ അതിന്റെ ഒരു വശം ചേർന്നുള്ള ചെറിയ വിശ്രമമുറിയിലേക്ക് നോക്കി, അവിടവും ശൂന്യമാണ്. എന്നാൽ അതിൽ മനം മയക്കുന്ന ഗന്ധം പടർന്നിരുന്നു. അതിന്റെ സൈഡിൽ ഉള്ള കിച്ചൺ തുറന്നു, അതിന്റെ വാഷ്‌ബേയ്‌സിനിൽ അപ്പോൾ ഉപയോഗിച്ചപോലെ നനവ് പടർന്നിരുന്നു, ഹീറ്റർ ജഗ്ഗ് കഴുകി കമഴ്ത്തിയും. തറയിൽ വിരിച്ചിരിക്കുന്ന പരവതാനി നനഞ്ഞും കണ്ടപ്പോൾ അയാൾ അവിടെ താഴ്ന്നിരുന്നു. അവിടെ ഇവിടെയായി നിറയെ നീലഛവി പടർന്ന മീൻ ചെതുമ്പലുകൾ. അത് വളരെ മനോഹരമായ കാഴ്ചയായിരുന്നു. 

അയാൾ അത് ഒന്നൊന്നായി കൈയിൽ പെറുക്കി, ക്യാമ്പിന്റെ ഇരുന്പ്‌ വാതിൽ ശബ്ദത്തോട് തുറന്നടയുന്ന ശബ്ദം കാതിൽ വീണപ്പോൾ അയാൾ ഒന്ന് ഞെട്ടി, പിന്നെ അവിടേക്ക് പാഞ്ഞു. വാതിൽ തള്ളി തുറന്ന് പുറത്തേക്ക് നോക്കുന്പോൾ അവിടെ വിജനം ആയിരുന്നു, എങ്കിലും ഒരു വല്ലാത്ത സുഖമുള്ള ഗന്ധം കാറ്റ് അയാളിലേക്ക് എത്തിച്ചു. മേനോൻ കാറ്റിനെ പിന്തുടർന്നപ്പോൾ വെള്ളത്തിൽ എന്തോ ശക്തിയായി പതിക്കുന്ന ശബ്ദം അയാളെ വടക്കേ ദിശയിലേക്ക് അടുപ്പിച്ചു. കടലിൽ അപ്പോഴും വലിയ ഓളങ്ങൾ ബാക്കി ആക്കി, വസ്തു അതിന്റെ ആഴങ്ങളിൽ പുൽകിയത് അയാൾക്ക്‌ കാണാമായിരുന്നു. ഉള്ളിൽ അവശേഷിച്ച സംഭ്രമവുമായി, അകത്തേ സുഗന്ധപൂരിതമായ ശൽക്കങ്ങൾ തേടി അയാൾ നടന്നു.   

    ബെഡ് റൂമിലെ ഫോൺ തുടർച്ചയായി ശബ്ദിക്കുന്പോൾ മേനോൻ ആവേശഭരിതമായ ഒരു രതിസംഗമ തളർച്ചയിൽ മയങ്ങുകയായിരുന്നു. അയാളുടെ രോമാസമൃദ്ധമായ നഗ്നമാറിൽ വിവസ്ത്രയായി തളർന്നുറങ്ങുകയാണ്, കൃതിക, അയാളുടെ സഹധർമ്മിണി. ഒരുമാസമായി പിടിച്ചുവച്ചിരുന്ന വികാരങ്ങൾ ഇറക്കിവച്ച ആശ്വാസവും തളർച്ചയും അയാളിലും പ്രകടമായിരുന്നു. ഇടയിൽ രസം കൊല്ലിയായി പാതിരാവിൽ വന്ന ഫോണിനെ തുറിച്ചു നോക്കി അയാൾ കടന്നെടുത്തു. 

