വായന മരിക്കുമോ

വായന മരിക്കുമോ
 
      ഇന്ന് പൊതുവായി സാമൂഹിക മാധ്യമങ്ങളിലും വേദികളിലും കണ്ടുവരുന്ന ഒരു നിത്യോപയോഗ ക്ലീഷേ ആണ് വായന മരിക്കുന്നു . നവ മാധ്യമങ്ങളും ഇന്റർനെറ്റും കൂടി വായനയെ കൊല്ലുന്നു.  ഇത് ശരിയാണോ? ആണെങ്കിൽ എന്താണ് പരിഹാരം, അല്ലെങ്കിൽ ഇത് മരിക്കാതിരിക്കാൻ നാം എന്തുചെയ്യണം, അതുമല്ലെങ്കിൽ ഇത് മരിച്ചാൽ ഈ നാടിന്, സമൂഹത്തിന്, രാജ്യത്തിന് സർവ്വോപരി മാനവരാശിക്ക് ഗുണമോ ദോഷമോ? ഇതൊന്നും ഈ പ്രഭാഷകരോ, അല്ലെങ്കിൽ ഈ ഭീഷണി നമ്മുടെ മുന്നിലേക്ക് ഇടുന്നവരോ പറയുന്നില്ല, വായന മരിക്കുന്നു, ഇത് പറയുന്പോൾ എന്റെ ചെറുപ്പത്തിൽ ജനങ്ങളെ ചകിതരാക്കിയ ഒരു സംഭവം ഓർമ്മ വരികയാണ്. സ്കൈലാബ് വരുന്നു, അന്ന് കേരളത്തിലെ ഓരോ മനുഷ്യരും പരസ്പരം കാണുന്പോൾ ഭയം നിറഞ്ഞ കണ്ണുകൾ പരസ്പരം കോർത്ത് തമ്മിൽ തമ്മിൽ ചോദിക്കും എപ്പഴാ വരിക? എന്ത് എന്ന് ആരും ചോദിക്കില്ല, അവർക്കറിയാം ചോദ്യം സ്കൈലാബിനെ പറ്റിയാണ് എന്ന്. അന്നത്തെ മാധ്യമങ്ങൾ ഒന്ന് ഓർക്കുക, ടീ. വി., ഇന്റർനെറ്റ് തുടങ്ങിയ നവ മാധ്യമങ്ങൾ വ്യാപകമാകുന്നതിന് മുൻപാണ്, പത്രവും നാലുനേരത്തെ റേഡിയോ വാർത്തകളും മാത്രം ലോകവുമായി മനുഷ്യൻ സംവേദിക്കുന്ന കാലമാണ്, മലയാളിയെ എത്രമാത്രം ഭയചകിതരാക്കിയിരുന്നു എന്ന് ആ കാലങ്ങൾ ഓർക്കുന്നവരോട് ചോദിച്ചാൽ അറിയാം. അമേരിക്കൻ ശാസ്ത്രജ്ഞൻമാർ ബഹിരാകാശത്ത് കൈവിട്ട ആ ഉപഗ്രഹം നമ്മുടെ ജീവിതത്തെ ആ കാലത്ത് അത്രയേറെ സ്വാധീനിച്ചിരുന്നു. എന്നും മാധ്യമവേലയും ഒപ്പം അതിനടിമയായിമാറുന്ന ശരാശരി മനുഷ്യന്റെ ജൽപനങ്ങളും ലോകം എന്നും അവന്റെ കമ്പോളവൽക്കരണത്തിനുള്ള ഇന്ധനമായി ഉപയോഗിക്കാറുണ്ട്, അത് ഇന്നും തുടരുന്നു എന്ന് മാത്രം. ശരിക്കും വായന മരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ജീവിപ്പിക്കാം, അതുകൊണ്ട് ആർക്ക് എന്ത് നേട്ടം? അത് ചിന്തിക്കേണ്ട സമയമല്ലേ ഇത്? എന്റെ അഭിപ്രായത്തിൽ വായന മരിക്കുന്നതേയില്ല, അതിനും പരിവർത്തനം സംഭവിക്കുന്നു എന്ന് മാത്രം. ലോകത്ത് എല്ലാ അവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് പോലെ വായനക്കും മാറ്റമുണ്ടാകുന്നു. നമ്മൾ ചിന്തിക്കേണ്ടത് അത് ആരോഗ്യകരമാണോ എന്നാണ് ആരോഗ്യകരമല്ലെങ്കിൽ, എങ്ങനെ ആരോഗ്യകരമാക്കാം എന്നാണ്. വായനയ്ക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് വായനയുടെ രീതി മാറുകയാണ്, ഒരുകാലത്ത് വിജ്ഞാനം വാമൊഴി  ആയിരുന്നെങ്കിൽ  അത് പിന്നെ വരമൊഴിയായി മാറി,  ശിലാലിഖിതങ്ങളിലേയ്ക്കും താളിയോലകളിലേയ്ക്കും മാറി. കടലാസിന്റെയും അച്ചടിയുടെയും കണ്ടുപിടിത്തം ബുക്കുകളെയും പുസ്തകങ്ങളെയും നമ്മളിൽ എത്തിച്ചു. പുതിയ കാലം നവ മാധ്യമങ്ങൾ കടലാസില്ലാത്ത വായനയെ നമ്മളിൽ എത്തിക്കയാണ്. അതിന്റെ ഗുണദോഷങ്ങളെപ്പറ്റി നമ്മൾ ചർച്ച ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം. അതിനുള്ള സമയമാണ് സമാഗതമായിരിക്കുന്നത്.    
