ഒരുചെറുമുരളീരവം

ഒരുചെറുമുരളീരവം

ഞാനെന്റെ പൊന്മുളംതണ്ടിൻ സുഷിരത്തിൽ
ഞാണൊലിയൊച്ചയിൽ ഉച്ചത്തിൽ പാട്ട് പാടാം.
ഞാനേറെ കൊതിക്കുമീയീണത്തിൽ രാഗത്തിൽ
ഞാറ്റുവേലപാട്ടിന്റെ താളമാവാം, കേട്ടപാട്ട് പാടാം.

കണ്ണന്റെ പാട്ടിലാ. ഹരിമുരളീരവത്തി൯ ഗാനമായ്
കണ്ണീരണിയിക്കും രാഗമാവാം പിന്നെ പാട്ടുമാവാം
കണ്മണിപാട്ടിന്റെ, പാൽമണം പൊഴിയുന്ന രാരീരം
കന്മഷമില്ലാതലിച്ചുപാടാമമ്മയെയോർത്തുപാടാം

വേദനവിങ്ങുന്ന മനസ്സിൻ കലക്കമോ പീയുഷ
വേദിയുണർത്തും പുതുഹിന്തോളരാഗമാകാം
വിതുരനായ് പയ്യിന്റെ ചാരെ അലയും കാളിന്ദി
വിതാനത്തെ ഞാനൊരു കണ്ഠമണിയൊച്ചയാക്കാം

കേൾക്കുക കണ്ണിലെ നീരിൽ നിറയും മോഹമായ്
കർപ്പൂരദീപാഴിതോൽക്കുന്നൊരഗ്നിതിളക്കമായ്
കൃത്തികതൻ കോവിലെ പൊൻദീപനാളമായ്
കത്തിയെരിഞ്ഞമരുന്ന കാഴ്ചകൾ ദീപ്തമായ്

എന്നുംവിളിക്കും വിണ്ണിൻ ദേവകൾ ബധിരമായ്
എങ്ങുനിന്നെന്നു ചകിതമായി കേഴുന്ന നേരമോ
എൻമനം തേടുന്ന ജീവപുണ്യമായ് നിറയാതെ
എന്നിലെരോദനം നിശബ്ദമായ് പൊഴിയുംകാലമോ
പിന്നെയും ജന്മങ്ങൾ, തുടരും ഭുവിലെ മയക്കങ്ങൾ
പനിമതിയുണർത്തുന്ന രാവിൻ രാഗസരോവരം
പലവുരുപൊഴിക്കുന്ന നീർ മഴയാൽകുതിർന്നിട്ട്
പിറന്നു വളരുന്ന ബീജമുകുളമായുയിർക്കുന്നു

ഇന്നും തുടരുമീ യാത്രയോ ഭുവിൻ പാഥേയമായ്
ഇരവിലും പകലിലിലും തേടുന്നൂർജ്ജരൂപമായ്
ഇടതടവില്ലാതുയരുമീ രോദനം മോക്ഷവഴികളിൽ
ഇനിയും കാണ്മതോ രക്ഷക മരീചികതിളക്കങ്ങൾ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