     മറുതലക്കൽ പരിഭ്രാന്തനായ നരേൻ.... അവന്റെ ശബ്ദം ചിലന്പിച്ചിരുന്നു, കിതപ്പും, പതറലുമായി അവൻ കാര്യങ്ങൾ വിശദീകരിച്ചു. ഒരു പൊട്ടിച്ചിരി ആണ് മനസ്സിൽ വന്നെങ്കിലും കൃതിക ഉണരും എന്ന പേടിയിൽ അയാൾ പതിയെ ചിരിച്ചു, എന്നിട്ട് നരേനെ ആശ്വസിപ്പിച്ചു. നീ ഒന്നും പേടിക്കേണ്ട... അത് നിന്നെ ഒന്നും ചെയ്യില്ല. അയാൾ അയാളുടെ പഴയ അനുഭവങ്ങൾ വിവരിച്ചു. അത് നരേൻ പറഞ്ഞത് തന്നെ ആയിരുന്നു. നീ ഒരിക്കലും അതിന് വഴി മുടക്കാൻ പോകേണ്ട... കാപ്പി ആസ്വദിച്ചു കുടിച്ചിട്ട് ജോലി തുടരുക. തൽക്കാലം നരേന്റെ ശബ്ദത്തിൽ ഒരു ആശ്വാസം ഉണ്ടെങ്കിലും പേടി വിട്ട് മാറിയില്ല എന്ന് അയാൾക്ക്‌ തോന്നി. 

     ഫോൺ ക്രെഡിലിൽ നിക്ഷേപിച്ചിട്ട് മുറിഞ്ഞുപോയ ഉറക്കം മുഴുമിപ്പിക്കാൻ, അയാൾ ഭാര്യയുടെ ഇളം ചൂട് നിറഞ്ഞ ശരീരത്തിന്റെ മാംസളതയിലേക്ക് ചേക്കേറുന്പോഴും താൻ കണ്ട കാഴ്ചകളുടെ ഉണ്മ അയാളെ വേട്ടയാടിക്കൊണ്ടേ ഇരുന്നു. അതിന്റെ സത്യം കണ്ടു പിടിക്കണമെന്നുള്ള ചിന്ത മനസ്സിൽ ചുരമാന്തുന്നുണ്ടായിരുന്നു. അന്ന് ചെതുമ്പലുകൾ തുട൪ച്ചയായി കണ്ട പകലുകളിൽ ഷിഫ്റ്റ്‌ കയറാൻ വന്ന അറബിയുടെ ഭയം കലർന്ന മുഖവും വിവരണവും അപ്പോഴും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു, അത് അയാൾ നരേന് പറഞ്ഞുകൊടുത്തതേയില്ല.

  അറബി പറഞ്ഞത് ഇതായിരുന്നു, അവന്റെ രണ്ട് സുഹൃത്തുക്കളുടെ ദുരൂഹത നിറഞ്ഞ മരണം, അതാണ് നാട്ടുകാരെ അവിടെ ജോലി ചെയ്യാൻ ഭയപ്പെടുത്തുന്നത് പോലും. അതറിയാതെ കടന്നു വന്ന ഹതഭാഗ്യർ ആണ് നിങ്ങൾ എന്ന് അവൻ പറഞ്ഞപ്പോൾ മേനോന്റെ മനസ്സിൽ ഭയം പത്തി വിരിച്ചാടാതിരുന്നില്ല. പിന്നിലെ ജീവിത യാഥാർഥ്യവും, മാസാമാസം ബാങ്കിൽ വരുന്ന കനത്ത തുകയും പിന്തിരിഞ്ഞോടലിൽ നിന്ന് അയാളെ തടഞ്ഞു. അറബി പറഞ്ഞത് ഒരുത്തൻ തികച്ചും പൈശാചികമായാണ് കൊല്ലപ്പെട്ടത് എന്നാണ്, അടുത്തത് എന്തോ കണ്ട് ഭയന്നത് പോലെ കണ്ണ് തള്ളിയും. അത് വിവരിക്കുന്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. എന്തോ പൈശാചിക ശക്തിയെ ഭയപ്പെടും പോലെ. എങ്കിലും മേനോന്റെ മുഖം നിർവികാരമായിരുന്നു. അന്നും ഇത്തരം മീൻ ചെതുമ്പലുകൾ പോലീസ് അവിടെ നിന്നും കണ്ടെടുത്തിരുന്നു പോലും. 