                       നവമാധ്യമ വായനകൾ പുതുതലമുറയ്ക്ക് ഗുണമോ ദോഷമോ?, ഓൺ ലൈൻ വായന കുട്ടികൾക്ക് ആശാസ്യമാണോ ആണെങ്കിൽ എന്തുകൊണ്ട്? എന്ന് നോക്കാം. ഓൺ ലൈൻ വായനയുടെ ഗുണം കുട്ടികളെ പെട്ടെന്ന് ആകർഷിക്കാൻ കഴിയും എന്നുതന്നെ തന്നെയാണ്, പുതുമയോടും നവമാർഗ്ഗത്തോടുമുള്ള ജിജ്ഞാസ തന്നെ. എപ്പോഴും അത് ബിഗ്സ്ക്രീനിൽ ആകുന്നതാണ് നല്ലത്. ഇന്റെർനെറ്റിൽ നിന്നും പല ഫോർമാറ്റിൽ ഉള്ള ഉള്ളടക്കങ്ങൾ ഡൌൺലോഡ് ചെയ്തു പ്രധാന, സ്ക്രീനിൽ ഇട്ട് വായനയ്ക്ക് നൽകുക. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഉള്ളടക്കമാണ്, അവന്റെ അല്ലെങ്കിൽ അവളുടെ അഭിരുചിക്കും, പ്രായത്തിനും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ ആയിരിക്കണം നൽകേണ്ടത്, ഇല്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ഉണ്ടാക്കുക. ഉദാഹരണത്തിന് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചുവരുന്ന കുട്ടികൾക്ക് ചിത്രകലയിലൂന്നിയ വായന നൽകുന്നതായിരിക്കും ഉത്തമം, അവിടെനിന്നും കാർട്ടൂണുകളും കോമിക്സുകളും തുടങ്ങി ഗൗരവതരമായ വായനയിൽ എത്തിക്കാം. ഇന്ന് ഒരുമാതിരിപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഓൺലൈൻ രൂപം കരഗതമാണ്. ഇവിടെ ഗുണം എന്തെന്ന് വച്ചാൽ കുട്ടി വിജ്ഞാനത്തിനൊപ്പം ടെക്നോളജിയും കരഗതമാക്കുകയാണ്. ഇവിടെ നമ്മൾ ജാഗരൂകരാവേണ്ടത് രണ്ട് കാര്യങ്ങളിൽ ആണ് ഒന്ന്കുട്ടിയുടെ താൽപര്യം, രണ്ട് അവന്റെ പ്രയോഗങ്ങൾ. താൽപര്യങ്ങൾ എന്ന് പറയുന്പോൾ അവൻ എന്താണ് കൂടുതൽ ഇഷ്ട്ടപ്പെടുന്നത്, ആരെയാണ് അനുകരിക്കുന്നത്, അറിവിന്റെ ഏത് ശാഖയാണ് അവന് പഥ്യം, ഇതെല്ലാം വളരെ പ്രാധാന്യം ഉള്ളതാണ്.ഇനി ശ്രദ്ധിക്കേണ്ടത്, ഒരിക്കലും അവൻ ഗെയിംമുകളിലും ശ്ലഥചിത്രങ്ങളിലും മുഴുകരുത് എന്നതാണ്. അതുഗുണത്തെക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക. ഇനി പ്രയോഗം, ഉപകരണം അവന്റെ കൈയിൽ തന്നെ നൽകുന്നതാണ് നല്ലത് നമ്മുടെ മേൽനോട്ടത്തിൽ, അപ്പോൾ അവന് ആത്മവിശ്വാസം കൂടും അവനിലും നമ്മളോടുള്ള സമീപനത്തിലും. അവിടെ അത് അവനെ ഏൽപ്പിച്ചു പോയാൽ തിരിച്ച് വരുന്പോൾ  സാന്പത്തിക നഷ്ട്ടമായിരിക്കും ഫലം.
