പൂമരങ്ങൾ ഞെട്ടറ്റുവീഴുന്പോൾ

പൂമരങ്ങൾ ഞെട്ടറ്റുവീഴുന്പോൾ  


    വൈശാഖൻ ഇറങ്ങി നടന്നു നടന്നു, പിന്നിൽ ചിരിക്കുന്ന കാശിതുന്പ പൂക്കളെയോ, വേലിപ്പരത്തിയുടെ നൈർമ്മല്യമോ, ആകാശം നോക്കിനിന്ന് ചുവന്ന പൂക്കളുമായി യാത്രാമൊഴി നൽകുന്ന ആകാശമുല്ലയോ, നീല കനകാംബരത്തെയോ ഒന്നും കണ്ണിൽപ്പെടുത്താതെ അയാൾ കാലുകൾ നീട്ടി വച്ചു. അപ്പോൾ ശംഖുപുഷ്പങ്ങൾ കണ്ണെഴുതുക അല്ലായിരുന്നു, കീഴാർ നെല്ലിയും, അശോകപ്പച്ചയും കോളാന്പിച്ചെടിയും, ഓണതുന്പയും ഒക്കെ അയാളെ പിൻവിളി വിളിച്ചെങ്കിലും അതൊക്കെ കേൾക്കാൻ കഴിയാത്ത ദൂരത്തിലേക്ക് അയാൾ നടന്നു പോയിരുന്നു. 

ദൂരെ എത്തി അയാൾ തിരിഞ്ഞു നോക്കി, പഞ്ചായത്ത് ഓഫീസ് ഇപ്പോൾ മനോഹരമായിരിക്കുന്നു. പൂക്കൾ ചിരിക്കുന്ന, വണ്ടുകൾ തേൻതേടി അലയുന്ന, രജനികളിൽ മുല്ലയും പിച്ചിയും നിശാഗന്ധിയും ചിരിക്കുന്ന ഒരു മനോഹര ആരാമം. അവിടെ പകയുടെ വാടാമലരുകൾ ചിരിക്കുന്നില്ല എന്ന് ഉറച്ചു വിളിച്ചു പറയണമെന്ന് വൈശാഖന് തോന്നി. പുലരി, ചെറുമഞ്ഞിൻകണം എടുത്ത് അണിഞ്ഞിരുന്നു. എങ്ങും രാത്രിയിൽ പെയ്ത ചെറുമഴയുടെ കുളിർ പടർന്ന അന്തരീക്ഷം. അവിടെ ഒരധികപറ്റാകാതെ കടന്നു പോകണം എന്ന് ആരോ ഉള്ളിൽ നിന്നും വിളിച്ചു പറയും പോലെ അവന് തോന്നി. വിശുദ്ധിയുടെ വിമലത സ്‌പുരിക്കുന്ന മണ്ണിൽ കറപുരണ്ട തനിക്ക് എന്ത് സ്ഥാനം അയാൾ ഓർത്തു. 

വൈശാഖൻ മദ്ധ്യവയസ്സിൽ എത്തി നിൽക്കുന്ന അവിവാഹിതൻ, സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്തിലെ സെക്രട്ടറിയാണ്. വർഷങ്ങൾക്ക് മുൻപ് താൻ ആദ്യമായി കടന്നു വന്ന ദിവസം അയാളുടെ മനസ്സിലൂടെ കടന്നു പോയി. ചുറ്റും ഉപേക്ഷിക്കപ്പെട്ട ഒഴിഞ്ഞ ടാർവീപ്പകളും, മാറ്റ് മെറ്റൽ മാലിന്യങ്ങളും അതിൽ പടർന്നുകയറിയ പാഴ് വള്ളികളും ചൊറുതനവും പിന്നെ പേരറിയാത്ത കാട്ടുചെടികളും കിളിർത്ത പറന്പ്. അവക്കിടയിൽ കൂടുകൂട്ടിയ വിഷസർപ്പങ്ങൾ, അവ ഓഫീസിനകത്ത് ജോലി ചെയ്യുന്നവർക്ക് എന്നും പേടി സ്വപ്‌നമായിരുന്നു. ചുറ്റുമതിലുകൾ തകർന്ന് പേടിപ്പെടുത്തുന്ന ചുറ്റുപാടുകളിൽ നിന്ന് ചെന്പൻകുന്ന് പഞ്ചായത്ത് ഓഫീസ് ഒരുപാട് മാറിയിരിക്കുന്നു. 