   ഒരു മാസം മേനോൻ പ്രാർത്ഥിച്ചത് അവധി പെട്ടന്ന് അവസാനിച്ച് അടുത്ത ഡ്യൂട്ടി സമയം ആഗതമാകണമേ എന്നായിരുന്നു. അയാളിൽ ഒരു പ്രത്യേക ജിഞ്ജാസ ഉടലെടുത്തിരുന്നു, അവിടുത്തെ അസ്വാഭാവികതയുടെ നേര് തിരഞ്ഞു പോകാനായി.. അയാളുടെ ജോലി എന്നും തുടങ്ങിയിരുന്നത് വെളുത്തപക്ഷത്തിൽ ആയിരുന്നു, അവസാനിക്കുന്നത് കറുത്ത പക്ഷത്തിലും. പ്രാവിശ്യം അയാൾ പൗർണ്ണമി കാത്തിരുന്നു, അയാളെ തേടി വരുന്ന ചൂട് കാപ്പി വരുന്നതും കാത്ത്...... 

   പതിവ് പോലെ ജോലി സ്ഥലത്ത് എത്തി അന്നും ദിവസേനയുള്ള കർത്തവ്യങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കി അയച്ചപ്പോൾ നേരം കുറെ ആയിരുന്നു. വായിൽ തുടർച്ചയായി കടന്നു വന്ന കോട്ടുവാ.... പുറത്തു വിട്ട് അയാൾ കസേരയിൽ നിവർന്നിരുന്നു, ഉറക്കം വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു. ചന്ദ്രൻ മുകളിൽ വന്നിരിക്കുന്നു, നിലാവ് പരന്ന് തെളിഞ്ഞ ആകാശം. മരുന്നിന് പോലും മേഘങ്ങൾ കാണുന്നുണ്ടായിരുന്നില്ല. അയാൾ പ്ലാന്റിൽ ചുറ്റി നടന്നു. ഉറക്കം മാറി എന്ന് തോന്നിയപ്പോൾ തിരിച്ച് കൺട്രോൾ റൂമിലേക്ക്‌ നടന്നു. 

     അകത്ത് കടന്നപ്പോൾ അയാൾ ആശ്യര്യപ്പെട്ടു, മനം മയക്കുന്ന സുഗന്ധം മുറിയിൽ ആകെ പടർന്നിരിക്കുന്നു. അതിന്റെ ഹൃദ്യത പറഞ്ഞറിയിക്കാൻ കഴിയാത്തവ തന്നെ. അയാൾ അയാളുടെ മേശയിലേക്ക് നോക്കി, അവിടെ ആവിപറക്കുന്ന കാപ്പിക്കപ്പ് അയാളെ കാത്തിരിക്കുന്നു. പിന്നെ അമാന്തിച്ചില്ല അയാൾ കിച്ചണിലേക്കു ഓടി. ശരിയാണ് അവിടെ ആരോ പെരുമാറിയിരിക്കുന്നു. അയാൾ തറയിൽ കുന്തിച്ചിരുന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. അന്നും അയാൾ കണ്ടു ചിതറിക്കിടക്കുന്ന തിളങ്ങുന്ന ചെതുമ്പലുകൾ ഒപ്പം നല്ല കരിനീലനിറമുള്ള നീണ്ട മുടിയിഴകളും. അത് എല്ലാം അയാൾ ഒരു കുട്ടിയുടെ കൗതുകത്തോട് പെറുക്കി എടുത്തു. പിന്നിൽ വാതിൽ തുറന്നടഞ്ഞത് അയാൾ അറിയുന്നതേ ഉണ്ടായിരുന്നില്ല. 