       ഇനി ദോഷങ്ങളെ പറ്റി ചർച്ച ചെയ്യുന്പോൾ ആദ്യം ചിന്തിക്കേണ്ടത് ഇന്റെർനെറ്റിന്റെ അപാരസാധ്യതകളും അതിന്റെ അപകടങ്ങളും ആണ്,അതുകുഞ്ഞുങ്ങളെ എത്തിക്കുന്ന അഗാധമായ ഗർത്തങ്ങളെപ്പറ്റിയും. പിന്നെ കറണ്ടും ശരീരത്തിനുള്ള കേടുകളും കണ്ണിന്റെ കുഴപ്പങ്ങളും, അതിലുപരി അവയുണ്ടാക്കുന്ന അഡിക്ഷൻ അത് വളരെ വലുതാണ്. ഉപയോഗത്തിന് സമയക്രമം നൽകുകയും അത് കൃത്യമായി പാലിക്കുകയും ചെയ്യണം. ഒപ്പം നമ്മുടെ കണ്ണുകൾ എത്തുന്ന സ്ഥലത്ത്, കുട്ടിക്ക് പിന്നിൽ നമ്മളുടെ കണ്ണുകൾ ഉണ്ട് എന്നുതോന്നുന്ന സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുന്ന രീതിയാണ് ഉത്തമം. കുഞ്ഞുങ്ങളെ ഇതിലേക്ക് കൊണ്ടുവരും മുൻപ് ആദ്യം മനസ്സിൽ വരേണ്ടത് ഒന്നിനും ഒരിക്കലും നിർബന്ധിക്കരുത് എന്നാണ്, മാത്രവുമല്ല അവരുടെ അഭിരുചിയും ലക്ഷ്യവും മനസിലാക്കിയിരിക്കണം എന്നതും ആണ്. എല്ലാ കുഞ്ഞുങ്ങൾക്കും അവരവരുടെ ഒരു സ്ഥാനം ഓരോരോ പ്രായത്തിലും അവർ നിശ്ചയിക്കും. അതിൽ ചുറ്റുപ്പാടുകളെ പോലെ നമ്മളും ഒരു പ്രധാന വേഷം കൈയ്യാളുന്നു; അറിഞ്ഞോ അറിയാതെയൊ, അവരുടെ സ്വഭാവവും ലക്ഷ്യവും രൂപപ്പെടുന്നതിൽ നമ്മളുടെ പങ്ക് തള്ളിക്കളയാൻ പറ്റില്ല എന്ന് വ്യംഗ്യം. കുഞ്ഞുങ്ങളെ ഇതിലേക്ക് അവരറിയാതെ നയിക്കുക എന്ന കർമ്മമാണ് പ്രധാനം. അത് പിന്നെ അവരുടെ ലക്ഷ്യമായി മാറും അവരറിയാതെ അവരെ നമ്മൾ നന്മയുടെ വഴിയിലേക്ക് നയിക്കുന്നു എന്ന് സാരം. ഇവിടെ രക്ഷകർത്താക്കളെക്കാൾ ഇതിന് കഴിയുക അവരുടെ അദ്ധ്യാപകർക്ക് ആണ്. സ്വന്തം പഠനത്താലും പരിചയത്താലും മറ്റാരെക്കാളും അവർക്കതിന് കഴിയും. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ ഇന്നത്തെ ഗുരുപരന്പര സിലബസ്സ് എന്ന അഞ്ജാത ശിലക്ക് ചുറ്റും ആദൃശൃ പാശത്താൽ ബന്ധിതരായി അലയുകയാണ്, അതിൽനിന്ന് അവരെ രക്ഷിക്കാൻ ഒരു അഭിനവ മുണ്ടശ്ശേരിക്ക് പോലും കഴിയുമോ എന്ന് കണ്ടറിയണം. കാരണം അവർ സ്വന്തം പ്രതിഫലത്തിന്റെയും ജോലിഭാരത്തിന്റെയും യാത്രകളുടെയും സ്ഥല-മാറ്റങ്ങളുടെയും ചക്രവ്യൂഹങ്ങളിൽപ്പെട്ട് സ്വയം മറന്ന് നിഷ്കാമകർമ്മം എന്ന ധർമ്മത്തെ തന്നെ ബലികഴിച്ച കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.  
