ദുശ്ശാസനവിലാപം
കുരുക്ഷേത്രയുദ്ധത്തിന്റെ അന്ത്യനാളുകിൽ കൌരവർ ഒന്നൊന്നായി മരിച്ചു വീണു. അങ്ങനെ സുയോധനന്റെ അവസാന അനുജനും വീണു, ഭീമന്റെ ഗദാ പ്രഹരത്തിൽ നെഞ്ച് തകർന്ന് കിടന്ന ദുശ്ശാസനൻ ആസന്നമരണനായി സത്യം തേടുകയാണ്
ദുശ്ശാസനവിലാപം
ഭ്രാതേ,മാതേ, ദ്രൗപദി നിൻറെ കരാംഗുലി
സ്പർശത്തിനായ് ഞാൻ കാത്തീടുന്നു
അങ്ങുപടിഞ്ഞാറേ ചരുവിനെ ചുവപ്പിച്ചു
അസ്തമനാർക്കന്റെ കിരണം മറഞ്ഞീടുന്നു
ഇവിടെ ചെഞ്ചോര നിറമാർന്നഭൂവിൽ വന്നു
എന്റെ നെഞ്ചിലെ മിടിപ്പിന്റെ അവസാന
നിണവും പകർന്നാത്മാവിനെ എടുത്തീടുക
എന്റെ മോക്ഷത്തിനായി വിടനൽകുക
കാകനും കൂമനും കുറുനരി കഴുകനും
അക്ഷമരായി ദേവി നിന്നെ കാത്തീടുന്നു
അവരുടെ കർമ്മത്തിനായി എൻ ദേഹം
നിറയുന്ന മാംസത്തെ ഭദ്രേ നീ നൽകീടുക
ഞാനാമനുജനുംദുര്യോധഭ്രാതാവും
ജ്ഞാനത്തെ പണ്ടേ തിരസ്കരിച്ചു
ഈവിശ്വത്തിൻ മുന്നിൽ മുഖംതിരിച്ചു
പ്രാകൃതമാം വഴി സ്വീകരിച്ചു
ചുറ്റിൽ നിറയും നിണഗന്ധമാർന്ന ചുഴലി
സുര്യബിംബത്തേയാകെ മറച്ചീടുന്നു
സഞ്ചിതമാകുന്ന ദുഷ്കർമ്മ ശരമാരിയിൽ
കുരുവംശപുണ്യങ്ങളൊന്നായ് ഒഴുകീടുന്നു
മാതേ അറിയുക നിന്നുടെ ഭ്രാതാവു തവ
മാർഗ്ഗേ,സോദരാജ്ഞ മാത്രമേ പാലിച്ചുള്ളു
സ്വകർമ്മമാം വീഥിയതെന്ന് ധരിച്ചിരുന്നു
അതിനായിന്നനാഥമായ് മരിച്ചീടുന്നു
സുമംഗലീ നീ വൃകോദരനോടുരയ്ക്ക തവ
സുമങ്ങൾക്കുസമമാം താഡനവേഗങ്ങൾ
സോദരസ്നേഹത്തിൻ പർവ്വങ്ങളായ്
ആത്മമോക്ഷത്തിനായ് എന്നും വാഴ്ത്തിടുക
ചേലതൻ തുണ്ടിലും വാർമുടിത്തുന്പിലും
എൻകരപല്ലവം വിടത്വമാർന്നു പതിച്ചതില്ല
ഭദ്രേ നീയോർക്ക അമ്മതൻ സ്പർശങ്ങൾ
ബാലകനെന്നും സ്നേഹ സായൂജ്യമേ
ശിരസറ്റ, കരമറ്റ കാലുകൾ വേർപെട്ട
കബന്ധങ്ങൾ നിറയുമീ കുരുക്ഷേത്രത്തിൽ
മണ്ടിനടക്കുന്ന കുറുനരി കണ്ണുകൾ
തിളങ്ങുന്ന യാമത്തിനിനി അരനാഴിക