   അടുത്ത ദിവസം പൗർണ്ണമി ആയിരുന്നു, മേനോന്റെ മനസ്സിൽ അത് ഓർമ്മ വന്നേ ഇല്ല. അയാൾ എന്നത്തേയും പോലെ പതിവ് ജോലികൾ തീർത്ത് കസേരയിൽ ചടഞ്ഞിരുന്നു, ഒരു ഉദാസീനത അയാളുടെ ശരീരം ആകെ പടർന്നപ്പോൾ ഫോൺ എടുത്ത് കൃതികയേ വിളിച്ചു. വീട്ടിലെ പ്രാരാബ്ധങ്ങളും കുട്ടികളുടെ കുസൃതിയും വിവരിച്ചു സമയം കുറെ പോയി. പിന്നെ അയാൾ റിമോർട്ട് കൈയ്യിൽ എടുത്ത് ക്യാമറ പതിയെ ചുറ്റിച്ചു. നേരം പാതിരയോട് അടുക്കുകയായിരുന്നു. ലോകം ആകെ വെണ്മയിൽ പൊതിഞ്ഞു ചിരി തൂകി നിൽക്കുന്ന വെൺചന്ദ്രിക. തിളങ്ങുന്ന കടൽപ്പരപ്പ്‌ ചെറുതിരകളാൽ മനോഹരമായിരുന്നു. മനസ്സിൽ നുരയിട്ട പ്രേമസങ്കൽപ്പങ്ങളുടെ സ്വപ്നങ്ങളുമായി അയാൾ റിമോട്ടിൽ തെരുപ്പിടിപ്പിച്ചുകൊണ്ടേ ഇരുന്നു. 

    ശാന്തമായ കടലിൽ ഒരു വലിയ മത്സ്യത്തിന്റെ മുതുക് ചിറക് പൊന്തിയത് പെട്ടന്നാണ്, പിന്നെ അതിന്റെ ഭീമാകാരമായ വാൽച്ചിറകുകളും. അതിന്റെ ശക്തിയായ വീശലിൽ കടലിൽ വലിയ തിരകൾ സൃഷ്ടിക്കപ്പെട്ടു. മേനോൻ അത് കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു. നൊടിയിടയിൽ മത്സ്യത്തിന്റെ രൂപം പകുതിയോളം മുകളിലേക്ക് പൊന്തി. അതിന്റെ മുതുകിനും തലക്കുമിടയിൽ ചടഞ്ഞിരിക്കുന്ന ഒരു മോഹനമായ സ്‌ത്രീ രൂപം കണ്ട് അയാൾ ശ്വാസം നിലച്ചിരുന്നുപോയി. കാഴ്ച അയാൾ കണ്ണുകൾ പിൻ വലിക്കാതെ നോക്കി ഇരുന്നു. അവൾ മത്സ്യത്തെ പ്ലാന്റിന്റെ അടുത്തേക്ക് നയിക്കുകയാണ്, പ്ലാന്റിന്റെ അടുത്തെത്തിയപ്പോൾ അവൾ വെള്ളത്തിലേക്ക് ചാടി, നീന്തി കീഴ് വശത്തെ പടികളിൽ പിടിച്ചു ഒരഭ്യാസിയെപ്പോൾ അവൾ മുകളിൽ കയറി. 

  നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ അവളുടെ നീലമുടിച്ചുരുൾ കരിനാഗങ്ങളെപ്പോലെ അവളെ ചുറ്റിപിണഞ്ഞു. അവൾ ക്യാമറയിലേക്ക് തുറിച്ചു നോക്കിയപ്പോൾ നീല കണ്ണുകളിൽ സാഗരത്തിന്റെ മുഴുവൻ ഭംഗിയും നിഴലിച്ചിരുന്നു. അരക്ക് മുകളിൽ മനുഷ്യരൂപവും താഴെ മകരമൽസ്യത്തിന്റെ രൂപവും മിയന്ന അവൾ അതിമനോഹാരിയായിരുന്നു.  

    തിരമാലയിൽ കപ്പൽ ആടി ഉലഞ്ഞപ്പോൾ മേനോന്റെ പിടി വിട്ടുപോയി. പഴയ ചിന്തകളിൽ നിന്ന് ഉണർന്ന് അയാൾ കടലിലെ വിദൂരതയിലേക്ക് നോക്കി. അതാ അവിടെ ഉയർന്നു ചാടുന്ന ഡോൾഫിനുകൾ, അവരുടെ ആഹ്ലദനൃത്തം വശ്യമനോഹരം തന്നെ ഒന്നിന് പുറകെ ഒന്നായി, പിന്നിൽ തിളങ്ങുന്ന സൂര്യബിംബവും, കാഴ്ച അയാൾ നോക്കി ഇരുന്നു....