 
വായനയുടെ ആവശ്യകത എന്ത്?  ഇത് ഓരോവ്യക്തിയും സ്വയം ചോദിക്കേണ്ട ചോദ്യമാണ്, വളരെ ലളിതമായി പറഞ്ഞാൽ, വിജ്ഞാന സംന്പാദനം. ഇത് അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചിട്ടുണ്ട് ദയാനന്ദസരസ്വതി സ്വയം ചോദിച്ചു തേടിനടന്നിട്ടുണ്ട് വിവേകാനന്ദ സ്വാമികൾ ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്, വിവിധ ഭാഷകളിൽ വിവിധ രൂപത്തിൽ വിവിധ മാർഗ്ഗത്തിൽ, ലോകം കണ്ടറിഞ്ഞ എല്ലാ മഹാരഥന്മാരും പേർത്തും പേർത്തും നമ്മളെ പഠിപ്പിച്ചതും ഇത് തന്നെ.വായനയിൽ നിന്നും ആർജ്ജിക്കുന്നത് വിജ്ഞാനം, ശരിതെറ്റുകളെ തിരിച്ചറിയാനുള്ള കഴിവ്, സ്വയം മനസ്സിലാക്കാനുള്ള ശേഷി, സ്വകർമ്മത്തെ കണ്ടെത്താനുള്ള തിരിച്ചറിവ്, സർവ്വോപരി മോക്ഷത്തിനുള്ള  ജന്മജന്മാന്തരത്തിലെ അലച്ചിലിൽ നിന്നുള്ള മോചനം. അറിവ് നേടൽ പലരൂപത്തിൽ ഉണ്ട്, ഓരോ പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. കണ്ണിൽ നിന്ന്, മൂക്കിൽ നിന്ന്, വായിൽ  നിന്ന് ചെവിയിലും ത്വക്കിലും നിന്ന്, ഇനി കിട്ടുന്ന അറിവ് വ്യക്തികളിൽ നിന്ന് വ്യക്തികളിൽ എത്തുന്പോൾ പോലും വ്യത്യസ്തപ്പെടുന്നു. എന്റെ കർമ്മ മാർഗ്ഗം നിന്റെത് ആവില്ല എന്നതാണ് ഇതിന്റെ സത്യം. അറിവിന്റെ മുന്നിൽ ബന്ധിതേന്ദ്രിയൻ ആവുക മൂഢത്വം, അവനെ രക്ഷിക്കാൻ ഈശ്വരനുമാവില്ല  ഈശ്വരനെപ്പോലും അറിയണമെന്നുണ്ടെങ്കിൽ വിജ്ഞാനം കൂടിയേ തീരൂ, അത് നേടാനുള്ള സ്വയം ആർജ്ജിക്കലാണ് വായന. ഇന്നത്തെ സമൂഹം വിദ്യ അല്ലെങ്കിൽ വിജ്ഞാനം അർത്ഥിക്കുന്നത് എന്തിനെന്ന് ചോദിച്ചാൽ പറയുക ഡിഗ്രികൾ നേടാൻ, എന്നിട്ടോ? ജോലികൾ നേടാൻ പിന്നെയോ? ശന്പളം കിട്ടും എന്നിട്ട്, കല്യാണം കഴിക്കും കുട്ടികൾ, വീട്, കാറ്. കഴിഞ്ഞു ലക്ഷ്യം. ഇത് ഒരുതരത്തിൽ പറഞ്ഞാൽ ഭൂരിപക്ഷത്തിന്റെ കാഴ്ചാ വൈകല്യം ആണ്, അത് തിരുത്താൻ അധ്യാപകർക്കേ കഴിയൂ. അവരെ ആര് നേർവഴിക്ക് നയിക്കും? ഇന്ന് കൂടുതൽ സ്കൂളുകളിലേയ്ക്കും ചെന്നാൽ അധ്യാപകരെ കാണാൻ കൂടികഴിയില്ല തിരക്ക്,തിരക്ക് തന്നെ. പിന്നെ വീട്ടുകാര്യങ്ങളൂടെ കഴിഞ്ഞാൽ അവരെ പിന്നെ ഉറങ്ങാനേ കൊള്ളുകയുള്ളൂ. 