നക്ഷത്രനഗരത്തിലെ പ്രശസ്തമായ കലാലയത്തിൽ നിന്ന് ചരിത്രത്തിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും കഴിഞ്ഞിറങ്ങുന്പോൾ മുന്നിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, സമൂഹത്തിൽ നന്മ ചെയ്യാൻ ഉതകുന്ന ഒരു ജോലി. അത് പഠിച്ചിറങ്ങുന്നതിന് വളരെ മുൻപേ തീരുമാനിച്ചിരുന്നു. കാരണം അതിനുള്ളിൽ അയാൾ വിദ്യാർത്ഥി ഫെഡറേഷന്റെ മുഴുവൻ സമയപ്രവർത്തകൻ ആയികഴിഞ്ഞിരുന്നു. പഠിച്ച ചരിത്രവും പൊളിറ്റിക്കൽ സയൻസും സാമൂഹികപാഠവും എല്ലാം പേർത്തും പേർത്തും പറഞ്ഞത്, അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും കഷ്ട്ടപ്പാടുകൾ മാത്രം. അവന്റെ പോരാട്ട ചരിത്രങ്ങൾ, അടിച്ചമർത്തലുകൾ, ഉപരിവർഗ്ഗത്തിന്റെ ധാർഷ്ട്ട്യങ്ങൾ എവിടെയും ദൈന്യതയുടെ തേരോട്ടം മാത്രം. 

സർക്കാർ മത്സരപരീക്ഷകളും, മുഖാമുഖങ്ങളും വർഷങ്ങളോളം ചെറുപ്പത്തിന്റെ ഉർജ്ജസ്വലതകളെ കാർന്നു തിന്നപ്പോഴും, എണ്ണപ്പണം മുന്നിൽ മരീചികൾ തീർത്തപ്പോഴും, വൈശാഖന്റെ തീരുമാനം മാറിയില്ല. ഒടുവിൽ സർക്കാർ ജോലി എന്ന സേവനമാർഗ്ഗം, മോഹനമായ പല ജോലി മുന്നിൽ വച്ചപ്പോഴും അവൻ തിരഞ്ഞെടുത്തത് പഞ്ചായത്തിലെ ജോലിയാണ്, അവനറിയാമായിരുന്നു, അല്ല ഗാന്ധി പറഞ്ഞിരുന്നു, ഇന്ത്യ എന്നും ഗ്രാമങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന്. ഗ്രാമസ്വരാജാണ്, ഇന്ത്യയുടെ മോചനം എന്ന്. അവിടെ അവൻ കണ്ടു അവൻ തേടിയ ദീനതയുടെ പരിച്ഛേദങ്ങളെ, ജീവന്റെ നിസ്സാഹായത ഉള്ളിൽ ഒളിപ്പിച്ച ജീവശ്ശവങ്ങളെ, ഇന്ത്യയുടെ ആത്മാവിനെ, അവിടെ അവർക്ക് ആലയം തീർക്കാൻ വൈശാഖൻ അവന്റെ പാറയുടെ ഉറപ്പുള്ള വലതുകാൽ മുന്നോട്ട് വച്ചു.   