    ഡോൾഫിനുകൾക്കിടയിൽ ഭീമാകാരമായ മുതുക് ചിറകുകൾ ഉയർന്നു വന്നത് പെട്ടന്നാണ്, ഒപ്പം വലിയ വാൽചിറകുകളും. അധികം താമസിയാതെ ഡോൾഫിനുകൾ അപ്രത്യക്ഷരായി, ഉയർന്നുവന്ന വലിയ മത്സ്യത്തിന്റെ മുതുകിൽ കൈകൾ ഉയർത്തി വീശിക്കൊണ്ട്, അതാ അവൾ അവളുടെ നീലക്കണ്ണുകൾ ഇപ്പോഴും തിളങ്ങുകയാണ്. കാലം തന്നിൽ ജരാനരകൾ സൃഷ്ടിച്ചെങ്കിലും തന്റെ കൂട്ടുകാരി ഇപ്പോഴും യുവതി തന്നെ. പവിഴവും മുത്തുകളും കൊണ്ടുത്തന്ന, കടലിന്റെ അഗാധതയിലെ അത്ഭുതങ്ങൾ കഥകളായി തന്നെ കേൾപ്പിച്ച തന്റെ പ്രിയ സുഹൃത്ത് അവൾ ഇപ്പോഴും കാലത്തിന്റെ തലോടലിൽ നശിക്കാത്ത യൗവനയുക്തയായി പുഞ്ചിരിച്ചു അയാളെ യാത്രയാക്കി. 

  അന്ന് പിടിക്കപ്പെട്ട് മുന്നിൽ നിന്നപ്പോൾ മുഖത്ത് തെളിഞ്ഞ ജാള്യത ഇപ്പോഴും അവളുടെ ഭാവങ്ങളിൽ തെളിഞ്ഞു കത്തുന്നപോലെ അയാൾക്ക്‌ അനുഭവപ്പെട്ടു. വർഷങ്ങൾ ഒറ്റപ്പെട്ട രാത്രികളിൽ ഒരു അനിയത്തികുട്ടിയായി, കാവൽ ഇരുന്ന അവളെ ഒരിക്കൽ കൂടി കാണാതെ പോയാൽ ഒരിക്കലും ശാന്തി കിട്ടില്ല എന്ന് അയാൾക്കറിയാമായിരുന്നു. തിരിച്ചുപോക്കിന്റെ ദിവസങ്ങൾ അടുത്തപ്പോൾ തന്റെ ആഹ്ലാദം അവൾ മണത്തറിഞ്ഞു. ഇനിയും അധികദിവസം കാണാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ തടയാൻ അവൾ ശ്രമിച്ചു. നരേന്റെ വിടവാങ്ങൽ അവളെ തകർത്തിരുന്നു, തന്നെ പോലെ തന്നെ. പിണങ്ങിയ അവൾ പിന്നെ ഇന്നാണ് തിരിച്ചു വരുന്നത്. ഡക്കിൽ നിന്ന് അയാളും കൈ നിവർത്തി വീശി. 

പിന്നിൽ തിരിതെറുത്തുയർന്ന കൂറ്റൻ തിരമാലയിൽ മുങ്ങി അവൾ മറഞ്ഞപ്പോൾ നഷ്ടബോധത്തോട് അയാൾ നോക്കി നിന്നു. അയാളുടെ മനസ്സ് അപ്പോഴും വർഷങ്ങൾ മുൻപ് അവളെ കണ്ടുമുട്ടിയ നിമിഷങ്ങളിൽ വിരഹിക്കുകയായിരുന്നു, നീണ്ട് നിവർന്നു കിടന്ന കടൽ പിന്നിലെ വെൺനുരകൾ തീർത്ത ചുഴികൾ കാട്ടികൊണ്ട് മേനോനെ നോക്കി വശ്യമായി ചിരിച്ചു. അവൾ അവളുടെ അഗാധതയിൽ ഒളിപ്പിച്ച കടംങ്കഥകളിൽ അപ്പോഴും അഭിമാനം കൊള്ളുന്നത് പോലെ തോന്നി.    


രഘുചന്ദ്ര൯ ആ൪……                                       

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