 ഓൺ ലൈൻ വായനയുടെ, അതിന്റെ സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം മരങ്ങളെ രക്ഷിക്കാം എന്നതാണ്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയ വിപത്തായ വന നശീകരണം, ഭൂമിയുടെ ഹരിതകവചത്തിന്റെ ശോഷണം എന്നതാണ്. അപ്പോൾ കടലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായ വൃക്ഷങ്ങൾ സംരക്ഷിക്കുക എന്ന മഹാ ലക്ഷ്യത്തിലേക്ക് ഒരുചുവട് വയ്ക്കാൻ സാധിക്കും. നമ്മൾ പുസ്തക വായനയിൽ നിന്ന് ഓൺലൈൻ വായനയിലേക്ക് കടന്നാൽ പുസ്തക വായനയുടെ വലിയ ഗുണവും ഇത് തന്നെയാണ്. ഇവിടെ നമ്മൾ രക്ഷിക്കുന്നത് പതിനായിരക്കണക്കിന് വൃക്ഷങ്ങളെയും ഏക്കർ കണക്കിന് മഴനിഴൽ കാടുകളെയും അവിടുത്തെ ആവാസ വ്യവസ്ഥയേയുമാണ് ഒപ്പം പ്രകൃതിയെയും. ഇവിടെ നമ്മൾ കാണേണ്ട വേറൊരു കാര്യവും ഉണ്ട് ഈ വായന മരിക്കുന്നു എന്ന് അലമുറയിടുന്നവർ ആര്? അവർ ലക്ഷ്യമാക്കുന്നത് എന്ത്? എന്ന്, വളരെ ലഘുവായ ചിന്ത മതി, ഇവിടുത്തെ ലക്ഷ്യം കണ്ടുപിടിക്കാൻ. ദശലക്ഷക്കണക്കിന് രൂപയുടെ വ്യവസായ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത്, കടലാസ് വായന നിന്നാൽ ഇവിടെ അവസാനിക്കുന്നത് ഒരുവലിയ വ്യാവസായിക സാമ്രാജ്യം ആണ്. ആഫ്രിക്കൻ വനാന്തരങ്ങളെയും തെക്കേ അമേരിക്കൻ കാടുകളെയും എന്തിനേറെ നമ്മുടെ മഴനിഴൽ കന്യാ വനങ്ങളെയും ദുരമൂത്തു തിന്നു തീർത്ത കുറെ പിശാചുകളുടെയും അറിഞ്ഞോ അറിയാതെയോ അവർക്ക് കുഴലൂതിയ കുറേ ആട്ടിൻ തോലണിഞ്ഞ ഭരണ വർഗ്ഗങ്ങളുടെയും അവരുടെ തലമുറകളുടെയും ചൂഷണ വഴികൾ ആണ്. അവർ തന്നെയാണ് പുസ്തകോത്സവങ്ങളും വായനാവാരവും ഒക്കെ സംഘടിപ്പിച്ചു നിങ്ങളുടെ മുന്നിൽ എത്തുന്നത്. വായനയുടെ കണക്കുകൾ നിരത്തിയാൽ നാമറിയും വായന, അല്ലെങ്കിൽ വായിക്കുന്നവർ കൂടുകയാണ് എന്ന്. അവർ പേപ്പറിൽ നിന്നും ഓൺ ലൈനിലേക്ക് മാറിയെന്നു മാത്രം. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം, നമ്മളുടെ അടുത്ത തലമുറയെ വായന പഠിപ്പിക്കണം അത് വിജ്ഞാനത്തിന്റെ അണമുറിയാധാരയാണ്, അത് ഓൺ ലൈനിൽ നവമുഖ്യധാര മാധ്യമങ്ങൾ വഴിയാവട്ടെ. എന്നാൽ നമ്മുടെ പുതു തലമുറ ഇന്റെർനെറ്റിന്റെ ചതിക്കുഴികളിൽ പതിക്കാൻ പാടില്ല. അതിന്റെ തെറ്റും ശരിയും ആദ്യം നമുക്ക് ബോധ്യപ്പെടണം പിന്നെ നമ്മുടെ വരും തലമുറയെ ബോധ്യപ്പെടുത്തണം. ടെക്നോളജിക്ക് പുറം തിരിഞ്ഞു നിൽക്കേണ്ട കാര്യമില്ല, അതിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞു നല്ലപാതയിലേക്ക് നമ്മളും തലമുറയും മുന്നേറുന്പോൾ ശരിക്കും പുരോഗതി സംഭവിക്കും, സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങളും.                            

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