സേവനം അത് ഒരിക്കലും ചുവപ്പുപരവതാനി വിരിച്ച മലർമെത്തകൾ അല്ല എന്ന് ജോലിയിലെ ആദ്യദിവസങ്ങൾ തന്നെ അവൻ പഠിച്ചു, അല്ല പരിശുദ്ധിയുടെ വെള്ളകവചമണിഞ്ഞ വൈതാളികർ അവനെ പഠിപ്പിച്ചു. എല്ലില്ലാത്ത നാവുകളുടെ വ്യായാമം തീർക്കാൻ മാത്രം ഉതകുന്ന വാക്കുകളുടെ ധാരാളിത്വമാണ് ആദർശം എന്ന് പഠിപ്പിച്ച ദിനങ്ങൾ അവനിൽ പുതിയ അധ്യയന വർഷങ്ങളുടെ തനിയാവർത്തങ്ങൾ ആണ് തീർത്തത്. അവിടെ അവൻ പുതുവിദ്യാർത്ഥി ആയി, വൈതാളികർ അദ്ധ്യാപകരും. വൈശാഖന്റെ ഉള്ളിൽ കുരുക്ഷത്രം, തുടങ്ങി, മാനവരാശിയെ ധർമ്മാധർമ്മങ്ങൾ പഠിപ്പിച്ച നിരവധി രണഭൂമികയുടെ ഓർമ്മകൾ ഉണർത്തി. അവൻ പിടിച്ചു നിന്നു, അവന്റെ ധർമ്മാധർമ്മങ്ങൾ തീർത്ത തൂണീര മഴയുടെ പ്രതിരോധത്തിൽ, എങ്കിലും അവൻ ഏകനായിരുന്നു. ഗാന്ധീവം കൈയിൽ വച്ച് അന്പ് ഒഴിയാത്ത ആവനാഴിയും ചൂടി ഇതികർത്തവ്യഥാമൂഡനായി നിന്ന അർജ്ജുനനെപ്പോലെ.     

    അത് അവനെ കൊണ്ട് ചെന്ന് എത്തിച്ചത് നിരന്തരമുള്ള സ്ഥാനചലനങ്ങളിൽ ആയിരുന്നു. കേരളത്തിന്റെ തെക്ക് വടക്കുള്ള സഞ്ചാരങ്ങളിൽ അവൻ  തിരഞ്ഞത് എന്നും മലയാണ്മയുടെ ഉൾത്തളങ്ങളെ. ഓണവും നാട്ടുത്സവങ്ങളും, വേലയും പൂരവും ഒക്കെ തീർക്കുന്ന മായിക കാഴ്ചകളിൽ വിളയുന്ന ഗ്രാമവിശുദ്ധി. അവിടെ പൂത്തിറങ്ങിയ നവരസങ്ങൾ, അവയുടെ ആഘോഷങ്ങൾ, അതെല്ലാം അയാൾക്ക്‌ പുതു അനുഭവങ്ങൾ ആയിരുന്നു. കാലചക്രത്തിന്റെ തിരച്ചിലിൽ അതെല്ലാം എവിടെയോ മറയുന്നത് കണ്ട് ചിലപ്പോൾ അയാൾ ശങ്കിച്ച് നിന്നു. നിൽക്കുന്നിടം വിഷ്ണുലോകം എന്ന നാട്ടുചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു എന്നും വൈശാഖന്റെ ജീവിതചര്യ, അതിനാൽ ചെന്ന നാട്ടിൽ എല്ലാം അയാൾ പ്രിയങ്കരൻ ആയി. സാമൂഹികസേവന തൊഴിലാളികൾക്കിടയിൽ ഒഴിച്ച്. 

    കുറെ വർഷങ്ങൾക്ക് മുൻപ് ചെന്പൻകുന്ന് പഞ്ചായത്തിലെ ദ്രവിച്ച ബോർഡുകളും ഒടിഞ്ഞുവീഴാറായ കൊടിമരങ്ങളും നിറഞ്ഞ ബസ് സ്റ്റോപ്പിൽ ആകെയുള്ള അവസാന ബസ്സ് ഇറങ്ങുന്പോൾ പേരിൽ മാത്രം കുന്നുള്ള നാട് തണുത്ത ഉപ്പ് കാറ്റിൽ മരവിച്ചു നിന്നു. ഉപ്പുവെള്ളം നിറഞ്ഞ വെള്ളകെട്ടുകളും, ഓര് നിറഞ്ഞ നീരുറവകളും, തോടുകളും കുളങ്ങളും, നരച്ച തെങ്ങുകളും നിറഞ്ഞ ഗ്രാമം. അവിടെ കുടിവെള്ളം മരുഭൂമിയിലെ മഴയെപ്പോലെ എത്തുന്ന ടാങ്കറുകൾ നൽകുന്ന സമ്മാനം മാത്രമായിരുന്നു. അത് ശേഖരിക്കാൻ വരുന്ന കൈലി മുണ്ടും ബ്ളൗസും ധരിച്ച നഗ്നത പാതി മറച്ച സ്‌ത്രീകളുടെ കലപിലകളും അവരെ അനുഗമിക്കുന്ന മൂക്കള ഉണങ്ങിയ കുഞ്ഞു മുഖങ്ങളും നിറഞ്ഞ കാഴ്ച നോക്കി നിൽക്കാൻ കൂടി അറച്ചിരുന്ന കാലം അയാളുടെ ചിന്തകളെ പിന്നോട്ട് നയിച്ചു. 

   നിറഞ്ഞ കുടങ്ങൾ കൊതുമ്പ് വള്ളങ്ങളിൽ വച്ച്, പിടിക്കാൻ ഒപ്പം കുഞ്ഞുങ്ങളെയും കൂട്ടി, നടവഴികൾ ഇല്ലാത്ത വീടുകളിലേക്ക് തുഴഞ്ഞു പോകുന്ന നേർക്കാഴ്ചകൾ അയാൾ നോക്കി നിന്നിട്ടുണ്ട്. കക്കവാരലും ഉൾനാടൻ മൽസ്യബന്ധനവും മാത്രം ഉപജീവനം ആക്കിയ ഒരു നാട്. ജീവിത സമരത്തിനിടക്ക്‌ സമൂഹവും സാമൂഹികപ്രവർത്തനവും അറിവില്ലായ്മയാക്കിയ ജനപഥത്തിന്റെ മുഖത്തെ സ്ഥായിയഭാവം, നിർവികാരതയും നിസ്സഹായതയും മാത്രമാണ് എന്ന് വൈശാഖന് തോന്നിയിട്ടുണ്ട്. നല്ല ഒരു വഴിയില്ലാത്തതിനാൽ പഠനം പോലും വഴിമുട്ടിയ ഒരു ജനത, പക്ഷേ അവർ എന്നും ജനകീയ ആഘോഷങ്ങളിൽ അവരുടെ ധർമ്മം അനുഷ്ഠിച്ചിരുന്നു, എല്ലാ അഞ്ചാണ്ടുകളിലും സമ്മതിദാനം പ്രസവിക്കുന്ന പുണ്യജന്മങ്ങൾ തന്നെ ആയിരുന്നല്ലോ അവർ.  

    അയാൾക്ക്‌ അവിടേക്കുള്ള വരവ് ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ തന്നെ ആയിരുന്നു, ഡിപ്പാർട്ടുമെന്റിന്റെ അവസാന അത്താണി, മാറിമറിയുന്ന കക്ഷിരാഷ്ട്രീയത്തിന്റെ നിരർത്ഥകതയെ പുച്ഛിക്കുന്ന നട്ടെല്ലുള്ള മനുഷ്യനെ നാടുകടത്താൻ പറ്റിയ ഇടം കണ്ടെത്തിയ സുമനസ്സിനെ അയാൾ മനസ്സ് കൊണ്ട് തൊഴുതു. കാരണം ഇനി ഒരിക്കലും ഒരു പകരക്കാരൻ വരാൻ ഇഷ്ട്ടപ്പെടാത്ത, ശുഭ്രതയുടെ, ആദർശത്തിന്റെ വെള്ളിവേഷങ്ങൾ അഞ്ചാണ്ടിൽ ഒരിക്കൽ മാത്രം, തേടിവരുന്ന നാട് അയാളുടെ അവസാന ലക്ഷ്യസ്ഥാനം തന്നെ എന്ന് വൈശാഖൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഞരങ്ങുന്ന ഗോവണിപ്പടി താണ്ടി, അലോഷിയുടെ ചായക്കടയുടെ മുകളിലെ ഒറ്റമുറിയിൽ അന്തേവാസിയാകുന്പോൾ അയാളുടെ മനസ്സും നാടിൻറെ സ്ഥായീഭാവം പോലെ നിർവികാരം തന്നെ ആയിരുന്നു.  