ഭദ്രേ, അണയുക കാക്കുന്നതീഭ്രാതാവ്
ആത്മമോക്ഷം മമനൽകീടുക
പിടയ്ക്കുന്ന നെഞ്ചിലെ നിണംകോരി നിന്റെ
കൂന്തലിൽ ലേപനം ചെയ്തെന്നെ വിട്ടീടുക
വിജനമാമീ യുദ്ധ ശ്മശാന ഭൂവിങ്കൽ
മാപ്പിരന്നുഞാൻ മരുവുന്നു ഏകനായ്
കൂട്ടിരിപ്പാനില്ല കൂടെപ്പിറപ്പുകൾ
കാത്തിരിക്കാനെൻ വിധിയും വിധാതാവും
വന്നണയുന്ന തിങ്കളൾപ്പാൽ വെട്ടത്തിൽ
പാൽപ്പുഞ്ചിരി നിറപ്പു നിശാചരരും
വന്നില്ല എൻഭ്രാതർ തൻ പ്രിയ പാഞ്ചാലി
എൻ മോക്ഷം വിദൂരമാം കനവായീടുമോ
കുന്തിതനയരാം എൻപ്രിയ പാണ്ഡവധീരരേ
സ്വർണ്ണ പാശമാം സ്നേഹസാഗരേ ബന്ധിച്ച
ദ്രുപദരാജന്റെ പ്രിയപുത്രി മനോഹരീ
ധൃഷ്ടദ്യുമ്നന്റെ സോദരി പ്രിയങ്കരി
ലോകമാതേ നീയീ കുരു മണ്ണിൽ പിറന്നത്
ധർമ്മ സംസ്ഥാപനത്തിനീ ലോക രക്ഷക്ക്
ഈശ്വനുതുണതീർത്ത് വിളങ്ങിടുവാനെന്നു
മൂഢനാമിനവറിഞ്ഞതില്ലതോന്നുമേ
മലർഗന്ധം അരികിലായണയ്ക്കും മാരുതൻ
എന്റെ നാസികാഗ്രേ തഴുകി തലോടുന്നു
ഭീമഭ്രാതാവിൻ ശബ്ദമാം ദുന്ദുഭീ നാദങ്ങൾ
കാതിൽ ആശ്വാസമഴയായ് പൊഴിഞ്ഞീടുന്നു
വണങ്ങി സ്വീകരിക്കാൻ കൊതിക്കും ശിരസാഗ്രം
കാൽതൊടുവാൻ വിങ്ങുന്നു എൻ കരപല്ലവം
ഹൃദയാമോദതുടിയാൽ തെറിക്കും നിണം നിന്റെ
പട്ടുചേലെയെനനക്കുമെന്നു ഭയന്നിടുന്നു
ഭഗവാൻറെ തിരുരൂപം നിൻ ചാരെ ദർശിക്കും
വേളയിൽയെൻജൻമം സുകൃതമാർന്നു
വീരസ്വർഗ്ഗഭാഗ്യമെനിക്ക് നൽകുന്ന
ദേവതേ നീ ആദിമാതാവിൻ അവതാരമോ
നിൻ സ്പർശമില്ലാതെ കുറുനരി ഭക്ഷിച്ചാൽ
ആത്മാവിനിനിയൊരു ജന്മത്തും മോക്ഷമില്ല
അവിടുന്ന് എഴുന്നള്ളി അടിയന്റെ മുന്നിലായ്
ഏകുന്നു ഈയാത്മാവിനാവീരസ്വർഗ്ഗം
മാപ്പിരക്കട്ടെ ഈ ദുശ്ശാസനൻ അന്ത്യ തെറ്റിന്
മയങ്ങും നയനഭാരത്താൽ കാഴ്ചമങ്ങീടുന്നു
സ്വർഗ്ഗകന്യമാർ തീർക്കും പ്രകാശഗോപുരം
എൻ മുന്നിൽ ദേഹിയെ തഴുകി നിറച്ചീടുന്നു
Comments
Post a Comment