ജോലിക്ക് ചേർന്ന ആദ്യദിവസങ്ങളിൽ അയാളുടെ ചിന്ത പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ നാടിൻറെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു. മുന്നിൽ മാസാന്ത്യത്തിൽ മാത്രം ഒപ്പ് നിറയുകയും ഹാജർ ബുക്കും ഒഴിഞ്ഞ കസേരകളും. ക്ഷുദ്രജീവികളെ ഭയപ്പെടാതെ ഇരിക്കുക സ്വപ്‌നം മാത്രവും ആയ അവസ്ഥ. ഭരണ കൗൺസിൽ പോലും കൂടുന്നത് അംഗങ്ങൾക്ക് യാത്രാ ബത്തയും സിറ്റിങ് ഫീയും എഴുതിയെടുക്കാൻ വേണ്ടി. അക്കരയിൽ താമസിക്കുന്ന ജനസേവകർ അതിന് മാത്രം അവിടേക്ക് എത്തുന്ന കാഴ്ച അയാൾ വേദനയോടെ നോക്കി ഇരുന്നു. അതിനാൽ എന്നും പഞ്ചായത്ത് ഓഫീസ്സ് വിജനമായിരുന്നു, അവകാശങ്ങൾ അറിയാത്ത ജനത എങ്ങനെ നല്ല ഭരണാധികാരിയെ കണ്ടെത്തും എന്ന നെപ്പോളിയന്റെ വാചകം എന്നും അയാൾ മനസ്സിൽ ഉരുവിട്ടു. 

     അവിടുത്തെ കൃഷി ഓഫീസിന്റെയും വില്ലേജ് ഓഫീസിന്റെയും മറ്റ് സർക്കാർ സംവിധാങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പോകാൻ മറ്റ് ഇടങ്ങളും ചെയ്യാൻ വേറെ ബിസിനസ്സും ഇല്ലായിരുന്ന അയാൾ അവിടം വിട്ട് പോയതേ ഇല്ല. അയാൾ ചിന്തിച്ചു കൊണ്ടേ ഇരുന്നു. ജനകീയ ആസൂത്രണം എന്ന ഒരു ജനകീയ നേതാവിന്റെ സ്വപ്‌നം അയാളെ തേടി വരും വരെ. നിധി അയാളെ തേടി വന്നതും അയാൾ കർമ്മകുശലനായി, അയാളുടെ സിരകളിൽ ഗാന്ധിയും ഗോഖലെയും മറ്റ് രാഷ്രനിർമ്മാതാക്കളും തന്പടിച്ചു. അയാളുടെ രാത്രികൾ പുതു സ്വപ്‌നങ്ങളുടെ ഈറ്റില്ലങ്ങൾ ആയി. തുരുത്തുകളിൽ അയാൾ നാട്ടുകാരുടെ സഹകരണത്തോടെ ചെറിയ നടവഴികൾ നിർമ്മിച്ച് നാടിനെ ഒരു സാമൂഹമാക്കി മാറ്റി. അവിടെ അയാൾ പുതു നാന്പുകൾ വിതറി. 

    പഞ്ചായത്ത് ഓഫിസുപോലും അയാൾ മാറ്റി മറിച്ചു. അതിന്റെ ചുറ്റിലെ കാടുകളും മാലിന്യങ്ങളും അപ്രത്യക്ഷമായി, പൊളിഞ്ഞ മതിലുകളുടെ സ്ഥാനത്ത് വേലിപ്പരുത്തിപ്പൂവുകൾ ചിരി തൂകി. ചുറ്റിലും പച്ചക്കറിയും പൂച്ചെടികളും, പിന്നെ ഔഷധ സസ്യങ്ങളും നിറഞ്ഞു. ഗ്രാമത്തിലേക്ക് രാത്രി വൈകിയും ബസ്സുകൾ ചീറിപ്പാഞ്ഞു. അവിടെ നിന്ന് മഹാനഗത്തിലേക്ക് പഠിക്കാനും ജോലിതേടിയും നാടിൻറെ മക്കൾ നിരന്തരം യാത്ര ചെയ്തു. നഗരത്തിൽ നിന്ന് ഗ്രാമത്തിന്റെ സൗന്ദര്യവും സുഖവും തേടി ജനങ്ങൾ എത്തിത്തുടങ്ങി. ചെന്പൻ കുന്ന് മാറുകയായിരുന്നു, അവിടുത്തെ ജനങ്ങളും അവരുടെ ജീവിത സൗകര്യങ്ങളും. അത് കണ്ട് അയാൾ സന്തോഷിച്ചു, പിന്നാലെ വരുന്ന അപകടങ്ങളെ കണക്ക് കൂട്ടാൻ കഴിയാത്ത വെറും മനുഷ്യനായി, പഴയ ഗ്രാമവാസികൾക്ക് അയാൾ ദൈവം ആയിരുന്നെങ്കിൽ കൂടി. 

   എല്ലാം മാറിമറിഞ്ഞത് പെട്ടന്നാണ്, അവിടുത്തെ ചെമ്മീൻ കെട്ടുകളും ഉൾനാടൻ മൽസ്യ സന്പത്തും നെൽകൃഷിയും എന്ന ഉപജീവനം വിട്ട് ധ്വരമൂത്ത മനുഷ്യൻ ആർത്തിയുടെ പുതിയ മേച്ചിൽപ്പുറം കണ്ടെത്തിയപ്പോൾ അയാൾ സ്വയം നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു, എങ്കിലും അയാളിലെ പോരാളി തളർന്നിരുന്നില്ല. ഒരിക്കൽ ആറ്റുകൊഞ്ചും ഉണക്കമൽസ്യവും നിറഞ്ഞു പുറത്തേക്ക് പാഞ്ഞ വണ്ടികൾ, കരിമണലും നിറച്ച് ചീഞ്ഞ മൽസ്യങ്ങൾ കൊണ്ട് പൊതിഞ്ഞു ചീറിപ്പാഞ്ഞു. അത് പള്ളയിൽ നിറച്ചു കൊണ്ടുപോയത് നാടിൻറെ ആത്മാവും നന്മയും ആയിരുന്നു, കരിമണൽ ഒഴിഞ്ഞ ഭൂമിയുടെ ഗർഭഗേഹങ്ങളിൽ  ഉപ്പുവെള്ളം ഇരച്ചുകയറി, മണ്ണിൽ ഉപ്പ് നിറഞ്ഞപ്പോൾ അവിടെ ചെടികളുടെ പച്ചപ്പ്‌ കുറഞ്ഞു, അപകടം മണത്ത അയാൾ ചെറുത്ത് നിൽപ്പിന്റെ വന്മതിൽ തീർത്ത് മുന്നോട്ട് വന്നു, പക്ഷേ അത് തികച്ചും ദുർബലമായിരുന്നു, പണത്തിന്റെ പകിട്ടിൽ തീർത്ത കൊടുംകാറ്റിനെ തടയാൻ പര്യാപ്തമല്ലായിരുന്നു.    

    പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ നിന്നും ലക്ഷങ്ങളുടെ പണമടങ്ങിയ സ്യുട്ട് കെയ്സ്സ് കണ്ടെത്തിയപ്പോൾ അതിന് അയാളുടെ സന്തത സഹചാരിയായ പെട്ടിയുടെ നിറമായിരുന്നു, അതെ കന്പനിയും. കൈയിൽ പോലീസിന്റെ ഇരുന്പ്‌ മാലയും അണിഞ്ഞു പുറത്തിറങ്ങിയ അയാളെ നോക്കി ഗുഢാസ്മിതവുമായി നിന്ന ചെയർമാന്റെ മുഖത്തിന് ചതിയന്റെ ഛായ ഉണ്ടായിരുന്നോ? ഒപ്പം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിൽ അംഗങ്ങളും, അയാളുടെ സഹപ്രവർത്തകരും. അയാൾക്ക്‌ തലപൊക്കി നോക്കാൻ കഴിഞ്ഞില്ല, കുനിഞ്ഞ ശിരസ്സിലെ കടക്കണ്ണിൽക്കൂടി ഉള്ള നോട്ടം, നിറഞ്ഞ കണ്ണിലെ ജലബാഷ്പങ്ങൾ തടഞ്ഞു. എങ്കിലും അയാൾ കണ്ണുകൾ തുടച്ചില്ല.

     അപ്പോഴെക്കും നാട് ഒത്തിരി മാറിയിരുന്നു, അവിടുത്തെ കുട്ടികൾ ന്യുജെൻ ആയി, അവരുടെ മുഖത്ത് ഉണങ്ങിയ മുക്കട്ടയുടെ പാടുകൾ അവശേഷിച്ചിരുന്നില്ല, സ്‌ത്രീകൾ മോഡേണായി വസ്ത്രം ധാരണം ചെയ്തിരുന്നു, അവരുടെ മാംസളമായ ശരീരം അതിൽ തുള്ളി തുളുന്പി.  അവരുടെ പ്രഭാതം കോൺഫ്ലെക്സുകളാൽ സമൃദ്ധമായിരുന്നു, അത്താഴമേശകളിൽ ബിയറും ഒപ്പം ഫ്രെയ്‌ഡ്‌ റൈസും കയ്യടക്കി. കപ്പയും കഞ്ഞിയും വരേണ്യതയുടെ പൊങ്ങച്ചമായി മാറി. യുവത പെപ്‌സിയിലും കൊക്കകോളയിലും അവരുടെ അശ്വമേധം തുടങ്ങി, അവർക്കായി സോളമെന്റെ മുന്തിരിത്തോട്ടങ്ങളിൽ വീങ്ങു പതഞ്ഞു തുടങ്ങിയിരുന്നു.              

      ഗുൽമോഹറുകളും പാംമരങ്ങളും ഒപ്പം ഇല്ലിച്ചെടികളും അലംങ്കരിച്ച നാലുവരി പാതയോരത്ത് നിന്ന് വൈശാഖൻ പിന്നെയും പിന്തിരിഞ്ഞു നോക്കി, ഇപ്പോൾ ചിതറിവീണ പുലരി വെട്ടത്തിൽ തിളങ്ങി നിൽക്കെയാണ് പഞ്ചായത്ത് കെട്ടിടം. അതിന്റെ മുന്നിലെ സിമന്റ് ബീമിൽ തൂങ്ങിയാടുന്ന വെള്ള ഖദർ വേഷത്തിന് അയാളുടെ ഛായപോലെ തോന്നി, കണ്ണുകൾ തിരുമി സൂക്ഷിച്ചു നോക്കി. അപ്പോൾ പടിഞ്ഞാറുനിന്നും വീശിയടിച്ച പതിവില്ലാത്ത പുലരി കാറ്റിന് കൂടുതൽ ഉപ്പ് രസമുണ്ടായിരുന്നു, വരും തലമുറയുടെ കണ്ണീരിന്റെ ഉപ്പ് ഇപ്പോൾ പടർന്നതാണോ എന്നയാൾ സന്ദേഹിച്ചു. അയാൾ നിന്നിടത്തെ വെള്ളപുകയെ എടുത്തുകൊണ്ടുപോയ കാറ്റിൽ ലയിച്ച് പോരാട്ടത്തിന്റെ പുതുമേച്ചിൽപ്പുറങ്ങൾ തേടി, അയാൾ പറന്നു, എന്നന്നേക്കുമായി.  



രഘുചന്ദ്ര൯. ആ൪.        

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